Tuesday, February 15, 2011

നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന്‌ കാരണം മതമല്ലകാരന്‍ ആംസ്‌ട്രോങ്‌
ഇസ്‌ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്‌. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്‌, എന്തിനാണ്‌ അവര്‍ ഞങ്ങളെ വെറുക്കുന്നത്‌ എന്നാണ്‌. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്‌ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്‌. അങ്ങനെയാണോ?

ഖുര്‍ആനിലെക്കാള്‍ വളരെക്കൂടുതല്‍ അതിക്രമസംഭവങ്ങള്‍ ബൈബിളിലുണ്ട്‌. ഇസ്‌ലാം വാളുകൊണ്ടാണ്‌ പ്രചരിച്ചതെന്ന ആശയം തന്നെ പശ്ചാത്യ ഭാവനയാണ്‌. കുരിശുയുദ്ധ കാലത്ത്‌ കെട്ടിച്ചമക്കപ്പെട്ടതാണിത്‌. പശ്ചാത്യ ക്രിസ്‌ത്യാനികളായിരുന്നു യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായ വിശുദ്ധയുദ്ധം നടത്തിയത്‌. അക്രമണോത്സുകമായ യുദ്ധതന്ത്രങ്ങളെ നിരുത്സാഹപ്പെടുത്തുകയും പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ യുദ്ധം അനുവദിക്കുകയുമായിരുന്നു ഖുര്‍ആന്‍ ചെയ്‌തത്‌. സമാധാനത്തിന്‌ ശത്രുക്കള്‍ ഒരുങ്ങിയാല്‍ ആയുധം താഴെവെക്കണമെന്നും കരാര്‍ വ്യവസ്ഥകള്‍ സ്വീകരിക്കണമെന്നും ഖുര്‍ആന്‍ പ്രേരിപ്പിക്കുന്നു; വ്യവസ്ഥകള്‍ അവര്‍ക്ക്‌ നേട്ടം പ്രദാനം ചെയ്യുന്നില്ലെങ്കില്‍ പോലും. മതമനുസരിച്ച്‌ സ്വതന്ത്രമായി ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ അവകാശമുള്ള ഒരു രാജ്യത്തെ ആക്രമിക്കരുതെന്ന്‌ ഇസ്‌ലാമിക നിയമം അനുശാസിക്കുന്നു. നിരപരാധികളെ കൊല്ലുന്നതും കൃഷിയും സ്വത്തു വകകളും നശിപ്പിക്കുന്നതും യുദ്ധനിലത്തില്‍ തീയിടുന്നതു പോലും നിഷിദ്ധമാക്കിയ മതമാണ്‌ ഇസ്‌ലാം.
ധ്രുവീകരണ ചിന്താഗതി കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചത്‌ സമീപകാല വിവാദങ്ങളാണ്‌. പ്രവാചകനെക്കുറിച്ചുള്ള ഡാനിഷ്‌ കാര്‍ട്ടൂണ്‍, ഇസ്‌ലാമിനെക്കുറിച്ചുള്ള പോപ്പിന്റെ അഭിപ്രായപ്രകടനം, മുഖപടത്തിനെതിരായുള്ള പ്രചാരണ പരിപാടികള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇസ്‌ലാമും പടിഞ്ഞാറുമായുള്ള ബന്ധം അതിന്റെ വക്കിലെത്തിച്ചിരിക്കയാണ്‌. സാമുവല്‍ ഹണ്ടിംഗ്‌ടണിന്റെ `സംസ്‌കാരങ്ങളുടെ സംഘട്ടന' സിദ്ധാന്തത്തിനും നാം സാക്ഷിയാണ്‌. ക്രിസ്റ്റ്യന്‍ പടിഞ്ഞാറും മുസ്‌ലിം ലോകവുമായുള്ള മൗലികമായ ഒത്തുപോകായ്‌മ നിലനില്‍ക്കുമോ?


നമ്മുടെ ലോകത്തിന്റെ വിഭജനം മതങ്ങളുടെയോ സംസ്‌കാരങ്ങളുടെയോ കാരണത്താലുണ്ടായതല്ല. രാഷ്‌ട്രീയ കാരണങ്ങളാലാണ്‌ അത്‌ വിഭജിക്കപ്പെട്ടത്‌. അധികാരമുള്ളവനും അതില്ലാത്തവനും തമ്മില്‍ ലോകത്ത്‌ അസന്തുലിതത്വം നിലനില്‍ക്കുന്നുണ്ട്‌. ഈ അസന്തുലിതത്വം അധികാര കേന്ദ്രങ്ങളുടെ ആധിപത്യത്തിനു നേരെ ചോദ്യങ്ങളുയര്‍ത്തിയപ്പോഴും സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോഴും അതിനു വേണ്ടി ചിലപ്പോഴൊക്കെ മതത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. നാം മൗലികവാദം എന്നു വിളിക്കുന്ന സംജ്ഞ പലപ്പോഴും ദേശീയതയുടെ മതകീയ രൂപം സ്വീകരിച്ചിരുന്നു. അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി മതം ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു. പ്രഭ മങ്ങിപ്പോയ പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ദേശീയതയുടെ പ്രതീകങ്ങള്‍ മിഡ്‌ല്‍ ഈസ്റ്റിന്‌ എന്നും അന്യമായിരുന്നു. കോളനി ഭരണത്തിന്റെ തകര്‍ച്ചയ്‌ക്കു ശേഷം, തങ്ങളുടെ അടിസ്ഥാന സംസ്‌കാരത്തിലേക്ക്‌, വേരുകളിലേക്ക്‌ തിരിച്ചുപോകാനുള്ള ശ്രമമെന്ന നിലയില്‍ മുസ്‌ലിം ലോകത്തെ ജനങ്ങള്‍ സ്വന്തം മതത്തെ അടിസ്ഥാനപ്പെടുത്തി സ്വയം പുനര്‍നിര്‍വചിക്കുകയായിരുന്നു.


എന്തുകൊണ്ട്‌ മൗലികവാദം? ഇന്നത്‌ വല്ലാതെ മേല്‍ക്കൈ നേടിയിരിക്കുന്നു?


തീവ്ര സ്വഭാവത്തോടെയുള്ള മതഭക്തിയെയാണ്‌ നാം മൗലികവാദം എന്നു വിളിക്കുന്നത്‌. മതമൗലിക വാദം ലോകത്ത്‌ ശക്തിപ്പെടുന്നത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. മൗലികവാദം ബുദ്ധമതത്തിലും ക്രിസ്‌തുമതത്തിലും ജൂതമതത്തിലും സിഖുകാരിലും ഹിന്ദുവിശ്വാസികളിലും കണ്‍ഫ്യൂഷനിസത്തിലും ഉണ്ട്‌; ഇസ്‌ലാമിക വിശ്വാസികളിലുള്ളതു പോലെ. ഏകദൈവ വിശ്വാസത്തിലധിഷ്‌ഠിതമായ ഇസ്‌ലാം, ക്രിസ്‌ത്യന്‍, ജൂത മതങ്ങളില്‍ ഇസ്‌ലാമിലാണ്‌ ഏറ്റവുമൊടുവില്‍ മൗലിക വാദ ചിന്തകള്‍ രൂപപ്പെടുന്നത്‌. 1960 കാലത്താണ്‌ ഇത്‌ വികസിച്ചത്‌.


മതത്തെയും രാഷ്‌ട്രീയത്തെയും വേര്‍തിരിച്ചു നിര്‍ത്തിയ ആധുനിക മതനിരപേക്ഷ സമൂഹത്തിനെതിരെ ഒരു വിപ്ലവമാണ്‌ മൗലികവാദികള്‍ നിര്‍ദേശിക്കുന്നത്‌. എവിടെയൊക്കെ പാശ്ചാത്യ സെക്യുലര്‍ സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ടോ അവിടങ്ങളിലൊക്കെ മതാടിസ്ഥാനത്തിലുള്ള സാംസ്‌കാരിക പ്രതിവിപ്ലവം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ബോധപൂര്‍വമുള്ള നിഷേധത്തില്‍ നിന്നാണ്‌ ഇത്തരം നീക്കങ്ങള്‍ ഉയിര്‍ത്തുവന്നിട്ടുള്ളത്‌. ആധുനിക സംസ്‌കാരം മധ്യകാലഘട്ടത്തിലേക്ക്‌ തരംതാഴ്‌ത്തിയ മൗലികവാദികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മതത്തെ അല്ലെങ്കില്‍ ദൈവത്തെ കൂടെ കൊണ്ടുനടക്കേണ്ടത്‌ ആവശ്യമായി വന്നു. ഏതൊരു മൗലികവാദ ചിന്താഗതിയും ഉദയം കൊള്ളുന്നത്‌ ഉന്മൂലനം ചെയ്യപ്പെടുമെന്ന അതിയായ ഉത്‌കണ്‌ഠയില്‍ നിന്നാണ്‌. സ്വതന്ത്ര-സെക്യുലര്‍ സമൂഹം തങ്ങളെ തുടച്ചുനീക്കുമെന്നാണ്‌, ജൂതരതാകട്ടെ, ക്രിസ്‌ത്യാനികളോ മുസ്‌ലിംകളോ ആകട്ടെ മൗലികവാദികള്‍ ബോധ്യപ്പെടുത്തപ്പെട്ടത്‌. ഇതൊരു മിഥ്യാഭ്രമമല്ല താനും. ജൂത മൗലികവാദികള്‍ക്ക്‌ രണ്ട്‌ മുന്നേറ്റമുണ്ടായത്‌ ചരിത്രത്തില്‍ കാണാം. നാസികളുടെ വംശഹത്യക്കു (ഹോളോകാസ്റ്റ്‌) പിന്നാലെയായിരുന്നു ഒന്ന്‌. രണ്ടാമത്തേത്‌, 1973ലെ യൗമു കിപ്പൂര്‍ യുദ്ധത്തിനു ശേഷവും. കൂട്ടക്കൊലയുടെ ഉപകരണമായി അനുഭവപ്പെട്ട സെക്യുലറിസം, മിഡ്‌ല്‍ ഈസ്റ്റിലെ ചില ദേശങ്ങളില്‍ വളരെ വേഗത്തിലും ആക്രമോത്സുകമായിട്ടുമായിരുന്നു സ്ഥാപിക്കപ്പെട്ടത്‌.


മൗലികവാദം രാഷ്‌ട്രീയത്തിലെ കൂടി പ്രതിഭാസമാണെന്നത്‌ വസ്‌തുതയാണ്‌. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടര്‍ ഇയ്യിടെ മാത്രം അതു ഊന്നിപ്പറയുകയുണ്ടായി. യു എസ്‌ പ്രസിഡന്റായിരുന്ന ബുഷിന്റെ ഭരണസംവിധാനത്തില്‍ മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ഇടകലരലില്‍ ഉത്‌കണ്‌ഠ പ്രകടിപ്പിച്ച ജിമ്മി കാര്‍ട്ടര്‍, വൈറ്റ്‌ഹൗസില്‍ യാഥാസ്ഥിതികവാദത്തിന്റെ ഘടകങ്ങള്‍ കാണുന്നുണ്ടെന്നും ഓര്‍മിപ്പിച്ചിരുന്നു. മതമൗലികവാദികളുടെ പ്രത്യേകമായ ലക്ഷണങ്ങള്‍ നിയോ കണ്‍സര്‍വേറ്റീവുകള്‍ക്കും ബാധകമാകുന്നുണ്ടെന്ന്‌ കാര്‍ട്ടര്‍ നിരീക്ഷിച്ചു. ഇവിടെ വലിയൊരു വൈരുധ്യമുണ്ടെന്നും കാര്‍ട്ടര്‍ വിശദീകരിക്കുകയുണ്ടായി: ഒരു കൈയില്‍ പ്രഖ്യാതമായ കര്‍ക്കശവാദികള്‍ അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവുകളും മറു കൈയില്‍ പുരോഗമനവാദികളും. ഇത്‌ ആധുനിക ലോകത്തിന്റെ പ്രതീകാത്മകമായ പ്രതിഭാസമാണോ?


ഇക്കാര്യത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ മാത്രം പറയാന്‍ കഴിയില്ല. യൂറോപ്പില്‍ കൂടി അസഹിഷ്‌ണുതയും ആക്രമണോത്സുകതയും പ്രകടമാണ്‌; മുസ്‌ലിം രാജ്യങ്ങളിലെയും മിഡ്‌ല്‍ഈസ്റ്റിലെയും പോലെ. സംസ്‌കാരം എല്ലായ്‌പ്പോഴും മത്സരിക്കുകയും എതിര്‍പ്പിനു വിധേയമാക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഒരു രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ പ്രത്യേക കാഴ്‌ചപ്പാടിനു വേണ്ടി യുദ്ധം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്‌. അമേരിക്കയിലെ ക്രിസ്‌ത്യന്‍ മൗലികവാദികള്‍ ഒരിക്കലും ജനാധിപത്യത്തിന്‌ അനുകൂലമായിരുന്നില്ല. ഈ മൗലികവാദത്തോട്‌ മനസ്സൊട്ടി നില്‍ക്കുന്ന കടുത്ത നിലപാടുകാരായ നിയോ കണ്‍സര്‍വേറ്റീവുകളുടെ കാഴ്‌ചപ്പാട്‌ വളരെ ചുരുങ്ങിയതായിരുന്നു. ജനങ്ങള്‍ സംഭീതരാക്കപ്പെട്ട അപകടകരമായ സമീപകാലത്ത്‌, അവര്‍ പ്രത്യയശാസ്‌ത്ര തുരുത്തുകളിലേക്ക്‌ ഉള്‍വലിയാനും `മറ്റുള്ളവര്‍'ക്കെതിരെ പുതിയ തടസ്സങ്ങള്‍ നിര്‍മിക്കാനും തുടങ്ങി. ഇത്‌ വല്ലാത്തൊരു സാഹചര്യം തന്നെയാണ്‌.


ജനാധിപത്യം, മതവിശ്വസികള്‍ വിളിക്കുന്നതുപോലെ, വല്ലാത്ത അനുഗൃഹീതമായൊരു അവസ്ഥയാണ്‌. ശരിക്കും, അപൂര്‍വമായി സ്ഥാപിക്കപ്പെടുന്ന മാതൃകാപരമായ സാഹചര്യമാണത്‌. വീണ്ടും വീണ്ടും ഉറപ്പിക്കപ്പെട്ടില്ലെങ്കില്‍ അത്‌ നഷ്‌ടപ്പെട്ടുപോകും. ജനാധിപത്യം സഫലമാക്കുകയെന്നത്‌ ഒത്തിരി പ്രയാസമുള്ള കാര്യമത്രെ. പ്രഖ്യാപിതമായ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ ഈ വേളയില്‍ നാം, അമേരിക്കക്കാരും യൂറോപ്പുകാരും ജനാധിപത്യപരമായ ആദര്‍ശങ്ങള്‍ നഷ്‌ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.


മുസ്‌ലിംലോകവും പടിഞ്ഞാറും തമ്മില്‍ വര്‍ധി ച്ചുവരുന്ന അസ്വാരസ്യങ്ങള്‍ക്ക്‌ കാരണമായി താങ്കള്‍ കണ്ടെത്തിയ രാഷ്‌ട്രീയ ഘടകങ്ങള്‍ എന്താണെന്നു വ്യക്തമാക്കാമോ?


മിഡ്‌ല്‍ ഈസ്റ്റില്‍, അറബ്‌-ഇസ്‌റാഈല്‍ സംഘര്‍ഷം കാരണം, ആധുനികവത്‌കരണം ശരിക്കും തടസ്സപ്പെട്ടിട്ടുണ്ട്‌. ഈ സാഹചര്യം ക്രിസ്‌ത്യന്‍, ജൂത, മുസ്‌ലിം മതമൗലികവാദികള്‍ക്ക്‌ ഏറെ അനുകൂലമായിത്തീരുകയും ചെയ്‌തു. അതാകുന്നു പ്രശ്‌നത്തിന്റെ, ദൗര്‍ഭാഗ്യകരമായ രക്തം കിനിയുന്ന അടിസ്ഥാന കാരണം. പൊതുവെ സ്വീകാര്യമായ രാഷ്‌ട്രീയ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെ സമാധാനത്തിന്റെ നേരിയ പ്രതീക്ഷപോലുമില്ല.


എണ്ണ കിനിയുന്ന പാടങ്ങളും മറ്റൊരു പ്രശ്‌നമാണ്‌. പടിഞ്ഞാറന്‍ തൃഷ്‌ണയുടെ ലക്ഷ്യസ്ഥാനമായി മേഖലയിലെ ചില രാജ്യങ്ങള്‍ മാറാന്‍ എണ്ണ വലിയൊരു ഘടകമാണ്‌. തങ്ങളുടെ തന്ത്രപരമായ സ്ഥാനം നിലനിര്‍ത്തുന്നതോടൊപ്പം കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കാനായി നാം പലപ്പോഴും ഇറാനിലെ ഷാ ഭരണാധികാരികളെയും സഊദി ഭരണാധികാരികളെയും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയ സദ്ദാം ഹുസൈനെപ്പോലും നാം, പടിഞ്ഞാറ്‌ പലപ്പോഴും പിന്തുണച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ തങ്ങളുടെ വ്യഥകള്‍ പ്രകടിപ്പിക്കാനുള്ള ഏക സ്ഥലം പള്ളികളായിരുന്നു.


ആധുനിക ലോകം വളരെ അക്രമമോത്സുകമായിരുന്നു. യൂറോപ്പില്‍, 1914നും 1945നും ഇടയില്‍ യുദ്ധങ്ങളുടെ ഫലമായി എഴുപത്‌ ദശലക്ഷം ആളുകളാണ്‌ കൊല്ലപ്പെട്ടത്‌. അപ്പോള്‍ ആധുനിക കാലത്തെ മതവും അക്രമണോത്സുകത കാണിക്കുന്നതില്‍ നാം ആശ്ചര്യപ്പെടേണ്ടതില്ല. സെക്യുലര്‍ രാഷ്‌ട്രീയക്കാര്‍ പ്രയോഗവത്‌കരിച്ച അക്രമണോത്സുകത മതമൗലികവാദികള്‍ അനുകരിക്കുകയായിരുന്നു. നമ്മെ ഉത്‌കണ്‌ഠപ്പെടുത്തിയ അക്രമണങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഏറെയും നടന്നത്‌, യുദ്ധങ്ങളും കുടിയിറക്കലുകളും സംഘര്‍ഷങ്ങളും പതിവായ മേഖലകളിലാണ്‌. അശാന്തമായ മിഡ്‌ല്‍ ഈസ്റ്റും ഫലസ്‌തീനും അഫ്‌ഗാനും പാകിസ്‌താനും കശ്‌മീരും തീവ്രവും അഗാധവുമാം വിധം മുറിവേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.


അറബ്‌-ഇസ്‌റാഈല്‍ സംഘര്‍ഷത്തെക്കുറിച്ച്‌ താങ്കള്‍ പറഞ്ഞത്‌, ആധുനിക ലോകത്ത്‌ മുസ്‌ലിംകള്‍ക്ക്‌ അത്‌ ഷണ്ഡത്വത്തിന്റെ പ്രതീകമായിത്തീര്‍ന്നു എന്നാണ്‌. എന്താണ്‌ ഇതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌?


അറബ്‌-ഇസ്‌റാഈല്‍ സംഘര്‍ഷം ആരംഭിക്കുന്നത്‌, രണ്ടു ഭാഗത്തെ സംബന്ധിച്ചും മണ്ണിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള ശുദ്ധമായ സെക്യുലര്‍ പ്രശ്‌നത്തില്‍ നിന്നാണ്‌. മത ജൂതായിസത്തിനെതിരായ കലാപത്തില്‍ നിന്നാണ്‌ സിയോണിസം രൂപംകൊള്ളുന്നത്‌. തുടക്കത്തില്‍, ഓര്‍ത്തഡോക്‌സുകളായ ജൂതപണ്ഡിതര്‍ സിയോണിസത്തെ ശക്തമായി അപലപിച്ചിരുന്നു. `വിശുദ്ധ ഇസ്‌റാഈല്‍' മണ്ണിന്റെ പ്രശ്‌നം സെക്യുലര്‍വത്‌കരിക്കുന്നതിലായിരുന്നു സിയോണിസത്തോട്‌ യാഥാസ്ഥിതിക ജൂതര്‍ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചത്‌. ജൂത വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഇസ്‌റാഈല്‍ ഏറെ വിശുദ്ധ ദേശമാണ്‌.


അതേപോലെ, ഫലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും (പി എല്‍ ഒ) പ്രത്യയശാസ്‌ത്രം മതേതരമാണ്‌. തീര്‍ച്ചയായും ഫലസ്‌തീനികളില്‍ നല്ലൊരു ഭാഗം ക്രിസ്‌ത്യാനികളാണ്‌. നിര്‍ഭാഗ്യവശാല്‍, സംഘര്‍ഷത്തിന്‌ ഭീകരരൂപം കൈവരാന്‍ അനുവദിക്കപ്പെട്ടപ്പോള്‍, ഇരു ഭാഗത്തും പോരാട്ടം വിശുദ്ധവത്‌കരിക്കപ്പെടുകയും അതുകൊണ്ടുതന്നെ പ്രശ്‌നപരിഹാരം വിദൂരമാക്കപ്പെടുകയും ചെയ്‌തു.


മതമൗലികവാദികളുടെ ഒട്ടു നീക്കങ്ങളിലും, ചില വിഷയങ്ങള്‍ പ്രതീകാത്മകമായ മൂല്യങ്ങള്‍ കൈവരിക്കപ്പെടുകയും ആധുനികതക്കെതിരായ എല്ലാത്തിനെയും അത്‌ പ്രതിനിധാനം ചെയ്യുകയും ചെയ്‌തു. സെക്യുലര്‍ രാഷ്‌ട്രമായിരുന്നു ജൂതരുടെ പൊതു താല്‌പര്യമെങ്കിലും വിശുദ്ധവും പരിശുദ്ധവും ആയതിനാല്‍ ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണം ചില ജൂത മൗലികവാദികള്‍ക്ക്‌ വളരെ വൈകാരികമായ ആവശ്യമായിരുന്നു. അങ്ങനെ ഇസ്രാഈല്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുകയെന്നത്‌ വിശുദ്ധമാക്കപ്പെട്ടു. കൂട്ടിച്ചേര്‍ക്കപ്പെട്ടതും സ്വന്തമാക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ കുടിയേറുന്നതും കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും പുണ്യവത്‌കരിക്കപ്പെട്ടു. (വിശുദ്ധ നാടിന്റെ പുനസൃഷ്‌ടിക്കായുള്ള) മിശിഹായുടെ ആഗനമത്തിന്‌ അത്‌ വേഗം കൂട്ടുമെന്ന്‌ ചില ജൂത മൗലികവാദികള്‍ വിശ്വസിച്ചു. ജൂതരാഷ്‌ട്രമെന്നത്‌ പ്രകൃതിപരമായ ആവശ്യമാണെന്നാണ്‌ ചില ജൂതര്‍ വിശ്വസിച്ചത്‌. ചാരത്തില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രാഷ്‌ട്രമായിരുന്നു ചിലര്‍ക്ക്‌ ഇസ്രാഈല്‍.


എന്നാല്‍, ആധുനിക ലോകം വരുത്തിയ തെറ്റുകളായിരുന്നു ഫലസ്‌തീനികളുടെ ദുരവസ്ഥയ്‌ക്ക്‌ ഹേതുവെന്നാണ്‌ മുസ്‌ലിംകള്‍ കരുതിയത്‌. 1948ല്‍, ലോകം ഇസ്രാഈല്‍ രൂപീകരണത്തിന്‌ അംഗീകാരം നല്‍കിയപ്പോള്‍ ഏഴരലക്ഷം ഫല്‌സ്‌തീനികള്‍ക്കാണ്‌ തങ്ങളുടെ വീടുകള്‍ നഷ്‌ടമായത്‌. യഥാര്‍ഥത്തില്‍ ഈ തീരുമാനം, ആധുനിക ലോകത്തെ ഇസ്‌ലാമിന്റെ ഷണ്ഡത്വത്തിന്റെ, കെല്‍പ്പില്ലായ്‌മയുടെ പ്രതീകവത്‌കരണമായിരുന്നു. മുസ്‌ലിംകള്‍ നീതിപൂര്‍വകമായും അന്തസ്സോടെയും ജീവിക്കുകയാണെങ്കില്‍ സമൂഹം പുരോഗമിക്കുമെന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ലോകക്രമത്തിന്റെ അടിസ്ഥാനനിയമങ്ങളോടു യോജിച്ചു പോകുന്നതായിരിക്കും ആ ജീവിതരീതി. ഇസ്‌ലാം എല്ലായ്‌പ്പോഴും വിജയത്തിന്റെ മതമായിരുന്നു. വിജയത്തില്‍ നിന്ന്‌ വിജയത്തിലേക്കുള്ള പ്രയാണമായിരുന്നു അതിനുണ്ടായിരുന്നത്‌. എന്നാല്‍ പശ്ചാത്യ സെക്യുലറിസ്റ്റുകള്‍ക്കെതിരെ മേല്‍ക്കൈ നേടാന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞില്ല. ഫലസ്‌തീനികളുടെ ദുരവസ്ഥ മുസ്‌ലിംകളുടെ പൗരുഷമില്ലായ്‌മയുടെ ദയനീയ പ്രതിരൂപവുമായി.


ജറൂസലം ഇസ്‌ലാമിക ലോകത്തിനും മൂന്നാമത്തെ വിശുദ്ധ കേന്ദ്രമാണ്‌. അവിടെ സ്ഥിതി ചെയ്യുന്ന മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമായ മസ്‌ജിദുല്‍ അഖ്‌സ, ഇസ്രാഈല്‍ കുടിയേറ്റ കേന്ദ്രങ്ങളാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുകയാണ്‌. തങ്ങളുടെ വിശുദ്ധ കേന്ദ്രം പതിയെ തങ്ങളുടെ പിടിയില്‍ നിന്ന്‌ വഴുതിപ്പോവുകയാണെന്ന തോന്നലാണ്‌ അതുണ്ടാക്കുന്നത്‌. അത്‌ അവരുടെ വളഞ്ഞുവെക്കപ്പെട്ട അസ്‌തിത്വത്തിന്റെ പ്രതീകം പോലെയാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈജിപ്‌തിലെയും പാകിസ്‌താനിലെയും ഇസ്‌ലാമിക മൗലികവാദികളെ അപേക്ഷിച്ച്‌ ഫലസ്‌തീനികള്‍ മതാവേശിതമായ പ്രത്യയശാസ്‌ത്രം സ്വീകരിച്ചത്‌ വളരെ വൈകിയാണെന്നതു ശ്രദ്ധേയമാണ്‌. 1987ലെ ഒന്നാം ഇന്‍തിഫാദ വരെ അവരുടെ പോരാട്ടം തികച്ചും മതേതരമായിരുന്നു. സാന്ദര്‍ഭികമായി, ഫലസ്‌തീനിലെ ഹമാസ്‌, അല്‍ഖാഇദയില്‍ നിന്ന്‌ വളരെ ഭിന്നമാണെന്നതും ശ്രദ്ധിക്കാതെ പോകരുത്‌. അല്‍ഖാഇദയെപ്പോലെ അവര്‍ക്ക്‌ ലോക താല്‍പ്പര്യങ്ങളില്ല. ഹമാസ്‌ ഒരു പ്രതിരോധ പ്രസ്ഥാനമാണ്‌. അവര്‍ ഒരിക്കലും അമേരിക്കക്കാരെയോ ബ്രിട്ടീഷുകാരെയോ ആക്രമിച്ചിട്ടില്ല. അവര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്‌ അധിനിവേശം നടത്തിയ അധികാരശക്തിക്കെതിരെയാണ്‌. മൗലികവാദത്തിന്റെ `മതകീയദേശീയത'യുടെ മറ്റൊരുദാഹരണമാണ്‌ ഹമാസ്‌.


അറബ്‌-ഇസ്രാഈല്‍ സംഘര്‍ഷവും അമേരിക്കയിലെ ക്രിസ്‌ത്യന്‍ മതമൗലികവാദികള്‍ക്ക്‌ വളരെ പ്രാധാന്യമുള്ളതായിട്ടുണ്ട്‌. വലതുപക്ഷ ക്രിസ്‌ത്യാനികള്‍ വിശ്വസിക്കുന്നത്‌, ജൂതന്മാര്‍ അവരുടെ ഭൂമിയില്‍ ഇല്ലാത്ത പക്ഷം ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ തങ്ങളുടെ പ്രവാചകന്‌ വിശുദ്ധ മണ്ണിലേക്ക്‌ പ്രതാപത്തോടെ തിരിച്ചുവരാനാകില്ലെന്നാണ്‌. എന്നാല്‍ ഈ വിശ്വാസം ജൂതസങ്കല്‍പങ്ങള്‍ക്കെതിരാണ്‌. അന്ത്യദിനത്തില്‍ വിശുദ്ധ നാട്‌ മാമോദീസ മുക്കിയില്ലെങ്കില്‍ അന്തിക്രിസ്‌തു ജൂതരെ കൂട്ടക്കൊല ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം.


ഫലസ്‌തീനിലെ സംഭവവികാസങ്ങള്‍ക്ക്‌ പടിഞ്ഞാറിന്‌ ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ?


ലോകത്ത്‌ ആരൊക്കെ ദുരന്തം അനുഭവിക്കുന്നുണ്ടോ അതിനെല്ലാം പടിഞ്ഞാറിന്‌ ഒരു ഉത്തരവാദിത്തമുണ്ട്‌. അധികാരം കൊണ്ടും സമ്പത്തു കൊണ്ടും മുന്നില്‍ നില്‍ക്കുന്ന രാഷ്‌ട്രങ്ങളില്‍ പെടും നാം. ഫലസ്‌തീനിലോ ചെച്‌നിയയിലോ ആഫ്രിക്കയിലോ സംഭവിക്കുന്ന ദാരിദ്ര്യത്തിനും അനീതിക്കും കുടിയൊഴിപ്പിക്കലിനും നമുക്ക്‌ മതപരമായോ ധാര്‍മികമായോ ഉത്തതരവാദിത്തമേല്‍ക്കാന്‍ കഴിയില്ല. എന്നാല്‍, അറബ്‌-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ പശ്ചാത്യര്‍ക്ക്‌ പ്രത്യേക ഉത്തരവാദിത്തമുണ്ട്‌.


1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍, തദ്ദേശീയരായ ഫലസ്‌തീനികളുടെ പ്രതീക്ഷകളോ ദുരിതമോ തീര്‍ത്തും കണക്കിലെടുക്കാതെയാണ്‌ ഫലസ്‌തീന്‍ മണ്ണില്‍ ഒരു ജൂതരാഷ്‌ട്രത്തിന്‌ ബ്രിട്ടന്‍ അംഗീകാരം നല്‍കിയത്‌. ഇന്ന്‌, അമേരിക്ക ഇസ്രാഈലിനെ സാമ്പത്തികമായും രാഷ്‌ട്രീയമായും പിന്തുണയ്‌ക്കുകയും ഫലസ്‌തീനികളുടെ ദുരവസ്ഥ അവഗണിക്കുകയും ചെയ്യുന്നു. ഇത്‌ അപകടകരമാണ്‌, എന്തുകൊണ്ടെന്നാല്‍, ഫലസ്‌തീനികള്‍ രാജ്യം വിടാന്‍ പോകുന്നില്ല. അതിനാല്‍, ഇസ്രാഈലികള്‍ക്ക്‌ സുരക്ഷ വാഗ്‌ദാനം ചെയ്യുകയും കുടിയിറക്കപ്പെട്ട ഫലസ്‌തീനികള്‍ക്ക്‌ രാഷ്‌ട്രീയ സ്വാതന്ത്ര്യവും സുരക്ഷിതത്വവും വാഗ്‌ദാനം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ ലോകസമാധാനത്തിന്‌ ഒരു പ്രതീക്ഷയുമില്ല.


ഒന്നുകൂടി. തൃക്കാഴ്‌ചയുടെ പ്രാധാന്യത്തെ കുറിച്ച്‌ താങ്കള്‍ പറയുന്നു. അഥവാ സംഘര്‍ഷത്തെ ഇസ്‌ലാമിക്‌-ജൂത-ക്രിസ്‌ത്യന്‍ കാഴ്‌ചപ്പാടില്‍ വിലയിരുത്താനുള്ള കഴിവുണ്ടാകണമെന്ന്‌. വിശദീകരിക്കാമോ?


ഇബ്‌റാഹീമിന്റെ മൂന്നു മതങ്ങളെയും- ജൂത, ക്രൈസ്‌തവ, ഇസ്‌ലാം- ഒരു മതപാരമ്പര്യത്തിന്റെ മൂന്നു വ്യത്യസ്‌ത ദിശകളിലേക്കു തിരിഞ്ഞ ശാഖകളായി കാണാന്‍ കഴിയണം; കണ്ടേ പറ്റൂ. ഞാന്‍ എപ്പോഴും ഇങ്ങനെ കാണാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌; ഒന്നും മറ്റൊന്നിനെക്കള്‍ ഉത്‌കൃഷ്‌ടമല്ല. ഓരോന്നിനും അതിന്റേതായ മഹത്വവും പ്രത്യേകമായ രീതികളുമുണ്ട്‌. ജൂതരും ക്രിസ്‌ത്യാനികളും മുസ്‌ലിംകളും ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ധാര്‍മിക മൂല്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. `ദൈവത്തിന്റെ ചരിത്രം' എന്ന പുസ്‌തകത്തിലുടനീളം, ഈ മതങ്ങളുടെ ചരിത്രവും പാരമ്പര്യവും പരിശോധിക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്‌. ജൂത-മുസ്‌ലിം അധ്യാപനപ്രകാരം, ദൈവത്തെക്കുറിച്ചും പ്രവാചകത്വത്തെക്കുറിച്ചുമുളള സങ്കല്‌പം, ഒരേ തരത്തിലാണ്‌. `ദൈവത്തിനു വേണ്ടിയുള്ള യുദ്ധ'ത്തില്‍, എല്ലാ മതങ്ങളിലെയും മൗലികവാദ പ്രസ്ഥാനങ്ങള്‍ എങ്ങനെ സമാനമാകുന്നു എന്നാണ്‌ ഞാന്‍ വിശദീകരിച്ചത്‌.


എങ്കിലും ജൂതര്‍, പിന്നീടു വന്ന ക്രിസ്‌ത്യന്‍, ഇസ്‌ലാം വിശ്വാസങ്ങളെ അംഗീകരിക്കാന്‍ പൊതുവെ വിമുഖത കാണിക്കുന്നുണ്ട്‌. ജൂതരുമായുള്ള ബന്ധത്തില്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ എല്ലായ്‌പ്പോഴും ഉത്‌കണ്‌ഠയുണ്ടായിരുന്നു. മുസ്‌ലിംകളോടും വളരെ പ്രതികൂലമായ നിലപാടാമുള്ളത്‌. എന്നാല്‍, ഖുര്‍ആന്‌ ജൂത-ക്രിസ്‌ത്യന്‍ മതങ്ങളോട്‌ ക്രിയാത്മകമായ കാഴ്‌ചപ്പാടാണ്‌ ഉള്ളത്‌. മാത്രമല്ല, ഈ മതവിശ്വാസങ്ങളെ ദുര്‍ബലപ്പെടുത്താനല്ല മുഹമ്മദ്‌ വന്നിട്ടുള്ളതെന്നും പലസന്ദര്‍ഭങ്ങളിലായി ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ദ പീപ്പള്‍ ഓഫ്‌ ദ ബുക്കില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്‌. പ്രവാചകരായ അബ്രഹാമിനെയും ദാവീദിനെയും നോഹയെയും മോസസിനെയും, യേശുവിനെയും അംഗീകരിക്കാതെ, ആദരിക്കാതെ നിങ്ങള്‍ക്ക്‌ മുസ്‌ലിം ആകാന്‍ കഴിയില്ല. ഇവരെ പ്രവാചകരായാണ്‌ മുസ്‌ലിംകള്‍ പരിഗണിക്കുന്നത്‌. യേശുവിനെ പ്രവാചകനായാണ്‌ ലൂക്കിന്റെ സുവിശേഷത്തില്‍ പറയുന്നത്‌. എന്നാല്‍ ജീസസ്‌ (ക്രിസ്‌ത്യാനികള്‍ക്ക്‌) വിശുദ്ധനാക്കപ്പെടുന്നത്‌ പിന്നീടാണ്‌.


എന്നാല്‍ വിശ്വാസികള്‍ കാണാന്‍ ഇഷ്‌ടപ്പെടുന്നത്‌, സ്വയം വിലയിരുത്തുന്നത്‌ വിശ്വാസത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന നിലയിലാണ്‌. തങ്ങളുടേതു മാത്രമാണ്‌ ശരിയായ വിശ്വാസമെന്ന്‌ ഇവര്‍ കരുതുന്നു. എന്നാല്‍ ഇത്‌ താന്‍പോരിമ മാത്രമാണ്‌. ശരിയായ മതത്തിന്‌ ഇതിലൊന്നും ചെയ്യാനില്ല

4 പ്രതികരണങ്ങള്‍:

Prinsad said...

"പ്രവാചകരായ അബ്രഹാമിനെയും ദാവീദിനെയും നോഹയെയും മോസസിനെയും, യേശുവിനെയും അംഗീകരിക്കാതെ, ആദരിക്കാതെ നിങ്ങള്‍ക്ക്‌ മുസ്‌ലിം ആകാന്‍ കഴിയില്ല. ഇവരെ പ്രവാചകരായാണ്‌ മുസ്‌ലിംകള്‍ പരിഗണിക്കുന്നത്‌. യേശുവിനെ പ്രവാചകനായാണ്‌ ലൂക്കിന്റെ സുവിശേഷത്തില്‍ പറയുന്നത്‌. എന്നാല്‍ ജീസസ്‌ (ക്രിസ്‌ത്യാനികള്‍ക്ക്‌) വിശുദ്ധനാക്കപ്പെടുന്നത്‌ പിന്നീടാണ്‌."

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ഖുര്‍ആന്‌ ജൂത-ക്രിസ്‌ത്യന്‍ മതങ്ങളോട്‌ ക്രിയാത്മകമായ കാഴ്‌ചപ്പാടാണ്‌ ഉള്ളത്‌. മാത്രമല്ല, ഈ മതവിശ്വാസങ്ങളെ ദുര്‍ബലപ്പെടുത്താനല്ല മുഹമ്മദ്‌ വന്നിട്ടുള്ളതെന്നും പലസന്ദര്‍ഭങ്ങളിലായി ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നുണ്ട്‌.

M.A Bakar said...

a very good article ...
thnx for being posted it here ...

ബെഞ്ചാലി said...

വീണ്ടും വായിച്ചു… ഒരു പുനർവായന :)

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്