Tuesday, April 27, 2010

ആഭരണമോ സ്വര്‍ണച്ചങ്ങലകളോ?


എമ്മാര്‍
ഇക്കഴിഞ്ഞ വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ (മാര്‍ച്ച്‌ 7) മതപ്രബോധകരായ ചില മുസ്‌ലിം സ്‌ത്രീകള്‍ കൂടിയിരുന്ന്‌ നടത്തിയ ഒരു ചര്‍ച്ച ശ്രദ്ധിക്കാനിടയായി. സ്‌ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വേദനകളാണ്‌ അതില്‍ പുറത്തുവരുന്നത്‌. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന്‌ മറന്നുപോകുന്നവരാണ്‌ സ്‌ത്രീകളിലധികവും. മുസ്‌ലിം സ്‌ത്രീകളുടെ കാര്യവും ഭിന്നമല്ല. നന്നേ ചെറുപ്പത്തില്‍ തന്നെ യൗവനത്തിന്റെ എല്ലാ മധുരാനുഭവങ്ങളും തീര്‍ന്ന്‌, കുടുംബപ്രാരാബ്‌ധങ്ങളുടെ ഭാരം പേറി അകാലവാര്‍ധക്യം വരിക്കുകയാണ്‌ അവരില്‍ അധികവും. പഠിക്കാന്‍ മിടുക്കുള്ള പെണ്‍കുട്ടികള്‍ക്കുപോലും, ഇടക്ക്‌ പഠനം മതിയാക്കി കല്യാണത്തിന്‌ കഴുത്തു നീട്ടിക്കൊടുക്കേണ്ടിവരുന്നു. കാരണം `ഇരുപതു പിന ്നിട്ട'വരെ കെട്ടാന്‍ പുരുഷന്മാരെ കിട്ടാതായിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക്‌ പതിനെട്ടു കഴിയുന്നതോടെ അവരുടെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ്‌ കൂടിക്കൊണ്ടിരിക്കുന്നു.


പഠിപ്പും വായനയും സാമൂഹ്യബോധവുമൊക്കെയുള്ളവരുടെ സ്ഥിതിയോ? ഉദ്യോഗവും വീട്ടിലെ ജോലികളുമൊക്കെ കഴിഞ്ഞ്‌ മിച്ചം പിടിക്കുന്ന സമയം സമൂഹത്തിന്‌ ഗുണം ചെയ്യുന്ന വല്ലതും ചെയ്യണമെന്ന്‌ നിര്‍ബന്ധം പിടിച്ച്‌ പുറത്തിറങ്ങുന്ന സ്‌ത്രീകള്‍ക്ക്‌ സമൂഹം മതിയായ പ്രോത്സാഹനം നല്‌കുന്നുണ്ടോ? സ്‌ത്രീകള്‍ പുറത്തിറങ്ങുന്നതും സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും സാമൂഹ്യ ക്ഷേമകാര്യങ്ങള്‍ ഏറ്റെടുക്കുന്നതുമൊക്കെ `അധികപ്രസംഗ'മായി സമൂഹം കാണുന്നതായാണ്‌ തങ്ങളുടെ അനുഭവമെന്ന്‌ സ്‌ത്രീകള്‍ സാക്ഷ്യം പറയുന്നു. മീറ്റിംഗിനും സമ്മേളനത്തിനുമൊക്കെ പോകുന്ന സ്‌ത്രീകളെ `മറ്റേ' കണ്ണുകൊണ്ടാണത്രെ പലരും അളക്കുന്നത്‌. സ്റ്റാഫ്‌റൂമില്‍ വെച്ച്‌ എന്തെങ്കിലും തമാശ പറയുകയോ ചിരിക്കുകയോ ചെയ്‌താല്‍ അതില്‍ ദുസ്സൂചന കാണുന്ന പുരുഷന്മാര്‍ക്ക്‌ എന്തും പറയാം. അതിലൊരു തെറ്റും ആരും കാണുന്നുമില്ല!

തന്റെ അയല്‍വീട്ടിലുണ്ടായ ഒരു സംഭവം ഒരു സഹോദരി അനുസ്‌മരിച്ചു. സാമാന്യം വിദ്യാഭ്യാസവും തന്റേടവുമുള്ള, മതപശ്ചാത്തലമുള്ള കുലീന കുടുംബത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്നു. വരനും വരന്റെ സഹോദരിമാരും അമ്മവാന്‍മാരുമടക്കമുള്ള വമ്പിച്ച പട ഒന്നൊന്നായി പെണ്ണു കാണാനും അനുബന്ധ സല്‍ക്കാരങ്ങള്‍ക്കുമായി പെണ്‍വീട്ടില്‍ വരുന്നു. വധുവിന്റെ ഭാഗത്തുനിന്ന്‌, പിതാവ്‌ മാത്രം ഒരു തവണ വരന്റെ ഗൃഹം കാണാന്‍ പോയതേയുള്ളൂ. കല്യാണമുറപ്പിച്ചു. അതിനിടെ പ്രതിശ്രുത വരന്റെ വീട്ടിനു സമീപമുള്ള റോട്ടിലൂടെ സ്വന്തം കാറോടിച്ച്‌, തന്റെ ഭാവി ഭവനം ഒന്നു കാണാന്‍ വധു ഒരു ശ്രമം നടത്തി. സംഗതി പൊല്ലാപ്പായി. ഇതെന്തു ധിക്കാരമാണെന്ന്‌ വരന്റെ വീട്ടുകാര്‍. സമൂഹവും അതേറ്റുപിടിച്ചു. എന്നാല്‍ അവളുടെ ന്യായമിതായിരുന്നുവത്രെ: ``സ്‌ത്രീ തന്റെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണെന്നാണ്‌ നബി തിരുമേനി പറഞ്ഞത്‌. ഞാന്‍ ഇനി മുതല്‍ സ്ഥിരമായി താമസിക്കാന്‍ പോകുന്ന `ഭര്‍ത്താവിന്റെ വീട്‌' എനിക്ക്‌ കാണുന്നതിന്‌ എന്താണ്‌ വിലക്ക്‌. അതിലെന്ത്‌ ധിക്കാരത്തിന്റെ പ്രശ്‌നം?''

പെണ്‍കുട്ടി പറഞ്ഞതിലും കാര്യമില്ലാതില്ല. വരന്റെ ആള്‍ക്കാര്‍ സുഹൃദ്‌ പരിവാരസമേതം പെണ്ണുകാണാന്‍ പോകുന്നതില്‍ ആരും തെറ്റു കാണുന്നില്ലല്ലോ. അതിന്റെ പേരില്‍ അനാവശ്യച്ചെലവുകളും മാമൂലുമുണ്ടാക്കി പെണ്ണിന്റെ കുടുംബത്തിന്‌ ഭാരമുണ്ടാക്കുന്നതും സമൂഹം കണ്ടില്ലെന്നു നടിക്കുന്നു. മാസത്തിലോ വര്‍ഷത്തിലോ വല്ലപ്പോഴും ഒരിക്കല്‍ വധൂഗൃഹത്തില്‍ വന്നു താമസിക്കുന്ന `വരന്‍' പോലും വധൂഗൃഹത്തിന്‌ വലിപ്പമില്ല, ഭംഗിയില്ല, വഴിയില്ല, മുറികളില്ല എന്നൊക്കെ കുറ്റം പറഞ്ഞ്‌ വിവാഹത്തിന്‌ വിസമ്മതിക്കാറുണ്ട്‌. അതിലും പുരുഷന്റെ ഭാഗത്ത്‌ തെറ്റു കാണാറില്ല, പൊതുവില്‍. എങ്കില്‍, തനിക്ക്‌ മേലില്‍ ശാശ്വതമായി താമസിക്കേണ്ട വീട്ടില്‍ സൗകര്യമുണ്ടോ എന്ന്‌ ഒരു പെണ്‍കുട്ടി അന്വേഷിച്ചറിയുന്നതില്‍ വല്ല തെറ്റുമുണ്ടോ? ചര്‍ച്ചയില്‍ പങ്കെടുത്ത സ്‌ത്രീകള്‍ പരസ്‌പരം ചോദിക്കുന്നു. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ തന്റെ മാതാപിതാക്കളോടൊപ്പം വരന്റെ വീട്‌ കാണാന്‍ അവസരമുണ്ടാക്കുകയാണ്‌ വേണ്ടതെന്ന്‌ അവര്‍ അഭിപ്രായപ്പെടുന്നു.
സ്‌ത്രീകള്‍ക്ക്‌ ജനപ്രതിനിധി സഭകളിലേക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്ന ഒരു ഘട്ടത്തില്‍, സ്‌ത്രീകളുടെ ലോകം അനുഭാവ പൂര്‍വം കാണാന്‍ സമൂഹം തയ്യാറാകുന്നുണ്ടോ എന്നതാണ്‌ പ്രശ്‌നം. സമൂഹത്തിന്റെ മനസ്സില്‍ സ്‌ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരേണ്ടതില്ലേ? എന്തിന്‌, പുരുഷസമൂഹത്തെ മാത്രം പഴിക്കണം? സ്‌ത്രീകള്‍ക്കു പോലും തങ്ങളുടെ അഭിമാനവും വികാരവും വിചാരവും ഉല്‍ക്കര്‍ഷതലങ്ങളും അമര്‍ച്ച ചെയ്യപ്പെട്ടത്‌ കാണാന്‍ കഴിയുന്നില്ലെന്നതല്ലേ വസ്‌തുത? സ്വര്‍ണച്ചങ്ങലകളെ അവര്‍ ആഭരണങ്ങളാണെന്ന്‌ തെറ്റിദ്ധരിക്കുന്നില്ലേ? l
http://shababweekly.net/ 

2 പ്രതികരണങ്ങള്‍:

വിചാരം said...

വായിച്ചു, സ്ത്രീ സ്വാതന്ത്രം പുരുഷ സ്വാതന്ത്രം എന്നിവയോടൊന്നും യോജിപ്പില്ല കാരണം ഇവര്‍ക്കൊക്കെ ധാരാളം സ്വാതന്ത്രം ഇപ്പോള്‍ തന്നെയുണ്ടല്ലോ , അതുകൊണ്ടാണല്ലോ കേരളത്തിലും, മംഗലാപുരത്തും ബാംഗ്ലൂരുമെല്ലാം കല്യാണ കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭം ഉണ്ടാവുന്നത്.

mukthaRionism said...

ഭാവുകങ്ങള്‍..
തുടരുക..

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്