Thursday, March 24, 2011

സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും


ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്.  സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ദൈവാധിപത്യത്തിന്റെ വിരുദ്ധമുഖമാണ് ജനാധിപത്യമെന്ന് പറഞ്ഞ് മതവിരുദ്ധമായി വിധിയെഴുതി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ദശാബ്ദങ്ങളോളം വനവാസം വരിച്ച ജമാ‍അത്തെ ഇസ്ലാമി ജനാധിപത്യത്തെ ഉള്‍കൊണ്ടതില്‍ പിന്നെ അതൊരു വൈകാരിക ഉന്മാദമാക്കി മാറ്റിയിരിക്കും.  അറബ് ലോകത്ത് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ആവേശഭരിതരായി കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഷ്ഠി ചുരുട്ടി മുദ്രാവാക്യം മുഴക്കിയ സോളിഡാരിറ്റിക്കാര്‍ ഇപ്പോള്‍ ഗതിവിട്ട തരത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.  സംഖ്യ സൈന്യം ലിബിയയിലേക്ക് മിസൈല്‍ വര്‍ഷം നടത്തിയ പിറ്റേന്ന് ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ് രീതി കണ്ടപ്പോള്‍ ഏറെ ആശ്ചര്യപ്പെട്ടു പോയി.  സാമ്രാജ്യത്വ വിരുദ്ധതയുടെ പേറ്റന്റ് പോക്കലിട്ടു നടക്കുന്ന ജമാഅത്തെയുടെ പത്രം മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് എന്തുമാത്രം ആവേശഭരിതമായാണെന്ന് വായിച്ചവര്‍ക്കൊക്കെ തോന്നിയിട്ടുണ്ടാവും.  ജനാധിപത്യം ഒരു മിത്തായി ഭവിച്ചതിന്റെ പരിണതി സാമ്രാജ്യത്വ ശാക്തീകളോടുള്ള അനുരാഗാത്മക ഭ്രമമായിത്തീര്‍ന്നത് ആ റിപ്പോര്‍ട്ടില്‍ നിഴലിച്ചു കാണാം..

ലിബിയന്‍ ജനത അവേശത്താല്‍ നൃത്തം ചെയ്യുന്നതായി തോന്നിപ്പോകും റിപ്പോര്‍ട്ട് വായിച്ചാല്‍ സഖ്യ സൈന്യം തങ്ങളെ സഹായിക്കാനെത്തുന്നു എന്ന വാര്‍ത്ത ലിബിയയിലെ ജനാധിപത്യ പ്പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നു എന്നും ലിബിയന്‍ സൈന്യത്തെ പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ച് തടസ്സപ്പെടുത്തിയെന്നുമൊക്കെ എഴുതിയ പത്രം അതു കൊണ്ടും അവസാനിപ്പിച്ചില്ല.  സംഖ്യസൈന്യത്തിന്റെ വരവ് ആവേശപൂര്‍വ്വം കാത്തിരിക്കയാവും ലിബിയന്‍ ജനത.

ജനാധിപത്യം തലക്ക് പിടിച്ച് കണ്ണും കാണാതായത് കൊണ്ടാവണം സംഖ്യസൈന്യം ലിബിയന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് എന്ന് പറഞ്ഞ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സിവിലിയന്മാരാണെന്ന വസ്തുത റിപ്പോര്‍ട്ടിലെവിടെയും കാണുന്നില്ല.  എന്നാല്‍ മിക്ക മുഖ്യധാരാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കിട്ടുന്ന അവസരം മുതലാക്കുകയെന്നതില്‍ കവിഞ്ഞ് പശ്ചിമേഷ്യയില്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ ക്രിയാത്മകമായ നിലപാടെടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു എന്നത്രെ ഇത് വ്യക്തമാക്കുന്നത്.  ഹുസുനി മുബാറക്ക് ഭരണം വിട്ടൊഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ജമാഅത്തെക്കാരും സോളിഡാരിറ്റിക്കാരും നടത്തിയ പ്രകടനങ്ങള്‍ കണ്ട് എട്ടുകാലി മമ്മുഞ്ഞിമാരെന്ന് വഴിയാത്രക്കാരന്‍ പരിഹസിച്ചപ്പോള്‍ ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ ഗര്‍വ്വിലാണ് അവര്‍ നടന്നു നീങ്ങിയത്. സംഖ്യ സൈന്യാക്രമണത്തെ ലിബിയന്‍ ജനത ആവേശപൂര്‍വ്വം വരവേറ്റു എന്നത് വസ്തുതാപരമല്ല തന്നെ. പശ്ചിമേഷ്യയിലെ ജനാധിപത്യ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യമുള്ളവരൊക്കെ തന്നെ അതിന് വിദേശ ഇടപെടല്‍ പരിഹാരമല്ലെന്ന് അഭിപ്രായപെട്ടത് ഉള്‍ക്കൊണ്ടിരുന്നു.    ലിബിയയിലെ ഗദ്ദാഫി വിരുദ്ധ പോരാളികളും അതുകൊണ്ട് തന്നെ സൈനിക ഇടപെടലിന് അവര്‍ അറച്ചു നില്‍ക്കുകയായിരുന്നു.

ലിബിയന്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയെന്നതല്ല സംഖ്യസൈന്യത്തിന്റെ ലക്ഷ്യമെന്ന് സംഭവങ്ങളുടെ നാള്‍വഴി അറിയുന്നവര്‍ക്കൊക്കെ വായിച്ചെടുക്കാന്‍ കഴിയും.   യു.എന്‍ സെക്രട്ടറി ജനറല്‍ ലിബിയയിലേക്ക് ദൂതതനെ അയച്ചിട്ടുണ്ട്.  ആഫ്രിക്കന്‍ യൂണിയന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്.  ഇവരുടെയൊന്നും റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ ഇങ്ങനെയരാക്രമണം നടത്താന്‍ മാത്രം ഗുരുതരമാണ് ലിബിയയിലെ സാഹചര്യമെന്ന് വിവരമുള്ളവര്‍ അംഗീകരിക്കില്ലന്നതുകൊണ്ട് തന്നെയാണ് ലിബിയന്‍ പ്രക്ഷോഭകാരികളില്‍ ഒരു വിഭാഗം സംഖ്യസൈന്യത്തിന്റെ ആക്രമണത്തെ എതിര്‍ത്തത്. ഇത് ജമാഅത്തുകാര്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.

സഖ്യസൈന്യം ലക്ഷ്യം സാധിച്ചാല്‍ ഒരു പക്ഷേ കേരളത്തിന്റെ തെരുവുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയ്ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെയും കൂറ്റന്‍ ചിത്രങ്ങളുമായി സോളിഡാരിറ്റിക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഓര്‍ക്കുന്നുണ്ടോ ഒരു ഇഫ്ത്വാര്‍ വിരുന്ന്.  അമേരിക്കന്‍ കോണ്‍സുലിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞതിനു മുമ്പത്തെ റമദാനില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഒരു ഇഫ്ത്വാര്‍ വിരുന്ന്  ജമാഅത്തെ ഇസ്ലാമി വിവാദമാക്കിയത് മറക്കാറായിട്ടില്ല.  ഓബാമയുടെ ഇഫ്ത്വാര്‍ വിരുന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും സാമ്രാജ്യത്വ ദാസ്യരാക്കി ചിത്രീകരിച്ച് ഭൂമികുലുക്കി നടക്കുകയായിരുന്നുവല്ലോ ജമാഅത്തുകാര്‍.

ഒബാമ ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ വിശദീകരണത്തില്‍  മുജാഹിദ് നേതാക്കള്‍ അന്ന് പറഞ്ഞത് ലിബിയയില്‍ സംഭവിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.   പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ തന്റെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നിലെ ആശയ വിനിമയം ഒബാമയില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നത് അന്ന് വിശദീകരിക്കപ്പെട്ടതാണ്.

ലിബിയയില്‍ അത് സംഭവിച്ചിരിക്കുന്നു.  ലിബിയയിലെ സൈനികാക്രമണത്തിന് അമേരിക്ക മുന്‍കയ്യെടുത്തില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളൊന്നും തന്നെ ലിബിയയില്‍ പറക്കുന്നില്ലെന്ന് ബാരക് ഒബാമ എടുത്തു പറയുകയുണ്ടായി.

മധ്യ ധരണ്യാഴിയിലെ യു എസ് കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തെടുത്തുവിടുന്നെതെങ്കിലും അമേരിക്കന്‍ ഭടന്മാര്‍ ലിബിയയില്‍ ഇറങ്ങുന്ന പ്രശ്നമില്ലെന്നും ഒബാമ പ്രഖ്യാപിക്കുകയുണ്ടായി.  ഭാവിയില്‍ എന്തു സംഭവിച്ചാലും നിലവിലുള്ള നിലപാട് ശുഭ സൂചകവും മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റവുമാണ്.  ഇറാനിലെ ശീആ ചേരിയോടുള്ള  അനുരാഗാത്മക ഭ്രമമാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ നിശ്ചയിക്കുന്നത് എന്നു വേണം കരുതാന്‍. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അമേരിക്കന്‍ ഇടപെടലുണ്ടാകുമ്പോള്‍ അത് സാമ്രാജ്യത്വധിനിവേശവും  സഊദി അനുബദ്ധ അറബ് രാഷ്ട്രങ്ങളിലാവുമ്പോള്‍ അത്  ജനാധിപത്യ പോരാട്ടത്തിന് ശക്തി പകരുന്നതുമായി കാണുന്നത് ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ്.

സഊദി കേന്ദ്രീകൃത അറബ് ലോകം പ്രശ്നകലുഷമായിത്തീരാനുള്ള  ഇറാന്‍ ശീആ ചേരിയുടെ താല്പര്യത്തിന്റെ കൂടെയാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നതിന്റെ വ്യക്തമായ സൂചകമാണ് പഴയകാല ജമാഅത്തെ താത്വികന്‍ കഴിഞ്ഞ ലക്കം പച്ചക്കുതിരയിലെഴുതിയ ലേഖനം.

സഊദി അറേബ്യയില്‍ ഒരു വിപ്ലവം  അദ്ദേഹം സ്വപ്നം കാണുന്നു.  പെട്ടെന്നൊന്നും അത് സാധ്യമാവില്ലെന്നതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നത് ഇപ്രകാരമാണ്. ‘ജി.സി.സി നാടുകളില്‍ പൊതുവിലും സഊദിയില്‍ പ്രത്യേകിച്ചും തുണീഷ്യയില്‍ അടിച്ചുവീശിയ ജാസ്മിന്‍ കാറ്റ് ആ അളവില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീ‍ക്ഷിക്കുന്നത് ആഗ്രഹചിന്ത മാത്രമായിരിക്കും.  സഊദി ഭരണകൂടം തുര്‍ക്കി രാജകുമാരന്‍  ആഗ്രഹിക്കും പോലെ പെട്ടൊന്നൊന്നും കെട്ടുകെട്ടാന്‍ പോകുന്നില്ല. (പച്ചക്കുതിര-മാര്‍ച്ച് 2011)

സഊദിയില്‍ ഒരു വിപ്ലവം സ്വപ്നം കണ്ട് അതിനുള്ള സാധ്യതകള്‍ സുദീര്‍ഘമായി ഉപന്യസിച്ചതിന്റെ അവസാനത്തില്‍  അദ്ദേഹത്തിന്റെ ആഗ്രഹം  പ്രതിഫലിക്കുന്നത് ഇപ്രകാരമാണ്.  ‘പുതിയ സംഭവ വികാസങ്ങള്‍ സഊദി പ്രതിപക്ഷത്തെ ആവേശം കൊള്ളിക്കുമെന്നതില്‍ സംശയമില്ല’(പച്ചക്കുതിര)

കാള പെറ്റെന്ന് കേട്ടു കയറെടുത്തവന്റെ അവസ്ഥയിലെത്തിയിരിക്കുന്നു  ജമാഅത്തുകാരന്‍.  തുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം  എന്നു കേട്ടപ്പോഴേക്ക് നാടുനീളെ പ്രകടനം നടത്തി കേമത്തം പ്രകടിപ്പിക്കുകയും ഇതര മുസ്ലിം സംഘടനകള്‍ക്ക് പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നിലപാടുകളില്ലെന്ന് ആക്ഷേപിക്കുകയും ചെയ്തവരിന്ന് സാമ്രാജ്യത്വ ശക്തികളെ നെഞ്ചിലേറ്റുന്ന അതീവ പരിഹാസ്യമായ അവസ്ഥയിലെത്തിയിരിക്കുന്നു.

പുനര്‍വായനക്കായ് തെരഞ്ഞടുത്തത് :   ബി.പി.എ ഗഫൂറിന്റെ ‘ഒബാമയുടെ ഇഫ്ത്താറും ലിബിയക്കു നേരെയുള്ള ആക്രമണവും’  എന്ന ലേഖനം,  വര്‍ത്തമാനം ദിനപത്രം 24-03-2011


Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്