Thursday, March 24, 2011

സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും


ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്.  സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ദൈവാധിപത്യത്തിന്റെ വിരുദ്ധമുഖമാണ് ജനാധിപത്യമെന്ന് പറഞ്ഞ് മതവിരുദ്ധമായി വിധിയെഴുതി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ദശാബ്ദങ്ങളോളം വനവാസം വരിച്ച ജമാ‍അത്തെ ഇസ്ലാമി ജനാധിപത്യത്തെ ഉള്‍കൊണ്ടതില്‍ പിന്നെ അതൊരു വൈകാരിക ഉന്മാദമാക്കി മാറ്റിയിരിക്കും.  അറബ് ലോകത്ത് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ആവേശഭരിതരായി കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഷ്ഠി ചുരുട്ടി മുദ്രാവാക്യം മുഴക്കിയ സോളിഡാരിറ്റിക്കാര്‍ ഇപ്പോള്‍ ഗതിവിട്ട തരത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.  സംഖ്യ സൈന്യം ലിബിയയിലേക്ക് മിസൈല്‍ വര്‍ഷം നടത്തിയ പിറ്റേന്ന് ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ് രീതി കണ്ടപ്പോള്‍ ഏറെ ആശ്ചര്യപ്പെട്ടു പോയി.  സാമ്രാജ്യത്വ വിരുദ്ധതയുടെ പേറ്റന്റ് പോക്കലിട്ടു നടക്കുന്ന ജമാഅത്തെയുടെ പത്രം മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് എന്തുമാത്രം ആവേശഭരിതമായാണെന്ന് വായിച്ചവര്‍ക്കൊക്കെ തോന്നിയിട്ടുണ്ടാവും.  ജനാധിപത്യം ഒരു മിത്തായി ഭവിച്ചതിന്റെ പരിണതി സാമ്രാജ്യത്വ ശാക്തീകളോടുള്ള അനുരാഗാത്മക ഭ്രമമായിത്തീര്‍ന്നത് ആ റിപ്പോര്‍ട്ടില്‍ നിഴലിച്ചു കാണാം..

ലിബിയന്‍ ജനത അവേശത്താല്‍ നൃത്തം ചെയ്യുന്നതായി തോന്നിപ്പോകും റിപ്പോര്‍ട്ട് വായിച്ചാല്‍ സഖ്യ സൈന്യം തങ്ങളെ സഹായിക്കാനെത്തുന്നു എന്ന വാര്‍ത്ത ലിബിയയിലെ ജനാധിപത്യ പ്പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നു എന്നും ലിബിയന്‍ സൈന്യത്തെ പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ച് തടസ്സപ്പെടുത്തിയെന്നുമൊക്കെ എഴുതിയ പത്രം അതു കൊണ്ടും അവസാനിപ്പിച്ചില്ല.  സംഖ്യസൈന്യത്തിന്റെ വരവ് ആവേശപൂര്‍വ്വം കാത്തിരിക്കയാവും ലിബിയന്‍ ജനത.

ജനാധിപത്യം തലക്ക് പിടിച്ച് കണ്ണും കാണാതായത് കൊണ്ടാവണം സംഖ്യസൈന്യം ലിബിയന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് എന്ന് പറഞ്ഞ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സിവിലിയന്മാരാണെന്ന വസ്തുത റിപ്പോര്‍ട്ടിലെവിടെയും കാണുന്നില്ല.  എന്നാല്‍ മിക്ക മുഖ്യധാരാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കിട്ടുന്ന അവസരം മുതലാക്കുകയെന്നതില്‍ കവിഞ്ഞ് പശ്ചിമേഷ്യയില്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ ക്രിയാത്മകമായ നിലപാടെടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു എന്നത്രെ ഇത് വ്യക്തമാക്കുന്നത്.  ഹുസുനി മുബാറക്ക് ഭരണം വിട്ടൊഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ജമാഅത്തെക്കാരും സോളിഡാരിറ്റിക്കാരും നടത്തിയ പ്രകടനങ്ങള്‍ കണ്ട് എട്ടുകാലി മമ്മുഞ്ഞിമാരെന്ന് വഴിയാത്രക്കാരന്‍ പരിഹസിച്ചപ്പോള്‍ ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ ഗര്‍വ്വിലാണ് അവര്‍ നടന്നു നീങ്ങിയത്. സംഖ്യ സൈന്യാക്രമണത്തെ ലിബിയന്‍ ജനത ആവേശപൂര്‍വ്വം വരവേറ്റു എന്നത് വസ്തുതാപരമല്ല തന്നെ. പശ്ചിമേഷ്യയിലെ ജനാധിപത്യ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യമുള്ളവരൊക്കെ തന്നെ അതിന് വിദേശ ഇടപെടല്‍ പരിഹാരമല്ലെന്ന് അഭിപ്രായപെട്ടത് ഉള്‍ക്കൊണ്ടിരുന്നു.    ലിബിയയിലെ ഗദ്ദാഫി വിരുദ്ധ പോരാളികളും അതുകൊണ്ട് തന്നെ സൈനിക ഇടപെടലിന് അവര്‍ അറച്ചു നില്‍ക്കുകയായിരുന്നു.

ലിബിയന്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയെന്നതല്ല സംഖ്യസൈന്യത്തിന്റെ ലക്ഷ്യമെന്ന് സംഭവങ്ങളുടെ നാള്‍വഴി അറിയുന്നവര്‍ക്കൊക്കെ വായിച്ചെടുക്കാന്‍ കഴിയും.   യു.എന്‍ സെക്രട്ടറി ജനറല്‍ ലിബിയയിലേക്ക് ദൂതതനെ അയച്ചിട്ടുണ്ട്.  ആഫ്രിക്കന്‍ യൂണിയന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്.  ഇവരുടെയൊന്നും റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ ഇങ്ങനെയരാക്രമണം നടത്താന്‍ മാത്രം ഗുരുതരമാണ് ലിബിയയിലെ സാഹചര്യമെന്ന് വിവരമുള്ളവര്‍ അംഗീകരിക്കില്ലന്നതുകൊണ്ട് തന്നെയാണ് ലിബിയന്‍ പ്രക്ഷോഭകാരികളില്‍ ഒരു വിഭാഗം സംഖ്യസൈന്യത്തിന്റെ ആക്രമണത്തെ എതിര്‍ത്തത്. ഇത് ജമാഅത്തുകാര്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.

സഖ്യസൈന്യം ലക്ഷ്യം സാധിച്ചാല്‍ ഒരു പക്ഷേ കേരളത്തിന്റെ തെരുവുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയ്ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെയും കൂറ്റന്‍ ചിത്രങ്ങളുമായി സോളിഡാരിറ്റിക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഓര്‍ക്കുന്നുണ്ടോ ഒരു ഇഫ്ത്വാര്‍ വിരുന്ന്.  അമേരിക്കന്‍ കോണ്‍സുലിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞതിനു മുമ്പത്തെ റമദാനില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഒരു ഇഫ്ത്വാര്‍ വിരുന്ന്  ജമാഅത്തെ ഇസ്ലാമി വിവാദമാക്കിയത് മറക്കാറായിട്ടില്ല.  ഓബാമയുടെ ഇഫ്ത്വാര്‍ വിരുന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും സാമ്രാജ്യത്വ ദാസ്യരാക്കി ചിത്രീകരിച്ച് ഭൂമികുലുക്കി നടക്കുകയായിരുന്നുവല്ലോ ജമാഅത്തുകാര്‍.

ഒബാമ ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ വിശദീകരണത്തില്‍  മുജാഹിദ് നേതാക്കള്‍ അന്ന് പറഞ്ഞത് ലിബിയയില്‍ സംഭവിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.   പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ തന്റെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നിലെ ആശയ വിനിമയം ഒബാമയില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നത് അന്ന് വിശദീകരിക്കപ്പെട്ടതാണ്.

ലിബിയയില്‍ അത് സംഭവിച്ചിരിക്കുന്നു.  ലിബിയയിലെ സൈനികാക്രമണത്തിന് അമേരിക്ക മുന്‍കയ്യെടുത്തില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളൊന്നും തന്നെ ലിബിയയില്‍ പറക്കുന്നില്ലെന്ന് ബാരക് ഒബാമ എടുത്തു പറയുകയുണ്ടായി.

മധ്യ ധരണ്യാഴിയിലെ യു എസ് കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തെടുത്തുവിടുന്നെതെങ്കിലും അമേരിക്കന്‍ ഭടന്മാര്‍ ലിബിയയില്‍ ഇറങ്ങുന്ന പ്രശ്നമില്ലെന്നും ഒബാമ പ്രഖ്യാപിക്കുകയുണ്ടായി.  ഭാവിയില്‍ എന്തു സംഭവിച്ചാലും നിലവിലുള്ള നിലപാട് ശുഭ സൂചകവും മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റവുമാണ്.  ഇറാനിലെ ശീആ ചേരിയോടുള്ള  അനുരാഗാത്മക ഭ്രമമാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ നിശ്ചയിക്കുന്നത് എന്നു വേണം കരുതാന്‍. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അമേരിക്കന്‍ ഇടപെടലുണ്ടാകുമ്പോള്‍ അത് സാമ്രാജ്യത്വധിനിവേശവും  സഊദി അനുബദ്ധ അറബ് രാഷ്ട്രങ്ങളിലാവുമ്പോള്‍ അത്  ജനാധിപത്യ പോരാട്ടത്തിന് ശക്തി പകരുന്നതുമായി കാണുന്നത് ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ്.

സഊദി കേന്ദ്രീകൃത അറബ് ലോകം പ്രശ്നകലുഷമായിത്തീരാനുള്ള  ഇറാന്‍ ശീആ ചേരിയുടെ താല്പര്യത്തിന്റെ കൂടെയാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നതിന്റെ വ്യക്തമായ സൂചകമാണ് പഴയകാല ജമാഅത്തെ താത്വികന്‍ കഴിഞ്ഞ ലക്കം പച്ചക്കുതിരയിലെഴുതിയ ലേഖനം.

സഊദി അറേബ്യയില്‍ ഒരു വിപ്ലവം  അദ്ദേഹം സ്വപ്നം കാണുന്നു.  പെട്ടെന്നൊന്നും അത് സാധ്യമാവില്ലെന്നതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നത് ഇപ്രകാരമാണ്. ‘ജി.സി.സി നാടുകളില്‍ പൊതുവിലും സഊദിയില്‍ പ്രത്യേകിച്ചും തുണീഷ്യയില്‍ അടിച്ചുവീശിയ ജാസ്മിന്‍ കാറ്റ് ആ അളവില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീ‍ക്ഷിക്കുന്നത് ആഗ്രഹചിന്ത മാത്രമായിരിക്കും.  സഊദി ഭരണകൂടം തുര്‍ക്കി രാജകുമാരന്‍  ആഗ്രഹിക്കും പോലെ പെട്ടൊന്നൊന്നും കെട്ടുകെട്ടാന്‍ പോകുന്നില്ല. (പച്ചക്കുതിര-മാര്‍ച്ച് 2011)

സഊദിയില്‍ ഒരു വിപ്ലവം സ്വപ്നം കണ്ട് അതിനുള്ള സാധ്യതകള്‍ സുദീര്‍ഘമായി ഉപന്യസിച്ചതിന്റെ അവസാനത്തില്‍  അദ്ദേഹത്തിന്റെ ആഗ്രഹം  പ്രതിഫലിക്കുന്നത് ഇപ്രകാരമാണ്.  ‘പുതിയ സംഭവ വികാസങ്ങള്‍ സഊദി പ്രതിപക്ഷത്തെ ആവേശം കൊള്ളിക്കുമെന്നതില്‍ സംശയമില്ല’(പച്ചക്കുതിര)

കാള പെറ്റെന്ന് കേട്ടു കയറെടുത്തവന്റെ അവസ്ഥയിലെത്തിയിരിക്കുന്നു  ജമാഅത്തുകാരന്‍.  തുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം  എന്നു കേട്ടപ്പോഴേക്ക് നാടുനീളെ പ്രകടനം നടത്തി കേമത്തം പ്രകടിപ്പിക്കുകയും ഇതര മുസ്ലിം സംഘടനകള്‍ക്ക് പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നിലപാടുകളില്ലെന്ന് ആക്ഷേപിക്കുകയും ചെയ്തവരിന്ന് സാമ്രാജ്യത്വ ശക്തികളെ നെഞ്ചിലേറ്റുന്ന അതീവ പരിഹാസ്യമായ അവസ്ഥയിലെത്തിയിരിക്കുന്നു.

പുനര്‍വായനക്കായ് തെരഞ്ഞടുത്തത് :   ബി.പി.എ ഗഫൂറിന്റെ ‘ഒബാമയുടെ ഇഫ്ത്താറും ലിബിയക്കു നേരെയുള്ള ആക്രമണവും’  എന്ന ലേഖനം,  വര്‍ത്തമാനം ദിനപത്രം 24-03-2011


18 പ്രതികരണങ്ങള്‍:

Malayali Peringode said...

"ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്. സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു...."

തുടക്കം മുതൽ ഒടുക്കം വരെയും നന്നായി...
കാപട്യങ്ങളാൽ പടുത്തുയർത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്, അതിന്റെ പഴയകാല വാദങ്ങൾ ഒരിക്കലും രുചിക്കാറില്ല! അമേരിക്കൻ ഇഫ്ത്വാറും അതിനിടെ ഉണ്ടായ കോപ്രായങ്ങളും താങ്കൾ നൽകിയ ലിങ്കുകളിലൂടെ അറിയാൻ സാധിക്കും...

നന്ദി...
നല്ലൊരു ‘പുനർവായന’ക്കവസരം നൽകിയതിന്...

സാജിദ് ഈരാറ്റുപേട്ട said...

രണ്ടു ദിവസം മുമ്പ് (ഈ ലേഖനം വരുന്നതിനും മുമ്പ് തന്നെ) സോളിഡാരിറ്റി ലിബിയന്‍ നയം വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പ്രസ്താവന താഴെ ചേര്‍ക്കുന്നു. എന്തെഴുതി വിട്ടാലും ഇതൊന്നും കാണാത്ത അണികള്‍ അതെല്ലാം അപ്പടി വിശ്വസിക്കുമല്ലോ....

അമേരിക്ക ലിബിയ ആക്രമണത്തില്‍നിന്ന് പിന്മാറണം -സോളിഡാരിറ്റി
കോഴിക്കോട്: ലിബിയക്കുമേലുള്ള ആക്രമണത്തില്‍നിന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഖദ്ദാഫിയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവുമാണ് ലിബിയയില്‍ നടക്കുന്നത്. വിമോചനത്തിന്റെ പേരിലുള്ള അമേരിക്കന്‍ അധിനിവേശം അതത് രാജ്യങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുകയും സമ്പത്ത് കൊള്ളയടിക്കുകയുമാണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്നതിന്റെ ഉദാഹരണങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാഖും. ജനാധിപത്യ ധ്വംസനത്തിനും പുതിയ അധിനിവേശങ്ങള്‍ക്കുമുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Sameer Thikkodi said...

ഇതിനെ കുറിച്ച് ഒരു വിമര്‍ശനം നടത്തി ഇനിയും ജ ഇ യെ എതിര്‍ക്കാന്‍ പാടില്ല ... കാരണം എല്ലാ കാര്യത്തിലും ഇത്തരം ഒരു തിരിഞ്ഞു നടത്തം അവരുടെ ജന്മനാ ഉള്ള വൈകല്യം ആണ് ...
ഇത്തരം ഒരു വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ മറ്റൊരു ബ്ലോഗില്‍ ഇട്ട ഈ കമെന്റ് ഇവിടെ പ്രസക്തമാവുമെന്നു കരുതുന്നു
http://kadalasupookkal.blogspot.com/2011/03/blog-post_22.html

നിഷ്പക്ഷമായി ഈ കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാവുന്നതിന്റെ പിന്നാമ്പുറങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുക പൊതു ജനങ്ങള്‍ക്കിടയില്‍ അക്രമം നടത്തുവാന്‍ പരിശീലനം ലഭിച്ച ഒരു ഗ്രൂപ്പ് നില നില്‍ക്കുന്നു എന്നാണു ... ഈജിപ്തിലെ പോലെ സമാധാന പരമായ രീതിയില്‍ ആയിരുന്നില്ല ഇവിടെ തുടക്കം .. ഒരു ഭരണകൂടത്തിനു നേരെ സ്വന്തം ജനത നടത്തുന്ന അക്രമാസക്തമായ പ്രക്ഷോഭം അത് എന്ത് നേടാന്‍ ആയാലും സ്വതന്ത്ര പരമാധികാര രാജ്യം എന്നാ നിലക്ക് അടിച്ചമര്‍ത്തുക സ്വാഭാവികം തന്നെ ..

ഇവിടെ ടുണീഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും വ്യത്യാസമായ ഒരു ഘടകം എന്താണെന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാവും .. അധിനിവേശ ശക്തികളില്‍ നിന്നും 1969 ഇല്‍ ഈ ഖദ്ദാഫി ഭരണം അന്നത്തെ രാജാവിനെ നിഷ്കാസനാക്കി പിടിച്ചെടുക്കുമ്പോള്‍ രാഷ്ട്ര പിതാവായി വാഴ്ത്തപ്പെട്ട ഒരു നേതാവായിരുന്നു. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട ശബ്ദമായിരുന്ന ഖദ്ദാഫിയും ലിബിയയും എന്നും പാശ്ചാത്യ ശക്തികളുടെ കരടായിരുന്നു ..
നിഷ്പക്ഷത അല്ലെങ്കില്‍ സമാധാനം ആയിരുന്നു ലക്ഷ്യമെങ്കില്‍ എന്ത് കൊണ്ട് നയ തന്ത്ര രീതികളിലുള്ള ഒരു ശ്രമം നടത്താന്‍ ഐക്യ രാഷ്ട്ര സഭയോ മറ്റു ലോക രാജ്യങ്ങളോ ശ്രമിച്ചില്ല ?? ഇവിടെയും ഒരു ഇറാഖ് ആവര്‍ത്തിക്കും എന്ന് ആശങ്കപ്പെടെണ്ടിയിരിക്കുന്നു ..

യമനിലോ ടുനീശ്യയിലോ ഈജിപ്തിലോ ഇല്ലാത്ത താല്പര്യം എന്തെന്ന് വ്യക്തമാണ് താനും ... ഒന്ന് കൂടെ പറയട്ടെ .. 2010 നവംബര്‍ മാസം അന്താരാഷ്‌ട്ര നിരീക്ഷകരുടെ സാനിധ്യത്തില്‍ തെരഞ്ഞെടുപ്പു നടന്ന ഒരു രാജ്യമാണ് ഐവറി കോസ്റ്റ് ... ഫല പ്രഖ്യാപനം നടന്നു നാല് മാസം കഴിഞ്ഞിട്ടും വിജയി എന്ന് ലോക രാജ്യനഗ്ലും ഐക്യ രാഷ്ട്ര സഭയും അംഗീകരിച്ച അലസാന്‍ വാട്ടര എന്ന നേതാവിനെ പ്രസിടണ്ട് സ്ഥാനം നല്‍കാത്ത ലോരന്‍ ബാഗ്ബോ ജീവിക്കുന്നത് ജനങ്ങളെ വെല്ലു വിളിച്ചു കൊണ്ട് തന്നെ .. അതും ഒരു ആഫ്രിക്കന്‍ രാജ്യം ?? വാര്‍ത്തകളില്‍ അധികം ഇടം പിടിക്കാത്ത കലാപങ്ങള്‍ നിത്യവും നടന്നു വരുന്നു ... ഇവിടെയൊന്നും പുലരാത്ത മനുഷ്യാവകാശം അതിന്റെ ഏതു അര്‍ത്ഥതലങ്ങളില്‍ പുലര്‍ന്നു കാണാന്‍ ആണ് ഇന്നീ കാണുന്ന യുദ്ധം സഖ്യ കഷികള്‍ ലിബിയയില്‍ നടത്തുന്നത് എന്നറിയാന്‍ നമുക്ക് വേറെ ഒന്നും ആലോചിക്കണ്ട.

ഐക്കരപ്പടിയന്‍ said...

ലിബിയയില്‍ നിന്നും ഗള്ഫില്‍ നിന്നും എന്നുവേണ്ട എവിടെനിന്നും ചാടിയാലും ജമാഅത്തെ ഇസ്ലാമി കൈ കുത്തിയെ വീഴൂ...സോളിഡാരിറ്റിയുടെ ആവശ്യം കേട്ട് പാവം ഒബാമ പേടിച്ചു പിന്മാറാന്‍ സാധ്യത കാണുന്നുണ്ട്.

ashraf meleveetil said...

ഒരു തെരഞ്ഞെടുപ്പ് "അത്യാസന്നമായ" ഈയവസരത്തില്‍ ശടപടേന്നു ഒരു നിലപാടെടുക്കുകയാല്ലാതെ, സ്റ്റോക്കുണ്ടായിരുന്ന അത്യാവശ്യം മുദ്രാവാക്യമൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിളിച്ചു "വോട്ടാ"ക്കിയവര്‍ക്ക് ഇനി തെഹ്റാന്‍റെയും മറ്റും തിരുമൊഴികള്‍ക്ക് കാത്തിരിക്കാന്‍ എവിടെ നേരം.....!!

Noushad Vadakkel said...

വെടക്കാക്കി തനിക്കാക്കുക എന്നൊരു നയമല്ലാതെ, അതിനു വേണ്ടിയുള്ള വാചക കസര്തുകലല്ലാതെ ജമാഅത്തെ ഇസ്ലാമിക്കൊരു നയമുണ്ടോ ....? സ്വയം മഹത്വപ്പെടുതുവാന്‍ അവര്‍ ഏതു അടവും സ്വീകരിക്കും ...അത് കേരള സമൂഹത്തിനു ബോദ്ധ്യപ്പെട്ടത്‌ കൊണ്ടാണല്ലോ അവര്‍ക്ക് തിരിച്ചടികളുടെ പരമ്പര തന്നെ ഉണ്ടാവുന്നത് ..എന്നാലും നാല് കാലില്‍ വീഴാനുള്ള തന്ത്രം ജമാഅത്തെ ഇസ്ലാമിക്ക് ജന്മ സിദ്ധം ...നന്ദി പ്രിന്സാദ് ...ഈ "പുനര്‍ വായന " ക്ക്

Sayyid muhammad musthafa said...

Kattil Ella Nalla Sasyangalum Nashippukkunna Oru Jeevi Ullathu Pole, Nattile Paavappetta Manushyar Kashtappettu Adhwanichu Untakkunna Krishi Nashippikkunna Thurappanmar Ullapole, Mahanmaraya Deergadrishtiyulla Parishkarthakkal
Untakkiya Nalla Karyangale Nashippikkunna Oru Vibagam, Parishkarthakkale Ikazhthunna Oru Vibagam , Ennum Geervanam Nadathukayum Ennal Samudayathe Pinnoattu Nayikkukayum Cheytha Jamathum Athinte Gadakangalum ee VISHAYATHILUM ATHU aavarthikkunnu. Vaachaka Kasarthukarude Appoasthalanmar aanu ivar. Prinsaaaade Abindanangal!!!.

CKLatheef said...

Sameer Thikkodi യുടെ കമന്റിനടിയില് നീട്ടിവലിച്ചൊരൊപ്പ്

DATABANK said...
This comment has been removed by the author.
DATABANK said...

അമേരിക്ക ലിബിയ ആക്രമണത്തില്‍ നിന്ന് പിന്‍മാറണം -സോളിഡാരിറ്റി
http://www.solidarityym.com/malayalam/morenews1.php?nid=141
കോഴിക്കോട്: ലിബിയക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ നിന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഖദ്ദാഫിയുടെ സേച്ഛാധിപത്യത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവുമാണ് ലിബിയയില്‍ നടക്കുന്നത്. വിമോചനത്തിന്റെ പേരിലുള്ള അമേരിക്കന്‍ അധിനിവേശം അതത് രാജ്യങ്ങളിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുകയും സമ്പത്ത് കോള്ളയടിക്കുകയുമാണ് ഇതുവരെ ചെയ്തിട്ടുളത് എന്നതിന്റെ ഉദാഹരണങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാഖും. അതിനാല്‍ അമേരിക്കയുടെ പുതിയ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അറബ് നടുകളില്‍ നടക്കുന്ന ജനാധിപത്യശ്രമങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള കുത്സിത ശ്രമങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്.

ജനാധിപത്യ ധ്വംസനത്തിനും പുതിയ അധിനിവേശങ്ങള്‍ക്കുമുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ത്തപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Unknown said...

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നവര്‍ ആനയെ വര്‍ണ്ണിച്ച അന്ധന്മാരെയാണ് ഒര്മാപ്പെടുതുന്നത്.
ഇനിയും ഈ വിമര്‍ശകര്‍ക്ക് കര്യെങ്ങള്‍ തിരിയാന്‍ സമയമെടുക്കും നമുക്ക് കാത്തിരിക്കാം

ബെഞ്ചാലി said...

മിഡിലീസ്റ്റിലെ ജനകീയ പോരാട്ടങ്ങളെയും ലിബിയയിൽ ഗദ്ദാഫിക്കെതിരെയുള്ള പോരാട്ടവും ചേർത്ത് വെച്ചു അതിന്റെ മൊത്തം ക്രെഡിറ്റും വിപ്ളവങ്ങളുടെ ആശാന്മാരായി സ്വയം ചിത്രീകരിച്ച് പോരുന്ന ഇറാനും കൂട്ടർക്കും സംഗതി തങ്ങൾ വരച്ചുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കാൻവാസിലാണ് പാശ്ചാത്യർ ഇന്ന് ചെമന്ന ചിത്രം വരച്ചുതുടങ്ങിയതെന്ന് വൈകി വന്ന ബുദ്ധിയാണ് പിന്നീടുത്തള്ള വാചക കസർത്തുകളിൽ നിറഞ്ഞുകാണുന്നത്.

കുന്നെക്കാടന്‍ said...

കപടതയുടെ മുഖം ജമ മാറ്റി വയ്ക്കില്ല. പഞ്ചായത്ത്‌ എലെക്ഷനില്‍ ഈറ്റവും വലിയ പാര്‍ട്ടിയാണെന്ന് തെളിയിച്ചു വിശ്രമിക്കാന്‍ സമയം കിട്ടിയില്ല അപ്പോയെക്കും ആശയത്തിലും ആദര്‍ശത്തിലും ഒന്നാമാനെന്നു തെളിയിച്ചു.സോളി കുട്ടികള്‍ പതറാതെ മുന്നോട്ട് ...


സ്നേഹാശംസകള്‍

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ആശംസകള്‍ ...

Subair said...

"ഒബാമ ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ വിശദീകരണത്തില്‍ മുജാഹിദ് നേതാക്കള്‍ അന്ന് പറഞ്ഞത് ലിബിയയില്‍ സംഭവിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ തന്റെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നിലെ ആശയ വിനിമയം ഒബാമയില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നത് അന്ന് വിശദീകരിക്കപ്പെട്ടതാണ്.

ലിബിയയില്‍ അത് സംഭവിച്ചിരിക്കുന്നു. ലിബിയയിലെ സൈനികാക്രമണത്തിന് അമേരിക്ക മുന്‍കയ്യെടുത്തില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളൊന്നും തന്നെ ലിബിയയില്‍ പറക്കുന്നില്ലെന്ന് ബാരക് ഒബാമ എടുത്തു പറയുകയുണ്ടായി..."


ഈ പോസ്റ്റിലെ ഏറ്റവും തമാശ നിറഞ്ഞ വാചകം ഇതാണ് എന്ന് തോന്നുന്നു. തൃശൂരില്‍ മടവൂര്‍ വിഭാഗം നേതാക്കളോടൊപ്പം "നോമ്പ് തുറന്ന" അമേരിക്കന്‍ കൊസുലെറ്റിലെ സാതാ സീതാ ഉദ്യോഗസ്ഥര്‍ക്ക്, മുജാഹിദ്‌ നേതാക്കാള്‍ നല്‍കിയ ഉപദേശം അവര്‍ ഒബാമക്ക് കൈമാറുകയും, അങ്ങിനെ ആ ഉപദേശങ്ങള്‍ അമേരികയുടെ പപശ്ചിമേഷ്യന്‍ പോളിസികളെ സ്വാധീനിച്ചുവെന്നും അതുകൊണ്ടാണ് അമേരിക്ക ലിബിയയെ ആക്രമിക്കാതിരുന്നതും എന്ന് വ്യംഗ്യം!. തങ്ങള്‍ ജീവിക്കുന്ന ലോകത്തെ ക്കുറിച്ച് ഇത്ര മാത്രം അജ്ഞരായ മറ്റൊരു വിഭാഗം ഉണ്ടാകുമോ എന്നാണ് ആലോചിച്ചു പോകുന്നത്.

തെറ്റോ ശരിയോ, കാപട്യമോ എന്തുമാകട്ടെ, ജമാത്തെ ഇസ്ലാമിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് ഉണ്ട് എന്നിടത്താണ് കാര്യം, സ്വന്തമായി ഒരു രാഷ്ട്രീയ നിലപാടെ ഇല്ലാത്തവര്‍ ജമാതുകാരെ എതിര്‍ക്കുന്നത് എന്ത് ന്യായത്തിന്റെ പുറത്താണ് ? രാഷ്ട്രീയം അല്പം പോലും കൂടിക്കലരാത്ത പത്തര മാറ്റ് മതസംഘട മാത്രമാണ് ഞങ്ങള്‍ എന്ന്, നാഴികക്ക് നാല്പതു വട്ടം പൊതു സമൂഹത്തില്‍ നല്ല പിള്ള ചമയുന്നവര്‍ക്ക് ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കാന്‍ എന്തവകാശം ?

വിമര്‍ശനം കേരളീയ പൊതു സമൂഹത്തില്‍ നിലപാടുകളുടെ പേരില്‍ വ്യതിരക്തത പുലര്‍ത്തുന്ന മാധ്യമം പത്രത്തിന് നേരെയാണ് എന്നതും, നിലപാടുള്ള ഒരു പത്രം നേറീ ചൊവ്വേ നടത്തികൊണ്ട് പോകാന്‍ പോലും കഴിയാത്തവരാണ് വിമര്‍ശകരെന്നതും മറ്റൊരു തമാശ.

ഇത് പറയുന്ന ഞാന്‍ ഒരു നിലക്കും ജമാത്തുമായി സംഘടനാ ബന്ധമുല്ലവന്‍ അല്ല എന്നും, മുജാഹിദു പ്രസ്ഥാനത്തെ വളരെ ആവേശത്തോടെ കണ്ടിരുന്ന ഒരു വ്യക്തിയാണ് എന്നും കുറിക്കട്ടെ.

മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിച്ചു ഇസ്ലാഹ് നടത്തിക്കളയാന്‍ ഭൂതക്കണ്ണാടിയുമായി കുത്തിയിരുന്ന പ്രസ്ഥാനം, സ്വന്തം അണികളുടെ ആദര്‍ശബോധം പരിശോധിക്കാന്‍ ഒരു സാദാ കണ്ണാടി പോലും ഉപയോഗിച്ചില്ല എന്നിടതത്താണ് മുജാഹിദുകളുടെ അധപതനതിന്റെ കാരണം കിടക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.

കേരള മുസ്ലിം സമൂഹത്തിനു ഒരു പാട് നല്ല സംഭാവനകള്‍ അര്‍പ്പിച്ച പ്രസ്ഥാനതിന് ഇനിയുനം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, അതിനു പക്ഷെ പ്രബോധന പ്രവര്‍ത്തനം എന്നാല്‍ അര്‍ഥം തെരുവില്‍ എല്‍ സി ഡി മിമിക്രി കാണിക്കുക എന്നോ, മറ്റു സംഘടനകളുടെ നേര്‍ക്ക്‌ ഗുണകാംക്ഷയില്ലാതെ കുതിര കയറുകയോ അല്ല അര്‍ഥം എന്ന് മനസ്സിലാക്കാന്‍ കഴിവുള്ള നേതാക്കാള്‍ പ്രസ്ഥാനത്തില്‍ വേണം. പ്രോധന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണക്രമത്തെ ക്കുറിച്ചും ജീവിക്കുന്ന ലോകത്തെ ക്കുറിച്ചും വ്യക്തമായി ബോധമുണ്ടാകണം.

ഇസ്ലാക രാഷ്ട്രീയം ഹറാമും, മുസ്ലിം സാമുദായിക രാഷ്ട്രീയം സുന്നത്തും എന്നുമാണ് സംഘാടയുടെ പക്ഷം എങ്കില്‍ അങ്ങിനെ, പക്ഷെ ഇസ്ലാമിക രാഷ്ട്രീയ ഭൂമികയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംഘാടനകളെ, ഞങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ അഭിപ്രായം ഒന്നും ഇല്ല എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് അവരുടെ പാട്ടിനു വിടാനുള്ള മാന്യത കാണിക്കുക.

Prinsad said...

പുനര്‍വായനക്കായ് ഇവിടെ എത്തിയ എല്ലാവര്‍ക്കും.. ഒറ്റവാക്കില്‍ നന്ദി.

പ്രൊഫെലില്ലാത്ത ഒരു സുഹൃത്തിന്റെ കമന്റും അതിനോട് പ്രതികരമണായി ഇവിടെ വന്ന കമന്റുകളും നീക്കം ചെയ്യുന്നു.. ഇതൊരു സംവാദ ബ്ലോഗല്ല എന്നറിയിക്കട്ടെ.. പോസ്റ്റുമായി ബന്ധപെട്ട അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

തുടര്‍ന്നും വരിക... പ്രത്യേകിച്ചും ദേശാടന പക്ഷികളോട് മറ്റ് പോസ്റ്റുകളിടുമ്പോഴും ഇവിടേക്ക് എത്തിനോക്കണേ.. :)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Unknown said...

Sameer Thikkodi യുടെ കമന്റിനടിയില് നീട്ടിവലിച്ചൊരൊപ്പ്

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്