Saturday, September 7, 2013

അനാഥാലയത്തില്‍ അന്നൊരുന്നാള്‍

lets run awayവര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങലിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് പുനര്‍വായനക്കായ്



പ്രാരാബ്ദങ്ങളുടെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി ബാപ്പ ആരുടെയൊക്കെയോ കാല്‍ക്കല്‍ വീണതിന്റെ കാരുണ്യമായിരുന്നു എടക്കര മുസ്‌ലിം അനാഥമന്ദിരത്തിലെ അന്തേവാസിയാകാന്‍ എനിക്കും അവസരം ഒരുക്കിയത്. വീടുമായി പിരിഞ്ഞ് ദീര്‍ഘകാലം നില്‍ക്കണം. വയറ് നിറയെ ഭക്ഷണം ലഭിക്കുമെങ്കിലും പട്ടാളചിട്ടയില്‍ ഒതുങ്ങിക്കഴിയണം. നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ ബീരാനുസ്താദിന്റെയും കരീം ഉസ്താദിന്റെയും ചൂരല്‍ പ്രയോഗം മുടങ്ങാതെ വാങ്ങിക്കണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. പെരുന്നാള്‍, ഓണം, വിഷു, ക്രിസ്തുമസ് നോമ്പ് ഇങ്ങനെയുള്ള പൊതു അവധികള്‍ക്കേ വീട്ടില്‍ പോകാനുമാകൂ.
ഓര്‍ഫനേജിലേക്കുള്ള യാത്രയില്‍ ഉമ്മയും ബാപ്പയും ഉണ്ടായിരുന്നു. ബാപ്പയേക്കാള്‍ സങ്കടം ഉമ്മക്കായിരുന്നു. ഉമ്മയത് പ്രകടിപ്പിച്ചതൊന്നുമില്ല. ചെറിയ ഇരുമ്പ് പെട്ടിയില്‍ ഒതുക്കി എന്റെ ശേഷിപ്പുകള്‍. ഓര്‍ഫനേജിലെ മൂന്ന് കെട്ടിടങ്ങളില്‍ ഏറ്റവും അടിയിലായിരുന്നു മദ്‌റസ. നടുവിലെത്തേത് ഓഫീസ്. മൂന്ന് ഉസ്താദുമാരും വാര്‍ഡന്‍മാരും അതിനടുത്ത് തന്നെയുള്ള മുറികളിലായിരുന്നു താമസം. ഹോസ്റ്റല്‍ കെട്ടിടത്തിനോട് ചേര്‍ന്നായിരുന്നു കാന്റീനും അടുക്കളയും. അതിനരികിലായി ഒരു ഹാള്‍. അതാണ് നിസ്‌കാരപള്ളി. മുന്നൂറോളം കുട്ടികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അതിനകത്ത് നിസ്‌കരിക്കാം. ഹോസ്റ്റല്‍ എന്നൊന്നും പറഞ്ഞുകൂടാ. നീണ്ടൊരു ഹാള്‍. അതിന്റെ എല്ലാ വശങ്ങളിലും ഉയരം കുറഞ്ഞ ഡസ്‌ക്കുകള്‍. അതിനുമുകളിലാണ് രാത്രിയുറക്കം. അതിനരികില്‍ ഞങ്ങളുടെ പെട്ടിയും സാധനങ്ങളും സൂക്ഷിക്കണം. അതൊക്കെ അവരവരുടെ ബാധ്യത.
കുഞ്ഞു ഡസ്‌ക്കുകള്‍ക്കു മുകളിലെല്ലാം ഞാന്‍ ചെല്ലുമ്പോള്‍ തന്നെ ഹൗസ് ഫുള്ളാണ്. ഡെസ്‌ക്കിനു കീഴെ പായ വിരിച്ച് കിടക്കുകയേ ചെയ്യാനുള്ളൂ. എനിക്കും കിട്ടി ഒരു പായ. പുതപ്പും വിരിപ്പും തലയണയും അവരവര്‍  കൊണ്ടുവരണം. എല്ലാ കട്ടിലുകള്‍ക്ക് കീഴെയുമുണ്ടായിരുന്നു അന്തേവാസികള്‍. ഹോസ്റ്റല്‍ ഒരഭയാര്‍ഥി ക്യാമ്പ് തന്നെ.
ഫറോക്കുകാരന്‍ സലാം. മിടുക്കനായിരുന്നു. സലാമിന്റെ സുരക്ഷ എന്റെ ചുമലിലായിരുന്നു. ഓര്‍ഫനേജില്‍ അങ്ങനെയും ഒരേര്‍പ്പാടുണ്ടായിരുന്നു. വാര്‍ഡന്‍മാര്‍ കുറവാണ്. കുട്ടികള്‍ കൂടുതലും. ഉസ്താദുമാരും മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളും തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പുതുതായി വരുന്ന ചെറിയ കുട്ടികളുടെ സംരക്ഷണ ചുമതല മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ്. ഞാന്‍ പുതിയ ആളാണെങ്കിലും മുതിര്‍ന്ന കുട്ടിയാണ്. അതുകൊണ്ട് ഞാനും ഒരുകുട്ടിയെ സംരക്ഷിച്ചുകൊള്ളണം. അവരുടെ വസ്ത്രങ്ങള്‍ അലക്കികൊടുക്കണം. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കണം. പഠന നിലവാരം പരിശോധിക്കണം. സംശയങ്ങള്‍ തീര്‍ത്തുകൊടുക്കണം. അവരുടെ പുസ്തകങ്ങളോ കുടയോ കളഞ്ഞ്‌പോയാല്‍ ചീത്തകേള്‍ക്കേണ്ടി വരുന്നതും സംരക്ഷണ ചുമതലയുള്ള കുട്ടികളാണ്. എന്റെ സംരക്ഷണയില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ്  ഒന്നാം ക്ലാസുകാരനായ സലാമിന് എന്റെ സുരക്ഷാ കവചമൊരുങ്ങിയത്.
ഉമ്മയും അവനും അനിയനും വലിയുമ്മയും അമ്മാവന്റെ സംരക്ഷണയിലെ അഭയാര്‍ഥികളായിരുന്നു. ഉപ്പയുണ്ട്. അയാള്‍ വേറെ കല്യാണം കഴിച്ചിരിക്കുന്നു. ആരുടെയൊക്കെയോ കനിവിലാണ് ഫറോക്കില്‍ നിന്ന് ഇത്രയും ദൂരം അവരെത്തിയിരിക്കുന്നത്.
ഇന്നും ഞാന്‍ കണ്‍മുമ്പില്‍ കാണുന്നു. കരയുന്ന കണ്ണുകളുമായി, ഇടറിയ വാക്കുകളുമായി ആ ഉമ്മ മകനെ എന്നെ ഏല്‍പ്പിക്കുന്ന കാഴ്ച.
മോനെ.. ഇന്നുവരെ ഇവനെന്നെ പിരിഞ്ഞ് നിന്നിട്ടില്ല. സ്വന്തം അനുജനെപ്പോലെ നോക്കണം.
അകമേ കരഞ്ഞിട്ടും പുറമേ ചിരിച്ച്… ഇടനെഞ്ച് പൊട്ടിയിട്ടും കണ്ണുകള്‍ തുടച്ച് അവര്‍ യാത്രയായി. സലാം കരഞ്ഞതൊന്നുമില്ല. ദിവസങ്ങള്‍ക്കകം തന്നെ അവന്‍ എല്ലാവരിലുമൊരാളായി. അവന്റെ നടത്തവും കിടത്തവും എല്ലാം എന്റെ ഒപ്പമായി. ഇടക്കിടെ ഉമ്മയെ കാണണമെന്ന മോഹം പറഞ്ഞ് സങ്കടങ്ങള്‍ അറിയിച്ചത് എന്നെ മാത്രമായിരുന്നു. ഉപ്പയുടെ ക്രൂരതയിലും അമ്മാവന്റെ കുറ്റപ്പെടുത്തലിലും മനസ്സ് തകര്‍ന്ന് കരയുന്ന ആ ഉമ്മയുടെ മുഖം പലപ്പോഴും എന്നെ അലോസരപ്പെടുത്തി. ആലംഭമില്ലാത്ത ഒരു കുടുംബത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥയോട് അനുതാപം തോന്നിയത് കൊണ്ട് മാത്രമായിരുന്നില്ല സലാം എനിക്ക് പ്രിയപ്പെട്ടവനായത്. സ്വന്തം അനിയനെപ്പോലെ തന്നെയാണവനെ നോക്കിയിരുന്നത്. കാരണം എനിക്കൊരു അനിയനുണ്ടായിരുന്നില്ലല്ലോ.
പുലര്‍ച്ചെ നാലരക്കേ ഉണരണം. ഉറക്കെ ബെല്ല് മുഴങ്ങുമ്പോള്‍ ഞെട്ടി ഉണരാറാണ് പതിവ്. ഉറക്കപ്പിച്ചിലാകും പല്ല് തേപ്പ്. വുളു എടുക്കുന്നതും പള്ളിയിലേക്കോടുന്നതും നിസ്‌ക്കരിക്കുന്നതുമെല്ലാം അര്‍ധമയക്കത്തിലായിരിക്കും. നിസ്‌കാരത്തിനിടയില്‍ ഉറങ്ങിപ്പോകും പലരും. സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാതിരിക്കും. അങ്ങനെയുള്ളവര്‍ പുലര്‍ച്ചെയുടെ തണുപ്പില്‍ കലക്കന്‍ പുഴയില്‍പ്പോയി കുളിച്ച് വേണം പള്ളിയിലെത്താന്‍. അല്ലെങ്കില്‍ ബീരാനുസ്താദിന്റെയും കരീമുസ്താദിന്റെയും ചൂരലിന് പണി കൂടും.
ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരു ദയാ ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. ചെറിയൊരു അശ്രദ്ധമതി. അയാളുടെ ചൂരല്‍ എവിടെ നിന്നാണ് പുളഞ്ഞു വരിക എന്ന് പറയാനാകില്ല. പിന്നിലും മുന്നിലും അയാള്‍ക്ക് കണ്ണുകളുണ്ടായിരുന്നുവോ..? അത്രക്ക് ജാഗരൂകനായിരുന്നു. കൃത്യനിഷ്ഠ. അതായിരുന്നു പ്രധാനം. എല്ലാത്തിനുമുണ്ട് അത്. രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണരാന്‍. വുളു എടുക്കാന്‍, പള്ളിയില്‍ പ്രവേശിക്കാന്‍, കാന്റീനില്‍ ഭക്ഷണത്തിന് വരി നില്‍ക്കാന്‍, ഭക്ഷണം കഴിക്കാന്‍. ഇടക്ക് കുളിക്കാന്‍ കലക്കന്‍ പുഴയിലേക്ക് പോകും. അല്ലെങ്കില്‍ കരിമ്പുഴയിലെ തെളിഞ്ഞ വെള്ളത്തിലേക്ക്. പേര് പോലെ തന്നെയായിരുന്നു ഇരു പുഴകളിലെയും വെള്ളം. കരിമ്പുഴയിലേത് തെളിഞ്ഞവെള്ളം. കലക്കന്‍ പുഴയിലേത് കലങ്ങി മറിഞ്ഞ വെള്ളവും.
ഒരിക്കല്‍ ബീരാനുസ്താദിന്റെ അടിയുടെ ചൂടറിഞ്ഞവര്‍ വീണ്ടും അതിന് വിധേയമാകാന്‍ ആഗ്രഹിക്കില്ല. എന്നാലും അറിയാതെ വിധേയനായിപ്പോകും. കുറഞ്ഞനാളുകള്‍ക്കകം തന്നെ എനിക്ക്  മടുത്തു. അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട് പോകാന്‍ വിഷമമുണ്ടായി. അഞ്ചച്ചവടി സ്‌കൂളിലെയും മദ്‌റസയിലെയും പഠനം എത്രഭേദമായിരുന്നുവെന്ന് തോന്നി. ഓര്‍ഫനേജിലെ മദ്‌റസയിലെ ഉസ്താദും കണിശക്കാരന്‍. മനുഷ്യപറ്റില്ലാത്ത സ്വഭാവം. ഒന്നു പറഞ്ഞ് രണ്ടാമത്തിന് അടിയാണ് മൂപ്പരുടെയും രീതി. വെള്ളിയാഴ്ച മദ്‌റസയുണ്ടാകില്ല. സ്‌കൂളുണ്ടാകും. ഞായറാഴ്ച സ്‌കൂളുണ്ടാകില്ല.
പഠന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇടക്കിടെ ടെസ്റ്റ് പേപ്പറുകള്‍. അധ്യാപകരുടെ വഴക്കും അടിയും പതിവായി. ബെഞ്ചില്‍ കയറ്റി നിര്‍ത്തലും സ്‌കൂളിന് ചുറ്റും 25 റൗണ്ട് ഓടിക്കലുമായിരുന്നു കഠിന ശിക്ഷ. അപമാനവും അവഹേളനവും കൂടിവന്നപ്പോള്‍ വാശിയോടെ പഠിക്കാനല്ല തോന്നിയത്. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ആ തീരുമാനത്തിന് ബലം കൂടിക്കൂടി വന്നു.
ഓര്‍ഫനേജിലെ കടുത്ത ശിക്ഷ ഭയന്നോ വീട്ടുകാരെ കാണാന്‍ കൊതിപ്പൂണ്ടോ പല കുട്ടികളും തരം കിട്ടിയാല്‍ ഓടിപ്പോകുമായിരുന്നു. ദിവസവുമെന്നോണം അത്തരം കഥകള്‍ കേട്ടു. എന്നാല്‍ അവരിലാര്‍ക്കും വീടുകളിലെത്തിപ്പെടാന്‍ സാധിക്കാറില്ല. അതിനു മുമ്പേ ആരെങ്കിലും പിടികൂടും. ചിലപ്പോള്‍ ഉസ്താദുമാര്‍, വാര്‍ഡന്‍മാര്‍, സംശയം തോന്നി നാട്ടുകാര്‍. മണിക്കൂറുകള്‍ക്കകം അവര്‍ തിരിച്ചെത്തിയിരിക്കും. പിന്നെ അവരുടെ വിചാരണ ബീരാനുസ്താദിന്റെ കോടതിയിലാണ് ആരംഭിക്കുക. പരസ്യ വിചാരണയും പരസ്യ ശിക്ഷയുമാണ് നടപ്പാക്കുക.
ക്രൂരമാണ് ആ ശിക്ഷ. ഒരിക്കല്‍ ഓടിപ്പോയവന്‍  പിന്നെ പോകാന്‍ പാടില്ല. മറ്റുള്ളവര്‍ക്കുകൂടിയുള്ള പാഠമാകണമത്. അതിനാണ് പരസ്യവിചാരണയും ശിക്ഷയും. മറ്റു ഉസ്താദുമാര്‍, മുതിര്‍ന്ന കുട്ടികള്‍, വാര്‍ഡന്‍മാര്‍  എല്ലാവരും ചേര്‍ന്ന് പരസ്യമായി കളിയാക്കുകയും ചെയ്യും. എന്നിട്ടും കുട്ടികളുടെ ഒളിച്ചോട്ടം പതിവായി. ഓരോ ദിവസവും അവര്‍ ആ മതില്‍ക്കെട്ടിന് പുറത്ത് കടക്കുന്നതിനെക്കുറിച്ചാണ്  ചര്‍ച്ചചെയ്തത്. ചിലര്‍ ആരുമറിയാതെ നടപ്പാക്കി. എന്നിട്ടും പിടിക്കപ്പെട്ടു. ഞാനും മാളിയേക്കലിലെ ശരീഫും സലാമുമൊക്കെ ആ മതില്‍ക്കെട്ടിന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. അതിനുപറ്റിയ പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നവരാണ്. പക്ഷേ, പുറത്ത് കടന്നാല്‍ പിന്നെ ഇങ്ങോട്ട് വരാന്‍ ഇടയാകരുത്. അതിനെന്ത് ചെയ്യും…? അതായിരുന്നു ആലോചന.
കടുത്ത ശകാരവാക്കുകള്‍ പോലും കുട്ടികളുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുകയേയുള്ളൂ. വഴക്കായാലും മര്‍ദനങ്ങളായാലും ശിക്ഷിക്കുന്ന വ്യക്തിയോട് പകയും വിദ്വേഷവുമാണ് കുട്ടികളില്‍ വളര്‍ന്ന് വരിക. അവര്‍ ചെയ്യാനാവശ്യപ്പെടുന്ന പ്രവൃത്തിയോട് പ്രതികൂല മനോഭാവമേ രൂപപ്പെടുകയുള്ളൂ. അടിയുടെയും അപമാനത്തിന്റെയും മുറിവ് തറക്കുന്നത് ശരീരത്തേക്കാള്‍ കുട്ടികളുടെ മനസ്സിലാണ്. കഠിന ശിക്ഷയും പീഡനമുറകളും വിഷാദത്തിന്റെയും വിദ്വേഷത്തിന്റെയും കനലുകളുമാണ് വിതക്കുന്നത്. കര്‍ക്കശമായി അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമാകട്ടെ കടുത്ത മാനസിക പ്രശ്‌നങ്ങളെയുമാണ് സൃഷ്ടിക്കുക. എന്നൊക്കെ ഈ ഉസ്താദുമാരെ ആരും പഠിപ്പിച്ചിരുന്നില്ലേ..?
ഓര്‍ഫനേജിലെത്തിയിട്ട് മാസങ്ങള്‍ കടന്നുപോയി. വീട്ടിലെ വിവരങ്ങള്‍ ഒന്നും അറിയുന്നില്ല. അറിയിക്കാന്‍ മാര്‍ഗവുമില്ല. അങ്ങനെയിരിക്കേ ഒരു ദിവസം എന്നെ കാണാന്‍ അതാ ഉമ്മയും ബാപ്പയും അനിയത്തിയും വരുന്നു. വലിയ ആശ്വാസം തോന്നി. എനിക്കായി ഉമ്മ മിഠായിയും മധുര പലഹാരങ്ങളും കൊണ്ടു വന്നിരുന്നു. മടങ്ങുമ്പോള്‍ ബാപ്പ അറിയാതെ എനിക്ക് ഉമ്മ ആറ് രൂപ കയ്യില്‍ തന്നു. ആ ആറ് രൂപ. അതാണെന്റെ ഓര്‍ഫനേജ് ജീവിതത്തിന് അവസാനം കുറിച്ചത്. ഓര്‍ഫനേജില്‍  കുട്ടികളെ കാണാന്‍ വരുന്നവര്‍ അവരുടെ കയ്യില്‍ പണമോ പലഹാരങ്ങളോ കൊടുക്കാന്‍ പാടില്ല. മധുര പലഹാരം എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ളതുമായെ വരാവൂ. അത്  ഓഫീസിലാണ് ഏല്‍പ്പിക്കേണ്ടത്. അതൊന്നും ഉമ്മക്കറിയില്ല. എനിക്കും അറിഞ്ഞുകൂടായിരുന്നു.
ഞാന്‍ പലഹാരം അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കൊക്കെ വിതരണം ചെയ്തു. ഞാനും കഴിച്ചു. ആറ് രൂപ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചു. ഞാനും ചിലത് തീരുമാനിച്ചിരുന്നു. വരാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിച്ചില്ല.
അന്ന് സുബഹിക്ക് എല്ലാവരും ഉണരും മുമ്പേ ഞാനുണര്‍ന്നു. ആരും കാണാതെ വസ്ത്രം മാറി വീണ്ടും കിടന്നു. കുട്ടികള്‍ ഉണരാനുള്ള ബെല്ല് മുഴങ്ങി. എല്ലാവരും ഓടിപ്പിടഞ്ഞ് ബ്രഷും തോര്‍ത്തുമെടുത്ത് കലക്കന്‍ പുഴയിലേക്കോടി. എന്റെ ഓട്ടം നിന്നത് മെയിന്‍ റോഡിലായിരുന്നു. കാലിച്ചന്തയുടെ ഇരുട്ട് കനത്ത മറവിലൂടെ, കലക്കന്‍ പുഴപ്പാലവും കടന്ന് എടക്കര ടൗണ്‍ ലക്ഷ്യമാക്കി ഞാന്‍ ഞാടി. ഇരുട്ട് തെളിഞ്ഞിട്ടില്ലെങ്കിലും റോഡുകള്‍ വിജനം. തെരുവ് വിളക്കുകള്‍ വഴികാണിക്കുന്നു.  കോടമഞ്ഞിറങ്ങിയ ആ തണുത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ നന്നായി വിയര്‍ത്തു. നെഞ്ചിന്‍ കൂട് കിടുകിടാവിറച്ചു.
എന്റെ എല്ലാ പ്ലാനുകളും സലാമിനും ശരീഫിനും അറിയുമായിരുന്നു. സലാമിനും എന്റെകൂടെ വരാന്‍ താത്പര്യമുണ്ട്.  ഓടുന്നതിനിടയില്‍ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയതായിരുന്നു. ആരെങ്കിലും പിന്തുടരുന്നുണ്ടോ…? അപ്പോള്‍ ഞെട്ടിപ്പോയി. അതാ രണ്ട് കുട്ടികള്‍ ഓടി വരുന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. സലാമും ശരീഫും തന്നെ.
ഞങ്ങളുംണ്ട് അന്റൊപ്പം.
ആരെങ്കിലും കണ്ടിരിക്കുമോ എന്ന ഭയത്താല്‍ ഹൃദയം പിടച്ചു. ബീരാനുസ്താദിന്റെ അടുത്തെത്തിയാലുണ്ടാകുന്ന ചൂരല്‍ പ്രളയമോര്‍ത്തപ്പോള്‍ കൈകാല്‍ വിറച്ചു. പിന്‍മാറാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ മനസ്സും ഉറച്ചു. അവസാനം ഞാന്‍ സലാമിനോട് കേണപേക്ഷിച്ചു.
നിന്നെ ഞാനെന്ത് ചെയ്യും..നിന്നെ എങ്ങനെ വീട്ടിലേത്തിക്കും…?
അതിനൊന്നും ഉത്തരം അവന്റെ പക്കലില്ല. പക്ഷേ, എന്തുതന്നെ പറഞ്ഞിട്ടും അവന്‍ പിന്‍മാറുന്നില്ല. അവനവിടെ നില്‍ക്കണമെങ്കില്‍ ഞാനും നില്‍ക്കണം. ഞാന്‍ പോകുന്നുവെങ്കില്‍ അവനും കൂടെപ്പോരും. ഞാന്‍ ധര്‍മസങ്കടത്തിലായി. അവസാനം ശരീഫ് പറഞ്ഞു.
ഇനിക്കുള്ള വണ്ടിക്കൂലി ഇന്റെട്ത്തുണ്ട്.
അപ്പോള്‍ സുബഹി നിസ്‌ക്കാരം കഴിഞ്ഞിട്ടുണ്ടാകണം. ഓരോ നിസ്‌ക്കാരശേഷവും കുട്ടികളുടെ എണ്ണമെടുക്കും. അതിലൂടെയാണ് നിസ്‌ക്കാര കള്ളന്‍മാരെയും ഓടിപ്പോകുന്നവരെയുമൊക്കെ മനസ്സിലാക്കുന്നത്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതും അതോടെയാണ്. ഞങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് നില്‍ക്കുന്നതിനിടയില്‍ ബസ്സ് വന്നു. പുലെര്‍ച്ചെ വഴിക്കടവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായിരുന്നു അത്. മറ്റൊന്നും ആലോചിച്ചില്ല. ഞാനും ശരീഫും ബസ്സിലേക്ക് ഓടിക്കയറി. സലാം അപ്പോഴും പേടിച്ച് വിറച്ച് നില്‍ക്കുകയായിരുന്നു. ഓടുന്ന ബസ്സില്‍ നിന്നും ഞാന്‍ ഓര്‍ഫനേജിന്റെ ഗേറ്റിങ്കലേക്ക് നോക്കി. ലൈറ്റ് തെളിഞ്ഞ ഗേറ്റിങ്കല്‍ വെള്ളവസ്ത്രമണിഞ്ഞ ഉസ്താദുമാരുടെ നീണ്ട നിര. അവരുടെ കൈകളില്‍ ചുഴറ്റുന്ന ചൂരല്‍ വടിയുണ്ടായിരുന്നോ…?
എന്ത് ചെയ്യണമെന്നറിയാതെ ഭയന്നുവിറക്കുന്ന, അടികൊണ്ട് പുളഞ്ഞ്  നെഞ്ച് പൊട്ടിക്കരയുന്ന  പ്രിയപ്പെട്ട അനിയന്‍ സലാമിന്റെ വിതുമ്പുന്ന മുഖം ഞാന്‍ പിന്നെ പലപ്പോഴും ഓര്‍ത്തുനോക്കാറുണ്ട്. ഞാനും ശരീഫും പിന്നെ ഓര്‍ഫനേജില്‍ പോയില്ല. സ്‌കൂളിന്റെ പടിപോലും ഞങ്ങള്‍ക്ക് കാണാനുമായില്ല. നെല്ലും പതിരും തിരിച്ചറിയാനാകാത്ത ആ പ്രായത്തിന്റെ തീരുമാനം കൊണ്ട് ഇന്നും ആറാം ക്ലാസുകാരന്റെ ബിരുദവുമായി നടക്കേണ്ടി വരുമ്പോള്‍ ഞാന്‍ ബീരാനുസ്താദിനെ ഓര്‍മിക്കുന്നു. ഓര്‍ഫനേജിലെ പഠനകാലം അയവിറക്കുന്നു. അന്നത്തെ ശിക്ഷകള്‍ ഞങ്ങളുടെ നന്മക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാനാകാത്ത ചാപല്യത്തെ ശപിക്കുന്നു.
ഇപ്പോഴും കോഴിക്കോടന്‍  നഗരത്തിരക്കുകളിലെല്ലാം ഞാനൊരു മുഖം തിരയാറുണ്ട്. അപരിചിത മുഖങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ നിന്നും എന്നെ തിരിച്ചറിയുന്ന ആ മുഖം. ഒരു ശബ്ദത്തിനായി ഞാന്‍ കാതോര്‍ക്കുന്നു. ശബ്ദപ്രളയങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ നിന്നും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ശബ്ദം. എന്റെ അനിയന്‍ സലാമിന്റെ ശബ്ദം.
ഇല്ല. കണ്ടുമുട്ടാന്‍ സാധ്യതയില്ല. കണ്ടാലും തിരിച്ചറിയാനും പോകുന്നില്ല. കാരണം 23 വര്‍ഷങ്ങളായി ഞങ്ങളുടെ ശരീരവും മനസ്സും വളര്‍ന്നിരിക്കുന്നു. തിരിച്ചറിയാനാകാത്തവിധം ഞങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ടാകും. എങ്കിലും ഓരോയാത്രയിലും ഫറോക്കിലും പേട്ടയിലും ചുങ്കത്തും കോയാസിലും ഞാനാമുഖം തിരയുന്നു. വിലാസമറിയാത്തത് കൊണ്ട് ശൂന്യതയില്‍ അന്വേഷിക്കുന്നു.
കണ്ടുമുട്ടിയാല്‍…എന്റെ സമാധാനത്തിന് വേണ്ടി എങ്കിലും ഒരു മാപ്പ് ചോദിക്കാനുള്ള കടം ബാക്കിയുണ്ടല്ലോ.

കടപ്പാട്

വര്‍ത്തമാനം ഓണ്‍ലൈന്‍

2 പ്രതികരണങ്ങള്‍:

ajith said...

ഒന്നും കാണുന്നില്ലല്ലോ

Prinsad said...

ശരിയാക്കിയിട്ടുണ്ട്..

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്