Tuesday, April 27, 2010

ആഭരണമോ സ്വര്‍ണച്ചങ്ങലകളോ?


എമ്മാര്‍
ഇക്കഴിഞ്ഞ വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ (മാര്‍ച്ച്‌ 7) മതപ്രബോധകരായ ചില മുസ്‌ലിം സ്‌ത്രീകള്‍ കൂടിയിരുന്ന്‌ നടത്തിയ ഒരു ചര്‍ച്ച ശ്രദ്ധിക്കാനിടയായി. സ്‌ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വേദനകളാണ്‌ അതില്‍ പുറത്തുവരുന്നത്‌. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന്‌ മറന്നുപോകുന്നവരാണ്‌ സ്‌ത്രീകളിലധികവും. മുസ്‌ലിം സ്‌ത്രീകളുടെ കാര്യവും ഭിന്നമല്ല. നന്നേ ചെറുപ്പത്തില്‍ തന്നെ യൗവനത്തിന്റെ എല്ലാ മധുരാനുഭവങ്ങളും തീര്‍ന്ന്‌, കുടുംബപ്രാരാബ്‌ധങ്ങളുടെ ഭാരം പേറി അകാലവാര്‍ധക്യം വരിക്കുകയാണ്‌ അവരില്‍ അധികവും. പഠിക്കാന്‍ മിടുക്കുള്ള പെണ്‍കുട്ടികള്‍ക്കുപോലും, ഇടക്ക്‌ പഠനം മതിയാക്കി കല്യാണത്തിന്‌ കഴുത്തു നീട്ടിക്കൊടുക്കേണ്ടിവരുന്നു. കാരണം `ഇരുപതു പിന ്നിട്ട'വരെ കെട്ടാന്‍ പുരുഷന്മാരെ കിട്ടാതായിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക്‌ പതിനെട്ടു കഴിയുന്നതോടെ അവരുടെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ്‌ കൂടിക്കൊണ്ടിരിക്കുന്നു.

Tuesday, March 30, 2010

മുസ്ലീം നവോത്ഥാനം പുനര്‍വായിക്കപെടുമ്പോള്‍


പി എം എ ഗഫൂര്‍

തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥാപിത പ്രവൃത്തിയെന്നതിലുപരി, ജീവിക്കുന്ന കലത്തോടും സമൂഹഗതികളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് നവോത്ഥാനം യാഥാര്‍ഥ്യമാവുന്നത്.  സാമൂഹികാവസ്ഥകളുടെ നിറഭേദങ്ങളോടെല്ലാം സക്രിയമായി പ്രതികരിക്കുന്നതിന്റെ പേരായി നവോത്ഥാനം മാറുന്നത് അങ്ങിനെയാണ്. കാലത്തോടും ലോകത്തോടുമൊപ്പമെത്താന്‍ സമൂഹത്തിന് വെളിച്ചം പകരലാണത്.  കാലത്തോടൊപ്പം കഴിയുമ്പോഴും കാലത്തിനും മുകളിലേക്ക് സ്വപ്നങ്ങള്‍ വിതറലാണത്.  ‘നവോത്ഥാനം’  എന്നൊരു പദം നവോത്ഥാന നായകരുടെ രചനകളിലൊന്നും കാണാനില്ല.  പദപ്രയോഗത്തെക്കുറിച്ച വ്യഗ്രതയെക്കാളേറെ, അതിന്റെ സാക്ഷാത്കാരത്തിനുള്ള ഉദ്യമങ്ങളായിരുന്നു  അവര്‍ക്ക് പ്രിയം പുതിയ കാലത്തെ ‘നവോത്ഥാന’ പ്രവര്‍ത്തനങ്ങള്‍ പദങ്ങളിലേക്കുള്ള ചുരുക്കെഴുത്തായി ചെറുതായിപ്പോവുകയും സാക്ഷാത്കാരം വിസ്മരിക്കപ്പെടുകയും ചെയ്യുന്നുവോ എന്ന ആശങ്കാജനകമായ ആത്മവിമര്‍ശനമാണ് നവോത്ഥാന പുനര്‍വായനയില്‍ ഒന്നാം പേജാവേണ്ടത്.  

Friday, March 19, 2010

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക?



കെ. പി രാമനുണ്ണി

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? മുസ്ലീംകളെ ഉദ്ദേശിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.  രണ്ടായിരത്തില്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെഞ്ചമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്റെ അതിഥിയായി കോഴിക്കോട്ട് വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നാല്പത് ശതമാനത്തോളം മുസ്ലിംകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അത്ഭുതത്തോടെ എന്നെ നോക്കി തിരക്കി. "How do you manage with these people?"
അത്യവശ്യം  മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടി കിട്ടാതെ അമ്പരന്നുപോയി. അഫ്ഗാനിസ്താനിലെ പുസ്തു വംശജയും മുസ്ലിമുമായ ആമിനയും ഭര്‍ത്താവിന്റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണ് ചെയ്തത്.

Wednesday, March 10, 2010

ആ വഹാബികളല്ല ഈ വഹാബികള്‍

എം.എന്‍.കാരശ്ശേരി

ഈയിടെ മുന്‍ കേന്ദ്രമന്ത്രിയും നിയമപണ്ഡിതനുമായ രാം ജത്മലാനി നടത്തിയ പ്രസംഗം എന്താണ് ‘വഹാബിസം’, മതഭീകരവാദവുമായി അതിന് എന്താണ് ബന്ധം എന്നൊരു പ്രശ്നം ഉയര്‍ത്തിയിട്ടുണ്ട്.  ഭീകരതയെക്കതിരായ അന്താരാഷ്ട്രജൂറിമാരുടെ സമ്മേളനത്തിലാണ് (ഡല്‍ഹി:21 നവംബര്‍ 2009) ലോകമെങ്ങുമുള്ള മതഭീകരതയ്ക്ക് പിന്നിലുള്ള വഹാബിസം യുവാക്കളുടെ മനസ്സില്‍ അസംബന്ധം കുത്തിവെക്കുകയാണെന്ന് ജത്മലാനി കുറ്റപ്പെടുത്തിയത്.  വഹാബിസത്തെ താങ്ങിനിറുത്തുന്ന സൗദി സര്‍ക്കാറിനെതിരെ പ്രസംഗം നീണ്ടപ്പോള്‍ സൗദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.



കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്ലി ഭീകരവാദം ഏതെങ്കിലും മതവിഭാഗത്തിന്റെത് മാത്രമല്ലെന്നും ജത് മലാനിയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.  

Sunday, February 28, 2010

അധിനിവേശത്തിനെതിരെ ചെറിയ യുദ്ധങ്ങള്‍ ആവശ്യമുണ്ട്


.ആര്‍ ശ്രീധര്‍ 


അധിനിവേശം വളരെ ഗൂഢമായ ഒരു കാര്യമാണ്‌. കൂടുതല്‍ കൂടുതല്‍ ജീവിക്കും തോറും അധിനിവേശത്തിന്റെ ചിഹ്‌നങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ വിവിധ തലങ്ങളിലൂടെ ഇന്ന്‌ നാം കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. ചിലപ്പോള്‍ വിചാരിക്കും രക്ഷപ്പെടാന്‍പോലും പറ്റാത്ത രീതിയില്‍ പെട്ടിരിക്കുന്നുവെന്ന്‌. അങ്ങനെ പെട്ടിരിക്കുമ്പോള്‍ ഒരു കതകുണ്ടാകണമല്ലോ. ഹോ ഈ മുറി എന്നെ ഇത്രയും കാലം തളച്ചിട്ടിരുന്നല്ലോ, എന്നാലും രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ എന്ന്‌ നമുക്ക്‌ തോന്നണം. പക്ഷെ, അതുപോലും നമ്മള്‍ തന്നെ അടച്ചുവെച്ചിരിക്കുകയാണ്‌. എന്നെങ്കിലും ഈയൊരു അധിനിവേശത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അടിച്ചുപുറത്താക്കാന്‍ കഴിയുമോ? ഇന്നത്തെ കണക്കില്‍ അതൊരു `വിഷ്വല്‍ തിങ്കിംഗ്‌' അതായത്‌ ഒരാഗ്രഹം മാത്രമാണ്‌. വല്ലാത്ത വേദനതോന്നും ചിലസമയങ്ങളില്‍. എന്താണ്‌ അധിനിവേശത്തിന്റെ സൂക്ഷ്‌മതലങ്ങള്‍?

Monday, February 22, 2010

ചാവേര്‍ ബോംബുകള്‍

ജോണ്‍ പില്‍ഗര്‍



ഫലസ്തീനിയന്‍ പ്രശ്നങ്ങളും ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്ന ചാവേര്‍ ബോംബറുകളും നിത്യേനയെന്നോണം ലോകം കാണുന്നതാണ്.  അത്യാധുനിക ആയുദ്ധങ്ങളുമായി ഒരു ജനതയെ അടിച്ചമര്‍ത്തുമ്പോള്‍ ദുര്‍ബലരായ ആ ജനത അവരുടെ പ്രതിഷേധങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്.  2002 ജനുവരിയിലാ‍ണ് ഇസ്രാഈലില്‍ ആദ്യ വനിതാ ചാവേര്‍ ആക്രമണം നടന്നത്.  ആബുലന്‍സ് വളണ്ടിയറായിരുന്ന വഫ ഇദ്രീസ് എന്ന 28കാരിയായിരുന്നു ആ ചാവേര്‍. തെല്‍അവീവിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കി അഭയാര്‍ത്ഥികളാകേണ്ടി വന്ന അച്ഛനമ്മമാരുടെ മകള്‍.  ഞാന്‍ അവരുടെ സഹോദരന്‍ ഖലീല്‍ ഇദ്രിസിനോട് ചോദിച്ചു.  എങ്ങിനെയാണ് ഒരു ആംബുലാന്‍സ് വളണ്ടിയര്‍ക്ക് ചാവേര്‍ ആയി മാറാന്‍ കഴിയുക.? 

Wednesday, February 17, 2010

അവകാശം ചോദിച്ചാല്‍ കലാപമുണ്ടാകുമോ?

എമ്മാര്‍

അവകാശം ചോദിച്ചുവരുന്ന കീഴാളനെ കണ്ണുരുട്ടിപ്പേടിപ്പിച്ച്, കലാപകാരിയെന്ന് പേരു ചാര്‍ത്തി, ഒച്ചവെച്ച് ആളെക്കൂട്ടി ഓടിച്ചുവിടുന്ന സമ്പ്രദായം  മലയാളരാജ്യത്ത് പണ്ടുമുതലേ നടപ്പുള്ളതാണ്.  കൂടെയിരുന്ന് ഉണ്ണാനോ, നല്ല വാക്ക് പറയാനോ എന്തിന് ക്ഷേത്രത്തില്‍ കയറിച്ചെന്ന് ദൈവത്തോട് പരാതി പറയാന്‍ പോലുമോ അടിയാളന്മാരെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു നമ്മുടേത്.  അതിനെ ശക്തി സംഭരിച്ച്, നിവര്‍ന്ന് നിന്ന് ചോദ്യം ചെയ്തപ്പോള്‍ ‘വേണ്ട, കലാപം വേണ്ട’ എന്ന് ആജ്ഞാപിക്കുകയാണ് അധികാരി വര്‍ഗം ചെയ്തത്.  ഭൂസ്വത്ത് മുഴുക്കെ കൈയ്യടക്കിവെക്കുകയും പണിയെടുക്കുന്ന പാവങ്ങളുടെ മേല്‍ അമിതമായ ചുങ്കവും ഭാരവുമടിച്ചേല്പിക്കുകയും ചെയ്ത ഭൂപ്രഭുക്കള്‍ക്കും സവര്‍ണ്ണ ജന്മികള്‍ക്കുമെതിരെ, ക്ര്ഷിക്കാരായ മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നിലപ്പാണ് മലബാര്‍ ലഹള  എന്ന കാര്‍ഷികലഹള.  പക്ഷെ അതിനെ ജന്മി തമ്പുരാക്കള്‍ ‘വര്‍ഗീയ ലഹള‍‘ എന്ന് മുദ്ര ചാര്‍ത്തിയാണ് ചരിത്രത്തില്‍   ഒററപെടുത്തിയത്. 

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്