Wednesday, August 4, 2010

വിയോജിപ്പിലെയും വിമര്‍ശനത്തിലെയും ആര്‍ജ്ജവം

വിയോജിപ്പ് വൈരാഗ്യമായും ശത്രുതയായും വളരുകയും ശത്രുത പരസ്പര നിന്ദയ്ക്കും നശീകരണത്തിനും നിമിത്തമാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം എവിടെയും കാണുന്നത്.  ഒരു ആദര്‍ശം തികച്ചും ശരിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന യാതൊരാള്‍ക്കും അതിന് വിപരീതമായ ആശയാദര്‍ശങ്ങളോട് യോജിക്കാന്‍ കഴിയില്ല എന്നത് സുവിദിതമാകുന്നു. ഇങ്ങനെയുള്ള വിയോജിപ്പണ് വര്‍ഗീയതയ്ക്കും സാമുദായിക സ്പര്‍ധയ്ക്കും നിമിത്തമാകുന്നത് എന്നതിനാ‍ല്‍, ഏകമതസത്യവിശ്വാസത്തില്‍ നിന്ന് ജനങ്ങള്‍ സര്‍വമതസത്യബോധത്തിലേക്ക് നീങ്ങിയാലേ മതേതരത്വം പുലരുകയുള്ളൂ എന്ന് പല ‘പുരോഗമനവാദി’കളും സമര്‍ഥിച്ചുകൊണ്ടിരിക്കുന്നു

എല്ലാ മതങ്ങളിലും പൊതുവായ ചില ഘടകങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും പരസ്പരം വിരുദ്ധമായ ഒട്ടേറെ ആശയങ്ങള്‍ വിവിധ മതങ്ങളുടെ അവിഭാജ്യഭാഗമായി കരുതപ്പെടുന്നതിനാല്‍ അവയെല്ലാം ഒരു പോലെ സത്യമാണെന്ന് സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതെ ചിന്താശീലര്‍ക്കൊന്നും പറയാനാവില്ല.  അതിനാല്‍ വിയോജിപ്പ് ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാകുന്നു.  പിന്നെ സാധ്യമാകുന്ന കാര്യം വിയോജിപ്പ് ശത്രുതയായി വളരാതിരിക്കാനും, അത് സമുദായാന്തര ബന്ധങ്ങളെയും വിവിധ വിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നതാണ്.

പ്രതിപക്ഷബഹുമാനം തൊട്ടു തീണ്ടാത്ത രാഷ്ട്രീയ എതിരാളികളുടെ ശൈലിയില്‍ നിന്നും സമീപനങ്ങളില്‍ നിന്നും ഭിന്നമായി സത്യസന്ധതയും മാന്യതയും കൈവിടാത്ത വിയോജിപ്പിന്റെ രീതി സ്വീകരിക്കുകയാണ് ഇതിന് ഏറെ ഫലപ്രദമായിട്ടുള്ളത്.  വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരു സുന്നത്തില്‍ നിന്നും ഈ വിഷയകമായി ഒട്ടെറെ തത്ത്വങ്ങള്‍ നമുക്ക് കണ്ടെറ്റുക്കാവുന്നതാണ്.  ക്രൈസ്തവരുടെ ആശയാദര്‍ശങ്ങളില്‍ പലതിനോടും വ്യക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ അവരുടെ സല്‍ഭാവങ്ങളെ അംഗീകരിക്കുന്നുമുണ്ട് എന്ന വസ്തുത ഈ വിഷയകമായി നമുക്ക് ഒരു സൂചകമാകുന്നു. “ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം.  അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണ് അതിന് കാരണം.” (വി.ഖു. 5:82)

നബി(സ) യുടെ കാലത്ത് ക്രൈസ്തവ ഭരണകൂടം മുസ്ലീംകള്‍ക്കെതിരില്‍ യുദ്ധത്തിനൊരുങ്ങിയിട്ടുണ്ട്.  നബി(സ)യും അനുചരരും അവരെ നേരിടാന്‍ പുറപ്പെട്ടിട്ടുണ്ട്.   പില്‍ക്കാലത്ത് മുസ്ലീം ഖലീഫമാരും ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യവും തമ്മില്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അതിന്നുശേഷം കുരിശുയുദ്ധങ്ങളുടെ പരമ്പര തന്നെ നടന്നു.   ഇരുപക്ഷത്തും പതിനായിരക്കണക്കില്‍ ജീവന്‍ നഷ്ടപ്പെട്ടു.  എന്നാലും യഹൂദരെയും ബഹുദൈവവാദികളെയും അപേക്ഷിച്ച് മുസ്ലീംകളോട് കൂടുതല്‍ സൗഹൃദം കാണിക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന ഖുര്‍ആനിക പ്രസ്താവം പ്രസക്തമായിത്തന്നെ തുടരുന്നു.  യേശുക്രിസ്തു (ഈസാ നബി) കുരിശില്‍ മരിച്ചുവെന്ന വാദത്തെയും ത്രിയേകത്വ സിദ്ധാന്തത്തേയും ക്രൈസ്തവര്‍ക്ക് മാത്രമെ മോക്ഷമുള്ളൂ എന്ന വാദത്തെയും വിമര്‍ശിച്ച വിശുദ്ധ ഖുര്‍ആനില്‍ തന്നെയാണ്  ക്രൈസ്തവരുടെ കാരുണ്യത്തേയും വിനയത്തേയും പ്രശംസിച്ചത്.  തെറ്റായ വാദങ്ങളെ എതിര്‍ക്കുന്നതോടൊപ്പം ശരിയായ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്ന സത്യസന്ധമായ സമീപനം നിഷ്പക്ഷമതികളെ സ്വാധീനിക്കാനും ശത്രുതയും സംഘര്‍ഷവും ലഘൂകരിക്കാനും ഏറെ സഹായകമാകുന്നു.

വേദഗ്രന്ഥങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയ യഹൂദ-ക്രൈസ്തവ പുരോഹിതന്മാരെ വിശുദ്ധ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്.  എന്നാല്‍ വേദക്കാരായ പണ്ഡിതന്മാരില്‍ നിന്ന് വേദഗ്രന്ഥമനുസരിച്ച് വിധികല്പ്ച്ചിരുന്നവരെ പ്രശംസിച്ചിട്ടുമുണ്ട്. “തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത്  അവതരിപ്പിച്ചിരിക്കുന്നത്.  അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്.  (അല്ലാഹുവിന്) കീഴ്പ്പെട്ട പ്രവാചകന്മാര്‍ യഹൂദമതക്കാര്‍ക്ക് അതനുസരിച്ച് വിധികല്പിച്ചുപോന്നു.  പുണ്യവാന്മാരും മതപണ്ഡിതന്മാരും ( അപ്രകാരം തന്നെ വിധി കല്പിച്ചുകൊണ്ടിരിക്കുന്നു.) കാരണം, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരംക്ഷണം അവര്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരുന്നു.  അവരതിന് സാക്ഷികളുമായിരുന്നു” (വി.ഖു. 5:44).  ആരോടും അന്ധമായ വിരോധം പുലര്‍ത്താതെ സത്യത്തെയും ന്യായത്തെയും അംഗീകരിക്കുകയും അസത്യത്തെയും അനീതിയെയും എതിര്‍ക്കുകയും ചെയ്യുന്ന തത്ത്വാധിഷ്ഠിത നിലപാടാണ് ഇവിടെ നാം കാണുന്നത്.

ഈസാനബി(അ)യെ ദൈവമാക്കിയവരെയും ദൈവപുത്രനായി ചിത്രീകരിച്ചവരെയും അനേകം ഖുര്‍ആന്‍ വാക്യങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്.  എന്നാല്‍ അദ്ദേഹത്തിന്റെ മഹത്വപൂര്‍ണമായ ജീവിതത്തെ സൂറത്തു ആലു ഇമ്രാനിലെ 45 മുതല്‍ 52 കൂടിയ വചനങ്ങളിലും സൂറത്തു മര്‍യമിലെ 19 മുതല്‍ 34 കൂടിയ വചനങ്ങളിലും വര്‍ണ്ണിച്ചതിന് തുല്യമായ ഒരു വിവരണം ബൈബിളില്‍ പോലും കാണാന്‍ കഴിയില്ല.  ‘ഇഹ ലോകത്തും പരലോകത്തും നേതൃസ്ഥാനമുള്ളവന്‍’ എന്നാണ് 3:45 ല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.  ത്രികേയത്വത്തെ എതിര്‍ക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ തന്നെ ഈസാനബി (അ)യുടെ യഥാര്‍ഥ മഹത്വം ഏറ്റവും ശരിയായ രൂപത്തില്‍ വരച്ചുകാണിച്ചിട്ടുണ്ട്.  “വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരാത്മാവും മാത്രമാകുന്നു.  അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ‘ത്രിത്വം‘ എന്ന വാക്ക് നിങ്ങള്‍ പറയരുത്.  നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്നും) വിരമിക്കുക.  അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു.  തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവന്‍ എത്രയോ പരിശുദ്ധനത്രെ” (വി.ഖു. 4:171).  ഈസാ(അ) ത്രിയേക ദൈവസങ്കല്പത്തിലെ ഒരു ഘടകമോ ദൈവപുത്രനോ അല്ലെന്ന് ഉറപ്പിച്ചു പറയുന്നതോടൊപ്പം തന്നെ, അല്ലാഹുവിന്റെ ദൂതന്‍, അവന്റെ വചനം, അവന്റെ പക്കല്‍ നിന്നുള്ള ആത്മാവ് എന്നീ നിലകളില്‍ അദ്ദേഹത്തിനുള്ള മഹത്വം എടുത്തുപറയുകയും ചെയ്യുന്നു.  തെറ്റായ മഹത്വവത്കരണത്തെ തിരുത്തുന്ന ശരിയായ മഹത്വഘോഷണം.

ഈസാനബി(അ)യുടെ മാതാവ് മര്‍യമിനെ ദൈവമാക്കി ആരാധിച്ചവരെ വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മര്‍യമി(റ)ന്റെ മഹത്വം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉയര്‍ത്തികാണിച്ചിട്ടുമുണ്ട്.  അവരുടെ പേരില്‍ ഖുര്‍ആന്‍ അധ്യായം തന്നെയുണ്ട്.  ആ മഹതി സത്യവിശ്വാസികള്‍ക്ക് മുഴുവന്‍ മാതൃകയാണത്രെ വിശുദ്ധ ഖുര്‍ആന്‍ 66:12 വചനം നമുക്ക് മനസ്സിലാക്കിത്തരുന്നത്. വ്യക്തികളെയും സമൂഹങ്ങളേയും വിമര്‍ശിക്കുമ്പോഴും വ്യക്തികളെ തെറ്റായ രീതിയില്‍ മഹത്വവല്‍ക്കരിച്ചതിനെ എതിര്‍ക്കുമ്പോഴും നന്മയുടെ സത്യത്തിന്റെയും  മഹത്വത്തിന്റെയും ശരിയായ അവതരണം അതോടൊപ്പം തന്നെ ഖുര്‍ആനില്‍ കാണാവുന്നതിന്റെ ഏതാനും ഉദാഹരണങ്ങളാണ് ഇവിടെ എടുത്തുകാണിച്ചത്.  പ്രവാചകചര്യയിലും ഈ വിഷയകമായ അനേകം തൊളിവുകളുണ്ട്.

ഇന്നത്തെ മുസ്ലിം പണ്ഡിതന്മാരും സംഘടനകളും വിയോജിക്കുന്നവരെ വിമര്‍ശിക്കുമ്പോള്‍ ഈ തത്ത്വാധിഷ്ഠിതമായ നിലാപാട് എത്രത്തോളം പാലിക്കാറുണ്ട്?  വിമര്‍ശിക്കപ്പെടുന്നവരില്‍ ചില അപാകതകളോടൊപ്പം പല നന്മകളും ഉണ്ടാകാന്‍ സാധ്യതയുണ്ടല്ലോ.  എന്നാല്‍ ആ നന്മകള്‍ എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്യാന്‍ മാത്രം സത്യസന്ധതയും ഹൃദയവിശാലതയും എത്രപേര്‍ പ്രകടിപ്പിക്കാറുണ്ട്? ഉള്ളതും ഇല്ലാത്തതുമായ തെറ്റുകുറ്റങ്ങള്‍  എടുത്തു പറഞ്ഞ് തേജോവധം ചെയ്യുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍  മാത്രമല്ലേ മതസംഘടനകള്‍കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും ഇപ്പോള്‍ മിക്കവാറും നടന്നുവരുന്നത്?  തൗഹീദ് അംഗീകരിക്കുന്നവര്‍ പരസ്പരം വിമര്‍ശിക്കുമ്പോള്‍ പോലും വിമര്‍ശിക്കപ്പെടുന്നവരുടെ നന്മകള്‍ ഒട്ടും കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയല്ലേ ചിലപ്പോള്‍ കാണപ്പെടുന്നത്?  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും നന്മകള്‍ എടുത്തുപറഞ്ഞ് അഭിനന്ദിക്കാനുള്ള സന്മനസ്സ് പലര്‍ക്കും കൈമോശം വരുന്നത് എന്തുകൊണ്ടാണ്? നാം ഗൗരവപൂര്‍വം വിലയിരുത്തേണ്ട വിഷയമാണിത്.  സംഘര്‍ഷത്തിനും ശത്രുതയ്ക്കും അയവുവരുത്താനുതകുന്ന മാതൃകാപരമായ നിലപാടാണ് യഥാര്‍ഥ വിശ്വാസികള്‍ എപ്പോഴും അനുവര്‍ത്തിക്കേണ്ടത്.

കടപ്പാട്:
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം നവോത്ഥാനം പ്രതിരോധം |||
യുവത ബുക്ക് ഹൗസ്.

ശബാബ് വാരിക യുടെ ചീഫ് എഡിറ്ററാണ് ലേഖകന്‍

2 പ്രതികരണങ്ങള്‍:

Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) said...

Assalamu Alaikum

If you hav soft copy of this Book, I request you to send to me for adding it to the website Hameed Madani.

Rafeeque Mohamed
Huda Info

Malayali Peringode said...

പ്രൻസാദ് ഭായ്,
ശുക്രൻ... ജസാക്കല്ലാഹ്...

ഒരായിരം നന്ദി ഗഹനമായ ഈ ലേഖനം വീണ്ടും വായിക്കാനായി ബൂലോകത്തെത്തിച്ചതിന്...

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്