Thursday, February 4, 2010

ഫാസിസം, മതഭീകരത, മതേതരത്വം


ഫാസിസം, മതഭീകരത, മതേതരത്വം 


ഡോ. കെ എന്‍ പണിക്കര്‍

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര് എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ്  അര്‍ത്ഥമാക്കുന്നത്.   ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന് പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്തന്നെ ഈ ചര്ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്ക്കല്‍ എത്തിനില്ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന് പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന് സമൂഹത്തില് കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള് വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള് ഇറ്റലിയിലോ ജര്മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്പ്പാണ് ഇത് എന്ന് ഞാന് അര്ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള് ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.
ഫാസിസ്റ്റ് പ്രവണതകള് മിക്കവാറും എല്ലാ രാജ്യങ്ങളിലും ദര്ശിക്കാന് കഴിയും. അതില് ചില രാജ്യങ്ങളില് ഫാസിസ്റ്റ് പ്രവണതയ്ക്ക് വിജയിക്കാന് കഴിഞ്ഞു. ജര്മ്മനി, ഇറ്റലി, സ്പെയിന് എന്നിവിടങ്ങളിലെപ്പോലെ വിജയിച്ച സ്ഥലങ്ങളുണ്ട്. മറ്റു ചില സ്ഥലങ്ങളില് ആ പ്രവണത വിജയിച്ചില്ല. എന്നാല് ആ പ്രവണത നിലനിന്നിരുന്നു.

ആ പ്രവണതകള് എന്തുകൊണ്ട് വിജയിച്ചില്ല എന്ന് അറിയണമെങ്കില് ആ പ്രവണതകളെ ചരിത്രവല്ക്കരിക്കുകയാണ് വേണ്ടത്. ഏത് യാഥാര്ത്ഥ്യത്തെയും മനസ്സിലാക്കണമെങ്കില് ആ യാഥാര്ത്ഥ്യത്തെ ചരിത്രവല്ക്കരിക്കണം. ഒന്നാം ലോക യുദ്ധത്തിനുശേഷം അവിടെയുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് യൂറോപ്പില് ഫാസിസത്തിന് വഴിയൊരുക്കിയത്. അത്തരം ഒരു സ്ഥിതിവിശേഷം ഇന്ത്യയില് ഉണ്ടായിരുന്നില്ല എന്നത് നമുക്ക് ഫാസിസത്തില്നിന്ന് രക്ഷപ്പെടാന് അവസരമുണ്ടാക്കി എന്നതാണ് യാഥാര്ത്ഥ്യം. അതുകൊണ്ട് ഫാസിസ്റ്റ് സ്വഭാവം വളര്ന്നുവരികയും എന്നാല് ആ ഫാസിസ്റ്റ് സ്വഭാവത്തിന് വിജയിക്കാന് കഴിയാതെ പോവുകയും ചെയ്ത ഒരു രാജ്യമാണ് ഇന്ത്യ. പക്ഷേ അതേസമയത്തുതന്നെ ഇന്ത്യയില് ഫാസിസം മടങ്ങിവരാനുള്ള, വര്ഗ്ഗീയത മടങ്ങിവരാനുള്ള സാധ്യത ഇനിയും നിലനില്ക്കുന്നുണ്ട്. മതേതരത്വത്തെ തോല്പിക്കാനുള്ള, വര്ഗീയത വിജയിക്കാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്.

2004ലും 2009നുശേഷവും ഫാസിസ്റ്റ് ശക്തികള് പരാജയപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. വാസ്തവത്തില് അത് ശരിയല്ല. 2004ലും 2009ലും സംഭവിച്ചത് ഇന്ത്യന് വര്ഗീയതയുടെ രാഷ്ട്രീയ പരാജയമാണ്. പക്ഷേ ഇന്ത്യന് വര്ഗീയതയുടെ സാംസ്കാരിക പരാജയമോ സാമൂഹ്യ പരാജയമോ പ്രത്യയശാസ്ത്ര പരാജയമോ സംഭവിച്ചിട്ടില്ല. ഇന്ത്യന് ഫാസിസത്തിന്റെ ശക്തി വാസ്തവത്തില് സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മതപ്രത്യയശാസ്ത്രത്തെ, കൈയടക്കിയതിലാണ്. അതിന് സാധിച്ചതിനുപിന്നില് വളരെ വലിയ ഒരു സംഘാടന ശക്തിയുണ്ട്.

പലപ്പോഴും പത്രങ്ങളില് എഴുതിക്കാണുന്നത് വിശ്വഹിന്ദു പരിഷത്തിനെയും ആര്എസ്എസിനെയും ഒക്കെക്കുറിച്ചാണ്. ഇന്ത്യന് ഫാസിസത്തെക്കുറിച്ച് പറയുന്ന പലരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്എസ്എസിന്റെയും ശക്തി ക്ഷയിച്ചുപോയി എന്നു പറയുന്നവരാണ്. അതുകൊണ്ട് ഹിന്ദുവര്ഗീയത, വര്ഗീയഫാസിസം ഇന്ത്യയില് അവസാനിച്ചിരിക്കുന്നു എന്നാണ് അവര് വിലയിരുത്തുന്നത്. വാസ്തവത്തില് അത് ഒരു വലിയ തെറ്റാണ്. ഈ കഴിഞ്ഞ പത്തുകൊല്ലങ്ങളില് വര്ഗ്ഗീയതക്കെതിരായ പ്രവര്ത്തനത്തിന്, മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്ത്തനത്തിന്, വളരെയധികം ശക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കാണാന് കഴിയും. 1995നും 99നും മുമ്പുണ്ടായിരുന്നതുപോലുള്ള പ്രവര്ത്തനങ്ങള് ഇന്ന് കാണാനാവുന്നില്ല. മതേതരപ്രവര്ത്തനങ്ങള് കുറഞ്ഞുപോയിരിക്കുകയാണ്.

മതേതര പ്രവര്ത്തനങ്ങള്‍ പുതിയ ഒരു മേഖലയിലേക്കും കടന്നുചെല്ലാത്ത ഒരവസ്ഥയും നമുക്ക് കാണാന് കഴിയും. വര്ഗീയശക്തികള് പരാജയപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലിന്റെ ഫലമാണിത്. പക്ഷേ വാസ്തവത്തില് ഈ കഴിഞ്ഞ പത്തു വര്ഷങ്ങളില് സാംസ്കാരികമായും സാമൂഹികമായും ഹിന്ദുവര്ഗീയതയുടെ ശക്തി വര്ദ്ധിച്ചിരിക്കുകയാണ്. നൂറുകണക്കിന് സംഘടനകളിലൂടെ, വര്ഗീയസംഘടനകളിലൂടെയാണ് അത് പ്രവര്ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ വര്ഗീയ സംഘടനകള് സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവയുടെ പേരുകളിലൂടെ ഇത് വര്ഗീയ സംഘടനയാണെന്ന് നമുക്ക് തിരിച്ചറിയാനാവില്ല. കേരളത്തില്തന്നെ എടുത്തുനോക്കുക-വിചാരകേന്ദ്രം എന്നുപറഞ്ഞാല് അത് ഒരു വര്ഗീയ സംഘടനയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ടാണ് വിചാരകേന്ദ്രം വിദ്യാഭ്യാസപദ്ധതികള് നടത്തുന്നത്. ഇത്തരം വിചാരകേന്ദ്രങ്ങള് പല പേരുകളില് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് പ്രവര്ത്തിക്കുന്നു. അവ ഒരര്ത്ഥത്തില് നമ്മുടെ സാമൂഹ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം മതേതര ചിന്തയാണ്, മതേതര ഭാഷയാണ് പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള് ആ ഭാഷ പലപ്പോഴും വര്ഗീയതയുടെ ഭാഷയായി മാറുന്നത്.

ഈ വര്ഗീയതയുടെ ഭാഷ നമ്മില് എത്തിച്ചേരുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. നാം കരുതിക്കൂട്ടി ചെയ്യുന്നതല്ല. അത് നമ്മിലേക്ക് ഇറങ്ങിവരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയില് ഫാസിസത്തിന്റെ ശക്തി കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയുമ്പോള് ഈ ആശയസ്വാധീനത്തെക്കുറിച്ച് നാം കണക്കിലെടുക്കേണ്ടതാണ്.

ഇത് ഇന്ത്യയുടെ രാഷ്ട്രീയ വിശകലനം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ പ്രശ്നമാണ് എന്ന് ഞാന് കരുതുന്നു. പക്ഷേ ദൌര്ഭാഗ്യവശാല് മതേതരശക്തികള്, മതേതര സംഘടനകള് ഈ പ്രവണതകളെ നേരിടുന്നതില് ഒരതിര്ത്തിവരെ വിജയിക്കാതിരിക്കുകയാണ്. രാഷ്ട്രീയമായ വിജയം ഉണ്ടാകുമ്പോള് അതേ സമയംതന്നെ ഈ സമവാക്യവുമായി പ്രവര്ത്തനത്തിന്റെ പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലാന് നമുക്ക് കഴിയുന്നില്ല.

അതുകൊണ്ട് മതേതരത്വം തൊടാത്ത വലിയൊരു മണ്ഡലം, ഫാസിസ്റ്റ് ആശയങ്ങള് കീഴടക്കിയ വലിയ ഒരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട്. ആ മണ്ഡലത്തിലേക്ക് എങ്ങനെയാണ് നാം കടന്നുചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. അവിടെ മതേതര ആശയം കൊണ്ടു ചെല്ലുമ്പോള്, യുക്തിവാദംകൊണ്ടു ചെല്ലുമ്പോള് അത് കേള്ക്കാന് ആരും തയ്യാറല്ല. ഉത്തരപ്രദേശിന്റെയോ ബിഹാറിന്റെയോ രാജസ്ഥാനിന്റെയോ ചരിത്രം നോക്കുകയാണെങ്കില് ഇത് നിങ്ങള്ക്ക് കാണാന് കഴിയും. കേരളത്തിനെയും ബംഗാളിനെയും ഒരു പരിധിവരെ തമിഴ്നാട്ടിനെയും ഒഴിച്ചുനിര്ത്തിയാല് അത്തരം പുരോഗമന ആശയങ്ങള്, യുക്തിചിന്ത, കടന്നുചെല്ലാത്ത വലിയ ഒരു മണ്ഡലമാണ് ഇന്ത്യയിലുള്ളത്. ഇതില്നിന്ന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്ത്ഥ്യം.

അതുകൊണ്ട് മതേതരത്വത്തിന്, ഫാസിസത്തിനെതിരായ സമരത്തിന്, ഒരു പുതിയ രീതി നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ രീതി എന്താണ്, പുതിയ ഉപകരണങ്ങള് എന്താണ,് പുതിയ ഭാഷ എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്ലാതെ മതേതരത്വത്തിന് ഫാസിസത്തെ തോല്പിക്കാന് കഴിയുകയില്ല.

1947ല് മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല് പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ആര്ക്കും സംശയമുണ്ടായിരുന്നില്ല. ഇന്ന് നാം മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഒരു സമരമുഖമായാണ്; ഫാസിസത്തിനെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്; വര്ഗീയതയ്ക്കെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്. അതുകൊണ്ട് മതേതരത്വത്തെ ഒറ്റപ്പെടുത്തി നമുക്ക് കാണാനാവില്ല. അതുകൊണ്ട് മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്ത്തനത്തിന് എന്തു സംഭവിക്കണം എന്ന ചോദ്യം ചോദിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇതിനെ അഭിമുഖീകരിക്കാന് കഴിയൂ.

ഈ വിഷയത്തിന് ഉത്തരം നല്കുന്നതിനുമുമ്പ് ഭീകരതയെക്കുറിച്ച് ചിലത് പറയാം. ഞാന് ഏതാനും മാസങ്ങള്ക്കുമുമ്പ് പാകിസ്ഥാനില് പോയിരുന്നു. രണ്ട് മൂന്ന് വര്ഷത്തിനുമുമ്പ് ഞാന് അവിടെ പോയപ്പോള് ഉണ്ടായിരുന്ന സമാധാനത്തിന്റെ അന്തരീക്ഷം അല്ല ഇന്ന് അവിടെയുള്ളത്. സംഘര്ഷത്തിന്റെ, ഭയത്തിന്റെ ഒരന്തരീക്ഷമാണ് ഇന്നവിടെ നിലനില്ക്കുന്നത്. താലിബാന് ഇസ്ളാമാബാദിലേക്ക് വരുന്നു എന്ന ഭീതിയാണ് ഇന്നവിടെയുള്ളത്. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില് സംഘര്ഷം ഉണ്ടാകില്ല എന്ന ഒരു പ്രതീക്ഷയാണ് അവിടെ ആളുകള്ക്കുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാരായ ഞങ്ങളും പാകിസ്ഥാന്കാരായ ചിലരും ഒത്തുചേര്ന്നുള്ള ഒരു പൊതുചര്ച്ച സംഘടിപ്പിക്കപ്പെട്ടത്. ആ ചര്ച്ചയുടെ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു.

ഞാന് അവിടെ പറഞ്ഞത,് ഇന്ത്യയും പാകിസ്ഥാനും ചരിത്രം വിസ്മരിക്കുക എന്നാണ്. കാരണം, പാകിസ്ഥാനില് പഠിപ്പിക്കുന്നത് പൂര്ണമായും വര്ഗീയമായ പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും 1946-47 കാലത്തെ ചരിത്രത്തെ സംബന്ധിച്ച പാഠങ്ങള്. അതുകൊണ്ട് ഞാന് പാകിസ്ഥാനിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രം വിസ്മരിച്ച് നാം ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക എന്നാണ്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇന്ത്യയിലെയും ചരിത്രകാരന്മാര് ഇരുന്ന് ഒരുമിച്ച് ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക, അത് നമ്മുടെയെല്ലാം കുട്ടികള് പഠിക്കുകയും ചെയ്യുകയെന്നാണ് ഞാന് പറഞ്ഞത്.

ഇന്ന് ചരിത്രംകൊണ്ട് ഭീകരതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരണം പാകിസ്ഥാനിലും ഇന്ത്യയിലും വലിയൊരു വിഭാഗത്തിനെതിരെ ഭീകരതയുടേതായ വെറുപ്പ് സൃഷ്ടിക്കുന്നതിനാണ് ഇന്ന് ചരിത്രത്തെ ഉപയോഗിക്കുന്നത്. ഭീകരത വെറുപ്പിന്റെ ഭാഗമാണ്. വെറുപ്പ് അതിന്റെ അടിസ്ഥാനപരമായ സ്വഭാവമാണ്. അതുകൊണ്ട് ഈ വെറുപ്പിനെ മാറ്റണമെങ്കില് ഈ ചരിത്രത്തെ തിരിച്ചറിയേണ്ടത്, പുനര് നിര്മ്മിക്കേണ്ടത് ആവശ്യമാണ്. അതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന് സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന് ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള് പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള് ഉണ്ട്. വര്ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്ത്തനമെന്നാണ്.

കഴിഞ്ഞ 10 കൊല്ലം ഇന്ത്യയുടെ സമൂഹത്തില് ഭീകരത വളര്ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്ഗീയ കലാപങ്ങളില് ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002-ല് ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില് ചരിത്രത്തില് ആദ്യമായിട്ടുള്ളതാണ്. ഖണ്ഡമാല്ലില് ഉണ്ടായ ക്രൂരത അതിനുമുമ്പ് ഉണ്ടാവാത്തതാണ്. ഈ വര്ദ്ധിച്ച ക്രൂരത - അതാണ് ഇവിടെ നമ്മുടെ സമൂഹത്തില് സംഭവിച്ച മാറ്റം. നമുക്ക് അതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്ത അവസ്ഥ ഉണ്ടായി. ടീരശല്യ വമ യലലി യൃൌമേഹശലെറ. സമൂഹം ക്രൂരതയില് അകപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം കടന്നുവന്നിരിക്കുകയാണ്.

അതുകൊണ്ട് ഭീകരതയെക്കുറിച്ച് ചിന്തിക്കുമ്പോള് ബോംബെയെക്കുറിച്ചോ ഇസ്ളാമാബാദിനെക്കുറിച്ചോ ചിന്തിക്കുന്നതിനെക്കാള് നാം നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന് മാറ്റമുണ്ടാകാതെ ഈ ക്രൂരത, ഈ ഭീകരത അവസാനിക്കാന് പോകുന്നില്ല.

രണ്ടാമതായി നാം ഭീകരതയെക്കുറിച്ച് പറയുമ്പോള്, ഇന്ത്യന് ഭരണാധികാരികള് പാകിസ്ഥാനെയോ അഫ്ഗാനിസ്ഥാനെയോ കുറ്റപ്പെടുത്തുമ്പോള് യഥാര്ത്ഥത്തില് നാം ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടത്. ലോകത്തില് ഭീകരാക്രമണം ഉണ്ടായിട്ടില്ലാത്ത ചുരുക്കം ചില രാജ്യങ്ങള് മാത്രമേ ഉള്ളൂ. എന്നാല് അവയില് പലതിലും രണ്ടാമതൊരു ആക്രമണം ഉണ്ടായിട്ടില്ല. ഈ രണ്ടാമത് ആക്രമണം ഉണ്ടായ രാജ്യങ്ങള് ഇന്ത്യയും പാകിസ്ഥാനുമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇതില് നമ്മുടെ ഭരണകൂടത്തിന്റെ, നമ്മുടെ ഇന്റലിജെന്സ് സംവിധാനത്തിന്റെ കുറ്റവും കുറവുകളുമുണ്ട്. അതുകൊണ്ട് ഭീകരതയെ ഭരണകൂടം ആക്രമിച്ചതുകൊണ്ട്, വാക്കുകള്കൊണ്ട് ആക്രമിച്ചതുകൊണ്ട് മാത്രമായില്ല. സാമൂഹ്യമായും രാഷ്ട്രീയമായും ആക്രമിക്കാന് നമുക്ക് സാധിക്കണം.

പ്രധാനമായി മതേതര അവബോധം സമൂഹത്തില് സൃഷ്ടിക്കാന് എന്തുചെയ്യാന് കഴിയും എന്നതാണ് പ്രശ്നം. അതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യാന് നമുക്ക് കഴിയുമോ?

രണ്ടുതരത്തില് ഇതിനെക്കുറിച്ച് ചിന്തിക്കാന് കഴിയും. ഒന്ന് വര്ഗീയതയെ ഇല്ലാതാക്കാന്, മതേതരത്വത്തെ സൃഷ്ടിക്കാന് ഭരണകൂടത്തിന് എന്തുചെയ്യാന് കഴിയും? അല്ലെങ്കില് ഭരണകൂടം എന്തുചെയ്യണം? ഫെബ്രുവരി 3, 4 തീയതികളില് ഒരു അഖിലേന്ത്യാ കണ്വെന്ഷന് ചേരുന്നുണ്ട്. വര്ഗീയതയെ നേരിടുന്നതിനുള്ള നിയമം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നതിനാണ് കണ്വെന്ഷന്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അത്തരം ഒരു ബില്ല് ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു; പക്ഷേ ആ ബില്ല് വര്ഗീയതയെ കൂടുതല് സഹായിക്കുന്നതായതുകൊണ്ട് സിവില് സമൂഹത്തിലെ വലിയൊരു വിഭാഗം ആ ബില്ലിനെ എതിര്ക്കുകയും അതുകൊണ്ട് ആ നിയമം പാസാകാതെ പോവുകയും ചെയ്തു. ഇന്ന് വീണ്ടും അതിന് ശ്രമിക്കുന്നു. അപ്പോള് അതിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യന് സമൂഹം ചര്ച്ചചെയ്തേ തീരു.

അതിന്റെ സ്വഭാവം വര്ഗീയതയുടെ ശക്തി വര്ദ്ധിപ്പിക്കാന് പറ്റുന്ന തരത്തിലുള്ളതാണ് എങ്കില് അത്തരം ഒരു നിയമത്തിന്റെ ആവശ്യമില്ല. ഈ നിയമം ആവശ്യമായി വരുന്നത് നമ്മുടെ സമൂഹത്തില് പരിവര്ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതുണ്ടാകുമോ എന്ന പ്രശ്നം നിലനില്ക്കുന്നു. കാരണം കഴിഞ്ഞ തവണ നിയമമുണ്ടായപ്പോള് ഇന്നത്തെ വൈസ്പ്രസിഡന്റ് ഉള്പ്പെടെയുള്ള പ്രശസ്തരായ 70 ആളുകള്, എങ്ങനെയായിരിക്കണം നിയമം എന്ന് പറയുകയുണ്ടായി. അവര് ചില നിര്ദ്ദേശങ്ങള് അവതരിപ്പിച്ചിരുന്നു. പക്ഷേ ആഭ്യന്തരമന്ത്രി അതില് ഒന്നുപോലും സ്വീകരിക്കുകയുണ്ടായില്ല. ഇന്ന് ആഭ്യന്തരമന്ത്രി മറ്റൊരാളാണ്. അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം വരാന് സാധ്യതയുണ്ടോ എന്ന് നമുക്ക് തീര്ച്ചയായും ചിന്തിക്കാം.

രണ്ട് കാര്യങ്ങള് നാം മനസ്സില് സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്ന് ഇന്ത്യന് ഭരണകൂടത്തിന്റെ, ഭരണവര്ഗത്തിന്റെ പ്രത്യയശാസ്ത്രം വര്ഗീയതയാണ്. വര്ഗീയമായ ഭരണകൂടമല്ല, എന്നാല് വര്ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടമാണ്. രണ്ടാമതായി ഇന്ത്യയുടെ ആധുനിക ചരിത്രം പരിശോധിച്ചാല്തന്നെ വര്ഗീയതയുടേതായ ഒരു അടിയൊഴുക്ക്, ഹിന്ദുത്വത്തിന്റേതായ ഒരു അടിയൊഴുക്ക് നമുക്ക് മിക്കവാറും എല്ലാ കാര്യങ്ങളിലും കാണാനാവും. ഈ രണ്ട് കാര്യങ്ങളും നിലനില്ക്കുന്ന സന്ദര്ഭത്തില് വാസ്തവത്തില് ഒരു മതേതരമാറ്റം സംഭവിക്കാന് ഇടയില്ല.

ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില് നമ്മുടെ പൊതു സമൂഹത്തില് മതേതരത്വം സാധ്യമല്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജവഹര്ലാല് നെഹ്റു. പക്ഷേ, പിന്നീട് നമ്മുടെ ഭരണകൂടം പല സന്ധികളും ചെയ്തതുകൊണ്ട് മതേതരത്വത്തിന് പല പാളിച്ചകളും പറ്റി.

നമ്മെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് എന്തുചെയ്യാന് കഴിയും എന്നതാണ്. നമ്മുടെ പൊതുമണ്ഡലത്തില് മതേതരത്വം സൃഷ്ടിക്കുന്നതിന് ചില സാമൂഹ്യ ഇടപെടലുകള് ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്ത്യയില് നിലനില്ക്കുന്ന ആയിരക്കണക്കിന് സംഘടനകളെ ഉപയോഗിച്ചുകൊണ്ട്, നിലവിലുള്ളവയെ ഉപയോഗിച്ചുകൊണ്ട്, അല്ലാത്തിടത്ത് അത് സൃഷ്ടിച്ചുകൊണ്ടാണ് ആ സാമൂഹ്യ ഇടപെടല് നടത്തേണ്ടത്, സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടത്. ആ പൊതുമണ്ഡലത്തിലാണ് വര്ഗീയത നിലനില്ക്കുന്നത്. അതിനെ ഇല്ലാതാക്കണമെങ്കില് ഒരു വലിയ പ്രസ്ഥാനം, ചെറിയ ചെറിയ സംഘടനകളുടെ ഒരു വലിയ പ്രസ്ഥാനംതന്നെ, ഉണ്ടാകേണ്ടതാണ്. അത് എനിക്കും നിങ്ങള്ക്കും ചെയ്യാന് കഴിയുന്നതാണ്; നമ്മുടെ അയല്പക്കത്ത് ചെയ്യാന് കഴിയുന്നതാണ്. അത്തരത്തിലുള്ള പ്രവര്ത്തനം, വാസ്തവത്തില് വളരെ വലിയ രാഷ്ട്രീയ പ്രവര്ത്തനമാണ്.

സംസ്കാരമെന്നത് രാഷ്ട്രീയത്തില്നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്കാരവും രാഷ്ട്രീയവും തമ്മില് ഒത്തുചേര്ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനുവേണ്ടിയുള്ള പ്രവര്ത്തനത്തിന് നാം തയ്യാറാകേണ്ടതാണ്. അങ്ങനെ ചെയ്താല് മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്ഗീയതയെ തോല്പിക്കാനും ഭീകരതയെ അടിച്ചമര്ത്താനും നമുക്ക് സാധിക്കുകയുള്ളു.

കടപ്പാട്:  ചിന്ത വാരിക
പുനര്‍വായനക്കായ് അയച്ചുതന്നത് MTM മാസ്റ്റര്‍

4 പ്രതികരണങ്ങള്‍:

Prinsad said...

ശ്രീ കെ എന്‍ പണിക്കരുടെ ഈ ലേഖനം കാലികപ്രസ്കതവും പുനര്‍വായിക്കപെടേണ്ടതുമാണ്. ചിന്തവാരികയില്‍ എഴുതിയ ഈ ലേഖനം ബൂലോകത്ത് ഇതിനു മുന്‍പ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദാഹരണം വര്‍ക്കേഴ്സ് ഫോറത്തില്‍. പിന്നെ എന്തിനാണ് വീണ്ടും ഇവിടെ പോസ്റ്റിയതെന്നായിരിക്കും! ഈ ലേഖനം പുനര്‍വായനയിലെ കഴിഞ്ഞ ചില പോസ്റ്റുകളുമായ് കൂട്ടിവായിക്കപെടേണ്ടതായി തോന്നി. അത്രമാത്രം.

Prinsad said...
This comment has been removed by the author.
Prinsad said...

"എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന് സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന് ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള് പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള് ഉണ്ട്. വര്ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്ത്തനമെന്നാണ്"

February 4, 2010 9:34 PM

Noushad Vadakkel said...

Also we feel terrorism in two types. Open and hidden. We always blame open terrorism and don't see the hidden terrorism, because they are in behind of a beautiful masks like political parties. But their controls in religious 'terrorist's' hand
interesting story prinsad... Thanks.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്