Friday, June 25, 2010

ഹിന്ദു-മുസ്‌ലിം സംവാദം പ്രാധാന്യവും സാധുതയും

വാരിസ്‌ മസ്‌ഹരി

ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച്‌ ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട്‌ എന്നതും വാസ്‌തവമാണ്‌.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്‌ ഭൂതകാല ഭാരത ചരിത്രത്തിലാണ്‌. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത്‌ കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച്‌ സുല്‍ത്താന്മാര്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ നടപ്പിലാക്കുക എന്ന നിലയില്‍ ജിസ്‌യ പോലുള്ള നിയമങ്ങള്‍ (മുസ്‌ലിം ഭരണത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍ നിര്‍ബന്ധമായി നല്‌കേണ്ട നികുതി) അടിച്ചേല്‌പിക്കുകയുണ്ടായി. ഇത്‌ അമുസ്‌ലിംകളുടെ അതൃപ്‌തിക്ക്‌ കാരണമായി. ഇന്ത്യ പോലുള്ള രാജ്യത്ത്‌ നടപ്പാക്കാമായിരുന്ന മറ്റു സാധ്യതകളെക്കുറിച്ച്‌ അവര്‍ ചിന്തിച്ചില്ല. ഉദാഹരണത്തിന്‌ ഖലീഫ ഉമര്‍(റ) ബനൂതഗ്‌ലിബ്‌ എന്ന ക്രൈസ്‌തവ ഗോത്രത്തിന്‌ ജിസ്‌യക്കു പകരം മറ്റൊരു നികുതിവ്യവസ്ഥ നടപ്പില്‍ വരുത്തിയത്‌ ഇന്ത്യയില്‍ അനുവര്‍ത്തിക്കാമായിരുന്ന മാതൃകയായിരുന്നു.

ചില മുസ്‌ലിം ഭരണകര്‍ത്താക്കള്‍ സ്വീകരിച്ച കര്‍ക്കശമായ സമീപനങ്ങള്‍ ഹിന്ദുക്കളില്‍ അസ്വാരസ്യവും വെറുപ്പും വര്‍ധിപ്പിച്ചു. വ്യക്തമായ കാഴ്‌ചപ്പാടോ സുതാര്യമായ സമീപനമോ ഇല്ലാത്ത ചെയ്‌തികളും ദീര്‍ഘദൃഷ്‌ടിയില്ലാത്ത ഫത്‌വകളുമാണ്‌ പലപ്പോഴും സുല്‍ത്താന്മാരെ ബൗദ്ധികവും സഹിഷ്‌ണുതാപരവുമായ ഭരണം കാഴ്‌ചവെക്കുന്നതില്‍ നിന്ന്‌ തടഞ്ഞത്‌. മുഗള്‍ രാജഭരണത്തിന്റെ വിരാമത്തിനു ഹേതുവായ 1857ലെ വിപ്ലവം ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ശക്തിപകരാന്‍ കഴിയുമായിരുന്ന ഒരു ചരിത്ര സംഭവമായിരുന്നു. അതിലൂടെ മുസ്‌ലിം ഹൈന്ദവ ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുമായിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മുസ്‌ലിം-ഹൈന്ദവ ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ നേതൃത്വം സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇങ്ങനയൊന്നും സംഭവിച്ചില്ലെന്ന്‌ മാത്രമല്ല, ഇരു വിഭാഗങ്ങള്‍ക്കിടയിലും സ്‌പര്‍ധ വര്‍ധിപ്പിക്കുന്ന നീക്കങ്ങളാണ്‌ ദൗര്‍ഭാഗ്യവശാല്‍ ഉണ്ടായിത്തീര്‍ന്നത്‌.
സംവാദത്തിന്റെ പ്രാധാന്യം

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും മുസ്‌ലിംകളിലെ വളരെ ചെറിയ വിഭാഗം ചെയ്‌തുകൂട്ടുന്ന ചെയ്‌തികളും അവയുടെ ദാരുണമായ അനുഭവങ്ങളും ഇന്ത്യയിലെ മുസ്‌ലിം-ഹൈന്ദവ ബന്ധങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഇത്തരം ധാരണകളും ചെയ്‌തികളും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിയാനും മുസ്‌ലിം വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാനും തീവ്രമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ക്ക്‌ പ്രചോദനമായി.

ബഹുമത സൗഹാര്‍ദ സാധ്യതയുടെ വഴിയില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ജനസംഖ്യയില്‍ വലിയ സ്ഥാനത്ത്‌ നില്‌ക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ശുഭാപ്‌തി വിശ്വാസത്തോടെ ഇത്തരം മേഖലകളിലേക്ക്‌ വരുന്നതിന്‌ പകരം, പുറംതിരിഞ്ഞു നില്‌ക്കുന്നതായാണ്‌ കാണുന്നത്‌. ഉത്തരേന്ത്യന്‍ മുസ്‌ലിംകളില്‍ ഉപഭോഗ-സംസ്‌കാരത്തിന്റെ പ്രണേതാക്കളായ, മുഖ്യധാരയില്‍ നിന്ന്‌ വേറിട്ട്‌ നില്‌ക്കുന്ന മധ്യമവര്‍ഗവും, കാഴ്‌ചപ്പാടും ദീര്‍ഘദൃഷ്‌ടിയുമില്ലാത്ത മുസ്‌ലിം പുരോഹിതരാല്‍ നയിക്കപ്പെടുന്ന അധോവര്‍ഗവുമാണ്‌ ഉള്ളത്‌. മുസ്‌ലിം ഭൂരിപക്ഷങ്ങളുടെ മേല്‍ വ്യക്തമായ ആധിപത്യമുള്ള ഈ പുരോഹിത വിഭാഗം സൗഹാര്‍ദ സംവാദവേദികളുടെ പ്രസക്തി തിരിച്ചറിഞ്ഞാല്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിം പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞേനെ.

ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ സംവാദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നറിഞ്ഞ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്‌ തുടങ്ങിയ സംഘടനകള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അതിനു വേണ്ടി രംഗത്തുവന്നെങ്കിലും ഭൂരിപക്ഷം മുസ്‌ലിംകളും ഇതിനോട്‌ നിസ്സഹകരിച്ചതിനാല്‍ ആ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു. ഈ രണ്ട്‌ സംഘടനകളും രാഷ്‌ട്രീയലാഭം ആഗ്രഹിച്ചാണ്‌ രംഗത്തുവന്നതെന്ന ആരോപണം അവരുടെ ശ്രമങ്ങള്‍ക്ക്‌
തിരിച്ചടിയായിട്ടുണ്ടെന്നും പറയപ്പെടുന്നു.

മുസ്‌ലിം-ഹിന്ദു സംവാദം നടത്തേണ്ടത്‌ മതേതര മനസ്സുകള്‍ക്കുടമകളായ ഹൈന്ദവരോടും സഹവര്‍ത്തിത്തം താല്‌പര്യപ്പെടുന്ന ഹൈന്ദവരോടുമല്ല. മറിച്ച്‌, സംവാദത്തിന്റെ പ്രതീക്ഷിത ലക്ഷ്യം നേടിയെടുക്കണമെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ തീവ്രത വെച്ചുപുലര്‍ത്തുന്ന ഹൈന്ദവ വിഭാഗങ്ങളുമായാണ്‌ സൗഹാര്‍ദ സംവാദങ്ങള്‍ നടക്കേണ്ടത്‌. അതിന്റെ ഉന്നം ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ-സാഹോദര്യ ബന്ധങ്ങള്‍ സ്ഥാപിക്കുകയായിരിക്കണം.

സംവാദങ്ങളിലെ പ്രതിസന്ധികള്‍

സംവാദസാധ്യതകളുടെ സാക്ഷാത്‌കാരത്തിന്ന്‌ വിഘാതമായി നില്‍ക്കുന്ന സുപ്രധാന ഘടകങ്ങള്‍ നമ്മുടെ പാരമ്പര്യചിന്തകളും സങ്കുചിതത്വങ്ങളുമാണ്‌. ഇത്തരം പ്രതിസന്ധികളെ മറികടക്കാതെ ക്രിയാത്മകമായ സംവാദാന്തരീക്ഷം സൃഷ്‌ടിക്കുക സാധ്യമല്ല. തികച്ചും
വിരുദ്ധമായ, ഇരുവിഭാഗങ്ങളുടെയും വിശ്വാസതലമാണ്‌
സംവാദവഴിയിലെ ബൗദ്ധികമായ വെല്ലുവിളിയായി നിലനില്‍ക്കുന്നത്‌.

സംശുദ്ധമായ ഏകദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ഇസ്‌ലാം മതത്തിന്റെ അനുയായികളായ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഹൈന്ദവരെ പറ്റി ധരിക്കുന്നത്‌ അവര്‍ സമ്പൂര്‍ണമായി ബഹുദൈവ വിശ്വാസത്തിന്റെ വക്താക്കളാണെന്നാണ്‌. വിശാലമായി മനസ്സിലാക്കേണ്ട ദൈവവിശ്വാസത്തെ മുസ്‌ലിംകള്‍ സങ്കുചിതവും പരിമിതവുമാക്കി `കൈവശപ്പെടുത്തു'കയാണ്‌ ചെയ്യുന്നതെന്ന്‌ ഹിന്ദുക്കളും വിശ്വസിക്കുന്നു. വിട്ടുവീഴ്‌ചയും സഹിഷ്‌ണുതയുമില്ലാത്ത മതാന്ധരായും ഹിന്ദുക്കള്‍ മുസ്‌ലിംകളെ തെറ്റിദ്ധരിക്കുന്നു. ഇങ്ങനെ പരസ്‌പരം അകറ്റുന്ന തെറ്റിദ്ധാരണകളിലാണ്‌ രണ്ട്‌ വിഭാഗവും നിലനില്‍ക്കുന്നത്‌.
സത്യത്തില്‍ എല്ലാ ഹിന്ദുക്കളും വിഗ്രഹാരാധകരല്ലെന്ന വസ്‌തുത മനസ്സിലാക്കേണ്ടതുണ്ട്‌. ഇരു വിഭാഗങ്ങള്‍ക്കിടയിലുമുള്ള പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമായ, മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന സാമൂഹികാചാരങ്ങള്‍, ജാതീയത, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയും തിരിച്ചറിയേണ്ടതുമുണ്ട്‌.

ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധിപന്മാരെ പറ്റിയുള്ള ഹിന്ദുക്കളുടെ മുന്‍ധാരണകളും ഇന്ത്യാവിഭജനാനന്തരം മുസ്‌ലിംകളില്‍ ഉടലെടുത്ത ഹൈന്ദവവിരുദ്ധ വികാരവും മുസ്‌ലിംകള്‍ക്കെതിരെ ഹൈന്ദവര്‍ക്കിടയില്‍ ആളിപ്പടര്‍ന്ന വിദ്വേഷവും ഇരുവിഭാഗങ്ങള്‍ക്കിടയിലെ ധ്രുവീകരണം ശക്തമാക്കി. തുടര്‍ന്ന്‌ അക്രമ പരമ്പരകള്‍ ഉണ്ടായിക്കൊണ്ടിരിക്കെ, ഇസ്‌ലാമിക വ്യവസ്ഥ ഇന്ത്യയില്‍ എന്ന സ്വപ്‌നവുമായി ഒരു വിഭാഗം മുസ്‌ലിംകള്‍ രംഗത്തെത്തിയതും ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വ വ്യവസ്ഥിതി ഇസ്‌ലാമികാദര്‍ശത്തിന്‌ കടകവിരുദ്ധമാണെന്ന്‌ പ്രസ്‌താവനകളിറക്കിയതും എരിതീയില്‍ എണ്ണയൊഴിച്ച പോലെ പ്രശ്‌നങ്ങള്‍ ആളിപ്പടര്‍ത്തി. ഹിന്ദു-മുസ്‌ലിം സംവാദങ്ങളെ അന്ധമായി എതിര്‍ക്കുന്ന തീവ്രചിന്താഗതിക്കാര്‍ ഇരുപക്ഷത്തുമുണ്ടെങ്കിലും ഇരുവിഭാഗങ്ങളിലും കൂടുതലുള്ളത്‌ സൗഹാര്‍ദ സാധ്യതകളെ മുഖവിലക്കെടുക്കുന്നവരാണെന്ന്‌ തിരിച്ചറിയുകയാണ്‌ പുതിയ കാലത്തിന്റെ ആവശ്യം.

സംവാദത്തിന്റെ ഭൂമിക

വൈവിധ്യവും വൈജാത്യങ്ങളും ജീവല്‍ യാഥാര്‍ഥ്യമാണെന്നാണ്‌ ഖുര്‍ആനിന്റെ സംബോധന. ``അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏക സമുദായമാക്കുമായിരുന്നു'' (വി.ഖു. 16:93). ഈ വചനം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി പറയുന്നു: ``മാനവര്‍ക്കിടയിലുള്ള മത-ആചാര വൈവിധ്യങ്ങളുടെ യാഥാര്‍ഥ്യത്തെയാണ്‌ ഈ വചനം സൂചിപ്പിക്കുന്നത്‌.'' (തഫ്‌സീറുല്‍കബീര്‍)

വൈവിധ്യങ്ങള്‍ പ്രകൃതിയുടെ നിയമമാണ്‌. അവയെ അംഗീകരിക്കാനും പൊരുത്തപ്പെടാനും നമുക്ക്‌ സാധിക്കേണ്ടതുണ്ട്‌. സാമൂഹ്യജീവിയായ മനുഷ്യന്‍ ഇതരരുമായി സമാധാനജീവിതം നയിക്കാന്‍ ബാധ്യസ്ഥനാണ്‌. ലോകത്തെ എല്ലാ സമുദായങ്ങള്‍ക്കിടയിലും പൊരുത്തപ്പെടാവുന്ന ഒട്ടേറെ ബിന്ദുക്കളുണ്ട്‌. മദീനയിലെ യഹൂദരുമായി മുഹമ്മദ്‌ നബി(സ) സന്ധിയിലേര്‍പ്പെട്ടത്‌ ചില പൊതുവായ മൂല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. സാമുദായിക സൗഹാര്‍ദ സംവാദങ്ങള്‍ സാധ്യമാണെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവ.

ഇന്ത്യയിലുള്ള ഹിന്ദു-മുസ്‌ലിംകള്‍ക്കിടയിലുള്ള പ്രധാന പൊതുമണ്ഡലം അവരെല്ലാവരും ഇന്ത്യക്കാരാണെന്ന (ഭാരതീയ) വികാരമായിരിക്കണം. ഭാരതീയതയുടെ/ഭാരതീയന്റെ സാംസ്‌കാരിക ധാര്‍മിക അപചയത്തിന്‌ കാരണമാക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ഒന്നിച്ചുള്ള പ്രതിരോധത്തെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്‌. പാശ്ചാത്യലോകം പടച്ചുവിട്ട്‌ കയറ്റുമതി ചെയ്യുന്ന നിരീശ്വര നിര്‍മത ചിന്താപ്രസ്ഥാനങ്ങള്‍ക്കെതിരെയും അവ സമൂഹ നിര്‍മിതിയില്‍ സൃഷ്‌ടിക്കുന്ന ദുരന്താത്മകമായ അവസ്ഥകള്‍ക്കെതിരെയും യോജിച്ച നീക്കങ്ങള്‍ക്ക്‌ ഇന്ന്‌ പ്രസക്തിയേറിയിട്ടുണ്ട്‌. ബൗദ്ധികവും പ്രായോഗികവുമായ തലങ്ങളിലേക്ക്‌ ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള സംവാദങ്ങള്‍ ചെന്നെത്തേണ്ടതുണ്ട്‌.

സ്വാര്‍ഥ രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ കൈവെടിഞ്ഞ്‌ ദേശത്തിന്റെ അഖണ്ഡതയും ദേശീയ ഐക്യവും സാധ്യമാകണമെന്നുള്ള ബോധവും പരസ്‌പരം അറിയിക്കാനും അറിയാനുമുള്ള മാനസികാവസ്ഥയും മുന്‍നിര്‍ത്തി ഹിന്ദു-മുസ്‌ലിം മൈത്രി പ്രസ്ഥാനങ്ങളുടെ സാധ്യതകള്‍ ആരായേണ്ടിയിരിക്കുന്നു.

അറിവും അവബോധവും നഷ്‌ടമായതാണ്‌ പരസ്‌പരം തിരിച്ചറിയാന്‍ പ്രതിബന്ധമായത്‌. ഇതര മതമൂല്യങ്ങളെയും പാരമ്പര്യങ്ങളെയും അറിയാന്‍ ഗൗരവവും കാര്യപ്രസക്തവുമായ ഒരു പരിശ്രമവും ആധികാരിക സ്രോതസ്സുകളുടെ വെളിച്ചത്തില്‍ നടന്നിട്ടില്ല. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അല്‍ബിറൂനി രചിച്ച കിതാബുല്‍ ഹിന്ദ്‌ എന്ന ഗ്രന്ഥത്തിന്‌ ശേഷം ഹിന്ദു മതാചാര സംസ്‌കാരങ്ങളെ വിശദമായി വിലയിരുത്തിക്കൊണ്ടുള്ള ഗൗരവതരമായ പരിശ്രമം ഉണ്ടായിട്ടില്ല. ഇന്ന്‌ നമ്മുടെ മതപാഠശാലകളില്‍ മറ്റു മതവിഭാഗങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, ഉപരിപ്ലവവും അല്‍പമാത്ര വിവരവും ഉള്ളവരാണ്‌ ഈ വിഷയത്തില്‍ നമ്മുടെ മതാധ്യാപകര്‍. ഇവിടെയെല്ലാം അനിവാര്യമായ മാറ്റം വരേണ്ടതുണ്ട്‌.

സാമൂഹികമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഹിന്ദുക്കളും മുസ്‌ലിംകളും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. ഇത്‌ ഇരു വിഭാഗങ്ങള്‍ക്കിടയിലുമുള്ള സംവാദങ്ങളുടെ സാധ്യതയിലേക്ക്‌ വഴിതുറക്കും. ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയ്‌ക്കു ശേഷവും ഗുജറാത്ത്‌ നരഹത്യക്ക്‌ ശേഷവും മുസ്‌ലിംകള്‍ അവര്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങള്‍/ഗല്ലികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം ഗല്ലിവല്‍കരണം ഉത്തരേന്ത്യയില്‍ വ്യാപകമാണ്‌. മുസ്‌ലിംപണ്ഡിതര്‍ ഇതിനെ അനുകൂലിക്കുകയും മുഹമ്മദ്‌ നബി(സ) ബഹുദൈവാരാധകരില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ ആജ്ഞാപിച്ചിട്ടുണ്ടെന്ന്‌ ഫത്‌വ നല്‍കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഈ പണ്ഡിതന്മാര്‍ പ്രവാചകവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ശത്രുക്കളുടെ പൂര്‍ണ ആധിപത്യമുള്ള മക്കയില്‍ മുസ്‌ലിംകളുടെ സ്വത്തിനും ജീവനും ഭീഷണി നേരിട്ട സന്ദര്‍ഭത്തില്‍ മഹാഭൂരിപക്ഷംവരുന്ന ആ ശത്രുക്കളില്‍ നിന്ന്‌ മുസ്‌ലിംകള്‍ സുരക്ഷിതത്വമുള്ള നാട്ടിലേക്ക്‌ മാറിത്താമസിക്കണമെന്ന്‌ പ്രവാചകന്‍ പറഞ്ഞത്‌ ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്‌.

വസ്‌തുതകളെ ശരിയാംവിധം വിലയിരുത്താന്‍ കഴിയാത്ത പണ്ഡിത ഫത്‌വകള്‍ സമുദായത്തിന്‌ കൂടുതല്‍ അപകടം വരുത്തും. അത്‌ ഇതര വിശ്വാസവിഭാഗങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടാനും, സഹകരണസാധ്യമേഖലകളായ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്‌ട്രീയ മേഖലകളില്‍ നിന്ന്‌ തിരസ്‌കരിക്കപ്പെടാനും സര്‍വോപരി ഇസ്‌ലാം മതത്തിന്റെ സന്ദേശപ്രചാരണമായ ദഅ്‌വ മണ്ഡലം ഇല്ലാതാവാനും കാരണമാകും. പരസ്‌പരം അടുക്കാനും അറിയാനുമുള്ള അവസരങ്ങളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്തുന്ന ഇത്തരം ജാതി-ഗല്ലിവത്‌കരണം പ്രത്യേകിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ ദോഷം ചെയ്യുന്നതാണ്‌. സമുദായം ഇത്‌ ഉപേക്ഷിക്കേണ്ടതുതന്നെയാണ്‌.

നമ്മുടെ നാട്ടിലെ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുടെ സുതാര്യതയ്‌ക്ക്‌ ചില വസ്‌തുതകള്‍ നാം അറിയേണ്ടതുണ്ട്‌. മധ്യകാലഘട്ടത്തില്‍ വളര്‍ന്നുവന്ന കര്‍മശാസ്‌ത്ര സരണികള്‍ അക്കാലത്തുള്ള മുസ്‌ലിം അമുസ്‌ലിം ബന്ധങ്ങളെ ചര്‍ച്ച ചെയ്‌തത്‌ എല്ലാ കാലത്തും പ്രയോഗിക്കുന്നതിന്‌ യാതൊരു പ്രസക്തിയുമില്ല. ഇത്തരം കര്‍മശാസ്‌ത്ര പണ്ഡിത ഫത്‌വകളെ അന്ധമായി അനുധാവനം ചെയ്യുന്ന മുസ്‌ലിംകള്‍, അമുസ്‌ലിംകളുമായുള്ള എല്ലാവിധ സൗഹൃദബന്ധങ്ങളെയും നിഷിദ്ധമായി ഗണിക്കുന്നു. കാലികമായി കര്‍മശാസ്‌ത്ര മേഖലയില്‍ വികാസം പ്രാപിച്ച ഫിഖ്‌ഹുല്‍ അക്വല്ലിയ്യാത്ത്‌ അഥവാ ന്യൂനപക്ഷങ്ങളുടെ ഫിഖ്‌ഹ്‌ ഈ രംഗത്ത്‌ ഏറെ സംഭാവനകള്‍ നല്‌കിയേക്കും. മുസ്‌ലിം സ്വീകരിക്കേണ്ടവിശാലവും വിവേകപരവുമായ നിലപാടുകളെ ഇതുവഴി നിര്‍ധാരണം ചെയ്യാനാകും.
ഇസ്‌ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയനായ, ആദര്‍ശ അനുഷ്‌ഠാന വിഷയങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത കണിശ നിലപാട്‌ സ്വീകരിച്ചിരുന്ന ഇസ്‌ലാമികപണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റ) അമുസ്‌ലിം ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷം സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനത്തെ സംബന്ധിച്ച്‌ തന്റെ ഇക്‌തിദാഉ സ്വിറാത്വില്‍ മുസ്‌തഖീം എന്ന ഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്‌. l

(വിവ: അബ്‌ദുറഹ്‌മാന്‍ തങ്ങള്‍)

7 പ്രതികരണങ്ങള്‍:

Noushad Vadakkel said...

>>>>ഇന്ത്യയിലുള്ള ഹിന്ദു-മുസ്‌ലിംകള്‍ക്കിടയിലുള്ള പ്രധാന പൊതുമണ്ഡലം അവരെല്ലാവരും ഇന്ത്യക്കാരാണെന്ന (ഭാരതീയ) വികാരമായിരിക്കണം. ഭാരതീയതയുടെ/ഭാരതീയന്റെ സാംസ്‌കാരിക ധാര്‍മിക അപചയത്തിന്‌ കാരണമാക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ഒന്നിച്ചുള്ള പ്രതിരോധത്തെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്‌. പാശ്ചാത്യലോകം പടച്ചുവിട്ട്‌ കയറ്റുമതി ചെയ്യുന്ന നിരീശ്വര നിര്‍മത ചിന്താപ്രസ്ഥാനങ്ങള്‍ക്കെതിരെയും അവ സമൂഹ നിര്‍മിതിയില്‍ സൃഷ്‌ടിക്കുന്ന ദുരന്താത്മകമായ അവസ്ഥകള്‍ക്കെതിരെയും യോജിച്ച നീക്കങ്ങള്‍ക്ക്‌ ഇന്ന്‌ പ്രസക്തിയേറിയിട്ടുണ്ട്‌. ബൗദ്ധികവും പ്രായോഗികവുമായ തലങ്ങളിലേക്ക്‌ ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള സംവാദങ്ങള്‍ ചെന്നെത്തേണ്ടതുണ്ട്‌.<<<<

അര്‍ത്ഥവത്തായ വാക്കുകള്‍ ...... നന്ദി പ്രിന്സാദ്‌ ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനു .....

Prinsad said...

>>> അറിവും അവബോധവും നഷ്‌ടമായതാണ്‌ പരസ്‌പരം തിരിച്ചറിയാന്‍ പ്രതിബന്ധമായത്‌. ഇതര മതമൂല്യങ്ങളെയും പാരമ്പര്യങ്ങളെയും അറിയാന്‍ ഗൗരവവും കാര്യപ്രസക്തവുമായ ഒരു പരിശ്രമവും ആധികാരിക സ്രോതസ്സുകളുടെ വെളിച്ചത്തില്‍ നടന്നിട്ടില്ല. <<<< ഇത്തരം തിരിച്ചറിവുകള്‍ വര്‍ഗ്ഗീ‍യതയുടെ വേരറുക്കും എന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയതയുടെ ആനുകൂല്യം പറ്റുന്നവര്‍ ഇത്തരം സംവാദങ്ങളെ ഭയപ്പാടോടെ വീക്ഷിക്കുന്നത്.

Anonymous said...

We should put all our efforts to make India a hindu nation. The conflicts will continue till this happens.

ഓലപ്പടക്കം said...

നല്ല പോസ്റ്റ്‌
@അനോണി: സ്വന്തം വ്യക്തിത്വം പോലും വെളിപ്പെടുത്താന്‍ നട്ടെല്ലില്ലാത്ത നിങ്ങളുടെയൊക്കെ പോലുള്ളവരാണ് ഈ നാടിന്‍റെ ശാപം

prachaarakan said...

നമ്മൾ ഒന്നാണ് ..

വിശ്വാസങ്ങൾക്കപ്പുറം സാഹോദര്യം നിലനിൽക്കട്ടെ

ഇവിടെ ഒരു കാമ്പയിൻ നടക്കുന്നതിന്റെ വിവരങ്ങൾ വായിക്കുമല്ലോ

സൌഹൃദഗ്രാമ.സുരക്ഷിതനാട്

M.A Bakar said...

good one ...

Unknown said...

അനൊണിയുടെ വാക്കുകള്‍ കന്ടില്ലെ, ഇന്ഡ്യയെ ഹിന്ദു രാജ്യം ആക്കുവാന്‍ ശ്രമിക്കുന്നവരും അല്ലെങ്കില്‍ അച്ചുമാമാന്‍ പറഞ്ഞത്
പോലെ മുസ്ലിം രാജ്യം (അങ്ങിനെ ഉണ്ടെങ്കില്‍) ആക്കുവാന്‍ നോക്കുന്നവരും ശാപമായ ഒരു നാണയം തന്നെ.
ഈ രാജ്യ ദ്രോഹികളെ ഓറ്റപ്പെടുത്തിയാലെ ഇന്ത്യയില്‍ സമാദാനM പുലരൂ.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്