Saturday, July 14, 2012

ഇസ്രയേലില്‍ എത്രവിധം ജൂതന്മാരുണ്ട്?

വി. എ. കബീര്‍

ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക് ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.  

റുപതുകളുടെ മധ്യത്തിലാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ഇസ്രയേല്‍ യാത്രാ പരമ്പര പ്രസിദ്ധീകരിച്ചു വന്നിരുന്നു. അക്കാലത്ത് ഒരു ബാലനായിരുന്നതിനാല്‍ ലേഖകന്റെ പേരോ പരമ്പരയുടെ ശീര്‍ഷകമോ ഓര്‍മ്മയിലില്ല. എങ്കിലും അതില്‍ വന്ന ചില വിവരങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. സ്വര്‍ഗരാജ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇസ്രയേലില്‍ കുടിയേറിപ്പാര്‍ക്കാന്‍ കൂട്ടപലായനം ചെയ്തവരില്‍ മട്ടാഞ്ചേരിയിലെ ജൂതന്മാരുംപെടും. കൊച്ചി-മട്ടാഞ്ചേരി ഭാഗത്തെ അംഗുലീപരിമിതരായവരൊഴികെ മിക്ക ജൂതന്മാരും അറുപതുകളില്‍തന്നെ ഇസ്രയേലില്‍ കുടിയേറി കഴിഞ്ഞിരുന്നു. വിവാഹം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇവിടെ തങ്ങിയവര്‍ക്ക് പിന്നീടിത് പല പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. മുസ്ളിംങ്ങളുടെ ‘ഹലാല്‍ മാംസം’ പോലെതന്നെ നെറവിന്റെ കാര്യത്തില്‍ കര്‍ശന നിഷ്ഠപുലര്‍ത്തുന്നവരാണു ജൂതന്മാര്‍. മാംസാഹാരം കഴിക്കണമെങ്കില്‍ ജൂതന്‍തന്നെ നുറുക്കണമെന്നതാണു അവരുടെ നിയമം. ‘ഖോഷര്‍’ എന്നാണ് ഇതിന് പറയുക. കൊച്ചിയിലെ ജൂതകശാപ്പുകാര്‍ ഇസ്രയേലില്‍ കുടിയേറിയതിനെ തുടര്‍ന്ന് അവശിഷ്ട ജൂതന്മാര്‍ക്ക് മാംസാഹാരം പ്രശ്നമാവുകയുണ്ടായി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യാത്രാ വിവരണം എഴുതിയ ആള്‍ ഇസ്രയേലില്‍ വച്ചു കൊച്ചിയില്‍നിന്നുള്ള ചില മലയാളി ജൂതകുടിയേറ്റക്കാരെ കണ്ടുമുട്ടുന്നുണ്ട്. വലിയ സ്വപ്നങ്ങളുമായി കുടിയേറിയ അവര്‍ പറ്റേ നിരാശരായാണ് ലേഖകനോടു സംസാരിക്കുന്നത്. കാരണം, തൊഴിലിലും ആനുകൂല്യങ്ങളിലുമൊക്കെ കടുത്ത വിവേചനത്തിനിരയായിരുന്നു അവര്‍. അരനൂറ്റാണ്ടിന് ശേഷവും ഈ സ്ഥിതിക്ക് വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.
കേരളത്തില്‍നിന്ന് പോയവരുടെ മാത്രം സ്ഥിതിയായിരുന്നില്ല ഇത്. ആഫ്രിക്കയില്‍നിന്നും ഏഷ്യയുടെ ഇതര ഭാഗങ്ങളില്‍നിന്നുമുള്ള ജൂതന്മാരുടെ സ്ഥിതിയും ഇത് തന്നെയാണ്. പാലസ്തീനിലെ അറബു ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമായിരുന്നു. ഒന്ന് തദ്ദേശ ജനതയായ അറബികളെ അവിടെനിന്ന് തുരത്തുക. തദ്സ്ഥാനത്ത് യഹൂദജനതയെ കുടിയിരുത്തുക. ഇത് രണ്ടും ഒന്നിച്ചു നടന്ന ചരിത്രത്തിന്റെ കള്ളവാറ്റാണ്, ഇസ്രയേല്‍ നിര്‍മിതി. അറബു ഡിമോഗ്രാഫിയെ അട്ടിമറിക്കാനായി അവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയും പാലസ്തീന് പുറത്ത് ജനിച്ചവരെ തദ്സ്ഥാനത്ത് കുടിയിരുത്തുകയും ചെയ്ത് കൊണ്ടാണു ഈ അട്ടിമറി സാധിച്ചെടുത്തത്. ഇങ്ങനെ കുടിയേറിയവരില്‍ അറബു നാടുകളില്‍ നിന്നുള്ളവരും പെടും. യമന്‍, ഈജിപ്ത്, ബഹ്റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലൊക്കെ മുമ്പു ധാരാളം ജൂതന്മാര്‍ താമസിച്ചിരുന്നു. ക്രൈസ്തവ പീഡനത്തെ തുടര്‍ന്നാണ് സ്പെയിനില്‍നിന്ന് ജൂതന്മാര്‍ മുസ്ളീങ്ങളോടൊപ്പം മൊറോക്കോവിലെത്തിയിരുന്നത്; വ്യത്യസ്തമല്ല തുര്‍ക്കിയിലെയും സ്ഥിതി. എന്നാല്‍ ഇസ്രയേല്‍ നിലവില്‍ വന്നതോടെ സയണിസ്റുകള്‍ അവരെ പ്രലോഭിപ്പിച്ചു. ‘വാഗ്ദത്തഭൂമി’യിലേക്ക് കൊണ്ടുപോയി. ആഫ്രിക്കയില്‍നിന്ന് ഫലാച്ചി ജൂതന്മാരെ കള്ളക്കടത്ത് നടത്തുകയായിരുന്നു എങ്കിലും ഈ പ്രലോഭനങ്ങളില്‍ വീഴാതെ സ്വദേശത്ത് തന്നെ ഉറച്ച് നിന്നവരും ഇക്കൂട്ടത്തിലുണ്ട്. ഈജിപ്തിലെ പ്രസിദ്ധ സിനിമാ നടി ലൈലാമുറാദ് ഒരു ഉദാഹരണം മാത്രം. സയണിസ്റുകള്‍ വലിയ സ്ഥാനപദവികളും സുഖസൌകര്യങ്ങളും വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയുണ്ടായില്ല.
സഫാര്‍ഡിസുകളും അഷ്കാനിസുകളും

ഇങ്ങനെ ഇസ്രയേലില്‍ കുടിയേറിപ്പാര്‍ക്കാനെത്തിയവരോടെല്ലാം സമാന സമീപനമായിരുന്നില്ല ഭരണകൂടം സ്വീകരിച്ചിരുന്നത്. കൊച്ചിയില്‍നിന്ന് കുടിയേറിയ ജൂതന്മാരുടെ അനുഭവം ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ഇസ്രയേലില്‍ മുമ്പേ നിലവിലുള്ള വിവേചന ഭീകരതയുടെ ഇരകളായിരുന്നു അവര്‍. കാരണം, സയണിസ്റ് ഭരണകൂടത്തിന്റെ ദൃഷ്ടിയില്‍ അവര്‍ വംശശുദ്ധിയില്ലാത്ത ജൂതന്മാരാണ്. ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള ജൂതന്മാര്‍ക്ക് ‘യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനത’യുടെ വംശപാരമ്പര്യം അവകാശപ്പെടാന്‍ സാധ്യമല്ല. ബ്രാഹ്മണ്യം പോലെ ജനായത്തമാണ് ‘യഹൂദത്വം’ എന്നാണു സയണിസ്റ് സങ്കല്പം. സഫാര്‍ഡുകള്‍ (sfaraddim) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവര്‍ മാര്‍ഗം കൂടിയവരാകാം. യഹൂദനീല രക്തം അവര്‍ക്ക് അന്യമാണ്. അതിനാല്‍ അയിത്തജാതിക്കാരായി കഴിയാനാണു അവരുടെ വിധി. യഹൂദജനത പൊതുവെ ന്യൂനപക്ഷമായതിനാല്‍ ഫലസ്തീനിലെ ജനസംഖ്യ അട്ടിമറിക്കാന്‍ സയണിസ്റുകള്‍ക്ക് ഇവരെ ആവശ്യമായി വന്നു.
ഇവരില്‍നിന്ന് ഭിന്നമാണ് യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും കുടിയേറിയ തൊലി വെളുത്ത ജൂതന്മാരുടെ സ്ഥിതി. അവര്‍ അശ്കനാസുകള്‍ (Ashkenazim) എന്നറിയപ്പെടുന്നു. വംശശുദ്ധി സംശയാസ്പദമല്ലാത്തതിനാല്‍ ‘യഹോവ തെരഞ്ഞെടുത്ത ജനത’യില്‍ പെടുന്നവരാണവര്‍. ഇസ്രായേലിലെ വരേണ്യവര്‍ഗം. ഉന്നതപദവികളും സുഖസൌകര്യാദികളും അവര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്.
  ശ്യാമപ്രസാദ് മുഖര്‍ജിയും ഗോള്‍വാള്‍ക്കറും മുതല്‍ സുദര്‍ശന്‍വരെ പ്രതിനിധാനം ചെയ്യുന്ന വംശീയാധിഷ്ഠിത പ്രത്യയശാസ്ത്രം തന്നെയാണു സയണിസത്തിന്റെയും പ്രത്യയശാസ്ത്രം. സാറയില്‍ അബ്റഹാമിന് പിറന്ന ഇസ്ഹാഖിന്റെ പരമ്പരയെ മാത്രമേ അവര്‍ അംഗീകരിക്കുകയുള്ളു. ഈജിപ്ഷ്യന്‍ അടിമസ്ത്രീയായിരുന്ന ഹഗാറില്‍ പിറന്ന യിശ്മയേലിന്റെ പരമ്പരയെ അവര്‍ അംഗീകരിക്കുകയില്ല.
മുസ്ലിം ആചാരങ്ങളോട് സമാനത പുലര്‍ത്തുന്നവര്‍
ജൂതന്മാര്‍ പൊതുവെ അറബി വിരുദ്ധരായാണറിയപ്പെടുന്നതെങ്കിലും മുസ്ലിം ആചാരാനുഷ്ഠാനങ്ങളോടു സാജാത്യം പുലര്‍ത്തുന്നവരും ഇസ്രയേലിലുണ്ട്. ഖത്തര്‍ ടി. വി.യുടെ അറബി ചാനലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു കാണാനിടയായ ഒരു പരമ്പര ഓര്‍ക്കുന്നു. മുഹമ്മദ് സാദ എന്ന അവതാരകന്റെതായിരുന്നു പരമ്പര. വ്യത്യസ്ത ജനപദങ്ങളുടെ സാംസ്കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പരിപാടിയായിരുന്നു അത്. ഇസ്രായേലിലെ ഒരു പ്രത്യേക വിഭാഗം ജൂതന്മാരുടെ വിശ്വാസാചാരങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു അതിലെ ഒരു എപ്പിസോഡ്. അറബുരാഷ്ട്രങ്ങളില്‍ ചിലത് ഓസ്ട്ര ലോ കരാറിനെ തുടര്‍ന്ന ഇസ്രായേലുമായി സമ്പര്‍ക്കം തുടങ്ങിയ കാലമായിരുന്നതിനാല്‍ അതിന്റെ ചിത്രീകരണം നടന്നിരുന്നത് ഇസ്രയേലില്‍വച്ചു തന്നെയായിരുന്നു. വിചിത്രമായി തോന്നാം, അവരുടെ പല മതാനുഷ്ഠാനങ്ങളും മുസ്ലിംകളുടേതിനോടു സമാനത പുലര്‍ത്തുന്നതായിരുന്നു. പ്രാര്‍ത്ഥനക്ക് മുമ്പ് അംഗസ്നാനം അവര്‍ക്ക് നിര്‍ബ്ബന്ധമാണ്. മുസ്ലിംകള്‍ നമസ്കാരത്തിന് മുമ്പ് ചെയ്യാറുള്ള ‘വുദു’വും ഇതും തമ്മില്‍ വലിയ വ്യത്യസമൊന്നുമില്ല. മുസ്ലിം മസ്ജിദുകളിലെ ‘ഹൌദുകള്‍’ പോലെ അവരുടെ പ്രാര്‍ത്ഥനാലയങ്ങളോടനുബന്ധിച്ചും ശുദ്ധീകരണത്തിനായുള്ള ജലസംഭരണികളുണ്ട്. പ്രാര്‍ത്ഥനക്ക് രൂപമാകട്ടെ മുസ്ലിംകളുടെ നമസ്കാരംപോലെ സാഷ്ടാംഗം പ്രണാമവും മറ്റും അടങ്ങിയതുമാണ്. വേദവാഗ്ദാനപ്രകാരം രക്ഷകനായ ഒരു പ്രവാചകനെ കാത്തിരിക്കുന്നവരാണിവര്‍. മുസ്ലിം അനുഷ്ഠാനങ്ങളോട് സമാനത പുലര്‍ത്തുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ മുഹമ്മദ് നബിയെ അംഗീകരിക്കുന്നില്ല എന്ന് മുഹമ്മദ് സാദ അവരുടെ പുരോഹിതനോടു ചോദിക്കുന്നുണ്ട്. പക്ഷേ അതിന്റെ കാരണമൊന്നും വ്യക്തമാക്കാതെ മുഹമ്മദല്ല ഞങ്ങടെ പ്രവാചകന്‍ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പുരോഹിതന്‍ നല്കുന്നത്. ഇസ്രായേല്‍ സ്റേറ്റില്‍നിന്നും ഭരണകൂട രാഷ്ട്രീയത്തില്‍നിന്നും അകലം പാലിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന സവിശേഷത.
ഹാരെഡിം
ഇസ്രയേല്‍ സമാധാനപ്രസ്ഥാനത്തിലെ ആക്ടീവിസ്റും പ്രമുഖ കോളമിസ്റുമായ യൂറി ആറ്നേറി (Uri Avnery) മറ്റൊരു യഹൂദ വിഭാഗത്തെപ്പറ്റി ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ കണ്ടിരുന്നു. ഓര്‍ത്തഡക്സ് ജൂതന്മാരാണവര്‍. ഹാരെഡികള്‍ (Haredim)എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ‘ദൈവഭക്തര്‍’ എന്നാണു ഹീബ്രുഭാഷയില്‍ ഈ പദത്തിനര്‍ത്ഥം. (ഹീബ്രുവില്‍ ബഹുവചനത്തെ കുറിക്കാനുപയോഗിക്കുന്നതാണ് ഒടുവിലത്തെ അക്ഷരമായ ‘ന്ന.’) ഇസ്രയേല്‍ സ്റേറ്റിന്റെ ഭാഗമായി അവര്‍ തങ്ങളെ പരിഗണിക്കുന്നില്ല. സാധാരണ ഇസ്രയേലികളില്‍നിന്ന് ഭിന്നരായ ‘ഹാരെഡി’കള്‍ക്ക് ഫ്രഞ്ച്, ജര്‍മന്‍, പോളിഷ് ജൂതന്മാരുമായും സാമ്യതയില്ല.
യരൂശലേമിന്റെ ഭാഗമായ ബെനീബറാക് (Bnei Brak) നഗരത്തിലും അധിനിവിഷ്ഠ പ്രദേശങ്ങളിലെ വിപുലമായ സെറ്റില്‍മെന്റുകളിലുമുള്ള ‘ഗെറ്റോ’ കളിലാണ് ഇവരുടെ പാര്‍പ്പിടം. ‘ഗെറ്റോ’ എന്ന് പറയുമ്പോള്‍ മുമ്പ് ക്രൈസ്തവ ഭരണകൂടം അടിച്ചേല്പിച്ചത്പോലുള്ള പീഢാകരമായ ഒറ്റപ്പെടുത്തല്‍ അല്ല അര്‍ത്ഥമാക്കുന്നത്; അവര്‍ സ്വയം സ്വീകരിച്ച ഒറ്റപ്പെടലാണ്. പൊതുജനങ്ങളില്‍നിന്ന് വേര്‍പ്പെട്ടു ജീവിക്കേണ്ടത് ഓര്‍ത്തഡോക്സ് ജൂതന്മാരുടെ ആവശ്യമാണ്. കാരണം, അതിലാണ് അവര്‍ സ്വത്വ സുരക്ഷിതത്വം കാണുന്നത്. പ്രധാനമായും അവര്‍ ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ തന്നെ ഭാഗമായയട്ടാണ്. ശനിയാഴ്ച ‘സാബത്ത്’ ആചരിക്കാന്‍ നടന്നെത്താവുന്ന ദൂരത്തിലായിരിക്കണം അവരെ സംബന്ധിച്ചിടത്തോളം സിനഗോഗ്. ‘ഖോഷല്‍’ ഭക്ഷണം
 നിര്‍ബ്ബന്ധം. ഇസ്രയേലിലാകട്ടെ മറ്റെവിടെയാകട്ടെ ഇത്തരം മതചിട്ടകള്‍ കര്‍ശനമായി പാലിക്കുന്നവരാണ് അവര്‍. ഇതിനേക്കാളൊക്കെ പ്രധാനം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കലാണ്. എന്നത്തേക്കാള്‍ പ്രലോഭനങ്ങള്‍ ശക്തമായ ഇക്കാലത്ത് പാപകൃത്യങ്ങളില്‍ ചെന്ന് ചാടാതിരിക്കണമെങ്കില്‍ ഇതാവശ്യമാണെന്ന് അവര്‍ കരുതുന്നു. നഗ്നമേനികളെ ആഘോഷിക്കുന്ന ടി. വി. പരിപാടികളുടെയും അശ്ളീല പരസ്യങ്ങളുടെയും ഇന്റെര്‍നെറ്റിലെ പോര്‍ണോഗ്രാഫി കുത്തൊഴുക്കിന്റെയും ആകര്‍ഷണവലയത്തില്‍നിന്നും പാപനിര്‍ഭരമായ ഇസ്രയേലി ജീവിതരീതിയില്‍ നിന്നും സ്വന്തം കുട്ടികള്‍ക്ക് സുരക്ഷാവലയമായിട്ടാണ് ഒറ്റപ്പെട്ട കമ്യൂണ്‍ ജീവിതം അവര്‍ തെരഞ്ഞെടുക്കുന്നത്.
രണ്ടര നൂറ്റാണ്ടു മുമ്പുവരെ ലോകത്തെങ്ങുമുള്ള ജൂതന്മാരുടെ അനുഷ്ഠാന ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നാണ് യൂറി അവ്നേറി പറയുന്നത്. ഈ ജൂദായിസത്തിന്നെതിരെയുള്ള കലാപമായിരുന്നു സയണിസം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിയോഡര്‍ ഹര്‍സല്‍
 സയണിസ്റ് ആശയവുമായി അരങ്ങിലെത്തുന്നതുവരെ കിഴക്കന്‍ യൂറോപ്പിലെ മിക്കവാറും ജൂതസമൂഹം റബ്ബിമാരുടെ ചട്ടക്കൂട്ടില്‍ ഗെറ്റോ സമാനമായ ഒരു യാഥാസ്ഥിതികാന്തരീക്ഷത്തിലായിരുന്നു ജീവിച്ചുപോന്നിരുന്നത്. റബ്ബിമാരില്‍ വളരെ ചുരുക്കം പേരൊഴികെ എല്ലാവരും സയണിസത്തെ ഏറ്റവും വലിയ ശത്രുവായിട്ടായിരുന്നു കണ്ടിരുന്നത്. ക്രൈസ്തവര്‍ക്ക് അന്തിക്രിസ്തുവും മുസ്ലിംകള്‍ക്ക് ദജ്ജാലു പോലെയായിരുന്നു അവര്‍ക്ക് സയണിസം.
ഉന്മാദ ദേശീയത്വത്തിന്റെ വക്താക്കളായിരുന്നു സയണിസ്റുകള്‍. മനുഷ്യസമൂഹം പ്രാഥമികമായി വമശീയവും ഭാഷാപരവും ദേശാതിര്‍ത്തിപരവുമായ അധിഷ്ഠാനത്തിലാണു മതാധിഷ്ഠാനത്തിലല്ല നിലനില്ക്കുന്നതെന്ന പുതിയ യൂറോപ്യന്‍ പരികല്പനയോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണവര്‍. ഈ സയണിസ്റ് സിദ്ധാന്തം ജൂതവിശ്വാസവുമായി ഏറ്റുമുട്ടുന്നതാണെന്ന യൂറി നെവിനെറി പറയുന്നു. കാരണം ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു
 ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.
ഹര്‍സലും സയണിസത്തിന്റെ സ്ഥാപക പിതാക്കളുമൊക്കെ നിരീശ്വരവാദികളായിരുന്നുവെന്നതാണ് മറ്റൊരു രസകരമായ സംഗതി. ഭാവി ജൂതരാഷ്ട്രത്തില്‍ റബ്ബിമാരുടെ സ്ഥാനം, പട്ടാള ഓഫീസര്‍മാര്‍ ബാരക്കുകളിലെന്നപോലെ, സിനഗോഗില്‍ പരിമിതമായിരിക്കുമെന്ന് ഹര്‍സല്‍ എഴുതുകയുണ്ടായി. അക്കാലത്തെ റബ്ബിമാര്‍ക്കൊന്നും ഹര്‍സലിനോടു മമതയുണ്ടായിരുന്നില്ലെന്നാണ് യൂറി അവനേറി പറയുന്നത്. യഹൂദ ജനതയെ പഴയ മതത്തില്‍നിന്ന് എങ്ങനെ പുതിയ ദേശീയതയിലേക്ക് വിളക്കിച്ചേര്‍ക്കാമെന്നത് ഹര്‍സലിന് ഒരു പ്രശ്നമായിരുന്നു. പുരാതന യഹൂദജനതയുടെ പുതിയ രൂപാന്തരതുടര്‍ച്ചതന്നെയാണു സയണിസ്റ് രാഷ്ട്രം എന്ന കഥ മെനഞ്ഞു കൊണ്ടാണു ഹര്‍സല്‍ പ്രശ്നം
പരിഹരിച്ചത്. യഹൂദമതത്തിന്റെ പ്രതീകങ്ങള്‍ ‘മോഷ്ടി’ച്ചുകൊണ്ടു ഹര്‍സല്‍ അവയ്ക്ക് ദേശീയ വര്‍ണം പകര്‍ന്നു. യഹൂദ പ്രാര്‍ത്ഥനാംഗ വസ്ത്രം സയണിസ്റ് പതാകയാക്കി. ‘മെനോര’ (menora-ക്ഷേത്ര മെഴുക് തിരിക്കാലുകള്‍) സ്റേറ്റിന്റെ അടയാളമാക്കി. ദാവീദിന്റെ നക്ഷത്രങ്ങളെ പരമോന്നത ദേശീയ മുദ്രയാക്കി. എല്ലാ മതാഘോഷദിനങ്ങളും പുതിയ ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി. ഇന്ത്യയിലെ ഹിന്ദുത്വരുടെ സമീപനത്തിന് ഇതുവരെയുള്ള താദാത്മ്യം ശ്രദ്ധേയമാണു. ഹര്‍സലിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നതാണ് സത്യം. യാഥാസ്ഥിതിക ഹെരെഡികള്‍ ഒഴികെ മിക്കവാറും എല്ലാ ഇസ്രയേലി ജൂതന്മാരും ഫലത്തില്‍ ഇതൊരു വേദസത്യം പോലെ അംഗീകരിച്ചു. എന്നാല്‍ തങ്ങള്‍ മാത്രമാണു യഥാര്‍ത്ഥ ജൂതന്മാരും സഹസ്രാബ്ദങ്ങള്‍ നീണ്ടുകിടക്കുന്ന യഹൂദചരിത്രത്തിന്റെ നേരവകാശികളുമെന്നാണു ഓര്‍ത്തഡോക്സ് ജൂതന്മാരുടെ അവകാശവാദം.
ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നവര്‍ക്ക് നില്ക്കാനുള്ള മരത്തട്ടുമാത്രമാണു സയണിസ്റ് പ്രസ്ഥാനമെന്നും രാഷ്ട്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ അത് അപ്രസക്തമായിത്തീരുമെന്നും കടുത്ത സയണിസ്റായിരുന്ന ഡേവിഡ് ബെന്‍ ഗൂറിയാന്‍ 
എഴുതിയിട്ടുണ്ട്. ഇസ്രയേല്‍ ഒരു യഹൂദ രാഷ്ട്രമാണെന്ന
ഇതര ജൂതന്മാരില്‍നിന്ന് എല്ലാ നിലയ്ക്കും വേര്‍പിരിഞ്ഞൊരു ജീവിതമാണ് ഓര്‍ത്തഡക്സു ജൂതന്മാര്‍ നയിക്കുന്നത്. ഭാഷ പോലും ഭിന്നമാണ്. യിഡ്ഡിഷാണു അവരുടെ സംസാരഭാഷ. വേഷവിധാനം വ്യത്യസ്തമാണ്. തങ്ങളുടേതായ പ്രത്യേക വിദ്യാലയങ്ങളിലാണു സ്വന്തം കുട്ടികളെ അവര്‍ പഠിപ്പിക്കുന്നത്. അവിടെ ഇംഗ്ളീഷോ ഗണിതമോ മതേതര സാഹിത്യമോ മറ്റ് ജനങ്ങളുടെ ചരിത്രമോ പഠിപ്പിക്കുന്നില്ല. സാധാരണ ഇസ്രയേലിയുടെ വീട്ടില്‍ ഓര്‍ത്തഡക്സു ജൂതന്‍ ഭക്ഷണം കഴിക്കുകയില്ല. സ്വന്തം മക്കളെ വിവാഹം കഴിച്ചുകൊടുക്കുകയുമില്ല.
സ്ത്രീകളോടുള്ള മനോഭാവവും കര്‍ക്കശമാണ്. ലിംഗസമത്വത്തിന് ഓര്‍ത്തഡക്സ് വിഭാഗത്തില്‍ യാതൊരു സ്ഥാനവുമില്ല. സ്ത്രീകള്‍ തന്നെയും പ്രജനനോപകരണമായാണു സ്വയം കരുതുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ചാണു സ്ത്രീയുടെ പദവി കൂടുക. പത്തും പന്ത്രണ്ടും കുട്ടികളുള്ള ദമ്പതികള്‍ ഏറെയാണ്.
വളരെ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരാണെങ്കിലും ഭരണകൂടം ഇവരെ തൊടാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു ‘രാജപാത’ എന്ന ശീര്‍ഷകത്തില്‍ ഒരു റബ്ബിയുടെ കൃതി ഇസ്രയേലില്‍ പുറത്തിറങ്ങിയത് യൂറി അവ്നേറി അനുസരിക്കുന്നുണ്ട്. ജൂതന്മാരല്ലാത്ത കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കുന്നതായിരുന്നതിലെ ഒരു പരാമര്‍ശം. അത്തരം കുട്ടികള്‍ വളരുമ്പോള്‍ ജൂതന്മാരെ കൊല്ലുമെന്ന് ആശങ്കയുണ്ടെങ്കില്‍ അവരെ വധിക്കുന്നതില്‍ തെറ്റില്ലെന്നാണു പുസ്തകം പറയുന്നത്. മുതിര്‍ന്ന പല റബ്ബിമാരും അംഗീകാരം നല്കിയ ഈ പുസ്തകം ഇസ്രയേലില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിക്കുകയുണ്ടായി. സമര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പോലീസു കുറ്റാന്വേഷണം തുടങ്ങിയതായിരുന്നു. പക്ഷേ, അവസാനം അറ്റോര്‍ണി ജനറല്‍ ഇടപെട്ടു. പ്രൊസിക്യൂഷന്‍ ഒഴിവാക്കുകയാണുണ്ടായത്. റബ്ബിമാര്‍ വേദസൂക്തം ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ ന്യായം. ഓര്‍ത്തഡക്സുകാരെക്കൊണ്ട് ഗുണമുണ്ടെന്ന് ഭരണകൂടം കരുതുന്നുണ്ടാകാം.
********
 
 കടപ്പാട് :    ഉത്തരകാലം


12 പ്രതികരണങ്ങള്‍:

Prinsad said...

പുനര്‍വായനക്ക്...
ഉത്തരകാലം ഓണ്‍ലൈനില്‍ നിന്ന് ലഭിച്ചത്...

പടന്നക്കാരൻ said...

good!! thnx...

ajith said...

വളരെ ഇന്‍ഫോര്‍മേറ്റിവ് ആയ ഒരു ലേഖനം
കേറളത്തില്‍ നിന്നൊക്കെ പോയ ജൂതന്മാര്‍ ഡിസ്ക്രിമിനേഷന്‍ അനുഭവിക്കുന്നുവെന്നത് തികച്ചും പുതിയ അറിവാണ്. എല്ലാം ഭദ്രം എന്നാണോര്‍ത്തിരുന്നത്.

Abdussamad said...

എല്ലാ വിധ ആശംസകളും.ജൂദ വിഭാഗത്തില്‍ പല ഉപ ജാതികളും ഉണ്ടെന്നു ഒരു ഖുറാന്‍ തര്‍ജുമയില്‍ വായിച്ചിരുന്നു.അതിനേക്കാള്‍ വിപുലമായിട്ടാണ് ഈ ലേഘനത്തിളുള്ളത്,ജൂദ വിഭാഗത്തെ ഇനിയും നാം അടുത്തറിയെണ്ടതുണ്ട്.ആ രീതിയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഈ ലേഘനം ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഷാജു അത്താണിക്കല്‍ said...

നല്ല അറിവ് പകരുന്ന് എഴുത്ത്

Unknown said...

good !!!! ജൂതന്മാരുട ഏക ദൈവവിശ്വാസികള്‍ എന്നവകാശപെടാരുന്ടെങ്കിലും അവര്‍ അവരുടെ പ്രവാചകന്മാരുടെ കബരിടങ്ങളെ സഹായ തെട്ടതിനായി ഉപയോഗിക്കുന്നു

Manoj മനോജ് said...

:) മുസ്ലീമുകൾക്ക് മുൻപേ ഉണ്ടായിരുന്ന ജൂതർ അനുവർത്തിച്ചു വരുന്ന ആചാരങ്ങൾ അവർക്ക് പിന്നേ വന്ന മുസ്ലീമുകളുടേതാണു എന്ന തരത്തിലെ പറച്ചിലുകൾ ചിരിക്കുവാൻ വക നൽകുന്നത് തന്നെ... ;)

ഏഷ്യൻ-ആഫ്രിക്കൻ മുസ്ലീമുകളും ഇതേ പോലെ തൊട്ടുകൂടായ്മ അനുഭവിക്കുന്നുണ്ട് എന്നതും ശരി തന്നെയല്ലേ!!! എന്തിനു ദൂരേ പോകണം കേരളത്തിൽ തന്നെ ദളിത് വിഭാഗത്തിൽ നിന്ന് മതം മാറി വന്ന മുസ്ലീമുകളുടെ അവസ്ഥ എന്താണു? ഹിന്ദു വിഭാഗത്തിലെ വേർതിരിവുകളിൽ നിന്ന് എന്ത് വ്യത്യാസമാണു കേരളത്തിലെ മറ്റ് മതങ്ങളിൽ കാണുവാൻ കഴിയുക!!

ഓർത്തൊഡക്സ് ജൂതന്മാരുടെ ആചാരങ്ങളും കാഴ്ചപ്പാടുകളും തന്നെയല്ലേ ഓർത്തൊഡക്സ് മുസ്ലീമുകളും പിന്തുടരുന്നത്!!!

ജൂതരുടെ രീതികൾ നേരിട്ട് അനുഭവപ്പെടാത്തതാണു കേരളത്തിൽ പല മുസ്ലീം പുരോഹിത വർഗ്ഗങ്ങൾക്കും പിടിച്ച് നിൽക്കുവാൻ കഴിയുന്നത്... ഇവി എങ്ങാൻ പേടിച്ചത് സംഭവിക്കാതെ തടയിടുവാൻ തന്നെയല്ലേ ഓർത്തൊഡക്സ് ജൂതന്മാർ മുസ്ലീം രീതികളാണു പിന്തുടരുന്നതെന്ന് വരുത്തി തീർക്കുന്നത് തന്നെ!!!

ചില മുസ്ലീം പുരോഹിതരുടെ പ്രവർത്തികൾ ജൂതരെ കേരളത്തിൽ ഇന്ന് ചർച്ച ചെയ്യേണ്ടത് ആവശ്യമായി വന്നിരിക്കുന്നു...

പിന്നെ തീവ്രമായ വാദങ്ങൾ ഉടലെടുക്കുന്നത് പുരോഹിതരുടെ വയറു കായാതിരിക്കുവാനുള്ള അടവാണെന്ന് കേരളത്തിലെ ചില മത പുരോഹിതരുടെ തീട്ടൂരങ്ങളും പ്രവർത്തികളും തെളിവായി നമ്മുടെ മുന്നിൽ തെളിയാറുണ്ടല്ല് ;)

ലൂസിഫര്‍ said...

ജൂതമതത്തിനു ശേഷം ഉണ്ടായ ഇസ്ലാമിലെ ആചാരങ്ങള്‍ എങ്ങനെയാണു ജൂതര്‍ അനുകരിക്കുന്നത് . ഇസ്ലാമാണ് ആദ്യമതം എന്ന് സ്ഥപിക്ക്നാണോ ഈ നുണ . ചോറ് തിന്നുന്നവര്‍ ബൂലോകത്തുണ്ട് കേട്ടോ .

ലേഖനം നന്നായിട്ടുണ്ട് പുതിയ അറിവുകള്‍ക്ക് നന്ദി

kaalidaasan said...

>>>>സ്ത്രീകളോടുള്ള മനോഭാവവും കര്‍ക്കശമാണ്. ലിംഗസമത്വത്തിന് ഓര്‍ത്തഡക്സ് വിഭാഗത്തില്‍ യാതൊരു സ്ഥാനവുമില്ല.<<<<

ലിംഗസമത്വം ഇസ്ലാമിലെ ഒരു വിഭാഗത്തിലും  ഇല്ലല്ലോ. സ്ത്രീയുടെ സാക്ഷ്യത്തിന്‌. ഇസ്ലാമില്‍ എന്താണു വിലയെന്ന് കുര്‍ആന്‍ വായിച്ചു പഠിച്ചാല്‍ ഈ സമത്വത്തിന്റെ കഥ മനസിലക്കാം.

സ്ത്രീകളെ ചന്തയില്‍ മാടുകളെ വില്‍ക്കുന്നതുപോലെ വില്‍ക്കലല്ലേ ഇസ്ലാമിലെ നാട്ടു നടപ്പ്.

യഹൂദര്‍ക്കിടയില്‍ പല വിഭാഗങ്ങളുണ്ടെന്നും അവര്‍ തമ്മില്‍  വ്യത്യസങ്ങളുണ്ട് എന്നും എഴുതുന്നതുകൊണ്ട് എന്താണാവോ ഉദേശിക്കുന്നത്? ഇതൊന്നുമില്ലാത്ത ഏത് മതമാണുള്ളത്? ഇസ്ലാമില്‍ തന്നെ സുന്നികളെനും ഷിയകളെന്നും  അഹമ്മദിയകളെന്നും ഉള്ള അവാന്തര വിഭഗങ്ങളില്ലേ? ഇആവരൊക്കെ അന്യോന്യം  മോസ്കുകളില്‍ പോലും ബോംബ വച്ച് ആനന്ദിക്കുന്നതുപോലെ ഇസ്രയേലിലെ യഹൂദ വിഭാഗങ്ങള്‍ ചെയ്യുന്നില്ല. അവര്‍ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി സ്വന്തം ഘെറ്റോകളിലൊക്കെ കഴിയുന്നു.

കേരളത്തിലെ മുസ്ലിങ്ങളില്‍ കാക്കത്തൊള്ളായിരം വിഭാഗങ്ങളുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലൂടെയാണവര്‍ പരസ്പരം ചെളി വാരി എറിയുന്നതും.

Pravaasivoice said...

everybody is going to see the difference and sects of other religions, we never think about our religions so please try to understand that God is Truth, Jesus said I am the way I am the Truth I am the Life. Jesus Christ is the only God that every mankind can accept and save their soul.

Do not make any arguments between us try to read all the holy books and come to a self conclusion, take your decision.

May God bless you all.

kaalidaasan said...

>>>ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമായിരുന്നു. ഒന്ന് തദ്ദേശ ജനതയായ അറബികളെ അവിടെനിന്ന് തുരത്തുക. തദ്സ്ഥാനത്ത് യഹൂദജനതയെ കുടിയിരുത്തുക. ഇത് രണ്ടും ഒന്നിച്ചു നടന്ന ചരിത്രത്തിന്റെ കള്ളവാറ്റാണ്, ഇസ്രയേല്‍ നിര്‍മിതി. അറബു ഡിമോഗ്രാഫിയെ അട്ടിമറിക്കാനായി അവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയും പാലസ്തീന് പുറത്ത് ജനിച്ചവരെ തദ്സ്ഥാനത്ത് കുടിയിരുത്തുകയും ചെയ്ത് കൊണ്ടാണു ഈ അട്ടിമറി സാധിച്ചെടുത്തത്.<<<<


അറബികള്‍ എന്ന വാക്ക് അസ്ഥാനത്തുള്ള പ്രയോഗമാണ്. അറേബ്യയില്‍ ജനിച്ചു വളര്‍ന്ന ആളുകളെയാണറബികള്‍ എനു വിളിക്കേണ്ടത്. ആ വാക്കിനെ വ്യഭിചരിച്ച് അറബി സംസാര ഭാഷയായ എല്ലാവരെയും വിശേഷിപ്പിക്കാന്‍ ആ വാക്കുപയോഗിക്കുന്നത് യുക്തി സഹമല്ല. അറേബ്യയില്‍ മാത്രം ഒതുങ്ങി നിന്ന ഇസ്ലാം എന്ന മതം അധിനിവേശത്തിലൂടെ ചുറ്റും പിടിച്ചടക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാ ഭാഷകളെയും നശിപ്പിച്ച് അറബി അടിച്ചേല്‍പ്പിച്ചു. അങ്ങനെയാണ്, അറബി അവിടെയൊക്കെ മാതൃഭാഷയായതും. പാലസ്തീനില്‍ ഇസ്ലാമിനു മുമ്പ് അറിയപ്പെടുന്ന ചരിത്രത്തൊലൊരിടത്തും അറബി മാതൃഭഷ ആയിരുന്നില്ല. ഹീബ്ര്വും അതിന്റെ അവാന്തര വിഭഗമായ അറമായയും ആയിരുന്നു അവിടത്തെ ഭാഷ. എ ഡി 637 ല്‍ മുസ്ലിങ്ങള്‍ അത്പിടിച്ചടക്കിയ ശേഷമാണ്, അവിടത്തെ ഭാഷ അറബി ആയതും അവിടത്തുകാരെ അറബികളെന്ന് വിളിക്കാന്‍ തുടങ്ങിയതും. യഹൂദന്‍മാരെയും ക്രിസ്ത്യാനികളെയും പുറത്താക്കി അനേകം അറബികള്‍ സമീപ പ്രദേശങ്ങളില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത് പാലസ്തീനികളുടെ ഡെമോഗ്രഫി അട്ടിമറിച്ച്, അത് അറബ് ഡേമോഗ്രഫി ആക്കി മാറ്റി. അന്ന് പാലസ്തീനു പുറത്ത് ജനിച്ചവരെ കൊണ്ട് വന്ന് മുസ്ലിങ്ങള്‍ പാലസ്തീനി ഡേമോഗ്രഫി അട്ടിമറിച്ചു. ഇന്ന് പാലസ്തീനിനു പുറത്തുനിന്ന് യഹൂദരെ കൊണ്ടു വന്ന് മുസ്ലിം ഡെമോഗ്രഫി അട്ടിമറിച്ചു. ചരിത്രം ആവര്‍ത്തിക്കുന്നു.

ഏത് കുടിയേറ്റവും ഡേമോഗ്രഫിയെ അട്ടിമറിക്കും. 100% ക്രിസ്ത്യാനികള്‍ മാത്രമുണ്ടായിരുന്ന പടിഞ്ഞാറന്‍  നാടുകളിലേക്ക് മുസ്ലിങ്ങള്‍ കുടിയേറി അവിടെ പെറ്റു പെരുകിയപ്പോള്‍ അവിടത്തെ ഡെമോഗ്രഫിയുമട്ടിമറിക്കപ്പെട്ടു.
കള്ളവാറ്റായാലും നല്ല വാറ്റായാലും അറബു ഡെമോഗ്രഫി എന്നു താങ്കള്‍ വിശേഷിപ്പിക്കുന്ന മുസ്ലിം ഡെമോഗ്രഫിയെ അട്ടിമറിക്കാന്‍ തന്നെയാണ്, യഹൂദരെ കുടിയിരുത്തിയത്. യഹൂദര്‍ക്ക് വേണ്ടി ഒരു രാഷ്ട്രമുണ്ടാക്കിയതിന്റെ ഉദ്ദേശ്യമതു തന്നെയായിരുന്നു. ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യുകയല്ല ചെയ്തത്. അറബികളെ യഹൂദര്‍ക്ക് വേണ്ടിയുണ്ടാക്കിയ രാജ്യത്തു നിന്നു പുറത്താക്കുകയാണു ചെയ്തത്. നിര്‍ഭാഗ്യവശാല്‍ പാലസ്തീനികള്‍ക്ക് വേണ്ടി ഒരു രാജ്യമുണ്ടാക്കാന്‍ അന്ന് മുസ്ലിങ്ങള്‍ ശ്രമിച്ചില്ല. അതുകൊണ്ട് മുസ്ലിങ്ങള്‍ അഭയാര്‍ത്തികളായി മറ്റ് പല രാജ്യങ്ങളിലും പോകേണ്ടി വന്നു. 1948 മുതല്‍ 1967 വരെ ഗാസയിലോ വെസ്റ്റ് ബങ്കിലോ ഒരു പാലസ്തീന്‍ രാഷ്ട്രം ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചില്ല. അന്ന് അതുപോലെ ഒരു രാഷ്ട്രമുണ്ടാക്കിയിരുന്നെങ്കില്‍ പാലസ്തീനികള്‍ അഭയാര്‍ത്ഥികളായി അലയേണ്ടി വരില്ലായിരുന്നു. അതിനു പകരം ഇസ്രായേലിനെ ഉന്മൂലനം ചെയനിറങ്ങി. വെസ്റ്റ് ബാങ്കും ഗാസയുമിസ്രായേല്‍ പിടിച്ചെടുത്തു.

പലസ്തീനില്‍ നിന്ന് മുസ്ലിങ്ങളെ പുറത്താക്കി എന്നു പറയുന്നത് ശുദ്ധ അസംബന്ധം. ഇസ്ലാമും പാലസ്തിനും ആയി എന്താണു ബന്ധം? അബ്രഹാം പാലസ്തീനി അല്ല, മക്കാ നിവാസി ആയിരുന്നു എന്നല്ലേ കുര്‍ആന്‍ പറയുന്നത്? മീസൊപ്പൊട്ടേമിയയിലെ ഉര്‍ ദേശത്തു നിന്നും പാലസ്തിനിലേക്ക് കുടിയേറിയവരാണു യഹൂദര്‍,. അന്നവിടെ ഉണ്ടായിരുന്ന തദ്ദേശ വാസികളെ പുറംതള്ളി അവര്‍ അധിപത്യം സ്താപിച്ചു. പിന്നീട് യഹൂദരെ പുറം തള്ളി ബാബിലോണിയക്കാര്‍ അധിപത്യം സ്ഥാപിച്ചു. അതിനു ശേഷം ബാബിലോണിയക്കാരെ പുറത്താക്കി യഹൂദര്‍ വീണ്ടും വന്നു. പിന്നീട് യഹൂദരെ ലോകത്തിന്റെ പല ഭാഗത്തേക്കും ഓടിച്ച് റോമക്കാര്‍ ആധിപത്യം സ്ഥാപിച്ചു. റോമക്കാര്‍ ക്രിസ്ത്യാനികളായപ്പോള്‍ ആധിപത്യക്രിസ്ത്യനികള്‍ക്കായി. മുസ്ലിങ്ങള്‍ അതിന്‍ ശേഷം പാലസ്തീന്‍ ആക്രമിച്ച് കീഴടക്കി. മുസ്ലിങ്ങളെ പുറത്താകി വീണ്ടും യഹൂദര്‍ ആധിപത്യം സ്ഥാപിച്ചു. ഇതല്ലെ ചരിത്രം. ഇനിയുമൊരു പക്ഷെ യഹുദരെ പുറത്താക്കി മറ്റ് വല്ലവ്രും അവിടെ ആധിപത്യം നേടും. ലോക ചരിത്രം അങ്ങനെയൊക്കെ ആണ്.

മുസ്ലിമായതുകൊണ്ട് മുസ്ലിങ്ങളെ പുറത്താക്കിയതിനു താങ്കള്‍ പ്രധാന്യം നല്‍കുന്നു. പാലസ്തീനികള്‍ ക്രിസ്ത്യാനികളായിരുന്നു എങ്കില്‍ താങ്കള്‍ യഹൂദരുടെ അവാന്തര വിഭാഗങ്ങളെ വിശദീകരിച്ച് ലേഖനവും എഴുതില്ലായിരുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്