Friday, May 21, 2010

മാധ്യമങ്ങള്‍ മനുഷ്യനെ കൊല്ലുന്ന വിധം (ഉദാഹരണ സഹിതം)

വേണം നമുക്കൊരു ഫിഫ്ത്ത് എസ്റ്റേറ്റ്

ബിജുരാജ് 

“ഈ.....യെ കൊണ്ടുപോകാനുള്ളതല്ല പോലീസ് ജീപ്പ്.” ‘നിയമപലകന്റെ’ ആക്രോശം മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ കേട്ടു.  പക്ഷേ, ഒരൊറ്റ ചാനലിലും ആ ദൃശ്യത്തിന് കാരണമായ വാര്‍ത്ത വന്നില്ല.

വര്‍ക്കല സംഭവവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കോളനിയില്‍ ശിവസേനക്കാര്‍ നടത്തിയ  ആക്രമണങ്ങള്‍ക്കെതിരെ ദളിത് സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രമാണ് രംഗം.  യുവമോര്‍ച്ച-ശിവസേന പക്ഷക്കാര്‍ നൂറോളം വരുന്ന സ്ത്രീകളെ പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്മുന്നില്‍ വച്ച് ആക്രമിച്ചു.  അവര്‍ എറിഞ്ഞ കല്ല് സമരപന്തലിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയുടെ വയറിലാണ് പതിച്ചത്.  വേദന കൊണ്ട് അലറി വിളിച്ച് ആ സ്ത്രീ തളര്‍ന്നു വീണു.  ഏതാണ്ടെല്ലാ ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരുണ്ട് സംഭവസ്ഥലത്ത് പക്ഷേ ‘ഇന്ത്യാവിഷന്‍’ മാത്രം കല്ലേറ് നടന്നു എന്ന വാര്‍ത്തയോടൊപ്പം തളര്‍ന്നുവീഴുന്ന ഗര്‍ഭിണിയെ കാണിക്കനെങ്കിലും തയ്യാറായി.

സ്ത്രീകള്‍ക്ക് (ദളിത്) നേരെ നടന്ന ആക്രമണം ചാനലുകളില്‍ എന്തുകൊണ്ട് ‘കല്ലേറു നടന്നു’  എന്ന രണ്ടുവാക്ക് വാര്‍ത്തയില്‍ ഒതുങ്ങി?

തൊഴില്‍ പരമായ പ്രതിബദ്ധത പോകട്ടെ സ്വന്തം അമ്മയെയും താന്‍ ഭൂമിയിലേക്ക് വരുന്നതിന് അമ്മ സഹിച്ച വേദനയേയും പറ്റി ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍  ഗര്‍ഭിണിയായ സ്ത്രീക്കെതിരെ നടന്ന അക്രമം വാര്‍ത്തയാകുമായിരുന്നു.   ഇനി തിരിച്ച് കല്ലേറ്  പതിച്ചത് അക്രമികള്‍ക്ക് നേരെയാണെന്ന് കരുതുക.  വാര്‍ത്തയിങ്ങനെയായെനെ ‘സമരപന്തലില്‍ നിന്ന് ഡി. എച്ച്. ആര്‍. എം തീവ്രവാദികള്‍  ജനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു.’ അതിശയോക്തിയല്ല കേരളത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഭരണകൂട ദളിത് വേട്ടയില്‍ വാര്‍ത്താചാനലുകള്‍ സ്വീകരിച്ചത്  അത്തരം ഏകപക്ഷീയമായ ഒരു സമീപനമാണ്.  (വര്‍ക്കല സംഭവത്തിലേക്ക് നമുക്ക പിന്നീട് വരാം)

ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ക്യാമറയേന്തുന്നയാളുടെ കണ്ണിന്റെ കാഴ്ച്ചയാണ്. അതായത് കാമറ ചലിപ്പിക്കുന്നയാള്‍ താന്‍ കാണാന്‍ ആഗ്രഹിക്കുകയും മറ്റുള്ളവരോട് പങ്ക് വയ്ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമാണ് തന്റെ ക്യാമറയില്‍ പകര്‍ത്തുക.  ഒരിക്കലും ഒരു ദൃശ്യവും വസ്തുനിഷ്ഠമല്ലെന്നര്‍ത്ഥം.  നമ്മള്‍ കാണുന്ന ഒരോ ചാനല്‍ ദൃശ്യത്തിനും ആദ്യം അത് നേരിട്ട് കണ്ടയാ‍ളുടെ (റിപ്പോര്‍ട്ടര്‍/കാമറമാന്‍) വര്‍ഗം, ജാതി, മതം, ലിംഗം, രാഷ്ട്രീയം തുടങ്ങിയവയുടെ സ്വാധീനം ശക്തമായിട്ടുണ്ടാകും.  അത് ന്യൂസ് റൂമിലെത്തുമ്പോള്‍ അവിടെയുള്ള ചിലരുടെ കാഴ്ച്ചപ്പാടും ആ ദൃശ്യത്തില്‍ കലരും.  നമുക്ക് മുന്നിലെത്തുന്ന വാര്‍ത്ത/ദൃശ്യം  ഒരിക്കലും യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിച്ചുകൊള്ളണമെന്നില്ല.  അതുകൊണ്ട് തന്നെ ഒരൊ വാര്‍ത്തയും/ദൃശ്യവും ഏത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുവെന്ന വിശകലനം ആവശ്യമാക്കുന്നു.

മലയാളം ചാനലുകളിലെ വാര്‍ത്തകളുടെ രാഷ്ട്രീയം  നമ്മളെ ഭയപ്പെടുത്തും വാര്‍ത്തകളുടെ രാഷ്ട്രീയമെന്നതുകൊണ്ട് കോവല  കക്ഷി രാഷ്ട്രീയമല്ല വിഷയമാക്കുന്നത്.  നേരത്തെ പറഞ്ഞ വര്‍ഗ/ജാതി/മത/ലിംഗ/കക്ഷിരാഷ്ട്രീയ കാഴ്ച്ചപ്പാടുകളെയാണ് രാഷ്ട്രീയം എന്ന് സമഗ്രാത്ഥത്തില്‍ വിവക്ഷിക്കപ്പെടേണ്ടത്.  ഒരേസമയം അധികാരശ്രേണിയോട് ഒത്തുപോകുന്നതും ജനമര്‍ദകവുമാണ് വാര്‍ത്തകളുടെ/ചാനലുകളുടെ രാഷ്ട്രീയം.  വലതുപക്ഷത്ത് നിന്നാണ് ചാനലുകള്‍ നമ്മളെ വാര്‍ത്തകളുടെ കാഴ്ച്ചകള്‍ കാണിക്കുന്നത്.

ഭരണകൂടത്തിനും പാര്‍ലമെന്റിനും ജുഡീഷ്യറിക്കും പുറത്ത് തിരുത്തല്‍ ശക്തിയായി  ഫോര്‍ത്ത് എസ്റ്റേറ്റ് നില്‍നില്‍ക്കുന്നുവെന്നാണ് സങ്കല്‍പം.  സമഗ്രമായ ഒരു വിശകലനത്തില്‍ മറ്റ് മൂന്ന് എസ്റ്റേറ്റുകള്‍ക്കും പുറത്ത് ജനാധിപത്യത്തിന്റെ കലാപഭരിതമായ ഇടം എന്ന നിലയില്‍ ചാനല്‍രംഗത്ത് ഫോര്‍ത്ത് എസ്റ്റേറ്റ് ഇപ്പോള്‍ കേരളത്തില്‍ നില നില്‍ക്കുന്നില്ല എന്ന് പറയേണ്ടിവരും.  ചാനലുകളില്‍ കാണിക്കാത്ത ദൃശ്യങ്ങള്‍ നമ്മളിപ്പോള്‍ ബദല്‍ ചാനലുകളീലൂടെ കാണാന്‍ തുടങ്ങുകയാണ് അതായത് ഒരു ഫിഫ്ത്ത് എസ്റ്റേറ്റ് ഉദയം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.  ഈ ബദല്‍ വാര്‍ത്താശ്രമങ്ങളെ അഥവാ ഫിഫ്ത്ത് എസ്റ്റേറ്റിനെ നമ്മള്‍ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. ഫിഫ്ത്ത് എസ്റ്റേറ്റ് ഒരു സങ്കല്‍പ്പമായി ലോകത്ത് ഉയര്‍ന്ന് വരാന്‍ തുടങ്ങുന്നതേയുള്ളൂ.  അതിലേക്ക് വരുന്നതിന് മുന്‍പ് നമ്മുടെ ചാനല്‍ വാര്‍ത്തകളുടെ രാഷ്ട്രീയം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും.

വര്‍ഗ/ജാതി സ്വഭാവം

ഒരു പക്ഷേ ലോകത്ത് ഏറ്റവുമധികം ചാനല്‍ സാന്ദ്രതയുള്ള നാട് നമ്മുടേതാകാം.  നിലവില്‍ 19 ടെലിവിഷന്‍ ചാനലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ വര്‍ഷം 15 ചാനലുകള്‍ കൂടി വരും അതോടെ മത്സരം രൂക്ഷമാകും. വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ വരുന്ന സി, മനോരമയുംടെ ‘യുവ’ മനോരമവിഷന്‍ തുടങ്ങിയവയാണ് പുതിയ പ്രമുഖ ചാനലുകള്‍ സൂര്യ ടിവി ആസ്ഥാനം കേരളത്തിലേക്ക് മാറ്റുകയാണ്.  തമിഴ് ചാ‍നലായ രാജ് ടിവിയുടെ രണ്ട് ചാനലുകള്‍ കേരളത്തിലേക്ക് വരുന്നു.  കെ. മുരളീധരന്റെ ജനപ്രിയ, മാതൃഭൂമി, കേരള കൗമുദി, മംഗളം തുടങ്ങിയ പത്രങ്ങളുടെ ചാനലുകളും  അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു.  മലയാളിക്ക് ഏതുതരം വാര്‍ത്തയും ഈ ചാനല്‍ സാന്ദ്രത എത്തിച്ചു നല്‍കിയേക്കും എന്ന ഗുണകരമായ വശമുണ്ട്.  ഒരു ചാനല്‍ വാര്‍ത്ത മറച്ച് വെക്കാന്‍ ശ്രമിച്ചാലും മറ്റു ചാനലുകള്‍ ഇവിടെയുള്ളതുകൊണ്ട് നമ്മള്‍ അറിയാതെ  പോവില്ല. റിപ്പോര്‍ട്ട് ചെയ്യപെടുന്ന വാര്‍ത്തയുടെ രാഷ്ട്രീയം മാത്രമെ പ്രശ്നമാകുനുള്ളൂ‍. അവ സമൂഹത്തിന്റെ ജനപക്ഷത്തണോ അല്ലയോ എന്നതാണ് വിഷയം.  അവിടെ നമ്മള്‍ എല്ലാ ടെലിവിഷന്‍ ചാനലുകളൊടും വിയോജിക്കേണ്ടിവരും. മലയാളചനലുകള്‍ സാമൂഹികമയി  അധ:പതിച്ചതാണ് എന്നല്ല പറഞ്ഞുവരുന്നത്. ചില നിര്‍ണായക സമയങ്ങളില്‍ മലയാളം ചാനലുകള്‍ വാര്‍ത്തകളിലൂടെ ഗുണകരമായി ഇടപെട്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ ജനപക്ഷത്ത് നിന്ന് ചില സജീവ ചെറുത്തുനില്‍പ്പുകളില്‍ പങ്കാളിയായിട്ടുണ്ട്.  സാമൂഹിക പ്രതിബദ്ധതയുടെ തലത്തില്‍ നോക്കുമ്പോള്‍ തിളങ്ങുന്ന ഉദാഹരണങ്ങള്‍ പലതും എടുത്തുകാട്ടാനാകും.  മൂന്നാറിലെ കൈയ്യേറ്റങ്ങളെ കുറിച്ചുള്ള ഏഷ്യാനെറ്റ് വാര്‍ത്തകള്‍, കുഞ്ഞാലിക്കുട്ടിയെ അധികാരത്തില്‍ നിന്ന് ഭ്രഷ്ടമാക്കിയ ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍, മുത്തങ്ങാ സംഭവത്തെ സാഹസികമായി ജനങ്ങളിലേക്ക് എത്തിച്ച കൈരളി ദൃശ്യങ്ങള്‍ എന്നിങ്ങനെ ചാനല്‍ വാര്‍ത്താമികവിന്റെ ഉജ്വല മാതൃകകള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും. 

ഏതൊരു സക്സസ്സ് മീഡിയയും അതു പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ സ്വഭാവങ്ങള്‍ കൂടി പൊതുവില്‍ ഉള്‍ക്കൊണ്ടിരിക്കും.  സമൂഹത്തിലെ ആധിപത്യവര്‍ഗ, മത, ജാതി, പുരുഷാധിപത്യ സ്വഭാവം ചാനലിലും കടന്നു കൂടും എന്നാല്‍ കേരളം പോലെ നവോഥാനങ്ങളുടെ ഒരു നൂറ്റാണ്ട് പിന്നിട്ട സമുഹത്തില്‍ നിലവിലുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസസ്ഥമായ അവസ്ഥയിലാന് മാധ്യമങ്ങളില്‍ നിന് പ്രതീക്ഷിക്കുന്നത്.

നമ്മുടെ ചാനല്‍ രംഗത്ത് ഒരെറ്റ ജനകീയ ചാനലും ഇല്ലെന്നതാണ് വാസ്തവം. ഭൂരിപക്ഷവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ്.  അതില്‍ റൂപെക് മര്‍ഡോക്ക് മുതല്‍ സോമതീരം വരെയുള്ളവരുണ്ട്.  മദ്ധ്യത്തില്‍ തികഞ്ഞ പ്രൊഫഷണല്‍ കോര്‍പ്പറേറ്റുകളായ മനോരമയും. ഹിന്ദു (അമൃത) ക്രിസ്ത്യന്‍ (ശാലോം, ജീവന്‍) മുസ്ലിം (ഭാഗികമായി ഇന്ത്യാവിഷന്‍) കോണ്‍ഗ്രസ്സ് (ജയ്ഹിന്ദ്) സി.പി.എം (കൈരളി) എന്നിങ്ങനെ കോര്‍പ്പറേറ്റ്, മത, രാഷ്ട്രീയാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ചാനലുകള്‍ക്കെല്ലാം നിക്ഷിപ്തമായ താല്പര്യവും ലക്ഷ്യങ്ങളുമുണ്ട്.

ചാനലിലെ മേധാവികളില്‍ ഭൂരിപക്ഷവും വരുന്നത് വര്‍ഗപരമായി സമ്പന്ന/ഇടത്തരം വിഭാഗത്തില്‍ നിന്നും ജാതീയമായി സവര്‍ണ്ണവുമായ ശ്രേണിയില്‍ നിന്നാണ്.  പല വാര്‍ത്താ മേധാവികളും പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയിട്ടാണ്.  ഇതില്‍ ചിലര്‍ക്ക് നേരെ പലതരത്തിലുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്; വാസ്തവം എത്രയെന്ന് വ്യക്തമല്ലെങ്കിലും.

പുതിയ ജേണലിസ്റ്റുകളില്‍ ഏതാണ്ട് എല്ലാവരും തന്നെ ഇതേ വര്‍ഗ/ജാതി ശ്രേണിയില്‍ നിന്നു തന്നെയാണ് കടന്നുവരുന്നത്. മുന്‍ കാലത്തേതില്‍നിന്ന് വ്യത്യസ്തമായി ജേണലിസം പഠനം ചെലവേറിയ കാര്യമാണ്.  വന്‍ തുക മുടക്കാതെ ജേണലിസം കോഴ്സ് പ്രസ്ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട്കളില്‍ നിന്നോ പ്രസ് അക്കാദമിയില്‍ നിന്നോ പഠിച്ചിറങ്ങാനാവില്ല.  സ്വാഭാവികമായും പണം മുടക്കാന്‍ കഴിയുന്നത് ഇടത്തരം/സമ്പന്ന വര്‍ഗങ്ങള്‍ക്കാണ്.  അതുകൊണ്ട് തന്നെ ദരിദ്ര/ദളിത് വിഭാഗത്തില്‍ നിന്നുള്ള ചാനല്‍ രംഗത്തെ പ്രാതിനിധ്യം കൈവിരലില്‍ എണ്ണാവുന്നതേയുള്ളൂ‍.  ചാനല്‍ റിപ്പോര്‍ട്ടര്‍മാരായും അവതാരകരായും യുവതികള്‍ ധാരാളം ഉണ്ടങ്കിലും ചാനല്‍ മേധാവികളായോ ഉന്നത നയരൂപീകരണ ബോഡികളിലോ സ്ത്രീകളുടെ പ്രാതിനിധ്യം ഒട്ടും തന്നെയില്ല.  അതുകൊണ്ട് തന്നെ നമ്മുടെ ചാനല്‍ രംഗം ഒരിക്കലും വര്‍ഗ/ജാതി/ലിംഗപരമായി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കിടയില്‍ കമ്മിറ്റ്ഡ് പത്രപ്രവര്‍ത്തനം  എന്നത് സാധ്യമല്ലാതായി കഴിഞ്ഞിട്ടുണ്ട്.  രൂപപരമായ ഗ്ലാമറും നന്നായി ഇംഗ്ലീഷ്-മലയാളം ഭാഷാപ്രാവീണ്യവുമുള്ള ഏതൊരാള്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒരു ജോലിയായി ചാനല്‍ വാര്‍ത്ത മേഖല മാറിക്കഴിഞ്ഞു. അവിടെ ലേഖകരുടെയും എഡിറ്ററുടെയും വ്യക്തിപരമായ അറിവും വിജ്ഞാനവും അപ്രധാനമാണ്.  അതുകൊണ്ട് തന്നെ എം.ലീലാവതി എത്ര നോവല്‍ എഴുതിയിട്ടുണ്ടെന്നും സി.രാധാകൃഷ്ണന്‍ കാലടി സര്‍വകലാശാലയുടെ വി.സി. അല്ലേ എന്നും പുതിയ ചാനല്‍ പ്രവര്‍ത്തകര്‍ക്കു ആള്‍ക്കൂട്ടത്തില്‍ നിന്ന് മറ്റ് സഹപ്രവര്‍ത്തകരോട് യാതൊരു നാണവുമില്ലാതെ ചോദിക്കാം.

നമ്മുടെ ചാനല്‍ വാര്‍ത്താ രംഗത്തെ വര്‍ഗ/ജാതി നിലപാടുകള്‍ക്ക് ഒരു ഉദാഹരണം ചാലകുടിക്കാരനായ നടനും ഒരു ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും തമ്മിലുള്ള മുഖാമുഖം പരിപാടിയില്‍ സംഭവിച്ചു.  ‘നിങ്ങള്‍ കീഴ്ജാതിക്കാരനായ നടനായതുകൊണ്ട്...’ എന്ന മട്ടില്‍ ഒരു ചോദ്യം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉന്നയിക്കുന്നു.  ഉടനെ നടന്‍ അഭിമുഖകാരനെ കശക്കി.  ചോദ്യകര്‍ത്താവിന്റെ ജാതിയേതെന്ന് വെളിപ്പെറ്റുത്താനും അയാളുടെ ബോധം സവര്‍ണ്ണമായതുകൊണ്ടാണ് മറ്റൊരാള്‍ കീഴ്ജാതികാരനാണ് തോന്നുന്നതെന്നും നടന്‍ തുറന്നടിച്ചു.  മുടങ്ങിപ്പോയ ഒരഭിമുഖമായി ആ കഥ ചാനല്‍ ഓഫീസില്‍ തന്നെ ഒതുങ്ങിയെന്നാണറിയാന്‍ കഴിഞ്ഞത്.  മാധ്യമപ്രവര്‍ത്തകന്റെ വര്‍ഗ/ജാതി നിലപാടുകള്‍ മറനീക്കി പുറത്ത് വരുമ്പോള്‍ ചോദ്യം ചെയ്യാന്‍ അപൂര്‍വ്വമായേ ആളുള്ളൂ എന്നതാണ് സത്യം.

പൈങ്കിളിവല്‍ക്കരണം

ചാനലുകള്‍ക്ക് വാര്‍ത്തയും ഒരു വിനോദോപാധിയാണ്.  ഒരോ വാര്‍ത്തയും എത്രത്തോളം ജനപ്രിയമായിരിക്കാമോ?  എന്നതിലാണ് മികവ്.  ആളുകളെ രസിപ്പിച്ച് തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നിടത്താണ് മത്സരം.  

ആള്‍ക്കൂട്ടത്തെ രമിപ്പിക്കല്‍ നല്ല കലയാണ്.  അവിടെ വേണ്ടത് കലാമൂല്യമല്ല.  മിമിക്രിയുടെ നീട്ടിക്കുറുക്കലുകള്‍ മതി.  വ്യക്തമായി പറഞ്ഞാല്‍ ഏതൊരു വാര്‍ത്തയും  കൊമേഴ്സ്യല്‍ സിനിമയുടെ ചേരുവ ഉള്‍ക്കൊണ്ടിരിക്കണം.  വാര്‍ത്ത വിനോദോപാധിയായതുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് പ്രാധാന്യം കിട്ടുന്നത്; പുകവലി വിരുദ്ധ ദിനത്തില്‍ സിഗരറ്റ് നമുക്കായി ഉപേക്ഷിക്കുന്നയാളും, പാല്‍ക്ഷമത്തെപ്പറ്റി പറയുമ്പോള്‍ രാവിലെ പശുവിന്റെ അകിടിന്‍ ചുവട്ടില്‍ ഇരുന്ന് പാല്‍ കറക്കുന്നതുമായ വാര്‍ത്തകളുടെ പ്രഹസനങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ കാണിക്കുന്നത്  നമ്മള്‍ സഹിക്കേണ്ടിവരുന്നത്.  ഗൗരവമുള്ള വാര്‍ത്തയെ എങ്ങിനെ പൈങ്കിളി വല്‍കരിച്ച് മുനയൊടിക്കാം എന്നതിലാണ് മികവ്.  ഇത് തീര്‍ത്തും വലതുപക്ഷമാധ്യമ സമീപനമാണ്.

വാര്‍ത്തയുടെ യുക്തിയെന്നത് മത്സരമായതിനാല്‍ കേവല മൂല്യങ്ങളോ ആധികാരികതയോ വിശ്വാസ്യതയോ ചാനലുകള്‍ക്ക് വിഷയമല്ല.  അതുകൊണ്ട് കൊച്ചിന്‍ ഹനീഫയും കെ.ആര്‍.നാരായണും മരിച്ചെന്ന് വാര്‍ത്തകള്‍ ഫ്ലാഷായി നമുക്ക് മുന്നിലൂടെ കടന്നുപോകും.  ജീവിച്ചിരിക്കുന്നവരും അവരുടെ ബന്ധുക്കളും നമ്മളെപ്പോലെ ‘മരണവാര്‍ത്ത’ അറിയും.  ഒരു ക്ഷമാപണവുമില്ലാതെ തങ്ങള്‍ ‘കൊന്നവര്‍‘  അത്യാസന്ന നിലയില്‍ തുടരുന്നു എന്ന് മാറ്റി ഫ്ലാഷ് നല്‍കും.  ഈ യാത്ര അതിവേഗമായതിനാല്‍ തീര്‍ത്തും വിലയിടിഞ്ഞ വാര്‍ത്തകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്.

ചാനലുകളുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന മുഖ്യ വെല്ലുവിളി സന്ധ്യക്ക് ശേഷമുള്ള ന്യൂസ് ഹവറുകളിലേക്ക് ആളുകളെ തപ്പിയെടുക്കുകയും, മറ്റുള്ള ചാനലുകളുമായി മത്സരിച്ച് അവര്‍ക്ക് വിട്ടുകൊടുക്കാതെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുവരുകയുമാണ്. 

അത്തരം ‘ഇരപിടുത്തങ്ങളിലൂടെ പലപ്പോഴും അര്‍ഹരല്ലാത്തവര്‍ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കും ആധികാരികമായി പറയാന്‍ അറിയാവുന്നവര്‍ ഈ വണ്‍ അവര്‍ ഷോയില്‍ പുറത്താവുകയും ചെയ്യുന്നു.  

ചാനലുകള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ പ്രധാനമായും അഞ്ചുഗണത്തില്‍ വരുന്നവയാണ്.  ഒന്ന് മുസ്ലീം/ഭീകരതയുമായി ബന്ധപ്പെട്ടവ.  രണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍.  മൂന്ന്.  ഭക്തി.  നാല്:  സിനിമ ക്രിക്കറ്റ് എന്നിവയുമായി ബന്ധ പ്പെട്ടത്.  അഞ്ച്:  കൊലപാതകങ്ങള്‍/ഗുണ്ടാ അക്രമങ്ങള്‍ അഥവാ ക്രൈം.  

സാമൂഹിക വിമര്‍ശനം

ചാനല്‍ വാര്‍ത്തകള്‍ സാമൂഹ്യ വിമര്‍ശനപരമായ റോളുകള്‍ ആത്മാര്‍ത്ഥതയോടെ വഹിക്കും എന്നു കരുതുന്നത് ഇനിയുള്ള കാലം അസംബന്ധ ധാരണയാണ്.  ഏഷ്യാനെറ്റിന്റെ  തുടക്കകാലത്ത് വാര്‍ത്ത ഗൗരവമായി അവതരൈപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമീപനമുണ്ടായിരുന്നു.  അതിനു കാരണം വ്യക്തമായ സാമൂഹ്യ ബോധമുള്ള വാര്‍ത്താ മേധാവികളും രാഷ്ട്രീയ-സാമൂഹ്യ കാഴ്ച്ചപ്പാടുള്ള യുവപത്രപ്രവര്‍ത്തകനിരയും അവര്‍ക്കുണ്ടായിരുന്നതു കൊണ്ടാണ്.  ഏഷ്യാനെറ്റ് ഇവിടെ വരുമ്പോള്‍ മറ്റു ചാനലുകള്‍ ഉണ്ടായിരുന്നില്ലന്ന് ഓര്‍ക്കണം.  അതുകൊണ്ട് തന്നെ സാമൂഹ്യവിമര്‍ശന രംഗത്ത് അവര്‍ക്ക് ആധികാരികമായി നില്‍ക്കാനായി.  റൂപെക് മര്‍ഡോക്കുമാരുടെ പുതുകാലത്ത് വാര്‍ത്താ‍ അധികാരികയുടെയോ സാമൂഹ്യ വിമര്‍ശനത്തിന്റെയോ തലത്തില്‍ നിന്നല്ല ‘ഏഷ്യനെറ്റ്’ ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നതാണ് മലയാളിയുടെ ചാനല്‍ ദുരന്തം

മലയാളത്തില്‍ പൊതുവെ നിലനില്‍ക്കുന്നത് വിശാല ഇടതുപക്ഷ അന്തരീക്ഷമാണ്.  (ഇടതുപക്ഷം എന്ന് ഉദ്ദേശിക്കുന്നത് സി.പി.എം,  സി.പി.ഐ കക്ഷികളെയല്ല.  മറിച്ച് വിശാല ഇടതുമൂല്യബോധം പുലര്‍ത്തുന്ന സകലരെയുമാണ്.)  അതായത് മലയാളികളില്‍ ഭൂരിപക്ഷവും ഒരു ഇടത് മനോഭാവം അറിഞ്ഞും അറിയാതെയും പുലര്‍ത്തുന്നുണ്ട്.  അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ വിശാല ഇടതുപക്ഷത്ത് നിന്ന് വിമര്‍ശിക്കുന്നതാണ് ശാസ്ത്രീയ വിമര്‍ശനം.  ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയാവുകയാണ് ചാനലുകള്‍ വേണ്ടത്.  മലയാളത്തിലെ സാംസ്ക്കാരിക മാഗസിനുകള്‍  സ്വീകരിക്കുന്നത് അത്തരം സമീപനമാണ്.  വലതുപക്ഷ സമീപനത്തോടെ ഇടതിനെയും സമൂഹത്തെയും സമീപിക്കുന്നു.  ചാനല്‍ വാര്‍ത്തകളില്‍ ഇടതുപക്ഷത്തെ റദ്ദുചെയ്യുന്ന ചോദ്യങ്ങള്‍ ഉയരുന്നത് അതുകൊണ്ടാണ്.  അഴിമതിയെപ്പറ്റി പറയുമ്പോള്‍ എല്ലാത്തരം അഴിമതിയും തെറ്റാണ് അത് അവസാനിപ്പിക്കണം എന്നല്ല ചാനല്‍ വാര്‍ത്തകള്‍ വാദിക്കുന്നത്.  മറിച്ച് നിശ്ചിത അഴിമതിയില്‍ കോഴയായി മേടിക്കുന്ന തുക കൂടുതലാണ് എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍.  ഫലത്തില്‍ അഴിമതിയും മറ്റ് അനീതികളും തെറ്റല്ല, അവയുടെ തോത് കൂടുതലാവുന്നു  എന്ന മട്ടില്‍ വിമര്‍ശനം നീങ്ങുന്നു. ഇത് ഒരിക്കലും സമൂഹത്തിന്റെ ഇടതുപക്ഷത്തുനിന്നുള്ള വിമര്‍ശനമല്ല.  അഴിമതിക്കുമുണ്ട് വേര്‍തിരിവുകള്‍ സ്വാശ്രയ കോഴ്സുകളുള്‍പ്പടെ ചില കാര്യങ്ങളില്‍ കോഴ വാങ്ങുന്നത് അഴിമതിയല്ല.  എന്നാല്‍ ആര്‍ ടി ഒ. ഓഫീസുകളിലേത് മാത്രം അഴിമതി എന്ന മട്ടില്‍ വാര്‍ത്തകള്‍ അഴിമതിക്കെതിരെ ‘പക്ഷഭേദമായി’ സംസാരിക്കുന്നു.  
വിമര്‍ശനത്തിന്റെ ദുരന്തം മലയാളത്തിലെ ഒരു വാര്‍ത്താചാനല്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്.  മൂന്നാറിലെ  അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്ന വാര്‍ത്തകള്‍ അടങ്ങിയ അവരുടെ വാര്‍ത്ത ബുള്ളറ്റിനുകളുടെയും വാര്‍ത്താവിമര്‍ശന പരിപാടികളുടെയും സ്പോണ്‍സര്‍മാര്‍ മൂന്നാറിലെ കൈയേറ്റക്കാരായ ബിസിനസ് ഗ്രൂപ്പ് തന്നെ.

ദളിത്/സ്ത്രീവിരുദ്ധകാഴ്ച

മലയാളം ചാനലുകളുടെ കാഴ്ചപ്പാട് ജാതീയമായി സവര്‍ണ്ണപരമാണ്.  കാമറയുടെ ദൃശ്യകോണുകള്‍ ഒരിക്കലും ദളിതരിലേക്ക് തിരിഞ്ഞിട്ടില്ല.  ഇക്കഴിഞ്ഞ ജനുവരി 20-ന് ചിത്രലേഖ എന്ന ദളിതയായ ഓട്ടോ ഡ്രൈവറെ പയ്യന്നൂരില്‍ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ചു.  പിന്നീട് പോലീസ് സ്റ്റേഷനില്‍ വച്ചും ചിത്രലേഖയ്ക്ക് മര്‍ദനമേറ്റു.  ചിത്രലേഖ ഓട്ടോയോടിക്കുന്നത് എതിര്‍ത്ത ശക്തികള്‍ മുമ്പ് അവരെ ‘പുലച്ചി’ എന്ന് വിളിച്ചാക്ഷേപിക്കുകയും ഒട്ടോ അഗ്നിക്കിരയാക്കുകയും ചെയ്തതായി ചിത്രലേഖ പറയുന്നു.  പക്ഷേ മലയാളത്തിലെ ഒരൊറ്റ ചാനല്‍ പോലും സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല.  ഡല്‍ഹിയിലേയും മറ്റും ആക്റ്റിവിസ്റ്റുകള്‍ പലവട്ടം പല ചാനലുകളെയും വിവരം അറിയിച്ചിട്ടും ആരും പ്രതികരിച്ചതു പോലുമില്ല.  രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് നിന്ന് ‘ഇന്ത്യാവിഷന്‍‘ മാത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തു.  എന്തുകൊണ്ട് പയ്യന്നൂരിലേ വാര്‍ത്ത കോഴിക്കോട് നിന്നായി?

2007-2008 ല്‍ കൊല്ലത്തിനടുത്ത് നൈനാംകോണത്ത് ദളിത് കോളനിയില്‍ കുടിയൊഴിപ്പിക്കല്‍ നടന്നു. ഭീകരമായി പോലീസ് മര്‍ദ്ദനം അരങ്ങേറി കുടിലുകള്‍ പൊളിച്ചു നീക്കി.  സ്ത്രീകളുടെ കൈ പോലീസ് അടിച്ച് ഒടിച്ചു.  ഒരു പ്രതിഷേധ പ്രകടനം പോലും സാധ്യമാവാത്ത വിധത്തില്‍ അവിടെ മനുഷ്യാവകാശ ലംഘനം അരങ്ങേറി.  പക്ഷേ ഒരറ്റ ചാനലുപോലും നൈനാംകോണത്ത് എത്തിയില്ല.  (ഇരകള്‍ ദളിതരും സ്ത്രീകളുമാണല്ലോ, പിന്നെയെന്ത് വാര്‍ത്ത?)

2009-ല്‍ വര്‍ക്കലസംഭവം നടന്ന ശേഷം ദളിത് കോളനികളില്‍ നടമാടിയ പോലീസ്ഭീകരത ഒന്നുപോലും ഗൗരവത്തോടെ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  ദളിതരെ തീവ്രവാദികളായി മുദ്രയടിക്കുന്നതിന് ഭരണകൂടത്തിനും പോലീസിനുമൊപ്പം മത്സരിക്കുകയായിരുന്നു  മലയാളത്തിലെ ഏതാണ്ട് എല്ലാ ചാനലുകളും.

വര്‍ക്കലയിലെ ഒരു കോളനിയില്‍ എട്ട് ദളിത് സ്ത്രീകള്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരുക്കേറ്റു.  മുത്താന കോളനിയില്‍ സുഭദ്ര എന്ന പ്രായം ചെന്ന സ്ത്രീയെ പോലീസ് വയറ്റില്‍ ചവിട്ടുകയും കാനയിലേക്ക് എടുത്തിടുകയും ചെയ്തു.  സുജഗോപാലന്‍ എന്ന ദളിത് സ്ത്രീയുടെ വയറ്റില്‍ പോലീസ് ലാത്തികൊണ്ടടിച്ചതിനാല്‍ ഗര്‍ഭം അലസി.  ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടന്ന് ഈ വാര്‍ത്തകള്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  പകരം ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ മുഴുവന്‍ ദളിത് ഹൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പ്രവര്‍ത്തകരെയും ഭീകരന്മാരായി ചിത്രീകരിക്കുന്നതായിരുന്നു.  കേരളത്തില്‍ ദളിത് തീവ്രവാദം ശക്തമാണ് എന്ന മട്ടില്‍ ചാനലുകള്‍ സവര്‍ണ്ണപക്ഷത്ത് നിന്ന് ഇല്ലാത്ത കഥകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു.  ദളിത് കോളനികളില്‍ കഞ്ചാവിനും മദ്യത്തിനുമെതിരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് ഡി.എച്ച്.ആര്‍.എം. എന്നു ഒരിക്കലെങ്കിലും പറയുന്നതിന് പകരം ഒരേ യൂനിഫോം വസ്ത്രങ്ങളണിഞ്ഞ ആ ചെറുപ്പക്കാരെ ഭീകരരും ലൈംഗിക അരാജവാദികളുമായി ചിത്രീകരിച്ചു.   

സ്ത്രീകളുടെ അന്തസ്സിനെ ചാനലുകള്‍ എങ്ങനെ സമീപിക്കുന്നുവെന്നും വിഷയമാക്കേണ്ടതുണ്ട്.  സ്ത്രീ ശരീരത്തിലേക്ക് ഉത്തേജിതമായ വൈകാരികഭാവത്തോടെ നീങ്ങുന്ന കാമറകള്‍  നമ്മള്‍ പലവട്ടം കണ്ടുകഴിഞ്ഞു. മുന്‍മ്പ്, തിരുവനന്തപുരത്ത് സമരത്തിനിടയില്‍ സി.പി.ഐ. അനുകൂല സംഘനയിലെ ഒരു സ്ത്രീ തനിക്കുനേരെയുള്ള പോലീസ് സമീപനത്തെ തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ ക്ലോസ് അപ്പില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണിച്ചതും നമ്മള്‍ കണ്ടു.  ഒരു സ്ത്രീ പോലീസിനെ ഇടിക്കുന്നത് ശരിയോ എന്ന മട്ടില്‍ ചര്‍ച്ചകള്‍ നീങ്ങി.  സമരങ്ങള്‍കിടയില്‍ പോലീസും ജനങ്ങളും പര്‍സ്പരം ആക്രമിക്കാത്ത നാടൊന്നുമല്ല കേരളം.  പക്ഷേ, സ്ത്രീയെന്തിന് അത് ചെയ്തു? അന്നു രാത്രി ന്യൂസ് അവറുകള്‍ സ്ത്രീകള്‍ എങ്ങിനെ സമരം ചെയ്യണമെന്ന് മലയാളികളെ ഉദ്ബുദ്ധരാക്കി.

മുസ്ലീം വിരുദ്ധത

മലയാളത്തിലെ എല്ലാ ചാനലുകളും പ്രകടമായിതന്നെ മുസ്ലീം വിരുദ്ധ സമീപനം സ്വീകരിക്കുന്നതു കാണാം. ന്യൂസ് റൂമുകള്‍ ഹിന്ദുമതമൗലികവാദ കാഴ്ചപ്പാടുള്ളവര്‍ കടന്നു കയറി കാവിവല്‍ക്കരിച്ചതിന്റെ ദുരന്തം കൂടിയാണ് ഇത്.

ഭീകരന്‍/കൊടുംഭീകരന്‍/തീവ്രവാദികള്‍/ലഷ്കറി തോയിബ/പാകിസ്താന്‍ ഈ വാക്കുകള്‍ മുസ്ലീം വിരുദ്ധ വാര്‍ത്തകളില്‍ ആവര്‍ത്തിച്ചു കാണാം.  ഈ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെടുന്നത് മുസ്ലീകളെല്ലാം തീവ്രവാദികളാണ്  എന്ന തികഞ്ഞ ഹിന്ദുമൗലികവാദ കാഴ്ച്ചപാടാണ്.  ലഷ്കര്‍ ഭീകരന്‍ എന്നു മാത്രമാണ് തടിയന്റ്വിട നസീര്‍ ചാനല്‍ വാര്‍ത്തയില്‍ വിശേഷിക്കപ്പെടുന്നത്.  നസീര്‍ ലഷ്കര്‍ ഭീകരനാവാം അല്ലാതിരിക്കാം.  പക്ഷേ, മാധ്യമങ്ങള്‍ക്കെങ്ങനെയാണ് അങ്ങനെ സംശയത്തിന്റെ ഒരണുപോലുമില്ലാതെ പറയാന്‍ കഴിയുക?  സംശയത്തിന്റെ ഒരണുപോലുമില്ലാതെ പറയാന്‍ കഴിയുക? സംശയത്തിന്റെ ചെറിയ ആനുകൂല്യം നസീര്‍ അര്‍ഹിക്കുന്നില്ലേ?  കുറഞ്ഞ പക്ഷം കേടതി അയാളെ കുറ്റവാളിയെന്ന് വിധിക്കുന്നത് വെരെയെങ്കിലും? ഒരു രാജ്യത്ത് ആധിപത്യമുള്ള മതത്തിന്റെ ഭരണകൂടത്തിനുമുണ്ടാവാം എന്നത് ലോകത്തെവിടെയുമുള്ള യാഥാത്ഥ്യമാണ്.  ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് മാത്രം കാര്യങ്ങള്‍ വ്യത്യസ്തമാവാന്‍ വഴിയില്ല.  ഇന്ത്യന്‍ ഭരണകൂടമെന്നത് സവര്‍ണ്ണാധിഷ്ഠിതവും ബ്രാഹ്മ്ണ്യവുമായ ഒന്നാണ്.  അത്തരം ഒരു ഭരണകൂടം നല്‍കുന്ന വാര്‍ത്തകളെ എങ്ങനെയാണ് ചാനലുകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നത്.  

ദിവസവും തടിയന്റ്വിട നസീര്‍ തന്റെ വിദേശ തീവ്രവാദ ബന്ധങ്ങള്‍ വെളിപ്പെടുത്തിയതായി വാര്‍ത്ത ഹൈപിച്ചില്‍, മ്യൂസിക്കല്‍ വൈബ്രേഷനോടെ അവതരിപ്പിക്കുന്നു.  നസീര്‍ ആരോടാണ് വെളിപ്പെടുത്തിയത്? കോടതിയിലോ? അതോ മാധ്യമങ്ങളോടോ? അയാള്‍ ഒരു വെളിപ്പെടുത്തലും ഇന്നുവരെ ജനങ്ങള്‍ക്ക് മുന്നില്‍ നടത്തിയിട്ടില്ല, അതിന് ഒരു അവസരവും ഭരണകൂടം നല്‍കിയിട്ടുമില്ല. കറുത്തതുണിക്കൊണ്ട് മൂടി പോലീസ് വലയത്തില്‍ നസീര്‍ നടക്കുന്നതുമാത്രമാണ് നമ്മള്‍ ചാനലുകളില്‍ കണ്ടത്.  നസീര്‍ വെളിപ്പെടുത്തിയതെന്ന് പറഞ്ഞു കേള്‍ക്കുന്നതല്ലാം പോലീസ് നല്‍കുന്ന വിവരങ്ങളാണ്.  അപ്പോള്‍ ചാനലുകള്‍ പോലീസിന്റെയും ഭരണകൂടത്തിന്റെയും മൗത്ത്പീസാകുന്നു.  കാശ്മീരില്‍ വെടിയേറ്റ് നാല് ചെറുപ്പക്കാര്‍ മരിച്ചപ്പോഴും നമ്മുടെ ചാനലുകള്‍ ഭരണകൂടം പറയുന്നതില്‍ എന്തെങ്കിലും അവിശ്വസിക്കേണ്ടതുണ്ടോ എന്ന് അന്വോഷിച്ചതേയില്ല.  മുസ്ലീംതീവ്രവാദത്തെപ്പറ്റി പറയുമ്പോഴല്ലാം മഅദനി-സൂഫിയ മഅദനി എന്ന പരാമര്‍ശവും കാണാം.  മുഴുവന്‍ മുസ്ലീംതീവ്രവാദ കേസുകളിലും മഅദനിയുമായി ബന്ധിപ്പിക്കുന്നതു കാണാം.  മഅദനിയുടെ സഹായിയായ മണിയുടെ വിശേഷങ്ങള്‍ മുതല്‍ നസീര്‍-മഅദനി സംഭാഷണം, ബസ് കത്തിക്കല്‍ തുടങ്ങിയവയിലല്ലാം ഒരു തരം ക്രിമിനല്‍ വാസനയോടെയാണ് മുസ്ലീം വിരുദ്ധത പടര്‍ത്തുന്നത്.  

ഇടക്ക് വന്ന ലൗജിഹാദ് വാര്‍ത്തകള്‍ക്കുമുണ്ടായിരുന്നു ഇത്തരം മുസ്ലീം വിരുദ്ധത.  വ്യക്തമായ ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാതെ പ്രണയങ്ങളെ ലൗജിഹാദ് എന്ന് ചാനലുകള്‍/ മാധ്യമങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നു.  ഫലത്തില്‍ മിശ്രവിവാഹങ്ങളും പ്രണയവിവാഹങ്ങളും സാധ്യമല്ലാത്ത വിധത്തില്‍ സമൂഹം മാറിതീരുന്നു.  

ലൗജിഹാദിനെപ്പറ്റിയും മുസ്ലീം ഭീകരതയെപ്പറ്റിയും ആവേശത്തോടെ വാര്‍ത്തകള്‍ വരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ചാനല്‍ ലേഖകരുടെ രാഷ്ട്രീയം പരിശോധിക്കുന്നത് നല്ലതാവും.  ലൗജിഹാദിനെപ്പറ്റി വാര്‍ത്തകള്‍ കൂടുതല്‍ ആവേശത്തോടെ ആഘോഷിച്ചത് കോട്ടയത്തെ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ കൂടിയായ റിപ്പോര്‍ട്ടറുടെ ഭാവനാ വിലാസങ്ങളാണ് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

മനുഷ്യവകാശ വിരുദ്ധത

മലയാ‍ള ചാനലുകള്‍ എത്രമാത്രം മനുഷ്യാവകാശ മൂല്യം പുലര്‍ത്തുന്നുണ്ട് കാട്ടാക്കടയില്‍ അടുത്തിടെ ബാബു എന്ന ദളിത് യുവാവിനെ പോലീസ് മര്‍ദ്ധിച്ചു കൊലപ്പെടുത്തിയതായ വാര്‍ത്ത വന്നു.  മണല്‍ / ഭൂമാഫിയയുടെ താല്പര്യാത്ഥമാണ് മര്‍ദ്ധിക്കപ്പെടുന്നത്.  വീട്ടില്‍, ഭാര്യ ചെല്ലമ്മയുടെ മുന്നില്‍ വെച്ച് ഉടുമുണ്ട് ഊരി നഗ്നനാക്കിയാണ് ബാബുവിനെ മര്‍ദിച്ചത്.  പിന്നീട് സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും മരിച്ചു.  ഭര്‍ത്താവിനെ അന്വേഷിച്ച് സ്റ്റേഷനില്‍ എത്തിയ ചെല്ലമ്മ കരഞ്ഞു വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.  ചാനലുകളില്‍ കസ്റ്റഡിമരണത്തെപ്പറ്റിയും പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതും വാര്‍ത്തയാക്കി.  എന്നാല്‍ വാര്‍ത്ത ഉപരിവിപ്ലവമായിരുന്നു.  ബാബു എന്തുകൊണ്ട് മര്‍ദ്ദിക്കപ്പെട്ടു, എത്തരത്തില്‍? പിന്നീട് ഭാര്യ ചെല്ലമ്മക്ക് എന്ത് സംഭവിച്ചു? നഷ്ടപരിഹാരതുക ലഭിച്ചോ?  തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ചാനലുകളില്‍ കണ്ടില്ല.  അല്പമെങ്കിലും വാര്‍ത്ത ഭേദമായി റിപ്പോര്‍ട്ട് ചെയ്തത് ‘ജീവന്‍ ടീവി’ യാണ്.  മനുഷ്യാവകാശത്തോട് ഐക്യപ്പെടുത്തുന്ന ചാനലിലെ ഒരു ജീവനക്കാരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇടപെട്ടത് കൊണ്ടാണ് ഭേദപ്പെട്ട നിലയില്‍ വാര്‍ത്ത വന്നത്. 

‘മനോരമ ചാനല്‍’ തിരുവനന്തപുരത്തെ അനധികൃത പോലീസ് ടോര്‍ച്ചര്‍ കേന്ദ്രങ്ങള്‍ (തേഡ് ഡിഗ്രി) കാണിച്ചു.  എക്സ്ക്യൂസീവ് എന്ന നിലയില്‍ നല്ല സംരംഭം.  പക്ഷേ, ഇതേ തേഡ് ഡിഗ്രിയില്‍ പീഡിക്കപെട്ടവര്‍ ചാനലിന്റെ മൈക്കെത്തും ദൂരത്തുണ്ടായിരുന്നു.  അവരില്‍ ഒരാളെപ്പോലും ചാനല്‍ കാണിച്ചില്ല.  വര്‍ക്കല സംഭവുമായി ബന്ധപ്പെട്ട ദാസ് ഉള്‍പ്പെടെ പലരും ക്രൂരമായ പീഡനത്തിരയായിരുന്നു.  ജയില്‍ മോചിതരായ അവര്‍ നാട്ടിലുണ്ട് എന്തുകൊണ്ടാണ് അവര്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് നമ്മളുടെ ചാനലുകള്‍ ചോദിക്കാത്തത്?

വര്‍ഗീയലഹള നടക്കുമ്പോള്‍ അതു പടരാതെ സമീപനമെടുക്കുന്നതില്‍ മലയാളം ചാനലുളുടെ പങ്ക് വലുതും പ്രശംസിനീയവുമാണ്.  വര്‍ഗീയ ലഹളകള്‍ പടരാന്‍ ഇടയുള്ള സംഭവങ്ങളില്‍ ഈ ചാനലുകള്‍/മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയും അച്ചടക്കവും മറ്റ് ദേശീയ ചാനലുകള്‍ക്കും മാതൃകയാണ്.  പക്ഷേ, നമ്മുടെ ചാനലുകള്‍ വര്‍ഗ്ഗീയ ലഹള എന്ന കണക്കില്‍ പെടുത്തി വിട്ടുകളയുന്ന മനുഷ്യാവകാശ ലംഘനങ്ങളുമുണ്ട്.  2009 മെയില്‍ ബീമാപ്പള്ളി കടപ്പുറത്ത് നടന്ന പോലീസ് അതിക്രമം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  എന്നാല്‍ പോലീസ് ഒരാളെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യം ആരോ മൊബൈല്‍ ക്യാമറയില്‍ ഒളിച്ചിരുന്ന് പകര്‍ത്തിയത് യൂടൂബ് വഴി പ്രചരിക്കപ്പെട്ടു.  യഥാര്‍ത്ഥത്തില്‍ ബീമാപ്പള്ളയില്‍ നടന്നത് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്.  കൊമ്പന്‍ ഷാജി എന്ന ഗുണ്ടയുടെ അതിക്രമത്തെപ്പറ്റി നാട്ടുകാര്‍ പോലീസിനോട് പലവട്ടം പരാതിപെട്ടിട്ടും നടപടിയെടുക്കാതെ വൈകിച്ച പോലീസ് സമീപനമാണ് വലിയ ദുരന്തം അവിടെ സൃഷ്ടിച്ചത്.  മേലുദ്യോഗസ്ഥരുടെയോ ജില്ലാകലക്ടറുടെയോ ഉത്തരവില്ലാതെ, ഒരു മുന്നറിയിപ്പും നല്‍കാതെ പോലീസ് ജനക്കുട്ടത്തിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പിന്നീട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു.  

ഭരണകൂട ദാസ്യത

ക്രൈമുമായി ബന്ധപ്പെട്ട് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ മിക്കതും പോലീസ് നല്‍ക്കുന്ന വാര്‍ത്തകളാണ്. എക്സ്ക്ലൂസീവ് എന്ന് ചാനല്‍ അവകാശപ്പെടുമെങ്കിലും .  പോള്‍ എം. വധക്കേസില്‍ ‘എസ്’ ആകൃതിയിലുള്ള കത്തിയെപ്പറ്റി ‘ഏഷ്യാനെറ്റ്” നടത്തിയ അന്വോഷണം അപൂര്‍വ്വം ചിലത് മാറ്റി നിര്‍ത്തിയാല്‍, പോലീസ് ഭാഷ്യങ്ങള്‍ അതുപോലെ ലേഖകന്റെ കണ്ടെത്തലായി അവതരിപ്പിക്കുകയാണ് ചാനലുകള്‍ ചെയ്യുന്നത്.  

കേരളത്തില്‍ ഭരണകൂടം നടത്തിയ കുടിയൊഴിപ്പിക്കലും ചാനലുകള്‍ അര്‍ഹമായ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിട്ടേയില്ല. മൂലമ്പിള്ളി, പേരണ്ടൂര്‍ കനാല്‍, സ്മാര്‍ട്ട് സിറ്റി, ബ്രഹ്മപുരം, നൈനാംകോണം എന്നിവിടങ്ങളിലെ ജനങ്ങള്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപെട്ടപ്പോള്‍ ചാനലുകള്‍ കാര്യമായി തിരിഞ്ഞുനോക്കിയില്ല.  ‘ഏഷ്യാനെറ്റ്’ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട വാര്‍ത്ത കെടുത്തത്.

മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ തന്നെ ചെറുകിട മുഖ്യധാരാ പത്രങ്ങള്‍ (മംഗളം, മാധ്യമം) വലിയ പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്ത്  ദിവസങ്ങള്‍ കഴിഞ്ഞാണ് ചാനലുകള്‍ അവിടേക്ക് യാഥാര്‍ത്ഥ്യബോധത്തോടെ എത്തിയത്.  ഒരു റിപ്പോര്‍ട്ടിനപ്പുറം മൂലമ്പിള്ളിയില്‍ നഷ്ടപരിഹാരത്തിനായി പോരാടുന്നവരുടെ  സമരങ്ങളിലേക്കും  അവസ്ഥകളിലേക്കും പിന്നീട് ചാനല്‍ അന്വേഷണങ്ങള്‍ ചെന്നില്ല.

ഇപ്പോള്‍ മുളവുകാട് ജനങ്ങള്‍ അനുഭവിക്കുന്ന കുടിയൊഴിപ്പിക്കല്‍/ജീവിത ദുരിതങ്ങളിലേക്ക് ഏത് ചാനലാണ് കടന്ന് ചെന്നത് എന്ന് അന്വേഷിക്കാവുന്നതാണ്.   വല്ലാര്‍പാടം പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിലൂടെയും കായല്‍ നികത്തിയതുമൂലം ജീവിത വരുമാനവും കൃഷിയും നഷ്ടപ്പെട്ട നിരവധി മുളവുകാട്ടുകാര്‍ സമരരംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.  തങ്ങളുടെ ദുരിതം ജനങ്ങള്‍ ചാനലുകളെ പലവട്ടം അറിയിച്ചിട്ടും മുളവുകാട്ടേക്ക് ചാനല്‍ കാമറ ചെന്നെത്തിയില്ല.

വളന്തക്കാട് ദ്വീപില്‍ ഭൂമാഫിയയുടെ നീക്കം ചാനലുകള്‍ക്ക് വാര്‍ത്തയായതിനു കാരണം വി.എസ്.പിണറായി ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടയിലെ വില്ലന്‍.  കഥാപാത്രമായി അവതരിച്ച ഫാരീസ് അബൂബക്കറിന്റെ സാന്നിദ്ധ്യമാണ്.  അല്ലങ്കില്‍ വളന്തക്കാട് നമുക്കൊരു വാര്‍ത്തയേ ആകുമായിരുന്നില്ല.

പ്രാദേശികവല്‍ക്കരണം

മലയാളത്തിലെ ചാനല്‍ സംസ്കാരം, വിദേശരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാലുതട്ടിലാണ് കാഴ്ചയെ വിഭജിക്കുന്നത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദേശീയവും രാജ്യാന്തരവുമായ രണ്ട് ചാനല്‍ കാഴ്ചകളാണ് കാണിക്കുന്നത്. ഇവിടെ അത് നാലു തട്ടിലാണ് കാര്യങ്ങള്‍ നീക്കുന്നത്.  ഒന്ന് തീര്‍ത്തും പ്രാദേശികമാകുന്ന നാട്ടുവാര്‍ത്തകള്‍ (സിറ്റി, എ.സി.വി. ചാനലുകള്‍) രണ്ടാമതായി കേരളത്തിനെ മൊത്തമായി എടുക്കുന്ന കാഴ്ചകള്‍ (ഏഷ്യനെറ്റ്, കൈരളി) ദേശീയ കാഴ്ചയെ സാധ്യമാക്കുന്നതാണ് മൂന്നാമത്തെ ചാനലുകള്‍ (ആജ്തക്ക്, ദൂരദര്‍ശന്‍) നാലാമത് രാജ്യാന്തരതലത്തിലെ കാഴ്ചകള്‍ (ബി.ബിസി, സി.എന്‍.എന്‍) വാര്‍ത്ത കാണാന്‍ പോകുന്നയാള്‍ ആദ്യമേ തീരുമാനിക്കേണ്ടിയിരിക്കുന്നു തന്റെ വാര്‍ത്തയുടെ പരിധി.

ഈ വാര്‍ത്തകളുടെ തരം തിരിക്കലില്‍ നമ്മള്‍ എത്തിച്ചേരുന്നത് ഗുരുതരമായ പ്രാദേശികവല്‍കരണത്തിനാണ്.  മൂലമ്പള്ളിയിലെ കുടിയൊഴിക്കല്‍ എറണാകുളത്തുമാത്രമുള്ളവര്‍ കാണുന്ന നാട്ടുവാര്‍ത്തമാനമാകുന്നു.  കാട്ടക്കടയിലെ കസ്റ്റ്ഡിമരണം  തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ കാണണമെന്ന് തീരുമാനിക്കപ്പെടുന്നു.  കുടിയൊഴിപ്പിക്കല്‍ പോലെ മലയാളി മൊത്തം അറിയേണ്ട വാര്‍ത്തകള്‍ എല്ലാം ഇങ്ങനെ നാട്ടുവര്‍ത്തമാനമായി മാറുന്നതാണ് നമ്മുടെ സമകാലിക അനുഭവം. അതുവഴി മറ്റൊരുതരം ഭരണകൂടരാഷ്ട്രീയം ചാനലുകള്‍ കൈകാര്യം ചെയ്യുന്നു.  

ഭക്തിയുടെ ആഘോഷം 

നവോത്ഥാനത്തിന്റെ നടന്നു തീര്‍ത്ത വഴികളെ റദ്ദുചെയ്യുന്നുണ്ട് നമ്മളുടെ ഭക്ത്കാഴ്ച്ചകള്‍.  മത്സരാധിഷ്ഠ്തമായി ഭക്തി ആഘോഷിച്ചുകൊണ്ടാണ് ഓരോ വാര്‍ത്താബുള്ളറ്റിനും കണ്മുന്നില്‍ നിന്ന് മറയുന്നത്.  ആള്‍ക്കൂട്ടത്തെ ഭക്തിക്ക് കൂട്ടിക്കൊടുക്കുന്ന വിധത്തില്‍ ലൈവ് ടെലിക്കാസ്റ്റുകള്‍ ദിവസവും ചാനല്‍ സമയം കൈയ്യടക്കുന്നുണ്ട്.  ആദ്യഘട്ടത്തില്‍ ശബരിമല മകരജ്യോതി ദര്‍ശനം മാത്രമാണ് കാണിച്ചുരുന്നതെങ്കില്‍ ഇന്ന് അവിടുത്തെ പല ചടങ്ങും ലൈവാണ്.  ആറ്റുകാല്‍ പൊങ്കാല, ചോറ്റാനിക്കര മകം തൊഴല്‍ എന്നിവയും നമ്മുടെ ലൈവ് കാഴ്ച്ചയാകുന്നു.  ബൈബിള്‍ കണ്‍വന്‍ഷനുകള്‍, വചന പ്രഘോഷണങ്ങള്‍, മതനിസ്ക്കാരങ്ങള്‍ എന്നിങ്ങനെ ദിവസത്തിന്റെ നല്ല പങ്കും ഭക്തിക്കായ് നീക്കിവെച്ചിരിക്കുകയാണ്.  മതത്തോടും ആചാരനുഷഠാനങ്ങളോടും പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ മലയാളിതീര്‍ത്തകണക്കുകള്‍ വീണ്ടും പിന്നില്‍ നിന്ന് ആവര്‍ത്തിക്കേണ്ട  സ്ഥിതിയിലേക്ക് ചാനല്‍ ലൈവ് ഷോകള്‍ മാറ്റി തീര്‍ത്തിട്ടുണ്ട്. 

ഫിഫ്ത്ത് എസ്റ്റേറ്റ്

ഫിഫ്ത്ത് എസ്റ്റേറ്റ് എന്നത് ഇപ്പോഴും അമൂര്‍ത്തമായ  ഒരു സങ്കല്‍പ്പമാണ്.  പക്ഷേ,  അതൊരു അനിവാര്യതയായിമാറുന്നുണ്ട്.  പ്രത്യേകിച്ച് ഇറാഖ, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ താല്പര്യത്തിന് കുഴലൂത്തായി അധപതിച്ച സഹചര്യത്തില്‍.  മലയാളത്തില്‍ ഒരു ഫിഫ്ത്ത് എസ്റ്റേറ്റ് അനിവാര്യമാകുന്നത്.  മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മം നിറവേറ്റാതെ മറുപക്ഷത്ത് നില്‍കുന്നത് കൊണ്ടാണ്. 

1792-ല്‍ ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് സംവാദങ്ങളില്‍ എഡ്മണ്ട് ബര്‍ക്കാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വാ‍ക്ക് ആദ്യം ഉപയോഗിക്കുന്നത്.  രാജാവ്, പൗരോഹിത്യം, നിയമം എന്നിവയുടെ പുറത്ത് തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുന്ന ഒന്നാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന രീതിയില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്.  മറ്റ് മൂന്ന് സംവിധാനങ്ങളും അഴിമതി നിറയുകയും പുഴുക്കുത്തുകള്‍ വീഴുകയും ചെയ്യുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതും ഫോര്‍ത്ത് എസ്റ്റേറ്റിനെയാണ്.  ഇന്ത്യയിലും ഭരണകൂടം, പാര്‍ലമെന്റ്, ജുഡീഷറി എന്നിവയ്ക്ക് പുറത്ത് ജനകീയമായ പ്രതിരോധമാണ് മാധ്യമങ്ങള്‍ തീര്‍ത്തത്. ഫോര്‍ത്ത് എസ്റ്റേറ്റും അധികാരത്തിന്റെയും അഴിമതിയുടെയും പക്ഷത്താകുമ്പോള്‍ പകരം എന്താണ് സാധ്യത?

ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പുതിയ സങ്കല്‍പ്പത്തിന്റെ സാധ്യത ഈ ഘട്ടത്തിലാണ് ഉദയം ചെയ്യുന്നത്.  സിഡ്നി സമാധാന പുരസ്കാരം സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രശസ്തനായ, ഓസ്ട്രോലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ പില്‍ഗര്‍, കഴിഞ്ഞവര്‍ഷം അവസാനം പറഞ്ഞിതിങ്ങനെയാണ്:  “ഔദ്യോഗിക വാര്‍ത്ത നിരീക്ഷിക്കുകയും അപനിര്‍മിക്കയും മറികടക്കുകയും ചെയ്യുന്ന ഒരു ജനകീയ ഫിഫ്ത്ത് എസ്റ്റേറ്റിനെ ഞാന്‍ മുന്നോട്ട്  വയ്ക്കുന്നു.  ഓരോ ന്യൂസ് റൂമിലും ഒരോ മാധ്യമകോളേജിലും, ജേണലിസം അധ്യാപകരും ജേണലിസ്റ്റുകളുമെല്ലാം രക്തചൊരിച്ചില്‍, അസമത്വം, നിശബ്ദത എന്നിവയില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനാല്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.”

അമേരിക്കന്‍ മാധ്യമ വിമര്‍ശകനും നിയമജ്ഞനുമായ ആര്‍തര്‍ എസ്. ഹെയിസ് നേരത്തെ താന്‍ രചിച്ച ‘പ്രസ് ക്രിട്ടിക്സ് ആര്‍ ദ ഫിഫ്ത്ത് എസ്റ്റേറ്റ്: മീഡിയ വാച്ച് ഡോഗ് ഇന്‍ അമേരിക്ക (ഡെമോക്രസി ആന്‍ഡ് ദ ന്യൂസ്) എന്ന പുസ്തകത്തില്‍ ഫിഫ്ത്ത് എസ്റ്റേറ്റിനെപ്പറ്റി പറഞ്ഞുവയ്ക്കുന്നുണ്ട്.

ഫിഫ്ത്ത് എസ്റ്റേറ്റിന്റെ സ്വഭാവമെന്താണ്, അതിന്റെ രൂപം എന്തായിരിക്കണം എന്നതിനെ പറ്റി ഗൗരവമായ ചര്‍ച്ച ഇനിയും നടക്കേണ്ടതുണ്ട്.  ഇന്റ്ര്‍നെറ്റ് ബ്ലോഗുകള്‍, കമ്മ്യൂണിറ്റി സൈറ്റുകള്‍, ഇ-മെയിലുകള്‍, ഗ്രൂപ്പ് മെയില്‍ ചര്‍ച്ചാവേദികള്‍ എന്നിവയിലൂടെ ഫിഫ്ത്ത് എസ്റ്റേറ്റിന് പ്രവര്‍ത്തിക്കനാവും.

കേരളത്തില്‍ ഫിഫ്ത്ത് എസ്റ്റേറ്റ് സജീവമാകുന്നതിന്റെ ചില സൂചനകള്‍ ഉണ്ട്.  പ്രത്യേകിച്ചും വര്‍ക്കല/ചെങ്ങറ സംഭവങ്ങള്‍ക്കു ശേഷം.  തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ബോധമുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരാണ് ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്.  ഇവര്‍ മറ്റ് ചാനലുകള്‍ കാണാന്‍ വിസമ്മതിച്ച ബദല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യൂടൂബിലൂടെ വ്യാപകമായി കാണിച്ചിരുന്നു.  ഫേസ്ബുക്ക്/ഓര്‍ക്കൂട്ട്/ഇമെയില്‍ ശൃഖലയാണ് അവര്‍ അതിന് സാധ്യമാക്കിയത്. ചിത്രലേഖാ സംഭവം നടന്ന ശേഷം ‘ഇന്ത്യാവിഷനില്‍’ വന്ന ചെറിയ വാര്‍ത്തശകലം ഇവര്‍ യൂടൂബിലൂടെ കൂടുതല്‍ ചര്‍ച്ചക്കായി വിട്ടു നല്‍കി.  വര്‍ക്കലയിലെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ ആദ്യമായി മലയാളി അറിഞ്ഞത് ഈ ബദല്‍ വാര്‍ത്താ ശൃഖലയിലൂടെയാണ്.  സായിബാബയുടെ തട്ടിപ്പുകളും ബീമാപ്പള്ളിയിലെ പോലീസ് അതിക്രമവുമെല്ലാം ഫിഫ്ത്ത് എസ്റ്റേറ്റിന്റെ സംഭാവനായായി ഇന്റെര്‍നെറ്റ് ലോകത്തുണ്ട്.

അതേ ഫിഫ്ത്ത് എസ്റ്റേറ്റാണ് ഏറ്റവും ദുഖകരവും രോഷമുണര്‍ത്തുന്നതുമായ കാഴ്ച്ച കാണിച്ചത്, ഭൂരഹിതനായ സി.പി.ഐ വാര്‍ഡ് മെമ്പറുടെ ശവസംസ്ക്കാരം വീട്ടിലെ അടുക്കള മുറിയില്‍ കുഴിവെട്ടി ചെങ്കൊടിയില്‍ പുതച്ചു നടത്തുന്നു.  ആ കാഴ്ച്ച നമ്മളെ ചുട്ടുപൊള്ളിക്കും.

ഈ ഫിഫ്ത്ത് എസ്റ്റേറ്റ് കൂടുതല്‍ സജീവമാകുമ്പോള്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ ചാനലുകള്‍ തിരിച്ചറിവിലേക്ക് വരും.  അപ്പോഴെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ മാനുഷികതയോടെ കാണാന്‍ അവരും തയ്യാറായേക്കും.  


കടപ്പാട്:  പച്ചക്കുതിര മാസിക (DC Books)
               ഏപ്രില്‍ 2010
              


13 പ്രതികരണങ്ങള്‍:

Noushad Vadakkel said...

@ പ്രിന്സാദ്‌ മികച്ച ലേഖനം .ദീര്‍ഘ നേരം വായിക്കുമ്പോള്‍ കണ്ണിനു ചെറിയൊരു പ്രശ്നം . മുന്‍പ് ചിലര്‍ സൂചിപ്പിച്ചത് ഞാനും പറയട്ടെ .കറുത്ത പശ്ചാത്തലം മാറ്റി കുറച്ചു കൂടി ഭംഗിയായി വായിക്കുവാന്‍ പറ്റുന്ന ഒരു ടെമ്പ്ലേറ്റ് ആക്കിക്കൂടെ . ഗൌരവമാര്‍ന്ന വായനക്ക് പശ്ചാത്തലം തടസ്സമാവരുതല്ലോ . വീണ്ടും വായിക്കേണ്ട ലേഖനങ്ങള്‍ക്കും ,സമൂഹ മനസ്സാക്ഷിക്കു നേരെയുള്ള വിരല്‍ ചൂണ്ടാലുകളും ഇനിയും പ്രതീക്ഷിക്കുന്നു . നന്മകള്‍ നേര്‍ന്നു കൊണ്ട് നിരത്തുന്നു

Prinsad said...

തീര്‍ച്ചയായും അടുത്ത് തന്നെ ടെമ്പ്ലറ്റ് മാറ്റുന്നതാണ്, താങ്കളുടെ നിര്‍ദേശത്തിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

Malayali Peringode said...

വായനക്ക് സമയം ലഭിക്കുക, ഉള്ള സമയത്ത് വായിക്കാനുള്ള പുസ്തകങ്ങൾ ലഭ്യമല്ലാതിരിക്കുക, ഇതെല്ലാം ശരിയായാലും ‘പച്ചക്കുതിര’ പോലെയുള്ള ആനുകാലികങ്ങൾ വാങ്ങി വായിക്കുക എന്നത് പ്രത്യേകിച്ച് പ്രവാസികൾക്ക് ഒരു മരീചിക തന്നെയാണ്. അതിനിടയിലാണ് മരുപ്പച്ച പോലെ പ്രിൻസാദിന്റെ ഈ ഉദ്യമം. നന്നായിരിക്കുന്നു. പുസ്തകം നോക്കി ഇത്രയും ടൈപ് ചെയ്യുക ശ്രമകരമായ ഒരു പണി തന്നെയാണ്. അത് നിർവഹിക്കുന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു സുഹൃത്തെ.

ടെമ്പ്ലേറ്റിന്റെ കാര്യം:
ഫോണ്ട് കളർ വെള്ള മാറ്റി ഗ്രെ കളറോ, ലൈറ്റ് കളറുകളോ പരീക്ഷിചു നോക്കൂ...

Rejith said...

Good one :) Template maattaan marakkillallo.

Anonymous said...

നല്ല ലേഖനം.

Prinsad said...

നന്ദി എല്ലാവര്‍ക്കും ഈ വരവിനും പ്രോത്സാഹനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും. നിങ്ങള്‍ ഏവരുടെയും അഭ്യര്‍ത്ഥന മാനിച്ച് ടെമ്പ്ലറ്റ് മാറ്റിയിട്ടുണ്ട്.

kannupottan said...

valare nalla lekhanam. savarna hindu bheekaravaadikal nadathunna bheekara pravarthanangal, bomb sphotanangal, pinne nallavarayaa muslim sahodaranmaar, dalit sahodaranmaar nadathunna punya pravarthikal enniva maathram kaanikkunna oru maadhyamam udan thanne undaakanamennu aagrahikkunnu.

Basheer Vallikkunnu said...

I tried to open this page in Firefox. Due to Back ground shade, very hard to read it. Moreover Comments Window not active. Now I opened in Chrome. Here Back ground is white. comment box is active. I dont know whether any problem with my settings?. Anyway, you could make the fonts little bigger.

Noushad Vadakkel said...

dear basheer sahib...iam also opened this page with firefox and i cannot feel the problem you said. i hope you will make sure your browser finish loading full...and also opened with chrome .same as firefox....fonts changed

ചാർ‌വാകൻ‌ said...

ഷാഹിന വിഷയത്തിൽ,നവജനാധിപത്യ പ്രസ്ഥാനം എറണാകുളത്ത് 04.12.10.ൽ പരിപാടി സംഘടിപ്പിക്കുന്നു.ഗൌരിദാസൻ നായർ കാണിക്കുന്ന താല്പര്യം മറ്റു മുതിർന്ന പത്രപ്രവർത്തകർ കാണിക്കുന്നില്ലന്നാണ് അറിഞ്ഞത്.ഈ കാര്യത്തിൽ പത്രസ്ഥാപനങ്ങൾ എന്തുകൊണ്ടിങ്ങനെ..?എന്നു ചിന്തിക്കുമ്പോഴാണ്,പ്രിൻസാദിന്റെ പോസ്റ്റ് പ്രസ്ക്തമാകുന്നത്.ജുഡീഷറിയും,മീഡിയയും ഒരുപോലെ ഭരണകൂട താല്പര്യങ്ങൾ മറയില്ലാതെ സംരക്ഷിക്കുമ്പോൾ ഫിഫ്ത് എസ്റ്റേറ്റിന്റെ പ്രസ്ക്തി വരുന്നു.പക്ഷേ സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും അപ്രാപ്യമായൊരു മേഖലയാണ് ഇതെന്നത് ദൌർഭാഗ്യം തന്നെ.ജനകീയ വിഷയങ്ങളെ ഏറ്റെടുക്കുന്ന ജനാധിപത്യപ്രസ്ഥാനങ്ങൾ വളർത്തികൊണ്ടുവരുകമാത്രമാണ് ഏക പോംവഴി.

K@nn(())raan*خلي ولي said...

അസാധാരണം. അഭിനന്ദനീയം.
താങ്കളുടെ വരികള്‍ പ്രസക്തമാണ്. ആശംസകള്‍.

Prinsad said...

@ കണ്ണൂരാന്‍, ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് നല്‍കിയ പോലെ ഏപ്രില്‍ ലക്കം പച്ചക്കുതിര മാസികയില്‍ ശ്രീ ബിജുരാജിന്റേതായി പ്രസിദ്ധീകരിച്ചുവന്നതാണ്. ഓണ്‍ലൈന്‍ എഡിഷനില്ലാത്തത് കൊണ്ട് തന്നെ ടൈപ്പ് ചെയ്ത് ബൂലോകത്ത് എത്തിക്കുക എന്ന കര്‍മ്മം മാത്രമെ ഈ എളിയ ബ്ലോഗര്‍ ചെയ്തിട്ടുള്ളൂ. നന്ദി ഈ വരവിനും കമന്റിനും.

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നല്ല ലേഖനം , നല്ല അവതരണം..

ശഹിനക്കും വേണം സ്റ്റാമിന !

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്