Sunday, February 28, 2010

അധിനിവേശത്തിനെതിരെ ചെറിയ യുദ്ധങ്ങള്‍ ആവശ്യമുണ്ട്


.ആര്‍ ശ്രീധര്‍ 


അധിനിവേശം വളരെ ഗൂഢമായ ഒരു കാര്യമാണ്‌. കൂടുതല്‍ കൂടുതല്‍ ജീവിക്കും തോറും അധിനിവേശത്തിന്റെ ചിഹ്‌നങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ വിവിധ തലങ്ങളിലൂടെ ഇന്ന്‌ നാം കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. ചിലപ്പോള്‍ വിചാരിക്കും രക്ഷപ്പെടാന്‍പോലും പറ്റാത്ത രീതിയില്‍ പെട്ടിരിക്കുന്നുവെന്ന്‌. അങ്ങനെ പെട്ടിരിക്കുമ്പോള്‍ ഒരു കതകുണ്ടാകണമല്ലോ. ഹോ ഈ മുറി എന്നെ ഇത്രയും കാലം തളച്ചിട്ടിരുന്നല്ലോ, എന്നാലും രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ എന്ന്‌ നമുക്ക്‌ തോന്നണം. പക്ഷെ, അതുപോലും നമ്മള്‍ തന്നെ അടച്ചുവെച്ചിരിക്കുകയാണ്‌. എന്നെങ്കിലും ഈയൊരു അധിനിവേശത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അടിച്ചുപുറത്താക്കാന്‍ കഴിയുമോ? ഇന്നത്തെ കണക്കില്‍ അതൊരു `വിഷ്വല്‍ തിങ്കിംഗ്‌' അതായത്‌ ഒരാഗ്രഹം മാത്രമാണ്‌. വല്ലാത്ത വേദനതോന്നും ചിലസമയങ്ങളില്‍. എന്താണ്‌ അധിനിവേശത്തിന്റെ സൂക്ഷ്‌മതലങ്ങള്‍?



അധിനിവേശത്തിന്റെ മുഖം പലതാണ്‌. ഉപ്പിന്റെ കാര്യമെടുക്കുക. ഉപ്പില്‍ അയഡിന്‍ ചേര്‍ക്കാന്‍ നാം പഠിപ്പിക്കപ്പെട്ടു. നമ്മുടെ നാട്ടില്‍ അതു ശീലിപ്പിച്ചു. എന്നിട്ട്‌ നമ്മളെ ഗോയിറ്ററിനെക്കുറിച്ച്‌ പറഞ്ഞു പേടിപ്പിക്കുന്നു. പത്തില്‍ ഒരാള്‍ക്കോ പത്തില്‍ രണ്ടാള്‍ക്കോ ഗോയിറ്ററാണെന്ന്‌! നമ്മളൊക്കെ കഴിച്ചിരുന്ന ഉപ്പ്‌ നിങ്ങള്‍ക്ക്‌ ഓര്‍മയുണ്ടാവും. കല്ലുപ്പ്‌. വെളുത്ത്‌ സുന്ദരിയായിരുന്നോ കല്ലുപ്പ്‌? വെളുത്ത്‌ മിനുസമുള്ള ഒന്നായിരുന്നോ കല്ലുപ്പ്‌? അല്ല, അഴുക്കും പൊടിയുമൊക്കെയായി തവിട്ടുകലര്‍ന്ന വെളുപ്പായിരിക്കുമതിന്‌. കല്ലുപ്പ്‌ വായിലേക്കിട്ടാല്‍ കുത്തുന്ന മാതിരി ഒരു രുചിയായിരിക്കും.


എന്തിനാണ്‌ മഹാത്മാഗാന്ധിയെപ്പോലെയുള്ളവര്‍ ഉപ്പുസത്യാഗ്രഹം നടത്തിയത്‌? അധിനിവേശം ഉപ്പു കുറുക്കാന്‍ പാടില്ല എന്ന്‌ ശഠിച്ചപ്പോള്‍. നമ്മുടെ നാട്ടില്‍ നമുക്ക്‌ ചെയ്യാന്‍ പറ്റുന്ന കാര്യം നമ്മള്‍ തന്നെ ചെയ്യണം. എന്റെയൊക്കെ ചെറുപ്പത്തില്‍ 5 പൈസ 10 പൈസയില്‍ തുടങ്ങി 40,50 പൈസ വരെയായിരുന്നു ഒരു കിലോ ഉപ്പിന്‌ വില. ഇപ്പോള്‍ എങ്ങനെയാണ്‌ ഉപ്പ്‌ കാണാനിരിക്കുന്നത്‌ എന്ന്‌ നോക്കുക. മാവുപോലെയുള്ള പൊടിയാണ്‌. 5 രൂപമുതല്‍ 10 രൂപവരെയാണ്‌ അതിന്റെ വില. ഉപ്പിനകത്ത്‌ അടങ്ങിയിട്ടുള്ള സോഡിയം ക്ലോറൈഡ്‌ ആണ്‌ നമുക്കാവശ്യമുള്ളത്‌. ഉപ്പിനകത്ത്‌ അറുപത്തഞ്ചോളം മിനറല്‍സ്‌ ഉണ്ട്‌. മൈക്രോന്യൂട്രിയന്‍സും പല തരം വിറ്റാമിന്‍സും ഉണ്ട്‌. ഇതെല്ലാംകൂടി അടങ്ങിയതാണ്‌ ഉപ്പിലെ 97%. ബാക്കി 3% ഉള്ളത്‌ ന്യൂട്രിയന്‍സാണ്‌. ഈ ഉപ്പിനെ പ്രോസസ്‌ ചെയ്യുകയും ന്യൂട്രിയന്‍സ്‌ ഇല്ലാതാകുകയും ചെയ്‌തു. എങ്ങനെയാണ്‌ ഭക്ഷണത്തിലുള്ള അധിനിവേശത്തിന്റെ സ്വഭാവം. ഇങ്ങനെയൊക്കെയായിരുന്നു ഉപ്പ്‌ എന്ന്‌ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ അറിഞ്ഞുകൂടാ. ഇന്ന്‌ ഉപ്പില്‍ 99%വും സോഡിയം ക്ലോറൈഡാണ്‌. ഇവിടെ ന്യൂട്രിയന്‍സ്‌ ഇല്ലാതെ പോവുന്നു.


ഇതിനെക്കുറിച്ച്‌ സൂക്ഷ്‌മതലത്തില്‍ പഠിക്കാനും മനസ്സിലാക്കാനും പറ്റിയിട്ടില്ല ആര്‍ക്കും. ഈ ഉപ്പില്‍ നിന്നും എടുക്കുന്ന ന്യൂട്രിയന്‍സ്‌ ഉപയോഗിച്ച്‌ കാപ്‌സ്യൂള്‍ ഗുളികകള്‍ ഉണ്ടാക്കുന്നു. ഇവിടെ ലക്ഷക്കണക്കിന്‌ രൂപയുടെ ബിസിനസാണ്‌ നടക്കുന്നത്‌.


ഒന്നാം ലോകമഹായുദ്ധം വരെ ഓരോ രാജ്യത്തിനും അവരുടേതായ ഭക്ഷണ സംസ്‌കാരമുണ്ടായിരുന്നു. യൂറോപ്യന്‍ രാഷ്‌ട്രങ്ങളിലും അറേബ്യന്‍ രാഷ്‌ട്രങ്ങളിലും അവരുടേതായ ഭക്ഷണ സംസ്‌കാരമുണ്ടായിരുന്നു. ഇതിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കാലം വരെ നടന്നിട്ടില്ലായിരുന്നു. ലോക മഹായുദ്ധകാലത്ത്‌ നൈട്രജനും ക്ലോറിനുമൊക്കെ ആളെ കൊല്ലാന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഒടുവില്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ ഇത്തരം നശീകരണ വസ്‌തുക്കള്‍ കൃഷിഭൂമിയില്‍ പരീക്ഷിക്കപ്പെടാന്‍ തുടങ്ങി. പണ്ട്‌ ആളെക്കൊല്ലാന്‍ വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഇത്തരം വസ്‌തുക്കള്‍ കര്‍ഷകര്‍ വാങ്ങേണ്ട ഗതികേടുണ്ടായി.


ഇന്ത്യയില്‍ 80%പേരും ജീവിച്ചിരുന്നത്‌ കൃഷിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. യൂറോപ്പിലും ഇങ്ങനെ തന്നെയായിരുന്നു. മനുഷ്യജീവിതം അന്ന്‌ കൃഷിയെ ആശ്രയിച്ചായിരുന്നു. ഒരു സ്ഥലത്ത്‌ താമസിച്ച്‌ ജീവിക്കാന്‍ അവനെ പ്രേരിപ്പിച്ചതും കാര്‍ഷിക സംസ്‌കാരമായിരുന്നു. ഇന്നിപ്പോള്‍ കര്‍ഷകരിലൂടെ മാര്‍ക്കറ്റിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്താന്‍ അധിനിവേശ ശക്തികള്‍ക്ക്‌ സാധിച്ചു. ഇത്‌ യൂറോപ്പിലും അമേരിക്കയിലും പരീക്ഷിക്കപ്പെട്ടു.


ഇന്ത്യ 1940കളില്‍ ഒരു ഭക്ഷ്യക്ഷാമം (ബംഗാള്‍ ഭക്ഷ്യക്ഷാമം) നേരിട്ടു. ലോകമഹായുദ്ധകാലത്ത്‌ നമ്മുടെ ഭക്ഷ്യവസ്‌തുക്കള്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി വില്‍ക്കപ്പെട്ടപ്പോള്‍ നമുക്കിവിടെ ഭക്ഷണം ഇല്ലാതായി. ഈ കാലത്ത്‌ ലക്ഷക്കണക്കിനാളുകള്‍ ചത്തൊടുങ്ങി. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ആദ്യം നേരിട്ട പ്രശ്‌നം ഭക്ഷ്യക്ഷാമമായിരുന്നു. പിന്നീട്‌ ഇന്ത്യയില്‍ മോഡേണ്‍ അഗ്രികള്‍ച്ചര്‍ സിദ്ധാന്തം നിലവില്‍വന്നു. കൂടുതല്‍ ഉല്‌പാദിപ്പിക്കുക, കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുക. ഇതിന്റെ ഫലമായി വലിയ നാശങ്ങളുണ്ടായി. ഭക്ഷണരംഗത്തുണ്ടായ അധിനിവേശത്തിന്റെ കടന്നുകയറ്റമാണ്‌ ഹരിതവിപ്ലവം എന്ന്‌ പറയുന്നത്‌. ശാസ്‌ത്രലോകത്തുള്ളവര്‍ പറഞ്ഞേക്കാം ഹരിതവിപ്ലവം ഇല്ലായിരുന്നുവെങ്കില്‍ ഭക്ഷ്യക്ഷാമം ഉണ്ടാവുമായിരുന്നു എന്ന്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ കഴിയില്ല. കാരണം കീടനാശിനികള്‍ ഉപയോഗിക്കാതെ കൂടുതല്‍ സുരക്ഷിതമായ, വൈവിധ്യമാര്‍ന്ന, ഫലദായകമായ ഉല്‍പാദനം സാധ്യമായതായി കാണാന്‍ കഴിയും. എന്നാല്‍ ഈ ഒരു രീതിക്ക്‌ നമ്മള്‍ പ്രോത്സാഹനം നല്‍കാതിരിക്കുകയും അധിനിവേശ ശക്തികള്‍ക്ക്‌ അടിമപ്പെടുകയുമാണ്‌ ചെയ്‌തത്‌.


കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ രണ്ടരലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. ഇത്‌ അധികപേരും അറിഞ്ഞില്ല. എവിടെയും ഇത്‌ ചര്‍ച്ചയായതുമില്ല. നൂറ്‌ ഡോക്‌ടര്‍മാരോ, എന്‍ജിനീയര്‍മാരോ ആയിരുന്നു ആത്മഹത്യ ചെയ്‌തിരുന്നതെങ്കില്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാറിന്റ മന്ത്രിസഭ തലകുത്തിവീഴുമായിരുന്നു. നമ്മളിന്ന്‌ കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന പാനീയങ്ങളിലുമെല്ലാം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉല്‌പാദിപ്പിച്ച കീടനാശിനികള്‍ അടങ്ങിയിരിക്കുന്നു. ഇത്തരം വിഷവസ്‌തുക്കള്‍ നമ്മുടെ ശരീരത്തിലെത്തുന്നു. ഇത്‌ വലിയ രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. മരുന്നും അവര്‍ തന്നെ ഉല്‌പാദിപ്പിക്കുന്നു. ഇങ്ങനെ അധിനിവേശ പ്രക്രിയ മനുഷ്യജീവിതത്തെ ആപത്‌കരമായി ബാധിക്കുന്നു.


ഇന്ത്യയിലെ ഗവണ്‍മെന്റും ശാസ്‌ത്രജ്ഞന്മാരുമെല്ലാം ജൈവകൃഷിരീതികളെ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യാറുള്ളത്‌. ഒരു സത്യം പറയട്ടെ, ഇന്ത്യയില്‍ ഇന്ന്‌ ഉല്‌പാദിപ്പിക്കുന്ന നെല്ലും ഗോതമ്പും മാത്രമെടുത്താല്‍ ഇന്ത്യയിലെ ഇന്നത്തെ പോപ്പുലേഷന്റെ മൂന്നിരട്ടി ആളുകള്‍ക്കുള്ള ആഹാരം ഒരു വര്‍ഷം നമ്മള്‍ ഉല്‌പാദിപ്പിക്കുന്നുണ്ട്‌. ഇവിടെയെല്ലാം പാവങ്ങളായ മനുഷ്യരാണ്‌ അധിനിവേശത്തിന്റെ ഇരകളായിത്തീരുന്നത്‌. അധിനിവേശത്തോടുള്ള നമ്മുടെ അടിമമനസ്ഥിതി മാറണം. എന്താണ്‌ ജനിതക മാറ്റം വരുത്തിയ വിള? അത്‌ സ്വാഭാവികമായി സങ്കലനം നടക്കാത്ത രണ്ട്‌ വ്യത്യസ്‌ത ഇനങ്ങള്‍ തമ്മില്‍ സങ്കലനം നടത്താന്‍ ശ്രമിക്കുകയാണ്‌. ഇത്തരം വികലമായ രീതികള്‍ ഇന്ന്‌ പരീക്ഷിക്കപ്പെടുന്നു. പ്രകൃതിയുടെ സന്തുലിതരീതികള്‍ മാറ്റിമറിക്കപ്പെടുന്നു. എന്നാലിതുകൊണ്ടെല്ലാം മനുഷ്യജീവിതം പ്രയാസപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇന്ന്‌ അമ്മിഞ്ഞപ്പാലിലെ ജീനെടുത്ത്‌ അരിയില്‍ കയറ്റി ജനിതകമാറ്റത്തിന്റെ പുതിയ രീതികള്‍ പരീക്ഷിക്കുമ്പോള്‍ ഇവിടെ നമ്മുടെ സംസ്‌കാരത്തെപ്പോലും അധിനിവേശം നശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. സംസ്‌കാരത്തെ, ജീവിതരീതിയെ, മതവിശ്വാസത്തെപ്പോലും അധിനിവേശം ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നു.


ഇന്ന്‌ മുരുന്നുചെടികള്‍ വരെ ലാബുകളില്‍ ജനിതകമാറ്റം നടത്തപ്പെട്ടിരിക്കുന്നു.
നമ്മുടെ വെള്ളം കുഴിച്ചെടുത്ത്‌ ഒരു കുപ്പിയിലാക്കി നമുക്ക്‌ തന്നിട്ട്‌ 15 രൂപ ആവശ്യപ്പെട്ടുകൊണ്ട്‌ വെള്ളത്തിന്റെ മുതലാളിയായി സംസാരിക്കുന്നത്‌ അധിനിവേശമല്ലാതെ മറ്റെന്താണ്‌? ഇതിനെതിരെ ശക്തമായ പോരാട്ടം തന്നെ വേണം. എത്രയോ വര്‍ഷമായി നാം കാത്തുസൂക്ഷിക്കുന്ന നമ്മുടെ ഭക്ഷണത്തിന്റെ പരമാധികാരവും പാരമ്പര്യവും നമ്മുടെ കയ്യില്‍ നിന്നും നഷ്‌ടപ്പെടും. നമുക്ക്‌ ചെറിയെ ചെറിയ യുദ്ധങ്ങളിലൂടെ മാത്രമേ ഇതിനെ തുരത്താന്‍ കഴിയുകയുള്ളൂ. ഈ ദശകത്തെ അത്തരത്തില്‍ സാന്ത്വനത്തിന്റെയും തിരുത്തലിന്റെയും നന്മയുടെയും ദശകമായി പ്രഖ്യാപിച്ചുകൊണ്ട്‌, അധിനിവേശത്തെ തുരത്തുമെന്ന്‌ തീരുമാനിച്ചുകൊണ്ട്‌ മുന്നോട്ടു നീങ്ങാന്‍ നമുക്ക്‌ സധിക്കേണ്ടതുണ്ട്‌

1 പ്രതികരണങ്ങള്‍:

ktahmed mattanur said...

അധിനിവേശം,ഗൗരവത്തോടെ വായനയെ സമീപിക്കുന്നവര്‍ വായിച്ചിരിക്കാന്‍ വേണ്ടി നടത്തുന്ന താങ്കളുടെ ഉദ്ദ്യമം പ്റോല്‍സാഹനമഹിക്കുന്നു,എന്നാല്‍ ഈ തരം ഒരു വായനയെ സമീപിക്കുന്നവര്‍ തുച്ചമാണെന്ന് കാണാം ,അതിന്റെ കാരണങ്ങില്‍ ഒന്ന് ചിലപ്പോള്‍ ഭാഷയുടെ കട്ടിയാവാം ,സദാരണക്കാരന് അധിനിവേശമെന്ന വാക് തന്നെ മനസിലായിക്കാണില്ല എന്നിടത്താണ് പുത്തന്‍ ഈസ്റ്റിന്ത്യാ കംബനിയുടെ കരുത്ത് ,അത് തിരിച്ചറിയാതവരുടെ ശക്തി കൊണ്ടാണ് തംബ്റാക്കന്മാര്‍ സാംറാജ്യത്തുഅത്തിന് പരവതാനി വിരിച്ചു കൊടുക്കുന്നത് ,ഒന്നുകില്‍ ബ്ദദ്ദി ജീവികള്‍ നിശബ്ദരായിരിക്കും അല്ലെങ്കില്‍ അവര്‍ പറയുന്നത് കൊക്ക കോല കമ്പനിക്കേ മനസിലാവുകയുള്ളൂ,പരത്തി പറഞാല്‍ തീര്‍ച്ചയായിട്ടും ഭംഗി കുറഞ്ഞിടും എനാല്‍ അത് ചെന്നെത്തേണ്‍ടത് ഭംഗിയില്ലാതവരിലേക്കാണ് ,ഗൗരവത്തോടെ വായനയെ സമീപിക്കുന്നവര്‍ക്ക് ഈ രീതി തന്നെ വേണം ,അവര്‍ക്ക് സംഭവങ്ങളേ സ്റ്ഷ്ടിക്കാനാവില്ല അത് സാദാരണക്കാരനിലെത്തിക്കുമ്പോയേ സംഭവിക്കുന്നുള്ളൂ, ഇത് വായിക്കുന്നവരും കിട്ടാവുന്നിടത്ത് ഇതിനെയൊക്കെ കുറിച്ച് എഴുതണം,പറയണം ,വിപത്ത് വരാതിരിക്കില്ല കാരണം അവര്‍ അതിശക്തരാണെന്നത് തന്നെ ,എന്നാലും വരവിനെ നമുക്ക് താമസിപ്പിക്കാനാവും.ഞാനൊരു സാദാരണക്കാരനഅണ് എന്നുകൂടി അറിയിച്ച് ഒരിക്കല്‍ കൂടി നന്മ നേര്‍ന്നുകൊണ്ട്

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്