Saturday, August 28, 2010

വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും

ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീ‍കരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല.  പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വിഷയമേ അല്ല.


അറിയുന്നവരോ അറിയാത്തവരോ ആയ ആരെക്കണ്ടാലും ‘നിങ്ങള്‍ക്ക് ശാന്തിയുണ്ടായിരിക്കട്ടേ’ എന്ന് ആശംസിക്കാന്‍ കല്പിച്ച റസൂലിന്റെ അനുയായികളാണ് നാം.  മനസ്സില്‍ തട്ടാത്ത ഒരു പോളിസിയായോ ഡിപ്ലോമസിയായോ അല്ല പ്രവാചകന്‍ ഇത് നിര്‍ദേശിച്ചത്.  എല്ലാവര്‍ക്കും എപ്പോഴും ശാന്തിയുണ്ടായിരിക്കട്ടെ എന്നാണ് ഒരോ സത്യവിശ്വാസിയും ആത്മാര്‍ഥമായി ആഗ്രഹിക്കോണ്ടത്. എന്നു തന്നെയാണ് ഈ നിര്‍ദേശത്തിന്റെ താല്‍പര്യം.  അവിവേകികള്‍ മര്യാദയില്ലാതെ സംസാരിച്ചാല്‍ അവരോട് തട്ടികയറുന്നതിന് പകരം അവര്‍ക്ക് സമാധാനം ആശംസിക്കുകയാണ് പരമകാരുണികനുമായ പടച്ചവന്റെ ഉത്തമ ദാസന്മാര്‍ ചെയ്യേണ്ടതെന്ന് വി.ഖുര്‍ആന്‍ (25:63) വ്യക്തമാക്കുന്നു.

യഥാര്‍ഥ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സലാം അഥവാ സമാധാനം എന്നത് അഭിവാദനത്തിന്റെ ഭാഗം മാ‍ത്രമല്ല. ഇസ്ലാം എന്ന പദത്തിന്റെ പൊരുള്‍ തന്നെയാണ് സമാധാനം .  ഇസ്ലാം, സലാം, സലാമ, സല്‍മ്, സില്‍ം  എന്നീപദങ്ങളല്ലാം ഒരേ പദ ധാതുവില്‍ നിന്ന് രുപം കൊണ്ടവായാണ്.  അല്ലാഹുവിന് സ്വയം സമര്‍പ്പിക്കുക എന്ന അര്‍ഥത്തിലുള്ള ഇസ്ലാം എന്ന ആദര്‍ശം സ്വീകരിക്കുന്ന വ്യക്തി അതില്ലുടെ സ്വയം സമാധാനം കൈവരിക്കുകയും ഇതരര്‍ക്ക് സമാധാനം ഉറപ്പുനല്കുകയാണ് ചെയ്യുന്നത്.  ഒരു മുസ്ലിമിന്റെ നാവില്‍ നിന്നൊ കയ്യില്‍ നിന്നോ അക്രമം ഉണ്ടാവുകയില്ലന്ന് മറ്റുളവ്ര്ക്ക് സമാധാനിക്കാന്‍ കഴിയോണ്ടതിന്റെ ആവശ്യകത റസൂല്‍ (സ) ചൂണ്ടിക്കണിച്ചിട്ടുണ്ട്.

വിരോധമുള്ളവരോടുപോലും അനീതികാണിക്കരുതെന്ന് (5:8) വിലക്കിയ വിശുദ്ധ ഖുര്‍ആന്‍ യഥാര്‍ഥ മുസ്ലീംകള്‍ മുഖേന സംഘര്‍ഷത്തിനുള്ള യാതൊരു സാധ്യതയും ഉണ്ടാകരുതെന്ന് നിഷ്കര്‍ഷിക്കുന്നു. “തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതിപാലിക്കാനും നന്മ ചെയ്യാനും ബന്ധുവിന് (സഹായം) നല്കാനുമാണ്.  നീച വൃത്തിയും ദുരാചരവും അതിക്രമവുമാണ് അവന്‍ വിലക്കുന്നത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കാന്‍വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്കുന്നു.” (വി.ഖു.16:90).  നീതി പാലിക്കണമെന്നും അതിക്രമം വെടിയണമെന്നും ഊന്നിപ്പറയുന്ന ഒട്ടേറെ സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്.

വര്‍ഗീയ-സാമുദായിക വിരോധം വളര്‍ത്തുകയും സ്വന്തം സമുദായത്തിലുള്ളവര്‍ മാത്രമാണ് മോക്ഷത്തിന് അര്‍ഹരെന്ന് ശഠിക്കുകയും ചെയ്തിരുന്ന വിഭാഗങ്ങളെ വിമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വര്‍ഗ വര്‍ണ സങ്കുചിതത്വങ്ങള്‍ക്ക് അതീതമായ മാനവിക ബോധം പുലര്‍ത്താനാണ് ആഹ്വാനം ചെയ്യുന്നത് എന്ന കാര്യം മുസ്ലിം പണ്ഡിതന്മാരെ പ്പോലെ തന്നെ നിഷ്പക്ഷമതികളായ അമുസ്ലിം ചിന്തകന്മാരും ചൂണ്ടിക്കാണിക്കാറുള്ളതാണ്.  സങ്കുചിത വീക്ഷണഗതി വെച്ചുപുലര്‍ത്തിയിരുന്ന സമുദായങ്ങളെപ്പോലെ മറ്റൊരു സമുദായം ഉണ്ടാക്കനല്ല മുഹമ്മദ് നബി(സ) നിയുക്തനായത്.  ഒരു മനുഷ്യന്റെ വംശവും വര്‍ഗവും ഭാഷയും ദേശവും ഏതായാലും ആദര്‍ശം അന്യൂനമായിരിക്കലാണ് നിര്‍ണായകമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

എന്നാല്‍ ഇന്ന് ചില മുസ്ലിം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  സാമുദായിക വൈരം വളര്‍ത്തുകയാണ് ഏറ്റവും വലിയ ഇസ്ലാമിക സേവനമെന്ന് അവര്‍ ധരിച്ചിട്ടുള്ളതായി തോന്നിക്കുംവിധമാണ്.  ഹര്‍ത്താലിന്റെ പേരിലും മറ്റും അവര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ ഭീകരത ആരോപിക്കുന്നവര്‍ക്ക് ധാരാളം ന്യായങ്ങളുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.  ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരില്‍ മുസ്ലിം വര്‍ഗീയത വളര്‍ത്തിക്കൊണ്ട് ഇസ്ലാമിന്റെ സാര്‍വലൗകികതയെ ഇടിച്ചുതാഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്.  ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രതാപം ഉയര്‍ത്താനെന്ന ഭാവേന ഇക്കൂട്ടര്‍ ചെയ്യുന്ന അതിക്രമങ്ങള്‍ യഥാര്‍ഥത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും അപമാനമുണ്ടാക്കുകയാണ് ചെയ്യുന്നത്.

താലിബാന്റെയും അല്‍ഖാഇദയുടെയും തീവ്രനിലപാടുകള്‍ ഉണ്ടാക്കിതീര്‍ത്ത അവര്‍ണനീയമായ കെടുതികള്‍ കണ്ടറിഞ്ഞിട്ടും ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് അതുകൊണ്ടൊക്കെ ഉണ്ടായ ഭൗതികവും ആശയപരവുമായ നേട്ടങ്ങള്‍ മനസ്സിലാക്കിയിട്ടും ഇസ്ലാമിന്റെ പേരില്‍ അതിക്രമങ്ങള്‍ക്ക് ഒരുമ്പെടുന്നവരുടെ മാനസികാവസ്ഥ അത്യന്തം വിചിത്രം തന്നെ! കണ്ടാലും കൊണ്ടാലും അറിയാത്ത ഈ തീവ്രവാദികള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏറെ അപമാനവും ഭീമമായ കഷ്ടനഷ്ടങ്ങളും വരുത്തിവെക്കുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.  തീവ്രത ഒരു അലങ്കാരമായി കരുതാത്ത സകല മുസ്ലിം സംഘടനകളും ഈ വിനാശകാരികള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ക്കെതിരില്‍ മുസ്ലിംകളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.  “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.  അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല.  അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.” (വി.ഖു. 8:25) എന്ന ദൈവികവചനം എല്ലാവരുടെ ചിന്തയ്ക്കും വിഷയീഭവിക്കേണ്ടതുണ്ട്.

തീവ്രതയെ എതിര്‍ക്കുന്നവരെയൊക്കെ ഹൈന്ദവ വര്‍ഗീയവാദികളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീരുക്കളായ് ചിത്രീകരിച്ച് വികാരജീവികളെ പാട്ടിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  തങ്ങള്‍ ഹാലിളകി കോപ്രായങ്ങള്‍ കാട്ടുന്നതാണ് ഹിന്ദുത്വ ഭീകരര്‍ക്ക് ഏറെ ഗുണകരമായി കലാശിക്കുക എന്ന ലളിത സത്യം ഉള്‍ക്കൊള്ളാന്‍ മാത്രം ബുദ്ധിയും വിവേകവും ഇല്ലാത്ത വികാരജീവികളെ നേര്‍വഴിക്ക് നയിക്കാന്‍ കിണഞ്ഞു ശ്രമിക്കേണ്ടത് മുസ്ലിം ഭൂരിപക്ഷത്തിന്റെ നേതൃത്വം അവകാശപെടുന്നവരാണ്.  സാമുദായിക സങ്കുചിതത്വവും വര്‍ഗീയവൈരവും അതിക്രമങ്ങളും ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന യാഥാര്‍ഥ്യം ശക്തവും വ്യക്തവുമായ ശൈലിയില്‍ ബഹുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഇസ്ലാമിക പ്രവര്‍ത്തകരുടെയും പ്രബോധകരുടെയും ബാധ്യതയാകുന്നു.

സ്ത്രീകളും കുട്ടികളും രോഗികളും വ്യദ്ധരും അടങ്ങുന്ന അനേകായിരം മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും പീഡിപ്പിക്കുന്ന ജനദ്രോഹ ഹര്‍ത്താല്‍ ഇസ്ലാമിലെ പുണ്യജിഹാദാണെന്ന് ധരിച്ചവരും ധരിപ്പിക്കുന്നവരും സത്യദീനിനെ കളങ്കപ്പെടുത്തുകയും അതിന്റെ ശത്രുക്കള്‍ക്ക് വലിയ വിജയമുണ്ടാക്കിക്കൊടുക്കുകയുമാണ് ചെയ്യുന്നത്.  ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്  ഏറെ ഗുണകരമായ മതനിരപേക്ഷതയെ എതിര്‍ക്കുന്ന സംഘപരിവാറിന് കരുത്ത് പകരുന്നതും വര്‍ഗീയവാദികളല്ലാത്ത ഹിന്ദുക്കളുടെ മനസ്സില്‍പ്പോലും മുസ്ലിം വിരോധം വേരോടാന്‍ വഴിവെക്കുന്നതുമായ അതിക്രമങ്ങള്‍ യഥാര്‍ഥത്തില്‍ ഇസ്ലാമിനെതിരായ ജിഹാദായിട്ടാണ് പരിണമിക്കുന്നത്.  ഈ യാഥാര്‍ഥ്യം കഴിയുന്നത്ര ആളുകളെ ബോധ്യപ്പെടുത്താന്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ പ്രതിബദ്ധത കാണിക്കുക തന്നെ വേണം

കടപ്പാട്
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
||| മതം, നവോത്ഥാനം, പ്രതിരോധം |||
യുവത ബുക്ക് ഹൗസ്

4 പ്രതികരണങ്ങള്‍:

Prinsad said...

>>> വര്‍ഗീയ-സാമുദായിക വിരോധം വളര്‍ത്തുകയും സ്വന്തം സമുദായത്തിലുള്ളവര്‍ മാത്രമാണ് മോക്ഷത്തിന് അര്‍ഹരെന്ന് ശഠിക്കുകയും ചെയ്തിരുന്ന വിഭാഗങ്ങളെ വിമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വര്‍ഗ വര്‍ണ സങ്കുചിതത്വങ്ങള്‍ക്ക് അതീതമായ മാനവിക ബോധം പുലര്‍ത്താനാണ് ആഹ്വാനം ചെയ്യുന്നത് <<<

Noushad Vadakkel said...

സങ്കുചിത വീക്ഷണഗതി വെച്ചുപുലര്‍ത്തിയിരുന്ന സമുദായങ്ങളെപ്പോലെ മറ്റൊരു സമുദായം ഉണ്ടാക്കനല്ല മുഹമ്മദ് നബി(സ) നിയുക്തനായത്. ഒരു മനുഷ്യന്റെ വംശവും വര്‍ഗവും ഭാഷയും ദേശവും ഏതായാലും ആദര്‍ശം അന്യൂനമായിരിക്കലാണ് നിര്‍ണായകമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

തങ്ങള്‍ ഹാലിളകി കോപ്രായങ്ങള്‍ കാട്ടുന്നതാണ് ഹിന്ദുത്വ ഭീകരര്‍ക്ക് ഏറെ ഗുണകരമായി കലാശിക്കുക എന്ന ലളിത സത്യം ഉള്‍ക്കൊള്ളാന്‍ മാത്രം ബുദ്ധിയും വിവേകവും ഇല്ലാത്ത വികാരജീവികളെ നേര്‍വഴിക്ക് നയിക്കാന്‍ കിണഞ്ഞു ശ്രമിക്കേണ്ടത് മുസ്ലിം ഭൂരിപക്ഷത്തിന്റെ നേതൃത്വം അവകാശപെടുന്നവരാണ്.

Faizal Kondotty said...

u r right!

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്