Wednesday, September 1, 2010

സയണിസം ആധുനിക ഭീകരതയുടെ പ്രഭവ കേന്ദ്രം

ന്ന്‌ ഫലസ്‌തീന്‍ അറബികള്‍ക്കാണ്‌ ഭീകരതയുടെയും ആത്മഹത്യാ സ്‌ക്വാഡുകളുടെയും ഇമേജുള്ളത്‌. എന്നാല്‍ എഴുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രിട്ടീഷ്‌ സൈന്യം ഫലസ്‌തീന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഏറെ ഭയപ്പെട്ടിരുന്നത്‌ ജൂതസയണിസ്റ്റുകളെയായിരുന്നു.


ജറൂസലമില്‍ കിംഗ്‌ ഡേവിഡ്‌ ഹോട്ടലില്‍ ബോംബ്‌ വെച്ച്‌ 27 ബ്രിട്ടീഷുകാരെയും 41 ഫലസ്‌തീന്‍കാരെയും 17 ജൂതരെയും സയണിസ്റ്റുകള്‍ വധിച്ചു. 1936 മുതല്‍ ഇര്‍ഗണ്‍, സ്റ്റേണ്‍ എന്നീ സയണിസ്റ്റ്‌ ഭീകരസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സയണിസത്തിന്റെ ചരിത്രകാരന്‍ മൈക്കല്‍ പ്രിയര്‍ രേഖപ്പെടുത്തുന്നു:

``ജൂത ഭീകരസംഘടനയായ ഇര്‍ഗണ്‍ പാലങ്ങള്‍ തകര്‍ക്കുകയും റോഡുകളില്‍ മൈന്‍ വിതറുകയും റെയില്‍ ട്രാക്കുകള്‍ തെറ്റിക്കുകയും ബോട്ടുകള്‍ മുക്കുകയും വാനുകള്‍ കൊള്ളയടിക്കുകയും ഒറ്റ രാത്രി കൊണ്ട്‌ 20 യുദ്ധവിമാനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. ഇര്‍ഗണ്‍, ലെഹി (സ്റ്റേണ്‍ ഗാംഗ്‌ എന്ന സയണിസ്റ്റ്‌ ഭീകരസംഘടനയുടെ മറ്റൊരു പേര്‌) എന്നിവ റോമിലെ ബ്രിട്ടീഷ്‌ എംബസി ബോംബ്‌ ചെയ്യുകയും ബ്രിട്ടീഷ്‌ മന്ത്രിമാര്‍ക്ക്‌ ലെറ്റര്‍ ബോംബുകളയക്കുകയും ചെയ്‌തു. കൂടാതെ ഭീകരപ്രവര്‍ത്തനാര്‍ഥം ബ്രിട്ടനിലേക്ക്‌ കൊലയാളി സംഘത്തെ പറഞ്ഞയക്കുകയും ചെയ്‌തു. ഫലസ്‌തീനിലെ മുന്‍ സൈനികത്തലവന്‍ ഇവ്‌ലിന്‍ ബാര്‍ബറെ അവര്‍ വധിച്ചു. ബ്രിട്ടീഷ്‌ ഓഫീസര്‍മാരെ പിടികൂടി മര്‍ദിക്കുകയും രണ്ട്‌ സര്‍ജന്റുമാരെ (1947 ജൂലൈ 30ന്‌) മരത്തിന്മേല്‍ കെട്ടിത്തൂക്കിക്കൊല്ലുകയും ചെയ്‌തു.''(1)
1930 കള്‍ മുതല്‍ 1940കള്‍ വരെയുള്ള സയണിസ്റ്റ്‌ ഭീകരതയുടെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഫലസ്‌തീനില്‍ നിന്ന്‌ കെട്ടുകെട്ടിക്കുക എന്നതായിരുന്നു. 1920കളില്‍ ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ ഫലസ്‌തീന്‍ ബ്രിട്ടന്‌ നല്‌കുകയും പിന്നീട്‌ അവിടം ജൂതര്‍ക്കുള്ള ജന്മഗേഹമാക്കണമെന്ന്‌ ബ്രിട്ടീഷ്‌ ഭരണകൂടം തീരുമാനിക്കുകയുമായിരുന്നു.

ദെയ്‌ര്‍യാസീന്‍ കൂട്ടക്കൊല

1940 കള്‍ക്ക്‌ ശേഷം ഫലസ്‌തീനിലെ തദ്ദേശീയര്‍ക്കെതിരെ അതിഹീനമായ അതിക്രമങ്ങളാണ്‌ സയണിസ്റ്റുകള്‍ അഴിച്ചുവിട്ടത്‌. 1948 ഏപ്രില്‍ 9ന്‌ മെനാച്ചം ബെഗിന്റെ (പിന്നീട്‌ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായി) നേതൃത്വത്തിലുള്ള ഇര്‍ഗണ്‍ കൊലയാളി സംഘവും, മറ്റൊരു ഇസ്‌റാഈല്‍ ഭാവി പ്രധാനമന്ത്രിയായ ഇസ്‌ഹാഖ്‌ ഷമീര്‍ നേതൃത്വം നല്‌കിയ സ്റ്റേണ്‍ കൊലയാളി സംഘവും ദെയ്‌ര്‍ യാസീന്‍ എന്ന ഫലസ്‌തീന്‍ ഗ്രാമം ആക്രമിച്ചു. രാവിലെ മുതല്‍ തുടങ്ങിയ കൊലകള്‍ ഉച്ചയോടെ അവസാനിച്ചപ്പോള്‍ നൂറ്‌ സ്‌ത്രീകളും കുട്ടികളുമടക്കം 254 തദ്ദേശവാസികള്‍ വധിക്കപ്പെട്ടിരുന്നു. ഇവരില്‍ ചിലരുടെ ശരീരം കിണറുകളിലേക്ക്‌ വലിച്ചെറിയുകയും മറ്റ്‌ ചിലത്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയും ചെയ്‌തു. ഇതുകൂടാതെ ഇവര്‍ ഗ്രാമങ്ങളില്‍ വ്യാപകമായ തോതില്‍ ബലാത്സംഗവും നടത്തി.(2)
ഈ കുരുതികളെയും പിടിച്ചടക്കലുകളെയും മെനാച്ചം ബെഗില്‍ പ്രശംസിക്കുകയായിരുന്നു. തന്റെ അനുസ്‌മരണക്കുറിപ്പുകളില്‍ ദെയ്‌ര്‍ യാസീന്റെ കഥ അര ഡസന്‍ ഇസ്‌റാഈലീ സൈനികസംഘങ്ങള്‍ നടത്തിയതിനേക്കാള്‍ മികച്ചതാണെന്ന്‌ അദ്ദേഹം വിശേഷിപ്പിച്ചു.(3) ഈ സയണിസ്റ്റ്‌ ഭീകരതയെ തുടര്‍ന്ന്‌ മൂന്ന്‌ ലക്ഷം ഫലസ്‌തീനികളാണ്‌ തങ്ങളുടെ ജന്മഗൃഹങ്ങളുപേക്ഷിച്ച്‌ പലായനം ചെയ്‌തത്‌. മനുഷ്യത്വത്തിനെതിരായ ഈ കടന്നാക്രമണത്തെ നഖബ (ദുരന്തം) എന്നാണ്‌ ഫലസ്‌തീനികള്‍ വിശേഷിപ്പിക്കുന്നത്‌.
1930കളിലും 1940കളിലും നടന്ന ഈ ഭീകരപ്രവര്‍ത്തനങ്ങളാണ്‌ ഇസ്‌റാഈലീ രാഷ്‌ട്രരൂപീകരണത്തെ ശക്തിപ്പെടുത്തിയ ഘടകങ്ങള്‍. ഇത്‌ വഴിതെറ്റിയ ഏതാനും യുവാക്കളുടെ കൈക്രിയകളായിരുന്നില്ല. മറിച്ച്‌ ബെഗിന്‍, ഇസ്‌ഹാഖ്‌ ഷമീര്‍, ഏരിയല്‍ ഷാറോണ്‍, ഡേവിഡ്‌ ബെന്‍ഗൂരിയന്‍ തുടങ്ങി ഇസ്‌റാഈലീ സൈന്യത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും തലപ്പത്തെത്തിയവര്‍ നേതൃത്വം നല്‌കിയതായിരുന്നു. ഫലസ്‌തീന്‍ നഗരമായ ലൈഡ്‌ഢാ ആക്രമിക്കുമ്പോള്‍ ഡേവിഡ്‌ ബെന്‍ഗൂരിയന്‍ ആക്രോശിച്ചു: ``അവരെ പുറത്താക്കൂ.''(4) ഇതേ പ്രദേശത്തു തന്നെ മറ്റൊരു ഭീകരപ്രവര്‍ത്തനം കൂടി നടന്നു: മുസ്‌ലിം പള്ളികളില്‍ നഗരവാസികള്‍ക്ക്‌ അഭയമുണ്ടെന്ന്‌ ജനങ്ങളെ ധരിപ്പിക്കുകയും മസ്‌ജിദുകളില്‍ കയറിക്കഴിഞ്ഞപ്പോള്‍ എണ്‍പതിലധികം പേരെ യന്ത്രത്തോക്കുകളുപയോഗിച്ചു കശാപ്പു നടത്തുകയും ചെയ്‌തു.(5)
ഒരു ഇസ്‌റാഈലീ കോളമിസ്റ്റ്‌ തന്നെ എഴുതിയ കൃതിയില്‍ ഭീകരത, ഇസ്‌റാഈലിന്റെ രാഷ്‌ട്രീയ നയമായിത്തന്നെ എടുത്തുകാട്ടുന്നുണ്ട്‌: ``ഫലസ്‌തീന്‍ ജനതയെ ഭീതിപ്പെടുത്തുക; വംശവിച്ഛേദത്തിനും, വ്യാപകമായ കുടിയിറക്കിനും ഇരയാക്കുക; എന്നാല്‍ പുറമേക്ക്‌ ചര്‍ച്ചകള്‍ നടത്തുക.(6) ഇത്തരം നിഷ്‌ഠൂരമായ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ, 1948ന്റെ അവസാനമായപ്പോഴേക്കും 77 ശതമാനം ഫലസ്‌തീന്‍ പ്രദേശങ്ങളും ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലായി.

ഭീകരത: സയണിസ്റ്റ്‌ ദേശീയ നയം

ഇസ്‌ഹാഖ്‌ ഷമീര്‍, മെനാച്ചം ബെഗിന്‍ എന്നീ ഇസ്‌റാഈലീ പ്രധാനമന്ത്രിമാര്‍ ഒരു കാലത്ത്‌ സ്റ്റേണ്‍ഗാംഗ്‌ എന്ന ഭീകരപ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നുവെന്നും അവര്‍ 1941ല്‍ ജര്‍മന്‍ നാസികളുമായി ബാന്ധവമുണ്ടാക്കിയെന്നും വിഖ്യാത ജൂത ചിന്തകന്‍ അലെന്‍ ഹാര്‍ട്ട്‌ അനുസ്‌മരിക്കുന്നു.(7) സ്റ്റേണ്‍ഗാംഗ്‌ എന്ന സയണിസ്റ്റ്‌ ഭീകര സംഘടന ഈജിപ്‌തിലെ കെയ്‌റോയിലെ ബ്രിട്ടീഷ്‌ റസിഡന്റ്‌ മന്ത്രിയായിരുന്ന ലോയ്‌ഡ്‌ മൊയ്‌നെയെ 1944 നവംബര്‍ 6 ന്‌ വധിച്ചു.(8) ഫലസ്‌തീന്‍ സമാധാന ദൗത്യവുമായെത്തിയ യു എന്‍ പ്രതിനിധി കൗണ്ട്‌ ഫോക്കെ ബെര്‍നാഡൊട്ടെയെ 1948 സപ്‌തംബര്‍ 17 നാണ്‌ സ്റ്റേണ്‍ ഗാംഗ്‌ വധിച്ചത്‌.(9) ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ധനശേഖരണാര്‍ഥം, 1948ല്‍ സയണിസ്റ്റ്‌ ഭീകരര്‍ ടെല്‍ അവീവിലെ ബാര്‍ക്ലേയ്‌സ്‌ ബാങ്ക്‌ കൊള്ളയടിച്ചു.(10)
സ്വയം ഭീകരപ്രവര്‍ത്തനം നടത്തി പാപഭാരം മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കാനുള്ള ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ശ്രമത്തിന്‌ മാതൃക സൃഷ്‌ടിച്ചുകൊണ്ട്‌ 1954 ജൂലൈ 2നും ജൂലൈ 27നുമിടക്കായി സയണിസ്റ്റ്‌ ഭീകരര്‍ ഈജിപ്‌തിലെ അമേരിക്കന്‍-ബ്രിട്ടീഷ്‌ സാംസ്‌കാരിക കേന്ദ്രങ്ങള്‍, ബ്രിട്ടീഷ്‌ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍, പോസ്റ്റ്‌ഓഫീസ്‌, റെയില്‍വേ സ്റ്റേഷന്‍ എന്നിവ ആക്രമിച്ചു. `ലാവോണ്‍ അഫയര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ അട്ടിമറികളുടെ ഉദ്ദേശം ഈജിപ്‌തും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യനാടുകളും തമ്മില്‍ നിലനില്‌ക്കുന്ന ബാന്ധവം തകര്‍ക്കലായിരുന്നു.(11)
1967 മുതല്‍ ഇസ്‌റാഈലികള്‍ ഇരുപത്തയ്യായിരം ഫലസ്‌തീന്‍ വീടുകള്‍ തകര്‍ക്കുകയും സ്വത്ത്‌ കൈക്കലാക്കുകയും ചെയ്‌തിട്ടുണ്ട്‌. പിടിച്ചെടുത്ത അറബ്‌ ഭൂമിയില്‍ അന്താരാഷ്‌ട്ര നിയമങ്ങളെ അതിലംഘിച്ച്‌ ജൂത കുടിയേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ അനീതിപരവും നിയമവിരുദ്ധവുമാണെന്ന്‌ ജിമ്മി കാര്‍ട്ടര്‍ അടക്കമുള്ള മുന്‍ ക്രൈസ്‌തവ സയണിസ്റ്റുകള്‍ പോലും ഇപ്പോള്‍ തുറന്നുപറയുന്നു. 1948 ലെ ഇസ്‌റാഈലീ അതിക്രമങ്ങളെ തുടര്‍ന്ന്‌ 413 ഫലസ്‌തീന്‍ ഗ്രാമങ്ങളും അവിടെയുണ്ടായിരുന്ന വീടുകളും തകര്‍ക്കപ്പെട്ടു. അവിടത്തെ അന്തേവാസികള്‍ ഒരിക്കലും തിരിച്ചുവരാതിരിക്കാനാണ്‌ വീടുകള്‍ തകര്‍ത്തത്‌. നഗരപ്രാന്തങ്ങളിലുണ്ടായിരുന്ന ഫലസ്‌തീന്‍ അറബികളുടെ വീടുകള്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത്‌ ജൂതര്‍ക്ക്‌ നല്‌കി. ഈ ദുരന്തം കൂടുതല്‍ ഭീകരരൂപം പ്രാപിക്കുന്നതാണ്‌ 1967ലെ യുദ്ധത്തിന്‌ ശേഷം നാം കാണുന്നത്‌.
ലക്ഷ്യസാധ്യത്തിന്നായി ജൂതരെ കുരുതികൊടുക്കാന്‍ സയണിസം എന്നും ആവേശം കാട്ടിയിരുന്നു. ഉദാഹരണത്തിന്‌ 1938ല്‍ ബ്രിട്ടനിലെ ലേബര്‍ സയണിസ്റ്റുകളുടെ ഒരു യോഗത്തില്‍ സംസാരിച്ചുകൊണ്ട്‌ ഡേവിഡ്‌ ബെന്‍ഗൂരിയന്‍ എന്ന സയണിസ്റ്റ്‌ നേതാവ്‌ പറഞ്ഞു: ``ജര്‍മനിയിലെ എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അവരെ ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നാല്‍ കഴിയുമെന്നിരിക്കട്ടെ; എന്നാല്‍ അവരില്‍ പകുതി പേരെ മാത്രമേ ഇസ്‌റാഈലിലെത്തിച്ചു രക്ഷിക്കാനാവൂ എന്ന്‌ വന്നാല്‍ പോലും ഞാനതാകും തെരഞ്ഞെടുക്കുക. എന്തെന്നാല്‍ ഈ കുട്ടികളുടെ കാര്യം മാത്രമല്ല, ഇസ്‌റാഈലിലെ ജനങ്ങളെകൂടി പരിഗണിക്കേണ്ടതുണ്ട്‌.(12)
1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലത്തു നിന്ന്‌ പിന്മാറാന്‍ 1967ലെ 242-ാം നമ്പര്‍ യു എന്‍ പ്രമേയം ആവശ്യപ്പെട്ടു. എന്നാല്‍ ഈ പ്രമേയത്തെയും അതിനു ശേഷം ഇസ്‌റാഈലിനെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെയും അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. 1967നും 2000നുമിടക്ക്‌ അവതരിപ്പിക്കപ്പെട്ട 138 പ്രമേയങ്ങളെയാണ്‌ ഇസ്‌റാഈല്‍ അവഗണിച്ചത്‌. ഇറാഖിനെതിരെ നടന്ന യു എന്‍ പ്രമേയം ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ അധിനിവേശം നടത്താന്‍ ധാര്‍ഷ്‌ട്യം പ്രകടിപ്പിച്ച അമേരിക്ക തന്നെയാണ്‌ ഇസ്‌റാഈലിന്റെ രക്ഷക്കായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ എന്നറിയുക. ഇസ്‌റാഈലിന്‌ ജന്മം കൊടുത്തത്‌ ഭീകരതയാണ്‌; ഭീകരത തന്നെയാണ്‌ അതിന്റെ അടിസ്ഥാനപരമായ പോളിസിയും. എന്നിട്ടും ഭീകരതയെ അപലപിക്കാനുള്ള സയണിസത്തിന്റെ തൊലിക്കട്ടി അപാരം തന്നെ. തങ്ങളുടെ വികൃതവും ബീഭത്സവുമായ സ്വഭാവം ലോകത്തിന്‌ മുന്നില്‍ മറച്ചുപിടിക്കാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തിക്കൊണ്ട്‌ ഇസ്‌റാഈലിനെക്കുറിച്ച ഒരു അന്വേഷണാത്മക വിവരവും പുറത്തുകൊണ്ടുവരാന്‍ പാശ്ചാത്യ പത്രപ്രവര്‍ത്തകര്‍ക്ക്‌ കഴിയില്ലെന്നും ഡേവിഡ്‌ ഹെഴ്‌സ്‌റ്റ്‌ കുറ്റപ്പെടുത്തുന്നു.(13) ബ്രിട്ടീഷ്‌ അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍, ലീഗ്‌ ഓഫ്‌ നേഷന്‍സ്‌, യു എന്‍ എന്നിവയോടൊപ്പം സയണിസ്റ്റ്‌ ഭീകരതയും ചേര്‍ന്നാണ്‌ ഇസ്‌റാഈല്‍ സൃഷ്‌ടിച്ചത്‌. പ്ലേറ്റോവിന്റെ കൃതിയില്‍ ത്രസിമാക്കസ്‌ പറഞ്ഞതുപോലെ, ശക്തന്റെ താല്‌പര്യമാകും നീതിയായി വിവക്ഷിക്കപ്പെടുക.(14)

ക്രൈസ്‌തവ സയണിസത്തിന്റെ പിന്തുണ

ക്രൈസ്‌തവ സയണിസം നല്‌കുന്ന സമ്പൂര്‍ണ പിന്തുണയാണ്‌ ഇസ്‌റാഈലീ ഭീകരതകള്‍ നിരന്തരമായി തുടരാന്‍ കാരണമായിരിക്കുന്നത്‌. മധ്യ-പൗരസ്‌ത്യ ദേശത്തെ സ്‌തംഭന-സ്‌ഫോടനാവസ്ഥക്ക്‌ മുഖ്യകാരണം ജൂത സയണിസത്തിന്‌ ക്രൈസ്‌തവ സയണിസം നല്‌കുന്ന പിന്തുണയാണെന്ന്‌ ക്രൈസ്‌തവ ദൈവശാസ്‌ത്രജ്ഞന്‍ തിമോത്തി വെബര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു.(15) ഫലസ്‌തീനിലെ ക്രൈസ്‌തവ ജനതയനുഭവിക്കുന്ന യാതനകള്‍ പോലും ക്രിസ്‌ത്യന്‍ സയണിസ്റ്റുകള്‍ കാണുന്നില്ല. സ്‌നേഹത്തിലൂടെ സയണിസ്റ്റുകളെ പരിവര്‍ത്തിപ്പിക്കാനുള്ള യത്‌നത്തിലാണ്‌ ലൂതറാന്‍ സഭ.(16)
സയണിസ്റ്റ്‌ മിത്തുകള്‍ ഔദ്യോഗികമായി പ്രചരിപ്പിച്ചതില്‍ പ്രമുഖ പങ്കുവഹിച്ച യു എസ്‌ പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍. എന്നാല്‍ ഇസ്‌റാഈലിന്റെ നിരന്തര ഭീകരത അദ്ദേഹത്തെപ്പോലും വെറുപ്പിച്ചു. കാര്‍ട്ടര്‍ തന്റെ വിഖ്യാതമായ രചനയിലൂടെ ഇസ്‌റാഈലീ ഭീകരതകളുടെ നഖചിത്രം വരച്ചുകാട്ടി.(17) എന്നാല്‍ ഇസ്‌റാഈല്‍ രൂപീകരണം ദൈവിക പദ്ധതിയാണെന്നും ഫലസ്‌തീനികള്‍ അക്രമത്തിലേക്ക്‌ തിരിയരുതെന്നും അടിയുറച്ചു വിശ്വസിക്കുന്ന കാര്‍ട്ടറെപ്പോലും `ആന്റി സെമിറ്റിക്ക്‌' ആക്കുകയായിരുന്നു സയണിസ്റ്റുകള്‍.
മര്‍ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ്‌ യേശുക്രിസ്‌തു ത്യാഗങ്ങള്‍ അനുഭവിച്ചത്‌. ദുര്‍ബലരുടെ പക്ഷം ചേരാന്‍ അദ്ദേഹം ഒട്ടും മടി കാട്ടിയില്ല. അക്രമോത്സുകതയും ക്രൂരമായ അധികാര തേര്‍വാഴ്‌ചയും യേശു വെറുത്തു. സമാധാനത്തിനായി അദ്ദേഹം നിലകൊണ്ടു. സമാധാനവാദികള്‍ക്ക്‌ അദ്ദേഹം മംഗളം ആശംസിച്ചു (മത്തായി 5:8). നീതിക്കുവേണ്ടി പീഡനം ഏല്‌ക്കുന്നവര്‍ക്ക്‌ അദ്ദേഹം ആശംസ നേര്‍ന്നു. (മത്തായി 5:10) നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്യുന്നവന്‍ മാത്രമേ യേശുവിന്റെ യഥാര്‍ഥ ശിഷ്യനാകൂ. (മത്തായി 5:5)
ഇസ്‌റാഈലികളുടെ ഏത്‌ ദുഷ്‌ട ചെയ്‌തികളെയും കണ്ണടച്ചു   പിന്തുണക്കേണ്ടത്‌ ദൈവിക നിര്‍ദേശമാണെന്ന്‌ ക്രൈസ്‌തവ സയണിസ്റ്റുകള്‍ തുറന്നടിക്കുന്നു. ഇത്‌ വേദ വിരുദ്ധമാണ്‌. പഴയനിയമ കാലത്ത്‌ ഇസ്‌റാഈലികളുടെ സര്‍വത്ര ദുഷ്‌ചെയ്‌തികളെയും ദൈവം അംഗീകരിച്ചതായി ഒരു സൂചനയും ബൈബിളിലില്ല. ഇസ്‌റാഈല്യര്‍ അതിക്രമം പ്രവര്‍ത്തിച്ചപ്പോഴൊക്കെ ഹിബ്രു പ്രവാചകന്മാര്‍ അവര്‍ക്കെതിരെ ശബ്‌ദിച്ചതായി കാണാം. (2 രാജാക്കന്മാര്‍ 6:21-23, 2 ദിനവൃത്താന്തം 28:9-11, നെഹമ്യ 5:7-11; ജെറമ്യ 34:11-17, ആമോസ്‌ 2:6,7). എന്നാല്‍ സയണിസ്റ്റുകളും ക്രിസ്‌ത്യന്‍ സയണിസ്റ്റുകളും ഇതിന്‌ തയ്യാറല്ല. അപരിചിതരെയും ജൂതേതരെയും അടിച്ചമര്‍ത്തരുതെന്നും മോശ കല്‌പിച്ചിട്ടുണ്ട്‌. (പുറപ്പാട്‌ 12:49, 22:21, 23:9, ലേവ്യര്‍ 19:33-34, 25:35, നിയമാവര്‍ത്തനം 10:18-19, 23:7, 24:17, 27:19). ഇതൊന്നും ജൂത-ക്രൈസ്‌തവ സയണിസ്റ്റുകള്‍ പരിഗണിക്കുന്നില്ല.
യേശുവിന്റെ അനുയായികള്‍ സ്വര്‍ഗീയ ജറൂസലമിനെയാണ്‌ ലക്ഷ്യമാക്കേണ്ടത്‌ (യോഹന്നാന്‍ 4:21, ഗലാത്യര്‍ 4:24-28, എബ്രായര്‍ 12:18-24). ഭീകരതയിലൂടെ നിലനില്‌ക്കുന്ന രാഷ്‌ട്രത്തിന്‌ അന്ധമായ പിന്തുണ നല്‌കുന്നത്‌ ദൈവത്തെ ധിക്കരിക്കലാണ്‌ എന്ന്‌ മോശയുടെയും യേശുവിന്റെയും അനുയായികള്‍ അറിയേണ്ടതുണ്ട്‌.

കടപ്പാട്:

വി എ മുഹമ്മദ്‌ അശ്‌റഫ്‌

www.shababweekly.net

1 പ്രതികരണങ്ങള്‍:

മലമൂട്ടില്‍ മത്തായി said...

Even if everything which the post says is true, does that give a muslim to be a suicide bomber? Or for that matter is this post a justification for all the cruelties done by the Muslims or any one else?

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്