Sunday, May 16, 2010

കത്തോലിക്കസഭയും കേരള രാഷ്‌ട്രീയവും


ഖാദര്‍ പി

പഠിക്കാന്‍ നാടുമുഴുക്കെ എയ്‌ഡഡ്‌ ആയും അണ്‍എയ്‌ഡഡ്‌ ആയും സ്‌കൂളുകളും കോളെജുകളുമുണ്ട്‌. പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുടെ വിലക്കുകളോ ഫത്‌വകളോ ഇല്ലെന്ന്‌ മാത്രമല്ല, ഞായറാഴ്‌ച പ്രസംഗങ്ങളിലും അല്ലാതെയും അവര്‍ ആവുംവിധം പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളെയും ഹോസ്റ്റലുകളില്‍ നിര്‍ത്തിയും പേ ഗസ്റ്റായും നാടിന്റെ ഏത്‌ കാട്ടുമൂലയിലും പഠിക്കാന്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ മടിയോ പേടിയോ ഇല്ല. യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട്‌ ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു. അതുകൊണ്ടു തന്നെ കേരള-കേന്ദ്രസര്‍ക്കാര്‍ മേഖലയിലും കോര്‍പറേറ്റ്‌-സ്വകാര്യ മേഖലകളിലും ക്രിസ്‌ത്യാനികള്‍ തൊഴില്‍രംഗത്ത്‌ ആധിപത്യവും സ്വാധീനവും ഉറപ്പിക്കുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല. കേരള ജനസംഖ്യയില്‍ 18.33 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ 20.6 ശതമാനമുണ്ടെന്നാണ്‌ കണക്ക്‌. അഖിലേന്ത്യാതലത്തില്‍ക്രിസ്‌ത്യാനികള്‍ 2.34 ശതമാനമേയുള്ളൂ. കേന്ദ്രസര്‍വീസില്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക്‌ ലഭ്യമല്ലെങ്കിലും ജനസംഖ്യാനുപാതമായി മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ്‌ കുടൂതലാണ്‌ അവരുടെ പ്രാതിനിധ്യമെന്നത്‌ പ്രകടമായ യാഥാര്‍ഥ്യമാണ്‌. സമുദായത്തില്‍ അഭ്യസ്‌തവിദ്യരുടെ ഒരു നിര തന്നെയുള്ളപ്പോള്‍ ഈ സത്യത്തോട്‌ മുഖം ചുളിച്ചിട്ട്‌ കാര്യവുമില്ല.
എന്നാല്‍ ഒരാള്‍ക്ക്‌ ഒരു വോട്ട്‌എന്ന തെരഞ്ഞെടുപ്പ്‌ ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനം മാത്രമുള്ള ക്രിസ്‌ത്യാനികളെങ്ങനെ അധികാരകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടി? ചുഴിഞ്ഞന്വേഷിക്കേണ്ട ഒരു വസ്‌തുതയാണത്‌.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ 2006ല്‍ പ്രസിദ്ധീകരിച്ച കേരള പഠനറിപ്പോര്‍ട്ട്‌ പ്രകാരം പട്ടികജാതി-വര്‍ഗങ്ങളുള്‍പ്പെടെയുള്ള ഹിന്ദുജനസംഖ്യ 56.07 ശതമാനവും മുസ്‌ലിംകള്‍ 26.88 ശതമാനവും ക്രിസ്‌ത്യാനികള്‍ 18.33 ശതമാനവുമാണ്‌. (2001ലെ സെന്‍സസ്‌ പ്രകാരം ഇത്‌ യഥാക്രമം 56.2%, 24.70%, 19.01% എന്നിങ്ങനെയാണ്‌).

ആനുപാതിക പ്രാതിനിധ്യപ്രകാരം 100 രാഷ്‌ട്രീയ സ്ഥാനങ്ങളുണ്ടാവുമ്പോള്‍ പതിനെട്ടോ പത്തൊമ്പതോ സ്ഥാനങ്ങള്‍ മാത്രമേ ക്രിസ്‌ത്യാനികള്‍ക്ക്‌ ലഭിക്കേണ്ടതുള്ളൂ. മുസ്‌ലിംകള്‍ക്ക്‌ 25ഓ 26ഓ സ്ഥാനങ്ങളും ലഭിക്കണം. എന്നാല്‍ നിലവിലുള്ള അവസ്ഥയെന്താണ്‌? ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുള്‍പ്പെടെ 141 എം എല്‍ എമാരില്‍ ഹിന്ദുക്കള്‍ 82 പേരും മുസ്‌ലിംകള്‍ 26 പേരുമുള്ളപ്പോള്‍ ക്രിസ്‌ത്യാനികളുടെ എണ്ണം 33 ആണ്‌. ജനസംഖ്യാനുപാതികമായി ഹിന്ദുക്കള്‍ക്ക്‌ 79 ലഭിക്കേണ്ടിടത്ത്‌ മൂന്നെണ്ണം അധികം ലഭിച്ചപ്പോള്‍ 37 ലഭിക്കേണ്ട മുസ്‌ലിംകള്‍ക്ക്‌ 11 പേരുടെ കുറവാണുള്ളത്‌. 26 പേര്‍ വേണ്ട ക്രിസ്‌ത്യാനികള്‍ക്ക്‌ 7 പേര്‍ അധികമാണെന്നും കാണാം.

ക്രിസ്‌ത്യാനികളുടെ ഈ അവിഹിത രാഷ്‌ട്രീയ സ്വാധീനത്തിന്റെ കണക്കുള്‍ ഇനിയുമെത്രയോ ചൂണ്ടിക്കാണിക്കാനാവൂം. 20 ലോകസഭാ എം പി മാരില്‍ ക്രിസ്‌ത്യാനി ആറ്‌ ഉള്ളപ്പോള്‍ മുസ്‌ലിം മൂന്ന്‌ മാത്രമേയുള്ളൂ. രാജ്യസഭയില്‍ ക്രിസ്‌ത്യാനി രണ്ടും മുസ്‌ലിം ഒന്നും. (സിപിഎമ്മിനെ പ്രതിനിധീകരിച്ച്‌ കേരളം പിറന്നതു മുതല്‍ ഇതുവരെ ഒരൊറ്റ മുസ്‌ലിം പേരുള്ളയാളും രാജ്യസഭയിലേക്ക്‌ പോയിട്ടില്ല. വനിതാ സംവരണത്തില്‍ പിന്നോക്ക സംവരണം വേണമെന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ടപ്പോള്‍ പോലും അവര്‍ കേരളത്തില്‍ നിന്ന്‌ പറഞ്ഞയച്ചത്‌ ഒരു നായര്‍ പുരുഷനെയും ഒരു നായര്‍ സ്‌ത്രീയെയുമാണ്‌)
കേരള മന്ത്രിമാരില്‍ നാല്‌ ക്രിസ്‌ത്യാനികളും രണ്ട്‌ മുസ്‌ലിംകളുമാണുള്ളത്‌. (ഒരു ഡെപ്യൂട്ടി സ്‌പീക്കറും ക്രിസ്‌ത്യാനിയായുണ്ട്‌). 17 പി എസ്‌ സി അംഗങ്ങളില്‍ ക്രിസ്‌ത്യാനി 6, മുസ്‌ലിം 2. മന്ത്രിമാരുടെ 106 പേഴ്‌സണല്‍ സെക്രട്ടറിമാരില്‍ മുസ്‌ലിം 8, ക്രിസ്‌ത്യന്‍ 14, പ്ലാനിംഗ്‌ ബോര്‍ഡിലെ 14 അംഗങ്ങളില്‍ നാല്‌ ക്രിസ്‌ത്യാനികളുള്ളപ്പോള്‍ ഒരുത്തന്‍ പോലും മുസ്‌ലിമായിട്ടില്ല.

പരോക്ഷ രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്ന നിയമനങ്ങളിലും ക്രിസ്‌ത്യാനികളുടെ സാന്നിധ്യം കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്‌. കേരള ഹൈക്കോടതിയിലെ 33 ജഡ്‌ജിമാരില്‍ ക്രിസ്‌ത്യാനികള്‍ ആറുള്ളപ്പോള്‍ മുസ്‌ലിംകള്‍ നാലെണ്ണമേയുള്ളൂ. അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ ഒരു മുസ്‌ലിം പോലുമില്ല. രണ്ട്‌ ക്രിസ്‌ത്യാനികളുണ്ടുതാനും.

ഇത്തവണ കേന്ദ്രത്തില്‍ വീണ്ടും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ മുസ്‌ലിംവോട്ട്‌ കോണ്‍ഗ്രസിനനുകൂലമായി മാറിയതിനാലാണെന്നാണ്‌ കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തിയത്‌. എന്നാല്‍ 79 പേരെ മന്ത്രിമാരാക്കിയതില്‍ അഞ്ചുപേര്‍ മാത്രമാണ്‌ മുസ്‌ലിംകള്‍. ഇതില്‍ കാബിനറ്റ്‌ മന്ത്രിമാര്‍ രണ്ട്‌ പേര്‍ മാത്രവും. ഇവരില്‍ തന്നെ ഒരാള്‍ കശ്‌മീരില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ഗുലാംനബി ആസാദും നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഫാറൂഖ്‌ അബ്‌ദുല്ലയുമാണ്‌. കശ്‌മീരിന്റെ പ്രത്യേക പരിഗണനയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചതെന്ന്‌ വ്യക്തം. കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദ്‌ സ്വതന്ത്ര ചുമതലയുള്ള സ്റ്റേറ്റ്‌ മന്ത്രിയാണ്‌. ഇ അഹ്‌മദും(മുസ്‌ലിംലീഗ്‌), സുല്‍ത്താന്‍ അഹ്‌മദും (തൃണമൂല്‍ കോണ്‍ഗ്രസ്‌) സഹമന്ത്രിമാര്‍ മാത്രമാണ്‌. എന്നാല്‍ പ്രധാനമന്ത്രിയെക്കാള്‍ `ഉയരത്തിലുള്ള' സോണിയാഗന്ധി, മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി എ കെ ആന്റണി, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌, കൃഷി സഹമന്ത്രി കെ വി തോമസ്‌ എന്നിങ്ങനെ നീണ്ടുപോകുന്ന കേന്ദ്രത്തിലെ ക്രൈസ്‌തവ മേധാവിത്വം അവരുടെ വോട്ടുബാങ്ക്‌ ബലം കൊണ്ട്‌ നേടാവുന്നതിനപ്പുറത്താണെന്ന്‌ വ്യക്തം.

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 13.4 ശതമാനമാണ്‌. അഥവാ ക്രിസ്‌ത്യാനികളെക്കാള്‍ 5.73 ഇരട്ടി കൂടുതല്‍. ജനസംഖ്യാനുപാതികമായി 11 കാബിനറ്റ്‌ മന്ത്രിമാര്‍ വേണ്ടിടത്താണ്‌ കശ്‌മീരി പ്രാതിനിധ്യം മാറ്റിവെച്ചാല്‍ ഒന്നുപോലും ലഭിക്കാത്ത അവസ്ഥയുള്ളത്‌.

ഈ കണക്കുകളത്രയും വിളിച്ചുപറയുന്നത്‌ കേരള രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും ക്രിസ്‌ത്യാനികള്‍ക്കുള്ള അളവില്ലാത്ത സ്വാധീനമാണ്‌. ക്രിസ്‌ത്യന്‍ ജനസംഖ്യ 90.5 ശതമാനമുള്ള മിസോറാം, 90 ശതമാനമുള്ള നാഗാലാന്റ്‌, 70.3 ശതമാനമുള്ള മേഘാലയ, 34 ശതമാനമുള്ള മണിപ്പൂര്‍, 26 ശതമാനമുള്ള ഗോവ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ക്രിസ്‌ത്യന്‍ മേധാവിത്തമുണ്ടാവും. എന്നാല്‍ കേരളത്തിലും ദേശീയതലത്തിലും ഇത്രമാത്രം സ്വാധീനശേഷി അവര്‍ കൈവരിച്ചതെങ്ങനെ? കേരളാ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയം ചര്‍ച്ചക്കെടുക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട അന്വേഷണമാണിത്‌.
ഇപ്പോഴത്തെ നിയമസഭയില്‍ സിപിഎം എംഎല്‍എമാരില്‍ 11 ക്രിസ്‌ത്യാനികളുണ്ട്‌. കോണ്‍ഗ്രസില്‍ 4, സിപിഐ 4, ജനതാദള്‍(എസ്‌)2, ആര്‍എസ്‌പി 1, എന്‍സിപി 1, മൂന്ന്‌ കേരള കോണ്‍ഗ്രസുകളിലായി 10 എന്നിങ്ങനെ ഏത്‌ പാര്‍ട്ടിയിലും ക്രിസ്‌ത്യാനികള്‍ക്ക്‌ നല്ല പ്രാതിനിധ്യം കിട്ടുന്നുണ്ട്‌.

അവരില്‍ ഏറെക്കുറെ എല്ലാവരും സമുദായതാല്‌പര്യം സംരക്ഷിക്കുന്നവരുമാണ്‌. നാലകത്ത്‌ സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സമുദായവികാരത്തില്‍ അനാവശ്യവിവാദമുണ്ടാക്കിയ അല്‍ഫോണ്‍സ്‌ കണ്ണന്താനത്തെ നാം പിന്നീട്‌ കാണുന്നത്‌ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്‌.

തിരുവമ്പാടിയില്‍ മത്തായി ചാക്കോ മത്സരിച്ചപ്പോഴും പിന്നീട്‌ ജോര്‍ജ്‌ എം തോമസ്‌ മത്സരിച്ചപ്പോഴും കളിച്ച സമുദായക്കസര്‍ത്തിന്റെ ദുര്‍ഗന്ധം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മൂവാറ്റുപുഴയില്‍ സിപിഎം സ്ഥാനാര്‍ഥി ഇസ്‌മാഈലിനെതിരെ പി സി തോമസ്‌ ജയിച്ചുകയറിയത്‌ സിപിഎം അനുഭാവികളായ ക്രിസ്‌ത്യാനികളില്‍ ഏശിയ സമുദായകാര്‍ഡ്‌ ഒന്നുകൊണ്ടുമാത്രമായിരുന്നു. സിഎച്ച്‌ മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായപ്പോള്‍ എ കെ ആന്റണി-കെഎം മാണി സഖ്യം എങ്ങനെ ഒത്തുകളിച്ചുവെന്ന കാര്യം നാം കണ്ടതാണ്‌. പാര്‍ട്ടിക്കും പ്രത്യയശാസ്‌ത്രത്തിനും അതീതമായ ഒരു ക്രിസ്‌ത്യന്‍ സമുദായികത നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഇങ്ങനെ എല്ലാ പാര്‍ട്ടികളിലൂടെയും ക്രിസ്‌ത്യന്‍ താല്‌പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ക്രിസ്‌ത്യന്‍ സഭകള്‍, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭകള്‍ എന്നും നിലകൊണ്ടത്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ചേരിയിലായിരുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ക്രിസ്‌ത്യന്‍ സഭകള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെയും നിഷ്‌കാസനത്തിന്റെയും പാഠങ്ങളാണ്‌ ഇതിന്‌ ഒരു കാരണം. മറ്റൊന്ന്‌ ക്രിസ്‌ത്യാനിറ്റിക്കും അതിന്റെ പരമോന്നത ഘടകങ്ങള്‍ക്കും എക്കാലത്തും അമേരിക്കയുള്‍പ്പെടുള്ള ക്രിസ്‌ത്യന്‍ മുതലാളിത്ത രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാംസ്‌കാരിക ബന്ധമാണ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാറുകള്‍ എക്കാലത്തും മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ സഭകള്‍ക്ക്‌ എളുപ്പത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നത്‌ വേറൊരു കാരണം. ഇനിയുമൊരു കാരണമായി പറയാവുന്നത്‌ മധ്യവര്‍ഗ-ഉപരിവര്‍ഗ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ്‌ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ ഒരുപടി മുന്‍പന്തിയിലുണ്ടായിരുന്നുവെന്നതാണ്‌. എന്തുകൊണ്ടെന്നാല്‍ സഭയും അതിന്റെ പട്ടക്കാരും സമ്പന്നതയുടെ ധാരാളിത്തത്തിലാണ്‌ കഴിഞ്ഞുവരുന്നത്‌.

കോണ്‍ഗ്രസുള്ളപ്പോള്‍ സഭക്ക്‌ കേരളാ കോണ്‍ഗ്രസിനെ പ്രത്യേകമായി സംരക്ഷിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിമോചനസമരത്തിന്റെ തേര്‌ കോണ്‍ഗ്രസിനൊപ്പം തെളിച്ചിരുന്നത്‌ സഭയായിരുന്നല്ലോ. അങ്ങനെയിരിക്കെ 1964ല്‍ ഈഴവനായ ആര്‍ ശങ്കറും കത്തോലിക്കനായ പി ടി ചാക്കോയും തര്‍ക്കമുണ്ടായപ്പോള്‍ സഭക്ക്‌ പി ടി ചാക്കോയോട്‌ അനുഭാവമുണ്ടാവുക സ്വാഭാവികം. പി ടി ചാക്കോയുടെ മരണശേഷം 1964 ഒക്‌ടോബര്‍ 24ന്‌ കത്തോലിക്കരായ കെ എം ജോര്‍ജും കെ എം മാണിയും അന്നും ഇന്നും മന്നത്തു പത്മനാഭ ഭക്തനായ ആര്‍ ബാലകൃഷ്‌ണപിള്ളയും മറ്റും ചേര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ സഭക്ക്‌ ആ കക്ഷിയെ പിന്തുണക്കാന്‍ ധാര്‍മിക ബാധ്യതയുണ്ടായിരുന്നു. അങ്ങനെ രൂപീകരണവര്‍ഷം തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ 23 സീറ്റുകള്‍ നേടാനായി.

ഈ ജൈത്രയാത്രയ്‌ക്കിടെ 1976ല്‍ പാര്‍ട്ടി ആദ്യമായി പിളര്‍ന്നു. കെ എം ജോര്‍ജും ബാലകൃഷ്‌ണപിള്ളയും ഒരു ഭാഗത്തും കെ എം മാണി മറുഭാഗത്തുമായി. അന്ന്‌ മാണിക്കൊപ്പം ഇപ്പോഴത്തെ കഥാപാത്രം പി ജെ ജോസഫുമുണ്ടായിരുന്നു. ഈ സൗഹൃദം പക്ഷേ രണ്ട്‌ വര്‍ഷമേ നീണ്ടുനിന്നുള്ളൂ. 1979ല്‍ പി ജെ ജോസഫ്‌ പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ജോസഫ്‌ യുഡിഎഫിലും മാണി ഇടതുപക്ഷത്തിലും ചേരുന്നതാണ്‌ പിന്നീട്‌ കാണുന്നത്‌. ഇപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന്‌ ജയിച്ച്‌ യുഡിഎഫില്‍ ചേര്‍ന്നപോലെ 1989ല്‍ ജോസഫ്‌ യുഡിഎഫിനൊപ്പം നിന്ന്‌ ജയിച്ച്‌ എല്‍ഡിഎഫിലേക്ക്‌ യാത്രതുടങ്ങി. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഇടതുപക്ഷം അദ്ദേഹത്തെ പിന്തുണച്ചു. 1991 മുതല്‍ അദ്ദേഹം എല്‍ ഡി എഫിന്റെ ഭാഗമാവുകയും ചെയ്‌തു. പിന്നെയും പിളര്‍പ്പുകളുണ്ടായിക്കൊണ്ടിരുന്നു. മാണിയോട്‌ ഇടഞ്ഞ്‌ ടി എം ജേക്കബ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കി. ജോസഫിനോട്‌ ഇടഞ്ഞ്‌ പി സി ജോര്‍ജും പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ബാലകൃഷ്‌ണപിള്ളക്കും മകനും സ്വന്തം പാര്‍ട്ടിയുണ്ടായി.

കാലം കഴിയുംതോറും കേരളാ കോണ്‍ഗ്രസുകളുടെ ശക്തിയും സമ്മര്‍ദശേഷിയും കുറഞ്ഞുകൊണ്ടിരുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ കേരള കോണ്‍ഗ്രസുകള്‍ക്കും കൂടി ലഭിച്ചത്‌ 13 സീറ്റുകളാണ്‌. സിപിഎം ജനതാദളിനെയും ആര്‍എസ്‌പിയെയും മറ്റു ചെറുപാര്‍ട്ടികളെയും ഭക്ഷണമാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസുകള്‍ ഒരു ഭാരമായി തോന്നിത്തുടങ്ങി. അങ്ങനെ തങ്ങളുടെ പ്രസക്തി നഷ്‌ടമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിയലില്‍ നിന്നാണ്‌ ഐക്യകേരള കോണ്‍ഗ്രസ്‌ എന്നും മറ്റുമുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്‌. പി ജെ ജോസഫിന്‌ വെറേയുമുണ്ടായിരുന്നു കാരണങ്ങള്‍. കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യആസൂത്രകരും പ്രയോക്താക്കളും എന്നും കത്തോലിക്കാ സഭയായിരുന്നു. എല്‍ഡിഎഫ്‌ അധികാരമേറ്റതുമുതല്‍ ഈ വിദ്യാഭ്യാസ ലോബിയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.
പുതിയ ഒരൊറ്റ എയ്‌ഡഡ്‌ അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ആര്‍ക്കും കൊടുത്തില്ല.

മതവിശ്വാസങ്ങള്‍ക്കെതിരെ സിപിഎം നീക്കങ്ങള്‍ ഒളിച്ചുവെക്കാനാവാത്തവിധം പുറത്തായിക്കൊണ്ടിരുന്നു. ജോസഫിന്റെ ശക്തിയും സ്രോതസ്സും കത്തോലിക്കരാണെന്നിരിക്കെ പുതിയൊരു ജനവിധി തേടാന്‍ അവര്‍ക്ക്‌ കെല്‍പ്പില്ലാതായി. ഈ സര്‍ക്കാറിനെ എങ്ങനെയെങ്കിലും താഴെ തള്ളിയിടണമെന്ന്‌ സഭ ആഗ്രഹിക്കുക മാത്രമല്ല തുറന്നുപറയുകയും ചെയ്‌തു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോസഫിന്റെ പാര്‍ട്ടി നിര്‍ത്തിയ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ സഭയുടെ സ്വന്തം ആളായിട്ടും ഒരു ടെസ്റ്റ്‌ഡോസ്‌ എന്ന നിലയില്‍ സഭ നേരിട്ടിറങ്ങി ജോര്‍ജിനെ തോല്‍പിച്ച്‌ കാണിച്ചുകൊടുക്കുകയുണ്ടായി.

ജോസഫ്‌ ഒരു കണക്കിന്‌ ചെയ്‌തത്‌ മണ്ടത്തരമാണ്‌. തെരഞ്ഞെടുപ്പ്‌ വരെ എല്‍ഡിഎഫ്‌ മന്ത്രിയായിത്തുടര്‍ന്ന്‌ ഇലക്‌ഷന്‍ പ്രഖ്യാപിച്ച ശേഷം യുഡിഎഫിലെത്തിയിരുന്നെങ്കില്‍ വീരേന്ദ്രകുമാറിന്റെ ജനതാ ദളിനെപ്പോലെ വിലയും നിലയുമുണ്ടാവുമായിരുന്നു. താനിനി മത്സരിക്കാനില്ല എന്ന ജോസഫിന്റെ നിലപാടുള്ളപ്പോള്‍ പ്രത്യേകിച്ചും. അകാലത്തിലും അസ്ഥാനത്തും ഇങ്ങനെയൊരു ലയനമുണ്ടായതുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ മസിലുപിടിച്ച്‌ നില്‍ക്കുന്നത്‌. ഐക്യകേരളാ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റുനല്‍കേണ്ടിവരുമെന്ന ഭീതി മാത്രമല്ല കോണ്‍ഗ്രസിനെ അലട്ടുന്നത്‌. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ സോണിയാ-ഉമ്മന്‍ചാണ്ടി-എ കെ ആന്റണി-പി പി തങ്കച്ചന്‍മാരുടെ ക്രിസ്‌ത്യന്‍ ആധിപത്യമാണെന്ന പഴിയുണ്ട്‌. വലിയ കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫില്‍ കൂടി എത്തുന്നതോടെ കോണ്‍ഗ്രസ്‌ മാത്രമല്ല യുഡിഎഫും ക്രിസ്‌ത്യന്‍ ആധിപത്യത്തിലാണെന്ന ചീത്തപ്പേരുണ്ടാവും.

അതാവട്ടെ, ഹിന്ദുക്കളില്‍ യുഡിഎഫ്‌ വിരുദ്ധ വികാരുമുണ്ടാക്കിയേക്കും. ഈയൊരു സാധ്യത മുതലെടുക്കാനാണ്‌ വി സുരേന്ദ്രന്‍പിള്ളയെന്ന അവശിഷ്‌ട കേരള കോണ്‍ഗ്രസ്‌ (ജെ) എംഎല്‍എയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ്‌ നീക്കം നടത്തുന്നത്‌. ജോസഫ്‌ യുഡിഎഫിലേക്ക്‌ വരുന്നതിനെ എതിര്‍ക്കുന്ന ബാലകൃഷ്‌ണപ്പിള്ളയും കൂടി എല്‍ഡിഎഫിലെത്തിയാല്‍ അത്‌ എന്‍എസ്‌എസ്സിനെ കൂടുതല്‍ എല്‍ഡിഎഫിലേക്ക്‌ അടുപ്പിക്കാന്‍ സഹായകമാവും. എല്‍ഡിഎഫ്‌ കൂടുതല്‍ ഹിന്ദുക്കളിലേക്ക്‌ അടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു മാറാട്‌ ഗൂഢാലോചന അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതും ഇപ്പോള്‍ ദേവസ്വം ബില്ലില്‍ നിന്ന്‌ പിന്മാറാനുള്ള നീക്കവും.

ഇതെഴുതുമ്പോള്‍ എല്‍ഡിഎഫ്‌-കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ വഴിത്തിരിവുണ്ടായ വാര്‍ത്ത നാം വായിക്കുകയാണ്‌. മുവാറ്റുപുഴയില്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും മതവികാരം ഊതിവീര്‍പ്പിച്ചതിന്‌ മൂന്നുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാക്കപ്പെടുകയും വാജ്‌പെയ്‌ മന്ത്രിസഭയില്‍ സഹമന്ത്രിയാവുകയും ചെയ്‌ത പി സി തോമസിനെയും കൂട്ടരെയും ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്തയാണത്‌. എല്‍ഡിഎഫിന്റെ പ്രത്യയശാസ്‌ത്രാടിത്തറ എത്രമാത്രം ദുര്‍ബലമായി എന്ന്‌ കാണിക്കുന്നതാണ്‌ ഈ നീക്കം. രൂപീകരണ വര്‍ഷമായ 1993 മുതല്‍ ഐഎന്‍എല്ലിനെ വര്‍ഗീയത പറഞ്ഞു പുറത്തുനിര്‍ത്തുകയും പള്ളിയുടെയും പട്ടക്കാരുടെയും കേരള കോണ്‍ഗ്രസുകളെ കൂടെ നിര്‍ത്തുകയും ചെയ്‌തവരാണിപ്പോള്‍ ഏറ്റവും വൃത്തികെട്ട വര്‍ഗീയ രാഷ്‌ട്രീയം കളിച്ചയാളെ ഇടതുപക്ഷക്കാരനാക്കി മാമ്മോദീസ മുക്കിയിരിക്കുന്നത്‌. ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും ഇടതുപക്ഷവേദികളിലേക്കാനയിച്ചവരില്‍ നിന്ന്‌ ഇതിലുമപ്പുറം നാം പ്രതീക്ഷിക്കുകയും വേണം. ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ ലോബിക്ക്‌ എത്രമാത്രം പിടിപാടുണ്ടെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ്‌ ഈ പി സി തോമസ്‌ എപ്പിസോഡ്‌.

ഐഎന്‍എലോ, പിഡിപിയോ, മറ്റേതെങ്കിലും മുസ്‌ലിം കക്ഷികളോ രാഷ്‌ട്രീയമായി പരീക്ഷിക്കപ്പെടുമ്പോള്‍ സമസ്‌തകളോ മുജാഹിദ്‌ നേതൃത്വങ്ങളോ അതിന്റെ ചരട്‌ വലിക്കാന്‍ രംഗത്തുവരാറില്ല. എന്നാല്‍ കത്താലിക്കാസഭ എന്നും രാഷ്‌ട്രീയ വേദികളുടെ പിന്നണിയില്‍ സജീവമായിരുന്നു. ഐക്യകേരള കോണ്‍ഗ്രസുകള്‍ക്ക്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടാല്‍ പോലും മെത്രാന്‍മാന്‍ സോണിയാഗാന്ധി വഴി സീറ്റ്‌ ശരിയാക്കുമെന്ന്‌ കോണ്‍ഗ്രസുകാര്‍ തീര്‍ച്ചയായും ഭയക്കുന്നുണ്ട്‌. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കാത്ത കെ വി തോമസ്‌ എറണാകുളത്ത്‌ മത്സരിച്ചതും ഒടുവില്‍ മന്ത്രിയായി തിരിച്ചുവന്നതും അഭിവന്ദ്യപിതാക്കന്മാരുടെ ഇടപെടല്‍ കാരണമാണെന്ന്‌ ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്‌. അത്ഭുതകരമായ കാര്യം ക്രിസ്‌ത്യന്‍ സഭാചട്ടക്കൂട്‌ രാഷ്‌ട്രീയത്തില്‍ നിന്ന്‌ മതത്തെ തീര്‍ത്തും വേറിട്ടുനിര്‍ത്തിയ നിലയിലാണ്‌ സംവിധാനിച്ചിരിക്കുന്നത്‌ എന്നതാണ്‌. എന്നാല്‍ ഈ വേറിട്ടുനിര്‍ത്തിയതിന്റെ സൗകര്യമുപയോഗിച്ച്‌ തന്നെയാണ്‌ അവര്‍ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടിയിലും എല്ലാ മുന്നണികളിലും കയറിക്കൂടി സമുദായത്തിന്റെയും സഭയുടെയും മൂലധനശക്തികളുടെയും താല്‍പര്യം ഭാഗികമായി സംരക്ഷിക്കുന്നതും.

സ്റ്റോപ്പ്‌ പ്രസ്‌: രൂപീകരണ വേളയില്‍ സഖാവ്‌ സുര്‍ജിതിന്റെ ആവശ്യപ്രകാരം ഐഎന്‍എല്ലില്‍ നിന്ന്‌ മുസ്‌ലിം ഒഴിവാക്കിയെങ്കിലും പച്ചനിറവും ചന്ദ്രക്കലയും മാറ്റാനുള്ള ബുദ്ധി അവര്‍ക്കുണ്ടായില്ല. കേരളാ കോണ്‍ഗ്രസ്‌ എന്ന പേര്‌ തന്നെ എത്ര ഗംഭീരം. കൊടിയില്‍ പകുതി ചുവപ്പാണ്‌. കിടിലന്‍ വിപ്ലവച്ചുമപ്പ്‌. പകുതി തൂവെള്ളയും. ഈ രണ്ട്‌ നിറങ്ങള്‍ക്കിടയില്‍ എത്ര ഭംഗിയായായാണ്‌ അവര്‍ കുരിശും കൊന്തയും വരച്ചുവെച്ചിരിക്കുന്നത്‌. ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയാല്‍ പോലും കാണാത്ത രീതിയില്                               കടപ്പാട്     ശബാബ് വാരിക 

9 പ്രതികരണങ്ങള്‍:

Noushad Vadakkel said...

അടുത്ത മന്ത്രി സഭയില്‍ വിദ്യാഭ്യാസം വകുപ്പ് തങ്ങളുടെ കക്ഷത് വെക്കണം എന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു നാടകമാണീ ലയനം .മാണിയും ജോസെഫും വെട്ടി മാറ്റപ്പെടേണ്ട കരുക്കള്‍ മാത്രമാണെന്ന തിരിച്ചറിവ് മാണിക്കുമില്ല ,ജോസെഫിനു ഉണ്ടായിട്ടും കാര്യമില്ല .
@പ്രിന്സാദ്‌ ... പ്രസക്തം ... ഈ പോസ്റ്റ്‌ .എന്റെ കാഴച്ചപ്പാടില്‍ ഒരു പക്ഷെ ഈ ബ്ലോഗിലെ ഏറ്റവും ചിന്തനീയം .അഭിനന്ദനങ്ങള്‍ .

N.J Joju said...

വളരെ നിഷ്പക്ഷമായ നിരീക്ഷണമായിട്ടാണ് എനിയ്ക്കു തോന്നുന്നത്. വളരെ വര്‍ഗ്ഗീയമായി/വൈകാരികമായി അവതരിപ്പിയ്ക്കാവുന്ന വിഷയം പക്വമായി അവതരിപ്പിച്ചതിനു ലേഖകന്‍ പ്രശംസയര്‍ഹിയ്ക്കുന്നു.

ചില പ്രതികരണങ്ങള്‍1. “യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട്‌ ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു.” ആദ്യകാലത്ത് അങ്ങനെയായിരുന്നു, ഇപ്പോള്‍ അങ്ങിനെയല്ല. പക്ഷേ തുടങ്ങിയതിന്റെ മെച്ചം ഇപ്പോഴും കിട്ടുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് ഗള്‍ഫു പോലെ .

2.രാഷ്ട്രീയപ്പാര്‍ട്ടികളിലെ (ഒരു പരിധിവരെ, തിരഞ്ഞെടുപ്പിലെ സ്വാധീനമല്ല)സ്വാധീനവും വിദ്യാഭ്യാസത്തിലൂടെയാണെന്നാണു തോന്നുന്നത്....ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒക്കെ വിദ്യാര്‍ത്ഥീരാഷ്ട്രീയത്തിലൂടെയാണല്ലോ വന്നത്.

3. രാഷ്ട്രീയത്തിലെ സ്വാധീനം മധ്യകേരളത്തിലെ കേരളാകോണ്‍ഗ്രസ്സിന്റെ സ്വാധീനവുമായി ബന്ധപ്പെട്ടാണ്. പിന്നെ മുസ്ലീം സമുദായത്തെ അപേക്ഷിച്ച് ഉപവിഭാഗങ്ങള്‍ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്. കത്തോലിക്കരില്‍ തന്നെ ലാറ്റിന്‍ കത്തോലിയ്ക്കരെ പ്രത്യേകം പരിഗണിയ്ക്കേണ്ടിവരുന്നു(കോണ്‍ഗ്രസ്സിനു തന്നെ), ആന്‍ഗളോ ഇന്ത്യന്‍സ് വേറെ. മറ്റൊന്ന് ക്രൈസ്തവസ്വാധീനമുള്ള പ്രദേശങ്ങള്‍ എണ്ണത്തിലും കൂടുതലുണ്ടെന്നാണു തോന്നുന്നത്.

4.“കോണ്‍ഗ്രസുള്ളപ്പോള്‍ സഭക്ക്‌ കേരളാ കോണ്‍ഗ്രസിനെ പ്രത്യേകമായി സംരക്ഷിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.” കോണ്‍ഗ്രസ്സുമായി തന്നെ വിദ്യാഭ്യാസവിഷയത്തില്‍ കടുത്ത അഭിപ്രായവ്യത്യാസം പുലര്‍ത്തിയ സമയമുണ്ട്. ഇന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെന്നപോലെ.

5. “പാര്‍ട്ടിക്കും പ്രത്യയശാസ്‌ത്രത്തിനും അതീതമായ ഒരു ക്രിസ്‌ത്യന്‍ സമുദായികത നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌”. ശക്തിയായി വിയോജിക്കുന്നു. ബാലിശമായ ആരോപണമായി തോന്നുന്നു. മാണി അങ്ങനെ കളിച്ചാലും ആന്റണി അങ്ങനെ സമുദായക്കാര്‍ഡില്‍ കളിയ്ക്കുമെന്നു തോന്നിയിട്ടില്ല, ആന്റണിയ്ക്ക് സഭയുമായി അത്രനല്ലബധവും ആയിരുന്നില്ല. ഇക്കണക്കിന് കരുണാകരനെതിരെയുള്ള എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പോലും സാമുദായികമായി വ്യാഖ്യാനിയ്ക്കാമല്ലോ.

6 കത്താലിക്കാസഭ എന്നും രാഷ്‌ട്രീയ വേദികളടെ പിന്നണിയില്‍ സജീവമായിരുന്നു. സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുണ്ട്. അതിനെ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി കൂട്ടിക്കെട്ടാനാവില്ല. കേരളാകോണ്‍‌ഗ്രസ്സിന്റെ ലയനത്തില്‍ പോലും അങ്ങനെയൊരു ഇടപെടല്‍ ഞാന്‍ പ്രതീക്ഷിയ്ക്കുന്നില്ല. അങ്ങനെയൊരു ആഗ്രഹം ഏതെങ്കിലും മെത്രാന്‍ സ്വകാര്യസംഭാഷണത്തില്‍ പ്രകടിപ്പിച്ചുകാണാം എന്നതിനപ്പുറം. കെ.വി തോമസിനു സീറ്റു തരപ്പെടുത്തിയത് മെത്രാനിടപെട്ടാണെന്നും വിശ്വസിയ്ക്കുന്നില്ല. കെ.വി തോമസ് അല്ലെങ്കില്‍ മറ്റൊരു ലാറ്റില്‍ കത്തോലിയ്ക്കനേ വീതം വച്ചുവരുമ്പോള്‍ ആ സീറ്റു കിട്ടുമായിരുന്നുള്ളൂ. സമുദായത്തിന്റെ പ്രാതിനിധ്യത്തിനപ്പുറത്ത് കെ.വി തോമസിനോട് സഭാനേതൃത്വത്തിനു പ്രത്യേക മമതയുണ്ടെന്നു തോന്നുന്നില്ല.

ചിന്തകന്‍ said...

മുവാറ്റുപുഴയില്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും മതവികാരം ഊതിവീര്‍പ്പിച്ചതിന്‌ മൂന്നുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാക്കപ്പെടുകയും വാജ്‌പെയ്‌ മന്ത്രിസഭയില്‍ സഹമന്ത്രിയാവുകയും ചെയ്‌ത പി സി തോമസിനെയും കൂട്ടരെയും ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്തയാണത്‌. എല്‍ഡിഎഫിന്റെ പ്രത്യയശാസ്‌ത്രാടിത്തറ എത്രമാത്രം ദുര്‍ബലമായി എന്ന്‌ കാണിക്കുന്നതാണ്‌ ഈ നീക്കം. രൂപീകരണ വര്‍ഷമായ 1993 മുതല്‍ ഐഎന്‍എല്ലിനെ വര്‍ഗീയത പറഞ്ഞു പുറത്തുനിര്‍ത്തുകയും പള്ളിയുടെയും പട്ടക്കാരുടെയും കേരള കോണ്‍ഗ്രസുകളെ കൂടെ നിര്‍ത്തുകയും ചെയ്‌തവരാണിപ്പോള്‍ ഏറ്റവും വൃത്തികെട്ട വര്‍ഗീയ രാഷ്‌ട്രീയം കളിച്ചയാളെ ഇടതുപക്ഷക്കാരനാക്കി മാമ്മോദീസ മുക്കിയിരിക്കുന്നത്‌.

പ്രത്യയ ശാ‍സ്ത്രവും, പുരോഗമനവാദവും മുസ്ലീം സംഘടനകളുടെ കാര്യത്തില്‍ മാത്രമല്ലേയുള്ളൂ.

പ്രിന്‍സാദ്
വളരെ പ്രസ്ക്തമായ നിരീക്ഷണങ്ങള്‍.

Hidaya Marutha said...

Kalika prasakthamaya nilavaramulla leganam thudarnnu pratheekshikkunnu

M.A Bakar said...

ഞാനും ഈ ഒരു അസമവാക്യത്തെ കുറിച്ച്‌ ആലോചിച്ച്‌ ചിലപ്പോഴൊക്കെ ആശയകുഴപ്പത്തിലാവാറുണ്ടായിരുന്നു. ക്രിസ്ത്യന്‍ പള്ളീലച്ചന്‍മാരുടെ ദു:സ്വാദീനത്തെ കുറിച്ച്‌ (ദേശീയവും അന്തര്‍ദേശീയവുമായ) ഒരുപാട്‌ പറയാന്‍ ഇനിയും ബാക്കിയുണ്ടെന്ന് തോന്നി. പക്ഷേ വളരെ പ്രസക്തമായത്‌ നിഷ്ടമായിതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഭാവുകങ്ങള്‍.

Rasheed Pengattiri said...

പ്രിന്സാദ്...പുനര്‍ വായനക് നല്‍കിയ ആര്ടിക്കള്‍ ചിന്തിക്കാന്‍ വക നല്‍കുന്നതാണ്. പാലായില്‍ കെ എം മാണി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നാം ഇതിനു മുമ്പ് വായിച്ചിട്ടുണ്ട്. അധികാരം കിട്ടിയാല്‍ തങ്ങളുടെ മണ്ഡലം മാത്രം ശ്രദ്ധിക്കുന്നവരാണ് ആ വിഭാഗം. എന്നാലും പഴി കേള്‍കുക മുസ്ലിം സമുദായത്തിനും മുസ്ലിം ലീഗിനും. പുനര്‍ വായനയില്‍ നിന്നും നാം പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് ഓര്മപ്പെടുതട്ടെ. ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുന്നു. അക്ഷരങ്ങള്‍ വളരെ ചെറുത്‌. ബാക്ക് ഗ്രൌണ്ട് വെള്ള ആകിയാല്‍ കുറെ കൂടി നന്നാകും വായിക്കാന്‍ എന്ന് തോനുന്നു.

Nasiyansan said...

വളരെ നിഷ്പക്ഷമായ നിരീക്ഷണമായിട്ടാണ് എനിയ്ക്കു തോന്നുന്നത്. വളരെ വര്‍ഗ്ഗീയമായി/വൈകാരികമായി അവതരിപ്പിയ്ക്കാവുന്ന വിഷയം പക്വമായി അവതരിപ്പിച്ചതിനു ലേഖകന്‍ പ്രശംസയര്‍ഹിയ്ക്കുന്നു- ജോജു

നിഷ്പക്ഷമായ നിരീക്ഷനമായി ജോജുവിന് തോന്നിയതില്‍ അത്ഭുതം തോന്നുന്നു ..രാക്ഷ്ട്രീയത്തെക്കുറിച്ചു മതം തിരിച്ചുള്ള കുറെ കണക്കുകള്‍ പറയുബോഴും ഒരു സമുദായത്തിന് ഇല്ലത്തതിനെക്കാളുപരി മറ്റൊരു സമുദായത്തിന് "കൂടുതല്‍ ഉണ്ട്" എന്നതാണ് ലേഖകനെ അസ്വോസ്തനാക്കുന്നത് .. ... ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ ഉണ്ടെങ്കില്‍ ലേഖകന്‍ സന്തോഷിക്കുകയല്ലേ വേണ്ടിയിരുന്നത് ....ലേഖകന്റെ കത്തോലിക്ക സഭയോടുള്ള വെറുപ്പാണ് പലയിടത്തും മുഴച്ചു നില്‍ക്കുന്നത് ."കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കാത്ത കെ വി തോമസ്‌ എറണാകുളത്ത്‌ മത്സരിച്ചതും ഒടുവില്‍ മന്ത്രിയായി തിരിച്ചുവന്നതും അഭിവന്ദ്യപിതാക്കന്മാരുടെ ഇടപെടല്‍ കാരണമാണെന്ന്‌ ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്‌" എന്നുള്ള പ്രസ്താവന ലേഖകന്റെ സമകാലിക രാഷ്ട്രീയത്തിലുള്ള അജ്ഞത വെളിവാക്കുന്നു ...എറണാകുളം സ്ഥാനാര്ത്തിയായി വരാപ്പുഴ കത്തോലിക്ക ആര്‍ച്ചുബിഷപ്പ് 5 പേരുടെ ഒരു ലിസ്റ്റു സോണിയഗാന്ധിക്ക് അയക്കുകയും ആ ലിസ്റ്റില്‍ ഇല്ലാതിരുന്ന കെ. വി. തോമസ്‌ സ്ഥാനാര്തിയയതും രാക്ഷ്ട്രീയ വൃത്തങ്ങള്‍ കുറെ ചര്ച്ച ചെയ്തതാണല്ലോ .

കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യആസൂത്രകരും പ്രയോക്താക്കളും എന്നും കത്തോലിക്കാ സഭയായിരുന്നു. എല്‍ഡിഎഫ്‌ അധികാരമേറ്റതുമുതല്‍ ഈ വിദ്യാഭ്യാസ ലോബിയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. പുതിയ ഒരൊറ്റ എയ്‌ഡഡ്‌ അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ആര്‍ക്കും കൊടുത്തില്ല.

ഒരൊറ്റ എയ്‌ഡഡ്‌ അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ "കത്തോലിക്ക സഭക്ക് കൊടുത്തില്ല" എന്ന് പറയാതിരിക്കാനുള്ള ബുദ്ധി ലേഖകന്‍ കാണിച്ചു ..."ആര്‍ക്കും" എന്ന് പറയാന്‍ അപാര അറിവില്ലായ്മ തന്നെ വേണം ..കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സ്വാശ്രയ കോളജുകളുടെ സംഖ്യ കുതിച്ചുയരുകയാനുണ്ടായത് . 2006 ല്‍ കേരളത്തില്‍ നാലു സര്‍വകലാശാലകളിലായി ഉണ്ടായിരുന്നത് 39 സര്‍ക്കാര്‍ കോളജും, 150 സ്വകാര്യ (എയ്ഡഡ്) കോളജും, 167 സ്വാശ്രയ കോളജും ആണെങ്കില്‍ 2008 ലുള്ളത് 85 സര്‍ക്കാര്‍ കോളജും 191 എയ്ഡഡ് കോളജും 521 സ്വാശ്രയ കോളജുമാണ്. അതായത് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ടത് 354 സ്വാശ്രയ കോളജുകള്‍. ഇതൊക്കെ ആര്‍ക്കാ കൊടുത്തതെന്നും എത്ര രൂപക്കാ കൊടുത്തതെന്നും അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട .

Unknown said...

.രാക്ഷ്ട്രീയത്തെക്കുറിച്ചു മതം തിരിച്ചുള്ള കുറെ കണക്കുകള്‍ പറയുബോഴും ഒരു സമുദായത്തിന് ഇല്ലത്തതിനെക്കാളുപരി മറ്റൊരു സമുദായത്തിന് "കൂടുതല്‍ ഉണ്ട്" എന്നതാണ് ലേഖകനെ അസ്വോസ്തനാക്കുന്നത് .. ... ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ ഉണ്ടെങ്കില്‍ ലേഖകന്‍ സന്തോഷിക്കുകയല്ലേ വേണ്ടിയിരുന്നത് ....ലേഖകന്റെ കത്തോലിക്ക സഭയോടുള്ള വെറുപ്പാണ് പലയിടത്തും മുഴച്ചു നില്‍ക്കുന്നത് .
മുസ്ലിങ്ങള്‍ ത്രീവവാദത്തിലേക്ക് പോകാതെ നല്ലവണ്ണം ജീവിച്ചാല്‍ നിങ്ങള്‍ക്കും എത്താവൂന്നതെ ഉള്ളു. ഇത് വര്‍ഗീയമായ ഒന്നാണ് ഈ ലേഖനം .മറ്റുള്ളവര്‍ നന്നവുബോള്‍ സ്വയം നന്നവുകയാണ് വേണ്ടത്
.മുസ്ലിംങള്‍ക്ക് നേതാക്കള്‍ ഇല്ല എന്ന് പറയുന്നത് ശരിയല്ല ,ഇ അഹമദ് പോലെ എത്ര പേര്‍

ജോര്ജ്ജ് said...

ഇങ്ങനെ പറയുകയാണെങ്കില് എല്ലാം മതത്തിന്റെ അടിസ്ഥാനത്തില് വീതം വെക്കണമെന്ന്ാണ് ലേഖകന് ഉദ്ദേശിക്കുന്നത്.അപ്പോള് കേരളത്തിലെ സ്ഥലവും സ്വത്തും എല്ലാം സമുദായടിസ്ഥാനത്തില് വീതം വെക്കണം.കത്തോലിക്കരെ അടച്ചാക്ഷേപിക്കുന്നവര് ഒരു കാര്യം ആലോചിക്കണം ഇവിടെ കേരളം മറ്റു സംസ്ഥാനങ്ങള് എല്ലാത്തിനേക്കാള് പുരോഗമിക്കാന് കാരണം കമ്മ്യൂണിസ്റ്റുകാര് പ്ചരിപ്പിക്കുന്നത് അവരാണെന്നാണ് പക്ഷെ ചരിത്രം ശ്രദ്ധിച്ചാല് മനസ്സിലാവും വിദ്ദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണിതിനു കാരണം.1850 കളില് കത്തോലിക്ക സഭയിലെ ചാവറയച്ചന്റെ കല്പനയനുസരിച്ച് എല്ലാ പളളികളോടും അനുബന്ധിച്ച് പളളിക്കൂടങ്ങള് സ്ഥാപിച്ചു അങ്ങനെ എല്ലാ വിഭാഗത്തില്പ്പെട്ടവര്ക്കും വിദ്യാഭ്യാസം ലഭിച്ചു.(തുടര്ന്നുള്ള കാലങ്ങലളില് കമ്മ്യൂണിസ്റ്റുുകള് ഈ നിലപാടിനെ പരിഹസിച്ചിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല് മനസ്സിലാവും പക്ഷെ ഇതൊന്നും പറഞ്ഞ് സഭക്ക് വോട്ടു പിടിക്കാനാവില്ലല്ലോ) ആ ഒരു നിലപാട് കത്തോലിക്ക സഭ എടുത്തതു കൊണ്ടാണ് കേരളം ബംഗാളായി മാറാതിരുന്നത് (ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ല ബംഗാളിലാണ് ,തൊഴിലിലായ്മ...........)സ്വാഭാവികമായും ഒരു മേല്ക്കോയ്മ കത്തോലിക്ക സഭക്കുണ്ട് അതിന്റെ പേരില് നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും സഭയുടെ ചിലവിലെഴുതുകയാണ് ഒരു കാര്യം മനസ്സിലാക്കണം സഭ ഈ മേല്ക്കോയ്മ നേടിയെടുത്തത് ഒരു സുപ്രഭാതത്തിലല്ല.അതേ സമയം ഒരു സുപ്രഭാതത്തില് ചിലര് മേല്ക്കോയ്മ നേടുന്നത് പരിശോധിക്കേണ്ടതാണ്. വിമര്ശിക്കുന്നവര് തന്നെ പണം വാങ്ങി കോളേജുകള് അനുവദിക്കുന്നു ആരും ചോദ്യം ചെയ്യുന്നില്ല.അതേ സമയം അവര്ക്ക് ബാധകമായ കാര്യം വരുന്പോള് തൊടു ന്യായം പറയും ഇത് ജനങ്ങള് തിരിച്ചറിയണം സഭ ചെയ്യുന്നത് മറ്റുള്ളവര് ചെയ്യുന്നതു പോലെ കാണരുത് ഇത് വ്യക്തികളിലേക്കല്ല ചെന്നു ചേരുന്നത് സമൂഹത്തിലേക്കാണ്.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്