Wednesday, February 17, 2010

അവകാശം ചോദിച്ചാല്‍ കലാപമുണ്ടാകുമോ?

എമ്മാര്‍

അവകാശം ചോദിച്ചുവരുന്ന കീഴാളനെ കണ്ണുരുട്ടിപ്പേടിപ്പിച്ച്, കലാപകാരിയെന്ന് പേരു ചാര്‍ത്തി, ഒച്ചവെച്ച് ആളെക്കൂട്ടി ഓടിച്ചുവിടുന്ന സമ്പ്രദായം  മലയാളരാജ്യത്ത് പണ്ടുമുതലേ നടപ്പുള്ളതാണ്.  കൂടെയിരുന്ന് ഉണ്ണാനോ, നല്ല വാക്ക് പറയാനോ എന്തിന് ക്ഷേത്രത്തില്‍ കയറിച്ചെന്ന് ദൈവത്തോട് പരാതി പറയാന്‍ പോലുമോ അടിയാളന്മാരെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു നമ്മുടേത്.  അതിനെ ശക്തി സംഭരിച്ച്, നിവര്‍ന്ന് നിന്ന് ചോദ്യം ചെയ്തപ്പോള്‍ ‘വേണ്ട, കലാപം വേണ്ട’ എന്ന് ആജ്ഞാപിക്കുകയാണ് അധികാരി വര്‍ഗം ചെയ്തത്.  ഭൂസ്വത്ത് മുഴുക്കെ കൈയ്യടക്കിവെക്കുകയും പണിയെടുക്കുന്ന പാവങ്ങളുടെ മേല്‍ അമിതമായ ചുങ്കവും ഭാരവുമടിച്ചേല്പിക്കുകയും ചെയ്ത ഭൂപ്രഭുക്കള്‍ക്കും സവര്‍ണ്ണ ജന്മികള്‍ക്കുമെതിരെ, ക്ര്ഷിക്കാരായ മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നിലപ്പാണ് മലബാര്‍ ലഹള  എന്ന കാര്‍ഷികലഹള.  പക്ഷെ അതിനെ ജന്മി തമ്പുരാക്കള്‍ ‘വര്‍ഗീയ ലഹള‍‘ എന്ന് മുദ്ര ചാര്‍ത്തിയാണ് ചരിത്രത്തില്‍   ഒററപെടുത്തിയത്. 



നാം ഒരു മതേതര ജനാധിപത്യരാജ്യമായി മാറിയിട്ട് കൊല്ലം പത്തറുപത് കഴിഞ്ഞങ്കിലും പഴയ സവര്‍ണ ജന്മിമാരുടെ ആഡ്യഭാവത്തിന് കാലം കാര്യമായ പോറലൊന്നുമേല്പിച്ചിട്ടില്ലെന് വേണം കരുതാന്‍.  പഴയ ഭൂസ്വമിമാരെ ബ്രിട്ടീഷുകാര്‍ ചുങ്കം പിരിവും കെങ്കാണിപ്പണിയും നല്‍കി  പ്രീണിപ്പിച്ചു നിറുത്തി.  അവരുടെ പ്രേതങ്ങള്‍ തന്നെയാണോ ഇന്നും നമ്മുടെ ജുഡീഷ്യറിയും എക്സിക്യൂ‍ട്ടീവുമൊക്കെ വാണളരുളുക്കൊണ്ടിരിക്കുന്നത്? നമ്മുടെ ന്യായാസനങ്ങളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നുമൊക്കൊ പതിവായി കേള്‍ക്കുന്ന ശകാരങ്ങള്‍  പലപ്പോഴും  അങ്ങനെ തോന്നിപ്പിക്കുന്നതാണ്.  കഴിഞ്ഞ യു പി എ സര്‍ക്കറിന്റെ കാലത്ത് ഐ ഐ എമ്മും  ഐ ഐ ടിയുമടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണമേര്‍പ്പടുത്താനുള്ള ഒരു നിയമം കൊണ്ടുവന്നത് നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ടാകും.  ആ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പിന്നാക്കക്കാരുടെ കീഴാള ജനതയുടെ  ചങ്കില്‍ കുത്തുന്നതായിരുന്നു. ഇങ്ങനെ കണ്ടമാനം സംവരണം നല്‍കിയാല്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിഞ്ഞു പോകുമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്!  ഉന്നത കോഴ്സുകളിലൊന്നിലും, ഒരു ജാതിക്കാരനും നിശ്ചിത യോഗ്യതയില്ലാതെ പ്രവേശനം ലഭിക്കില്ലെന്ന് കോടതിക്ക് അറിയാഞ്ഞല്ല. അപ്പോള്‍ പിന്നെ കോടതി പറഞ്ഞതിന്റെ അര്‍ത്ഥം, മ്ലേച്ച സമുദായക്കാരന്‍ കയറി അശുദ്ധമാക്കാനുള്ളതല്ല നമ്മുടെ ‘സരസ്വതി ക്ഷേത്ര‘ങ്ങള്‍ എന്നു തന്നെയാണ്.  അവിടെ ഇരിക്കനുള്ള യോഗ്യത, ഉന്നതകുല ജാതീയര്‍ക്കുള്ളതാണ്.  ശാസ്ത്രം പഠിക്കാനുള്ള പണി, തോട്ടിയോ, ചെരുപ്പ് കുത്തിയോ ക്ഷുരകനോ പറ്റില്ലെന്ന് ചുരുക്കം.  ഏതായാലും ഈ കേസ്സ് വദിച്ചവന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കാന്‍  ഉത്തരവാകാത്തതിന് നാം ബഹുമാനപ്പെട്ട കോടതിയെ സ്തുതിക്കണം.


ഈ വിവാദ സന്ദര്‍ഭത്തില്‍ നമ്മുടെ ഇന്ദ്രപ്രസ്ഥത്തില്‍ നടന്ന നാടകങ്ങളും നാം ഓര്‍മിക്കുക.  ഇക്കാലമത്രയും  ഒരു കൊടിയോ, മുദ്രാവാക്യമോ കണ്ടിട്ടില്ലാത്ത സവര്‍ണ ജാതിക്കാരായ ചോക്കലേറ്റ് പയ്യന്‍സ് സര്‍ക്കാറിനെതിരെ കലാപക്കൊടി ഉയര്‍ത്തി. നിയമം നടപ്പാക്കിയാല്‍ ആത്മഹുതി ചെയ്യുമെന്ന് ഭീക്ഷണി ഉയര്‍ത്തി, കലാപം പൊട്ടിപ്പുറപ്പെടുമെന്ന് താക്കീതു നല്കി.  മണ്ഡല്‍ കാലത്ത്, ഭീക്ഷണി ഉയര്‍ത്തുക മാത്രമല്ല, സ്വയം തീക്കൊളുത്തി നടുറോഡില്‍ ആത്മഹുതി നടത്തുക തന്നെ ചെയ്ത പാരമ്പര്യവും അവര്‍ക്കുണ്ട്.

ഇടക്കിടെ ചങ്ങനാശ്ശേരിയില്‍ നിന്ന് വരുന്ന പ്രസ്താവനകള്‍ക്കും ഈയൊരു ടെച്ച് കാണാം.  മുമ്പൊരിക്കല്‍ നാരായണപണിക്കര്‍ പറഞ്ഞത്,  മുന്നോക്ക സുനാമി ആഞ്ഞടിച്ച് ന്യൂനപക്ഷങ്ങളെ കുത്തൊഴുക്കിക്കളയുമെന്നാണ്.   ന്യൂനപക്ഷങ്ങള്‍ ‘അനര്‍ഹമായി കയ്യടക്കി വെച്ച’ തൊണ്ടി മുതലുകളെക്കുറിച്ച് പണിക്കര്‍ ഉറക്കത്തു പോലും പറയും.  മന്നത്തു ജയന്തി ആഘോഷങ്ങളില്‍ സ്ഥിരമായി പ്രസംഗം നടത്തിവരുന്ന നേതാക്കള്‍ക്കും ഈയിടെയായി ഈ രോഗം പടര്‍ന്നിട്ടുണ്ട്.  എ കെ ആന്റ്ണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന കുപ്രസിദ്ധമാണല്ലോ.  ഈയിടെ മുന്നോക്ക സംവരണത്തിന് പച്ചക്കൊടി കാണിച്ചുകൊണ്ട് കേരള ഹൈക്കോടതി ബഞ്ച് നടത്തിയ പരാമര്‍ശങ്ങളൊട് പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ നടത്തിയ പ്രസ്താവനകളിലും നാരായണപണിക്കരുടെ സ്വരമാണ് നാം കേട്ടത്, വി എസ് അച്യുതാന്ദന് മുസ്ലീകള്‍ അനര്‍ഹമായതു നേടി എന്ന പരാതി മുമ്പേ ഉണ്ട്. ഗള്‍ഫില്‍  പോയും  കോപ്പിയടിച്ചും നേടിയതാണ് അവരുടെ നേട്ടങ്ങളെന്ന് അങ്ങേര് പണ്ടേ പറഞ്ഞതാണ്.  ഇപ്പോള്‍ സഖാവ് പാലോളി മുഹമ്മദ് കുട്ടിയും കണ്ണീര്‍ വാര്‍ക്കുന്നു.  മുന്നോക്കക്കാരിലെ ദാരിദ്ര്യാവസ്ഥയോര്‍ത്ത്!  

നരേന്ദ്രന്‍ കമ്മീഷന്‍  കേരളത്തിലെ പിന്നോക്ക സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയെതിനെ തുടര്‍ന്ന് സംവരണ നഷ്ടം പരിഹരിക്കാന്‍ വേണ്ടി കഴിഞ്ഞ യു ഡി ഫ് സര്‍ക്കാര്‍ ഒരു പാക്കേജ്  പ്രഖ്യാപിച്ചിരുന്നു. അതു തയ്യാറാക്കുന്ന സന്ദര്‍ഭത്തില്‍ ചങ്ങനാശ്ശേരിയില്‍ ഹാലിളക്കമുണ്ടായി.  നരേന്ദ്രന്‍ കമ്മീഷന്‍ നിര്‍ദേശം അംഗീകരിച്ചാല്‍ ‘വര്‍ഗ്ഗീയ കലാപ’മുണ്ടാകുമെന്ന് താക്കീതു വന്നു.  പേടിച്ചു പോയ പാവം,  നമ്മുടെ ഭരണാധികാരികള്‍ പണിക്കരുമായി സമവായ ചര്‍ച്ച നടത്തി മുന്നോക്കക്കാര്‍ക്കു കൂടി സംവരണം നല്കാമെന്ന് വാഗ്ദാനം നല്‍കി.  എന്നാല്‍ പിന്നോക്കകാരന്റെ സംവരണ നഷ്ടം നികത്തിയോ? അതുമില്ല! ആ ചുവടു പിടിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോല്‍ മുന്നോക്കക്കരിലെ പാവപ്പെട്ടവര്‍ക്ക് 10ശതമാനം  സംവരണം നല്‍കാന്‍ നിയമുണ്ടാക്കിയത്.  

ന‍ൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദളിതനും കീഴാളനും മുസ്ലീമാദി ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നീതി നല്കാനുള്ള വല്ല നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചാല്‍ കലാപമുണ്ടാക്കികളയുമെന്ന് പേടിപ്പിക്കുന്ന പണിക്കരുടെ വായ്ത്താരിക്കൊള്ളാം   പിന്നോക്കക്കാര്‍ക്കുവേണ്ടി നിലകൊള്ളേണ്ടവര്‍ പോലും മത സ‍ൗഹാര്‍ദമെന്നൊക്കെപ്പറഞ്ഞ് മുന്നോക്കക്കാരന് ഹ്ലല്ലേലുയ്യ പാടുന്ന അവസ്ഥ വന്നാലോ?  സത്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സംവരണ വിവാദമൊക്കെ ഉണ്ടായത് അത്തരമൊരു അനാവശ്യഭീതിയില്‍ നിന്നാണ്.

1 പ്രതികരണങ്ങള്‍:

അശ്രഫ് ഉണ്ണീന്‍ said...

അവകാശം ചോദിച്ചുവരുന്ന കീഴാളനെ കണ്ണുരുട്ടിപ്പേടിപ്പിച്ച്, കലാപകാരിയെന്ന് പേരു ചാര്‍ത്തി, ഒച്ചവെച്ച് ആളെക്കൂട്ടി ഓടിച്ചുവിടുന്ന സമ്പ്രദായം മലയാളരാജ്യത്ത് പണ്ടുമുതലേ നടപ്പുള്ളതാണ്....................

അതിനെ ശക്തി സംഭരിച്ച്, നിവര്‍ന്ന് നിന്ന് ചോദ്യം ചെയ്തപ്പോള്‍ ‘വേണ്ട, കലാപം വേണ്ട’ എന്ന് ആജ്ഞാപിക്കുകയാണ് അധികാരി വര്‍ഗം ചെയ്തത്. ഭൂസ്വത്ത് മുഴുക്കെ കൈയ്യടക്കിവെക്കുകയും പണിയെടുക്കുന്ന പാവങ്ങളുടെ മേല്‍ അമിതമായ ചുങ്കവും ഭാരവുമടിച്ചേല്പിക്കുകയും ചെയ്ത ഭൂപ്രഭുക്കള്‍ക്കും സവര്‍ണ്ണ ജന്മികള്‍ക്കുമെതിരെ, ക്ര്ഷിക്കാരായ മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നിലപ്പാണ് മലബാര്‍ ലഹള എന്ന കാര്‍ഷികലഹള. പക്ഷെ അതിനെ ജന്മി തമ്പുരാക്കള്‍ ‘വര്‍ഗീയ ലഹള‍‘ എന്ന് മുദ്ര ചാര്‍ത്തിയാണ് ചരിത്രത്തില്‍ ഒററപെടുത്തിയത്.

കൊല്ലം പത്തറുപത് കഴിഞ്ഞങ്കിലും പഴയ സവര്‍ണ ജന്മിമാരുടെ ആഡ്യഭാവത്തിന് കാലം കാര്യമായ പോറലൊന്നുമേല്പിച്ചിട്ടില്ലെന് വേണം കരുതാന്‍. പഴയ ഭൂസ്വമിമാരെ ബ്രിട്ടീഷുകാര്‍ ചുങ്കം പിരിവും കെങ്കാണിപ്പണിയും നല്‍കി പ്രീണിപ്പിച്ചു നിറുത്തി. അവരുടെ പ്രേതങ്ങള്‍ തന്നെയാണോ ഇന്നും നമ്മുടെ ജുഡീഷ്യറിയും എക്സിക്യൂ‍ട്ടീവുമൊക്കെ വാണളരുളുക്കൊണ്ടിരിക്കുന്നത്?....

മേലാളന്റെ ചന്കിന്നു തറക്കുന്ന അസ്ത്രങ്ങള്‍ .... നമ്മുടെ സമകാലികത്തെ ഇന്നും കലുഷമാകുന്നത് ‍ ആ ചെകുത്താന്‍ മാരുടെ പിന്‍ഗാമികള്‍ തന്നെ.. ഈ തങ്കപെട്ട ലേഖനത്തിലെ ഓരോന്നും ഇവന്മാരുടെയൊക്കെ ആസനതിലേക്ക് തൊടുത്തു വിട്ട കൂരമ്പുകള്‍ ആയാണ് എനിക്ക് തോന്നിയത്.
ഇത് പുനര്‍വായനക്ക് നല്‍കിയ താങ്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല... ഒരു പാട് നന്ദി.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്