Monday, February 8, 2010

സാംസ്കാരിക തീവ്രവാദത്തിന്റെ ഭിന്നഭാവങ്ങള്‍

വി എ മുഹമ്മദ് അശ്റഫ്


വസ്ത്രേധാരണത്തിനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നാണ്. ഈ സ്വാതന്ത്ര്യത്തിനെതിരെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ വിലക്കുകളും ഭീഷണികളും ഉയര്‍ന്നുവന്നിട്ടുണ്ട്. അടിമുതല്‍ മുടിവരെ വസ്ത്രം ധരീ‍ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ശിക്ഷനല്‍കുന്ന താലിബാനും തലയില്‍ സ്കാര്‍ഫ് ധരിക്കുന്നത് പോലും വിലക്കുന്ന തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളും അടിസ്ഥാനപരമായി സാസ്കാരിക ഭീകരവാദമാണുയര്‍ത്തുന്നത്. സ്ത്രീകളുടെ പര്‍ദ്ധ, പുരുഷന്മാരുടെ ജുബ്ബ, തുര്‍ക്കിത്തൊപ്പി എന്നിവയൊക്കൊ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന മുസ്തഫ കമാല്‍ പാഷ 1920കളില്‍ നിരോധിച്ചിരുന്നു. പകരം പുരുഷന്മാരുടെ മേല്‍ ഹാറ്റും കോട്ടും അയാള്‍ അടിച്ചേല്‍പിച്ചിരുന്നു

.

കേരളത്തിലെ മേല്‍മുണ്ട് സമരം

അവര്‍ണ്ണസ്ത്രീകള്‍ മാറുമറക്കാന്‍ പാടില്ലെന്ന നിരോധനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ കേരളത്തില്‍ നിലനിന്നിരുന്നു. ഉയര്‍ന്ന വിഭാഗത്തില്‍ പെട്ട പുരുഷന്മാരോട് ബഹുമാനം കാണിക്കാന്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടിയിരുന്ന ആചാരം തങ്ങളുടെ വഷസ്സില്‍ നിന്ന് വസ്ത്രം എടുത്ത് മാറ്റുക എന്നതായിരുന്നു. ( പി എം ഗോപാലക്ര്ഷ്ണന്‍, കേരള സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. പേജ് 49 ).

സര്‍ക്കറിന്റെ പ്രത്യേകമായ അനുവാദമില്ലാതെ ഈഴവര്‍, ചാന്നാര്‍, മുക്കുവര്‍ തുടങ്ങിയവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാല്‍ അത് സര്‍ക്കാരിലേക്ക കണ്ടുകെട്ടണമെന്ന നിയമമുണ്ടായിരുന്നു. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 1813ല്‍ ലക്ഷ്മി പാര്‍വതീഭായി തമ്പുരാട്ടി ഈ നിയമം റദ്ധാക്കിയെങ്കിലും മാടമ്പികളുടെ തേര്‍വാഴ്ചകളുടെ പിന്തുണയോടെ അവര്‍ണ്ണര്‍ക്ക് സ്വര്‍ണ്ണാഭരണം നിഷിദ്ധം പോലെ തന്നെയായിരുന്നു. പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിക്കുക, തലപ്പാവ് ധരിക്കുക, കുട പിടിക്കുക, മീശവെക്കുക മുതലായവയ്ക്ക് പോലും രാജാവിനോ നാടുവാഴിക്കോ പതിവ് നിരക്കനുസരിച്ച് അടിയറവെച്ച് അനുവാദം വങ്ങേണ്ടതുണ്ടായിരുന്നു.

തീണ്ടല്‍പ്പാട് കടന്നു ഒരു നായരെ സമീപിക്കാന്‍ ഇടവരുന്ന അവര്‍ണ്ണനെ തല്‍ക്ഷണം വെട്ടിവീഴ്ത്തുകയായിരുന്നു പതിവ്. അവര്‍ണ്ണനെ കണ്ടാലുടന്‍ തിരിച്ചറിയുന്നതിന് അവര്‍ ശരീരം അരക്കുമേല്‍ വസ്ത്രം ധരിക്കരുതെന്നായിരുന്നു ചട്ടം. പാദരക്ഷ, കുട, നല്ലവസ്ത്രം, വിലപ്പെട്ട ആഭരണങ്ങള്‍ ഇവയെല്ലാം അവര്‍ണ്ണന് നിഷിദ്ധമായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തുപ്പോലും അവര്‍ണ്ണന് കുടപിടിക്കന്‍ പാടില്ലായിരുന്നു. സവര്‍ണ്ണസ്ത്രീകളെ പ്പോലെ വസ്ത്രധാരണം നടത്താനുള്ള അവകാശം ലഭിക്കുന്നതിനായ് ചാന്നാര്‍ സ്ത്രീകള്‍ തെക്കന്‍ തിരുവതാകൂറില്‍ ഘോരമായ സമരങ്ങളാണ് സംഘടിപ്പിച്ചത്. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമാണ് ഈ സമരത്തെ നയിച്ചിരുന്നത്.

മുട്ടുമറച്ച് മുണ്ടുടുക്കുക, മുടിക്രോപ്പ് ചെയ്യുക, കല്ലും മാലയും (സ്ത്രീകള്‍) ബഹിഷ്കരിക്കുക, പൊതുവഴിയിലൂടെ നടക്കുക. എന്നിവയായിരുന്നു പ്രസ്തുത ‘ഘോര‘ സമരങ്ങള്‍. നിരവധി സംഘട്ടനങ്ങള്‍ തന്നെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍ അരങ്ങേറി. അറുനൂറോളം പുലയ കുടിലുകള്‍ തീവെക്കപ്പെട്ടു. ഇതെ തുടര്‍ന്ന് ചാന്നാര്‍ സ്ത്രീകള്‍ക്ക് മറക്കുന്നതിലെ നിയന്ത്രണം നീക്കികൊണ്ട് 1859 ജൂലൈ 26ന് തിരുവതാംകൂര്‍ ഗവണ്‍മെന്റ് രാജകീയ വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍ മാറുമറക്കുന്ന കാര്യത്തില്‍ സവര്‍ണ്ണരെ അനുകരിക്കരുതെന്ന വിലക്ക് വിളബരത്തില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ബ്രീട്ടീഷ് ഭരണകൂടമാണ് ഈ വിലക്ക് നീക്കിയത്. ഫ്യൂഡല്‍ പ്രഭുത്വത്തിനും ജാതിമേധാവിത്വത്തിനുമെതിരെ നടന്ന മനുഷ്യാവകാശ പ്രക്ഷോഭമായിരുന്നു ക്റ്ത്യം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന മേല്‍മുണ്ട് സമരം. ചരിത്രക്ര്തികളില്‍ മുലക്കച്ച സമരം എന്നും ഇത് പരാമര്‍ശിക്കപ്പെടുന്നു. ( MSA Rao, Social Movement in India, Manohar: Delhi, 1978, p.29 )


ക്രിസ്തുമതം സ്വീകരിച്ച ചന്നാന്മാരാണ് ധരിക്കുന്ന വസ്ത്രങ്ങളെ ക്കുറിച്ച തര്‍ക്കം ആദ്യമായി ഉന്നയിച്ചത്. ചാന്നാര്‍ സ്ത്രീകള്‍ ക്രിസ്ത്യാനികളായപ്പോള്‍ ചട്ടക്കുപ്പായത്തിന് പുറമെ ഒരു മേല്‍മുണ്ട് ചുമലില്‍ ചുറ്റി മാറ് മറച്ചു നടക്കാന്‍ തുടങ്ങി. ഇതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. ധര്‍മഭ്രംശത്തിനെതിരെ തോവാള, അഗസ്തീശ്വരം, ഇരണീയല്‍, കല്‍ക്കുളം എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം നടന്നു. അവര്‍ണ്ണര്‍ സഹിച്ച അനവധി പീഡനങ്ങള്‍ ക്കൊടുവിലാണ് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കപ്പെട്ടത്.


ഇസ്ലാമിക വസ്ത്രധാരണം: രീതിയേത്?

വസ്ത്രധാരണത്തെക്കുറിച്ച് ചില പൊതുവായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. അധാര്‍മികതയിലേക്കും വ്യഭിചാരത്തിലേക്കും നയിക്കുന്ന പുറപ്പാടുകളെ ഒഴിവാക്കാനണിത്: “ഓ പ്രവാചകരേ, വിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദ്ര്ഷ്ഠികള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇത് അവര്‍ക്കുള്ള ഏറ്റവും പരിശുദ്ധമായ നടപടിയാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു കണ്ടുകൊണ്ടേയിരിക്കും. വിശ്വാസിനികളൊടും പറയുക: അവര്‍ തങ്ങളുടെ ദ്ര്ഷ്ഠികള്‍ സൂക്ഷിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്. ( വി.ഖു. 24:30,31 )

വിഭിന്ന സാംസ്കാരിക വിഭാഗങ്ങളെക്കൂടി പരിഗണിച്ചാണ് ‘സ്വയം വെളിവായതൊഴിച്ച്’ എന്ന പ്രയോഗം നടത്തിയിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പ്രദീപ്തമാക്കുന്ന മറ്റൊരു സൂക്തമുണ്ട് ഖുര്‍ആനില്‍: “അല്ലയോ ആദം സന്തതികളേ, നാം നിങ്ങള്‍ക്ക് ശരീരത്തിന്റെ ഗുഹ്യഭാഗങ്ങള്‍ മറക്കുകയും ശരീരത്തെ സൂക്ഷിക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു.” (7:26). ഇവിടെ വസ്ത്രത്തിന്റെ ധര്‍മങ്ങളായി നഗ്നത മറക്കല്‍, അലങ്കാരം, ശരീരസംരക്ഷണം എന്നിവ എടുത്തുകാട്ടിയിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. വ്യത്യ്സ്ഥ സാംസ്ക്കാരിക അലങ്കാരങ്ങളെ ഖുര്‍ആന്‍ അംഗീകരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. വിവിധ തരം വൈവിധ്യങ്ങളെ ഖുര്‍ആന്‍ അംഗീകരിക്കുന്നത് ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. നിറവൈവിധ്യം(33:22, 16:13), ഫലവൈവിധ്യം(6:99), രുചിവൈവിധ്യം(6.141, 13:4), ഭാഷാവൈവിധ്യം(14:4) എന്നിവയാണവ.

നഗ്നത മറക്കല്‍ മനുഷ്യസംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളിലൊന്നായും അതൊഴിവാക്കുന്നത് പൈശാചിക തന്ത്രമായും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ആദം സന്തതികളേ, ചെകുത്താന്‍ നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കുകയും ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുത്തുന്നതിന് അവരുടെ വസ്ത്രം ഊരിക്കളയുകയും ചെയ്തതു പോലെ ഇനി അവര്‍ നിങ്ങളെ വിപത്തിലാക്കതിരിക്കട്ടെ.” (വി.ഖു. 7:27 )

സ്ത്രൈണ നഗ്നതയെ കച്ചവടച്ചരക്കാക്കിയാണ് പാശ്ചാത്യ സംസ്ക്ര്തി സ്ത്രീത്വത്തെ ചൂഷണം ചെയ്തത്. അല്പ് വസ്ത്രധാരണവും അശ്ലീല പ്രദര്‍ശനവും മഹത്തായ കാര്യമായി അവിടെ പ്രചരണം നേടിയെടുത്തു. ഈ വിധമാണ് ആധുനിക പാശ്ചാത്യ മുതലാളിത്തം തങ്ങളുടെ ഉപഭോഗാര്‍ത്തിയുടെ പരസ്യവാചകമാക്കാന്‍ സ്ത്രൈണനഗ്നതയെ കൂട്ടുപിടിച്ചത്. ഈ പ്രചരണം ഇന്ത്യ പോലുള്ള മൂന്നാം ലോകരാഷ്ട്രങ്ങളില്‍ പോലും സ്വാധീനം നേടുകയും അല്പവസ്ത്രധാരണം പുരോഗമന വീക്ഷണത്തിന്റെ ചിഹ്നമായി മാറുകയും ചെയ്തു. നവഫ്യൂഡലിസത്തിന്റെ ഡ്രസ്കോഡാണ് ഈ വിധം പുനരവതാരം നേടിയിരിക്കുന്നത്.

പര്‍ദ്ധ എന്ന പേരിലുള്ള പ്രത്യേക വസ്ത്രം തന്നെ സ്ത്രീകള്‍ ധരിക്കണമെന്ന് ഇസ്ലാം ശഠിക്കുന്നില്ല. ( പര്‍ദ എന്ന പദത്തിനു തന്നെ പേര്‍ഷ്യന്‍ ഉല്‍പ്പത്തിയണുള്ളത് ). മാറിടം മറക്കുന്നതും അംഗലാവണ്യം തെളിയിച്ചുകൂടാത്തതുമായ മാന്യമായ ഏത് വസ്ത്രവും സ്ത്രീക്ക് ധരിക്കാവുന്നതാണ്. ഷേര്‍വാണിയും കുര്‍ത്തയും തൊപ്പിയുമൊക്കെ മുസ്ലീംകള്‍ ധരിക്കുന്നത് അതത് പ്രാദേശിക സംസ്കാരങ്ങളുടെ സ്വാധീനഫലമായാണ്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വൈജാത്യങ്ങളും വൈവിധ്യങ്ങളും ഇസ്ലാം അംഗീകരിക്കുന്നുണ്ട്. പ്രാദേശികാചാരങ്ങള്‍ ഇസ്ലാമികാചാരങ്ങള്‍ക്ക് വിരുദ്ധമായില്ലങ്കില്‍ അതത് പ്രദേശങ്ങളില്‍ നിയമത്തിന്റെ സ്രോതസ്സായി അംഗീകരിക്കാവുന്നതാണെന്ന് മുസ്ലീം കര്‍മ്മശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഉര്‍ഫ് (നാട്ടാചാരം) എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഒരു പ്രത്യേക സാംസ്ക്കരിക സത്വം മുസ്ലീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്നില്ല. എന്നണിതിനര്‍ഥം. കോല്‍ക്കളി, കൈകൊട്ടിക്കളി എന്നിവ മുസ്ലീകളുടെ സംസ്ക്കാരവുമായി ബന്ധപ്പെടുന്നത് അവര്‍ കേരളീയമായത് കൊണ്ടാണ്. കേരളത്തിലെ പഴയ മുസ്ലീം പള്ളികളല്ലാം കേരളീയ വസ്തുശില്പ് മാത്ര്കയില്‍ നിര്‍മ്മിക്കപെട്ടതും ഇതുകൊണ്ട് തന്നെയാണ്. എന്നാല്‍ “പ്രവാചക പത്നിമാരെ നിങ്ങള്‍ മറ്റു വനിതകളെ പോലെയല്ല” എന്ന് പറഞ്ഞുകൊണ്ടാരഭിക്കുന്ന ഖുര്‍ആന്‍ സൂക്തത്തെ (33:32) മുഴുവന്‍ മുസ്ല്ലീം വനിതകള്‍ക്കുമായി സാമാന്യവല്‍ക്കരിച്ചുകൊണ്ട് സ്വവസതികളിലൊതിങ്ങിക്കഴിയാന്‍ സ്ത്രീകളെ മുഴുക്കെ പ്രേരിപ്പിക്കുകയാണ് മുസ്ല്ലീ യാഥാസ്തികത ചെയ്തത്.

ഇസ്ല്ലാമിലെ വസ്ത്രധാരണ രീതിലന്തര്‍ഭവിച്ച അടിസ്ഥാന തത്വങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. സ്ത്രീശരീരത്തിന്റെ ഉല്‍ഘോഷങ്ങളിലൂടെ ഭോഗാസക്തനായ പുരുഷന്റെ താല്പര്യം സംരക്ഷിക്കപ്പെടരുതെന്ന് നിനച്ചുകൊണ്ട് അന്യരില്‍ രതിവികാരം ഉണര്‍ത്തും വിധം വസ്ത്രധാരണം നടത്തുന്നതിനെയാണ് ഇസ്ല്ലാം തടയുന്നത്. ബുര്‍ഖയോ പര്‍ദ്ധയോ ആവണമെന്ന ശാഠ്യം ഇവിടെയില്ല.

ആധുനികയുഗത്തില്‍ അരങ്ങേറുന്ന സാംസ്കാരിക യുദ്ധത്തിന്റെ പ്രതീകമായി പര്‍ദ്ധ അരങ്ങേറുന്നതില്‍ ചില ചരിത്രവസ്തുതകളുണ്ട്. കൊളാണിയല്‍ യുഗത്തില്‍ പാശ്ചാത്യവല്‍ക്കരണ പ്രക്രിയക്കും കൊളൊണിയല്‍ ഭീകരതക്കുമെതിരായ പ്രതിഷേധത്തിന്റെ സാസ്ക്കാരിക പ്രകടനം എന്ന നിലയില്‍ മുസ്ലീം നാടുകളില്‍ പര്‍ദ്ധ ഉപയോഗിക്കപ്പെട്ടിരുന്നു. ഷാ മുഹമ്മദ് റിസാപഹ് വലി എന്ന അമേരിക്കല്‍ പാവയുടെ നിഷ്ഠൂര ഭരണത്തിനെതിരായ പോരാട്ടത്തില്‍ 1970കള്‍ മുതല്‍ പര്‍ദ ധരിച്ച സ്ത്രീകളുടെ പ്രകടനം ഇറാനില്‍ അരങ്ങേറിയതിന്റെ പശ്ചാത്തലമാണിത്. സര്‍വ്വതും തുറന്നുകാട്ടുന്ന വിധം പാശ്ചാത്യനാടുകളില്‍ വസ്ത്രധാരണ രീതി വികസിച്ചു വന്ന പ്രവണതയ്ക്കെതിരായ പ്രതിഷേധം കൂടി ഇതുലുണ്ടായിരുന്നു. സ്ത്രീകളെ ഭോഗവസ്തുക്കളും കച്ചവടച്ചരക്കുമാക്കുന്ന വിധത്തിലുള്ള പ്രത്യേകതരം ഫെമിനിസത്തിനു പിന്നില്‍ കച്ചവട താല്‍പര്യങ്ങളുണ്ടായിരുന്നു എന്ന ക്രയ്ത്യമായ് തിരിച്ചറിവ് ഈ പര്‍ദ്ധാ പ്രകടനക്കാര്‍ക്കുണ്ടായിരുന്നു. പശ്ചാത്യവല്‍ക്ര്ത ചിന്താ പ്രവണതകളുടെ സ്വാധീനവലയത്തില്‍ പെട്ടവരെ അടിച്ചമര്‍ത്തി നിര്‍ത്താന്‍ പര്‍ദ്ധ ഒരു പ്രതീകമായ പശ്ചാത്തലവുമിതു തന്നെയാണ്. പടിഞ്ഞാറും ഇസ്ലാമും തമ്മിലുള്ള സംഘട്ടനങ്ങളിലൊന്നായി ഇതിനെ ചുരുക്കിക്കെട്ടാനായിരുന്നു. ഇസ്ലാമൊഫോബുകളുടെയെന്ന പോലെ മുസ്ലീം യാഥാസ്തികതയുടെയും ശ്രമം.

അതെസമയം, പൊതുമണ്ഡലത്തില്‍ നിന്ന് സ്ത്രീകള്‍ പറ്റെ ഒഴിവാക്കപ്പെടുന്ന വിധം, സ്ത്രീ വിരുദ്ധമായ ഉള്‍ക്കാമ്പോടെ പര്‍ദ സമ്പ്രദായത്തെ വ്യാഖ്യാനിക്കുന്ന പ്രവണത മുഖ്യധാരാവത്ക്ര്തമായൈ മാറി. ഖുര്‍ആനിക ലിംഗനീതി സങ്കല്പത്തെയാണ് ഇത് അട്ടിമറിച്ചുകളയുന്നത്. മനുഷ്യോല്‍പ്പത്തിയുടെ ചരിത്രപരവും നരവംശശാസ്ത്രപരവുമായ തുല്യത ഖുര്‍ആന്‍ ക്ര്ത്യമായി ഉദ്ഘോഷിച്ചിട്ടുള്ളതാണ്. (4:1, 2:35, 49:19). മാനസിക ഐക്യത്തെയും സൗ‍ഹ്ര്തത്തെയും സാമൂഹിക നീതിയെയും കുറിക്കുന്ന വചനങ്ങളിലും ലിംഗനീതിയുടെ ഭാഷ ഖുര്‍ആന്‍ മുറുകെപിടിക്കുന്നത് കാണാം (4:58, 3:103, 10:19). ദാമ്പത്യത്തെ പരസ്പരം വസ്ത്രങ്ങള്‍ കണക്കെയുള്ളതും (2:187), പരസ്പരം സായൂജ്യം കണ്ടെത്തുന്നതുമായി (30:21) വിശേഷിപ്പിച്ചിരിക്കുന്നു. ലിംഗനീതിയെ ഊന്നിപ്പറയാനെന്നവിധം ‘സ‍ൗജ്’ എന്ന പദമാണ് ദമ്പതികളെ പരാമര്‍ശിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് ( 36:36, 42:11, 78:8, 53:45, 75:39)

ഒന്ന് മറ്റൊന്നില്‍ നിന്നുള്ളവരായണ് രണ്ട് ലിംഗവിഭാഗങ്ങളും സ്ര്ഷ്ടിക്കപ്പെട്ടിരിക്കുന്നത് ( 3:195). ഒരൊറ്റ സൂക്തം മാത്രം മതി ലിംഗ നീതിയുടെ ഖുര്‍ആനിമാനം വെളിവാകാന്‍: “സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്പിക്കുന്നു. തിന്മ വിരോധിക്കുന്നു” (9:71). പ്രവാചകനുമായി സംവദിക്കുന്ന സ്ത്രീകളെപ്പോലും ഖുര്‍ആന്‍ ചിത്രീകരിക്കുന്നതും (58:1-4) രാഷ്ട്രീയാവകാശങ്ങളും (60:12) സാമ്പത്തികാവകാശങ്ങളും (4:32) ഊന്നിപ്പറയുന്നതും പൊതുമണ്ഡലത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന യാഥാസ്തിക സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കൊസിയുടെയും ടര്‍ക്കിഷ് മിലിട്ടറി ജുണ്ടയുടെയും ഹിജാബ് വിരുദ്ധ നയം താലിബാന്റെ പര്‍ദാ നിര്‍ബന്ധവല്കരണവും സാംസ്ക്കരിക ഭീകരവാദങ്ങളാണ്. മനുഷ്യാവകാശങ്ങളുടെ ചരിത്രം ഇത്തരം പ്രവണതകളുടെ അന്തസ്സാര ശൂന്യത വെളിവാക്കിയിട്ടുള്ളതാണ്. എന്നാല്‍ വെറുപ്പും വിദ്വേഷവും മാത്രം കൈമുതലാക്കി പ്രത്യേക വിഭാഗങ്ങളെ കുറ്റവാളികളായി മാറ്റുംവിധം നിയമങ്ങളുണ്ടാക്കുന്ന പ്രവണതയെ നീതി പുലരുന്ന നാളുകളെ സ്വപ്നം കാണുന്ന സകലരും എതിര്‍ക്കുക തന്നെ വേണം.

2 പ്രതികരണങ്ങള്‍:

mukthaRionism said...

ഈ ശ്രമത്തിന് ആശംസകള്‍...

Unknown said...

Good attempt...
Continue..

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്