ഖാദര്‍ പി
പഠിക്കാന്‍ നാടുമുഴുക്കെ എയ്‌ഡഡ് ആയും അണ്‍എയ്‌ഡഡ് ആയും സ്‌കൂളുകളും കോളെജുകളുമുണ്ട്. പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുടെ വിലക്കുകളോ ഫത്‌വകളോ ഇല്ലെന്ന് മാത്രമല്ല, ഞായറാഴ്‌ച പ്രസംഗങ്ങളിലും അല്ലാതെയും അവര്‍ ആവുംവിധം പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളെയും ഹോസ്റ്റലുകളില്‍ നിര്‍ത്തിയും പേ ഗസ്റ്റായും നാടിന്റെ ഏത് കാട്ടുമൂലയിലും പഠിക്കാന്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയോ പേടിയോ ഇല്ല. യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട് ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു. അതുകൊണ്ടു തന്നെ കേരള-കേന്ദ്രസര്‍ക്കാര്‍ മേഖലയിലും കോര്‍പറേറ്റ്-സ്വകാര്യ മേഖലകളിലും ക്രിസ്‌ത്യാനികള്‍ തൊഴില്‍രംഗത്ത് ആധിപത്യവും സ്വാധീനവും ഉറപ്പിക്കുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല. കേരള ജനസംഖ്യയില്‍ 18.33 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ 20.6 ശതമാനമുണ്ടെന്നാണ് കണക്ക്. അഖിലേന്ത്യാതലത്തില്‍ക്രിസ്‌ത്യാനികള്‍ 2.34 ശതമാനമേയുള്ളൂ. കേന്ദ്രസര്‍വീസില്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക് ലഭ്യമല്ലെങ്കിലും ജനസംഖ്യാനുപാതമായി മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ് കുടൂതലാണ് അവരുടെ പ്രാതിനിധ്യമെന്നത് പ്രകടമായ യാഥാര്‍ഥ്യമാണ്. സമുദായത്തില്‍ അഭ്യസ്‌തവിദ്യരുടെ ഒരു നിര തന്നെയുള്ളപ്പോള്‍ ഈ സത്യത്തോട് മുഖം ചുളിച്ചിട്ട് കാര്യവുമില്ല.