ഫാസിസം, മതഭീകരത, മതേതരത്വം
ഡോ. കെ എന്‍ പണിക്കര്‍
രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര് എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.
ഇന്ത്യന്‍ മതഭീകരതയെ വര്ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന് പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്തന്നെ ഈ ചര്ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്ക്കല്‍ എത്തിനില്ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന് പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന് സമൂഹത്തില് കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള് വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള് ഇറ്റലിയിലോ ജര്മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്പ്പാണ് ഇത് എന്ന് ഞാന് അര്ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള് ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.



Prinsad

Posted in: