Friday, August 20, 2010

അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍

കേരള കൗമുദിയുടെ സ്ഥാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ സി.പി.കുഞ്ഞുരാമന്റെ ഇളയ പുത്രനും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ.സുകുമാരന്‍ ബി.എ രചിച്ച  ഈഴവരും മതപരിവര്‍ത്തനവും   എന്ന ലേഖനം ഈ ബ്ലോഗിലൂടെ ബൂലോകത്തെത്തുകയും അത് ചില സവര്‍ണതമ്പുരാക്കന്മാരെ അസ്വസ്ഥമാക്കുകയും പുനര്‍വായനക്കെതിരെ പിച്ചും പേയും പറഞ്ഞ്  തീവ്രവാദത്തിന്റെ    പുകമറ സൃഷ്ടിക്കുകയും ചെയ്തപോള്‍ സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ നല്‍കിയ  പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും   നന്ദി പറഞ്ഞുകൊണ്ട്   അസവര്‍ണ്ണര്‍ക്ക് നല്ലത്  ഇസ്ലാം  എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്  ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ‘അവതാരിക‘  പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.  



അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍

മതങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്.  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.  മതമെന്ന പേരില്‍ പെട്ടതുകൊണ്ട് പൊതുവെ തിരിച്ചറിയാതെ പോയ ഒരു മതമാണ് ഇസ്ലാം.  മതമെന്ന പേരിനുള്ളില്‍ ഇസ്ലാമിന്റെ അര്‍ഥവ്യാപ്തിയെ തളച്ചിടാനാവില്ല.
മനുഷ്യര്‍ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം.  “മനുഷ്യരേ, നിങ്ങള്‍ ഒരേ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും ജനിച്ചവരാണ്” എന്ന ഖുര്‍ആന്‍ പ്രഖ്യാപനം ഒരു സാര്‍വലൗകിക മനുഷ്യ ജീവിത പദ്ധതിയെയാണ് വെളിപ്പെടുത്തുന്നത്.  മുസ്ലീങ്ങളേ, നിങ്ങള്‍ ഒരേബാപ്പയില്‍ നിന്നും ഉമ്മയില്‍ നിന്നുമാണ് ജനിച്ചതെന്ന സന്ദേശമല്ല ഖുര്‍ആന്‍ നല്‍കിയിരിക്കുന്നത്.  അങ്ങനെ കരുതുന്ന മുസ്ലിംങ്ങളും അന്യമതസ്ഥരും ഇസ്ലാമിനെ അടുത്തറിയാത്തവരാണ്.  ഖുര്‍ആനില്‍ തെളിയുന്ന മാനവികതയുടെ മഹത്വം അറിഞ്ഞവരാണ് ഇന്നത്തെ മലയാളികളുടെ പൂര്‍വികര്‍.  റംസാനിലെ ചന്ദ്രിക പോലെ ജീവിതഗന്ധിയാണ് ഖുര്‍ആനിലെ മാനവ ചന്ദ്രിക.

ചില ചിത്രകാരന്മാര്‍ ധര്‍മരാജ്യമായി കരുതുന്നതും സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായി കണ്ടതുമായ കേരളത്തില്‍ ആദ്യമായി അടിമ വര്‍ഗങ്ങളെ മോചിപ്പിച്ചത് ക്രിസ്തുമതവും ഇസ്ലാമതവുമാണ്.  മലബാറില്‍ ഇസ്ലാമും ദക്ഷിണ കേരളത്തില്‍ ക്രിസ്തുമതവുമാണ് കൂടുതല്‍ സ്വാധീനമുണ്ടാക്കിയത്.  മലബാറിലെ കൃഷിക്കാര്‍ക്ക് ബ്രാഹ്മണ ഭക്തിയുടെയും ഹിന്ദുമത വിശ്വാസങ്ങളുടെയും തടവറകളില്‍ നിന്ന് മോചനം നേടിക്കൊടുത്തു.  ടിപ്പുവിന്റെ ആക്രമണങ്ങളാണ് പില്‍ക്കാലത്ത് മലബാറിലെ കര്‍ഷക കലാപങ്ങള്‍ക്ക് വഴിയൊരുക്കിയത്. കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ മാറ്റത്തിന്റെ ചാലകശക്തിയായി. ക്രിസ്തുമതത്തിന്റെ സ്നേഹ സമത്വ സന്ദേശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടായില്‍ പ്രചരിപ്പിച്ചു.  വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് അവര്‍ വിദ്യയുടെ വെളിച്ചം നല്‍കി.  അടിമത്തത്തെയും അസമത്വങ്ങളെയും അവര്‍ എതിര്‍ത്തു.  തിരുവതാംകൂറില്‍ അടിമ സമ്പ്രദായം നിറുത്തലാക്കിയതും അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറക്കാനും ആഭരണമണിയാനും സ്വാതന്ത്ര്യമുണ്ടാക്കിക്കൊടുത്തതും ക്രൈസ്തവ മിഷണറിമാരായിരുന്നു.  മലബാറില്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കിയതും പുലയരെ കണ്ടാല്‍ നമസ്തെ പറയണമെന്ന് ഉത്തരവിട്ടതും നായര്‍-നമ്പൂതിരി സംബന്ധ ഏര്‍പാട് നിര്‍ത്തലാക്കിയതും കുരുമുളക് വ്യാപാരത്തിലെ ഇടനിലക്കാരായ മാടമ്പിമാരെ ഒഴിവാക്കി കര്‍ഷകരെ സഹായിച്ചതും ടിപ്പു സുല്‍ത്താനായിരുന്നു.  ഈ വിപ്ലവകരമായ  പരിഷ്കാരങ്ങളെ എതിര്‍ത്ത ദല്ലാള്‍-ഭരണ വര്‍ഗമാണ് ടിപ്പുവിനെ രാജ്യദ്രോഹിയാക്കിയതും ഇസ്ലാമിനെ ഭീകര പ്രസ്ഥാനമാക്കി ചിത്രീകരിച്ചതും.

ഈ പശ്ചാത്തലത്തിലാണ് ഇസ്ലാം കേരളത്തിലെ അവര്‍ണ മോചനത്തിന്റെ ഉണര്‍ത്തുപാട്ടായി മാറിയത്.  അരയസമുദായ നേതാവായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ ഇസ്ലാമിനെ കുറിച്ച് പാടിയത് വെറുതെ ആയിരുന്നില്ല.  കൊച്ചി പ്രജാസഭയിലെ അംഗമായിരുന്നു കറുപ്പന്‍.  രാജാവ് നടത്തിയ ഒരു ചടങ്ങില്‍ കറുപ്പനെ ജാതിയുടെ പേരില്‍ ക്ഷണിക്കാതിരുന്നു.  അതേ ചടങ്ങില്‍ കുറച്ചുകാലം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച പുലയ സമുദായംഗത്തെ ക്ഷണിക്കുകയും ചെയ്തു.  ഇസ്ലാം മതം സ്വീകരിച്ചതോടെ അടിമയായിരുന്ന പുലയന്‍ സ്വാതന്ത്രനായ മനുഷ്യനായി എന്നാണല്ലോ ഇതിനര്‍ഥം.  ഇതിനെ പറ്റി കറുപ്പന്‍ ഇങ്ങനെ എഴുതി:

“അല്ലാ ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക്
സുന്നത്തും മഹാത്മ്യം യോഗപ്പെണ്ണേ”

ഈ യാഥാര്‍ഥ്യമാണ് കുമാരനാശാനും ചൂണ്ടിക്കണിച്ചത്:

“എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍
ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കണ്ട തമ്പുരാരേ
ഇത്ര സുലഭമാശ്ചര്യവുമായി
സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതിമേലില്‍”

ഈ മാറ്റത്തിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതിരുന്ന മര്‍ദിതരുടെ വലിയൊരു സമൂഹത്തെയാണ് ശ്രീനാരായണ പ്രസ്ഥാനവും അയ്യന്‍ കാളി പ്രസ്ഥാനവും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളും മോചിപ്പിച്ചത്.  ഇങ്ങനെ മോചനം നേടിയിട്ടും  സവര്‍ണ ശക്തികളുടെ  ഭ്രാന്തമായ അടിച്ചമര്‍ത്ത്ലിന് വിധേയമായികൊണ്ടിരിക്കുന്നവരാണ്  ഈഴവരാദി പിന്നോക്ക സമുദായങ്ങളും മറ്റു ദളിതു വിഭാഗങ്ങളും.  മലയാളി മൊമ്മോറിയല്‍ നല്‍കിയ നായന്മാര്‍ ഈഴവരെ വഞ്ചിച്ചു.  അതിന്റെ ഫലമായി ഡോ. പല്‍പു ഈഴവ മൊമ്മോറിയലിന് രൂപം നല്‍കി. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ സവര്‍ണശക്തികള്‍  പരാജയപ്പെടുത്തി.  നിവര്‍ത്തന പ്രക്ഷോഭത്തെ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് പരാജയപെടുത്തി.  നിവര്‍ത്തന പ്രക്ഷോഭം നല്‍കിയത് ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുടെ ഐക്യമുന്നണിയായിരുന്നു.  സി കേശവനായിരുന്നു പ്രധാന നായകന്‍.  കേശവനെ രാജ്യദ്രോഹിയാക്കി ജയിലടച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.  കേശവന്‍ ജയിലായതോടെ പ്രക്ഷോഭം നിലച്ചു.  ഈഴവര്‍ ഹിന്ദു മതം വിട്ട് മറ്റേതെങ്കിലും മതം സ്വീകരിക്കാന്‍ തയ്യാറെടുത്തു.  ഹിന്ദുമതത്തില്‍ കിടന്നാല്‍ കേശവനുണ്ടായ അനുഭവമാണ് ഈഴവര്‍ക്കുണ്ടാകുക എന്ന തിരിച്ചറിവാണ്  ഈ മതപരിവര്‍ത്തന പ്രക്ഷോഭത്തിനു പിന്നിലുള്ളത്.  ക്രിസ്തുമതമാകാമെന്ന് സി.വി.കുഞ്ഞിരാമന്‍ വാദിച്ചു. മാരമണ്‍ കണ്‍വെഷനില്‍ പങ്കെടുത്ത് എട്ടുലക്ഷം ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കുമെന്ന് കുഞ്ഞുരാമന്‍ പ്രഖ്യാപിച്ചു.കെ.സുകുമാരന്‍ , കെ.പി.തയ്യില്‍, കെ.അയ്യപ്പന്‍,  തുടങ്ങിയവര്‍ ഇസ്ലാം മതത്തിന് അനുകൂലമായി വാദിച്ചു. ബുദ്ധമതവും സിക്കുമതവും ചര്‍ച്ച ചെയ്യപ്പെട്ടു.   ഈ ഘട്ടത്തിലാണ് അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന കൃതി  പ്രസിദ്ധീകരിക്കപ്പെട്ടത്.  തിരുവിതാംകൂറിലെ പത്മനാഭദാസന്മാര്‍ ഞെട്ടി വിറച്ചു.

രണ്ടുകാര്യങ്ങളാണ് സവര്‍ണ തമ്പുരാക്കന്മാരെ ഭയപ്പെടുത്തിയത്.  ഒന്ന്, ഈഴവ-ക്രൈസ്തവ-മുസ്ലിം ഐക്യമുന്നണിയും മറ്റൊന്ന് ഈഴവരുടെ മതമാറ്റവുമാണ്.  ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഈഴവര്‍ മതം മാറിയാല്‍ മറ്റു ജനവിഭാ‍ഗങ്ങളും അവരെ പിന്തുടരുമെന്ന സത്യം ഭരണവര്‍ഗങ്ങളെ വേട്ടയാടി.   ഈഴവരെ എന്തുവില കൊടുത്തും  മതം മാറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു സവര്‍ണലക്ഷ്യം. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ ഐക്യമുന്നണിയും മതം മാറ്റവും  ഒരുമിച്ച് തകര്‍ത്ത പരിപാടിയായിരുന്നു 1936 നവംബറിലെ ക്ഷേത്ര പ്രവേശന വിളംബരം.  ക്ഷേത്ര വാതിലുകള്‍ തുറന്നതോടെ ഈഴവര്‍ നിവര്‍ത്തനവും മറന്നു,  ജയ്ലില്‍ കിടന്ന കേശവനേയും മറന്നു.  അവര്‍ ഓടി ക്ഷേത്രത്തില്‍ കയറി.  അതോടെ ഐക്യമുന്നണിയും തകര്‍ന്നു.  മതമാറ്റവും തകര്‍ന്നു.  ഈഴവരെ രാഷ്ട്രീയമായി നിര്‍വീര്യമാക്കുകയും സാംസ്ക്കാരികമായി വന്ധ്യംകരിക്കുകയുമാണ് ക്ഷേത്ര പ്രവേശനത്തിലൂടെ തമ്പുരാക്കന്മാര്‍ സാധിച്ചത്.  സി.കേശവന്‍ അപ്പോഴും ജയിലില്‍ തന്നെയായിരുന്നു.  1937-ലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.  അവര്‍ണന്റെ ഇസ്ലാമിക സ്വപ്നത്തെ ഇങ്ങനെയാണ് തമ്പുരാക്കന്മാര്‍ തകര്‍ത്തത്.  ഈ ചരിത്രഗതി ഓര്‍ക്കുമ്പോള്‍ അന്ന് പണ്ഡിറ്റ് കറുപ്പന്‍ പാടിയത് എത്രയോ അന്വര്‍ഥമായിരിക്കുന്നു;
“നോക്ക്, സുന്നത്തില്‍ മാഹാത്മ്യം യോഗപ്പെണ്ണേ!!”



 ഡോ.എം.എസ്. ജയപ്രകാശ്                                                                                               27-09-2005
ഗുരുവിഹാര്‍, പുന്നത്തല
കൊല്ലം.

5 പ്രതികരണങ്ങള്‍:

Anonymous said...

അസവര്‍ണരും 'ഒരു സുകുമാരനു'ം
ഡോ. എം.എസ്. ജയപ്രകാശ്
Thursday, August 19, 2010
'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന ഒരു കൃതി പൊലീസ് പിടിച്ചെടുത്തതായി വാര്‍ത്ത വന്നിരുന്നല്ലോ. മതവിദ്വേഷം വളര്‍ത്തുന്ന കൃതിയാണതെന്ന് വാര്‍ത്തയില്‍ കാണുന്നു. ഒരു സുകുമാരന്‍ എഴുതിയെന്ന പേരില്‍ മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ചതാണ് ആ കൃതിയെന്ന് ഒരു പത്രം വെച്ചുകാച്ചുകയും ചെയ്തു. ആരാണീ 'ഒരു സുകുമാരന്‍'? കേരളത്തില്‍ സുകുമാരന്മാര്‍ എല്ലാ രംഗത്തുമുണ്ട്. കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു സുകുമാരനുണ്ട്, പത്രാധിപര്‍ കെ. സുകുമാരന്‍. 'കേരള കൗമുദി'യുടെ സ്ഥാപക പത്രാധിപരാണ് അദ്ദേഹം. 'പത്രാധിപര്‍' എന്ന പേരിന്റെ പര്യായപദം പോലെയാണ് കെ. സുകുമാരന്‍ അറിയപ്പെട്ടിരുന്നത്. 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന കൃതിയില്‍ ഒരു ലേഖനമെഴുതിയിരിക്കുന്നത് ഈ കെ. സുകുമാരനാണ്. അദ്ദേഹത്തെയാണ് 'ഒരു സുകുമാരന്‍' എന്ന മുസ്‌ലിമാക്കി ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തിയത്. 'ഒരു സുകുമാരന്‍' യഥാര്‍ഥത്തില്‍ 'കേരള കൗമുദി' പത്രാധിപര്‍ കെ. സുകുമാരന്‍ തന്നെയാണെന്ന കാര്യം മുസ്‌ലിം വിരോധംകൊണ്ട് തിരിച്ചറിഞ്ഞില്ലെന്നു വേണം കരുതാന്‍
(തുടര്‍ന്നു വായിക്കുക)

prasanna raghavan said...

ചരീത്രം മനസിലാക്കുന്നതു നല്ലതൂ തന്നെ. ചരിത്രം മനസിലാക്കാത്തതു തന്നെയാണ് എക്കാലത്തും മലയാളിയുടെ പ്രശ്നം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ പുനര്‍ വായന തരുന്ന അറീവിന്റെ ശകലങ്ങളെ ബഹുമാന പൂര്‍വം കൈ വാങ്ങുന്നു.

സ്വാതന്ത്ര്യം കിട്ടി, ഭരണഘടനയില്‍ അതീ‍വ വീറോടെ വാദിച്ചു നിരപ്പാക്കിയ ഒരു സംഗതിയാണ് അവര്‍ണന്റെ ഭാവീ. ഭരണഘടന് അരങ്ങേറി, 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നത്തിനു തീര്‍പ്പ് എങ്ങുമെത്തിയിട്ടില്ല എന്നുള്ളത്, അത്ഭുതത്തിനു വഴി തരുന്നില്ല.

പക്ഷെ ,ഈ കാ‍ലങ്ങളിലെ അനുഭവങ്ങളീല്‍ നിന്ന് അവര്‍ണന് സ്വയം ചിന്തിക്കെണ്ട ഒരു കാര്യമൂണ്ട്. മതമാ‍ണോ അവരുടെ മോചനത്തിന്റെ മാര്‍ഗ്ഗം. അതു ഹിന്ദുമതമായാലും, ഇസ്ലാം ആയാലും ക്രിസ്തുമതമായാലും? അവര്‍ണനു സ്വന്തമാ‍ായി ഒന്നുമില്ലേ? അവര്‍ണന്റെ പ്രശ്നങ്ങള്‍ അവര്‍ക്കു സ്വയം പരിഹരിക്കാന്‍ കഴിയാത്തതെന്താണ്? എല്ലാവരുമായും സമൂഹ്യ സഹോദര്യം നല്ലതാണ്.

മൈനോറിറ്റി അവകാശം എന്നൊരു സമ്പ്രദാ‍ായം അവര്‍ണന്റെ ഭാവിക്കുവേണ്ടി നടപ്പാക്കണമെന്നു നിബന്ധനയുണ്ടായിരുന്നു ഇന്ത്യയുടെ അധികാരകൈമാറ്റത്തീല്‍. എന്തായാലും അതവര്‍ണനു കൊടുത്തില്ല, പക്ഷെ അതാര്‍ക്കൊക്കെയാണ് കിട്ടിയതെന്ന് അറിയാമല്ലോ?
19339ല്‍ നിന്ന് കാലം ഇന്നു മാറി. കൂടുതല്‍ അരിയെണ്ട് ഒരു വിഷയമാനിത്. ഇന്നത്തെ മാര്‍കറ്റ് വ്യവസ്ഥീതിയില്‍ ഗവണ്മെന്റല്ല, കാ‍ര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു വരെ വന്നിരിക്കുന്നു. ഉദ. വിദ്യാഭ്യാസം.

മൈനോരിറ്റി വിഷയത്തെക്കുറിച്ച്, ഈയിടെ ഞാ‍നൊരു പോസ്റ്റില്‍ എഴുതിയിരുന്നു. താല്പര്യമൂണ്ടെങ്കില്‍
ഇവിടെ വായിക്കാം

ജിപ്പൂസ് said...

എം.എസ് ജയപ്രകാശിന്‍റെ മറ്റൊരു മികച്ച ലേഖനം.ഇതെല്ലാം വായനക്കാരിലെത്തിക്കുന്ന പ്രിന്‍സാദിന്‍റെ ശ്രമങ്ങള്‍ക്കും നന്ദി.

പ്രശസ്തനായ കേരള കൗമുദിയുടെ സ്ഥാപക പത്രാധിപര്‍ കെ.സുകുമാരനെ 'ഏതോ ഒരു മേത്തന്‍' സുകുമാരനാക്കി മാറ്റി സംഘ്പരിവാര ജിഹ്വയായി മാറിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു മാതൃഭൂമി.'എക്സ്ക്ലൂസീവ്' വാര്‍ത്തയും പൊക്കിയെടുത്ത് പോസ്റ്റാക്കി നാറിയ സതക്കും മാതൃഭൂമിക്കും ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കാം ഈ 'ഏതോ ഒരു സുകുമാരനെ'.

Noushad Vadakkel said...

വിമര്‍ശിക്കും തോറും പ്രിന്സാദ്‌ കൂടുതല്‍ തെളിവുകളും യാതാര്ത്യങ്ങള്മായി പുനര്‍വായനയെ മികവുറ്റതാക്കുന്നു .....അഭിനന്ദനങ്ങള്‍ വേറിട്ട വായന ആ അനുഭവത്തിന് .....ആശംസകളും ...

Anonymous said...

അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം' രാജ്യദ്രോഹമല്ല; പുസ്തകം കൈവശംവച്ച യുവാക്കള്ക്ക് ജാമ്യം
Fri, 3 Sep 2010 23:49:07 +0000
സ്വന്തം പ്രതിനിധി
കൊച്ചി: ആലുവ പെരിയാര്വാലി കാംപസില് നോമ്പുതുറക്കാന് കൂടിയിരിക്കുന്നതിനിടെ ആലുവ പോലിസ് പിടികൂടിയ ആറു യുവാക്കള്ക്ക് കോടതി ജാമ്യം അനുവദിച്ചു. പട്ടേരിപ്പുറം അബീഷ് (25), കുട്ടമ്മശ്ശേരി അന്വര് (33), എടത്തല നൌഷാദ് (28), എടയപ്പുറം അബ്ദുല് ഗഫൂര് (30), പാലാരിവട്ടം അഫ്സല് (23), കുഞ്ഞുണ്ണിക്കര ജാഫര് (39) എന്നിവര്ക്കാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജി ബി കമാല് പാഷ ജാമ്യം നല്കിയത്.
അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം കൈവശംവച്ചതിന്റെ പേരില് ഇവര്ക്കെതിരേ മതസ്പര്ധ വളര്ത്തല് (153 എ), രാജ്യദ്രോഹം (124 എ) എന്നീ വകുപ്പുകള് ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്, ഈ പുസ്തകത്തില് രാജ്യദ്രോഹക്കുറ്റത്തിനും മതസ്പര്ധയ്ക്കും കാരണമാവുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പ്രസ്തുത വകുപ്പുകള് നിലനില്ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
—ഇന്ത്യന് ഭരണഘടന നിലവില്വരുന്നതിനു മുമ്പ് അച്ചടിച്ചതാണ് പുസ്തകമെന്നും അന്ന് അവര്ണര് മുസ്ലിം സമുദായത്തിലേക്ക് മാറുന്നത് ആശ്വാസകരമായിരുന്നെന്നും യുവാക്കള്ക്കു വേണ്ടി ഹാജരായ അഡ്വ. ടി ജി രാജേന്ദ്രന് വാദിച്ചു. —കേരള കൌമുദി പത്രത്തിന്റെ സ്ഥാപക എഡിറ്റര് കെ സുകുമാരന് ഉള്പ്പെടെ നാലു പ്രമുഖ വ്യക്തികള് എഴുതിയ പുസ്തകമാണ് അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം. സഹോദരന് അയ്യപ്പന്, പി കെ കുഞ്ഞിരാമന്, എ കെ ഭാസ്കര് എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. 1936ല് കേരള തിയ്യ യൂത്ത്ലീഗാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 13നാണ് ആലുവ എ.എസ്.പി ജെ ജയനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. രഹസ്യയോഗം ചേര്ന്നതിനു പോപുലര് ഫ്രണ്ട് പ്രവര്ത്തകരെ പിടികൂടുകയായിരുന്നെന്നായിരുന്നു പോലിസ് ഭാഷ്യം

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്