Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.


അധികമാരുമറിയാത്ത ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സുബ്രഹ്മണ്യസ്വാമി ഒരു ദേശീയ ദിനപത്രത്തില്‍ ഇസ്‌ലാമിക ഭീകരവാദത്തെ എങ്ങനെ തുടച്ചുനീക്കാമെന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ്‌ ഈ ചോദ്യങ്ങളെ ഒരിക്കല്‍കൂടി മനസ്സിലേക്ക്‌ കൊണ്ടുവരുന്നത്‌. 2011 ജൂലൈ 13ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ജൂലൈ 16നാണ്‌ ലേഖനം പ്രസിദ്ധീകരിച്ചു വന്നത്‌. ഇസ്‌ലാമിക തീവ്രവാദികളാണ്‌ സ്‌ഫോടനത്തിനു പിന്നില്‍, മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിയുകയാണ്‌, അവരെ കൊല്ലുന്നത്‌ അനുവദനീയമായ മാതൃകയാണ്‌ എന്നെല്ലാമാണ്‌ ലേഖനത്തിലൂടെ സ്വാമി ആരോപിക്കുന്നത്‌. ആഗോള ഇസ്‌ലാമിക അജണ്ടയുടെ ഭാഗമായി, ഇന്ത്യയെ ഇസ്‌ലാമിക രാഷ്‌ട്രമാക്കി മാറ്റാനുള്ള (ദാറുല്‍ ഇസ്‌ലാം) ദൗത്യമാണ്‌ ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്‌. മതപരിവര്‍ത്തനം നിരോധിക്കണം (ഹിന്ദു മതത്തിലേക്ക്‌ ഒഴികെയുള്ള), ഭരണഘടനയുടെ 370ാം വകുപ്പ്‌ എടുത്തു കളയണം, അയോധ്യയിലും വരാണസിയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കണം, ഹൈന്ദവ പാരമ്പര്യം നിഷേധിക്കുന്ന മുസ്‌ലിംകളെ അവകാശങ്ങള്‍ നിഷേധിച്ച്‌ പാര്‍ശ്വവല്‍കരിക്കണം തുടങ്ങിയ ആവശ്യങ്ങളും സ്വാമി തന്റെ ലേഖനത്തിലൂടെ ഉന്നയിക്കുന്നു. സ്വാമിയുടെ ഈ ലേഖനം നിരവധി പ്രതികരണങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. സ്വാമിയുടെ നിലപാടുകളുമായി യോജിക്കാന്‍ കഴിയില്ലെന്നാണ്‌ പലരും അഭിപ്രായപ്പെട്ടത്‌. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തും വിധം സംസാരിച്ചതിന്‌ സ്വാമിക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ വേണമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

സ്വാമി സമ്മര്‍ ക്ലാസ്സെടുക്കുന്ന ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. സ്വാമിക്കെതിരായ ക്യാമ്പയിന്‌ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ പിന്തുണ ലഭിച്ചെങ്കിലും അക്കാദമികമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ല അദ്ദേഹത്തിന്റെ പരാമര്‍ശം എന്ന്‌ ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന്‌ പുറത്താക്കേണ്ടെന്ന നിലപാടിലാണ്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാല അധികൃതര്‍. പ്രകോപനപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വാതിലായാണ്‌ പലരും അക്കാദമിക മേഖലയെ കാണുന്നതെന്നതിനാല്‍, അധികാരികളുടെ നിലപാടിനെ അപകടകരമായ വീക്ഷണമായി മാത്രമേ കാണാനാവൂ.

ഗോള്‍വാള്‍ക്കറും സുദര്‍ശനും പ്രകടിപ്പിച്ച ആര്‍ എസ്‌ എസ്‌ ആശയങ്ങളുമായി കൂടിക്കലര്‍ന്ന ഒന്നായേ സ്വാമിയുടെ വീക്ഷണങ്ങളെയും കാണാനാവൂ. ആര്‍.എസ്‌.എസ്സിന്റെ ആശയമനുസരിച്ച്‌ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്‌. ഹിന്ദുക്കളെ അംഗീകരിക്കാത്തവരെ പാര്‍ശ്വവല്‍കരിക്കണമെന്നും നാടു കടത്തണമെന്നുമാണ്‌ ഗോള്‍വാള്‍ക്കറുടെ ആവശ്യം. സമാന അഭിപ്രായം തന്നെയാണ്‌ മറ്റൊരു ആര്‍.എസ്‌.എസ്‌ സര്‍സംഘ്‌ചാലക്‌ സുദര്‍ശന്‍ പ്രകടിപ്പിച്ചത്‌. ഇന്ത്യന്‍ ഭരണഘടന ചുരുട്ടിക്കെട്ടി കളയണമെന്നും പകരം ഹൈന്ദവ വിശുദ്ധ ഗ്രന്ഥങ്ങളും മനുസ്‌മൃതിയും തിരിച്ചു കൊണ്ടു വരണമെന്നുമാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. ഈ ഹിന്ദുരാഷ്‌ട്ര ആശയമാണ്‌ ബാബരി മസ്‌ജിദ്‌ ധ്വംസനത്തിനും രണ്ടു പതിറ്റാണ്ടായി മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും അടിസ്ഥാനം.

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്നത്‌ ആര്‍.എസ്‌.എസ്സിന്റെയും അവരുടെ സഹയാത്രികരായ സ്വാമിയെപ്പോലുള്ളവരുടെയും രാഷ്‌ട്രീയ ലക്ഷ്യമാണ്‌. സ്വാമിയുടെ വാഗ്‌ധോരണിയിലെ മറ്റു ചില ഘടകങ്ങള്‍ വരുന്നത്‌ സാമുവല്‍ ഹണ്ടിംഗ്‌ടണിന്റെ സംസ്‌കാരങ്ങളുടെ സംഘട്ടനമെന്ന സിദ്ധാന്തത്തില്‍ നിന്നാണ്‌; പശ്ചാത്യ ജനാധിപത്യത്തിനും, ലോകത്തിന്‌ ഒട്ടാകെയുമുള്ള വലിയ ഭീഷണി പിന്നാക്ക ഇസ്‌ലാമിക സംസ്‌കാരമാണെന്നാണ്‌ ഇത്‌ പറയുന്നത്‌. ഭീമമായ എണ്ണസമ്പത്തുള്ള പശ്ചിമേഷ്യന്‍ രാഷ്‌ട്രങ്ങളിലേക്ക്‌ അമേരിക്ക നടത്തുന്ന അധിനിവേശത്തെ ന്യായീകരിക്കാനായിരുന്നു ഈ സിദ്ധാന്തം.

സ്വാമിയുടെ ലേഖനത്തിലെ ഭാഷയും വാക്കുകളും ഭയപ്പെടുത്തുന്നതാണ്‌. രണ്ട്‌ നിര്‍ണായക രേഖകള്‍ക്കെതിരെയാണ്‌ ഇത്‌ സംസാരിക്കുന്നത്‌; ഒന്ന്‌ മതത്തിനും ജാതിക്കും അതീതമായി എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനക്കെതിരെ. മത, ജാതി വിശ്വാസങ്ങള്‍ നോക്കാതെ പരസ്‌പരം ഇടകലര്‍ന്ന്‌ ജീവിക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണിത്‌. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഗാന്ധിജിയുടെയും മൗലാനാ അബുല്‍കലാം ആസാദിന്റെയും എല്ലാ മതക്കാരിലും പെട്ട മറ്റനേകം നേതാക്കളുടെയും ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണിത്‌.

രണ്ടാമത്തേത്‌, സ്വാമിയുടെ വാക്കുകള്‍ ഐക്യരാഷ്‌ട്ര സഭയുടെ ആശയങ്ങള്‍ക്കും വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഉന്നതരായ ചിന്തകര്‍ ചേര്‍ന്ന്‌ രൂപംനല്‍കിയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും എതിരാണ്‌. വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലൂടെ ലോകത്തിന്റെ പുരോഗതി ലക്ഷ്യം വെക്കുന്നതാണ്‌ ഈ രേഖ. എല്ലാ സംസ്‌കാരങ്ങളും മാനവരാശിയുടെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും നല്‍കിയ സംഭാവന വിസ്‌മരിക്കാനാവാത്തതാണ്‌.

സംഘപരിവാറിന്റെ വിവിധ അവയവങ്ങളായ വി.എച്ച്‌.പിയും ബി.ജെ.പിയും വനവാസി കല്യാണ്‍ ആശ്രമവും ബജ്‌റംഗ്‌ദളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍ നിന്നുള്ള വിഡ്‌ഢിത്തങ്ങള്‍ തന്നെയാണ്‌ സ്വാമി വിളമ്പുന്നത്‌. സമാനമായ ആശയങ്ങള്‍ തന്നെയാണ്‌ സംഘപരിവാര്‍ അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും അതിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പുസ്‌തകങ്ങളിലൂടെയും ഒരുവിഭാഗം മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. യു എസ്‌ മാധ്യമങ്ങളില്‍ വിശേഷിച്ചും ലോകമാധ്യമങ്ങളില്‍ പൊതുവെയും സാംസ്‌കാരിക സംഘട്ടന സിദ്ധാന്തം മുഖ്യധാരയിലെത്തുന്നതും സമാനമായ സാഹചര്യങ്ങളിലാണ്‌.

നോര്‍വേ വെടിവെപ്പിലൂടെ ഇത്‌ തുറന്നുകാട്ടപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ അല്‍ഖാഇദയാണെന്നാണ്‌ മാധ്യമങ്ങള്‍ ആദ്യം പ്രചരിപ്പിച്ചതെങ്കിലും പിന്നീട്‌ നോര്‍വേ വംശജനായ ക്രിസ്‌ത്യന്‍ മതമൗലിക വാദിയാണ്‌ അക്രമം നടത്തിയതെന്ന്‌ തെളിയുകയായിരുന്നു. ഒരു തലത്തില്‍ നിരീക്ഷിച്ചാല്‍ സ്വാമി പറയുന്നത്‌ ആര്‍ എസ്‌ എസ്‌ ആശയങ്ങളുടെയും യു എസ്‌ വിളംബരങ്ങളുടെയും കൂടിച്ചേരലാണെന്ന്‌ വ്യക്തമാവും. ഇത്തരം മനുഷ്യത്വവിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഐക്യരാഷ്‌ട്ര സഭയുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ എതിരാണ്‌.

1992ലെ മുംബൈ കലാപത്തിനു തൊട്ടു മുമ്പ്‌ ശിവസേനാ മുഖപത്രമായ സാംനയില്‍ ബാല്‍താക്കറെ ഹിന്ദുക്കളോട്‌ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്‌തിരുന്നു. ജാഗരൂകരായ നിരവധി പൗരസംഘടനകള്‍ അന്ന്‌ അതിനെതിരെ രംഗത്തുവരികയും താക്കറെയെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. കോടതിക്ക്‌ പക്ഷേ അതിനു കഴിഞ്ഞില്ല. തൊഗാഡിയയെപ്പോലുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഓരോ തവണ പുറത്തുവരുമ്പോഴും ഇത്തരം ആവശ്യങ്ങളുണ്ടായി. ഒരു നടപടിയും സാധ്യമായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം! ഹിറ്റ്‌ലര്‍ ഒരു പടി കൂടി മുന്നോട്ടു പോയി ജനാധിപത്യത്തിന്റെ ഇടം സ്വയം ഉപയോഗപ്പെടുത്തി. ജൂതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ഫാസിസ്റ്റ്‌ രാജ്യത്തെത്തിച്ച്‌ പൈശാചികമായ ക്രൂരതകള്‍ക്ക്‌ കളമൊരുക്കി. സ്വയം അട്ടിമറിക്കപ്പെടുന്നതിനെ ജനാധിപത്യ സംവിധാനം നിസ്സഹായതോടെ കണ്ടുനിന്നു.

ബഹുസ്വരതയെ അടിസ്ഥാനപ്പെടുത്തിയുള്ള ജനാധിപത്യം ഉയര്‍ത്തുന്ന ചോദ്യം ബഹുസ്വരതയുടെ യഥാര്‍ഥ മൂല്യങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ അത്‌ അനുവദിക്കുന്നുണ്ടോ എന്നതാണ്‌? മതത്തിന്റെ പേരു പറഞ്ഞ്‌ തൊഗാഡിയമാര്‍ക്കും സ്വാമിമാര്‍ക്കും യാതൊരു തടസ്സവും കൂടാതെ, പരിശോധനാ സംവിധാനങ്ങള്‍ കൂടാതെ അവരുടെ വിഭാഗീയ അജണ്ടകള്‍ നടപ്പാക്കുന്നത്‌ തുടരാമെന്നോ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രകോപനപരമായ പ്രസംഗങ്ങളുടെയും ഇടയിലുള്ള ലോലമായ അതിര്‍വരമ്പിനെ മാനവമൈത്രി ഉറപ്പുവരുത്തും വിധം ദൃഢപ്പെടുത്തണം. ബഹുസ്വരതയുടെയും വൈജാത്യത്തിന്റെയും പ്രകൃതം മികച്ച അന്തരീക്ഷത്തിലാണെന്ന്‌ ഉറപ്പുവരുത്തുകയും മാനവരാശിയുടെ സജാതീയ സ്വഭാവത്തെ, പ്രത്യേകിച്ച്‌ സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കിടയില്‍ പുരോഗതിക്കുവേണ്ടി പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിനിടയില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങള്‍ക്ക്‌ കടിഞ്ഞാണിടുകയും വേണം.

4 പ്രതികരണങ്ങള്‍:

സര്‍ദാര്‍ said...

ഈ ഇന്ത്യയില്‍ നടക്കാത്തകാര്യങ്ങള്‍ ആര് വിളിച്ച് കൂവിയിട്ടും കാര്യമില്ലാ...ആര്‍ക്കും ആരേയും തുടച്ചുനീക്കാന്‍ കഴിയില്ലാ...വെറുതെ സ്പര്‍ദ്ദവര്‍ദ്ധിപ്പിക്കാനുള്ള വാചകങ്ങളാണിതെല്ലാം....

പഞ്ചാരകുട്ടന്‍ -malarvadiclub said...

നടക്കാത്ത നല്ല സ്വപ്നങ്ങള്‍

Kattil Abdul Nissar said...

ആദ്യം താങ്കളുടെ ലേഖനം ഞാന്‍ വായിച്ചു മടങ്ങിയതാണ്. പ്രൊഫൈലില്‍ വായനയുടെ ഗൌരവത്തെ ക്കുറിച്ച് പരാമര്‍ശിച്ചത് കണ്ടപ്പോള്‍ ഒരു മറുപടി ഇടാമെന്ന് വച്ചു . തീവ്രവാദ ചിന്തകള്‍ കൂടുതല്‍ കണ്ടുവരുന്നത് മുസ്ലിം സമുദാ യത്തില്‍ ആണ്. അത് അവര്‍ക്ക് ലഭിക്കുന്ന ക്ലാസ്സുകളുടെ സ്വഭാവം കൊണ്ടാണ്.ഇസ്ലാം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതൊരു ജീവിത ശൈലി യാണ്. പക്ഷെ ഭാരതത്തില്‍ ഇസ്ലാം രാഷ്ട്ര സിദ്ധാന്തം കടന്നു വരുമ്പോഴാണ് തീവ്രവാദം തല പൊക്കുന്നത് .ഇത് ഭാരതം. ജനാധിപത്യ രാജ്യം . ഇവിടെ വേദങ്ങളും ഇതിഹാസങ്ങളും മുതല്ക്കൂട്ടായിട്ടുള്ള മഹാ പാരമ്പര്യമുള്ള നാട്. ഇവിടെ ഹൈന്ദവ -ഹൈന്ദവേതര സംസ്ക്കാരങ്ങള്‍ ലയിച്ചു കിടക്കുന്നു. പരസ്പ്പര പൂരകങ്ങളായി. ആര്‍ക്കും ആരുടേയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ല. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ചെളി വാരിയെറാണ് .മറ്റു മതങ്ങളെ ക്കുറിച്ചുള്ള പഠനം എന്ന പേരില്‍ തുടങ്ങി ഒടുവില്‍ ആ മതം എന്റെ മതത്തിന്റെ മുമ്പില്‍ ഒന്നുമല്ല എന്ന് വരുത്തി തീര്‍ക്കുന്ന പ്രവണതയാണ് നില നില്‍ക്കുന്നത്.അത് മാറണം.എല്ലാ മതവും നല്ലതാണെന്നും , ഒന്ന് മറ്റൊന്നിനേക്കാള്‍ മുകളില്‍ അല്ലെന്നും ചിന്തിച്ചാല്‍ തീവ്രവാദം ഇല്ലാതാകും . നന്ദി

Anonymous said...

saudi arabiyam matha swathanthram nishedichu islamica samskaram samrakshikunu........5000 varsham payakamulla ee bharatha bhoomiyil indiayil undaya oru mahathaya samskarathe samrakshikan oru hindu rastram anivaryam....Rama Rajyam anivaryam.....Islam ennu bhooripaksham akunuvo annu evide islamica rastram undakum ennathil samshayam illa.....Hindukal undayathu kondu mathram anu secular ayathu.;..ennu north indiayil nadakunna mika Hindu-muslim confilictum muslimsnte vigraharadhanayodulla asahinuthayanu....Last time njan pune il undayirunapol enikithu manasillayi....

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്