Thursday, December 22, 2011

ആത്മീയഗുരുക്കന്മാര്‍ ആര്‍ എസ്‌ എസ്സിന്റെ ആലയില്‍!

- രാം പുനിയാനി -
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ആത്മീയ ഗുരുക്കന്മാര്‍ അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്‌. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഉത്‌ബോധനം നല്‍കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത്‌ ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്‌. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തപ്പോള്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്‌തിരുന്നു. തടവിലായിരിക്കുമ്പോള്‍ അണ്ണായ്‌ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചതും ശ്രീ ശ്രീ ആയിരുന്നു. അതുവരെ ദൈവികത രൂപപ്പെടുത്തുകയായിരുന്ന, ബാബ രാംദേവും ശ്രീ ശ്രീയും പെട്ടെന്നാണ്‌ അഴിമതിയുടെ ശല്യം കണ്ടു പിടിച്ചതും ദീര്‍ഘകാലമായി നടന്നുവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക്‌ സ്വയം ഇറങ്ങിച്ചെന്നതും. 
ബാബ രാംദേവ്‌ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ അഴിമതി വിരുദ്ധത അനുബന്ധ വിഷയമായി ചേര്‍ക്കുകയും പ്രസംഗങ്ങളില്‍ അത്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സമാന രീതിയില്‍ ശ്രീ ശ്രീയും
ജീവനകലക്കൊപ്പം അഴിമതിവിരുദ്ധ ബോധവല്‍ക്കരണത്തിന്‌ പ്രത്യേക ഇടം നല്‍കി. ഇതിനിടെയാണ്‌ അണ്ണ ഹസാരെയും ശ്രീ ശ്രീയും ആര്‍ എസ്‌ എസ്‌ ടീം അംഗങ്ങളാണെന്ന ആരോപണമുന്നയിക്കപ്പെട്ടത്‌. ബി ജെ പിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ടെന്ന്‌ പറയപ്പെടുന്ന രാംദേവ്‌ സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ആശയങ്ങളും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ രീതിയില്‍ സംസാരിക്കാതെ, രാഷ്‌ട്രീയത്തില്‍ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന ഭാവത്തില്‍ നില്‍ക്കാനാണ്‌ ശ്രീ ശ്രീ ശ്രമിക്കുന്നത്‌. എന്താണോ താന്‍ ചെയ്‌തു കൊണ്ടിക്കുന്നത്‌, അതിന്റെ വ്യാപനവും അഴിമതിക്കെതിരെ ജനങ്ങളെക്കൊണ്ട്‌ പ്രതിജ്ഞയെടുക്കലും മാത്രമാണ്‌ യു പി യാത്രയുടെ ലക്ഷ്യമെന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

ആക്രമണത്തെ കൂടുതല്‍ പരുഷമാക്കിയ ദിഗ്‌വിജയ്‌ സിംഗ്‌ ശ്രീ ശ്രീക്ക്‌ രാഷ്‌ട്രീയ അജണ്ടകളുണ്ടെന്നും ആര്‍ എസ്‌ എസിന്റെ ടീം സി ആണ്‌ അദ്ദേഹമെന്നുമുള്ള ആരോപണത്തിലാണ്‌. ശ്രീ ശ്രീക്ക്‌ രാഷ്‌ട്രീയ അജണ്ടയില്ലേ? അല്ലെങ്കില്‍ അദ്ദേഹം ആര്‍ എസ്‌ എസിന്റെ വിശ്വവേദാഗണത്തിന്റെ ഭാഗമല്ലേ? ശാഖാ ബൗദ്ധികങ്ങളില്‍ (ആര്‍ എസ്‌ എസ്‌ ശാഖാ തലങ്ങളില്‍ നടത്തുന്ന ആശയപഠന കളരികള്‍) പങ്കെടുക്കുന്നില്ലെങ്കിലും കാക്കി ട്രൗസര്‍ ധരിച്ച്‌ കാവി പതാകയെ സല്യൂട്ട്‌ ചെയ്യുന്നില്ലെങ്കിലും.... എന്നാല്‍ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തെ സ്വാധീനിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ ശ്രീ പൂര്‍ണമായും ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്ന്‌ പറയാനാകില്ല. എങ്കിലും തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയമെന്നത്‌ രാഷ്‌ട്രീയ രീതിയില്‍ സമൂഹത്തെ സ്വാധീനിക്കുന്നത്‌ മാത്രമല്ല; സാമൂഹ്യ മൂന്നേറ്റങ്ങളും ബോധവല്‍ക്കരണ പരിപാടികളുമാണെന്ന്‌ മനസ്സിലാക്കപ്പെട്ടിരിക്കുന്നു.
ബില്ലുകള്‍ പാസ്സാക്കേണ്ടത്‌ തെരുവിലോ ഏതെങ്കിലും സമ്മര്‍ദങ്ങള്‍ക്ക്‌ കീഴിലോ അല്ല. സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുകയും ഈ രീതിയില്‍ തന്നെ കഠിനപ്രയത്‌നം നടത്തുകയുമാണ്‌. ഈ ഭീഷണികള്‍ക്ക്‌ വിരുദ്ധമായും ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുകയാണ്‌ ടീം അണ്ണ ചെയ്‌തത്‌. ജനലോക്‌പാല്‍ ബില്ലിനും അഴിമതി വിരുദ്ധ പോരാട്ടത്തിനും അപ്പുറത്തേക്ക്‌ ടീം അണ്ണയുടെ മുന്നേറ്റം നീണ്ടുപോയി. ആവര്‍ക്ക്‌ ആഴത്തിലുള്ള ഒരു അജണ്ടയുണ്ടെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ശ്രീ ശ്രീ ആ അജണ്ടയുടെ വലിയൊരു ഭാഗവുമാണ്‌. അഴിമതി വിരുദ്ധ ബില്‍ പരിഗണനയിലിരിക്കെ തന്നെ, ടീം അണ്ണയുടെയോ അനുബന്ധ ഗുരുക്കന്മാരുടെയോ സമ്മര്‍ദമൊന്നും ഇല്ലാതെ തന്നെയാണ്‌ കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയും കൊണ്ടുവന്നത്‌. പുറമെ കാണുന്നതിനേക്കാള്‍ കൂടുതലായി എന്തൊക്കെയോ ലക്ഷ്യങ്ങള്‍ ടീം അണ്ണക്കുണ്ടെന്ന വസ്‌തുത ഇത്‌ ആവര്‍ത്തിച്ച്‌ ശരിവെക്കുന്നു.
പുറമെ കാണുന്നതിനെക്കാള്‍ ആഴത്തിലുള്ളതാണ്‌ ഈ പ്രസ്ഥാനങ്ങള്‍ക്കുള്ള രാഷ്‌ട്രീയ അജണ്ട. ആത്മീയ തട്ടിപ്പിന്റെ മറവില്‍ ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ ശക്തിപ്പെടുത്തുന്നുണ്ടെന്ന്‌ ആരെങ്കിലും ചോദ്യംചെയ്‌താല്‍ അതിനെ തള്ളിക്കളയാനാവില്ല. കഴിഞ്ഞ മൂന്ന്‌ ദശകത്തിനിടെയാണ്‌ ശ്രീ ശ്രീ ഒരു പ്രതിഭാസമായി വളര്‍ന്നത്‌. പുതിയ കാലത്തെ യുവാക്കളില്‍ ജോലിഭാരം സൃഷ്‌ടിക്കുന്ന സമ്മര്‍ദത്തിന്‌ അയവു വരുത്താന്‍ പൗരാണിക ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന ശ്വാസോച്ഛ്വാസ നിയന്ത്രണ പരിശീലനമായ സുദര്‍ശന്‍ ക്രിയയാണ്‌ പഠിപ്പിക്കുന്നത്‌. ഇന്ന്‌ അദ്ദേഹവും അന്തരിച്ച ഭഗവാന്‍ സത്യ സായ്‌, ആശ്രം ബാപ്പു, ബാബ രാംദേവ്‌ തുടങ്ങി പ്രത്യേക തരത്തിലുള്ള മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആള്‍ദൈവങ്ങളുടെ സഖ്യത്തില്‍ അംഗമായിരിക്കുന്നു.
ശാന്തതയുടെ ചികിത്സാരീതികള്‍ പകര്‍ന്നു നല്‍കുമ്പോള്‍, ഒരു വശത്ത്‌ സര്‍വസജ്ജമായ സൈന്യത്തെ സൂക്ഷിക്കുന്ന ഇവര്‍ മറുവശത്ത്‌ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യശാക്തീകരണത്തെ പിന്തുണക്കുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആഴത്തിലുള്ള മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന മിഥ്യാധാരണ സൃഷ്‌ടിക്കുന്നു. രാഷ്‌ട്രീയ രൂപത്തിന്‌ വിരുദ്ധമായി, മതത്തിന്റെ മറപറ്റി കടന്നുവരുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന മൂല്യങ്ങളാണ്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
നിതിന്‍ ഗഡ്‌കരി, നരേന്ദ്രമോഡി, റാം മാധവ്‌ തുടങ്ങിയവരുടെ ചുമലുകളാണ്‌ ആള്‍ദൈവം തിരുമ്മിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവരെല്ലാം കൂടി ഒന്നിച്ച്‌ ഒരു സംസ്ഥാനത്തേക്ക്‌ യാത്രചെയ്യുമ്പോള്‍ ഏതു പക്ഷത്തിനുവേണ്ടിയായിരിക്കും ഇവര്‍ വോട്ടര്‍മാരെ ക്യാന്‍വാസ്‌ ചെയ്യുകയെന്ന്‌ സാമാന്യയുക്തി കൊണ്ടുതന്നെ മനസിലാക്കിയെടുക്കാനാവും. മതത്തിന്റെ വര്‍ണം കൊണ്ട്‌ അതിരിട്ട, ഹിന്ദുത്വരാഷ്‌ട്ര വാദത്തിന്റെ മേലങ്കിയില്‍ മുറുക്കിക്കെട്ടിയ അത്തരം രാഷ്‌ട്രീയത്തിന്റെ മുന തിരിയുന്നത്‌ ആര്‍ എസ്‌ എസ്സിലേക്ക്‌ തന്നെയാണ്‌.
അഴിമതി ഉച്ചാടനം മഹത്തായൊരു കര്‍മത്തിന്റെ വൈകാരികതയോടെ അവതരിപ്പിക്കുമ്പോള്‍ തന്നെ, അണ്ണയും ആള്‍ദൈവ പ്രസ്ഥാനങ്ങളും ചേര്‍ന്ന്‌ സമാന്തരമായ മറ്റൊരു മുന്നേറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്‌ ചെയ്യുന്നത്‌. ആര്‍ എസ്‌ എസ്‌ മേധാവി അവകാശപ്പെടുന്നത്‌ അദ്ദേഹം ഇക്കാര്യം അണ്ണ ഹസാരെയുമായി ചര്‍ച്ച ചെയ്‌തിരുന്നു എന്നാണ്‌. അണ്ണ ഹസാരെ, ബാബ രാംദേവ്‌, ശ്രീ ശ്രീ രവിശങ്കര്‍.... അഴിമതിക്കെതിരായ പോരാട്ടത്തില്‍ കൃത്യമായ ഒരു സമയത്ത്‌ ഇവരെയെല്ലാം എങ്ങനെ ഒന്നിച്ച്‌ അണിനിരത്താന്‍ ആര്‍ എസ്‌ എസിന്‌ കഴിഞ്ഞു?
ഒരു മിനുട്ടു പോലും പാഴാക്കാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വയംസേവകുമാരെ അഴിമതി വിരുദ്ധ സമരവേദിയില്‍ എത്തിച്ചു. ഇത്‌ അതിനേക്കാള്‍ വലിയ യാദൃച്ഛികതയായിരുന്നോ? ഇപ്പോള്‍ പ്രത്യേകിച്ചും! അഴിമതിക്കെതിരെ സംസാരിക്കുന്നത്‌ വളരെ നല്ല കാര്യം, പക്ഷേ എന്തുകൊണ്ട്‌ ഇവരാരും പെണ്‍ഭ്രൂണഹത്യക്കെതിരെ, ദളിതര്‍ക്കെതിരായ കൈയേറ്റങ്ങള്‍ക്കെതിരെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ രംഗത്തുവരുന്നില്ല? ഇതിനെതിരെയെല്ലാം ഇപ്പോള്‍ തന്നെ സമൂഹത്തില്‍ ബോധവല്‍ക്കരണം നിലനില്‍ക്കുന്നുണ്ടെന്ന്‌ ആത്മീയ ഗുരുക്കന്മാര്‍ വിശ്വസിക്കുന്നതു കൊണ്ടാണോ? ഭക്ഷ്യ അവകാശ വിഷയത്തെയോ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉന്മൂലനം ചെയ്യല്‍ വിഷയത്തെയോ എന്തുകൊണ്ട്‌ ഇവരാരും പിന്തുണക്കുന്നില്ല? ഏറ്റവുമൊടുവില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും ദളിതര്‍ക്കുവേണ്ടിയുള്ള സംവരണത്തിന്റെ കാര്യത്തിലും ഉള്‍പ്പെടെ ബി ജെ പി-ആര്‍ എസ്‌ എസ്‌ ആവശ്യങ്ങളും ശ്രീ ശ്രീയുടെ വിശ്വാസങ്ങളും എങ്ങനെ തീര്‍ത്തും ഒത്തുവരുന്നു?

@ ശബാബ് വീക്കിലി www.shababweekly.net

0 പ്രതികരണങ്ങള്‍:

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്