Tuesday, December 3, 2013

സ്വത്വം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരോടു പറയാനുള്ളത്‌

നവോത്ഥാനം  കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച്  പുരോഗമനവാദികളെല്ലാം ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും വേറിട്ട സങ്കല്‍പവും യാഥാര്‍ഥ്യവുമായിരുന്നു.  നവോത്ഥാനം ഉഴുതുമറിച്ച കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള്‍ വിലപിക്കാറുള്ളത്. എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ നവോത്ഥാനം എന്നെങ്കിലും പാശ്ചാത്യമാതൃകയില്‍ പുരോഗമിച്ചിട്ടുണ്ടോ? എല്ലാ കാര്യങ്ങളിലും  നാമവലംബിക്കുന്ന സ്തുതി/നിന്ദ ദ്വന്ദ്വസങ്കല്‍പത്തിന്റെ പരിമിതി ഇക്കാര്യത്തിലും മലയാളികളെ യാഥാര്‍ഥ്യത്തില്‍നിന്ന് അകറ്റുകയാണ്. മതമോ  ഇസമോ  പ്രസ്ഥാനങ്ങളോ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം ഇപ്പോഴും  ബോധ്യപ്പെടാത്തവരാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വലിയ വിഭാഗം.  അതുകൊണ്ടാണ്, വ്യത്യസ്തകൂട്ടായ്മകളുടെയും  സംവാദങ്ങളുടെയും പരിസരം ഉള്‍ക്കൊള്ളാന്‍പോലും നമ്മളില്‍ പലര്‍ക്കും കഴിയാത്തത്.
പതിനാലാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയില്‍ ആരംഭിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നവോത്ഥാന ചര്‍ച്ചകള്‍ തുടങ്ങിയത്.  മധ്യകാലത്തെ മറികടക്കുന്ന ദാര്‍ശനികവും   കലാപരവും യുക്തിപരവും സാങ്കേതികവുമായ മുന്നേറ്റങ്ങള്‍കൊണ്ടാണ് പടിഞ്ഞാറന്‍ നവോത്ഥാനം അടയാളപ്പെടുത്താറുള്ളത്.  ടോളമിയുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്ന് വിഭിന്നമായി കോപ്പര്‍നിക്കസിന്റെ സൗരയൂഥസിദ്ധാന്തവും തത്ത്വചിന്തയില്‍ മാനവകേന്ദ്രിതവാദങ്ങളും ക്ലാസിക്കല്‍ കൃതികളുടെ പുനര്‍വായനയും സാമ്പ്രദായികവ്യവസ്ഥയെ  ഉല്ലംഘിച്ചുകൊണ്ട്  പ്രത്യക്ഷപ്പെട്ടത് പാശ്ചാത്യ നവോത്ഥാനത്തിന്റെ പ്രത്യേകതയാണ്.  ഉല്‍പാദനക്രമത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ മാറ്റം, അളവിന്റെയും തൂക്കത്തിന്റെയും മണ്ഡലത്തില്‍ സംഭവിച്ച കൃത്യത, മത (ദൈവ/പുരോഹിത) കേന്ദ്രിത ഭരണക്രമത്തെ മറികടക്കുന്ന മാനവകേന്ദ്രിത രാഷ്ട്രീയ വിവക്ഷകള്‍, നീതിയെക്കുറിച്ചും മനുഷ്യന്റെ അന്തഃസത്തയെക്കുറിച്ചും നടന്ന സംവാദങ്ങള്‍, ചിത്രകലപോലുള്ള കലാവിഷ്‌കാരങ്ങളില്‍ സംഭവിച്ച രൂപപരമായ വിച്ഛേദം ഇങ്ങനെ നിരവധി കാര്യങ്ങള്‍ പാശ്ചാത്യനവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.
പാശ്ചാത്യനവോത്ഥാനവും പാശ്ചാത്യ ആധുനികതയും വേറിട്ടുകാണാന്‍ പ്രയാസമാണ്. റെനെ ദക്കാര്‍ദില്‍ തുടങ്ങുന്ന കൃത്യതയെ സംബന്ധിക്കുന്ന ആശയം  പ്രബുദ്ധതയുടെയും  (enlightenment) നവോത്ഥാനത്തിന്റെയും  മൂലക്കല്ലായി മാറിയ ആധുനിക പരിപ്രേക്ഷ്യമായിരുന്നു. ജ്യാമിതീയ സത്യങ്ങള്‍പോലെ വ്യക്തവും കൃത്യവുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണമെന്ന വാദമാണ്  ദക്കാര്‍ദ് മുഖ്യമായും മുന്നോട്ടുവെച്ചത്. 1641ല്‍ ദക്കാര്‍ദ് 'പ്രഥമദര്‍ശനത്തിന്റെ ഗാഢചിന്ത' പ്രസിദ്ധീകരിക്കുന്നതിന്  വളരെ മുമ്പുതന്നെ (പന്ത്രണ്ടാംനൂറ്റാണ്ട്) ഇമാം ഗസ്സാലി സന്ദേഹരീതിശാസ്ത്രം  (Methodology of doubt) ആവിഷ്്കരിച്ചിരുന്നെങ്കിലും ഗസ്സാലിയുടെ ചിന്തകള്‍ മൗലികമായും  ഇസ്‌ലാംമത കേന്ദ്രിതവും വിശ്വാസകേന്ദ്രിതവുമായിരുന്നു. മിന്‍ ഹാജ്-അല്‍-ആബിദീന്‍ (Methodology of worshipers) എന്നാല്‍ വിശ്വാസത്തെ തിരിച്ചുപിടിക്കാനും വിശ്വാസികള്‍ക്കുവേണ്ടി പുനര്‍വായനക്കുമുള്ള ശ്രമമായിരുന്നുവെന്നുകാണാം.  കോളനീകരണം  ഇതര സംസ്‌കാരങ്ങളെയും ദേശീയതകളെയും കീഴടക്കിയത് യാഥാര്‍ഥ്യമാണെങ്കിലും മതകേന്ദ്രിത ദര്‍ശനങ്ങളെയും മതേതരചിന്തയെയും വേര്‍തിരിച്ചുകാണുന്നതില്‍ ഇത് തടസ്സമാവേണ്ടതില്ല.  ദക്കാര്‍ദിനെ ആധുനിക തത്ത്വചിന്തയുടെ പിതാവെന്ന് വിളിക്കുന്നതിന്റെ  സാംഗത്യവും ഇവിടെയാണ് ദര്‍ശിക്കേണ്ടത്.
ആധുനിക തത്ത്വചിന്തയില്‍ കോപ്പര്‍നിക്കന്‍ വിപ്ലവം കൊണ്ടുവന്ന ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ്തന്നെയാണ്  'എന്താണ് പ്രബുദ്ധത; ചോദ്യത്തിനുള്ള  ഉത്തരം' (1784) എന്ന സുപ്രസിദ്ധ നവോത്ഥാനലേഖനവും  രചിച്ചത്. കാന്റിന്റെ  പ്രബുദ്ധതയെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച പതിനെട്ടാം നൂറ്റാണ്ടില്‍തന്നെയാണ് പാശ്ചാത്യരാജ്യങ്ങളില്‍ (ജര്‍മനി, ഫ്രാന്‍സ്, യൂറോപ്പ്  മുതലായ ) വമ്പിച്ച  അവകാശസമരങ്ങള്‍  അരങ്ങേറിയത്.  1789ലെ ഫ്രഞ്ച് വിപ്ലവം ഉല്‍പാദിപ്പിച്ച സാഹോദര്യം, സമത്വം, സ്വാതന്ത്ര്യമെന്ന ആശയങ്ങളുടെ വ്യാപനം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അപക്വതയില്‍നിന്ന് പക്വതയിലേക്കുള്ള (from immaturity to maturity) വളര്‍ച്ചയായാണ് പ്രബുദ്ധതയെ കാന്റ് നിര്‍വചിച്ചത്. സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രാപ്തിയാണ് പക്വതനേടലായി വിവരിക്കുന്നത്. പ്രബുദ്ധതനേടാന്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. ''എല്ലാ കാര്യങ്ങളിലും പരസ്യമായി യുക്തി ഉപയോഗിക്കാനുള്ള  സ്വാതന്ത്ര്യമാണ് ''  അതെന്നും കാന്റ് വ്യക്തമാക്കുന്നുണ്ട്.  കാന്റിനെ പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ച പൗരോഹിത്യത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല പരസ്യമായി എന്തും വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം.
ക്രിസ്തുമതത്തിലും  മതകേന്ദ്രിത രാഷ്ട്രീയത്തിലും ഉയര്‍ന്നുവന്ന വിമര്‍ശവും പുനര്‍വായനയും പ്രതിരോധവും നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രദ്ധയര്‍ഹിച്ച സംഭവങ്ങളാണ്. ബൈബിളിന്റെയും ക്രിസ്തുമതത്തിന്റെയും പുനര്‍വായനയിലൂടെ  റോമാസാമ്രാജ്യത്തിന്റെ  പ്രത്യയശാസ്ത്ര അടിത്തറയെ പിടിച്ചുകുലുക്കുക എന്ന ദൗത്യം പ്രൊട്ടസ്റ്റന്റ്  മതവും  മാര്‍ട്ടിന്‍  ലൂഥര്‍ കിങ്ങും നിറവേറ്റിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, മതങ്ങള്‍ക്കപ്പുറം ഉല്‍പാദനസങ്കേതബദ്ധവും ( production techno centered) അനുഭവജ്ഞാന ആഗമന കേന്ദ്രിതവും (empirical  inductive) ആയ വിശകലന- വിമര്‍ശ പദ്ധതികളുടെ ആവിഷ്‌കാരവും ആവിര്‍ഭാവവും പാശ്ചാത്യ നവോത്ഥാനത്തിന്റെ ദിശയില്‍ മാറ്റമുണ്ടാക്കി. ഫ്രാന്‍സിസ് ബെക്കന്റെ  'നവ ഉപകരണം അഥവാ, പ്രകൃതിയുടെ വ്യാഖ്യാനത്തെ സംബന്ധിക്കുന്ന ശരിയായ ദിശ'(Novum Organum or the True Directions Concerning the Interpret-ation of Nature) പ്രസിദ്ധീകരിച്ചത് 1620ലാണ്.
ആധുനിക ശാസ്ത്രയുക്തിയുടെ പിറവിയാണ് ഈ കൃതിയിലൂടെ സംഭവിച്ചത്.  ബെക്കന്‍ അനുഭവജ്ഞാനവാദത്തിന്റെ പിതാവായി അറിയപ്പെടാന്‍  തുടങ്ങിയതിന്റെ കാരണം ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന ജ്ഞാനസമ്പാദന ശാസ്ത്രപരമായ വിച്ഛേദം പ്രകാശിപ്പിച്ചതുകൊണ്ടുതന്നെയാണ്. തീര്‍ച്ചയായും. പാശ്ചാത്യാധിനിവേശത്തിനും പടിഞ്ഞാറ്് കേന്ദ്രിതമായ  ജ്ഞാനരൂപങ്ങളുടെ വ്യാപനത്തിലും ഇതര ജ്ഞാനരൂപങ്ങളുടെ വികാസത്തെ തടയുന്നതിലും ഗണ്യമായ പങ്കുണ്ടായിരുന്നു. എന്നാല്‍, ഫ്രഞ്ച് വിപ്ലവം സമത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ലോകവ്യാപകമായി പ്രക്ഷേപിച്ച സന്ദേശംപോലെ പാശ്ചാത്യ  നവോത്ഥാന- പ്രബുദ്ധതാ പദ്ധതി ആധുനിക ശാസ്ത്ര സാങ്കേതിക വികാസം ആവശ്യപ്പെടുന്ന ഭൗതികജ്ഞാനസമ്പാദനശാസ്ത്രത്തിന്റെയും ഭൗതികവാദ -ആഗമന തര്‍ക്കശാസ്ത്രത്തിന്റെയും  (material logic or inductive logic) വ്യാപനത്തിനും കാരണമായിട്ടുണ്ട്.
പാശ്ചാത്യ അധിനിവേശ യുക്തിയെ ചെറുക്കുന്നതിന്റെ പേരില്‍  പാശ്ചാത്യ  നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രബുദ്ധതയെ സംബന്ധിക്കുന്ന ആശയങ്ങളെയോ അതുമായി ബന്ധപ്പെട്ടുതന്നെ വികാസം പ്രാപിച്ച യുക്തിരൂപങ്ങളെയോ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. വെള്ളക്കാരുടെ പുരുഷകേന്ദ്രിത/കീഴാള വിരുദ്ധ  ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകാശിപ്പിക്കുന്നതിനുപകരം, ജ്ഞാനസമ്പാദനശാസ്ത്രപരമായി നേടിയ മുന്നേറ്റത്തെതന്നെ നിരാകരിക്കുന്ന പ്രവണത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പച്ചക്കൊടി കാണിക്കലായി മാറും.  എഡ്വേര്‍ഡ് സെയ്ദിന്റെ 'പൗരസ്ത്യവാദം' യഥാര്‍ഥത്തില്‍ കോളനീകരണത്തിനുവേണ്ടി  പാശ്ചാത്യരുപയോഗിച്ച ഉത്തമ / അധമ ദ്വന്ദ്വത്തെയാണ്് തകിടംമറിക്കുന്നത്. കോളനിരാജ്യങ്ങളില്‍നിലനിന്നതോ, ഇപ്പോള്‍ നിലനില്‍ക്കുന്നതോ ആയ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാനല്ല സെയ്ദ് ശ്രമിച്ചത്.  മറിച്ച്, സാങ്കല്‍പികമായി പാശ്ചാത്യം/ പൗരസ്ത്യം എന്ന ദ്വന്ദ്വത്തെ ഉയര്‍ത്തി പാശ്ചാത്യേതരമായതിനെ  അധമമായി അടയാളപ്പെടുത്തുന്നതിനെയാണ് സെയ്ദ് പ്രശ്‌നവത്കരിച്ചത്.  സെയ്ദിന്റെ വിശകലനത്തെത്തുടര്‍ന്ന് വികാസംപ്രാപിച്ച പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ മുന്‍ കോളനിരാജ്യങ്ങളിലെ കൃതികളുടെയും ജ്ഞാനരൂപങ്ങളുടെയും സങ്കേതങ്ങളുടെയും പ്രാന്തവത്കരിക്കപ്പെട്ട  ജനസമൂഹങ്ങളുടെയും പുനര്‍വായനക്കും വ്യാഖ്യാനത്തിനും അവസരം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ ഉല്‍പാദിപ്പിച്ച ഊര്‍ജം ദുരുപയോഗിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ശാശ്വതീകരിക്കാനും പാശ്ചാത്യ നവോത്ഥാന ചിന്തയിലന്തര്‍ഭവിച്ച താര്‍ക്കികവിച്ഛേദം നിരാകരിക്കാനും ശ്രമിക്കുന്നത്  ജാഗ്രതയോടെ സമീപിക്കേണ്ടതാണ്.
സെയ്ദ് പാര്‍ശ്വവത്കരിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കീഴടക്കപ്പെടുന്നതിനെയും ഇകഴ്ത്തപ്പെടുന്നതിനെയും ചരിത്രവത്കരിക്കാനും സ്ഥാനപ്പെടുത്താനുമാണ് ശ്രമിച്ചത്.
റൂഡ്യാര്‍ഡ് കിപ്ലിങ്ങ് മുതല്‍ ജെ.എസ്. മില്‍വരെയുള്ള എഴുത്തുകാര്‍ ഇന്ത്യയെയും അറബ് ദേശീയതകളെയും അധമമായി ചിത്രീകരിച്ചതിന്റെ പിന്നിലുള്ള അധികാരഘടനയും രാഷ്ട്രീയലാക്കും വ്യക്തമാക്കാനാണ് സെയ്ദ് ശ്രമിച്ചതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, പുനര്‍വായനയുടെയും കോളനിയാനന്തരപഠനങ്ങളുടെയും യഥാര്‍ഥ സന്ദേശം ആന്തരവത്കരിച്ച് നിരൂപണമോ രചനയോ നിര്‍വഹിക്കാന്‍ നമുക്ക് കഴിയാതെപോവുന്നു എന്നതാണ് യാഥാര്‍ഥ്യം. മുതലാളിത്തത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിത്തത്തിനുതന്നെ കഴിയും. എന്നാല്‍, അകന്തോട് പൊട്ടിക്കാന്‍ തൊഴിലാളിവര്‍ഗംതന്നെ ആവശ്യമായ പ്രാപ്തി നേടണം. അതുപോലെ, ജാതിബദ്ധസമൂഹത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞ കേരളീയ നവോത്ഥാനത്തിന്റെ അകന്തോട് പൊട്ടിക്കാന്‍ ഇനിയും ബഹുദൂരം നാം സഞ്ചരിക്കേണ്ടിവരും.
കേരളത്തിലേക്ക് വരുമ്പോള്‍ നവോത്ഥാനപൂര്‍വ കേരളമായി വിവരിക്കുന്നത് ജാതി-ജന്മി-നാടുവാഴിത്ത കാലഘട്ടത്തെയാണ്. എന്നാല്‍, കേരളീയ സമൂഹത്തില്‍ നവോത്ഥാനചിന്തകരായി അവതരിപ്പിക്കപ്പെടുന്നവരെല്ലാം ജാതി നവീകരണത്തിന്റെയോ ജാതിമേധാവിത്വവിരുദ്ധ സമരത്തിന്റെയോ ഭാഗമായി ഉയര്‍ന്നുവന്നവര്‍ മാത്രമാണ്. അയ്യന്‍കാളിയെ ദലിത് വിമോചനത്തില്‍ നിന്നോ, ശ്രീനാരായണഗുരുവിനെ ഈഴവ-തിയ്യ വിമോചന പ്രസ്ഥാനത്തില്‍നിന്നോ, വൈകുണ്ഠ സ്വാമികളെ ദലിത് - ക്രൈസ്തവ പ്രസ്ഥാനത്തില്‍നിന്നോ, മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ മലബാറിലെ മാപ്പിളസമരത്തില്‍നിന്നോ, വി.ടി. ഭട്ടതിരിപ്പാടിനെ നമ്പൂതിരി യോഗക്ഷേമസഭയില്‍നിന്നോ മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞവരില്‍ ഒരു ചിന്താപദ്ധതിയെന്നോ ദര്‍ശനമെന്നോ നാമകരണം ചെയ്യാവുന്ന ആവിഷ്‌കാരം നടത്തിയത് ശ്രീനാരായണഗുരു മാത്രമാണ്. എന്നാല്‍, ഗുരുവിന്റെ ചിന്തകള്‍ മതരഹിത ഭൗതികവാദത്തിന്റെയോ, അനുഭവജ്ഞാനവാദത്തിന്റെയോ സമീപനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചതായി തെളിവില്ല.
ഗുരുവിനെ സംബന്ധിച്ചിടത്തോളം ജാതിരഹിത മാനവികത ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു ആത്മീയ ദര്‍ശനമായിരുന്നു ലക്ഷ്യം. ഗുരുവിന്റെ പ്രതിഷ്ഠകളുടെ ക്രമാനുഗതമായ വികാസവും ദാര്‍ശനികരചനയായ ആത്‌മോപദേശ  ശതകവും മറ്റും ഇതാണ് സൂചിപ്പിക്കുന്നത്. ശിവപ്രതിഷ്ഠയില്‍നിന്ന് വിളക്കിലേക്കും കണ്ണാടിയിലേക്കും ഗുരു ദേവാലയ സങ്കല്‍പത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചു. അതുപോലെ, രചനകളില്‍ സാര്‍വത്രികമാനവികത (Universal Humanism) എന്ന ആശയം സുവ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക ബലതന്ത്രത്തില്‍ മാറ്റംവരുത്താനാവശ്യമായ കര്‍മപദ്ധതികള്‍ ലക്ഷ്യംവെക്കുന്ന ആശയപരിസരമാണ് ഗുരു പ്രദാനം ചെയ്തത്.
ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് 1888ലാണ്. ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞ് 1916ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനമാല ഉള്‍പ്പെടെ മിക്ക രചനകളും അതിഭൗതിക ശക്തിയില്‍ വിശ്വാസവും സാക്ഷാത്കാരവും സങ്കല്‍പിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. സംശയരഹിതമായും ഗുരു ജാതിരഹിത സാമൂഹികഘടന ഉണ്ടാവണമെന്നും ജാതിസമ്പ്രദായത്തിലന്തര്‍ഭവിച്ച മനുഷ്യത്വവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും മോഹിച്ചുകൊണ്ടാണ് ഇടപെടലുകള്‍ നടത്തിയത്. 'ബ്രഹ്മാനുസന്ധാനത്തെ'യും 'പരയുടെ പാല്‍ നുകരലിനെ'യും സങ്കല്‍പിക്കാത്ത ശ്രീനാരായണഗുരു ഒരിക്കലും ജീവിച്ചിട്ടില്ല. 'ആത്‌മോപദേശ ശതക'വും 'ദര്‍ശനമാല'യും ഗുരുവിന്റെ രചനകളായതുകൊണ്ടും അവ പ്രകാശിപ്പിക്കുന്ന ആശയങ്ങളോട് ഒരിക്കലും ഗുരു സംഘര്‍ഷത്തിലേര്‍പ്പെടാത്തതുകൊണ്ടും ഇന്ത്യയിലെ സന്ത്പരമ്പരയില്‍പ്പെട്ട ഭക്തിപ്രസ്ഥാന കവികളില്‍നിന്നും ദാര്‍ശനികരില്‍നിന്നും വ്യത്യസ്തമായ ഒരു ദാര്‍ശനികസ്ഥലി (Philosophical Space) നാരായണഗുരുവിന് നല്‍കാന്‍ കഴിയില്ല. പാശ്ചാത്യ ആധുനികതയോടോ ആധുനികത തത്ത്വചിന്തയോടോ സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ചിന്തകനും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. ബെക്കനെപ്പോലെയോ ജെ.എസ്. മില്ലിനെപ്പോലെയോ ഇമ്മാനുവല്‍ കാന്റിനെപ്പോലെയോ ഒരു ദാര്‍ശനികനോ അതുപോലൊരു തത്ത്വചിന്താപദ്ധതിയോ ഇവിടെ രൂപപ്പെടാത്തത് മൂടിവെക്കുകയോ വക്രീകരിക്കുകയോ ചെയ്യാതെ നമ്മുടെ നവോത്ഥാനവും തത്ത്വചിന്തയും എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് കാണിക്കാനാണ് നാം യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്.
ഭാരതീയവും കേരളീയവുമായ സംഭാവനകളെ അനാവരണം ചെയ്യാനുള്ള ശ്രമത്തില്‍ നമ്മുടെ യഥാര്‍ഥ മുഖം മറച്ചുവെക്കാന്‍ ശ്രമംനടത്തിയാല്‍ ഫലം തികച്ചും പ്രതികൂലമായി മാറാനാണ് സാധ്യത. കേരളീയ / ഇന്ത്യന്‍ / പൗരസ്ത്യ ഗണിതശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് നടത്തിയ ശ്ലാഘനീയ ശ്രമംപോലും ഇത്തരത്തിലുള്ള ബോധപൂര്‍വമല്ലാത്ത വിള്ളലുകള്‍കൊണ്ട് തകര്‍ന്നുപോകുന്നതായി കാണാന്‍ കഴിയും. ഗീവര്‍ഗീസിന്റെ 'മയൂരശിഖ' (The Crest of the Peacock) ആരംഭിക്കുന്നത് വേദാംഗ ജ്യോതിഷത്തിലെ ഒരുദ്ധരണിയിലൂടെ ഗണിതത്തിന്റെ സ്ഥാനം മഹത്ത്വപ്പെടുത്തിയാണ്. ''മയിലുകള്‍ക്ക് ശിരസ്സിലെ ശിഖപോലെ സര്‍പ്പങ്ങള്‍ക്ക് ശിരസ്സിലെ രത്‌നങ്ങള്‍പോലെ എല്ലാ വിജ്ഞാനങ്ങളുടെയും മൂര്‍ധാവിലാണ് ഗണിതശാസ്ത്രത്തിന്റെ സ്ഥാനം.'' ഈ പുസ്തകത്തില്‍ എത്രവലിയ ശാസ്ത്രസത്യങ്ങള്‍ അനാവരണം ചെയ്താലും ആധുനിക ശാസ്ത്രയുക്തി പിന്തുടരുന്ന ഒരു വായനക്കാരന്/കാരിക്ക് ഈ ഉദ്ധരണികാരണം വായന തടസ്സപ്പെടുകതന്നെ ചെയ്യും.  കാരണം, രാമാനുജന് വഴികാട്ടിയായി ഗീവര്‍ഗീസ് പറയുന്ന ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പ്രഥമ ഉദാഹരണംതന്നെ ഇതുപോലെ അസംബന്ധമാണോ എന്ന ചോദ്യം വായനയില്‍ ഉയര്‍ന്നുവരും. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ പല്ലുകള്‍ കുറവാണെന്ന് അരിസ്‌റ്റോട്ടില്‍ സിദ്ധാന്തിച്ചതിന്റെ കാരണം അറിവുകേടു മാത്രമല്ല, അറിവിലേക്കുള്ള മാര്‍ഗത്തെക്കുറിച്ചുള്ള അജ്ഞതകൂടിയായിരുന്നു. ബര്‍ട്രാന്റ് റസല്‍ പില്‍ക്കാലത്ത് പരിഹാസപൂര്‍വം വിമര്‍ശിക്കുന്നതുപോലെ രണ്ട് ഭാര്യമാരുണ്ടായിട്ടും ഒരിക്കലെങ്കിലും പല്ലുകളുടെ എണ്ണം നോക്കിയിരുന്നെങ്കില്‍ ഇത്തരം അബദ്ധത്തില്‍ ചാടാതെ അരിസ്‌റ്റോട്ടിലിന് രക്ഷപ്പെടാമായിരുന്നു.
'നാഗാനംമണയോ യഥാ' എന്നത് വെറുമൊരു ആലങ്കാരികപ്രയോഗമാക്കി ചുരുക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഇന്നും പ്രചാരത്തിലുള്ള നാഗമുത്തിനെ സംബന്ധിക്കുന്ന അന്ധവിശ്വാസത്തെയാണ് ഇത് പിന്തുണക്കുന്നത്. ഗണിതശാസ്ത്രത്തില്‍ പ്രാവീണ്യമുണ്ടായിട്ടും സ്വന്തം പരിസരം നിലനിര്‍ത്തുന്ന അന്ധവിശ്വാസത്തെ ഉല്ലംഘിക്കാന്‍ കഴിയാത്തവരാണ് നാമെന്ന് ഇതരവായനക്കാര്‍ ഉറപ്പിക്കാനും ഇത് കാരണമാവും. ''as are the gems on the heads of snakes'' എന്ന ഉപമ രാജാവിന്റെ മുഖത്തെ ചന്ദ്രനോട് ഉപമിച്ചതുപോലെ കാണാന്‍ കഴിയാത്തത് ഈ പുസ്തകം ശാസ്ത്രീയമായ/യുക്തിപരമായ അന്വേഷണത്തില്‍ നാം പണ്ടേ മുന്നിലാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്താനും രചിക്കപ്പെട്ടതുകൊണ്ടാണ്.
കേരളം നവോത്ഥാനത്തെ കൈവിടുകയാണോ എന്ന് വിലപിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന മതാത്മകപരിസരമാണ് ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍, കേരളീയര്‍ എന്നാണ് മതാത്മകയുക്തിയെ ഉല്ലംഘിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ ഏണിപ്പടികള്‍ കയറി ഭൗതികവാദ-യുക്തിവാദ തട്ടകത്തില്‍ നിലയുറപ്പിച്ചത്? വഴിനടക്കാനും പ്രാര്‍ഥിക്കാനും കൂലി ലഭിക്കാനും സമരം ചെയ്തതാണോ നവോത്ഥാനം? കേരളീയ നവോത്ഥാനമായി നാം പറയുന്ന സവര്‍ണ-അവര്‍ണ പ്രസ്ഥാനങ്ങള്‍ ഇവിടെ ഒരു പൊതു ഇടം (Public Sphere) ഉണ്ടാക്കുന്നതിനാവശ്യമായ, സമരോത്സുകമായ ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ നടത്തിയത്. ഡോ. ടി. ഭാസ്‌കരന്‍ 'മഹര്‍ഷി ശ്രീനാരായണഗുരു'എന്ന കൃതിയില്‍ പറയുന്നപോലെ ''ജാതിശ്രേണിയില്‍ നടുക്കുനിന്നിരുന്ന ഈഴവരുടെ ഇടയില്‍നിന്നുതുടങ്ങി മേലോട്ടും കീഴോട്ടും വ്യാപിച്ച'' കേരളീയ നവോത്ഥാനത്തിന് ജാതികൂട്ടായ്മയുടെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല.
എന്നാല്‍, ജാതികൂട്ടായ്മയുടെ അകന്തോട് സ്‌പര്‍ശിക്കാന്‍ കേരളീയ നവോത്ഥാനത്തിന് കഴിയാതെപോയത് ആധുനിക ഉല്‍പാദനബദ്ധവും സങ്കേതകേന്ദ്രിതവുമായ ആഗമനതര്‍ക്കശാസ്ത്രത്തിന്റെയോ അനുഭവജ്ഞാനവാദത്തിന്റെയോ ദര്‍ശനം ഇവിടെ ഉയര്‍ന്നുവരാത്തതുകൊണ്ടാണ്. പൊതു ഇടം ഉയര്‍ന്നുവരാന്‍ സംഭവിച്ച കാലതാമസംതന്നെയാണ് അക്കാദമികമായ നവീനാശയങ്ങളുടെ വികാസത്തിനും തടസ്സമായത്.
ഗീവര്‍ഗീസ് പറയുന്നതുപോലെ യാഗത്തിന്റെ ക്ഷയംകൊണ്ട് തകര്‍ന്ന (ഗണിത)ശാസ്ത്ര പദ്ധതികള്‍ക്ക് നവ ഉപകരണങ്ങളായി (Novum Organum) വികാസംപ്രാപിക്കാന്‍ കഴിയാതെപോയത് നാം കാണേണ്ടതുണ്ട്. യാഗങ്ങള്‍ ക്ഷയിച്ചെങ്കിലും യാഗപ്പുക ഇന്നും നമ്മുടെ അകന്തോടിനെ  അതാര്യമാക്കിത്തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട്, നാം മറ്റുള്ളവരുടെ സ്വത്വത്തെ ഭയപ്പെടുകയും സ്വന്തം സ്വത്വത്തെ കെട്ടിപ്പുണരുകയും ചെയ്തുകൊണ്ട് വീഞ്ഞപ്പെട്ടികളില്‍ കയറിനിന്ന് ചായക്കോപ്പകളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

നിരീക്ഷണം: ഡോ. പി.കെ. പോക്കര്‍
Madhyamam Weekly

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്