Tuesday, March 30, 2010

മുസ്ലീം നവോത്ഥാനം പുനര്‍വായിക്കപെടുമ്പോള്‍


പി എം എ ഗഫൂര്‍

തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥാപിത പ്രവൃത്തിയെന്നതിലുപരി, ജീവിക്കുന്ന കലത്തോടും സമൂഹഗതികളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് നവോത്ഥാനം യാഥാര്‍ഥ്യമാവുന്നത്.  സാമൂഹികാവസ്ഥകളുടെ നിറഭേദങ്ങളോടെല്ലാം സക്രിയമായി പ്രതികരിക്കുന്നതിന്റെ പേരായി നവോത്ഥാനം മാറുന്നത് അങ്ങിനെയാണ്. കാലത്തോടും ലോകത്തോടുമൊപ്പമെത്താന്‍ സമൂഹത്തിന് വെളിച്ചം പകരലാണത്.  കാലത്തോടൊപ്പം കഴിയുമ്പോഴും കാലത്തിനും മുകളിലേക്ക് സ്വപ്നങ്ങള്‍ വിതറലാണത്.  ‘നവോത്ഥാനം’  എന്നൊരു പദം നവോത്ഥാന നായകരുടെ രചനകളിലൊന്നും കാണാനില്ല.  പദപ്രയോഗത്തെക്കുറിച്ച വ്യഗ്രതയെക്കാളേറെ, അതിന്റെ സാക്ഷാത്കാരത്തിനുള്ള ഉദ്യമങ്ങളായിരുന്നു  അവര്‍ക്ക് പ്രിയം പുതിയ കാലത്തെ ‘നവോത്ഥാന’ പ്രവര്‍ത്തനങ്ങള്‍ പദങ്ങളിലേക്കുള്ള ചുരുക്കെഴുത്തായി ചെറുതായിപ്പോവുകയും സാക്ഷാത്കാരം വിസ്മരിക്കപ്പെടുകയും ചെയ്യുന്നുവോ എന്ന ആശങ്കാജനകമായ ആത്മവിമര്‍ശനമാണ് നവോത്ഥാന പുനര്‍വായനയില്‍ ഒന്നാം പേജാവേണ്ടത്.  

സമൂഹഗതികള്‍ക്കുള്ള തിരുത്താണ് നവോത്ഥാനം.  അലങ്കാരമായി ആചരിച്ചു പോരുന്ന പലതും തിരുത്താനുള്ള കരുത്താണത്.  കൂര്‍ത്ത ചോദ്യങ്ങളും കെല്‍പ്പുള്ള ചിന്തകളുമാണത്.  ചിലതൊക്കെ പൊളിച്ചും ചിലതിനെ പൊള്ളിച്ചുമാണ് നവോത്ഥാനം സാക്ഷാത്കരിക്കപ്പെടുന്നത്.  അങ്ങനെ പൊളിച്ചടുക്കിയ അഴുക്കുകളെ പുനരാവിഷ്കരിക്കാനുള്ള വ്യഗ്രതയില്‍ നവോത്ഥാന നായകരെയും ശ്രമങ്ങളെയും ‘പുനര്‍വായിക്കുന്ന’തിന്റെ ഉദ്ദേശ്യശുദ്ധി തന്നെ പാളുന്നുണ്ട്.  ഒരു നവോത്ഥാന പ്രസ്ഥാനത്തെ തിരുത്താന്‍ മറ്റൊരു നവോത്ഥാന പ്രസ്ഥാനം ആവശ്യമാണ്. അത്തരമൊരു തിരുത്തും പുനര്‍വായനയും നമ്മെ മുന്നോട്ട്  തന്നെയാണ് കൊണ്ടുപോകുക.  പക്ഷേ, അങ്ങനെയൊരു നവോത്ഥാന പ്രസ്ഥാനം  പുറത്ത് നിന്ന് എന്നതിനേക്കളേറെ അകത്തുനിന്നു തന്നെയാണുണ്ടാവേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ സാമൂഹികരോഗങ്ങളെ ചികിത്സിച്ച മാപിനിയോ മാനദണ്ഡമോ അല്ല പുതിയത്.  അലകും പിടിയും പുതുക്കിയും മുറുക്കിയും ഇനിയുമൊരു നവോത്ഥാന സഞ്ചാരം കാലം കാത്തിരിക്കുന്നുണ്ട്.  

ധന്യമായൊരു പൈതൃകത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നിന്ന്,  ആത്മപ്രശംസകരോ അവകാശവാദികളോ ആകാനെളുപ്പമാണ്.  പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമിത്വത്തിനുള്ള ഉറപ്പ് നമ്മുടെ നട്ടെല്ലിനെത്രയുണ്ട് എന്നൊരു ചോദ്യം നിശ്ചയമായും ഉയരേണ്ടതുണ്ട്.  സ്വന്തത്തിനു നേരെ തിരിഞ്ഞുനിന്നും കാലത്തിനു മീതെ തിളര്‍ത്തുനിന്നും ഉച്ചത്തിലുയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ തന്നെയാണ് പുതിയ നവോത്ഥാനമാകേണ്ടത്.  

തെറ്റുപറ്റാത്ത വിശുദ്ധരല്ല നവോത്ഥാന നായകന്മാര്‍.  കാത്തിരുന്ന് വൈകാതെയുള്ള അവരുടെ ശീഘ്രയാത്രയില്‍ ചിലയിടങ്ങളിലൊക്കെ പിഴവുകളുണ്ടായിട്ടുണ്ടാവാം.  കൂടുതല്‍ കടുത്ത പിഴവുകളിലേക്ക് വഴുക്കാതിരിക്കാനുള്ള അവരുടെ ജാഗ്രതയെ സമ്മതിച്ചു കൊണ്ടുവേണം,  പക്ഷേ ഈ വിലയിരുത്തല്‍.  തസ്വവ്വുഫിന്റെ വിഷയത്തില്‍ അവര്‍ സമ്പൂര്‍ണ ശരിയയിരുന്നുവെന്ന് പറയുന്നവര്‍, അതേ തസ്വവ്വുഫ് നല്‍കിയ ഊര്‍ജ്ജം ചെലവഴിച്ച വഴികളെയെല്ലാം വിമര്‍ശിക്കുന്നത് ഏതര്‍ഥത്തിലാണ് നീതീകരിക്കപ്പെടുക? ശുദ്ധ ആത്മീയതയുടെ തെളിഞ്ഞ വഴികളെ പിന്തുടരുന്നതിന് നവോത്ഥാനപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാര്‍ ഇനിയും സ്വയം വികസിപ്പിക്കേണ്ടതുണ്ട്.  ധ്യാനപൂര്‍ണമായ സദ് വഴികളില്‍ നിന്ന് തിരിഞ്ഞു നിന്നത് എത്ര കടുത്ത ആപത്തിലേക്കാണ് തള്ളിയെതെന്ന് നാം കണ്ടു.   പാ‍ഠകേന്ദ്രിത ആശയങ്ങള്‍ക്ക് പ്രസ്ഥാന രൂപം വന്നാല്‍ അങ്ങനെയെ സംഭവിക്കൂ.  ആത്മീയ ജീവിതത്തിന്റെ വേരും വളവും തടസ്സപ്പെടുത്താതെ ഭൗതികജീവിതത്തിന്റെ ആകാശത്തേക്ക് വളരാനാണ് കഴിയേണ്ടൈയിരുന്നത്.  അഥവാ ആറാം നൂറ്റാണ്ടിന്റെ ധര്‍മശാസ്ത്രത്തില്‍ പിഴയ്ക്കാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രീതി ശാസ്ത്രം തിരിച്ചറിഞ്ഞുള്ള ജാഗ്രത്തായ ഒരു നവോത്ഥാന പ്രക്രിയയിലേക്കുള്ള സഞ്ചാര വേഗമാകണം ഈ പുനര്‍വായന.  

അറബി മലയാളം രൂപപ്പെട്ടുത്തിയതിന്റെ ഉദ്ദേശ്യശുദ്ധി വിമര്‍ശിക്കപ്പെടേണ്ടതില്ല.  സാമ്രാജ്യത്വ പ്രതിരോധ മനസ്സിന്റെ സര്‍ഗത്മകമായ പ്രതികരണം തന്നെയായിരുന്നു അത്. മാതൃഭാഷയുടെ ശിലയില്‍ നിന്ന് മറ്റൊരു ഭാഷയെ കൊത്തിയുണ്ടാക്കിയ മൂര്‍ച്ചയേറിയ ആ മുന്നേറ്റത്തെ നിസ്സാരമായി കാണാനാവില്ല.  ഇസ്ലാം വിരുദ്ധവും ആദര്‍ശഭിന്നവുമായ ആശയപ്രചാരണത്തിന് അറബി മലയാളം കൊണ്ട് തുനിഞ്ഞപ്പോഴാണ് നവോത്ഥാനപ്രസ്ഥാനം ഒരു വേള അതിനോടതിര്‍ത്തത്.  അത്തരമൊരു ഭാഷയോടു തന്നെയായിരുന്നു  എതിര്‍പ്പെങ്കില്‍ അതിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കിലല്ലോ.  പക്ഷേ അല്‍മുര്‍ഷിദ് അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ അറബി മലയാളത്തിന് വളമേകുകയാണ് ചെയ്തത്.  നിലനില്പിന് കെല്‍പില്ലാത്തത് കാലഹരണപ്പെടും.  അതാണ് അറബി മലയാളത്തിനും സംഭവിച്ചത്.  ഇനി അങ്ങനെയൊരു ഈടുവെപ്പ് നല്ലൊരു സ്മാരകം മാത്രമേ ആകേണ്ടതുള്ളൂ.  ഇല്ലാത്ത മഹത്വം കൊണ്ട് അതിനെ ഉയര്‍ത്തികെട്ടുന്നതും പ്രാധാന്യം ഒട്ടുമില്ലന്ന് ജല്‍പ്പിക്കുന്നതും ഒരുപോലെ ചരിത്ര നിഷേധമാണ്.  അറബി മലയാളത്തിന്റെ നല്ല ഉല്പന്നങ്ങളെ പുതിയ സാങ്കേതങ്ങളിലേക്ക് പുനപ്രവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നവോത്ഥാന പ്രസ്ഥാനമാണ് ഏറ്റെടുക്കേണ്ടത്.

കേരള മുസ്ലിം നവോത്ഥാനത്തെ സംബന്ധിച്ച ചര്‍ച്ച, സാമുദായികാടിസ്ഥാനത്തിലുള്ള പരിഷ്കരണ സംരംഭങ്ങളെന്നതിലേറെ പൊതുസമൂഹവുമായുള്ള ബന്ധം ഈടുറ്റതാക്കുന്നതില്‍ എത്രയധികം സ്വാധീനം ചെലുത്തി എന്നതിലേക്കുകൂടി വികസിക്കേണ്ടതുണ്ട്.  പ്രാകൃതമായ ആചാരങ്ങളും വികൃത ജീവിതരീതികളും അനുവര്‍ത്തിച്ചുവന്നിരുന്ന കേരളീയര്‍ക്ക് ഒട്ടാകെ വ്യവസ്ഥാപിതമായ ജീവിത ശീലം വളര്‍ത്തുന്നതില്‍ ഇസ്ലാമിന്റെ ആഗമനം ഗുണപരമായ സ്വാധീനം ചെലുത്തുകയുണ്ടായി.  മാനവികവും സമത്വാധിഷ്ഠിതവുമായ മുസ്ലിം സ്വഭാവം ജാതി വ്യവസ്ഥയുടെ ദുരിതം പേറിയ കീഴാളരെയാണ് കൂടുതല്‍ ആകര്‍ഷിച്ചത്.  അവരില്‍ നിന്നാണ് ആദ്യകാലത്ത് കൂടുതലായും മതപരിവര്‍ത്തനവുമുണ്ടായത്.  ഹൈന്ദവര്‍ക്കിടയിലെ ജാതി ചിന്തകള്‍ക്കെതിരെയുള്ള കൊടുങ്കാറ്റായി മാറുകയായിരുന്നു ഈ പ്രവര്‍ത്തനം.  തുഞ്ചത്ത് എഴുത്തച്ഛന്റെ ‘ഭക്തി പ്രസ്ഥാനം’ ജാതിചിന്തകള്‍ക്കെതിരെയുള്ള സംഘചലനവുമായി.  മുസ്ലിംകളുടെ മാത്രമല്ല സമൂഹത്തിന്റെ തന്നെ നവോത്ഥാന പ്രക്രിയയില്‍ മുസ്ലീംകളുടെ ആഗമനവും ജീവിതരീതിയും ഇടപെടലുകളും സൂക്ഷമമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.  പക്ഷേ, ഈ സ്വാധീനം മക്തി തങ്ങള്‍, വക്കം മൗലവി എന്നിവരില്‍ വരെ എത്തിനിന്ന് പിന്‍വാങ്ങുകയായിരുന്നു.  കേവലം സംവാദങ്ങള്‍ക്കുപരി നവേത്ഥാനപ്രസ്ഥാന പ്രക്രിയയെ വികസിപ്പിക്കുന്നതില്‍ പിന്നീടുള്ളവര്‍ തല്പര്യം കാണിക്കാതെയോ? ചില ചെറുവിഷയങ്ങളുടെ അകക്കോളങ്ങളിലേക്ക് തങ്ങളുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ ചുരുക്കിയെഴുതിപ്പോയോ? നവോത്ഥാനശയങ്ങളെ പിന്നോട്ടുവലിച്ചവര്‍ തന്നെ പിന്നീട്, നവോത്ഥാന വാദികളായി ഉയിര്‍ത്തെഴുന്നേറ്റതിനു പിന്നില്‍ ഇങ്ങനെയൊരു ദൗത്യവിസ്മൃതി ഉള്ളടങ്ങിയിട്ടുണ്ടോ? അടിയന്തരമായ ആത്മ പരിശോധന ആവശ്യമുള്ള മേഖലയാണിത്.   ആദര്‍ശ പ്രചരണവും വിദ്യാഭ്യാസ പ്രവര്‍ത്തനവും സാമൂഹിക സംരംഭങ്ങളുമല്ലാം ഒന്നാം പേജില്‍ വൃത്തിയായി എഴുതിവിജയിപ്പിച്ചവരാ‍യിരുന്നു മുന്‍ഗാമികള്‍.  കോഴിക്കോട്ട് ഖുര്‍ആന്‍ ക്ലാസും വാഴക്കാട്ട് മദ്രസയും തിരൂരങ്ങാടിയില്‍ യതീംഖാനയും ഒതായിയില്‍ സ്ത്രീ പള്ളിപ്രവേശനവും കൊടുങ്ങല്ലൂരില്‍ സ്ത്രീപള്ളിക്കുടവും തുടങ്ങിയതും വിജയിപ്പിച്ചതും  ഒരേ കാലത്തായിരുന്നു.  എന്നാല്‍ വക്കം മൗലവിയുടെ ശേഷം സാമൂഹിക നവോത്ഥാനവും കെ. എം മൗലവിയുടെ ശേഷം മതനവോത്ഥാനവും ചാലിലകത്തിന് ശേഷം വിദ്യാഭ്യാസ നവോത്ഥാനവും എത്രമുന്നോട്ടുചലിപ്പിക്കാന്‍ സാധിച്ചുവെന്നതാകണം  ‘നവോത്ഥാനപൗത്രസംഘം’ സ്വയം പുനരന്വേഷിക്കേണ്ടത്. മതനവേത്ഥാനമെന്നാല്‍ ഖുര്‍ആന്‍ പരിഭാഷവരെ, വിദ്യാഭ്യാസ നവോത്ഥാനമെന്നാല്‍ അഫിലിയേറ്റഡ് കോളെജ് വരെ എന്ന വിധം ഫുള്‍ സ്റ്റോപ്പ് നിര്‍മ്മിച്ചത് പിറകോട്ട് മാത്രമാണ് ചലിപ്പിച്ചത്. 

ഒരേസമയം അകത്തേക്കും പുറത്തേക്കും കണ്ണയച്ച്, കുതിച്ചു പായുന്ന കാലത്തോട് സംവദിക്കുവാന്‍ നവോത്ഥാനപ്രസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്.  ഒരു നൂറ്റാണ്ടു പിന്നിട്ട നവോത്ഥാന പ്രസ്ഥാനറ്റ്ന്റ്നെയല്ല, മുന്നിട്ട നവോത്ഥാന പ്രസ്ഥാനത്തെയാണ് കാലഘട്ടത്തിന് ആവശ്യം.  സംവേദനക്ഷമതയാണ് പ്രധാനം. മഴവില്‍ പോലെ, നിറഭേദങ്ങളുള്ള പ്രബോധന സാധ്യതകളോടെല്ലാം സംവദിക്കാനുള്ള കെല്പ് ഇനിയും ആര്‍ജിക്കേണ്ടതുണ്ട്.  കക്ഷിത്വത്തിന്റെ ഇരുണ്ട മറകളില്‍ നിന്ന് പുറത്ത് കടക്കാതെ പുതിയ സ്വപ്നങ്ങള്‍ കാണാനോ സാക്ഷാത്കരിക്കാനോ നമുക്കാവില്ല. പ്രാസ്ഥാനിക സംവിധാനങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ നിലനിര്‍ത്തുമ്പോള്‍ തന്നെ, കക്ഷിത്വ പരമായ കുതര്‍ക്കങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കഴിയണം.  അങ്ങനെയൊരു ധന്യമാതൃകയാണ് നമ്മുടെ മുന്നില്‍ വെളിച്ചമായി പരക്കുന്നത്.  മാതൃഭൂമി പത്രത്തിന് ഷെയര്‍പിരിക്കാന്‍ കെ പി കേശവമേനോന്റെ കൂടെ വെയിലുകൊണ്ട് നടന്ന കെ. എം മൗലവിയും, സ്വദേശാഭിമാനി പത്രം ഒറ്റക്ക് നടത്തിയ വക്കം മൗലവിയും ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷികമേള നടത്തിയ സീതിസാഹിബും തിരൂരങ്ങാടി പള്ളിക്ക് ബാഫാഖി തങ്ങളെക്കൊണ്ട് തറക്കല്ലിടീച്ച എം കെ ഹാജിയും പാണക്കാട് പൂക്കോയതങ്ങള്‍ക്ക് ശേഷം ശിഹാബ് തങ്ങളെ ലീഗ് നേതൃത്വത്തിലേക്കുയര്‍ത്തിക്കൊണ്ടുവന്ന എന്‍ വി അബ്ദുല്‍ സലാം മൗലവിയും, അല്‍ അമീന്‍ പത്രം ‘എന്റെ ദഅവാ പ്രവര്‍ത്തനമാണ്’ എന്നു പ്രഖ്യാപിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കോണ്‍ഗ്രസ്സിന്റെയും മുജാഹിദിന്റെയും വേദികളില്‍ ഒരു പോലെ ജ്വലിച്ചു നിന്ന എ അലവി മൗലവിയും, ഹരിജന തൊഴിലാളികളെ പ്പോലും ‘നിങ്ങള്‍’ എന്ന് ആദരപൂര്‍വ്വം അഭിസംബോധന ചെയ്ത അമാനി മൗലവിയും അമുസ്ലിംകള്‍ക്കിടയിലെ പോലും ഒത്തുതീര്‍പ്പ് കാരനായി മാറിയ കെ പി മുഹമ്മദ് മൗലവിയും, പാട്ടെഴുത്തും ഖുര്‍ആന്‍ ക്ലാസും ആവേശമാക്കിയ സൈദ് മൗലവിയും, നോവല്‍ രചനയെ പ്രബോധന മാതൃകയാക്കിയ കെ കെ എം ജമാലുദ്ദീര്‍ മൗലവിയും ബഹുമുഖമുള്ള ‘മഴവില്‍ പ്രബോധന’ത്തെ തിരിച്ചറിഞ്ഞവരായിരുന്നു.

ഇസ്വ് ലാഹിന്റെയും തജ്ദീദിന്റെയും ചലനാത്മകതയെ തിരിച്ചറിയാതെ ഒരു നവോത്ഥാന പ്രസ്ഥാനത്തിനും വിജയം വരിക്കാനാവില്ല. കുറ്റിയുറപ്പിച്ചുനിര്‍ത്തിയ നീളന്‍ തൂണല്ല നവോത്ഥാനം.  നീണ്ടൊരു നാവുകൊണ്ട് സാധിപ്പിച്ചെടുക്കാവുന്നതുമല്ല അത്.  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതിക സങ്കേതങ്ങളെയും  അഭിരുചികളെയും തിരിച്ചറിഞ്ഞ്, മര്‍മജ്ഞമായ ജാഗരണ പ്രക്രിയയാണ് ഇനി നമുക്കാവശ്യം. അത്മീയതയുടെ അടിക്കല്ലില്‍ വേരിട്ടും വികസിപ്പിച്ചും മുന്നേറുന്നവരെയാണ് ആവശ്യം അതിന് സ്വയം സജ്ജരാകാനുള്ള തയ്യാറെടുപ്പുള്ളവരാണ് യഥാര്‍ത്തതില്‍ നവോത്ഥാനത്തിന്റെ പിന്‍മുറക്കാര്‍.  അല്ലാതെ, ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ വാലറ്റത്തുള്ളവരല്ല അത്.  അങ്ങിനെയെങ്കില്‍,  പുനര്‍വായന നടത്തേണ്ടവര്‍ പുറത്തുള്ളവരായിരിക്കില്ല.  അകത്തുള്ളവര്‍ തന്നെയായിരിക്കും!

നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഗതികേടുകളില്‍ ചിലത് നവോത്ഥാന പ്രക്രിയകളെയും സാരമായി സ്വാധീനിച്ചിട്ടുണ്ടാവാം.  അത്തരം ചില സ്വാധീനങ്ങളെ ഉയര്‍ത്തി, നവോത്ഥാന നായകന്മാരെ കൊളൊണിയലിസത്തിനു പുറം ചൊറിഞ്ഞവരാക്കാനുള്ള ശ്രമങ്ങള്‍ ദയനീയമാണ്.  സാമൂഹിക നവീകരണത്തിനാവശ്യമുള്ള സങ്കേതങ്ങളും സാമഗ്രികളുമല്ലാം ബ്രിട്ടീഷ്കാരനു സ്വന്തമായ കാലത്ത്, വിവേകപൂര്‍ണമായ ചില ഒത്തുതീര്‍പ്പുകള്‍ സര്‍ സയ്യിദിനെപ്പോലെ മക്തി തങ്ങള്‍ക്കും വേണ്ടി വന്നിട്ടുണ്ട്.  ആഗോളതലത്തില്‍ അഫ്ഗാനിയിലും ഈ ശരിയുണ്ട്.  എന്നാല്‍ ഇതേ ആളുകള്‍ ഉയര്‍ത്തിയ മുദ്രാവചനങ്ങള്‍ മുഴുവനും അതേ ബ്രിട്ടിഷ്കാരന്റെ സംസ്ക്കാരങ്ങളെ ചീന്തിയെറിയുന്നതായിരുന്നുവെന്നു മാത്രമല്ല, അവര്‍ വളര്‍ത്തിയെടുത്ത സമൂഹം വെള്ളക്കാരന്റെ പ്രത്യക്ഷ ശത്രുക്കളായിരുന്നു.  ‘മജ്നു ലൈലയെയോ ഫര്‍ഹത് ഷിറിനെയോ നളന്‍ ദമയന്തിയെയോ സര്‍ സയ്യിദ് സമുദായത്തെ സ്നേഹിച്ച പോലെ സ്നേഹിച്ചിട്ടില്ല.’ (എം. ഐ തങ്ങളോട് കടപ്പാട്) നവോത്ഥാന പുനര്‍വായനയില്‍ ഏറ്റവും കൂടുതല്‍ ശരവ്യയമായിതീര്‍ന്ന മക്തി തങ്ങളാവട്ടെ അതിലേറെ വലിയ വിസ്മയ വ്യക്തിത്വമായിരുന്നു.  തന്റെ നാവ് ഒരു സമുദായത്തിന്റെ മുഴുവന്‍ നാവാക്കുകയും തന്റെ തൂലിക ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ തീപന്തമാക്കുകയും ചെയ്ത മഹാനാണ് മക്തി തങ്ങള്‍.  അരിപൊടിയോടൊപ്പം ദൈവപുത്രനെയും വിതരണം ചെയ്ത് ബ്രിട്ടീഷ്കാരനോടൊപ്പം അവന്റെ മതവും അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍  അതിനെതിരെ ജ്വലിക്കുകയായിരുന്നു അദ്ദേഹം.  ജീവിക്കുന്ന സമൂഹത്തിന്റെ ജൈവപ്രധാനമായ ആവശ്യത്തിനുമേല്‍ മതത്തിന്റെ പൊന്‍കുരിശ് അടിച്ചേല്‍പ്പിക്കുന്നതിനെയാണ് തങ്ങള്‍ നേരിട്ടത്.  ജീവല്‍ പ്രധാനമായ ഗതികേടിനു മുന്നില്‍ തലകുനിച്ചു ഏറ്റുവാങ്ങേണ്ടിയിരുന്ന മമോദിസപ്പൊന്‍കുടം ആ മഹാനായ വിപ്ലവകാരി തട്ടിത്തെറിപ്പിച്ചു.

നീണ്ട നിദ്രയോടോ ഭ്രാന്തമായ ഉണര്‍വിനോടോ നടത്തുന്ന യുദ്ധമാണ് ഒരോ നവോത്ഥാന പോരാട്ടവും.  പള്ളികത്തുമ്പോള്‍ കെടുത്താനുപയോഗിക്കുന്ന വെള്ളം ‘ത്വാഹിറും മുത്വഹ്ഹിറു’ മാണോ എന്ന് പരിശോധിക്കാന്‍ നവോത്ഥാന നായകര്‍ക്ക് നേരം കിട്ടിക്കാണില്ല.  കൂറ്റന്‍ വേഗതയില്‍ പാഞ്ഞ് തീര്‍ത്തതിന് പിറകെയാണ് നാം നടക്കുന്നത്.  കാടുവെട്ടിതെളിച്ചവരെ നമസ്കരിക്കേണ്ടതില്ല; നൃശംസിക്കാതിരിക്കുന്നതല്ലേ ഉചിതം

ഇരുട്ടത്തുറങ്ങും ശുനകന്‍
അറിയുന്നതുണ്ടോ
വെളിച്ചം പരത്തും 
ശശാങ്ക ഭംഗി?


2 പ്രതികരണങ്ങള്‍:

Prinsad said...

'നവോത്ഥാനം’ അവസരത്തിലും അനവസരത്തിലും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പദമാണ്. ഒരു കാലഘട്ടത്തില്‍ നവോത്ഥാന സംരഭങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും എതിരെ കൊഞ്ഞനം കുത്തിയവര്‍ പില്‍ക്കാലത്ത് നവോത്ഥാന നായകരുടെ ത്യാഗോജ്വല പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ കൊയ്യുന്ന സമയത്ത് എട്ടുകാലി മമ്മുഞ്ഞുമാരായി അത് നമ്മന്റെതാ.. എന്ന് അവകാശപ്പെടുന്നതാണ് വര്‍ത്തമാനകാല വിധി വിപരീതം.

jasy said...

കേരളത്തിലെ നവോത്ഥാന നായകര്‍ ആരാണെന്ന് കേരളീയ മുസ്ലിം ചരിത്രം പരിശ്ടിച്ചാല്‍ മനസിലാക്കാവുന്നതാണ്. ഇഇനു ഞാന്‍ ഈ ബ്ലോഗ്‌ എഴുതുന്നത്‌ പോലും കേരളത്തില്‍ നടന്ന ചില നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇല്ലെങ്കില്‍ മൊട്ടയടിച്ചു അരപ്പട്ടയും കെട്ടി ഏതെങ്കിലും അങ്ങാടിയില്‍ ഉണ്ടാകുമായിരുന്നു. എന്തായാലും മലയാള ഭാഷ വേണ്ട എന്ന് പറഞ്ഞവരും, സര്‍ക്കാരുമായി ബന്ധപ്പെട്ടതെല്ലാം ദുര്മൂര്തികലായി കണ്ടവരുമല്ല നവോത്ഥാനനായകര്‍. ചിലരൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും. യഥാര്‍ത്ഥ ഇസ്ലാം കേരളത്തില്‍ പ്രചരിച്ചപ്പോള്‍, അതിന്റെ ഫലമായി ഉണ്ടായ ഒരു മാറ്റം കൂടിയായി ഈ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മാറ്റത്തെ നാം ഉള്‍ക്കൊള്ളണം. ലോകത്ത്‌ രണ്ടാമത്തെ ഭൂരിപക്ഷമാണ് മുസ്ലിം സമുദായം, എന്നാല്‍ കേരളത്തിലെ. പോലെ ഇത്ര പുരോഗതി നേടിയ മുസ്ലിങ്ങള്‍ ലോകതോരിടതുമില്ല. അതിന്‍റെ കാരണങ്ങളായി ഈയുള്ളവന്‍ വിലയിരുത്തുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്ത്താനത്തെയാണ്. പല വ്യക്തികളും വലിയ പങ്കു നവോതാനതിനു നല്‍കിയിട്ടുണ്ടെങ്കിലും.......കൂട്ടായ ഒരു ശ്രമത്തിന്റെ ഒരു പരിണിതി തന്നെയാണത്.
എന്റെ ബ്ലോഗ്‌- www.netizensallover.blogspot.com

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്