Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

മതം എന്ന സ്വകാര്യസ്ഥലി

പിന്നെയും എന്തിനാണ് മനുഷ്യന് ഒരു സ്വകാര്യസ്ഥലി? എന്താണ് ആ സ്വകാര്യ ഇടത്തില്‍ സംഭവിക്കുന്നത്? സമൂഹത്തിലെ സര്‍വതല സ്​പര്‍ശിയായ മാറ്റം സ്വകാര്യതയുടെ ധര്‍മസ്ഥലങ്ങളെയും സ്വാധീനിക്കുകയില്ലേ? ധര്‍മ്മചിന്തയുടെയും മൂല്യവ്യവസ്ഥിതിയുടെയും സദാചാരസംഹിതയുടെയും ഈ മേഖലയെ മുതലാളിത്തം തുറന്ന മത്സരത്തിനും ന്യൂറോസിസിനും തുറന്നിട്ടു. മാര്‍ക്‌സിസം അതിനെ സംബോധന ചെയ്തുമില്ല. ആ സ്ഥലത്ത് ഇന്നും വിശ്വാസത്തിന്റെയും ആചാരത്തിന്റേയും മതസംഹിതയുടെയും 'മധ്യയുഗം' തന്നെ ഒളിച്ചുകളിക്കുന്നു.

പാശ്ചാത്യ മൂല്യങ്ങളുടെ വേദപ്രോക്തത
1920കളിലായിരുന്നു ഈ പ്രക്രിയ ഇന്ത്യയില്‍ ഏറ്റവും സജീവമായി നിലവില്‍ വന്നത്. പുതുതായി രൂപംകൊണ്ട സ്വത്തുടമാ-ഭരണവര്‍ഗത്തിന് ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കാന്‍, സ്വന്തം പാരമ്പര്യത്തിലെ പാഠങ്ങളെയും സൂക്തങ്ങളെയും തത്ത്വചിന്തയെയും തേടിപ്പോകേണ്ടി വന്നു. ഗാന്ധിജിയുടെ ഒരര്‍ത്ഥത്തിലുള്ള ക്രൈസ്തവമൂല്യങ്ങള്‍ക്ക് ഭഗവദ്ഗീത ആധികാരികത നല്‍കി. ദേശ-രാഷ്ട്രം എന്ന സങ്കല്‍പത്തെ 'രാമരാജ്യം' എന്നദ്ദേഹം വിവര്‍ത്തനം ചെയ്തു.
അംബേദ്കറുടെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഹിന്ദു-ഇതര ദേശീയതയെ സംബന്ധിച്ച ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കപ്പെട്ടു. അതിനായി ബുദ്ധചിന്തയെ ഉണര്‍ത്തി. കമ്യൂണിസ്റ്റുകാര്‍ അക്കാലത്ത് സോവിയറ്റ് റഷ്യയുടെ ഭരണഘടനയില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച്, 'ദേശീയതയുടെ സ്വയം നിര്‍ണയാവകാശം' എന്ന വാദമുന്നയിച്ചു. പാരമ്പര്യ വരേണ്യ സമൂഹങ്ങളിലെയും പൗരോഹിത്യ വര്‍ഗങ്ങളിലെയും 'പരമ്പരാഗത ബുദ്ധിജീവികള്‍' കുറേക്കൂടി റാഡിക്കല്‍ എന്നു തോന്നുന്ന മതദേശീയതാവാദത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ഹിന്ദുപുനരുത്ഥാന വാദികളും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാംചേര്‍ന്ന് വിവിധ ദേശീയതാ വാദങ്ങളുടെ വിളഭൂമിയായി മാറി, തൊള്ളായിരത്തി ഇരുപതുകള്‍. ഇതിന്റെയെല്ലാം പ്രത്യക്ഷ ഫലമായി ഉയര്‍ന്നുവന്നത് ഇന്ത്യ, പാകിസ്താന്‍ എന്ന രാഷ്ട്രീയാതിര്‍ത്തിയുടെ രൂപവത്കരണവും അതിലൂടെ രണ്ട് വ്യത്യസ്ത ദേശീയതകളുടെ നിര്‍മാണവുമായിരുന്നു.
ഈ രണ്ടു ദേശീയതകളുടെ പരീക്ഷണശാലയ്ക്കകത്തും ദേശീയതയിലെ വിവിധവിഭാഗങ്ങള്‍ പരസ്​പരം ഏറ്റുമുട്ടി. ദളിത്-കീഴാള ദേശീയവാദവും 'ജനകീയ ദേശീയത' എന്ന് ഗ്രാംഷിയന്‍ അര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഗാന്ധിയന്‍ ദേശീയവാദവും സോവിയറ്റ് ഭരണഘടനയുടെ അടിത്തറയിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാദഗതിയും അതിന്റെ മാവോയിസ്റ്റ് അനുബന്ധവും എല്ലാം ഇതില്‍ പെടുന്നു. അതില്‍ പ്രധാനമായിരുന്നു മതദേശീയ വാദങ്ങള്‍. പാകിസ്താന്‍ ദേശീയതയുടെ വിജയം ഇതില്‍ ഈ വിഭാഗത്തിന് പ്രതീക്ഷയേകി. 'പാകിസ്താന്‍ മോഡല്‍ ഇന്ത്യ', ഹിന്ദുത്വവാദികള്‍ക്ക് സ്വപ്നം കാണാമെന്നായി.

മൗദൂദിയും ഖുതുബും മറ്റും
ഈ സങ്കീര്‍ണപ്രക്രിയയിലെ, മതരാഷ്ട്രവാദ പക്ഷത്തിന്റെ തണലിലാണ്, അബ്ദുല്‍ അഅ്‌ലാ മൗദൂദിയെപ്പോലുള്ള ഇന്ത്യന്‍ 'പരമ്പരാഗത ബുദ്ധിജീവികള്‍' ഉദയം ചെയ്തത്. മൗദൂദിയുടേയും അദ്ദേഹത്തിനു സമകാലീനമായി അക്കാലത്ത് തന്നെ ഏഷ്യന്‍ ദേശ-രാഷ്ട്രങ്ങളില്‍ ഉയര്‍ന്നു വന്ന ബുദ്ധിജീവികളുടെയും അവര്‍ പൊതുവായി പങ്കിട്ട ആശയപ്പൊരുത്തങ്ങളെയും അത് സൃഷ്ടിച്ച ജമാഅത്തെ ഇസ്‌ലാമിപോലുള്ള പാന്‍- ഇസ്‌ലാമിക പ്രസ്ഥാനത്തെയും വിശകലനം ചെയ്യുന്ന ഉജ്ജ്വല കൃതിയാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന 'മാതൃഭൂമി' പുസ്തകം.

മതമൗലികവാദത്തെ സമഗ്രമായി വിലയിരുത്താന്‍ പുസ്തകം ശ്രമിക്കുന്നില്ല എന്നതു വാസ്തവം തന്നെ. പുസ്തകമെഴുത്തിന്റെ അടിയന്തര പ്രേരണ ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളാണ്. മതമൗലികവാദത്തിന്റെ 'സമ്പുഷ്ട യുറേനിയം' ജമാഅത്ത് ആണെന്നും മുസ്‌ലിങ്ങള്‍ക്കിടയിലെ വിവിധതരം മതമൗലിക സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി തണലേകുന്നത് ജമാഅത്ത് ബൗദ്ധിക കേന്ദ്രമാണെന്നും ഉള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ച തരത്തില്‍, തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ മൂന്നു പതിറ്റാണ്ടു നിലനിന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പുസ്തകം കണക്കിലെടുക്കുന്നില്ല. എന്നിരുന്നാലും, സ്വന്തം സമുദായത്തിനകത്ത് തീവ്രവാദപ്രവണതകള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉത്കണ്ഠയാണ് അദ്ദേഹം വ്യക്തവും ലളിതവുമായ ഭാഷയിലൂടെ വിശകലനം നടത്തിയിരിക്കുന്നത്. അത്തരം ഒരു വിമര്‍ശനം സമകാലീന മലയാളത്തിന് അനിവാര്യമാണു താനും.

മതമൗലികവാദത്തെ ഒരു സമീപകാല പ്രതിഭാസം എന്ന നിലയിലാണ് ഹമീദ് ചേന്നമംഗലൂര്‍ വിലയിരുത്തുന്നത്. പാകിസ്താന്‍ വിഭജന വാദത്തിന്റെ പശ്ചാത്തലത്തിലാണ് മൗദൂദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ഉദയം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ ക്രൈസ്തവ മതമൗലികവാദം അടക്കം എല്ലാ ഇത്തരം പ്രവണതകളും രൂപപ്പെട്ടത്, ജ്ഞാനോദയ ആശയങ്ങളെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമെന്നോണമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. മതത്തിന്റെ ശുദ്ധീവാദത്തിലൂടെയാണ് മൗലികവാദം പുലരുന്നത്. ഇപ്രകാരം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഈജിപ്തിലും ദേശ-രാഷ്ട്ര രൂപവത്കരണത്തിന്റെ ആധുനിക കാലത്താണ് മൗദൂദിയെയും ഖുതുബിനെയും പോലുള്ള മതമൗലിക വാദികള്‍ എന്നറിയപ്പെടുന്ന ബുദ്ധിജീവികളുടെ ഉദയം. ഖുതുബിന്റെയും മൗദൂദിയുടെയും ആശയങ്ങള്‍ എങ്ങനെ ജനങ്ങളെ, തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി വിഭജിച്ചുകൊണ്ട്, അയഥാര്‍ത്ഥ ശത്രുപാളയങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മാര്‍ക്‌സിസത്തിന്റെ ആശയങ്ങളെ അട്ടിമറിക്കുന്നതിലൂടെയാണ് മൗദൂദി തന്റെ ആശയങ്ങള്‍ വികസിപ്പിച്ചത് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ശൈലിയെയും ആശയത്തെയും വക്രീകരിച്ചുകൊണ്ടും സ്വാംശീകരിച്ചുകൊണ്ടും മൗദൂദി പ്രചരിപ്പിച്ച ആശയപ്രപഞ്ചത്തെ ഹമീദ്മാഷ് അവതരിപ്പിക്കുന്നു.

ഇസ്‌ലാമിന്റെ പേരില്‍ ഒരു തരം ഫ്യൂഡല്‍ ഏകാധിപത്യമാണ് മൗദൂദിയുടെ മനസ്സിലുണ്ടായിരുന്നത് എന്നും ദൈവികഭരണത്തിന്റെ പേരില്‍ ഒരു ഏകാധിപതിയുടെ, ഇസ്‌ലാമിന്റെ പേരിലുള്ള ഭരണമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെട്ടത് എന്നും, ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ഇങ്ങനെ ദൈവികമായ ഭരണത്തിന്റെ പേരില്‍, ഇസ്‌ലാം മൗലികമായും എതിര്‍ത്തുപോരുന്ന പൗരോഹിത്യത്തെയാണ് മൗദൂദി പകരം വെക്കുന്നത്. ഇറാന്‍ വിപ്ലവത്തെത്തുടര്‍ന്ന് എഴുപതുകളില്‍ ആയത്തുള്ള ഖൊമേനിയുടെ ഭരണം ജമാഅത്തുകാര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങിനെയാണെന്ന് ഹമീദ് ചൂണ്ടിക്കാണിക്കുന്നു. മൗദൂദിയുടെ ആശയങ്ങള്‍ക്കു നേരെ ഇസ്‌ലാമിലെയും മതനിരപേക്ഷ ക്യാമ്പിലെയും പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഭാഗത്തു നിന്നുണ്ടായ നിശിതവിമര്‍ശനത്തെ നേരിടാന്‍ സമകാലീന ജമാഅത്ത് നേതാക്കള്‍ നടത്തുന്ന മലക്കംമറിച്ചിലുകളെയും ഒരു അധ്യായത്തില്‍ ഹമീദ് വിശകലനം ചെയ്യുന്നു. പാകിസ്താന്‍ രൂപവത്കരണത്തിനു ശേഷം അവിടെ മതമൗലികവാദം ശക്തിപ്പെടുത്തുന്നതിലും ആ രാഷ്ട്രത്തെത്തന്നെ അരാജകാവസ്ഥയില്‍ തള്ളിവിട്ടതിലും പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയും അതിനു നേതൃത്വം കൊടുത്ത മൗദൂദി ഉള്‍പ്പെടുന്ന നേതാക്കളും വഹിച്ച പങ്ക് ശ്രദ്ധേയമായ ഒരു അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ഒരു ജനതയെ എങ്ങിനെ നിരാലംബരും നിരാശരും ആക്കുമെന്നും ഒരു രാഷ്ട്രത്തെ എങ്ങിനെ സാമ്രാജ്യത്വത്തിന്റെ പടനിലമാക്കുമെന്നും അതെങ്ങനെ മതത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും തന്നെ കൊടിയ ക്ഷയം വരുത്തുമെന്നും പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലൂടെ ഹമീദ് ചേന്നമംഗലൂര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം രാഷ്ട്രീയപാര്‍ട്ടിയും യുവജനസംഘടനകളും ഉണ്ടാക്കി കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷത്തില്‍ കണ്ണുവെച്ച് ആരംഭിച്ചിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വലയില്‍ വീണുപോകാതെ, സ്വന്തം പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്‌ലിമിനെയും മതേതര ജനാധിപത്യവാദിയെയും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. ഹമീദ് മാഷുടെ ലളിതമായ ശൈലി പുസ്തകത്തെ എളുപ്പം വായിച്ചുപോകാന്‍ സഹായിക്കുന്നു. കൊച്ച് കൊച്ച് അധ്യായങ്ങളിലായി മുന്നേറുന്ന വിശകലനം പഴുതില്ലാത്തവിധം ഇസ്‌ലാമിക മതമൗലികതയുടെ ഖുര്‍ആന്‍ വിരുദ്ധതയെ തുറന്നുകാണിക്കുന്നതാണ്.'
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

4 പ്രതികരണങ്ങള്‍:

Anonymous said...

തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ച വന്‍കുളത്തുവയലില്‍ നടത്തിയ പ്രസംഗത്തില്‍ എന്‍.ഡി.എഫിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുവേണ്ടെന്ന് പരസ്യമായി പ്രസംഗിച്ചതാണ്. 300 വോട്ട് മറിഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലാണ് അവരുടെ വോട്ട് നിരസിച്ചത്.നട്ടെല്ലുള്ളവര്‍ പകലാണ് പ്രവര്‍ത്തിക്കുക. രാത്രി പ്രവര്‍ത്തിക്കുന്നവര്‍ ഭീരുക്കളാണ്. എന്‍.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തീവ്രവാദ ഗ്രൂപ്പുകളാണ്.
ഗണേശോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തതിനെ ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന് പ്രചാരണം നടത്തി. ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസും പള്ളികള്‍ എന്‍.ഡി.എഫുമാണ് നിയന്ത്രിക്കുന്നതെന്ന് മലയാളികളാരും കരുതുന്നില്ല. എന്‍.ഡി.എഫ്., ആര്‍.എസ്.എസ്. പരിപാടികളില്‍ താന്‍ പങ്കെടുക്കില്ല. മുസ്‌ലിം ലീഗിന് എന്‍.ഡി.എഫ്. ബന്ധമില്ല. എന്‍.ഡി.എഫുമായി കേരളത്തിലെവിടെ വെച്ചും പരസ്യമായ മാധ്യമസംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പി.പി.മഹമൂദ്, കെ.പി.താഹിര്‍ എന്നിവരും പങ്കെടുത്തു
KM Shaji

ഷെരീഫ് കൊട്ടാരക്കര said...

മാതൃഭൂമി വക ദിനപത്രത്തില്‍ (ഉത്രാടം നാളില്‍ ഇറങ്ങിയതാണെന്നാണെന്റെ ഓര്‍മ) ഇതേ പുസ്തകം, കൂട്ടത്തില്‍ ഇതേവിഷയത്തെ പറ്റി .എം.എന്‍ .കാരശ്ശേരി ഹമീദിന്റെ അതേസ്വരത്തിലും പിന്നെ മറ്റ് പലസംഘടനകളെ കുറിച്ചും എഴുതിയ പുസ്തകവും രണ്ടും ഒരുമിച്ച് വിശകലനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങള്‍ വളരെ നല്ലത് എന്ന് എഴുതാന്‍ പറഞ്ഞു തുടങ്ങിയെങ്കിലും അവസാനമായപ്പോള്‍ പുസ്തകങ്ങളിലെ വസ്തുതകളെ കുറിച്ച് സത്യമായും എഴുതേണ്ടി വന്നു.അപ്പോള്‍ രണ്ട് പേരുടെയും ഉള്ളിലിരുപ്പും ജമാത്തിനു നേരെ രണ്ട് പേരും ബദ്ധശത്രുതയാല്‍ വളരെ വര്‍ഷങ്ങള്‍ കൊണ്ട് നിരത്തുന്ന വാദമുഖങ്ങളല്ലാതെ പുതിയതൊന്നുമില്ലാ എന്ന് കൂടി പറയേണ്ടി വന്നു. അതുകൂടി വായിച്ചിരിക്കുന്നത് സ്വതന്ത്ര നിരീക്ഷണത്തിന് സഹായകരമാകും.

Muneer said...
This comment has been removed by the author.
Muneer said...

http://www.prabodhanam.net/detail.php?cid=393&tp=1

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്