Saturday, July 23, 2011

എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.

റാഷിദ്‌ സലീം ആദില്‍
/യോഗീന്ദര്‍ സിക്കന്ദ്‌

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്‌ട്രീയക്കാരനുമായ റാഷിദ്‌ സലീം ആദില്‍, ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഇസ്‌ലാം മതം പുല്‍കിയ ആക്‌ടിവിസ്റ്റാണ്‌. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും സംസാരിക്കുന്നു.



എന്താണ്‌ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌?

ജാതിവ്യവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ പരമകാഷ്‌ഠയാണ്‌ മതപരിവര്‍ത്തനം. ആത്മാഭിമാനം തേടിയുള്ള അന്വേഷണത്തിന്റെ അന്ത്യം. ദല്‍ഹിക്കടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ദലിത്‌ വിഭാഗത്തില്‍ പെട്ട ദരിദ്ര ചമര്‍ കുടുംബത്തിലാണ്‌ ജനനം. പാരമ്പര്യമായി തുകല്‍ പണിക്കാരായിരുന്നു കുടുംബം. ഉന്നത കുലജാതര്‍ ഞങ്ങളെ തൊട്ടുകൂടാത്തവരായാണ്‌ കണ്ടത്‌. എന്റെ നിരക്ഷരനായ അച്ഛന്‌ ഒരു കൊച്ചു കടയുണ്ടായിരുന്നു. ദലിതര്‍ക്ക്‌ ഭക്ഷണം നല്‍കുന്ന കടയായിരുന്നു അത്‌. എന്നെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അതു മതിയാകുമായിരുന്നില്ല. ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും ഒരു ജോലിക്കായി ദല്‍ഹിയിലേക്കു വരികയും ചെയ്‌തു. ദല്‍ഹിയാണ്‌ എന്റെ വ്യത്യസ്‌തമായ കഴിവുകള്‍ പുറത്തുകൊണ്ടുവന്നത്‌. ആശയങ്ങളുടെ തികച്ചും വ്യത്യസ്‌തമായ ഒരു ലോകമായിരുന്നു അത്‌.

Sunday, July 3, 2011

സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?



രാം പുനയാനി
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ്‌ സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത്‌ പതിവാണ്‌. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്‌ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. പല ആളുകളും ഇതിന്റെ

മതപരമായ വിവക്ഷകളെക്കുറിച്ച്‌ ചിന്തിക്കാതെയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും മതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും ചേര്‍ത്തുവെക്കുന്നത്‌ സ്വാതന്ത്ര്യാനന്തരം വിവിധ ചിന്തകര്‍ ഏറെ വിമര്‍ശിച്ച കാര്യമാണ്‌ എന്ന വസ്‌തുത നാം ഓര്‍ക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സോമനാഥ ക്ഷേത്ര നിര്‍മാണത്തിന്‌ ഫണ്ടനുവദിക്കാന്‍ വിസമ്മതിച്ചെന്ന്‌ മാത്രമല്ല, ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതില്‍ നിന്ന്‌ രാഷ്‌ട്രപതി എന്ന നിലയില്‍ ഡോ. രാജേന്ദ്രപ്രസാദ്‌ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. മതപരമായ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്‌ട്രീയനേതാക്കള്‍ എത്തുന്നത്‌ തീര്‍ത്തും സ്വകാര്യമായിരിക്കണമെന്നും മാധ്യമശ്രദ്ധ ഇത്തരം പരിപാടികള്‍ക്ക്‌ ലഭിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരുന്നതായാണ്‌ കാണുന്നത്‌. അനുഗ്രഹം തേടി മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ രാഷ്‌ട്രീയ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന, ഉദ്‌ഘാടന ചടങ്ങുകളില്‍ ബ്രാഹ്‌മണര്‍ മന്ത്രങ്ങളുരുവിട്ട്‌ കാര്‍മികത്വം വഹിക്കുന്നതും ഭൂമിപൂജ നടത്തുന്നതുമെല്ലാം നിത്യകാഴ്‌ചയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഗുജറാത്തില്‍ നിന്നുള്ള ദളിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ്‌ സോളങ്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശ്രദ്ധേയമാകുന്നത്‌. ഹൈക്കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‌ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ ഭൂമിപൂജ നടത്തിയത്‌ രാജ്യത്തിന്റെ മതേതര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ സോളങ്കി ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാന ഗവര്‍ണറും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്തരം മതാചാരങഅങള്‍ എന്നത്‌ ശ്രദ്ധേയമാണ്‌.


ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ചടങ്ങെന്നും മതവും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണിതെന്നും സോളങ്കി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭൂമിപൂജ നടത്തുന്നതും ബ്രാഹ്‌മണര്‍ മന്ത്രോച്ചാരണങ്ങളുമായി കാര്‍മികത്വം വഹിക്കുന്നതും ജുഡീഷ്യറിയുടെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി വിവേചനപരമോ മതേതര കാഴ്‌ചപ്പാടുള്ളതോ എന്ന്‌ പരിഗണിക്കാതെ തള്ളുക മാത്രമല്ല, പരാതിക്കാരന്‌ കോടതി 20,000 രൂപ പിഴ ചുമത്തുകയും ചെയ്‌തത്‌ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

ഭൂമിയെ വേദനിപ്പിക്കുന്നതിനുള്ള പ്രായശ്ചിത്തമാണിതെന്നും കെട്ടിടനിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്‌ പൂജയെന്നുമാണ്‌ ജഡ്‌ജിമാര്‍ പറയുന്നത്‌. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണെന്ന്‌ പറയപ്പെടുന്ന ഈ ചടങ്ങുകളുടെ അടിസ്ഥാനം ഹിന്ദുമൂല്യങ്ങളില്‍ പറയുന്ന വസുദൈവ കുടുംബകം (എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍), സര്‍വജന്‍ സുഖിനോ ഭവന്തു (എല്ലാവര്‍ക്കും നന്മ വരട്ടെ) തുടങ്ങിയ വിശ്വാസങ്ങളാണെന്നും അവര്‍ വാദിക്കുന്നു.

ഭൂമിയെ ആരാധിക്കണമെന്നത്‌ ഹിന്ദു മതാചാരപ്രകാരം മാത്രമുള്ള വിശ്വാസമാണ്‌. ചില മതങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. വേറെ ചില മതവിഭാഗങ്ങള്‍ മറ്റ്‌ ആചാരങ്ങളുമായാണ്‌ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത്‌. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികള്‍ വിശുദ്ധ ജലം തെളിച്ചാണ്‌ ഇത്തരം കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌. ഭൂമിയുടെ അതിജീവനമാണ്‌ ലക്ഷ്യമെങ്കില്‍ ഭൂമിശാസ്‌ത്രപരവും വാസ്‌തുശില്‍പ്പപരവുമായ കാര്യങ്ങള്‍ക്കാണ്‌ മേല്‍പറഞ്ഞതിനേക്കാള്‍ താല്‍പര്യം കാണിക്കേണ്ടതും ശ്രദ്ധ പുലര്‍ത്തേണ്ടതും. പൊതു സംവിധാനത്തില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുവരുന്നതിനെ നിയമം ഉപയോഗിച്ച്‌ ന്യായീകരിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്‌. മാത്രമല്ല, മതങ്ങളില്‍ നിന്ന്‌ ഭരണകൂടം അകലംപാലിക്കണമെന്നും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുള്ള ഭരണഘടനാ നിര്‍ദേശം കാറ്റില്‍ പറത്തുക കൂടിയാണ്‌.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്താണ്‌ എന്നത്‌ എസ്‌ ആര്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതി അക്കമിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: 1). സ്റ്റേറ്റിന്‌ മതമില്ല. 2). സ്റ്റേറ്റ്‌ മതങ്ങളില്‍ നിന്ന്‌ പൂര്‍ണമായും വിട്ടുനില്‍ക്കണം. 3). ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങളെയോ മതത്തേയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവരുത്‌. എന്നാല്‍ ഭൂമിപൂജയുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി നിരീക്ഷണത്തിന്‌ തീര്‍ത്തും കടകവിരുദ്ധമാണ്‌.

മതങ്ങളുടെ ധാര്‍മിക തത്വങ്ങള്‍ പലതും സമൂഹം വ്യാപകമായി സ്വീകരിക്കാറുണ്ട്‌. വസുദൈവ കുടുംബകം (ഹിന്ദുമതം), എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണ്‌ (ഇസ്‌ലാം), അയല്‍ക്കാരെ സ്‌നേഹിക്കുക (ക്രിസ്‌ത്യന്‍) തുടങ്ങിയവ ഇത്തരം ധാര്‍മികമൂല്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. എന്നാല്‍ മതപരമായ ആചാരങ്ങളെ ഇതില്‍ നിന്നും വ്യത്യസ്‌തമായി മാത്രമേ കാണാന്‍ കഴിയൂ. മതങ്ങളുടെ കേന്ദ്രാശയം ആചാരങ്ങളല്ല, ധാര്‍മിക മൂല്യങ്ങളാണ്‌. പൊതുവീക്ഷണത്തില്‍ പൂജകള്‍ നടത്തുന്നത്‌ ഏതെങ്കിലും ഒരു മതത്തെ തിരിച്ചറിയാന്‍ കഴിയുന്ന ചടങ്ങാണ്‌. മഹത്തുക്കളുടെ ജീവിതത്തില്‍ നിന്ന്‌ നാം പഠിച്ചെടുക്കേണ്ടത്‌ മതങ്ങളുടെ ധാര്‍മിക കാഴ്‌ചപ്പാടുകളെയായിരിക്കണം. മതപരമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതിന്‌ സമൂഹത്തിനോ വ്യക്തികള്‍ക്കോ യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ച്‌ വ്യത്യസ്‌ത മതക്കാര്‍ തിങ്ങിത്താമസിക്കുകയും മതങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുടരുന്ന വ്യത്യസ്‌ത വിഭാഗങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌.

ഭരണഘടനയുടെ 51(എ) വകുപ്പിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഭൂമിപൂജ പോലുള്ള കര്‍മങ്ങള്‍. സമൂഹത്തില്‍ നേരിട്ട്‌ വംശീയ ചിന്താഗതി പടര്‍ത്തുന്ന കാര്യങ്ങളാണത്‌. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാകര്‍മങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ ചടങ്ങുകളില്‍ ഉപയോഗിക്കപ്പെടുക വഴി നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്‌ചപ്പാടിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലുള്ള വരയുടെ കനം ഇല്ലാതാക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അന്ധവിശ്വാസം സമൂഹത്തെ തെറ്റായ വഴിയിലേക്കായിരിക്കും നയിക്കുക.

അനുയോജ്യമായ സ്ഥലം കണ്ടെത്താതെയും ശാസ്‌ത്രീയ രീതികള്‍ അവലംബിക്കാതെയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത്‌ നമുക്കെല്ലാം അറിവുള്ള കാര്യമാണ്‌.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണകൂടങ്ങള്‍ പല മാനദണ്ഡങ്ങളും കൊണ്ടുവരുന്നത്‌. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനും നമ്മള്‍ സാക്ഷികളാവുന്നു. മതപരമായ ആചാരങ്ങളെ ഭരണകൂടത്തിന്റെ നടപടികളായി സ്വീകരിക്കുന്നതിനു പകരം ഇത്തരം പ്രായോഗിക നടപടികള്‍ ഉറപ്പുവരുത്താനാണ്‌ കോടതികള്‍ ജാഗ്രത കാണിക്കേണ്ടത്‌.

``എല്ലാ പൗരന്മാര്‍ക്കും തുല്യത ആസ്വദിക്കാന്‍ കഴിയണം. രാഷ്‌ട്രം പൂര്‍ണമായും മതേതരത്വ സ്വഭാവത്തിലുള്ളതായിരിക്കണം. അതിനുവേണ്ടിയാണ്‌ ഞാനെന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്‌'' -രാഷ്‌ട്രപിതാവ്‌ മഹാത്മജിയുടെ വാക്കുകളാണിത്‌ (ഹരിജന്‍, 1947 ആഗസ്‌ത്‌ 31), ``മതം ദേശീയത കുറിക്കാനുള്ള ഉപകരണമല്ല. അത്‌ വ്യക്തിക്കും ദൈവത്തിനും ഇടയിലുള്ള കാര്യം മാത്രമാണ്‌'' (അതേപുസ്‌തകം, പേജ്‌ 90), ``മതം ഓരോ മനുഷ്യരുടെയും വ്യക്തിപരമായ കാര്യം മാത്രമാണ്‌. അതിനെ രാഷ്‌ട്രീയവുമായോ രാഷ്‌ട്രവുമായോ കൂട്ടിക്കലര്‍ത്തരുത്‌'' (പേജ്‌ 90) തുടങ്ങിയ ഗാന്ധിയന്‍ വാക്കുകളും നാം കണക്കിലെടുക്കണം. എന്നാല്‍ അടുത്തകാലത്തായി ഹിന്ദു ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഭരണകൂടങ്ങള്‍ വ്യാപകമായി ദേശീയ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട്‌. ഇത്‌ പുനരാലോചനക്ക്‌ വിധേയമാക്കേണ്ടതാണ്‌.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്