റമദാന് പകര്‍ന്ന് നല്കിയ ആത്മ ചൈതന്യത്തിന്റെ അനുഭൂതി നുകര്‍ന്ന് കൊണ്ടായിരുന്നു പെരുന്നാള്‍ സുദിനത്തിലെ ഞങ്ങളുടെ അബഹ, ഖമീസ് മുഷൈയ്ത്ത് യാത്ര. ഗള്‍ഫ് മേഖലയിലെ ഏറ്റവും ചൂട് കൂടിയ മാസങ്ങളിലെന്നായ ആഗസ്റ്റ് മാസത്തിലെ ഈ പെരുന്നാളിന് ചൂട് കുറഞ്ഞ ഏതെങ്കിലും മേഖലയിലേക്ക് വേണം യാത്ര പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആ തീരുമാനവും തെരഞ്ഞെടുപ്പും ഒട്ടും തെറ്റിയില്ല എന്നത് പിന്നീടുള്ള അനുഭവ സാക്ഷ്യം.
ഗള്‍ഫ് മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയുടെ ഭാഗമായ അബഹ . സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലുള്ള അബഹ പ്രദേശങ്ങളില്‍ അത്യുഷ്ണ മാസങ്ങളായ ജൂലായ്, ആഗസ്റ്റില്‍ പോലും കുളിര്മയാര്ന്ന കാലാവസ്ഥയാണ്, അതുകൊണ്ട് തന്നെ സൗദിയില്‍ നിന്നും മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നുമായി ധാരാളം വിനോദ സഞ്ചാരികള്‍ ഈ മേഖലയിലേക്കെത്തുന്നു.
ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ രാത്രി 10 മണിയോടെ ഷറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക് യാത്ര തിരിക്കാനുള്ള ബസ്സും സഹയാത്രികരും സംഘാടകരായ ഫോക്കസ് ജിദ്ദയുടെ മറ്റ് ഭാരവാഹികളും എല്ലാം നേരെത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. രണ്ട് മണിക്കുറിനകം ഞങ്ങള്‍ അവിടെ നിന്ന് യാത്ര തിരിച്ചു. മാനു മദനി എന്ന് എടവണ്ണ സ്വദേശികളും മദനി എന്ന് ഞങ്ങളും സ്നേഹപൂര്‍വ്വം വിളിക്കാറുള്ള അഹമ്മദ് കുട്ടി മദനി ആയിരുന്നു യാത്രയുടെ അമീര്‍. യാത്രയുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം ഞങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരുന്നു. തുടര്‍ന്ന് സുബഹ് നമസ്ക്കാരം വരെ ഉറങ്ങാനുള്ള സമയമായിരുന്നു. പെരുന്നാള്‍ രാവിന് പലരും ഉറങ്ങിയിട്ടുണ്ടാവില്ല അതുകൊണ്ട് തന്നെ പലരും പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. എനിക്കും യാത്രയുടെ കോഡിനേറ്റര്‍ ആയ ഹിജാസിനും ഉറക്കം വരുന്നില്ല ഒരു പക്ഷെ അമ്പതോളം ആളുകളെ നയിച്ചു കൊണ്ടുപോകുന്നതിന്റെ ആകാംഷയാകാം.
ബസ്സ് ജിദ്ദ നഗരം പിന്നിട്ട് ജിസാന്‍ റോഡിലൂടെ പായുകയാണ്. മുന്‍സീറ്റില്‍ തന്നെ ആയതിനാല്‍ ഇടക്ക് എന്റെ കണ്ണ് സ്പീഡോ മീറ്ററില്‍ ഉടക്കി നില്‍ക്കുന്നുണ്ട്. അല്‍ഹംദുലില്ലാഹ് ഡ്രൈവര്‍ അബൂ ഷാദി 80 ന് മുകളിലേക്ക് ഏടുക്കുന്നില്ല. ഇസ്ലാഹി സെന്ററിലെ ഹാരിസ് കൂടിയായ ഗഫൂര്‍ക്ക എന്ന് വിളിക്കുന്ന അബ്ദുല്‍ ഗഫൂര്‍ സാഹിബാണ് ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍. ഇടക്ക് അബൂ ഷാദിക്ക് ഫ്ലാസ്ക്കില്‍ നിന്നും കട്ടന്‍ ചായ പകര്‍ന്ന് നല്‍കുന്നുണ്ട് ഗഫൂര്‍ക്ക. അതിനിടെ വലത് വശം ചൂണ്ടിക്കാട്ടി ആ ഭാഗം കടലാണെന്നും നമ്മുടെ യാത്ര കടല്‍ തീരത്ത് കുടിയാണെന്നുമല്ലാം ഗഫൂര്‍ക്ക പറയുന്നുണ്ടായിരുന്നു. ജിസാന്‍ ഭാഗത്ത് എവിടെയോ ആയിരുന്നു അദ്ദേഹത്തിന്റെ കഫീല്‍. വര്‍ഷത്തില്‍ തന്റെ വിസ പുതുക്കാന്‍ വേണ്ടിമാത്രം നടത്തുന്ന യാത്രയുടെ അനുഭവത്തിലാണ് അദ്ദേഹത്തിന്റെ ഈ വിവരണം. ഗഫൂര്‍ക്കയെ പോലെ പതിനായിരങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. സൗദിയുടെ ഉള്‍ഗ്രാമങ്ങളിലുള്ള സപോണ്സര്മാക്ക് കീഴില്‍ വിസയിലെത്തുന്നവര്‍ ജോലി അന്വേഷിച്ച് നഗരങ്ങളായ ജിദ്ദയിലും റിയാദിലും ദമ്മാമിലും എത്തുന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന സ്പോണ്‍സര്‍മാര്‍, അവര്‍ക്കും ചുറ്റും കറങ്ങുന്ന ഏജന്റുമാരും ചൂഷണങ്ങളും കഷ്ടപ്പാടുകളും അങ്ങിനെ പലതും. നിതാഖാത്തിന്റെ ചുവന്ന വെളിച്ചത്തില്‍ ഒരു പരിധി വരെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടുണ്ട്.
ഗഫൂര്‍ക്ക, ഹിജാസ് കൊച്ചി, പിന്നെ മദനിയും |
യാത്രയുടെ ആരംഭത്തിലെ എട്ടുവരിപാത ആറുവരിയിലേക്കും ഇപ്പോള്‍ നാലുവരിയിലേക്കും ചുരുങ്ങിയിരിക്കുന്നു. ഇടക്കിടെ കൊച്ചു കൊച്ചു ജനവാസ കേന്ദ്രത്തിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. അത് കൃത്യമായി അറിയുന്നുണ്ടായിരുന്നു കാരണം ഒരോ ജനവാസ കേന്ദ്രങ്ങളിലെത്തുമ്പോഴും റോഡിലെ സ്പീഡ് ബ്രേക്കര്‍ ബസ്സിനെ ആകെ വിറപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവര്‍ ഇത്തരം അവസരങ്ങളില്‍ പരമാവധി പതുക്കെയാണ് വാഹനം ഓടിച്ചത്. ബസ്സിലെ ഉറങ്ങുന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതൊന്നും ഞങ്ങള്‍ പറയാതെ തന്നെ അദ്ദേഹം സ്വയം നിര്‍വ്വഹിക്കുന്നു എന്നറിയുമ്പോഴാണ് സിറിയക്കാരനായ കൊമ്പന് മീശക്കാരനെ ഞങ്ങള്‍ ഇഷ്ടപെട്ടു തുടങ്ങിയത്. കാണാന്‍ പരുക്കനാണെങ്കിലും നന്മ നിറഞ്ഞ മനസ്സിനുടമയായിരുന്നു അബൂഷാദി. യാത്രയിലുടനീളം അദ്ദേഹത്തിന്റെ സഹകരണം ഏറെ സഹായകരവുമായിരുന്നു.
പുലര്‍ച്ചെ 4 മണിയോടെ ബസ്സ് മുളര്രിഫിന് അടുത്ത് ഒരു പെട്രോള്‍ സ്റ്റേഷനില്‍ നിറുത്തി.. ഫജര്‍ നമസ്ക്കാരാനന്തരം അവിടെ നിന്ന് പുറപ്പെട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടതും ബസ്സ് ജിസാന്‍ റോഡ് വിട്ട് മഹായില്‍ റൂട്ടിലേ ഇടത്തോട്ട് തിരിച്ചു. ഏതാണ്ട് നല്ല വെളിച്ചം വെച്ച് തുടങ്ങിയിരുന്നു. മദനി വീണ്ടും മൈക്ക് എടുത്തു.. നീണ്ട പരിചയപ്പെടുത്തലും പാട്ടുകളും കവിതകളുമായി ബസ്സ് സജീവമായി. 7 മണിയോടെ പ്രാതല്‍ കഴിക്കാനുള്ള സൗകര്യം ഞങ്ങള്‍ അന്വേഷിച്ച് തുടങ്ങി... അതാ കുറച്ചകലെ ഒരു റോഡരികില്‍ നിന്ന് മാറി വിശാലമായ ഒരിടം നാട്ടിലെ ചന്ത പോലെ താല്‍ക്കാലിക ഷെഡ് എല്ലാം ഉണ്ടായിരുന്നു അവിടെ. അബൂഷാദി ബസ്സ് ആ വഴിയിലേക്ക് തിരിച്ചു. ഗഫൂര്‍ക്ക പായയും മറ്റും വിരിച്ച് അറേബ്യന്‍ തനിമയാര്‍ന്ന ഞങ്ങളുടെ പ്രാതല്‍ വിതരണം ചെയ്തു തുടങ്ങി. ഖുബ്ബൂസും ഹലാവയും വിവിധ തരം ഒലീവുകളും ജാമുകളുമായി ഒരു വിത്യസ്ഥ ബ്രേക്ക്ഫാസ്റ്റ്. ഗള്‍ഫിലെ ബഹുഭൂരിപക്ഷം വരുന്ന ബാച്ചിലര്‍ പ്രവാസികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു സംവിധാനം തന്നെ ഇല്ല എന്ന വസ്തുത ഇവിടെ സ്മരിക്കട്ടെ..
![]() |
മുദരിഫിനും മഹായിലിനും ഇടയ്ക്ക് ചെറിയ ഇടവേള |
ബ്രേക്ക്ഫാസ്റ്റിന്റെ ബ്രേക്ക് കുട്ടികള്‍ ആഘോഷിച്ചപ്പോള്‍ |
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏടുകളില്‍നിന്ന് തയ്യാറാക്കിയ സഹയാത്രികനായ റഹ്മത്തുല്ലയുടെ ക്വിസ്സ് പ്രോഗ്രാമും കുട്ടികളുടെ പാട്ടുകളും മറ്റുമായി സമയം പോയതറിഞ്ഞില്ല, ബസ്സ് മഹായില്‍ എന്ന ചെറിയ പട്ടണം കഴിഞ്ഞ് ഒരു പാട് മുന്നേറി. തുടര്‍ന്ന് ഒരിടത്ത് ബസ്സ് സൈഡാക്കിയ ഡ്രൈവര്‍ തൊട്ടടുത്ത കടയിലേക്ക് പോയി. തിരികെ വന്ന അബൂ ഷാദി അസ്വസ്ഥനായിരുന്നു. മുന്നോട്ട് യാത്ര അസാധ്യമാണ് പോലും ഈ വഴി ബസ്സ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. വന്‍ കയറ്റത്തോട് കുടിയ സിംഗിള്‍ റോഡാണ് മുന്നോട്ട്. അബൂഷാദി അടുത്ത സിഗിനലില്‍ നിന്നും ബസ്സ് തിരിച്ചു. തൊട്ടടുത്ത ഒരു യൂട്ടിലിറ്റി കാറില്‍ (ഉനൈത്ത്) വന്ന സ്വദേശിയോട് വഴി ചോദിച്ചു. ഏതാണ്ട് 40 കി. മി തിരികേ ഓടി മഹായില്‍ എത്തി തിരിഞ്ഞു ചുരം റോഡിലേക്ക് നീങ്ങണമെന്ന ഉപദേശമാണ് ലഭിച്ചത്. 10 മണിക്ക് മുമ്പേ ഖമീസില്‍ എത്തി റെസ്റ്റ് എടുക്കാമെന്ന് കരുതിയ ഞങ്ങള്‍ക്ക് ഈ വാര്‍ത്ത കുറച്ച് നിരാശ നല്കി. ഞങ്ങളുടെ ടൂര്‍ കോഡിനേറ്റര്‍ വീണ്ടും സജീവമായി. ഇജാസ് തന്റെ ജി.പി.സ് എടുത്ത് ഡ്രൈവറുടെ മുന്‍ വശത്ത് ഫിക്സ് ചെയ്യുകയും ഡ്രൈവറുടെ അടുത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഇതിനിടെ എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
![]() |
അബഹ ചുരം റോഡിന്റെ ആരംഭം |
ഏതാണ്ട് 20 മിനുറ്റ് ദൈര്‍ഘ്യമുള്ള എന്റെ ഉറക്കമുണര്‍ന്നപ്പോള്‍ ഹിജാസ് ജിപി എസ്സ് മായി തന്റെ സീറ്റിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. കൃഷിയിടങ്ങളിലൂടെയാണ് ഇപ്പോള്‍ ബസ്സ് നീങ്ങി കൊണ്ടിരിക്കുന്നത്, ഇരു വശത്തും ചോളപാടങ്ങള്‍ കാണാവുന്നതാണ്. വലിയൊരു പര്‍വ്വതത്തെ വലം വെച്ച് കൊണ്ട് നീങ്ങിയ റോഡ് വളവുകളും കയറ്റങ്ങളുമായി പുതിയ കാഴ്ച്ചകള്‍ നല്കാന് തുടങ്ങി. മുന്നോട്ട് നിങ്ങുംതോറും എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റെ വിസ്മയകരമായ കാഴ്ച്ചകള്‍ ഞങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടേ ഇരുന്നു. ദൂരെ രട് പര്‍വ്വതങ്ങളെ കൂട്ടി ഇണക്കുന്ന ബൈഡ്ക്റ്റ് (പാലം) ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.. കുറച്ചു കൂടി അടുത്തപ്പോഴാണ് മനസ്സിലായാത് ആ പാലം നേറെ പര്‍വ്വതം തുരന്ന് ഉണ്ടാക്കിയ തുരങ്കത്തിനുള്ളിലേക്കാണ് നീങ്ങുന്നത് എന്ന്. ബസ്സിലെ ഉയര്‍ന്ന് സീറ്റ് കളില്‍നിന്ന് ചുരം റോഡിന്റെ വശങ്ങളിലെ അഘാതത ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു പക്ഷെ കാര്യാത്രകാര്ക്ക് അത് അനുഭവപ്പെട്ടുകൊള്ളണം എന്നില്ല, കാരണം റോഡിന്റെ കൈവരികള്‍ അവരുടെ കാഴ്ച്ചയെ മറച്ചേക്കാം. നമ്മുടെ താമരശ്ശേരി ചുരത്തിലെ പോലെ ഇവിടെയും മിക്ക ഇടങ്ങളിലും വാനരകൂട്ടങ്ങളെ കാണം ചിലര്‍ കൈവരികളിലൂടെ മാര്‍ച്ച് ചെയ്ത് വരുന്നുണ്ടായിരുന്നു. മക്കളായ റമിനും റിഹാനും റസീനും എല്ലാം യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. ചുരം റോഡ് പിന്നിട്ട് വീണ്ടും സമതലത്തിലൂടെയായി യാത്ര. പുറത്ത് കുളിര്മയാര്ന്ന കാലാവസ്ഥയായിരുന്നു. 11 മണിയോടെ ഞങ്ങള്‍ ഖമീസ് മുഷൈത്തില്‍ എത്തി. ഞങ്ങളെ സ്വീകരിക്കാന്‍ അവിടെ ഇസ്ലാഹി സെന്റെര് ഭാരവാഹിയായ അന്‍വര്‍ സാദത്ത് സാഹിബുണ്ടായിരുന്നു
![]() |
തുരങ്കത്തിലേക്ക് |
![]() |
ബയഡറ്റ് - മലനിരകളെ ബന്ധിപ്പിക്കുന്ന പാലം |
Towards Abha, above 2200 mtr from sea level |
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉറക്കകുറവും യാത്രയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് ജുമുഅ നമസ്ക്കാരത്തിന് കേവലം മണിക്കൂര്‍ മാത്രം. തിരക്കിട്ട് ബാത്ത് റൂമില്‍ കയറി ഷവര്‍ പേടിച്ചാണ് തുറന്നത് 11.30 മണിക്ക് ജിദ്ദയില്‍ ടാപ് തുറന്നാല്‍ കിട്ടുന്ന വെള്ളത്തില്‍ ചായ ഇടാം അത്രക്ക് ചൂടായിരിക്കും. എന്നാല്‍ നേറെ മറിച്ച് ഇവിടെ തണുത്ത ജലമായിരുന്നു ശരീരത്തില്‍ സ്പര്‍ശിച്ചത്. തികച്ചും ചില്ല്ഡ് ആയ അനുഭവം. അബഹയിലെ തണുത്ത വെള്ളത്തോടൊപ്പം എന്റെ ക്ഷീണമെല്ലാം ഒഴുകിപ്പോയി. ഉടന്‍ ഡ്രസ്സ് ചെയ്ത് പള്ളി ലക്ഷ്യമാക്കി നടന്നു. ജുമ നമസ്ക്കരാനന്തരം വീണ്ടും റൂമില്‍ തിരിച്ചെത്തുമ്പോഴേക്കും അനുവര് സാഹിബ് ഭക്ഷണവുമായി എത്തിയിരുന്നു. വൈകീട്ട് എല്ലാവരോടും തയ്യാറായി നില്ക്കാന് ആവശ്യപെട്ടുകൊണ്ട് അദ്ദേഹം തിരികെ പോയി. ഞങ്ങളെല്ലാവരും ഒരു ഉണ്ണിയുറക്കത്തിനുള്ള തയ്യാറെടുപ്പിലായി.
നാലരമണിക്ക് ഹിജാസ് മൊബൈലില്‍ വിളിക്കുമ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ബസ്സ് പുറപ്പെടാന്‍ നില്ക്കുന്നു. ഉറങ്ങുന്ന കുഞ്ഞുങ്ങളുമായി ഞാന്‍ ബസ്സില്‍ കയറി. ചിലരുടെ നോട്ടത്തില്‍ അനിഷ്ടം തിരിച്ചറിയാന്‍ കഴിഞ്ഞു. അതാ എനിക്ക് ശേഷവും ഒന്നു രണ്ട് പേര് ബസ്സില്‍ ഓടി കയറുന്നു. അപ്പോഴാണ് എനിക്ക് സമാധാനമായത്, :) എന്നെക്കാള്‍ വൈകിയവര്‍ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അത്. ഇപ്പോഴത്തെ യാത്ര അബഹ ഡാം ലക്ഷ്യമാക്കിയാണ്. പര്‍വ്വതനിരകളിലെ ഇടക്കുണ്ടാകുന്ന മഴ താഴ്വാരങ്ങളില് മഴവെള്ള പാച്ചിലില്‍ നിന്നും സംരക്ഷിക്കാനാണ് മുഖ്യമായും ഈ റിസര്‍വോയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഖമീസ് മുശൈത്തില്‍ നിന്ന് അബഹ ലക്ഷ്യമാക്കി ബസ്സ് യാത്ര തുടങ്ങി. അബഹയും ഖമീസും ഒട്ടിച്ചേര്‍ന്ന രണ്ട് പട്ടണങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത് രണ്ട് നഗരങ്ങള്‍ക്കിടയിലെ പ്രത്യേകം വേര്‍ത്തിരിവുകള്‍ ഒന്നും ഒരിക്കലും അനുഭവപെട്ടില്ല. ബസ്സ് നഗരം പിന്തള്ളി കുന്നിന് ചരിവുകളിലൂടെ നീങ്ങി. ബസ്സിലെ ആസ്ഥാന ഗായകരായ റഷീദ് പേങ്ങാട്ടിരിയും അബ്ദുല്‍ ഗഫൂര്‍ വല്ലാഞ്ചിറയും അടങ്ങുന്ന സംഘം പാടികൊണ്ടേയിരുന്നു. റോഡിനിരുവശവും പാറക്കൂട്ടങ്ങള്‍.. അത് ഒന്നിന് മേലെ ഒന്ന് തോതില്‍ അടുക്കി വെച്ചിരിക്കുന്നു... പാറകെട്ടുകള്‍ക്കിടയില്‍ ചെറിയ വെള്ളകെട്ടുകള്‍ കാണാന്‍ തുടങ്ങി. കുറച്ച് കഴിയുമ്പോള്‍ ആ വെള്ളക്കെട്ട് വിശാലമായി വരുന്നു.. വെള്ളകെട്ടിനെ രണ്ടായി മുറിച്ച് കൊണ്ടാണ് റോഡ് നീങ്ങുന്നത് ഇത് തന്നെ ആകും ഡാം സൈറ്റ് എന്ന് ഉറപ്പിച്ചു. വഴികാട്ടിയായിരുന്നു അന്‍വര്‍ സാഹിബ് കുറച്ച് വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. റിസര്‍വോയര്‍ ഏരിയയിലേക്ക് ബസ്സ് പോകുമോ എന്ന് പരിശോധിക്കാന്‍ പോയതാണ് അദ്ദേഹം. തിരികെ വന്ന അദ്ദേഹം ഗ്രീന്‍ സിഗ്നല്‍ നല്കി. സൗദി അറേബ്യയില്‍ ഇത്രവലിയ വെള്ളക്കെട്ട് ആദ്യമായി കാണുകയായിരുന്നു. തേക്കടിയില്‍ ബോട്ട് സവാരിക്ക് ഇറങ്ങുന്നപ്പോലെ ഞങ്ങള്‍ വെള്ളക്കെട്ടിനടുത്തേക്ക് ഇറങ്ങി നടന്നു. ചിലര്‍ക്കെങ്കിലും വെള്ളത്തില്‍ ചാടാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നീന്തല്‍ അനുവദനീയമായിരുന്നില്ല. അങ്ങകലെ കുറച്ച് പേര് ചുണ്ടലിടുന്നുണ്ട്. തൊട്ടപ്പുറത്ത് ഒരാള്‍ വല വീയുന്നതും കാണാമായിരുന്നു. അതിനിടയ്ക്കാണ് പ്രമുഖ എഴുത്ത്കാരനും പ്രവാസിയുമായ അബു ഇരിങ്ങാട്ടിരിയെയും സംഘത്തിനെയും കാണുന്നത്. അവരും ജിദ്ദയില്‍ നിന്നാണ് വരുന്നത്. ഒരു ഓര്മ്മക്കുറിപ്പിനെന്ന പോലെ കുറച്ച് ഫോട്ടോകള്‍ എടുത്തു.
അബൂ ഇരിങ്ങാട്ടിരിക്കും സംഘത്തിനുമൊപ്പം |
അബഹ നഗരത്തിലെ ഉയര്‍ന്ന ഒരു മലയാണ് ഗ്രീന്‍ മൌണ്ടേന്‍.. രാത്രികാലങ്ങളില്‍ ഗ്രീന്‍ മൌണ്ടേനില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. ഏതാണ്ട് അബഹ നഗരം മുഴുവന്‍ ഗ്രീന്‍ മൌണ്ടേനിന്ന് കാണാം. താരതമ്യേനെ ചെറിയ ഒരു റോപ്പ് വേ അവിടെ ഉണ്ടായിരുന്നു. അത് അത്രയ്ക്ക് ആകര്‍ഷണീയമല്ല എന്ന മുന്നറിയിപ്പ് അന്‍വര്‍ സാഹിബ്തന്നിരുന്നു. അതിനാല്‍ ആ ഭാഗത്തേക്ക് അധികം ശ്രദ്ദിച്ചില്ല. മലയുടെ ഏതാണ്ട് പകുതി വരെ മാത്രമെ വലിയ വാഹനങ്ങള്‍ പോകൂ. കവാടത്തിനരികെ ബസ്സിറങ്ങി ഞങ്ങള്‍ മുന്നോട്ട് നടന്ന് നീങ്ങി.
പച്ചവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുകയാണ് പച്ചമല. താഴെ നിയോണ്‍ വെളിച്ചത്തില്‍ തിളങ്ങുന്ന അബഹ നഗരം.. കയറ്റം കുടി വന്നു. മുന്നോട്ടുള്ള യാത്ര അതികഠിനം തന്നെ ആയിരുന്നു. ഇടക്ക് പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു വാന്‍ സര്‍വീസ് കിട്ടി. എന്റെ തോളിലിരുന്ന രണ്ടര വയസ്സുകാരന് റമിന് മോന്റെ ആനുകൂല്യത്തിലായിരുന്നു ആ യാത്ര. മലമുകളില്‍ റോപ്പ് വേ സ്റ്റേഷനും, റസ്റ്റോറന്റ് കളും. കംഫര്‍ട്ട് സ്റ്റേഷനും ചെറിയ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് സംവിധാനവും അടക്കം വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലായിടവും ഒന്ന് ചുറ്റിക്കണ്ടു, റസ്റ്റോറന്റിന്റെ ഒരു ഭാഗത്ത് വലിയ ഒരു ആട് കമ്പില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു. കോഴി തിരിയുന്നത് ഗള്‍ഫിലെയും ഇപ്പോള്‍ നാട്ടിലെയും പതിവ് കാഴ്ച്ചയാണെങ്കിലും ആട് തിരിയുന്ന കാഴ്ച്ച ആദ്യമായിട്ടായിരുന്നു. അതിനിടയ്ക്ക് നാസര്‍ മലൈബാരി അതിന്റെ വില ചോദിച്ചു. 1500 റിയാല്‍ ആയിന്നു ആ മുഴുവന്‍ ആടിന്റെ വില. അതു പോലെ പല തരത്തിലുള്ള അറേബ്യന്‍ വിഭവങ്ങള്‍ വ്യത്യസ്തമാര്‍ന്ന കൌണ്ടറുകളില്‍ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. റസ്റ്റോറന്റിന്റെ ചില്ലുജാലകങ്ങളിലൂടെയുള്ള അബഹ നഗരത്തിന്റെ രാത്രികാല ദൃശ്യം അതി മനോഹരമായിരുന്നു. ഇടയ്ക്ക് കോടമഞ്ഞ് കാഴ്ച്ചമറക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 10 മണിയോടെ തിരികേ കുന്നിറങ്ങി. ബസ്സിന് സമീപം ഒരു ആന്റിക്ക് ഷോപ്പ് ഉണ്ടായിരുന്നു. പരമ്പരാഗത വസ്ത്രങ്ങളും പാത്രങ്ങളും പണിയായുധങ്ങളും എന്തിന് പുരാതന നാണയങ്ങള്‍ വരെ അവിടെ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഒരുക്കിയിട്ടുണ്ടായിരുന്നു. ഗ്രീന്‍ മൌണ്ടേനില്‍ വെച്ച് ജിദ്ദയിലെ മറ്റൊരു സംഘവും ഞങ്ങളോടൊപ്പം ചേര്‍ന്നിരുന്നു. ബ്ലോഗര്‍ ഇ.പി. സലീമും കൂട്ടുകാരുമായിരുന്നു അത്. വൈകാതെ ഞങ്ങള്‍ ഖമീസിലെ റൂമിലേക്ക് തിരിച്ചു. 11 മണിയോടെ ഭക്ഷണം കഴിച്ച് ഏസി ഇല്ലാത്ത ഗള്‍ഫിലെ ആദ്യ ഉറക്കത്തിനുള്ള തയ്യറെടുപ്പിലായിരുന്നു.
ഞങ്ങളുടെ യാത്രയുടെ പ്രധാനപ്പെട്ട ദിവസമായ ശനിയാഴ്ച്ച രാവിലെ 7.30 മണിയോടെ തന്നെ ബസ്സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ ഗൈഡ് അന്‍വര്‍ സാഹിബ് തൊട്ട് മുന്നില്‍ കാറുമായി ഉണ്ട്. അബഹ ടൌണിലെ ഒരു മലയാളി റെസ്റ്റോറന്റിലേക്കാണ് യാത്ര. പുട്ടും പൊറോട്ടയും ചപ്പാത്തിയും എന്നു വേണ്ട വിശദമായ ബ്രേക്ക്ഫാസ്റ്റ്. തുടര്‍ന്ന് ഇന്നത്തെ ആദ്യ ലക്ഷ്യമായ ഹബലയിലേക്ക് നീങ്ങി. ഫോക്കസ് ദമ്മാമിന്റെ 50 പേരടങ്ങുന്ന മറ്റൊരു യാത്രാ സംഘവും അവിടെ വെച്ച് ഞങ്ങളോടൊപ്പം കൂടി. ബെഞ്ചാലി എന്ന ബ്ലോഗിലൂടെ അറിവിന്റെ പുതിയ വാതയാനങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിട്ട പ്രമുഖ ബ്ലോഗര്‍ മുഹമ്മദ് യൂസഫും അതുപോലെ തന്നെ വിവിധ ആനുകാലികങ്ങളിലൂടെ പരിചിതനായ നജ്ജാത്തി, ഫോക്കസ് ദമ്മാമിന്റെ ഷബീര്‍ അങ്ങിനെ പരിചിത മുഖങ്ങള്‍ ഒരു പാട് ഉണ്ടായിരുന്നു ആ സംഘത്തില്‍.
അബഹ നഗരം പിന്നിട്ട് കുന്നിന് ചെരിവുകളിലൂടെ പുലര്‍കാലത്തെ യാത്ര വല്ലാത്ത അനുഭവമായിന്നു. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് കുന്നിന് മുകളിലെ സമതലത്തില്‍ എത്തി, നേര് രേഖയില്‍ പോകുന്ന റോഡ് ദുനിയാവിന്റെ അറ്റത്തേക്കാണോ പോകുന്നത് എന്ന് തോന്നിപ്പോയി. അതിനിടെ വലതു ഭാഗത്തായി പൊടുന്നനെ ആ കാഴ്ച്ച കണ്ടത്. ഒരു കൊച്ചു മലക്ക് മുകളിലൂടെ കോടമഞ്ഞ് ഒഴുകി നടക്കുന്നു. മറ്റൊരുഭാഗത്ത് കോടമഞ്ഞ് പതഞ്ഞു പൊങ്ങുന്നു. റോഡിനിരുവശവും കൊച്ചു തമ്പുകള്‍ കാണാം.. ഈ കാലാവസ്ഥ അനുഭവിക്കാനായ് വരുന്ന സ്വദേശികള്‍ക്ക് രാപാര്ക്കാനുള്ളതായിരുന്നു അത്. ബസ്സ് ഒരു വലിയ പാര്‍ക്കിങ്ങ് പ്രദേശത്ത് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി നടന്നു. ടേബിള്‍ ടോപ്പ് പോലെ ഉള്ള ഒരു പ്രദേശമായിരുന്നു അത്. കിഴക്കാം തൂക്കായ കുന്നിന് ചെരിവുകള്‍ നിറഞ്ഞ ഒരു പ്രദേശം. കോടമഞ്ഞില്‍ നിന്ന് തെളിഞ്ഞ് വരുന്ന ചുകന്ന പാറക്െട്ടുകളുടെ ആ കാഴ്ച്ച വല്ലാത്ത ഒരു അനുഭവമായിരുന്നു.
അറബിയില്‍ ഹബല എന്ന പദത്തിനര്‍ത്ഥം കയര്‍ എന്നാണ്. 1970 കള്‍ വരെ ഈ താഴ്വരയില് ശക്തരും ധീരരുമായ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്നു. പാറകെട്ടുകളില്‍ ബന്ധിച്ച കയറിലൂടെ ആയിന്നു അവരുടെ ഗ്രാമത്തിലേക്ക് ഊര്‍ന്നിറങ്ങിയിരുന്നത്. തങ്ങളുടെ ഗോത്രത്തിന് പുറത്ത് ആരോടും സമരസപ്പെടാതിരുന്ന ഈ ഗോത്രവര്‍ഗ്ഗക്കാര്‍ സൌദി അറേബ്യയിലെ സ്വദേശികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന കിംഗ് ഫൈസല്‍ രാജാവിന്റെ സ്നേഹ വായ്പ്പകള്‍ക്ക് മുന്നില്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു. പ്രവിശ്യ ഗര്ണ്ണറായിരുന്നു ഖാലിദ് രാജകുമാരെന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ ഹെലികോപ്റ്ററുളുടെ സഹായത്തോടെയും മറ്റും അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ വില്ലേജിലേക്ക് മാറ്റി പാര്പ്പിക്കുകയായിന്നു എന്നത് ഹബലയുടെ ചരിത്രം. ഹബലയിലെ ആ പഴയ ഗ്രാമത്തിലേക്ക് കേബിള്‍ സര്‍വ്വിസ് ഉണ്ടെങ്കിലും സമയ കുറവ് കാരണം സന്ദര്‍ശിക്കാനായില്ല.
ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇപ്പോള്‍ പോകുന്നത് അല്‍ സുദ ലക്ഷ്യമാക്കിയാണ്. ഇത് വരെ രണ്ട് കേബിള്‍ കാര്‍ സര്‍വ്വീസുകള്‍ ഞങ്ങള്‍ സ്കിപ്പ് ചെയ്തു. ഗ്രീന്‍ മൌണ്ടേനിലും ഹബലയിലും. ഏഷ്യയിലെ തന്നെ മികച്ചതും സാഹസികവുമായ കേബിള്‍ കാര്‍ സര്‍വ്വീസ് ആണ് അല്‍ സുദയില്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നു. അബഹ നഗരം പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍ സുദ എന്ന സൈന്‍ ബോര്‍ഡുകള്‍ കണ്ടു തുടങ്ങി. ഒപ്പം വന്‍കിട ഹോട്ടല്‍ സംരഭകരുടെ പരസ്യങ്ങളും ഇന്റര്‍ കോണ്ടിനെന്റല് അടക്കം വന്‍കിട ഹോട്ടല്‍ ചെയിനുകള്‍ ഉണ്ടിവിടെ.. പച്ച പുതച്ച മലനിരകള്‍, കൃഷിയിടങ്ങള്‍ കാഴ്ച്ചമറക്കുന്ന കോടമഞ്ഞുകള്‍ എന്നിവയല്ലാം പിന്നിട്ട് ഞങ്ങല്‍ അല്‍ സുദ മലമുകളില്‍ എത്തി.
അതിനിടയ്ക്ക് കേബിള്‍ കാര്‍ ടിക്കറ്റിനുള്ള ഓട്ടം തുടങ്ങി മഞ്ഞും മഴയും കാരണം സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നു. അതേ സമയത്ത് തന്നെ ഫോക്കസ് റിയാദിന്റെ 40 പേരടങ്ങുന്ന സംഘം അവിടെ എത്തിയിരുന്നു. ഞങ്ങള്‍ക്ക് മൊത്തം 120ല്‍ അധികം ടിക്കറ്റ് ആവശ്യമുണ്ടായിരുന്നു. റിയാദില്‍ നിന്നെത്തിയ ബഷീര്‍ ഒളവണ്ണയും ദമ്മാമിലെ റഫീക്ക് തങ്ങളും കേബിള്‍ കാര്‍ സര്‍വ്വീസ് മാനേജറുമായി സംസാരിച്ചു. മഴ മാറാതെ സര്‍വ്വീസ് തുടങ്ങില്ല. 100 ലധികം ടിക്കറ്റുകള്‍ പെന്റിങ്ങ് ഉണ്ട്. ഐ ആം സോറി എന്നായി അദ്ദേഹത്തിന്റെ മറുപടി. ഞങ്ങള്‍ ആകെ നിരാശാ ബാധിതരായി. ഹബലയിലെ കേബിള്‍ സര്‍വ്വീസ് മനമില്ലാ മനസ്സോടെ ആണ് ഒഴിവാക്കിയത്. ഒന്നും ഇല്ലാത്ത അവസ്ഥ. എംടിയുടെ ‘മഞ്ഞില്‍‘ വിമലാ ദേവി ഇടക്കിടെ നടത്തുന്ന ‘വരും വരാതിരിക്കില്ല’ എന്ന ആത്മഗതമാണ് ആ സമയത്ത് മനസ്സില്‍ കടന്ന് വന്നത്. ശുഭ പ്രതീക്ഷയോടെ ഞാന്‍ സമയം നോക്കി, ഒരു മണി കഴിഞ്ഞു അന്‍വര്‍ സാഹിബ് ഭക്ഷണവുമായി എത്തികൊണ്ടിരിക്കുന്നു. അത് കഴിഞ്ഞാകാം ഇനി ബാക്കി പരിപാടികള്‍ എന്ന് തീരുമാനിച്ചു. എല്ലാവര്ക്കും ഭക്ഷണം വിതരണം ചെയ്ത് കഴിഞ്ഞ് ഗഫൂര്‍ക്കയും ഫുആദ് സമാനും പിന്നെ ഹിജാസും കൂടി ഭക്ഷണത്തിനിരുന്നു. ഭക്ഷണം കഴിച്ച് തീരുംമുമ്പേ കാലാവസ്ഥ മാറി.. ഞങ്ങള്‍ക്ക് മുകളിലൂടെ കേബിള്‍ കാര്‍ ഓടിത്തുടങ്ങിയിരുന്നു.
എല്ലാവര്ക്കും ശേഷം അവസാനത്തെ കേബിള്‍ കാര്‍ ക്യാബില്‍ എന്റെയും ഹിജാസിന്റെയും കുടുംബങ്ങള്‍ യാത്ര തിരിച്ചു. ഞാന്‍ ഒന്ന് തിരിഞ്ഞ് താഴേക്ക് നോക്കുമ്പോള്‍ 3 കി.മി ഏറേ ദൈര്‍ഘ്യമുള്ള ഒരു ഗര്‍ത്തത്തിലേക്കാണ് ഞങ്ങളുടെ കേബിള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. അവിസ്മരണീയമായിരുന്നു ആ കാഴ്ച്ച. കേബിളുകള്‍ ബന്ധിപ്പിക്കുന്ന ടവരുകള്‍ക്ക് സമീപമെത്തുമ്പോള്‍ ചെറിയ കുലുക്കം ചിലരെയെങ്കിലും ഭയപ്പെടുത്തും. ഡൌണ്‍ സ്റ്റേഷനില്‍ നിന്നും തിരികെ കയറുമ്പോള്‍ സൂര്യന് അസ്തമയത്തോട് അടുത്തിരുന്നു. അല്‍ സുദയിലെ കേബിള്‍ കാറില്‍ സഞ്ചരിച്ചില്ലങ്കില്‍ അത് വലിയ നഷ്ടം തന്നെയാണ്. അല്‍ സുദയിലെ റോഡരികില്‍ മഗ്രിബും ഇശായും നമസ്ക്കരിച്ച് ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി. അബഹയിലെ ഒരു പാര്‍ക്കിലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണം അവിടെ എത്തിച്ചേരും അതിന് ശേഷമാണ് മടക്കയാത്ര.
പാര്‍ക്കിലെ പുല്‍തകിടിയില്‍ ഞങ്ങളെല്ലാവരും ഒത്തുചേര്‍ന്നു. വിവിധ മത്സര പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനവും അബഹയില്‍ ഞങ്ങള്‍ക്ക് ഭക്ഷണ താമസ സൌകര്യം ഒരുക്കിയ അബഹ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ക്കുള്ള കൃതജ്ഞതയും രേഖപ്പെടുത്തി. ഭക്ഷണ ശേഷം വൈകാതെ ഞങ്ങളുടെ ബസ്സ് ജിദ്ദ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. പുതിയ കാഴ്ചകളും അനുഭവങ്ങളും അതിലെല്ലാം ഉപരി ഒത്തിരി കൂട്ടുകാരെയും സമ്മാനിച്ച അബഹ യാത്ര അവിസ്മരണീയമാക്കിയ സര്വ്വശക്തന് നന്ദി...
ചിത്രങ്ങള്‍ : പ്രിന്സാദ് പാറായി & ഹിജാസ് കളരിക്കല്‍
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ലഭ്യമാണ്
16 പ്രതികരണങ്ങള്‍:
nice
വളരെ നന്നായി പറഞ്ഞു ട്ടോ . അബഹയെ ഓർക്കുമ്പോൾ തേൻ മണക്കുന്ന വഴികൾ എന്ന് മുസഫർ അഹമ്മദ് എഴുതിയത് ഓർമ്മ വന്നു. മരുഭൂമിയുടെ ആത്മകഥയിൽ . ഈ കുറിപ്പ് അങ്ങിനെ കുറെ സുഹൃത്തുക്കളെ കൂടി ഒർക്കാനുള്ളതായി . ഖമീസ് മുഷൈത് കേട്ടപ്പോൾ ഉസ്മാൻ കിളിയമണ്ണിലിനെയും . വായിച്ചു മുന്നോട്ട് പോയപ്പോൾ അതാ വരുന്നു ഇ . പി . സലിം എന്ന മറ്റൊരു സുഹൃത്ത് . പറഞ്ഞു വന്നാൽ ഇവരെയൊക്കെ കൂടെ നിങ്ങളോടൊപ്പം ഞാനും ഉള്ളപ്പോലെ ആയി .
ഇഷ്ടായി ട്ടോ ഈ യാത്രാകുറിപ്പ് .
സന്തോഷം
Good narration.. Nice photos..
വിവരങ്ങളോടൊപ്പം ചിത്രങ്ങളും.കാഴ്ച കാണുന്ന സുഖം നല്കിയ വായന.
മരഭൂമിയുടെ വന്യതക്കപ്പുറം മനം കുളിർപ്പിക്കുന്ന ധാരാളം ഇടങ്ങളുണ്ട് സൌദിയിൽ. യാത്രികന്റെ ആവേശവും സാഹസികതയും പ്രയോഗിക്കാൻ പറ്റിയ പ്രദേശങ്ങൾ. മരുപ്പച്ചകളും മലനിരകളും ചരിത്രം തുടിക്കുന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും...
വിശദമായ വിവരണം
ഈ യാത്ര മനോഹരമായി. കൂടെ കൂടിയ അനുഭൂതി
നന്ദി പ്രിൻസാദ്
അബഹയെന്ന മഞ്ഞണിഞ്ഞ സുന്ദരിയെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു പ്രിന്സാദ്. അറിയാത്ത വിവരങ്ങൾ കൂടി ഉള്‍ക്കൊള്ളുന്ന വിവരണം...
കോടമഞ്ഞ് പെയ്ത ആ നെട്ടുച്ചക്ക് മഴയുടെ അകമ്പടിയായി രണ്ടു തവണ ഇടിവെട്ടിയതും, പരസ്പരം കാണാതെ റോഡിലൂടെ എല്ലാവരും നടന്നതും ഒക്കെ ഓർമയിൽ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു.
നല്ല യാത്രാ വിവരണം.. റിയാദിൽ നിന്നു വന്നവരിൽ ഞാനുമുണ്ടായിരുന്നു. പക്ഷെ നിങ്ങൾ വിവരിച്ച ഹബല കാണാൻ പറ്റിയിട്ടില്ല ഇതുവരെ, ആഗ്രഹമുണ്ട്.... രസകരമായി.. നന്ദി...
യാത്രകൾ എന്നും മനസ്സിനെ മറ്റൊരു ചിന്തയിലേക്ക് നയിക്കുകയും , സ്തിര ചിന്തകളെ മാറ്റി മറിച്ച് യാത്ര അവസാനിക്കുമ്പോൾ പുതി ജീവിത സുഖാനുഭവം മനസ്സിലേക്ക് കൊണ്ട് വരികയും ചെയ്യാറുണ്ട്..........
ഈ എഴുത്ത് എന്നിലെ തീക്ഷണമായ ചൂടിനെ മെല്ലെ തണുപ്പിക്കാൻ കഴിഞ്ഞു, ചിത്രങ്ങളും വരികളും മനസ്സിനെ മഞ്ഞ് പുതപ്പിച്ചു
നല്ല വിവരണം
എല്ലാ ആശംസകളും
നല്ല എഴുത്ത് പ്രിന്സാദ് ബായി...
കൊതിപ്പിക്കുന്ന യാത്രാവിവരണം
പുനര്‍വായനയില്‍ ഒരു പുതുവായന. അഭിനന്ദനങ്ങള്‍ ...
ഫോട്ടോസ് കുറച്ചൂടെ നന്നാക്കാമായിരുന്നു! (എന്റെ എളിയ അഭിപ്രായം). വിവരണം അസ്സലായിട്ടോ.
ഒരുപാട് വ്യ്തസ്ഥമായ സ്ഥലങ്ങള്‍ ഉള്ള രാജ്യമാണ് സൗദി എന്ന് കേട്ടിരുന്നു ഇപ്പോള്‍ കണ്ടു മനസിലാക്കി.
അബാഹ പരിജയപ്പെടുത്തിയതിൻ നന്ദി, നല്ല യാത്രാവിവരണം
നന്നായി വിവരണം നടത്തി ... ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഈ പറഞ്ഞ സ്ഥലങ്ങളുടെയെല്ലാം അടുത്താണ് ... :)
അബഹ മരുഭൂമിയിലെ ഊട്ടി അല്ലെങ്കിൽ കൊെ ടൈക്കനാൽ എന്നു തന്നെ പറയാം ഞാൻ അബഹ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ (1998-2000) കാലഘട്ടത്തിൽ ജോലി ചെയ്തിരുന്നു വെയിറ്റർ ആയിരുന്നു ഓർക്കുമ്പോൾ ഇന്നും കുളിരു കോരും ഓക്സിജൻ കുറവാണെന്നുള്ളതാണ് അവിടുത്തെ പ്രശ്നം
Post a Comment