Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.
ഭീകരവാദവിരുദ്ധ പ്രവര്‍ത്തനത്തിന്റെ മറപിടിച്ച്‌ സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, സഹപ്രവര്‍ത്തകന്‍ തുളരി പ്രജാപതി തുടങ്ങിയവരെ കൊലപ്പെടുത്തിയത്‌ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള ഒരുപറ്റം ആര്‍ജവമുള്ള ഉദ്യോഗസ്ഥവൃന്ദം പൊതുജനസമക്ഷം തുറന്നുകാട്ടിയിരിക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴികളില്‍ വിലസിയിരുന്ന മന്ത്രിമാര്‍ ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കൊലകള്‍ക്ക്‌ നേതൃത്വം നല്‍കി എന്ന്‌ പറയുമ്പോള്‍ അവരുടെ തനിനിറം വ്യക്തമാവുകയാണ്‌. നരേന്ദ്രമോഡിയുടെ വലംകൈ അമിത്‌ഷാ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ വലയിലകപ്പെട്ടിരിക്കുകയാണ്‌.
2007ല്‍ 18 ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുപ്രസിദ്ധ ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ ഡിഐജി ഡി ജി വന്‍സാര, എം എന്‍ ദിനേശ്‌, രാജ്‌കുമാര്‍ പാണ്ഡ്യന്‍, അഭയ്‌ചുടാസമ, എന്‍ കെ അമീന്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും. സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയാണ്‌ സി ബി ഐ അന്വേഷണത്തിലേക്ക്‌ നയിച്ചത്‌. 2005 നവംബര്‍ 26ന്‌ ഒരു കുപ്രസിദ്ധ കുറ്റവാളി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ്‌ നാം കേട്ടത്‌. അദ്ദേഹത്തിന്റെ പേരാണ്‌ സൊഹ്‌റാബുദ്ദീന്‍ ശൈഖ്‌. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലചെയ്യാന്‍ പദ്ധതികളാവിഷ്‌കരിച്ച കൊടുംഭീകരനെന്നാണ്‌ ഗുജറാത്ത്‌ പോലീസ്‌ സൊഹ്‌റാബുദ്ദീനെ വിശേഷിപ്പിച്ചത്‌. മാധ്യമങ്ങള്‍ അതാഘോഷിക്കുകയും ചെയ്‌തു.
ഈ ഭീകരത വര്‍ഷങ്ങളോളം മറച്ചുവെച്ചെങ്കിലും 2010 ജനുവരിയില്‍ സുപ്രീംകോടതി ഇടപെട്ട്‌ സി ബി ഐയോട്‌ കേസന്വേഷിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. സൊഹ്‌റാബുദ്ദീന്‍ രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികളെ കുടുക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്‌തിരുന്നുവെന്നും ഗുജറാത്തിലെയും രാജസ്ഥാനിലെയും ബി ജെ പി രാഷ്‌ട്രീയ നേതൃത്വവുമായി അടുപ്പമുള്ള ചില വ്യക്തികള്‍ക്ക്‌ ഇത്‌ അസൗകര്യമുണ്ടാക്കിയെന്നുമാണ്‌ ഒരാരോപണം. ഗുജറാത്തിലെ രാഷ്‌ട്രീയ-പോലീസ്‌ നേതൃത്വത്തോട്‌ മാര്‍ബിള്‍ വ്യാപാരികള്‍ ഈ ശല്യത്തെ ഉന്മൂലനം ചെയ്യാന്‍ കല്‌പിക്കുകയായിരുന്നു. ഇവര്‍ ഒരു ഭീകരവിരുദ്ധ ഏറ്റുമുട്ടല്‍ പ്ലാന്‍ ചെയ്യുകയും ഇസ്‌ലാമിക മൗലികവാദികളാല്‍ മോഡി വധിക്കപ്പെടുമെന്ന്‌ പ്രചാരണം അഴിച്ചുവിടുകയും ചെയ്‌തു. 2002ല്‍ അരങ്ങേറിയ ന്യൂനപക്ഷ വിരുദ്ധ വേട്ടക്ക്‌ ഒരു കാരണമിതാണ്‌.
2005 നവംബര്‍ 23ന്‌ സൊഹ്‌റാബുദ്ദീന്‍, കൗസര്‍ബി, പ്രജാപതി എന്നിവര്‍ ഹൈദരാബാദില്‍ നിന്നും മഹാരാഷ്‌ട്രയിലെ സംഗ്‌ലിയിലേക്ക്‌ ഒരു ബസ്സില്‍ യാത്ര ചെയ്യവേ, ഏതാനും പോലീസുകാര്‍ കാറിലെത്തി ബസ്സില്‍ നിന്നും മൂന്നുപേരെയും വലിച്ച്‌ താഴെയിട്ടു. കൗസര്‍ബിയെയും സൊഹ്‌റാബുദ്ദീനെയും അഹമ്മദാബാദിനടുത്തുള്ള ഒരു ഫാംഹൗസിലേക്ക്‌ കൊണ്ടുപോയി. നവംബര്‍ 26ന്‌ അഹമ്മദാബാദിലെത്തിക്കുകയും സൊഹ്‌റാബുദ്ദീനെ വെടിവെച്ച്‌ കൊല്ലുകയും ചെയ്‌തു. നാല്‌ പോലീസുകാര്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തു. സി ഐ ഡി റിപ്പോര്‍ട്ട്‌ നല്‍കുന്ന സാക്ഷിവിസ്‌താരത്തില്‍ വന്‍സാരയുടെ പങ്ക്‌ സുവിദിതമാണ്‌. സൊഹ്‌റാബുദ്ദീന്‍ വെടിവെച്ചപ്പോള്‍ തങ്ങള്‍ക്ക്‌ വെടിവെക്കുകയല്ലാതെ മറ്റ്‌ മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ്‌ പിറ്റേന്നത്തെ പത്രവാര്‍ത്തകളില്‍ പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്‌.
കൗസര്‍ബിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സൊഹ്‌റാബുദ്ദീനെ കൊണ്ടുപോയ ഉടനെ അവരെ മറ്റൊരു ഫാംഹൗസിലെത്തിച്ച്‌ അതിക്രൂരമായി ബലാല്‍സംഗത്തിനിരയാക്കുകയും മാരകമായ കുത്തിവെപ്പിലൂടെ കൊലപ്പെടുത്തുകയും ചെയ്‌തു. അവരുടെ മൃതശരീരം കത്തിച്ച്‌ ഇല്ലാത്‌ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ഭസ്‌മം നിമജ്ജനം ചെയ്യുകയും ചെയ്‌തു. 2006ലാണ്‌ റുബാബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത്‌. കോടതി ഗുജറാത്ത്‌ ഡി ജി പിയോട്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ഡി ജി പി സംസ്ഥാന സി ഐ ഡിയോട്‌ കോടതി നിര്‍ദേശം അനുസരിക്കാന്‍ ആജ്ഞയും നല്‍കി.
സി ഐ ഡി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഗീതാ ജോഹ്‌രി അന്വേഷണച്ചുമതല ഏറ്റെടുക്കുകയും 66/2006-ാം നമ്പറായി കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. വി എല്‍ സോളാങ്കി എന്ന പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ഒരു ടീമിനെ ഗീതാ ജോഹ്‌രി നിയമിക്കുകയും കൊലനടന്ന ഗ്രാമത്തിലെത്തി സാക്ഷികളെ വിസ്‌തരിക്കുകയും കേസിന്‌ തുമ്പുണ്ടാക്കുകയും ചെയ്‌തു. ഈ സംഘം 2006 സപ്‌തംബര്‍ 1, ഡിസംബര്‍ 7,15,16, 2007 ജനുവരി 1 എന്നീ തിയതികളില്‍ ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഗീതാ ജോഹ്‌രിക്ക്‌ നല്‍കി. ഗൂഢാലോചന നടന്ന സ്ഥലം, കൊലപാതകത്തില്‍ ഉള്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍, ഫാം ഹൗസ്‌ ഉടമ ഗിരീഷ്‌ പട്ടേല്‍ തുടങ്ങിയവരെപ്പറ്റിയ വിവരങ്ങളാണ്‌ പ്രഥമമായി നല്‍കിയത്‌. കുറ്റവാളികളെ സംബന്ധിച്ച്‌ ലഭിച്ച പ്രാഥമിക വിവരങ്ങളാണ്‌ വന്‍സാര, ദിനേശ്‌, പാണ്ഡ്യന്‍ എന്നീ ഐ പി എസ്‌ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാന്‍ സഹായകമായത്‌.
സി ഐ ഡി അന്വേഷണത്തെ നേരായ ദിശയില്‍ നിന്നും വഴിമാറ്റിവിടാന്‍ തന്റെ അധികാരമുപയോഗിച്ച്‌ ശ്രമിച്ചുവെന്നതാണ്‌ അമിത്‌ഷാ എന്ന മുന്‍ ആഭ്യന്തര സഹമന്ത്രിയുടെ കുറ്റം. ഈ വിവരം ഗീതാ ജോഹ്‌രി, അന്നത്തെ ഡി ജി പി പാണ്ഡെക്ക്‌ എഴുതി അറിയിക്കുകയുണ്ടായിട്ടുണ്ട്‌. പ്രസ്‌തുത ഏറ്റുമുട്ടല്‍ കേസിലെ രാജസ്ഥാന്‍ ബന്ധം ഗീതാ ജോഹ്‌രി തിരിച്ചറിഞ്ഞതായും യഥാര്‍ഥ കഥ അവര്‍ അനാവരണം ചെയ്യാനടുത്തിരുന്നതായും മുകുള്‍ സിന്‍ഹ പറയുന്നു. എന്നാല്‍ രാഷ്‌ട്രീയ സമ്മര്‍ദത്തിന്റെ കോലത്തില്‍ വന്‍ കടമ്പകള്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006 ഡിസംബര്‍ 28ന്‌ തന്നെ പ്രജാപതി കൊല്ലപ്പെട്ടിരുന്നു. ബനഷ്‌കണ്ടയിലെ പോലീസാണദ്ദേഹത്തെ കൊലപ്പെടുത്തിയത്‌. ``പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ രക്ഷപ്പെട്ടോടിയ പ്രജാപതി പോലീസിനു നേരെ നിറയൊഴിച്ചതുകൊണ്ട്‌ അയാളെ കൊല്ലേണ്ടിവന്നു'' -പോലീസ്‌ കേന്ദ്രം നല്‍കിയ മൊഴിയാണിത്‌. അമിത്‌ഷാ എന്ന `ദേശസ്‌നേഹി' 2007 മെയില്‍ സി ഐ ഡി അന്വേഷണത്തിന്റെ ഗതിമാറ്റണമെന്ന്‌ ശക്തമായ ഭാഷയില്‍ ഗീതാ ജോഹ്‌രി, പി സി റയ്‌ഗര്‍, സോളാങ്കി എന്നീ അന്വേഷണോദ്യോഗസ്ഥരോട്‌ ആവശ്യപ്പെടുകയുണ്ടായി. ഗീതാ ജോഹ്‌രിയെ മാറ്റി ഡെപ്യൂട്ടി ഐ ജിയെ പ്രതിഷ്‌ഠിച്ചെങ്കിലും അവരാരും തന്നെ മന്ത്രികല്‌പന അനുസരിക്കുകയുണ്ടായില്ല. തന്നെയുമല്ല, ഡെപ്യൂട്ടി ഐ ജി രജനീഷ്‌ റായ്‌ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ അറസ്റ്റുചെയ്യാന്‍ ആര്‍ജവം കാണിച്ചതോടെ പ്രശ്‌നം കൂടുതല്‍ ശ്രദ്ധേയമാവുകയും ചെയ്‌തു. ഗീതാ ജോഹ്‌രി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്‌ അതേപടി അംഗീകരിക്കുകയും ചെയ്‌തതോടെ അവര്‍ അങ്കലാപ്പിലായി. 2007 മെയ്‌ മാസത്തില്‍ അമിത്‌ഷാ ഇടപെട്ട്‌ റായിയെ നീക്കുകയും ചെയ്‌തു. രണ്ടാം ഘട്ട അന്വേഷണം ആദ്യത്തേതില്‍നിന്നും വിശ്വാസ്യത കുറഞ്ഞതായിരുന്നു. പ്രമോഷനും അവാര്‍ഡുനേടാനുമായിരുന്നു സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയതെന്ന മൊഴി ഈ റിപ്പോര്‍ട്ടില്‍ കടന്നുകൂടി.
അമിത്‌ഷായെ രണ്ടാം പ്രതിസ്ഥാനത്തുനിര്‍ത്തി 2007 മെയ്‌ മാസത്തിലാണ്‌ സുപ്രീംകോടതിയെ സമീപിക്കുന്നത്‌. റുബാബുദ്ദീന്‍ നല്‍കിയ കേസ്‌ സുപ്രീംകോടതി ശരിവെക്കുകയും സിഐഡിയെ മാറ്റി സിബിഐയെ കേസ്‌ അന്വേഷിക്കാന്‍ ചുമതലയേല്‌പിക്കുകയും ചെയ്‌തു. ആറ്‌ മാസത്തെ അന്വേഷണത്തില്‍ 12 പോലീസുദ്യോഗസ്ഥരെ കൊലക്കേസ്‌ പ്രതികളാക്കി ഇന്ത്യന്‍ ശിക്ഷാനിയമം 384, 302, 201 വകുപ്പുപ്രകാരം കേസ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുകയാണ്‌.
ഗുജറാത്തിനെ ഉരുക്കുമുഷ്‌ടികൊണ്ട്‌ നേരിട്ട രണ്ട്‌ മന്ത്രിമാരില്‍ സുപ്രധാനിയാണ്‌ അമിത്‌ഷാ. 2002ല്‍ രാജ്യത്തെ നടുക്കിയ വര്‍ഗീയാഗ്നി ആളിക്കത്തിച്ച നരേന്ദ്രമോഡിയാണ്‌ സൂപ്പര്‍മന്ത്രി. പത്ത്‌ വകുപ്പുകളാണ്‌ യുവാവായ അമിത്‌ഷാക്ക്‌ നല്‍കിയിരുന്നത്‌. പരമ്പരാഗത ആര്‍എസ്‌എസ്‌ ബന്ധം അവരെ വേര്‍പിരിയാത്ത ഇണകളാക്കി. വിചാരണകൂടാതെ ഒരു വ്യക്തിയെ വധിക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരത്തിലുള്ള അരുംകൊലകള്‍ ഭരണകൂടവും സായുധസൈന്യവും നടത്തി എന്ന്‌ പറയുമ്പോള്‍ നാം ലജ്ജിക്കുക. അധികാരം നിലനിര്‍ത്താന്‍ മതവിദ്വേഷവും അസഹിഷ്‌ണുതയും പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന നയം സാക്ഷാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ അജണ്ടയാണ്‌. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം നാം ഉയര്‍ത്തിപ്പിടിച്ചത്‌ അതുകൊണ്ടാണ്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോയെങ്കിലും അവരുടെ ഭൂതം ഭീകരരൂപത്തില്‍ അഴിഞ്ഞാടുന്നത്‌ നാം എത്ര നാള്‍ സഹിക്കും?
(ഫ്രന്റ്‌ലൈന്‍ പാക്ഷികത്തോട്‌
കടപ്പാട്‌)   വിവര്‍ത്തനം മുഹമ്മദ്‌ വാളറ

3 പ്രതികരണങ്ങള്‍:

M.A Bakar said...

എല്ലാ സംഘപരിവാര്‍ ഭീകരന്‍മാരും കല്‍ത്തുറുങ്കിലാവട്ടെ. സംഘപരിവാരം നശിച്ചൊഴിയട്ടെ ..

ARIVU said...

പുനര്‍വായന നല്ലതുതന്നെ. ഉണ്ടാല്‍ മാത്രം പോരല്ലോ? ഉട്ടുകയും വേണ്ടെ? ലക്‌ഷ്യം ഉത്തമം. തീവ്രവാദം, പുനര്‍വായന, ഫാസിസം, മതേതരത്വം, ലേഖനം. എല്ലാം നല്ലതുതന്നെ!

Unknown said...

നല്ലതുതന്നെ ഇ പുനര്‍വായന

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്