Saturday, May 8, 2010

കേരളവും യൂറോപ്പിന്റെ വഴിയിലോ?

എമ്മാര്‍ 
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും വിശുദ്ധ ഖുര്‍ആനെയുമൊക്കെ അധിക്ഷേപിച്ചുകൊണ്ട്‌ പ്രസ്‌താവനകളും ക്ഷുദ്രകൃതികളും പുറത്തുവരുന്നത്‌ യൂറോപ്പില്‍ പുതിയ കാര്യമല്ല. വത്തിക്കാനിലെ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ ഉള്‍പ്പെടെ, ഒട്ടേറെ പാതിരിമാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഈ സംസ്‌കാരം നമ്മുടെ രാജ്യത്ത്‌ അത്ര സാധാരണമായിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചുകൊണ്ടിരിക്കുന്നതായാണ്‌ സമീപകാല വാര്‍ത്തകള്‍ നല്‌കിക്കൊണ്ടിരിക്കുന്ന സൂചന.



ഏറ്റവുമൊടുവില്‍ (മാര്‍ച്ച്‌ 19) തലയോലപ്പറമ്പ്‌ ഇറുമ്പയം ജുമാ മസ്‌ജിദ്‌ ഇമാമായ കുമളി സ്വദേശി ശംസുദ്ദീന്‍ മൗലവിക്ക്‌ മുഹമ്മദ്‌ നബിയെ ആക്ഷേപിച്ചുകൊണ്ടുള്ള സെല്‍ഫോണ്‍ സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ചും പ്രവാചകനിന്ദ നടത്തിയിരുന്നു. ചാക്കോച്ചന്‍ എന്ന പേരിലാണ്‌ സന്ദേശം ലഭിച്ചത്‌. കുമളി പോലീസ്‌ അന്വേഷിച്ചപ്പോള്‍ ചാക്കോച്ചന്‍ എന്ന പേര്‌ വ്യാജമാണെന്നും സാക്ഷാല്‍ പ്രതി ചെങ്ങന്നൂര്‍ രാധാലയത്തില്‍ ഗോപിനാഥ്‌ (63) ആണെന്നും തെളിഞ്ഞിരിക്കുന്നു. ക്രിസ്‌ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണോ ഈ ഹീന നീക്കമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു ഹീന നീക്കത്തിന്‌ കളമൊരുക്കിയത്‌, ചില ക്രൈസ്‌തവ പ്രചാരകരുടെ അവിവേകമാണെന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞമാസം പത്തനംതിട്ട ചുങ്കപ്പാറയില്‍ `ചിനവതുപാളം' എന്ന പേരില്‍ പ്രവാചകനെ ആക്ഷേപിക്കുന്ന ഒരു പുസ്‌തകം അച്ചടിച്ചു വിതരണംചെയ്‌ത സംഭവം കേരളത്തില്‍ നിയമസഭയില്‍ അടക്കം ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആ കേസില്‍ പിടിയിലായത്‌, സാക്ഷാല്‍ പാസ്റ്റര്‍മാര്‍ തന്നെയാണ്‌. രാഷ്‌ട്രീയ, സാമൂഹ്യ നേതാക്കള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രതികരിക്കുകയും പോലീസ്‌ ശക്തമായ നടപടി എടുക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ അധികം താമസിയാതെ സമാനമായ മറ്റൊരു സംഭവം മാര്‍ച്ച്‌ 24ന്‌ തൊടുപുഴയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇതും കേരളത്തില്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. തൊടുപുഴ ന്യൂമാന്‍സ്‌ കോളെജില്‍ രണ്ടാം സെമസ്റ്റര്‍ ബികോം പരീക്ഷയുടെ, മലയാള ചോദ്യപ്പേപ്പറിലാണ്‌ മുസ്‌ലിംകളെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന ചോദ്യങ്ങള്‍ ചേര്‍ത്തത്‌. ഒരു മുഹമ്മദ്‌ ദൈവത്തെ വിളിക്കുന്നു: പടച്ചോനേ, പടച്ചോനേ. ദൈവത്തിന്റെ മറുപടി: എന്താടാ നായിന്റെ മോനേ -ഈ സംഭാഷണ ശകലത്തിന്‌ ചിഹ്നങ്ങള്‍ ചേര്‍ക്കാനായിരുന്നു നിര്‍ദേശം! ഇത്രയും മ്ലേഛമായ ചോദ്യം നല്‌കിയത്‌, പ്രസ്‌തുത കോളെജിലെ മലയാള വിഭാഗം തലവനായ പ്രൊഫ. ടി ജെ ജോസഫായിരുന്നു നിരോധനാജ്ഞ അടക്കം തൊടുപുഴയില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ച ഈ സംഭവം, മുസ്‌ലിംകളുടെ സമചിത്തത കൊണ്ടാണ്‌ കേരളത്തില്‍ കൂടുതല്‍ ചേരിതിരിവുകള്‍ സൃഷ്‌ടിക്കാതിരുന്നത്‌.

അടുത്തകാലത്ത്‌ ക്രൈസ്‌തവ വിഭാഗങ്ങളുടെ ഭാഗത്തുനിന്ന്‌ മുസ്‌ലിം സമൂഹത്തിന്‌ നേരെ അനാവശ്യമായ പ്രകോപനങ്ങളുണ്ടാകുന്നത്‌ പതിവാകുകയാണ്‌. ഈ സാഹചര്യമാണ്‌ ഹിന്ദുത്വവാദികള്‍ മുതലെടുക്കുന്നത്‌. ഗോപിനാഥന്‍, ഇങ്ങനെ കുളംകലക്കുന്ന മനോരോഗികളില്‍ ഒരാള്‍ മാത്രമാണ്‌. നേരത്തെ, ലൗജിഹാദ്‌ വിവാദത്തിലും ചില ക്രൈസ്‌തവ സഭകള്‍ അതിരുവിട്ട വിമര്‍ശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ത്തിയിരുന്നത്‌ ഓര്‍ക്കുക.

ക്രൈസ്‌തവരെ മുസ്‌ലിംകള്‍ ഒരു ശത്രുവിഭാഗമായി കാണുന്നില്ല. മതപരമായി അവര്‍ക്കതിന്‌ സാധ്യവുമല്ല. ഇക്കാര്യം അറിയാവുന്ന മത മേലധ്യക്ഷന്മാര്‍ തങ്ങളുടെ കുഞ്ഞാടുകളുടെ അല്‍പ്പത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്‌. ഈ സാഹചര്യം മുന്‍നിര്‍ത്തി, ആരോഗ്യകരമായ സംവാദത്തിലൂടെ ക്രൈസ്‌തവ സഭകളുമായി അടുക്കാന്‍ മുസ്‌ലിം സംഘടനകളും ശ്രദ്ധിക്കണം. പരസ്‌പരം അറിയുകയും അടുക്കുകയും ചെയ്‌തുകൊണ്ടു മാത്രമേ വര്‍ഗീയമായ ആപത്തുകളെ പിഴുതുമാറ്റാന്‍ സാധിക്കൂ. l

4 പ്രതികരണങ്ങള്‍:

Noushad Vadakkel said...

തൊടുപുഴ സംഭവത്തിന്‌ വളം വെച്ച് കൊടുത്ത പുസ്തകത്തിന്റെ രചയിതാവ് പി.ടി. കുഞ്ഞുമുഹമ്മദ്‌ എന്ന മുസ്ലിം നാമധാരിയാണ് എന്ന് പറയുന്നില്ലെങ്കിലും ചോദ്യ പെപ്പെരിനു പിന്നിലെ കുബുദ്ധികള്‍ക്ക് പിടിവള്ളിയായി ആ പുസ്തകം മാറി . ഇത്തരം 'വെറും പണിക്കാരായ ' ബുദ്ധി ജീവി മുസ്ലിം നാമധാരികള്‍ക്കും എതിരെ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ഇവരെല്ലാം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ വേണ്ട രീതിയില്‍ തുറന്നു കാണിക്കാത്തത് കൊണ്ടാണ് വഖഫ് ബോര്‍ഡ്‌ ചെയര്‍മാന്റെ കസേരയിലും ഇത്തരക്കാരെ കാണേണ്ട ഗതികേട് സമുദായത്തിനുണ്ടായത് .

MT Manaf said...

അനാവശ്യം പുലമ്പലും
കുത്തി ത്തിരിപ്പുണ്ടാക്കലും
വിവരദോഷികള്‍ ചരിത്രത്തില്‍
നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്ന പണിയാണ്
അന്തമില്ലാത്തവരോട് എന്തു പറയാന്‍ !
ഓരിയിടാന്‍ വിടുക തന്നെ.

അബ്ദു said...

ഇത് ഒരു തരം അസുഖമാണ്. വലിയ ആളുകള്‍ എന്ന് സ്വയം നടിക്കുന്ന ചില അല്‍പന്മാരുടെ അസുഖം. ആശയങ്ങള്‍ക്ക് മുമ്പില്‍ പതറുമ്പോള്‍ ഏതു വിവര ദോഷിയും പയറ്റുന്ന വില കുറഞ്ഞ അടവ്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് പറയാറില്ലേ ? ഇവന്മാരും അറിയും!

അബ്ദു said...
This comment has been removed by the author.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്