Tuesday, December 20, 2011

കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം.

കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.


വര്‍ണാശ്രമ ധര്‍മത്തിന്റെ സത്തയെ കാലോചിതമായി പരിഷ്‌കരിച്ച് ക്ഷേത്രകേന്ദ്രീകൃതമായ വ്യവസ്ഥയാക്കി സ്വന്തം-ഗ്രാമത്തില്‍ നടപ്പിലാക്കിയ ഒരു പ്രമാണത്തലവന്‍ എന്നതിലുപരി ഇന്ത്യന്‍ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ എന്ത് സംഭാവനയാണ് അണ്ണാ ഹസാരെ നല്‍കിയിട്ടുള്ളത്. മോഡി സര്‍ക്കാരിന്റെ വികസന മാതൃക പറഞ്ഞു എന്നതിന്റെ പേരില്‍ എ പി അബ്ദുല്ലക്കുട്ടി എം പിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ് ഗുജറാത്ത് വംശഹത്യയെ അപലപിക്കാന്‍ തയ്യാറില്ലെന്നു മാത്രമല്ല, മോഡി സര്‍ക്കാരിനെ പുകഴ്ത്തുക കൂടി ചെയ്യുന്ന അണ്ണാ ഹസാരെയുമായി ചുമലില്‍ കയ്യിട്ട് അഴിമതി വിരുദ്ധ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിമോചകരെന്ന് സ്വയം പരിചയപ്പെടുത്തുന്നവരാണ്  രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. എന്നാല്‍ അഴിമതി വിരുദ്ധതയുടെ പേരുപറഞ്ഞ് അവര്‍ ഇപ്പോള്‍ കൂട്ടുകൂടിയിരിക്കുന്നത് സാക്ഷാല്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ വര്‍ഗ ശത്രുക്കളായ അണ്ണാ ഹസാരെയും സംഘവുമായാണ് എന്നത് എന്തുമാത്രം വിരോധാഭാസമല്ല.

ഇക്കഴിഞ്ഞ ആഗസ്ത് മാസം അണ്ണാ ഹസാരെയും സംഘവും ദല്‍ഹിയില്‍ നടത്തിയ ഉപവാസ ആഭാസ സമരം തന്നെ അണ്ണാ സംഘത്തിന്റെ ദലിത് വിരോധത്തിന്റെ മകുടോദാഹരണമാണ്. ചാനലുകളും മറ്റു മീഡിയകളും പെരുമ്പറയടിച്ച് പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാവാന്‍ പശ്ചിമബംഗാളില്‍ നിന്നും ഒരു സംഘം ദളിത് യുവതികള്‍ രാംലീലാ മൈതാനിയിലെത്തി. എന്നാല്‍ വിശാലമായ രാംലീലാ മൈതാനിയിലേക്ക് കടക്കാന്‍ പോലും അനുവദിക്കാതെ കവാടത്തില്‍ വെച്ചുതന്നെ നിങ്ങള്‍ക്കിവിടെ പ്രവേശനമില്ലെന്ന് പറഞ്ഞ് സമരക്കാര്‍ അവരെ തിരിച്ചയക്കുകയാണ് ചെയ്തത്.

അണ്ണാ ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അരവിന്ദ് കേജ്‌രിവാളിനെ അറിയാത്തവരാണോ വൃന്ദാ കാരാട്ടും  എ ബി ബര്‍ധനും ഡി രാജയുമൊക്കെ? വിശ്വസിക്കാന്‍ സാധ്യമല്ല. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗ-വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായപ്പോഴേക്ക് ഉത്തരേന്ത്യയെ, പ്രത്യകിച്ച് ദില്ലിയെ ചുടലക്കളമാക്കി സംവരണവിരുദ്ധ സമരം ആളിക്കത്തിക്കാന്‍ നേതൃത്വം കൊടുത്ത അരവിന്ദ് കേജ്‌രിവാളിന്റെ തോളില്‍ കയ്യിട്ട് അഴിമതി വിരുദ്ധ സമരം നടത്താന്‍ ഒരു യഥാര്‍ഥ ഇടതുപക്ഷക്കാരന് സാധ്യമാകില്ല തന്നെ. ഇത്ര വലത്തോ ഇടത് എന്ന് ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടുതന്നെ.

അണ്ണാ ഹസാരെയുടെ മഹാരാഷ്ട്രയിലെ റാലെ ഗാന്‍ സിദ്ധി എന്ന 'ആദര്‍ശ' ഗ്രാമത്തിന്റെ അടിസ്ഥാന തത്വവും വര്‍ണാശ്രമ ധര്‍മം തന്നെയല്ലേ. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഹസാരെയുടെ റാലെഗാന്‍ സിദ്ധി എന്ന ആദര്‍ശ ഗ്രാമം മുസ്‌ലിംകള്‍ പാടെ തുടച്ചു നീക്കപ്പെട്ട ഒരു ഗ്രാമമാണ്. ഹസാരെ സൃഷ്ടിച്ചെടുത്ത സാഹചര്യത്താല്‍ മുസ്‌ലിംകള്‍ റാലെഗാന്‍ സിദ്ധി വിട്ടൊഴിയാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നതാണ് വസ്തുത.

പാകിസ്താന്‍ എന്ന മുസ്‌ലിം രാജ്യം ഏതു സമയവും ഇന്ത്യയെ ആക്രമിച്ചേക്കാം എന്ന ഭീതി പരത്തി ഏറ്റവും അധികം യുവാക്കളെ പട്ടാളത്തിലേക്കയക്കുന്ന ഇന്ത്യയിലെ ഏക ഗ്രാമമാണ് റാലെഗാന്‍ സിദ്ധി.

അണ്ണാ സംഘത്തിലെ കിരണ്‍ ബേദിയും അരവിന്ദ് കേജ്‌രിവാളുമൊക്കെ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയമായപ്പോള്‍ നിജസ്ഥിതി ഒന്നന്വേഷിക്കുക പോലും ചെയ്യാതെ യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുകയാണ് അണ്ണാ ഹസാരെ ചെയ്തത്. എന്നാല്‍ ജമ്മു കാശ്മീരിലെ സിവിലിയന്മാര്‍ക്ക് നേരെ അസഭ്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഒരഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ അണ്ണാ സംഘത്തിന്റെ നിയമ വിദഗ്ധനായ പ്രശാന്ത് ഭൂഷനെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ അതിനെ ഒന്നപലപിക്കാന്‍ പോലും ഹസാരെ തയ്യാറായില്ലെന്നുമാത്രമല്ല- പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനത്തിന് നേരെ രോഷം കൊള്ളുക കൂടി ചെയ്തു അണ്ണാ ഹസാരെ. ഇത് ഹസാരെയുടെ സംഘ് ചിന്താഗതിയുടെ ബഹിര്‍പ്രകടനമാണെന്നത് ബൃന്ദക്കും ബര്‍ധനും പിടികിട്ടാതെ പോയതെന്തേ?

കോര്‍പ്പറേറ്റ് കുത്തകയെന്ന് കേള്‍ക്കേണ്ട താമസം ബൃന്ദാ കാരാട്ടും എ ബി ബര്‍ധനും രാജയുമൊക്കെ ഗോബാക്ക് വിളിക്കും. എന്നാല്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ സഹായം കൈപ്പറ്റി അവര്‍ക്ക് നേരെ ക.മ. എന്ന് മിണ്ടാതിരിക്കുന്ന ഹസാരെയുടെ സമരമുഖത്ത് ചെങ്കൊടി പാറുന്നു എങ്കില്‍ അതിലെത്രമാത്രം ആത്മാര്‍ഥത ദര്‍ശിക്കണം. അണ്ണാ ഹസാരെയുടെ സമരത്തിന് ആദ്യഘട്ടത്തില്‍ ചെലവായത് നാല് ദിവസം കൊണ്ട് എണ്‍പത്തിരണ്ട് ലക്ഷം രൂപയാണ്. അടുത്ത ഘട്ടം സമരം തുടങ്ങിയപ്പോള്‍ കുത്തക ബൂര്‍ഷ്വാ ടാറ്റ തന്നെ നേരിട്ട് സഹായമെത്തിച്ചു.

അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തമുള്ള മൂന്നു മൊബൈല്‍ കമ്പനികള്‍ മൂന്നുകോടി രൂപയാണ് ഹസാരെയുടെ ഉപവാസ സമര ആഘോഷങ്ങള്‍ക്ക് സംഭാവന നല്‍കിയത്. കാവിക്കൊടിയും ചെങ്കൊടിയും കൂട്ടിക്കെട്ടി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് ഹസാരെയുടെ നേതൃത്വത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ബൃന്ദയും ജയ്റ്റ്‌ലിയും ബര്‍ധനുമൊക്കെ വരാന്‍ പോകുന്ന ഒരു അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കാര്‍മികത്വം വഹിക്കുകയാണെന്ന് പറയുന്നവരെ അവിശ്വസിക്കാതിരിക്കുക. ഒട്ടേറെ ജീവന്മരണ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. ബംഗാളിലും കേരളത്തിലും ത്രിപുരയിലും അധികാരത്തില്‍ നിന്നെടുത്തെറിയപ്പെട്ടപ്പോഴേക്ക് സംഘ് പരിവാര്‍ സ്‌പോണ്‍സേഡ് സമരങ്ങളില്‍ ഇടതുപക്ഷം കൂടെക്കൂടികളാകുന്നത് എന്തുമാത്രം ദയനീയമല്ല. പുഴയില്‍ ചാടി മരിക്കാന്‍ പോകുന്നവര്‍ വഴിയില്‍ പാമ്പിനെ കണ്ടോ കൂരിരുട്ടിനെ ഭയന്നോ പിന്തിരിഞ്ഞോടാറില്ല. ആളുകളെയൊക്കെ വിളിച്ചുകൂട്ടി ആഘോഷമാക്കി മാറ്റിയല്ല പുഴയില്‍ ചാടുക.

രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന് മരണം വരെ നിരാഹാരമിരിക്കാന്‍ തീരുമാനിച്ച അണ്ണാഹസാരെ ദില്ലിയിലെ കഠിനശൈത്യം സഹിക്കാന്‍ കഴിയാത്തതിനാല്‍ സമരവേദി മുംബൈയിലേക്ക് മാറ്റുകയാണത്രേ. നിരാഹാരസമരമാര്‍ഗത്തെ തീര്‍ത്തും അപഹാസ്യമാക്കുന്ന ഇത്തരം സമരങ്ങളില്‍ കൂടെക്കൂടികളാകുന്ന ബൃന്ദാ കാരാട്ടും എ ബി ബര്‍ദനുമൊക്കെ പാര്‍ട്ടി സമരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച സഖാക്കളോട് ചെയ്യുന്നത് കടുത്ത അപരാധമാണ്. ഗാന്ധി തൊപ്പിയും ഗാന്ധിയന്‍ വേഷവുമണിഞ്ഞാല്‍ ഗാന്ധിയന്‍ സമരമാകുമെന്ന ധാരണ മൗഢ്യമാണ്.

തട്ടിപ്പു സ്വാമി ബാബാ രാംദേവും ആത്മീയ വാണിഭത്തിന്റെ മൂര്‍ത്തീഭാവമായ ശ്രീ ശ്രീ രവിശങ്കറുമെല്ലാം ഇടത്തും വലത്തുമായാണ് ഹസാരെ ഉപവാസ സമരാഭാസങ്ങള്‍ക്ക്  തുടക്കമിട്ടത്.

അതേസ്ഥാനത്ത് ഹസാരെയുടെ ഇടത്തും വലത്തുമായി ബൃന്ദാ കാരാട്ടും എ ബി ബര്‍ധനും അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം ഉപവാസമിരിക്കുന്നത് ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന ആരിലും അറപ്പുളവാക്കുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍  വൈകിയാല്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിത്തീരുകയും ചെയ്യും. കാവിക്കൊടിയും ചെങ്കൊടിയും കൂട്ടിക്കെട്ടി ഭാരത് മാതാ കീ ജയ് വിളിക്കുന്ന കാലം വരുന്നത് എന്തുമാത്രം ആശങ്കാജനകമല്ല.

കടപ്പാട്:    ബി പി എ ഗഫൂര്‍
വര്‍ത്തമാനം ദിനപത്രം    
www.varthamanam.com

3 പ്രതികരണങ്ങള്‍:

പാര്‍ത്ഥന്‍ said...

തീർച്ചയായും; “ഭാരത് മാതാ കീ ജയ്“ വിളിക്കാൻ പാടില്ല.

Prinsad said...

1983 ല്‍ ഹസാരെ, ആര്‍ എസ് എസിന്റെ ശാഖയില്‍ പരിശീലനം നടത്തിയെന്ന് ഹിന്ദി ദിനപത്രമായ 'നയീ ദുന്‍യാ' പുറത്ത് വിട്ടിരിക്കുന്നു. ഇതേവരെ തല്‍പരകക്ഷികളാരും നിഷേധിച്ചിട്ടില്ല. ഗാന്ധിത്തൊപ്പി വെച്ച ഒരാളെക്കുറിച്ചാവുമ്പോള്‍ 'ചോര തിളക്കണം ഞരമ്പുകളില്‍' എന്നാണല്ലോ ശ്രുതി. ആര്‍ എസ് എസ് മുഖ്യപ്രചാരകും ബി ജെ പി നേതാവുമായ നാനാജിയുമായി അദ്ദേഹം അടുപ്പം പുലര്‍ത്തിവരുന്ന വിവരവും പുറംലോകമറിഞ്ഞുകഴിഞ്ഞു. നാനാജി ദേശമുഖിന്റെ താവളമായിരുന്ന ഖോണ്ഡയിലും ചിത്രകോട്ടിലും സ്ഥിരം സന്ദര്‍ശകനായിരുന്ന ഹസാരെ ഈ സ്ഥലങ്ങളില്‍ വെച്ചാണ് നാനാജി അധ്യക്ഷനും ഹസാരെ ജനറല്‍ സെക്രട്ടറിയുമായ 'ഗ്രാംവിശ്വ' എന്ന സംഘടന രൂപീകരിക്കുന്നത്. ഹൈന്ദവ ദേശീയ സിദ്ധാന്തങ്ങളിലൂന്നിയ പ്രാദേശിക വികസനമാണ് നാനാജിയും ഹസാരെയും ലക്ഷ്യമാക്കുന്നത്. ബി ജെ പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന നാനാജിയെ എന്‍ ഡി എ സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. Read More http://www.varthamanam.com/index.php/editorial/5091-2012-01-04-19-28-56

Anonymous said...

Just blah blah....

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്