Showing posts with label മതേതരത്വം. Show all posts
Showing posts with label മതേതരത്വം. Show all posts

Tuesday, December 3, 2013

സ്വത്വം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരോടു പറയാനുള്ളത്‌

നവോത്ഥാനം  കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച്  പുരോഗമനവാദികളെല്ലാം ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും വേറിട്ട സങ്കല്‍പവും യാഥാര്‍ഥ്യവുമായിരുന്നു.  നവോത്ഥാനം ഉഴുതുമറിച്ച കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള്‍ വിലപിക്കാറുള്ളത്. എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ നവോത്ഥാനം എന്നെങ്കിലും പാശ്ചാത്യമാതൃകയില്‍ പുരോഗമിച്ചിട്ടുണ്ടോ? എല്ലാ കാര്യങ്ങളിലും  നാമവലംബിക്കുന്ന സ്തുതി/നിന്ദ ദ്വന്ദ്വസങ്കല്‍പത്തിന്റെ പരിമിതി ഇക്കാര്യത്തിലും മലയാളികളെ യാഥാര്‍ഥ്യത്തില്‍നിന്ന് അകറ്റുകയാണ്. മതമോ  ഇസമോ  പ്രസ്ഥാനങ്ങളോ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം ഇപ്പോഴും  ബോധ്യപ്പെടാത്തവരാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വലിയ വിഭാഗം.  അതുകൊണ്ടാണ്, വ്യത്യസ്തകൂട്ടായ്മകളുടെയും  സംവാദങ്ങളുടെയും പരിസരം ഉള്‍ക്കൊള്ളാന്‍പോലും നമ്മളില്‍ പലര്‍ക്കും കഴിയാത്തത്.
പതിനാലാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയില്‍ ആരംഭിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നവോത്ഥാന ചര്‍ച്ചകള്‍ തുടങ്ങിയത്.  മധ്യകാലത്തെ മറികടക്കുന്ന ദാര്‍ശനികവും   കലാപരവും യുക്തിപരവും സാങ്കേതികവുമായ മുന്നേറ്റങ്ങള്‍കൊണ്ടാണ് പടിഞ്ഞാറന്‍ നവോത്ഥാനം അടയാളപ്പെടുത്താറുള്ളത്.  ടോളമിയുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്ന് വിഭിന്നമായി കോപ്പര്‍നിക്കസിന്റെ സൗരയൂഥസിദ്ധാന്തവും തത്ത്വചിന്തയില്‍ മാനവകേന്ദ്രിതവാദങ്ങളും ക്ലാസിക്കല്‍ കൃതികളുടെ പുനര്‍വായനയും സാമ്പ്രദായികവ്യവസ്ഥയെ  ഉല്ലംഘിച്ചുകൊണ്ട്  പ്രത്യക്ഷപ്പെട്ടത് പാശ്ചാത്യ നവോത്ഥാനത്തിന്റെ പ്രത്യേകതയാണ്.  ഉല്‍പാദനക്രമത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ മാറ്റം, അളവിന്റെയും തൂക്കത്തിന്റെയും മണ്ഡലത്തില്‍ സംഭവിച്ച കൃത്യത, മത (ദൈവ/പുരോഹിത) കേന്ദ്രിത ഭരണക്രമത്തെ മറികടക്കുന്ന മാനവകേന്ദ്രിത രാഷ്ട്രീയ വിവക്ഷകള്‍, നീതിയെക്കുറിച്ചും മനുഷ്യന്റെ അന്തഃസത്തയെക്കുറിച്ചും നടന്ന സംവാദങ്ങള്‍, ചിത്രകലപോലുള്ള കലാവിഷ്‌കാരങ്ങളില്‍ സംഭവിച്ച രൂപപരമായ വിച്ഛേദം ഇങ്ങനെ നിരവധി കാര്യങ്ങള്‍ പാശ്ചാത്യനവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.
പാശ്ചാത്യനവോത്ഥാനവും പാശ്ചാത്യ ആധുനികതയും വേറിട്ടുകാണാന്‍ പ്രയാസമാണ്. റെനെ ദക്കാര്‍ദില്‍ തുടങ്ങുന്ന കൃത്യതയെ സംബന്ധിക്കുന്ന ആശയം  പ്രബുദ്ധതയുടെയും  (enlightenment) നവോത്ഥാനത്തിന്റെയും  മൂലക്കല്ലായി മാറിയ ആധുനിക പരിപ്രേക്ഷ്യമായിരുന്നു. ജ്യാമിതീയ സത്യങ്ങള്‍പോലെ വ്യക്തവും കൃത്യവുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണമെന്ന വാദമാണ്  ദക്കാര്‍ദ് മുഖ്യമായും മുന്നോട്ടുവെച്ചത്. 1641ല്‍ ദക്കാര്‍ദ് 'പ്രഥമദര്‍ശനത്തിന്റെ ഗാഢചിന്ത' പ്രസിദ്ധീകരിക്കുന്നതിന്  വളരെ മുമ്പുതന്നെ (പന്ത്രണ്ടാംനൂറ്റാണ്ട്) ഇമാം ഗസ്സാലി സന്ദേഹരീതിശാസ്ത്രം  (Methodology of doubt) ആവിഷ്്കരിച്ചിരുന്നെങ്കിലും ഗസ്സാലിയുടെ ചിന്തകള്‍ മൗലികമായും  ഇസ്‌ലാംമത കേന്ദ്രിതവും വിശ്വാസകേന്ദ്രിതവുമായിരുന്നു. മിന്‍ ഹാജ്-അല്‍-ആബിദീന്‍ (Methodology of worshipers) എന്നാല്‍ വിശ്വാസത്തെ തിരിച്ചുപിടിക്കാനും വിശ്വാസികള്‍ക്കുവേണ്ടി പുനര്‍വായനക്കുമുള്ള ശ്രമമായിരുന്നുവെന്നുകാണാം.  കോളനീകരണം  ഇതര സംസ്‌കാരങ്ങളെയും ദേശീയതകളെയും കീഴടക്കിയത് യാഥാര്‍ഥ്യമാണെങ്കിലും മതകേന്ദ്രിത ദര്‍ശനങ്ങളെയും മതേതരചിന്തയെയും വേര്‍തിരിച്ചുകാണുന്നതില്‍ ഇത് തടസ്സമാവേണ്ടതില്ല.  ദക്കാര്‍ദിനെ ആധുനിക തത്ത്വചിന്തയുടെ പിതാവെന്ന് വിളിക്കുന്നതിന്റെ  സാംഗത്യവും ഇവിടെയാണ് ദര്‍ശിക്കേണ്ടത്.
ആധുനിക തത്ത്വചിന്തയില്‍ കോപ്പര്‍നിക്കന്‍ വിപ്ലവം കൊണ്ടുവന്ന ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ്തന്നെയാണ്  'എന്താണ് പ്രബുദ്ധത; ചോദ്യത്തിനുള്ള  ഉത്തരം' (1784) എന്ന സുപ്രസിദ്ധ നവോത്ഥാനലേഖനവും  രചിച്ചത്. കാന്റിന്റെ  പ്രബുദ്ധതയെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച പതിനെട്ടാം നൂറ്റാണ്ടില്‍തന്നെയാണ് പാശ്ചാത്യരാജ്യങ്ങളില്‍ (ജര്‍മനി, ഫ്രാന്‍സ്, യൂറോപ്പ്  മുതലായ ) വമ്പിച്ച  അവകാശസമരങ്ങള്‍  അരങ്ങേറിയത്.  1789ലെ ഫ്രഞ്ച് വിപ്ലവം ഉല്‍പാദിപ്പിച്ച സാഹോദര്യം, സമത്വം, സ്വാതന്ത്ര്യമെന്ന ആശയങ്ങളുടെ വ്യാപനം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അപക്വതയില്‍നിന്ന് പക്വതയിലേക്കുള്ള (from immaturity to maturity) വളര്‍ച്ചയായാണ് പ്രബുദ്ധതയെ കാന്റ് നിര്‍വചിച്ചത്. സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രാപ്തിയാണ് പക്വതനേടലായി വിവരിക്കുന്നത്. പ്രബുദ്ധതനേടാന്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. ''എല്ലാ കാര്യങ്ങളിലും പരസ്യമായി യുക്തി ഉപയോഗിക്കാനുള്ള  സ്വാതന്ത്ര്യമാണ് ''  അതെന്നും കാന്റ് വ്യക്തമാക്കുന്നുണ്ട്.  കാന്റിനെ പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ച പൗരോഹിത്യത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല പരസ്യമായി എന്തും വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം.
ക്രിസ്തുമതത്തിലും  മതകേന്ദ്രിത രാഷ്ട്രീയത്തിലും ഉയര്‍ന്നുവന്ന വിമര്‍ശവും പുനര്‍വായനയും പ്രതിരോധവും നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രദ്ധയര്‍ഹിച്ച സംഭവങ്ങളാണ്. ബൈബിളിന്റെയും ക്രിസ്തുമതത്തിന്റെയും പുനര്‍വായനയിലൂടെ  റോമാസാമ്രാജ്യത്തിന്റെ  പ്രത്യയശാസ്ത്ര അടിത്തറയെ പിടിച്ചുകുലുക്കുക എന്ന ദൗത്യം പ്രൊട്ടസ്റ്റന്റ്  മതവും  മാര്‍ട്ടിന്‍  ലൂഥര്‍ കിങ്ങും നിറവേറ്റിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, മതങ്ങള്‍ക്കപ്പുറം ഉല്‍പാദനസങ്കേതബദ്ധവും ( production techno centered) അനുഭവജ്ഞാന ആഗമന കേന്ദ്രിതവും (empirical  inductive) ആയ വിശകലന- വിമര്‍ശ പദ്ധതികളുടെ ആവിഷ്‌കാരവും ആവിര്‍ഭാവവും പാശ്ചാത്യ നവോത്ഥാനത്തിന്റെ ദിശയില്‍ മാറ്റമുണ്ടാക്കി. ഫ്രാന്‍സിസ് ബെക്കന്റെ  'നവ ഉപകരണം അഥവാ, പ്രകൃതിയുടെ വ്യാഖ്യാനത്തെ സംബന്ധിക്കുന്ന ശരിയായ ദിശ'(Novum Organum or the True Directions Concerning the Interpret-ation of Nature) പ്രസിദ്ധീകരിച്ചത് 1620ലാണ്.
ആധുനിക ശാസ്ത്രയുക്തിയുടെ പിറവിയാണ് ഈ കൃതിയിലൂടെ സംഭവിച്ചത്.  ബെക്കന്‍ അനുഭവജ്ഞാനവാദത്തിന്റെ പിതാവായി അറിയപ്പെടാന്‍  തുടങ്ങിയതിന്റെ കാരണം ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന ജ്ഞാനസമ്പാദന ശാസ്ത്രപരമായ വിച്ഛേദം പ്രകാശിപ്പിച്ചതുകൊണ്ടുതന്നെയാണ്. തീര്‍ച്ചയായും. പാശ്ചാത്യാധിനിവേശത്തിനും പടിഞ്ഞാറ്് കേന്ദ്രിതമായ  ജ്ഞാനരൂപങ്ങളുടെ വ്യാപനത്തിലും ഇതര ജ്ഞാനരൂപങ്ങളുടെ വികാസത്തെ തടയുന്നതിലും ഗണ്യമായ പങ്കുണ്ടായിരുന്നു. എന്നാല്‍, ഫ്രഞ്ച് വിപ്ലവം സമത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ലോകവ്യാപകമായി പ്രക്ഷേപിച്ച സന്ദേശംപോലെ പാശ്ചാത്യ  നവോത്ഥാന- പ്രബുദ്ധതാ പദ്ധതി ആധുനിക ശാസ്ത്ര സാങ്കേതിക വികാസം ആവശ്യപ്പെടുന്ന ഭൗതികജ്ഞാനസമ്പാദനശാസ്ത്രത്തിന്റെയും ഭൗതികവാദ -ആഗമന തര്‍ക്കശാസ്ത്രത്തിന്റെയും  (material logic or inductive logic) വ്യാപനത്തിനും കാരണമായിട്ടുണ്ട്.
പാശ്ചാത്യ അധിനിവേശ യുക്തിയെ ചെറുക്കുന്നതിന്റെ പേരില്‍  പാശ്ചാത്യ  നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രബുദ്ധതയെ സംബന്ധിക്കുന്ന ആശയങ്ങളെയോ അതുമായി ബന്ധപ്പെട്ടുതന്നെ വികാസം പ്രാപിച്ച യുക്തിരൂപങ്ങളെയോ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. വെള്ളക്കാരുടെ പുരുഷകേന്ദ്രിത/കീഴാള വിരുദ്ധ  ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകാശിപ്പിക്കുന്നതിനുപകരം, ജ്ഞാനസമ്പാദനശാസ്ത്രപരമായി നേടിയ മുന്നേറ്റത്തെതന്നെ നിരാകരിക്കുന്ന പ്രവണത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പച്ചക്കൊടി കാണിക്കലായി മാറും.  എഡ്വേര്‍ഡ് സെയ്ദിന്റെ 'പൗരസ്ത്യവാദം' യഥാര്‍ഥത്തില്‍ കോളനീകരണത്തിനുവേണ്ടി  പാശ്ചാത്യരുപയോഗിച്ച ഉത്തമ / അധമ ദ്വന്ദ്വത്തെയാണ്് തകിടംമറിക്കുന്നത്. കോളനിരാജ്യങ്ങളില്‍നിലനിന്നതോ, ഇപ്പോള്‍ നിലനില്‍ക്കുന്നതോ ആയ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാനല്ല സെയ്ദ് ശ്രമിച്ചത്.  മറിച്ച്, സാങ്കല്‍പികമായി പാശ്ചാത്യം/ പൗരസ്ത്യം എന്ന ദ്വന്ദ്വത്തെ ഉയര്‍ത്തി പാശ്ചാത്യേതരമായതിനെ  അധമമായി അടയാളപ്പെടുത്തുന്നതിനെയാണ് സെയ്ദ് പ്രശ്‌നവത്കരിച്ചത്.  സെയ്ദിന്റെ വിശകലനത്തെത്തുടര്‍ന്ന് വികാസംപ്രാപിച്ച പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ മുന്‍ കോളനിരാജ്യങ്ങളിലെ കൃതികളുടെയും ജ്ഞാനരൂപങ്ങളുടെയും സങ്കേതങ്ങളുടെയും പ്രാന്തവത്കരിക്കപ്പെട്ട  ജനസമൂഹങ്ങളുടെയും പുനര്‍വായനക്കും വ്യാഖ്യാനത്തിനും അവസരം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ ഉല്‍പാദിപ്പിച്ച ഊര്‍ജം ദുരുപയോഗിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ശാശ്വതീകരിക്കാനും പാശ്ചാത്യ നവോത്ഥാന ചിന്തയിലന്തര്‍ഭവിച്ച താര്‍ക്കികവിച്ഛേദം നിരാകരിക്കാനും ശ്രമിക്കുന്നത്  ജാഗ്രതയോടെ സമീപിക്കേണ്ടതാണ്.
സെയ്ദ് പാര്‍ശ്വവത്കരിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കീഴടക്കപ്പെടുന്നതിനെയും ഇകഴ്ത്തപ്പെടുന്നതിനെയും ചരിത്രവത്കരിക്കാനും സ്ഥാനപ്പെടുത്താനുമാണ് ശ്രമിച്ചത്.
റൂഡ്യാര്‍ഡ് കിപ്ലിങ്ങ് മുതല്‍ ജെ.എസ്. മില്‍വരെയുള്ള എഴുത്തുകാര്‍ ഇന്ത്യയെയും അറബ് ദേശീയതകളെയും അധമമായി ചിത്രീകരിച്ചതിന്റെ പിന്നിലുള്ള അധികാരഘടനയും രാഷ്ട്രീയലാക്കും വ്യക്തമാക്കാനാണ് സെയ്ദ് ശ്രമിച്ചതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, പുനര്‍വായനയുടെയും കോളനിയാനന്തരപഠനങ്ങളുടെയും യഥാര്‍ഥ സന്ദേശം ആന്തരവത്കരിച്ച് നിരൂപണമോ രചനയോ നിര്‍വഹിക്കാന്‍ നമുക്ക് കഴിയാതെപോവുന്നു എന്നതാണ് യാഥാര്‍ഥ്യം. മുതലാളിത്തത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിത്തത്തിനുതന്നെ കഴിയും. എന്നാല്‍, അകന്തോട് പൊട്ടിക്കാന്‍ തൊഴിലാളിവര്‍ഗംതന്നെ ആവശ്യമായ പ്രാപ്തി നേടണം. അതുപോലെ, ജാതിബദ്ധസമൂഹത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞ കേരളീയ നവോത്ഥാനത്തിന്റെ അകന്തോട് പൊട്ടിക്കാന്‍ ഇനിയും ബഹുദൂരം നാം സഞ്ചരിക്കേണ്ടിവരും.
കേരളത്തിലേക്ക് വരുമ്പോള്‍ നവോത്ഥാനപൂര്‍വ കേരളമായി വിവരിക്കുന്നത് ജാതി-ജന്മി-നാടുവാഴിത്ത കാലഘട്ടത്തെയാണ്. എന്നാല്‍, കേരളീയ സമൂഹത്തില്‍ നവോത്ഥാനചിന്തകരായി അവതരിപ്പിക്കപ്പെടുന്നവരെല്ലാം ജാതി നവീകരണത്തിന്റെയോ ജാതിമേധാവിത്വവിരുദ്ധ സമരത്തിന്റെയോ ഭാഗമായി ഉയര്‍ന്നുവന്നവര്‍ മാത്രമാണ്. അയ്യന്‍കാളിയെ ദലിത് വിമോചനത്തില്‍ നിന്നോ, ശ്രീനാരായണഗുരുവിനെ ഈഴവ-തിയ്യ വിമോചന പ്രസ്ഥാനത്തില്‍നിന്നോ, വൈകുണ്ഠ സ്വാമികളെ ദലിത് - ക്രൈസ്തവ പ്രസ്ഥാനത്തില്‍നിന്നോ, മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ മലബാറിലെ മാപ്പിളസമരത്തില്‍നിന്നോ, വി.ടി. ഭട്ടതിരിപ്പാടിനെ നമ്പൂതിരി യോഗക്ഷേമസഭയില്‍നിന്നോ മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞവരില്‍ ഒരു ചിന്താപദ്ധതിയെന്നോ ദര്‍ശനമെന്നോ നാമകരണം ചെയ്യാവുന്ന ആവിഷ്‌കാരം നടത്തിയത് ശ്രീനാരായണഗുരു മാത്രമാണ്. എന്നാല്‍, ഗുരുവിന്റെ ചിന്തകള്‍ മതരഹിത ഭൗതികവാദത്തിന്റെയോ, അനുഭവജ്ഞാനവാദത്തിന്റെയോ സമീപനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചതായി തെളിവില്ല.
ഗുരുവിനെ സംബന്ധിച്ചിടത്തോളം ജാതിരഹിത മാനവികത ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു ആത്മീയ ദര്‍ശനമായിരുന്നു ലക്ഷ്യം. ഗുരുവിന്റെ പ്രതിഷ്ഠകളുടെ ക്രമാനുഗതമായ വികാസവും ദാര്‍ശനികരചനയായ ആത്‌മോപദേശ  ശതകവും മറ്റും ഇതാണ് സൂചിപ്പിക്കുന്നത്. ശിവപ്രതിഷ്ഠയില്‍നിന്ന് വിളക്കിലേക്കും കണ്ണാടിയിലേക്കും ഗുരു ദേവാലയ സങ്കല്‍പത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചു. അതുപോലെ, രചനകളില്‍ സാര്‍വത്രികമാനവികത (Universal Humanism) എന്ന ആശയം സുവ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക ബലതന്ത്രത്തില്‍ മാറ്റംവരുത്താനാവശ്യമായ കര്‍മപദ്ധതികള്‍ ലക്ഷ്യംവെക്കുന്ന ആശയപരിസരമാണ് ഗുരു പ്രദാനം ചെയ്തത്.
ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് 1888ലാണ്. ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞ് 1916ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനമാല ഉള്‍പ്പെടെ മിക്ക രചനകളും അതിഭൗതിക ശക്തിയില്‍ വിശ്വാസവും സാക്ഷാത്കാരവും സങ്കല്‍പിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. സംശയരഹിതമായും ഗുരു ജാതിരഹിത സാമൂഹികഘടന ഉണ്ടാവണമെന്നും ജാതിസമ്പ്രദായത്തിലന്തര്‍ഭവിച്ച മനുഷ്യത്വവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും മോഹിച്ചുകൊണ്ടാണ് ഇടപെടലുകള്‍ നടത്തിയത്. 'ബ്രഹ്മാനുസന്ധാനത്തെ'യും 'പരയുടെ പാല്‍ നുകരലിനെ'യും സങ്കല്‍പിക്കാത്ത ശ്രീനാരായണഗുരു ഒരിക്കലും ജീവിച്ചിട്ടില്ല. 'ആത്‌മോപദേശ ശതക'വും 'ദര്‍ശനമാല'യും ഗുരുവിന്റെ രചനകളായതുകൊണ്ടും അവ പ്രകാശിപ്പിക്കുന്ന ആശയങ്ങളോട് ഒരിക്കലും ഗുരു സംഘര്‍ഷത്തിലേര്‍പ്പെടാത്തതുകൊണ്ടും ഇന്ത്യയിലെ സന്ത്പരമ്പരയില്‍പ്പെട്ട ഭക്തിപ്രസ്ഥാന കവികളില്‍നിന്നും ദാര്‍ശനികരില്‍നിന്നും വ്യത്യസ്തമായ ഒരു ദാര്‍ശനികസ്ഥലി (Philosophical Space) നാരായണഗുരുവിന് നല്‍കാന്‍ കഴിയില്ല. പാശ്ചാത്യ ആധുനികതയോടോ ആധുനികത തത്ത്വചിന്തയോടോ സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ചിന്തകനും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. ബെക്കനെപ്പോലെയോ ജെ.എസ്. മില്ലിനെപ്പോലെയോ ഇമ്മാനുവല്‍ കാന്റിനെപ്പോലെയോ ഒരു ദാര്‍ശനികനോ അതുപോലൊരു തത്ത്വചിന്താപദ്ധതിയോ ഇവിടെ രൂപപ്പെടാത്തത് മൂടിവെക്കുകയോ വക്രീകരിക്കുകയോ ചെയ്യാതെ നമ്മുടെ നവോത്ഥാനവും തത്ത്വചിന്തയും എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് കാണിക്കാനാണ് നാം യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്.
ഭാരതീയവും കേരളീയവുമായ സംഭാവനകളെ അനാവരണം ചെയ്യാനുള്ള ശ്രമത്തില്‍ നമ്മുടെ യഥാര്‍ഥ മുഖം മറച്ചുവെക്കാന്‍ ശ്രമംനടത്തിയാല്‍ ഫലം തികച്ചും പ്രതികൂലമായി മാറാനാണ് സാധ്യത. കേരളീയ / ഇന്ത്യന്‍ / പൗരസ്ത്യ ഗണിതശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് നടത്തിയ ശ്ലാഘനീയ ശ്രമംപോലും ഇത്തരത്തിലുള്ള ബോധപൂര്‍വമല്ലാത്ത വിള്ളലുകള്‍കൊണ്ട് തകര്‍ന്നുപോകുന്നതായി കാണാന്‍ കഴിയും. ഗീവര്‍ഗീസിന്റെ 'മയൂരശിഖ' (The Crest of the Peacock) ആരംഭിക്കുന്നത് വേദാംഗ ജ്യോതിഷത്തിലെ ഒരുദ്ധരണിയിലൂടെ ഗണിതത്തിന്റെ സ്ഥാനം മഹത്ത്വപ്പെടുത്തിയാണ്. ''മയിലുകള്‍ക്ക് ശിരസ്സിലെ ശിഖപോലെ സര്‍പ്പങ്ങള്‍ക്ക് ശിരസ്സിലെ രത്‌നങ്ങള്‍പോലെ എല്ലാ വിജ്ഞാനങ്ങളുടെയും മൂര്‍ധാവിലാണ് ഗണിതശാസ്ത്രത്തിന്റെ സ്ഥാനം.'' ഈ പുസ്തകത്തില്‍ എത്രവലിയ ശാസ്ത്രസത്യങ്ങള്‍ അനാവരണം ചെയ്താലും ആധുനിക ശാസ്ത്രയുക്തി പിന്തുടരുന്ന ഒരു വായനക്കാരന്/കാരിക്ക് ഈ ഉദ്ധരണികാരണം വായന തടസ്സപ്പെടുകതന്നെ ചെയ്യും.  കാരണം, രാമാനുജന് വഴികാട്ടിയായി ഗീവര്‍ഗീസ് പറയുന്ന ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പ്രഥമ ഉദാഹരണംതന്നെ ഇതുപോലെ അസംബന്ധമാണോ എന്ന ചോദ്യം വായനയില്‍ ഉയര്‍ന്നുവരും. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ പല്ലുകള്‍ കുറവാണെന്ന് അരിസ്‌റ്റോട്ടില്‍ സിദ്ധാന്തിച്ചതിന്റെ കാരണം അറിവുകേടു മാത്രമല്ല, അറിവിലേക്കുള്ള മാര്‍ഗത്തെക്കുറിച്ചുള്ള അജ്ഞതകൂടിയായിരുന്നു. ബര്‍ട്രാന്റ് റസല്‍ പില്‍ക്കാലത്ത് പരിഹാസപൂര്‍വം വിമര്‍ശിക്കുന്നതുപോലെ രണ്ട് ഭാര്യമാരുണ്ടായിട്ടും ഒരിക്കലെങ്കിലും പല്ലുകളുടെ എണ്ണം നോക്കിയിരുന്നെങ്കില്‍ ഇത്തരം അബദ്ധത്തില്‍ ചാടാതെ അരിസ്‌റ്റോട്ടിലിന് രക്ഷപ്പെടാമായിരുന്നു.
'നാഗാനംമണയോ യഥാ' എന്നത് വെറുമൊരു ആലങ്കാരികപ്രയോഗമാക്കി ചുരുക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഇന്നും പ്രചാരത്തിലുള്ള നാഗമുത്തിനെ സംബന്ധിക്കുന്ന അന്ധവിശ്വാസത്തെയാണ് ഇത് പിന്തുണക്കുന്നത്. ഗണിതശാസ്ത്രത്തില്‍ പ്രാവീണ്യമുണ്ടായിട്ടും സ്വന്തം പരിസരം നിലനിര്‍ത്തുന്ന അന്ധവിശ്വാസത്തെ ഉല്ലംഘിക്കാന്‍ കഴിയാത്തവരാണ് നാമെന്ന് ഇതരവായനക്കാര്‍ ഉറപ്പിക്കാനും ഇത് കാരണമാവും. ''as are the gems on the heads of snakes'' എന്ന ഉപമ രാജാവിന്റെ മുഖത്തെ ചന്ദ്രനോട് ഉപമിച്ചതുപോലെ കാണാന്‍ കഴിയാത്തത് ഈ പുസ്തകം ശാസ്ത്രീയമായ/യുക്തിപരമായ അന്വേഷണത്തില്‍ നാം പണ്ടേ മുന്നിലാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്താനും രചിക്കപ്പെട്ടതുകൊണ്ടാണ്.
കേരളം നവോത്ഥാനത്തെ കൈവിടുകയാണോ എന്ന് വിലപിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന മതാത്മകപരിസരമാണ് ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍, കേരളീയര്‍ എന്നാണ് മതാത്മകയുക്തിയെ ഉല്ലംഘിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ ഏണിപ്പടികള്‍ കയറി ഭൗതികവാദ-യുക്തിവാദ തട്ടകത്തില്‍ നിലയുറപ്പിച്ചത്? വഴിനടക്കാനും പ്രാര്‍ഥിക്കാനും കൂലി ലഭിക്കാനും സമരം ചെയ്തതാണോ നവോത്ഥാനം? കേരളീയ നവോത്ഥാനമായി നാം പറയുന്ന സവര്‍ണ-അവര്‍ണ പ്രസ്ഥാനങ്ങള്‍ ഇവിടെ ഒരു പൊതു ഇടം (Public Sphere) ഉണ്ടാക്കുന്നതിനാവശ്യമായ, സമരോത്സുകമായ ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ നടത്തിയത്. ഡോ. ടി. ഭാസ്‌കരന്‍ 'മഹര്‍ഷി ശ്രീനാരായണഗുരു'എന്ന കൃതിയില്‍ പറയുന്നപോലെ ''ജാതിശ്രേണിയില്‍ നടുക്കുനിന്നിരുന്ന ഈഴവരുടെ ഇടയില്‍നിന്നുതുടങ്ങി മേലോട്ടും കീഴോട്ടും വ്യാപിച്ച'' കേരളീയ നവോത്ഥാനത്തിന് ജാതികൂട്ടായ്മയുടെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല.
എന്നാല്‍, ജാതികൂട്ടായ്മയുടെ അകന്തോട് സ്‌പര്‍ശിക്കാന്‍ കേരളീയ നവോത്ഥാനത്തിന് കഴിയാതെപോയത് ആധുനിക ഉല്‍പാദനബദ്ധവും സങ്കേതകേന്ദ്രിതവുമായ ആഗമനതര്‍ക്കശാസ്ത്രത്തിന്റെയോ അനുഭവജ്ഞാനവാദത്തിന്റെയോ ദര്‍ശനം ഇവിടെ ഉയര്‍ന്നുവരാത്തതുകൊണ്ടാണ്. പൊതു ഇടം ഉയര്‍ന്നുവരാന്‍ സംഭവിച്ച കാലതാമസംതന്നെയാണ് അക്കാദമികമായ നവീനാശയങ്ങളുടെ വികാസത്തിനും തടസ്സമായത്.
ഗീവര്‍ഗീസ് പറയുന്നതുപോലെ യാഗത്തിന്റെ ക്ഷയംകൊണ്ട് തകര്‍ന്ന (ഗണിത)ശാസ്ത്ര പദ്ധതികള്‍ക്ക് നവ ഉപകരണങ്ങളായി (Novum Organum) വികാസംപ്രാപിക്കാന്‍ കഴിയാതെപോയത് നാം കാണേണ്ടതുണ്ട്. യാഗങ്ങള്‍ ക്ഷയിച്ചെങ്കിലും യാഗപ്പുക ഇന്നും നമ്മുടെ അകന്തോടിനെ  അതാര്യമാക്കിത്തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട്, നാം മറ്റുള്ളവരുടെ സ്വത്വത്തെ ഭയപ്പെടുകയും സ്വന്തം സ്വത്വത്തെ കെട്ടിപ്പുണരുകയും ചെയ്തുകൊണ്ട് വീഞ്ഞപ്പെട്ടികളില്‍ കയറിനിന്ന് ചായക്കോപ്പകളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

നിരീക്ഷണം: ഡോ. പി.കെ. പോക്കര്‍
Madhyamam Weekly

Tuesday, March 19, 2013

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്  
സ്ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക). ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത്, ഒരു മുസ്ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ്  Islamophobia / Islamophiia: Beyond the Politics of Enemy and Friend (Indiana University Press, ജൃല, 2010).
ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൌമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റൈന്‍, നാമാഹ് പാലെവ്, എസ്റ ഒസ്റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്നമായി പുസ്തകത്തെ കാണാവുന്നതാണ്.


ഇസ്ലാമോഫോബിയയും ഭരണനിര്‍വഹണവും
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്ലിമിനില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
__________________________________
മുസ്ലിംകളെ നന്മയുള്ള പൌരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്ലിമിനെ നിര്‍മിച്ചെടുക്കുന്നു. ‘നല്ല മുസ്ലിം’, ‘മുസ്ലിം സുഹൃത്ത്’ തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ ‘മോശം മുസ്ലിം’, ‘മുസ്ലിം ശത്രു’ തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല.
__________________________________

ഇസ്ലാമോഫീലിയ
ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൌതുകം ഓര്‍ക്കുക). രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും). മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ ‘ആധുനിക’ മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ ‘തെരഞ്ഞെടുത്തതായിരിക്കണം.’ നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും.
ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത് ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന ‘നല്ല മുസ്ലിം’ ഒരു ഇസ്ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്ലാമോഫീലിക് വ്യവഹാരം ഇസ്ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്ലിം മാറുന്നുവെന്നതാണ്.

നല്ല സൂഫി, മോശം മുസ്ലിം
പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൌമിയുടേതാണ്. The God That Failed: The Neo-Orientalism of Today’s- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൌമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൌതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൌതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്ലാമോഫോബിക്കുകളാണെന്ന് ബയൌമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്ലന്‍ ഇസ്ലാമിനെ ‘സ്നേഹിച്ചും’ ‘അനുകൂലിച്ചും’ സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൌമി പറയുന്നത്.
റെസ അസ്ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൌമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൌമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം ‘സ്നേഹം’ ആണ്, അത് സംഘര്‍ഷത്തെ ‘ലഘൂകരിക്കുന്നു’ തുടങ്ങിയവയാണ് അസ്ലന്റെ വാചകമടികള്‍. ഇതിനെ ‘ന്യൂ ഏജ് പസാഫിസം’ എന്നാണ് ബയൌമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്ലന്റെ സൂഫി മുസ്ലിമിനെ വായിക്കുന്ന ബയൌമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്ലന്‍ സൌകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു ‘സ്വകാര്യ മിസ്റ്റിക്’ അത്ഭുതമായി അസ്ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു.
ബയൌമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്.
_____________________________________
ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. 
_____________________________________ 
ചിരിക്കുന്ന മുസ്ലിം, പൊട്ടിത്തെറിക്കുന്ന മുസ്ലിം
മുസ്ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും ‘ഇരകള്‍’ മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന ‘അട്ടിമറി’കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ ‘അല്ലാഹ് മെയ്ഡ് മി ഫണ്ണി’, ‘ആക്സിസ് ഓഫ് ഈവിള്‍’ തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ ‘ആനുകൂല്യം’ പറ്റുന്ന മുസ്ലിംകളാണിവര്‍. മുസ്ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: “മിഡിലീസ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൌണ്‍സ്മെന്റ്. ‘സംശയകരമായ’ സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് ‘സംശയകരമായ’ സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: “ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.”
ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൌരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്.
______________________________________
2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
______________________________________
കോമഡിയും വിവേചനവും ഇങ്ങനെ ഒരു ‘ന്യൂനപക്ഷ’ അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൌരവങ്ങളാണ്. ഇവിടെയാണ് ‘ചിരി’ ശരിക്കും ‘പൊട്ടിത്തെറിക്കുന്നത്.’
എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
***
ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്ലിമിനെ ‘നല്ലത്’, ‘മോശം’ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം.

Islamophobia/Islamophilia: Beyond the Politics of Enemy and Friend, Edited By Andnew Shayock. Indiana University Press.. 2010

Monday, February 4, 2013

മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം

""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര്‍ വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന്‍ മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് സമയവും മാപ്പിളമാരുടെ ആക്രമണവും കാത്തിരിക്കണം. പകല്‍ സമയം പട്ടാളത്തിന് എത്താനും ഊഹിക്കാനും കഴിയാത്ത കാടുകളില്‍ അവര്‍ ഒളിച്ചിരിക്കും. സന്ധ്യമയങ്ങിയാല്‍ സ്വന്തം ചവിട്ടടിയില്‍ നിന്നെന്ന പോലെ ചാടിവീണു പട്ടാള കേമ്പുകളെ കൂട്ടം കൂട്ടമായും ചെറുസംഘമായും കടന്നാക്രമിക്കും......
ഉണ്ട വര്‍ഷിക്കുന്ന മെഷീന്‍ തോക്കിനു മുമ്പില്‍ അതു പിടിച്ചെടുപ്പാന്‍ ആയിരക്കണക്കില്‍ ഓടിവന്നിട്ടും, രാത്രി കാലത്ത് ഇങ്ങനെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും നൂറുക്കണക്കിനു ഒളിച്ചിരിക്കുന്ന കാടുകളെ, പട്ടാളം വളഞ്ഞ് ലൂയിസ്സ് ഗണ്‍ വെച്ച് വെടി കൊണ്ടിട്ടും ഗൂര്‍ഖാ കൃപാണങ്ങളാലും ഏറനാട് മുസല്‍മാന്‍മാര്‍ നശിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു.''
ആമു സൂപ്രണ്ട് മാപ്പിളയാണെങ്കിലും മലബാര്‍ കലാപത്തെ കുറിച്ച് അതിശയോക്തി കലര്‍ത്തില്ലെന്ന് മൊയാരത്തിനറിയാം. ഖാന്‍ ബഹദൂര്‍ ഇ.വി. ആമു സാഹിബ് മലബാര്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഹിച്ച് കോക്ക് സൂപ്രണ്ടും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി. 1925ല്‍ കുറ്റ്യാടി മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ ഉദ്ഘാടനത്തിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്ള വേദിയില്‍ ആമു സൂപ്രണ്ടുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മൊയാരത്ത് ശങ്കരന്‍ അഭിമുഖം നടത്തിയത്. 1921 ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ മാത്രം കണക്കുകള്‍ വെച്ചാവണം ആമു സൂപ്രണ്ട് പറയുന്നു: ""ഇരുന്നൂറും മുന്നൂറും മാപ്പിളമാര്‍ നശിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസത്തോളം ആ നില തുടരുകയും ചെയ്തു. 300 പേര്‍ ദിവസം പ്രതി നശിക്കുമ്പോള്‍ രണ്ടു മാസത്തേക്ക് 18000 മാപ്പിളമാര്‍ നശിച്ചിട്ടുണ്ടാവണം. 8000 മാപ്പിളമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ ജയിലുകളിലായി 2000 മാപ്പിളമാരെ തൂക്കികൊന്നിട്ടുണ്ട്. 5000 മാപ്പിളമാരെ കാണാതായിട്ടുണ്ട്''. താനുള്‍പ്പടെയുള്ളവര്‍ നടത്തിയ കൂട്ടക്കുരുതികളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് പറയുമ്പോള്‍ എത്രമാത്രം ഔദ്യോഗികവും വെട്ടിച്ചുരുക്കിയതുമായിരിക്കുമെന്നത് വെച്ചുവേണം ഈ കണക്കുകളെ കാണാന്‍. ഇതിലൊന്നും പെടാതെ അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു ശിക്ഷിക്കപ്പെട്ട 12000 മാപ്പിളമാര്‍ ബെല്ലാരി ജയിലില്‍ മാത്രം.
കണ്ണൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ ജയിലുകളിലും ഇതേ കണക്കില്‍ മാപ്പിളതടവുകാര്‍. 1911ലെ സെന്‍സസ് പ്രകാരം കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ: ഏറനാട് 223000 (ആകെ 393000), വള്ളുവനാട് 1,19000 (ആകെ 3,74000), പൊന്നാനി 222000 (ആകെ 529000), കോഴിക്കോട് 82000 (ആകെ 221000) എന്നീ ക്രമത്തിലായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ മരണവിധിക്കിരയായവരില്‍ ഏറനാടന്‍ മാപ്പിളമാര്‍ മാത്രം ഇരുപതിനായിരത്തോളം വരും. അതായത് നിലവിലുണ്ടായിരുന്ന മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ ഭൂരിപക്ഷവും യുവാക്കള്‍ രണ്ടു മാസത്തിനുള്ളില്‍ അയല്‍ഗ്രാമങ്ങളിലായി വധിക്കപ്പെടുക. ഇതു സര്‍ക്കാര്‍ കണക്ക്. കാല്‍ ലക്ഷത്തിലേറെ ജീവഹാനിയും. ജയിലിലടക്കപ്പെട്ടതും നാടുകടത്തിയതും കാണാതായതുമുള്‍പ്പടെ അര ലക്ഷത്തോളം വേറെയും ബ്രിട്ടീഷ് തേര്‍വാഴ്ചയുടെ ഇരകളായി ജീവിതം ഹോമിക്കപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരിക്കലും നിവരാനാവാത്ത ആഘാതവും. സമരത്തില്‍ പങ്കാളികളാവാത്ത മുസ്ലിംകളെയും ഇതര സമുദായക്കാരെയും ബ്രിട്ടീഷ് സൈന്യം വെറുതെവിട്ടില്ല.
മലബാര്‍ കലാപത്തിന് 90 വയസ്സ് തികയുന്ന ഓഗസ്റ്റാണിത്. 1921ലെ പോലെ കലണ്ടറില്‍ ഒരേ തീയതിയും ദിവസവും. ഓര്‍മകളുടെ ആവര്‍ത്തനം. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ഓഗസ്റ്റ് 26 വെള്ളിയാഴ്ച. അതിനു മുമ്പ് തിരൂരങ്ങാടി കലാപം. പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍. തലങ്ങും വിലങ്ങും യുദ്ധത്തിന്റെ നകാര മുഴക്കം. തക്ബീര്‍ വിളികള്‍. വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദരിദ്രരായ മാപ്പിള ജനത ഉത്തരീയമണിഞ്ഞ കാലം. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ആലി മുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയും നയിച്ച വിമോചനപ്പോരാട്ടം. കെ.എം. മൗലവി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മലപ്പുറം കുഞ്ഞി തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, കളത്തിങ്ങല്‍ വടക്കുവീട്ടില്‍ മമ്മദ്, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, പരീക്കുട്ടി മുസ്ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ, ഇ.കെ. മൗലവി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയ നായകര്‍. മാപ്പിളമാരെ ജീവനുതുല്യം സ്നേഹിച്ചതിന് യാതനകളേറ്റു വാങ്ങിയ എം.പി. നാരായണമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും. പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തവരെങ്കിലും രാജ്യസ്വാതന്ത്രyത്തിനായുള്ള മാപ്പിള പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ യു. ഗോപാലമേനോന്‍, കെ. രാമുണ്ണി മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവര്‍. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികള്‍. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും അവരുടെ ഏജന്റുമാരില്‍ നിന്നും മാനം രക്ഷിക്കാന്‍ കിണറിലും കുളത്തിലും ചാടി ആത്മാഹൂതി ചെയ്ത മാപ്പിളപ്പെണ്ണുങ്ങള്‍. പുരുഷ വേഷം ധരിച്ച് കയ്യില്‍ വാളുമായി പട്ടാളത്തെ നേരിട്ട പൂക്കോട്ടൂരിലെ ധീരവനിതാ രക്തസാക്ഷി. സ്വാതന്ത്രyത്തിന്റെ നീലാകാശച്ചുവട്ടില്‍ സ്വൈരവിഹാരം ചെയ്യുന്ന ഓരോ തലമുറയും കടപ്പെട്ടിരിക്കുന്നു ആ വീര സ്മരണകളോട്. 1921 ഓഗസ്റ്റില്‍ തുടങ്ങി 1922 ഫെബ്രുവരി വരെ നിലക്കാതെ നീണ്ട വെടിയൊച്ചകള്‍, ഒരു സമുദായമെന്ന നിലയില്‍, മലബാറിലെ മാപ്പിള സമൂഹം വൈദേശിക ശക്തികള്‍ക്കെതിരെ നാലര നൂറ്റാണ്ടായി തുടര്‍ന്ന, ദേശാഭിമാനപ്പോരാട്ടത്തിന്റെ രക്തരൂക്ഷിതമായ പരിസമാപ്തിയായിരുന്നു.
1498 ല്‍ വാസ്കോഡ ഗാമ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയതു മുതല്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെ തുടക്കമിട്ട അങ്കം. സാമൂതിരി രാജവംശത്തിനു മാപ്പിളമാര്‍ നല്‍കിയ പിന്‍ബലം. ഇന്ത്യയുടെ പ്രഥമ നാവികപ്പടയുണ്ടാക്കി അറബിക്കടലിന്റെ മധ്യത്തില്‍ സ്വന്തം ഹൃദയ രക്തം കൊണ്ട് യുദ്ധക്കളം തീര്‍ത്ത കുഞ്ഞാലിമാര്‍. 1792ല്‍ എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരും നയിച്ച ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരുകള്‍. 1857ലെ ഒന്നാം സ്വാതന്ത്രy സമരത്തിനു മുമ്പ് മലബാര്‍ മാപ്പിള നയിച്ച സ്വാതന്ത്രy വിപ്ലവങ്ങളായിരുന്നു ഇവ.
പോര്‍ത്തുഗീസ് വിരുദ്ധ പോര്‍ വീര്യമുണര്‍ത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനും പടപ്പാട്ടുകളും ഏറ്റുപാടിയ അടുത്ത തലമുറ. പത്തൊമ്പതാം നൂറ്റാണ്ട് വെള്ളക്കാരെ തുരത്താനുള്ള മാപ്പിളകലാപ പരമ്പരകളുടെ കാലം. ആദ്യ നാല്‍പത് വര്‍ഷത്തിനകം 90 കലാപങ്ങള്‍. 1852ല്‍ സ്ട്രേഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 31 പ്രധാന കലാപങ്ങളില്‍ നാലെണ്ണം കാര്‍ഷിക പ്രശ്നവും 27 എണ്ണം വിദേശികളെന്ന പേരില്‍ ബ്രിട്ടീഷ് വാഴ്ചയെ തകര്‍ക്കാനുള്ളതുമായിരുന്നു.'' മാപ്പിളമാരെ വെടിവെച്ചു കൊല്ലുക, നാടുകടത്തുക, കൂട്ടപ്പിഴ ചുമത്തുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍.
"അസ്സ്വൈഫുല്‍ബത്വാര്‍' എന്ന കൃതിയിലൂടെ മമ്പുറം സയ്യിദലവി തങ്ങള്‍ മാപ്പിളമാരെ സമരപ്രചോദിതരാക്കി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളും നാടു കടത്തപ്പെട്ടു. ഉമര്‍ ഖാസിയെ തടവിലിട്ടു. ആയിരക്കണക്കിനു മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിന്റ വെടിയേറ്റു മരിച്ചു. തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരില്‍ നാലു പേര്‍ കോഴിക്കോട് ജയില്‍ ചാടി പുറത്തു കടന്ന് അന്നത്തെ കിരാതനായ മലബാര്‍ കലക്ടര്‍ കെനോലിയെ 1855 സെപ്തം. 11ന് ബംഗ്ലാവില്‍ കയറി വെട്ടിക്കൊന്നു.
1920 ജൂണ്‍ 14ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വന്ന് മലബാര്‍ ജനതയില്‍ സമരോര്‍ജ്ജം പകര്‍ന്നു. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മെയ്യായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ തെരഞ്ഞെടുപിടിച്ചു ദ്രോഹിച്ചു. സായുധമായ ചെറുത്തുനില്‍പുകള്‍ അനിവാര്യമായി. പൂര്‍വകാലത്തിന്റെ പടപ്പാട്ടുകള്‍ തലമുറകളെ പുളകമണിയിച്ചു.
ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1921 ഓഗസ്റ്റ് 19ന് മലബാര്‍ കലക്ടര്‍ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു തുടങ്ങിയവരും അഞ്ഞൂറു വെള്ളപ്പട്ടാളക്കാരും അപ്രതീക്ഷിതമായി തിരൂരങ്ങാടിയില്‍ എത്തി. അകാരണമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന നിവേദനവുമായി 20ന് ആലി മുസ്ലിയാരും ഏതാനും അനുയായികളും കലക്ടറെ കാണാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ജനക്കൂട്ടത്തിനു നേരെ വെടിയുണ്ടകള്‍ പ്രവഹിച്ചു. 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ആറു പോലീസുകാരും വധിക്കപ്പെട്ടു. ഇതായിരുന്നു മലബാറിനെ കൂട്ടക്കുരുതിയിലാഴ്ത്തിയ സംഭവ പരമ്പരകളുടെ തുടക്കം. ഓഗസ്റ്റ് 23ന് വന്‍ സേനാവ്യാഹം തിരൂരങ്ങാടിയിലെത്തി. പട്ടാളക്കാര്‍ പള്ളിക്കു നേരെ തുരുതുരാ നിറയൊഴിച്ചു. സമര ഭടന്‍മാരും പ്രത്യാക്രമണം നടത്തി. പട്ടാളദ്രോഹത്തില്‍ നിന്നു പള്ളിയെയും ജനതയെയും രക്ഷിക്കാന്‍ ആലി മുസ്ലിയാര്‍ 37 അനുയായികളുമായി പുറത്തു വന്ന് കീഴടങ്ങി. ആ രാത്രി തിരൂരങ്ങാടി പട്ടണം കൊള്ളയടിച്ചു പട്ടാളക്കാര്‍ തീയിട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പൂക്കോട്ടൂര്‍. കോവിലകം കാര്യസ്ഥനായ വടക്കുവീട്ടില്‍ മമ്മദ് ഖിലാഫത്ത് നേതാവായി ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഏജന്റുമാരും കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും ചേര്‍ന്ന് മമ്മദിനെ കള്ളക്കേസില്‍ കുടുക്കി. മമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അഞ്ഞൂറോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ കോവിലകത്തേക്ക് മാര്‍ച്ച് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ മാപ്പിളമാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് പട്ടാളം വെടിവെച്ച വാര്‍ത്ത പരന്നത്. അതു പൂക്കോട്ടൂരിനെ തിളപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു സംഘം പട്ടാളം പൂക്കോട്ടൂരിലേക്കു പുറപ്പെട്ടുവെന്ന വിവരം കിട്ടി ജനം പ്രതിരോധ മാര്‍ഗങ്ങളാലോചിച്ചു. കോഴിക്കോട് മലപ്പുറം റൂട്ടില്‍ പലേടത്തും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഓഗസ്റ്റ് 25ന് അറവങ്കര പാപ്പാട്ടുങ്ങല്‍ പള്ളിയുടെ മുന്‍വശം വരെ എത്തി. പാലം പൊളിച്ചതിനാല്‍ മുന്നോട്ടു പോവാനായില്ല. 22 ലോറികളിലും 25 സൈക്കിളിലുമായിരുന്നു സൈന്യം. 26ന് വെള്ളിയാഴ്ച പട്ടാളം പൂക്കോട്ടൂരില്‍ കടന്നു. മാപ്പിളമാര്‍ ചെറുത്തു. പിലാക്കലില്‍ മുഖാമുഖമുള്ള പോരാട്ടം. ഇന്ത്യന്‍ സ്വാതന്ത്രy സമരര ചരിത്രത്തിലെ ഏക യുദ്ധം. 420 മാപ്പിളപ്പോരാളികള്‍ രക്തസാക്ഷികളായി. പട്ടാളക്കാരുടെ മൃതദേഹവും വഹിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയിലേക്ക് ബോംബെറിഞ്ഞ് അസി. കമാണ്ടന്റ് ലങ്കാസ്റ്റര്‍ അടക്കം നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മരക്കൊമ്പില്‍ സ്വയം ബന്ധിതനായി കിടന്നായിരുന്ന ആ മാപ്പിള സേനാനി സ്ഫോടനം നടത്തിയത്. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിലെ മുന്നൂറോളം വീടുകള്‍ പട്ടാളം വെണ്ണീറാക്കി. നിരവധി പേരെ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 25ന് മേല്‍മുറിയില്‍ വീടുകളില്‍ കയറി 256 പേരെ വെള്ളപട്ടാളം കൊന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. പാണ്ടിക്കാട് ചന്തപ്പുരക്കുള്ളില്‍ കേമ്പ് ചെയ്ത ഗൂര്‍ഖാ പട്ടാളത്തിനു നേര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ഒത്തുചേര്‍ന്ന് ചന്തമതില്‍ ഉന്തിമറിച്ചിട്ടു.
നവ. 20ന് എം.എസ്.എല്‍.വി 1711 ചരക്കു വാഗണില്‍ നൂറില്‍പ്പരം മാപ്പിളത്തടവുകാരെ കുത്തിനിറച്ച് ബെല്ലാരിയിലേക്കു കൊണ്ടുപോയി. 72 പേര്‍ ശ്വാസം മുട്ടി മരിച്ച "വാഗണ്‍ ട്രാജഡി' ലണ്ടന്‍ പത്രങ്ങളുടെ പോലും പ്രതിഷേധത്തിനിരയായി. 1922 ജനു. 6ന് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയെ പട്ടാളം പിടിച്ചു. ജനു. 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ മരത്തില്‍ ബന്ധിച്ച് വെടിവെച്ച് കൊന്നു. ഫെബ്രു. 17ന് ആലി മുസ്ലിയാര്‍ അനുചരന്‍മാരോടൊപ്പം കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു.
കോടമഞ്ഞ് മൂടിയ ഏറനാടന്‍ താഴ്വാരയില്‍ നിന്ന് വെടിയൊച്ചകള്‍ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. വിലാപങ്ങളും. പക്ഷെ ചെറുത്തുനില്‍ക്കാനാവാത്ത വിധം രാജ്യസ്നേഹികളുടെ മണ്ണിനെ ലോകത്തിലെ വന്‍സൈനിക ശക്തി കശക്കിയെറിഞ്ഞു കഴിഞ്ഞിരുന്നു. ഈ ആലംബഹീനരുടെ രക്ഷക്കെത്താന്‍ ഒരു ദേശീയനായകനുമുണ്ടായിരുന്നില്ല. ആശ്വാസവാക്കുകള്‍ പോലുമുയര്‍ന്നില്ല. സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു കടന്നുപോയ രാഷ്ട്രനായകരാരും പിന്നീട് ഈ വഴിയെ വന്നില്ല. ഉണ്ടായത് കുറ്റപ്പെടുത്തലുകള്‍ മാത്രം. തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്കു അനുയായിയും നേതാവും ഒരു പോലെ അങ്കത്തിനിറങ്ങിയത് ഈ മലബാര്‍ യുദ്ധത്തിലാണ്. ഉത്തരേന്ത്യയിലെ പോലെ അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നടത്തിയ ചക്രവര്‍ത്തിമാരുടെ പോരാട്ടമായിരുന്നില്ല. ഭരണം രാജ്യക്കാര്‍ക്കു നേടിക്കൊടുക്കാനായിരുന്നു. ഉത്തരേന്ത്യയിലെ സ്വാതന്ത്രy സമര നേതാക്കളെ പോലെ പട്ടാളത്തിലും ഭരണത്തിലും തങ്ങളോട് കൂറുള്ള ഒരാള്‍ പോലും മലബാര്‍ മാപ്പിളക്കില്ലായിരുന്നു. എല്ലാവരും ശത്രുക്കള്‍. കൊല്ലാന്‍ തക്കം പാര്‍ക്കുന്നവര്‍.
അന്നന്നത്തെ അധികാരികള്‍ക്കു കീഴൊതുങ്ങി ജീവിച്ചു പോയിരുന്നെങ്കില്‍ മലബാര്‍ മാപ്പിളക്ക് ഇത്രയും ജീവന്‍ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു. പില്‍ക്കാലം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണപ്പോരാട്ടവും ആവശ്യമാകുമായിരുന്നില്ല. പഠിച്ചും കഠിനാധ്വാനം ചെയ്തും എവിടെയൊക്കെയോ എത്താമായിരുന്നു സാഹസികത ജന്മനക്ഷത്രമായ ഈ ജനതക്ക്. വര്‍ഗീയ കലാപത്തിന്റെ മുദ്രയും കിട്ടുമായിരുന്നില്ല. പക്ഷേ ജീവന്‍ വെടിഞ്ഞും കുടുംബം വെടിഞ്ഞും രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതിയവരുടെ ചെവിയില്‍ ഇതൊന്നും കയറില്ലായിരുന്നു. അവര്‍ക്ക് രാജ്യമായിരുന്നു വലുത്. ജീവനേക്കാളും.

കടപ്പാട്

ചന്ദ്രിക ദിനപത്രം

Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Sunday, July 3, 2011

സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?



രാം പുനയാനി
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ്‌ സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത്‌ പതിവാണ്‌. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്‌ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. പല ആളുകളും ഇതിന്റെ

മതപരമായ വിവക്ഷകളെക്കുറിച്ച്‌ ചിന്തിക്കാതെയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും മതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും ചേര്‍ത്തുവെക്കുന്നത്‌ സ്വാതന്ത്ര്യാനന്തരം വിവിധ ചിന്തകര്‍ ഏറെ വിമര്‍ശിച്ച കാര്യമാണ്‌ എന്ന വസ്‌തുത നാം ഓര്‍ക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സോമനാഥ ക്ഷേത്ര നിര്‍മാണത്തിന്‌ ഫണ്ടനുവദിക്കാന്‍ വിസമ്മതിച്ചെന്ന്‌ മാത്രമല്ല, ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതില്‍ നിന്ന്‌ രാഷ്‌ട്രപതി എന്ന നിലയില്‍ ഡോ. രാജേന്ദ്രപ്രസാദ്‌ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. മതപരമായ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്‌ട്രീയനേതാക്കള്‍ എത്തുന്നത്‌ തീര്‍ത്തും സ്വകാര്യമായിരിക്കണമെന്നും മാധ്യമശ്രദ്ധ ഇത്തരം പരിപാടികള്‍ക്ക്‌ ലഭിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരുന്നതായാണ്‌ കാണുന്നത്‌. അനുഗ്രഹം തേടി മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ രാഷ്‌ട്രീയ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന, ഉദ്‌ഘാടന ചടങ്ങുകളില്‍ ബ്രാഹ്‌മണര്‍ മന്ത്രങ്ങളുരുവിട്ട്‌ കാര്‍മികത്വം വഹിക്കുന്നതും ഭൂമിപൂജ നടത്തുന്നതുമെല്ലാം നിത്യകാഴ്‌ചയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഗുജറാത്തില്‍ നിന്നുള്ള ദളിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ്‌ സോളങ്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശ്രദ്ധേയമാകുന്നത്‌. ഹൈക്കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‌ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ ഭൂമിപൂജ നടത്തിയത്‌ രാജ്യത്തിന്റെ മതേതര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ സോളങ്കി ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാന ഗവര്‍ണറും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്തരം മതാചാരങഅങള്‍ എന്നത്‌ ശ്രദ്ധേയമാണ്‌.


ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ചടങ്ങെന്നും മതവും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണിതെന്നും സോളങ്കി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭൂമിപൂജ നടത്തുന്നതും ബ്രാഹ്‌മണര്‍ മന്ത്രോച്ചാരണങ്ങളുമായി കാര്‍മികത്വം വഹിക്കുന്നതും ജുഡീഷ്യറിയുടെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി വിവേചനപരമോ മതേതര കാഴ്‌ചപ്പാടുള്ളതോ എന്ന്‌ പരിഗണിക്കാതെ തള്ളുക മാത്രമല്ല, പരാതിക്കാരന്‌ കോടതി 20,000 രൂപ പിഴ ചുമത്തുകയും ചെയ്‌തത്‌ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

ഭൂമിയെ വേദനിപ്പിക്കുന്നതിനുള്ള പ്രായശ്ചിത്തമാണിതെന്നും കെട്ടിടനിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്‌ പൂജയെന്നുമാണ്‌ ജഡ്‌ജിമാര്‍ പറയുന്നത്‌. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണെന്ന്‌ പറയപ്പെടുന്ന ഈ ചടങ്ങുകളുടെ അടിസ്ഥാനം ഹിന്ദുമൂല്യങ്ങളില്‍ പറയുന്ന വസുദൈവ കുടുംബകം (എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍), സര്‍വജന്‍ സുഖിനോ ഭവന്തു (എല്ലാവര്‍ക്കും നന്മ വരട്ടെ) തുടങ്ങിയ വിശ്വാസങ്ങളാണെന്നും അവര്‍ വാദിക്കുന്നു.

ഭൂമിയെ ആരാധിക്കണമെന്നത്‌ ഹിന്ദു മതാചാരപ്രകാരം മാത്രമുള്ള വിശ്വാസമാണ്‌. ചില മതങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. വേറെ ചില മതവിഭാഗങ്ങള്‍ മറ്റ്‌ ആചാരങ്ങളുമായാണ്‌ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത്‌. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികള്‍ വിശുദ്ധ ജലം തെളിച്ചാണ്‌ ഇത്തരം കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌. ഭൂമിയുടെ അതിജീവനമാണ്‌ ലക്ഷ്യമെങ്കില്‍ ഭൂമിശാസ്‌ത്രപരവും വാസ്‌തുശില്‍പ്പപരവുമായ കാര്യങ്ങള്‍ക്കാണ്‌ മേല്‍പറഞ്ഞതിനേക്കാള്‍ താല്‍പര്യം കാണിക്കേണ്ടതും ശ്രദ്ധ പുലര്‍ത്തേണ്ടതും. പൊതു സംവിധാനത്തില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുവരുന്നതിനെ നിയമം ഉപയോഗിച്ച്‌ ന്യായീകരിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്‌. മാത്രമല്ല, മതങ്ങളില്‍ നിന്ന്‌ ഭരണകൂടം അകലംപാലിക്കണമെന്നും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുള്ള ഭരണഘടനാ നിര്‍ദേശം കാറ്റില്‍ പറത്തുക കൂടിയാണ്‌.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്താണ്‌ എന്നത്‌ എസ്‌ ആര്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതി അക്കമിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: 1). സ്റ്റേറ്റിന്‌ മതമില്ല. 2). സ്റ്റേറ്റ്‌ മതങ്ങളില്‍ നിന്ന്‌ പൂര്‍ണമായും വിട്ടുനില്‍ക്കണം. 3). ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങളെയോ മതത്തേയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവരുത്‌. എന്നാല്‍ ഭൂമിപൂജയുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി നിരീക്ഷണത്തിന്‌ തീര്‍ത്തും കടകവിരുദ്ധമാണ്‌.

മതങ്ങളുടെ ധാര്‍മിക തത്വങ്ങള്‍ പലതും സമൂഹം വ്യാപകമായി സ്വീകരിക്കാറുണ്ട്‌. വസുദൈവ കുടുംബകം (ഹിന്ദുമതം), എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണ്‌ (ഇസ്‌ലാം), അയല്‍ക്കാരെ സ്‌നേഹിക്കുക (ക്രിസ്‌ത്യന്‍) തുടങ്ങിയവ ഇത്തരം ധാര്‍മികമൂല്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. എന്നാല്‍ മതപരമായ ആചാരങ്ങളെ ഇതില്‍ നിന്നും വ്യത്യസ്‌തമായി മാത്രമേ കാണാന്‍ കഴിയൂ. മതങ്ങളുടെ കേന്ദ്രാശയം ആചാരങ്ങളല്ല, ധാര്‍മിക മൂല്യങ്ങളാണ്‌. പൊതുവീക്ഷണത്തില്‍ പൂജകള്‍ നടത്തുന്നത്‌ ഏതെങ്കിലും ഒരു മതത്തെ തിരിച്ചറിയാന്‍ കഴിയുന്ന ചടങ്ങാണ്‌. മഹത്തുക്കളുടെ ജീവിതത്തില്‍ നിന്ന്‌ നാം പഠിച്ചെടുക്കേണ്ടത്‌ മതങ്ങളുടെ ധാര്‍മിക കാഴ്‌ചപ്പാടുകളെയായിരിക്കണം. മതപരമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതിന്‌ സമൂഹത്തിനോ വ്യക്തികള്‍ക്കോ യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ച്‌ വ്യത്യസ്‌ത മതക്കാര്‍ തിങ്ങിത്താമസിക്കുകയും മതങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുടരുന്ന വ്യത്യസ്‌ത വിഭാഗങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌.

ഭരണഘടനയുടെ 51(എ) വകുപ്പിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഭൂമിപൂജ പോലുള്ള കര്‍മങ്ങള്‍. സമൂഹത്തില്‍ നേരിട്ട്‌ വംശീയ ചിന്താഗതി പടര്‍ത്തുന്ന കാര്യങ്ങളാണത്‌. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാകര്‍മങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ ചടങ്ങുകളില്‍ ഉപയോഗിക്കപ്പെടുക വഴി നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്‌ചപ്പാടിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലുള്ള വരയുടെ കനം ഇല്ലാതാക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അന്ധവിശ്വാസം സമൂഹത്തെ തെറ്റായ വഴിയിലേക്കായിരിക്കും നയിക്കുക.

അനുയോജ്യമായ സ്ഥലം കണ്ടെത്താതെയും ശാസ്‌ത്രീയ രീതികള്‍ അവലംബിക്കാതെയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത്‌ നമുക്കെല്ലാം അറിവുള്ള കാര്യമാണ്‌.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണകൂടങ്ങള്‍ പല മാനദണ്ഡങ്ങളും കൊണ്ടുവരുന്നത്‌. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനും നമ്മള്‍ സാക്ഷികളാവുന്നു. മതപരമായ ആചാരങ്ങളെ ഭരണകൂടത്തിന്റെ നടപടികളായി സ്വീകരിക്കുന്നതിനു പകരം ഇത്തരം പ്രായോഗിക നടപടികള്‍ ഉറപ്പുവരുത്താനാണ്‌ കോടതികള്‍ ജാഗ്രത കാണിക്കേണ്ടത്‌.

``എല്ലാ പൗരന്മാര്‍ക്കും തുല്യത ആസ്വദിക്കാന്‍ കഴിയണം. രാഷ്‌ട്രം പൂര്‍ണമായും മതേതരത്വ സ്വഭാവത്തിലുള്ളതായിരിക്കണം. അതിനുവേണ്ടിയാണ്‌ ഞാനെന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്‌'' -രാഷ്‌ട്രപിതാവ്‌ മഹാത്മജിയുടെ വാക്കുകളാണിത്‌ (ഹരിജന്‍, 1947 ആഗസ്‌ത്‌ 31), ``മതം ദേശീയത കുറിക്കാനുള്ള ഉപകരണമല്ല. അത്‌ വ്യക്തിക്കും ദൈവത്തിനും ഇടയിലുള്ള കാര്യം മാത്രമാണ്‌'' (അതേപുസ്‌തകം, പേജ്‌ 90), ``മതം ഓരോ മനുഷ്യരുടെയും വ്യക്തിപരമായ കാര്യം മാത്രമാണ്‌. അതിനെ രാഷ്‌ട്രീയവുമായോ രാഷ്‌ട്രവുമായോ കൂട്ടിക്കലര്‍ത്തരുത്‌'' (പേജ്‌ 90) തുടങ്ങിയ ഗാന്ധിയന്‍ വാക്കുകളും നാം കണക്കിലെടുക്കണം. എന്നാല്‍ അടുത്തകാലത്തായി ഹിന്ദു ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഭരണകൂടങ്ങള്‍ വ്യാപകമായി ദേശീയ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട്‌. ഇത്‌ പുനരാലോചനക്ക്‌ വിധേയമാക്കേണ്ടതാണ്‌.

Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍

രിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ്.

Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

Friday, October 8, 2010

മാറ്റത്തിന്‌ എന്തിനാ വോട്ട്‌?

ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി മനസ്സുതുറന്നു. മാറ്റത്തിന്‌ ഒരു വോട്ട്‌ എന്ന മുദ്രാവാക്യത്തോടെയാണ്‌ പുതിയ വരവ്‌. ഒരു മാറ്റവും സമൂഹത്തില്‍ ക്ലിക്ക്‌ ചെയ്യാതെ പോയതിന്റെ ആശങ്കയാവാം പുതിയ മുദ്രാവാക്യത്തിന്റെ പിറവിക്ക്‌ പിന്നില്‍. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പലയിടത്തും അടിതെറ്റി വീണു. പിന്നെ കിനാലൂരിനെ കിനാവ്‌ കണ്ട്‌ കുതിച്ചപ്പോഴും വീണു പരിക്കേറ്റു. ഇപ്പോഴിതാ പുതിയ തെരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. അമിതമായ ആത്മവിശ്വാസം നല്ലതിനല്ല എന്നേ പറയേണ്ടൂ!

Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Wednesday, August 4, 2010

വിയോജിപ്പിലെയും വിമര്‍ശനത്തിലെയും ആര്‍ജ്ജവം

വിയോജിപ്പ് വൈരാഗ്യമായും ശത്രുതയായും വളരുകയും ശത്രുത പരസ്പര നിന്ദയ്ക്കും നശീകരണത്തിനും നിമിത്തമാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം എവിടെയും കാണുന്നത്.  ഒരു ആദര്‍ശം തികച്ചും ശരിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന യാതൊരാള്‍ക്കും അതിന് വിപരീതമായ ആശയാദര്‍ശങ്ങളോട് യോജിക്കാന്‍ കഴിയില്ല എന്നത് സുവിദിതമാകുന്നു. ഇങ്ങനെയുള്ള വിയോജിപ്പണ് വര്‍ഗീയതയ്ക്കും സാമുദായിക സ്പര്‍ധയ്ക്കും നിമിത്തമാകുന്നത് എന്നതിനാ‍ല്‍, ഏകമതസത്യവിശ്വാസത്തില്‍ നിന്ന് ജനങ്ങള്‍ സര്‍വമതസത്യബോധത്തിലേക്ക് നീങ്ങിയാലേ മതേതരത്വം പുലരുകയുള്ളൂ എന്ന് പല ‘പുരോഗമനവാദി’കളും സമര്‍ഥിച്ചുകൊണ്ടിരിക്കുന്നു

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്