Monday, November 28, 2011

നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും

നവോത്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എന്താണ് നവോത്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ്.  കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും ആശയാദര്‍ശ അടിത്തറയില്‍ ഉറച്ച് നിന്ന് കൊണ്ടും ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന അനസ്യൂത പ്രക്രിയയെ നവോത്ഥാന പരിശ്രമം എന്ന് പറയാം.

ഇമാം സുയൂഥി തന്റെ അന്‍ജാമിഉസ്വഗീര്‍  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയുണ്ടായി “ മത പരിഷ്ക്കരണം (തജ്ദീദ്) കൊണ്ട് അര്‍ഥമാക്കുന്നത് അതിന്റെ സന്മാര്‍ഗത്തെ പ്രകാശിപ്പിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തെയും അര്‍ഹതയെയും വെളിപെടുത്തലുമാണ്.  അതു പോലെ മതവിശ്വാസികളെ ബാധിക്കുന്ന അത്യാചാരങ്ങളില്‍ നിന്നും തീവ്രചിന്തകളില്‍ നിന്നും അവരെ തടയുകയും അതിന്റെ സംസ്ഥാപനത്തില്‍  വരുന്ന വീഴ്ച്ചകളെ പ്രതിരോധിക്കുകയും അതിന്റെ സംഹിതകളില്‍ പറഞ്ഞ സാമൂഹിക, നാഗരിക പദ്ധതികളെയും മനുഷ്യരുടെ പൊതുവായ താല്പര്യങ്ങളെയും  പരിപ്പാലിക്കലുമാണ്”

നവോത്ഥാനത്തിന്റെ ചരിത്രവും വായിച്ചറിയുമ്പോഴും അതിന്റെ വര്‍ത്തമാനത്തെ അനുഭവിച്ചറിയുമ്പോഴും ഈ പദത്തിന് ഇത്ര സമഗ്രമായ ഒരു വിശദീകരണം മറ്റൊരാളും നല്‍കിയതായി കാണാവുന്നതല്ല.


പൊതു മണ്ഡലത്തില്‍ നിന്ന് നവോത്ഥാനത്തെ വീക്ഷിക്കുമ്പോള്‍ യുറോപ്പില്‍ പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളില്‍ ഉടലൊടുത്ത പരിവര്‍ത്തനത്തെയാണ് നവോത്ഥാ‍നം (Renaissance)  എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.  ചുരുക്കത്തില്‍ അവിടങ്ങളില്‍ കല, സാഹിത്യം ശാസ്ത്രം വ്യവസായം എന്നീ രംഗത്തുണ്ടായ അഭിവൃദ്ധിയെ ഇതുമായി കൂട്ടി വായിക്കാ‍വുന്നതാണ്.  അല്ലങ്കില്‍ മധ്യ യുഗത്തിലെ പ്രതിലോമ പരമായ നിലപാടുകളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും മോചിതരാവാന്‍ യൂറോപ്പിന് നവോത്ഥാനത്തിലൂടെ കഴിഞ്ഞു എന്ന് പറയാം.

നവോത്ഥാന കാലഘട്ടത്തിന്റെ മറ്റൊരു സൃഷ്ടിയാണ് ഇതേ കാലത്ത് രംഗപ്രവേശം ചെയ്ത മത നവീകരണ പ്രസ്ഥാനം (Reformation).  ഇറ്റലിയില്‍ തുടക്കം കുറിച്ച നവോത്ഥാനവും ജര്‍മ്മനിയിലെ ആരംഭിച്ച മതനവീകരണ പ്രസ്ഥാനവും പരസ്പരം പൂരകങ്ങളായിരുന്നു.    ഈയൊരു സവിശേഷത ഒന്ന് കൊണ്ട് തന്നെ ഇസ്ലാമിലെ പരിഷ്കരണ ചിന്ത യൂറോപ്പ്യന്‍ നവോത്ഥാനത്തില്‍ നിന്നും ഊര്‍ജ്ജം കൊണ്ടതാണെന്ന മിഥ്യാ ധാരണ ചിലര്‍ക്കൊങ്കിലും ഉണ്ടാവുകയോ.. അല്ലങ്കില്‍ അത്തരത്തില്‍ പ്രചരിപ്പിക്കപെടുകയോ ഉണ്ടായി. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് പ്രാഥമിക വിവമുള്ളവര്‍ക്ക് അത്തരം പ്രചരണത്തിലെ അര്‍ത്ഥമില്ലായ്മ തിരിച്ചറിയാന്‍ കഴിയുന്നതാണ്.

ഇസ്ലാം വരച്ചുകാണിച്ച സന്മാര്‍ഗപാതയില്‍ നിന്ന് സമൂഹം വ്യതിചലിക്കുമ്പോഴെല്ലാം പരിഷ്കര്‍ത്താക്കള്‍ രംഗത്ത് വന്നതിന് ചരിത്രം സാക്ഷിയാണ്.

അബൂദാവുദിന്റെ ഹദീസ് ഗ്രന്ഥത്തില്‍  അബൂ ഹുറൈറ ഉദ്ദരിച്ച ഒരു ഹദീസില്‍  ഇപ്രകാരം നമുക്ക് കാണാം.  ഒരോ നൂറ്റാണ്ടിന്റെ ആരംഭത്തിലും ഈ സമുദായത്തിന് തങ്ങളുടെ മതത്തിന് നവോല്‍ക്കര്‍ഷം നല്‍കാനായി  അല്ലാഹു ചിലരെ നിയോഗിക്കുന്നതാണ്.

ഇസ്ലാമിന്റെ ചരിത്രത്തിലൂടെ നാമൊരു ഓട്ട പ്രദക്ഷിണം നടത്തുമ്പോള്‍ നമുക്കത് ബോധ്യമാകുന്നതാണ്.

ഒന്നാം നൂറ്റാണ്ടില്‍ രാഷ്ട്രീയരംഗത്തെ വ്യതിയാനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ), രണ്ടാം നൂറ്റാണില്‍ ഖുര്‍ആന്‍ ഹദീസ്, ഫിഖ്ഹ് എന്നീ മേഖലകളില്‍ പുതിയ അവബോധം സൃഷ്ടിച്ച ഇമാം ശാഫീ.  ചിന്താരംഗത്തുണ്ടായ വ്യതിയാനങ്ങളില്‍ നിന്ന് അഥവാ വേദാന്ത ത്വരിക്കത്തുകളില്‍ നിന്ന്  സമുദായത്തെ സംരക്ഷിക്കാന്‍ മുന്നിട്ടറങ്ങിയ ഇമാം ഇബ്നു ഹംബല്‍,  പിന്നീടങ്ങോട്ട് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇബ്നുല്‍ ജൌസി,  ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ.  ഇബ്നു ഖയ്യൂം ജലാലുദ്ദീന്‍ സുയൂതി, അഹമദ് സര്‍ ഹിന്ദി,  ശാഹ് വലിയുല്ലാഹ് ദഹ് ലാവി,     മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്, ഇമാം ശൌഖാനി, അഹ്മദ് ശഹീദ് തുടങ്ങിയ യുഗപുരുഷനമാരായ പരിഷ്കര്‍ത്താക്കളുടെ നീണ്ട് നിരത്തന്നെ കാണാവുന്നതാണ്.

ഇവരില്‍ പ്രത്യേക മേഖലകളില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചവരും സമഗ്രമേഖലകളില്‍ പ്രവര്‍ത്തിച്ചവരും ഉണ്ട് രാണ്ടാമത്തെ വിഭാഗത്തില്‍ നമുക്ക് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയും ശാഹ് വലിയുല്ലാഹ് ദഹ് ലാവിയെയും എണ്ണാവുന്നതാണ്.


നവോത്ഥാന പരിശ്രമങ്ങള്‍ കേരളത്തില്‍ 

പത്തോമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ മുസ്ലിം രാജ്യങ്ങളില്‍,  വിശിഷ്യാ ഈജിപ്ത്തില്‍ ദൃശ്യമായ നവോത്ഥന ചിന്താധാരകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കേരള മുസ്ലിം നവോത്ഥാനത്തിന് തുടക്കമായത് എന്ന് മനസ്സിലാക്കാവുന്നതാണ്.

മുസ്ലിം ലോകത്ത് വിചാര വിപ്ലവം അഴിച്ചു വിട്ട ‘അല്‍ ഉര്‍വത്തുല്‍ വുഥ്ഖാ’ എന്ന മാഗസിനിലൂടെ  ജമാലുദ്ദീന്‍ അഫ്ഗാനി  മുസ്ലിം രാഷ്ട്രങ്ങളിലെ പാശ്ചാത്യ അധിനിവേശത്തിനും  ചിന്ത ബൗദ്ധിക രംഗങ്ങളിലെ അപചയത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ തൂലിക ചലിപ്പിച്ചു  പാരീസില്‍ മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശിഷ്യന്‍ മുഹമ്മദ് അബുദുവും കൂട്ടായുണ്ടായിരുന്നു.

മുസ്ലിം ലോകത്ത് ആധുനിക നവോത്ഥാനത്തിന്റെ വിത്ത് പാകിയതും വൈജ്ഞാനിക രംഗത്തും ഭൗതിക രംഗത്തും തന്റെ തൂലിക പടവാളാക്കി പോരാടിയതും അദ്ദേഹമായിരുന്നു. മതവൈജ്ഞാനിക രംഗത്തും നൂറ്റാണ്ടുകളായി നിലനിന്ന മുരടിപ്പിനും അന്ധമായ അനുകരണന ഭ്രമത്തിനുമെതിരായ പോരാട്ടമാണ് മുഹമ്മദ് അബ്ദു നിര്‍വ്വഹിച്ചത്.


അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സയ്യിദ് റഷീദു റിദയുടെ ‘അല്‍മനാര്‍’ നവോത്ഥാനത്തിന്റെ പടധ്വനി ആയിരുന്നു. ഈജിപ്ത്തില്‍ നീന്നും ലോകം മുഴുക്കെ പ്രചരിച്ച അല്‍മനാറിന്റെ ചൈതന്യം  ഇങ്ങ് ദക്ഷിണ കേരളത്തിലെ വക്കം അബ്ദുള്‍ ഖാദിര്‍ മൌലവിയെ ആകര്‍ഷിക്കുകയും നവോത്ഥാന സംരംഭങ്ങള്‍ തുടക്കം കുറിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ചെയ്തു.

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നിവരുടെ ചിന്തകളില്‍  ആകൃഷ്ടനായ വക്കം മൌലവി ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങളോടൊപ്പം മുസ്ലിം സമുദായത്തില്‍ ആധുനിക വിദ്യാഭ്യാസവും ചിന്താശീലവും പ്രചരിപ്പിച്ചു

വര്‍ത്തമനകാലത്ത് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ചിന്തകരെയു പണ്ഡിതന്മാരെ വക്കം അബ്ദുല്‍ ഖാദിര്‍ മൌലവിയുമായി തുലനം ചെയ്യുമ്പോള്‍ ആ മഹാന്റെ ചിന്താ മണ്ഡലത്തിന്റെ ആഴവും പരപ്പും നമ്മെ അല്‍ഭുതപ്പെടുത്തും.  അറബി, ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹത്തിന്റെ ദീര്‍ഘ ദൃഷ്ടിയുടെ ഫലങ്ങളായിരുന്നു  സ്വദേശാഭിമാനി, അല്‍ ഇസ്ലാം, ദീപിക തുടങ്ങിയ അദ്ദേഹത്തിന്റെ പത്ര പ്രസിദ്ധീകരണങ്ങള്‍..

“ ഭയ കൗടില്യ  ലോഭങ്ങള്‍
വളര്‍ത്തില്ലൊരു നാടിനെ”

എന്ന് മുന്‍പേജില്‍ മുദ്രണം ചെയ്ത സ്വദേശാഭിമാനി അതിന്റെ പ്രഥമ ലക്കത്തിലെ പത്രക്കുറിപ്പില്‍ ഇപ്രകാരം കാണാം..

“സ്വദേശാഭിമാനി മുഹമ്മദീയ സമുദായത്തിനും അതിന്റെ ക്ഷേമത്തെ കാംക്ഷിക്കുന്ന മറ്റു സമുദായങ്ങള്‍ക്കും വേണ്ടി വലിയ കാര്യങ്ങളെല്ലാം പ്രവര്‍ത്തിച്ചു കളയുമെന്ന് ഞങ്ങള്‍ ഘോഷിക്കുന്നില്ല. സ്വദേശാഭിമാനിയുടെ പ്രവൃത്തികൊണ്ട് ജനങ്ങള്‍ക്കു ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ  പ്രധാന ഉദ്ദേശ്യം.  ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്ക തന്നെ ചെയ്യും ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളേയും  ഭയന്നു പൊതുജനസങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വെക്കുന്നതല്ല നിശ്ചയം”

1910 സപ് തംബര്‍ 6 ന് കണ്ടു കൊട്ടുന്നത് വരെ ആരുടെ മുന്നിലും തലക്കുനിക്കാതെ പത്രം നിലകൊണ്ടത് നമുക്ക് ചരിത്രത്തില്‍ ദര്‍ശിക്കാവുന്നതാണ്.

നവോത്ഥാന രംഗത്തെ മറ്റൊരു നാഴിക കല്ലായിരുന്നു 1866ല്‍ ജനിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മദ്രസ പ്രസ്ഥാനം ദര്‍സ് സമ്പ്രദായത്തില്‍ നിന്ന് കോളേജിലേക്കും, ഓത്തുപള്ളിയില്‍ നിന്ന് മദ്രസയിലേക്ക് ഈ സമുദായത്തെ കൈപിടിച്ച് നടത്തിയത് ചാലിലകത്തായിന്നു.

അതുപോലെ തന്നെ 1847ല്‍ പൊന്നാനിക്കടുത്ത വെളിയങ്കോട്ട് ജനിച്ച സനാഉല്ലാഹ് മക്തി തങ്ങളുടെ നവോത്ഥാന ശ്രമങ്ങള്‍.  ഇസ്ലാമിനെതിരെ വിഷം ചീറ്റി പ്രചരണങ്ങള്‍ നടത്തി വന്ന മിഷണറി പ്രവര്‍ത്തകര്‍ക്കെതിരെ മുഴങ്ങികേട്ട ഏക ശബ്ദം മക്തിതങ്ങളുടേത് മാത്രമായിരുന്നു.

അത്രയും കാലം വ്യക്തികളില്‍ ഒതുങ്ങിനിന്ന നവോത്ഥാന ശ്രമങ്ങള്‍ക്ക് സംഘടിത രൂപം കൈവരുന്നത് 1921-മലബാര്‍ കലാപത്തിന് ശേഷമാണ്.   വികാരമല്ല വിവേകമാണ് സമുദായത്തിന്റെ നല്ല നാളെയുടെ സൃഷ്ടിക്കനുവാര്യം എന്ന് ആ ചരിത്രം നമ്മെ ഇന്നും പഠിപ്പിക്കുന്നു.  ആ നേതാക്കളുടെ ദീര്‍ഘ ദൃഷ്ടിയായിരുന്നു.  തിരൂരങ്ങാടിയിലെയും കോഴിക്കോട് വെള്ളിമാട്കുന്നിലെയും യത്തീംഖാനകളും

നിഷ്പകഷ സംഘം, ഐക്യസംഘം എന്ന നാമേധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച നവോത്ഥാന പ്രസ്ഥാനം വൈകാതെ തന്നെ  കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭ രൂപീകരിക്കുകയും ചെയ്തു.   ഇസ്ലാമിന്റെ മൂല ആശയാദര്‍ശ ശിലയില്‍ ഉറച്ച് നിന്ന്  അന്ധവിശ്വാസത്തിന്റെ കൂരിട്ടില്‍ കഴിയുന്ന ഒരു സമൂഹത്തിന് ആവശ്യമായ പ്രകാശം വിതറാന്‍ അവര്‍ ശ്രമിച്ചപ്പോള്‍  ഇല്ല ഞങ്ങള്‍ അനുവദിക്കില്ല, ഈ സമുദായത്തിന് വെളിച്ചംകിട്ടിയാല്‍ ഞങ്ങള്‍ ജീവിക്കുന്നതെങ്ങിനെ എന്ന് വിലപിച്ചുകൊണ്ട് ഒരു കുട്ടര്‍ ഇറങ്ങിപ്പോയെങ്കിലും കെ.ജെ.യു  നവോത്ഥാന സംരംഭങ്ങള്‍ക്ക് പൊതുജന പങ്കാളിത്വത്തിന്റെ അടിത്തറ വികസിപ്പിനായി കെ.എന്‍ എമ്മിന്  രൂപം കൊടുത്തതും ചരിത്രം.


കേരള മുസ്ലിം രാഷ്ട്രീയം

ഐക്യസംഘത്തിന്റെ പിറവിയോടൊപ്പം തന്നെ ആരംഭിക്കുന്നതാണ് ആധുനിക കേരള മുസ്ലിം രാഷ്ട്രിയത്തിന്റെ ചരിത്രവും.  മുന്‍പ് പറഞ്ഞ പോലെ  1921 ലെ മലബാര്‍ കലാപത്തിന് ശേഷമുള്ള നവോത്ഥാന സംഭമാണ് ഇവിടെ കൂട്ടിവായിക്കപെടേണ്ടത്.      മുഹമ്മദ് അബുദു റഹിമാന്‍ സാഹിബും, കെ.എം മൗലവിയുമെല്ലാം മലബാര്‍ മുസ്ലീങ്ങളില്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ അവബോധം മുസ്ലിം രാഷ്ട്രിയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.  


ധീര ദേശഭിമാനിയും ദേശീയ സ്വതന്ത്ര്യ സമരഭടനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ദേശീയ രാഷ്ട്രീയത്തോടൊപ്പം നിലകൊണ്ടപ്പോള്‍  യഥാസ്ഥിക വിഭാഗത്തിന് നേതൃത്വം കൊടുത്തിരുന്ന സമസ്ത  കുഫ്റ് ഫതവ പുറപ്പെടുവിക്കുകയായിരുന്നു ചെയ്തത്.   അവരുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പന്ത്രണ്ടാം പ്രമേയത്തില്‍ ഇങ്ങനെ കാണാം.. “ഭരണ കര്‍ത്താക്കളോട് എതിര്‍ക്കലും  അവരുടെ കല്പന  അനാദരവ് ചെയ്യലും മത വിരോധമായുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ്സ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും  യഥാര്‍ഥ മുസ്ലിംങ്ങള്‍ക്ക്  ചെയ്യുവാന്‍ പടില്ലാത്തതും ആകുന്നു.”  അതേ സമ്മേളനത്തിലെ പതിഞ്ചാം പ്രമേയം രണ്ടാം ഘണ്ഡിക ഇങ്ങനെ വായിക്കാം. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംഘത്തില്‍ അംഗങ്ങളായി ചേരുന്ന മുസ്ലിയാന്മാര്‍ എല്ലാവരും കേണ്‍ഗ്രസുകാരല്ലാത്തവരും ഗവണ്മെന്റ് കഷിയും ആയിരിക്കണമെന്നും അഹ്ലുസുന്നത്തിവല്‍ ജമാ അത്തിന്റെ  വിശ്വാസ നടപടികളേയും അതിനുള്ള ഉപകരണങ്ങളെയും  പൊതു സമാധാന പാലനത്തെയും പുനര്‍ജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മുല സിദ്ധാന്തങ്ങളില്‍ പെട്ടതാണെന്നുമുള്ള മുന്‍ നിശ്ചയത്തെ ഈ യോഗം പുനരാവിഷ്ക്കരിച്ചു ശക്തി പെടുത്തുന്നു.”  ഈ  കൂട്ടരാണ്  ഇന്ന്  നവോത്ഥാന പ്രസ്ഥാനത്തെ ബ്രീട്ടീഷ് സാമ്രാജ്യത്വവുമായി കൂട്ടികെട്ടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നത്.

അറുപത് വര്‍ഷം മുന്‍പത്തെ സമുദായത്തെ വീക്ഷിക്കുമ്പോള്‍  ദാരിദ്ര്യം അവരെ തിരിച്ചറിയാനുള്ള അടയാണമാണെങ്കില്‍ മറ്റൊരടയാളം നിരക്ഷരതയായിരുന്നു.  ഇനിയും ഒരടയാളം നിര്‍ബദ്ധമാണെങ്കില്‍ അത് വിശ്വാസത്ത്ലുള്ള മാലിന്യങ്ങളാകാം.  ഈയൊരവസ്ഥ യുടെ പരിഹാരം രാഷ്ട്രീയാധികാരത്തിന്റെ - ഭരണകൂടത്തിന്റെ സഹകരണം കൊണ്ടേ സാധിക്കൂമായിരുന്നുള്ളൂ എന്ന തിരിച്ചറിവായിരുന്നു
മുസ്ലിം ഐക്യ സംഘത്തിലൂടെയും തുടര്‍ന്ന് കേരളജം ഇയ്യത്തുല്‍ ഉലമയിലൂടെയ്യും മലബാറിലെ മുസ്ലീങ്ങള്‍ ആര്‍ജ്ജിച്ച സ്വത്വബോധം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.  നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.എം സീതി സാഹിബ്, കെ.എം മൗലവി സാഹിബ്, ഇ.കെ. മൗലവിസാഹിബ്, അബ്ദുസ്സലാം മൗലവി സാഹിബ്  തുടങ്ങിയ മുസ്ലീം നവോത്ഥാന നായകര്‍ മുസ്ലിം ലീഗിന്റെ സ്ഥാപനത്തിന് നേതൃത്വം വഹിച്ചതെന്ന ചരിത്ര യാഥാര്‍ത്ഥ്യം ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്തത്ര അനിഷോധ്യമാണ്.

മുസ്ലിം ലീഗിന്റെ മുഖപത്രമായി മാറിയ ചന്ദ്രിക,  കെ.എം സീതിസാഹിബിന്റെ നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായിരുന്നു എന്നതത്രെ ചരിത്ര വസ്തുത. മുസ്ലിം ലീഗിന്റെ പിറവിക്ക് പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ച ചന്ദ്രിക ഇന്ന് എല്ലാവിധ പിന്തിരിപ്പന്‍ യാഥാസ്ഥികതയുടെയും ചട്ടുകമായി മാറിയെന്നുള്ളത് വര്‍ത്തമാന കാല ദുരവസ്ഥ.

എന്നാല്‍  മുസ്ലിംങ്ങളിലെ നവോത്ഥാന നായകരെല്ലാം തന്നെ മുസ്ലിം രാഷ്ട്രീയം നട്ടുവളര്‍ത്തി അതിന്റെ നേതൃനിരയില്‍ ഇരുന്നപ്പോള്‍ മുസ്ലിം സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന യാഥാസ്തിക വിഭാഗത്തെ അവഗണിച്ചില്ലെന്ന് മാത്രമല്ല   അവരുടെ സാമൂഹികമായ ഉന്നമനത്തിന് ലക്ഷ്യം വെച്ച് അജണ്ടകള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയായിരുന്നു ചെയ്തത്.   അങ്ങിനെയാണ് വിദ്യാഭ്യാസം  മുസ്ലിം രാഷ്ട്രീയ കക്ഷിക്ക് മുഖ്യ അജണ്ഡയായത്.   വിദ്യാഭ്യാസ പുരോഗതിയിലൂടെ മാ‍ത്രമേ മുസ്ലിം സമുദായത്തിന് സാമുഹിക മുന്നേറ്റം സാദ്ധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു അത്.

യാഥാസ്ഥികരായ ഭൂരിപക്ഷ മുസ്ലിം  സമൂഹത്തെ വിശ്വാസത്തിലെടുത്ത്  അവരുടെ കൂടെ പങ്കാളിത്ത്വം ഉറപ്പുവരുത്തിയെങ്കിലേ മുസ്ലിംങ്ങളുടെ സമഗ്ര ഉന്നതി സാധ്യമാകൂ എന്ന  ദീര്‍ഘവും വിശാലവുമായ കാഴ്ച്ചപാടിനെ തുടര്‍ന്നാണ് പില്‍ക്കാലത്ത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫാഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയുമെല്ലാം മുസ്ലിം രാഷ്ട്രീയ കക്ഷിയുടെ നേതൃനിരയുടെ ഭാഗമക്കിയെന്നുള്ളത് ചരിത്ര സത്യം.

ഈ ഒന്നിച്ചുള്ള പ്രയാണം മുസ്ലിം സമൂഹത്തിന്റെ ഭൌതിക മണ്ഡ്ലത്തില്‍ വികസനത്തിന്റെ കുതിച്ചുച്ചാട്ടംതന്നെ സൃഷ്ടിക്കപ്പെട്ടു.  പല ഉത്തരേന്ത്യ സംസ്ഥാനങ്ങളിലും മുസ്ലിംങ്ങള്‍ ബഹുഭൂരിപക്ഷമുണ്ടങ്കിലും അധികാരത്തില്‍ നിന്ന് അകന്ന് നിന്നു എന്നത് കൊണ്ട് തന്നെ സമൂഹത്തിന്റെ പുറമ്പോക്കിലേ അവരെ വലിച്ചെറിയപെടുകയുണ്ടായി.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇടക്കാലത്ത് ദൗര്‍ഭാഗ്യ വശാല്‍ ഇന്ത്യന്‍ ദേശീയ രാഷ്ട്രിയത്തെ ബാധിച്ച അപചയം മുസ്ലിം രാഷ്ട്രീയ നേതൃത്വത്തേയും ബാധിച്ചു എന്നു പറഞ്ഞാല്‍ അത് കുറ്റെപെടുത്തലല്ല. ആരോഗ്യകരമായ വിമര്‍ശനം മാത്രമാണ്,   തെറ്റ് തിരുത്താനുള്ള ശ്രമം അടുത്തകാലത്ത് കണ്ടു തുടങ്ങിയെന്നുള്ളതും ശുഭോദര്‍കമാണ്.     മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഏറെ അകന്നു.  സമുദായ താല്പര്യ സംരക്ഷണത്തിനുള്ള ആയുധമെന്നതിലുപരി  അധികാരം  ആത്യന്തിക ലക്ഷ്യമായി കണ്ടപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രിയത്തോട് രാജിയായി  എന്ത് വിട്ട് വീഴ്ച്ചകളും ആവാം എന്ന സ്ഥിതി വന്നു.  

കെ.എം സീതി സാഹിബും കെ.എം.മൌലവിയും എന്‍.പി അബ്ദുള്‍ സ്സലാം മൌലവിയും ബാഫാഖി തങ്ങളും, കെ.സി.അബൂബക്കര്‍ മൌലവിയും പാണക്കാട തങ്ങള്‍മാരുമെല്ലാം മുസ്ലിം രാഷ്ട്രിയ നേതൃത്വത്തില്‍  ഒരേ ലക്ഷ്യത്തിനായ് അണിനിരന്നപ്പോള്‍ അവരുടെ ആദര്‍ശപരമായ വ്യക്തിത്വം അംഗീകരിക്കാന്‍ വിശാലമനസ്സ്ക്കരായിരുന്നു. സുന്നിയും മുജാഹിദും പരസ്പരം ബഹുമാനത്തോടെ സമുദായത്തിന്റെ പൊതു താല്പര്യത്തിന് വേണ്ടി നിലകൊണ്ടു.

മുന്‍പ സൂചിച്ച  ഇടക്കാലത്തെ അപചയം ,  മുസ്ലിം രാഷ്ട്രീയം നേതൃത്വം പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നില്ല എന്ന തോന്നല്‍ മുസ്ലിം യുവജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതത്വത്തെ മുതലെടുക്കാന്‍ സമുദായ സംരക്ഷരാ‍യി വേഷം കെട്ടിയവര്‍ രംഗത്ത് വന്നു.    മുസ്ലിം രാഷ്ട്രിയത്തിന്റെ ശവപ്പറമ്പിലാണ് തങ്ങളുടെ വിളവെടുപ്പെന്ന് കാലേകൂട്ടി കണ്ടിരുന്ന ജമാ‍ അത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ അത്മാര്‍ത്ഥയില്ലായ്മയെ  പെരുപ്പിച്ച് കാണിച്ച് മുസ്ലിം യുവാക്കളില്‍ ഒരു തരം ഭ്രാന്തമായ അവസ്ഥ തങ്ങളുടെ യന്ത്ര തന്ത്രങ്ങള്‍ ഉപയോഗിച്ച് പരുവപ്പെടുത്തിയെടുത്തു.  ഒരു തരം അരാഷ്ട്രിയതയുടെ മണ്ണ് പാകപെട്ടപ്പോള്‍ അവിടെ വിത്തിറക്കാന്‍ വന്നവര്‍ തീവ്രവാദികളായിരുന്നു.  ഒരു പക്ഷേ ഈ ഒരു തിരിച്ചറിവാകാം ജമാ‍അത്തിന് പെടുന്നനെ ഒരു ക്ഷേമ പാര്‍ട്ടി തട്ടിക്കൂട്ടാന്‍ പ്രേരണയായത്.

വിശ്വാസരംഗത്തെ ജീര്‍ണ്ണതകള്‍ക്കൊതിരെ സന്ധിയില്ലാ സമരം നയിച്ച നവോത്ഥാന പ്രസ്ഥാനം മറുവശത്ത് അവരുതെ ചിന്താ ബൗദ്ധിക രംഗങ്ങളിലെ അപചയങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.  അതോടൊപ്പം തന്നെ അധികാര കേന്ദ്രങ്ങളിലെ അര്‍ഹമായ പങ്കാളിത്ത്വത്തിന് അവരെ പ്രാപ്തരാക്കുകയും  അതിലൂടെ സാംസ്ക്കാരികവും വിദ്യാഭ്യാസ പരവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നാന്ദിക്കുറിക്കുകയും ചെയ്തു.  

തദവസത്തില്‍  അഭിനവ സമുദായ സംരക്ഷര്‍ എന്തെടുക്കുകയായിരുന്നു എന്ന് പരിശോധിക്കാം.. ഇന്ത്യന്‍ ജനാധിപത്യത്തോട് മുഖം തിരിഞ്ഞ്,  വോട്ട് ചെയ്യല്‍ ഹറാമാക്കി,  സര്‍ക്കാര്‍ ജോലികള്‍ നിഷിദ്ധമാക്കി, മൌദൂദിസത്തിന്റെ പൊട്ടക്കിണറ്റില്‍ വിരാചിച്ച് കൊണ്ടിരിക്കുകയായിരുന്നു.

1980 കളിലെ ഇറാന്‍ വിപ്ലവം അവിടുന്നങ്ങോട്ട് മതരാഷ്ട്രവാദക്കരന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ വിളയാട്ടം ഇന്ത്യയിലെ സമുദായികാന്തരിക്ഷത്തെ സംഘര്‍ഷമുഖരിതമാക്കി.  ആയത്തുല്ലാ ഖുമൈനിയുടെ ഫണ്ടും വാങ്ങി ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് നട്ടപാതിരാക്ക് ചുമരെഴുതിയപ്പോള്‍ പച്ചാപകല്‍ Rss കാരന്‍ തിര്‍ച്ചൊഴുതി ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയിലൂടെ എന്ന്.  ഇതു ഇവിടെ പറഞ്ഞത് എക്കാലത്തും ഇറാനിലെ ശിആ ഭരണക്കൂടത്തോട്  ജമാ അത്തിന് അനുരാഗാത്മക മായ് അഭിനിവേഷം അവരുടെ പ്രവര്‍ത്തനങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്.

സഊദി കേന്ദ്രീകൃത അറബ് ലോകം പ്രശ്നകലുഷമായിത്തീരാനുള്ള  ഇറാന്‍ ശീആ ചേരിയുടെ താല്പര്യത്തിന്റെ കൂടെയാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നതിന്റെ വ്യക്തമായ സൂചകമാണ് പഴയകാല ജമാഅത്തെ താത്വികന്‍ പച്ചക്കുതിരയിലെഴുതിയ ലേഖനം

സഊദി അറേബ്യയില്‍ ഒരു വിപ്ലവം  അദ്ദേഹം സ്വപ്നം കാണുന്നു.  പെട്ടെന്നൊന്നും അത് സാധ്യമാവില്ലെന്നതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നത് ഇപ്രകാരമാണ്. ‘ജി.സി.സി നാടുകളില്‍ പൊതുവിലും സഊദിയില്‍ പ്രത്യേകിച്ചും തുണീഷ്യയില്‍ അടിച്ചുവീശിയ ജാസ്മിന്‍ കാറ്റ് ആ അളവില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീ‍ക്ഷിക്കുന്നത് ആഗ്രഹചിന്ത മാത്രമായിരിക്കും.  സഊദി ഭരണകൂടം തുര്‍ക്കി രാജകുമാരന്‍  ആഗ്രഹിക്കും പോലെ പെട്ടൊന്നൊന്നും കെട്ടുകെട്ടാന്‍ പോകുന്നില്ല. (പച്ചക്കുതിര-മാര്‍ച്ച് 2011)

നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല.  അതൊരു തുടര്‍ പ്രക്രിയ ആണെന്ന് പറഞ്ഞല്ലോ..   ഇരുപതാം നൂറ്റാണ്ടാദ്യം മുതല്‍ വ്യവ്സ്ഥാപിതമായിത്തീര്‍ന്ന നമ്മുടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പറ്റിയ കൈപ്പിഴ കാലത്തിന്റെ പരിവര്‍ത്തന സ്വഭാവം കണക്കിലെടുക്കാന്‍ പില്‍ക്കാലത്ത് അതിന് സാദിച്ചില്ല എന്നതാണ്.  വക്കം മൌലവി സാഹിബിന്റെ മനസ്സിന് ലഭിച്ച വെളിച്ചം ഏതാണ്ട് ഇക്കാലമാവുമ്പോഴേക്കും അണഞ്ഞുപോയി യെന്നാണനുഭവം, മൌലവി ഒരു കുറ്റിയിലും ഈപ്രസ്ഥാത്തെ കെട്ടിയിടാന്‍ അനുവദിച്ചിട്ടില്ല.  ഇസ്ലാമിലൊഴിച്ച്.

പുതിയകാലത്ത് നാം യാഥാസ്ഥികതയുടെ നിര്‍വ്വചനം അല്ലങ്കില്‍ അര്‍ത്ഥ തലം പോലു മാറ്റേണ്ടതുണ്ട്.     അതായത് യാഥാസ്ഥിതക എന്ന പറഞ്ഞാല്‍ മാറ്റങ്ങളൊടുള്ള പരാങ്മുഖതയാണ് അത് ആധുനീകരണത്തിനു എതിരും കടുത്തപാരമ്പര്യ വാദികളും.  പുതിയതിനെ സംശയത്തോടെ നോക്കുക അതിനെതിരെ സജ്ജമാവുക എന്നത് അതിന്റെ ലക്ഷണമാണ്.  നൂറ്റാണ്ടു മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ച യാഥാസ്ഥികതയല്ല ഇന്ന് നമ്മുടെ ചുറ്റു പാടുകളില്‍ ഉള്ളത്.  ഇന്നെത്തെ യാഥാസ്ഥികര്‍ മേല്‍ പ്പറഞ്ഞ വിവക്ഷ്കളില്‍ പലതിലു പരിധിപുറത്ത് ചാടിയിരിക്കുന്നു.  ആധുനിക ഉപാ‍ധികളും വിദ്യാ‍ഭ്യാസവും നേടിക്കൊണ്ട് അവര്‍ പൂര്‍വ്വികരുടെ ചരിത്രത്തൊട് പ്രാശ്ചത്യം ചെയ്യുന്നത് പോലെയണ് മുന്നേറുന്നത്.  

എന്നാല്‍ ആധുനിക ഉപാധികളും രീതിശാസ്ത്രങ്ങളും മടികൂടാതെ സ്വീകരിക്കുമ്പോഴും അവരുടെ സാമൂഹിക വീക്ഷണങ്ങളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടൂണ്ടോ എന്ന്  പരിശോധിക്കേണ്ടതുണ്ട്. വഴിമാറിപ്പോയ അന്ധ വിശ്വാസങ്ങളൂം അനാചാരങ്ങളും  തിരികെ മറ്റൊരു രൂപത്തില്‍ തിരിച്ച് വരുന്നത് കാണാവുന്നതാണ്.  കേരള മുസ്ലിം  നവോത്ഥാനത്തിന്റെ നേട്ടങ്ങളെ ‘ആധുനികത’ യുടെ യന്ത്ര തന്ത്രങ്ങള്‍ ഉപയോഗിച്ച് പരാജയപെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇന്ന് വ്യാപകമായി കാണുന്നത്.   പുറമേ ആധുനികവും കാ‍ലോചിതവും  എന്നാല്‍ അകമേ യാഥാസ്ഥികവുമായ ഒരു സാമൂഹ്യ വിഭാഗമായി കേരള മുസ്ലീങ്ങള്‍ പാകപ്പെട്ടു വരുന്ന അനുഭവമണ് ഉള്ളത്.

ബഹു മുഖ രംഗത്ത് ഒരേസമയം വ്യവ്സ്ഥാപിതവും ആലോചനാപൂര്‍വ്വവുമായ  ഇടപെടല്‍ കൊണ്ടേ  നവോത്ഥാനം സാദ്ധ്യമാകൂ അതിന് നമ്മുടെ പൂര്‍വ്വികരായ നേതാക്കള്‍ കാണിച്ചുതന്ന  ഇസ്ലാമിന്റെ ആശാദര്‍ശങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട്  സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടപെടാ‍ന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

കടപ്പാട്.
എം. ഐ തങ്ങള്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, അബ്ദുറഹ്മാന്‍ മങ്ങാട്, സി. എ സഈദ് ഫാറൂഖി, അബ്ദുറഹ്മാന്‍ അദൃശ്ശേരി, ബി.പി.എ  ഗഫൂര്‍, തുടങ്ങിയവരുടെ വിവിധ ലേഖനങ്ങളും പ്രബന്ധങ്ങളും

16 പ്രതികരണങ്ങള്‍:

ഷാജു അത്താണിക്കല്‍ said...

പ്രിസാദ് ഭായി വളരെ വ്യക്തമായ വിവരണം, ഒരു സമഗ്ര പോസ്റ്റ്....
വായിച്ചു, ഒന്നു കൂടി വായിക്കണം ഇത്, അപ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റും
ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ
ആശംസകള്‍

Akbar said...

നവോത്ഥാന സംരംഭങ്ങളുടെ നാള്‍ വഴികളിളെപറ്റി അറിവ് നല്‍കുന്ന സമഗ്രമായ ഒരു ലേഖനം. എന്നും സത്യ മാര്‍ഗത്തിന് വഴി മുടക്കി നില്‍ക്കുകയും മാറി നിന്നു പരിഹസിക്കുകയും ചെയ്തവര്‍ സ്വയം പരിഹാസ്യരായി തീരുന്ന കാലിക സാഹചര്യത്തില്‍‍ ഒരു ഓര്‍മ്മപ്പെടുത്തലിന് ഇതു ഉപകരിക്കും. ഈടുറ്റ ഈ കുറിപ്പ് തയാറാക്കിയ ലേഖകന് അഭിനന്ദനം. വളരെ വിശദമായ വായന ഈ കുറിപ്പ് അര്‍ഹിക്കുന്നു.

Basheer Vallikkunnu said...

ഒരു സാധാരണ ബ്ലോഗ്‌ പോസ്റ്റ്‌ എന്ന തലത്തില്‍ നിന്ന് പഠനാര്‍ഹാമായ ഒരു പ്രബന്ധത്തിന്റെ തലത്തിലേക്ക് ഈ എഴുത്ത് മാറിയിട്ടുണ്ട്. വിഷയങ്ങളെ ഗൌരവതരമായി പഠിക്കുകയും അവധാനതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരും നമുക്കിടയില്‍ ഉണ്ട് എന്ന് പ്രിന്‍സാദ് തെളിയിച്ചിരിക്കുന്നു. ബ്ലോഗിന്റെ സാധ്യതകളെ തിരിച്ചറിയാനും സാര്‍ത്ഥമാക്കാനും ഉതകുന്ന ഇത്തരം രചനകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ഈടുറ്റ ലേഖനം, ഗൌരവമുള്ള ചിന്തകള്‍. പുനര്‍വായന മാത്രമല്ല പുതിയ വായന സമര്‍പ്പികാനും സാധിക്കുമെന്ന് തെളിയിച്ച പ്രിന്‍സാദ് ബായിക്ക് അഭിനന്ധനങ്ങള്‍.

Sayyid muhammad musthafa said...

വായിക്കുമ്പോള്‍ ഇരുത്തം വന്ന എഴുത്തുകരനാണോ ലേഖകന്‍ എന്ന് തോന്നിപ്പോകുന്നു .ഒരു ചരിത്രകാരന്‍ പ്രിന്സധില്‍ ഒളിഞ്ഞ്ഞ്ഞിരിപ്പുന്ടു.
സമുദായത്തിനു ചരിത്രത്തില്‍ നിന്നു പഠിക്കുവാന്‍ പ്രിന്സാദിലൂടെയും സാധിക്കട്ടെ.ആമീന്‍

navodila said...

തുടക്കം ഗംഭീരം, പക്ഷെ നവോതനത്തെ സത്യസന്തമായി വിലയിരുത്തുവാന്‍ പരാജയപ്പെട്ടെന്ന് എന്റെ പക്ഷം.
ഇന്ഗ്ലീശുകാരോട് നെഞ്ഞൂക്കോടെ എതിരിട്ട അലവി തങ്ങളും ഉമര്‍ ഖാളിയും വരാതെ ചരിത്രം പൂര്‍ണമാകുമോ?
മുസ്ലിം നവോടനത്തില്‍ ഓരോ സങ്കടനകളും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. അതും കൂടി ചേര്‍ക്കുംപോളെ ഏതൊരു പഠനവും പൂര്‍ണമാകുകയുള്ളൂ!

MT Manaf said...

നവോത്ഥാനത്തിന്‍റെ നാള്‍വഴികള്‍ ചരിത്ര പഠനത്തിന്‍റെ അടിസ്ഥാന ശിലകളാണ്.
കൃത്യമായ അവതരണത്തിലൂടെ പുനര്‍വായന നിര്‍വഹിച്ചത്
മഹത്തായ ഒരു ധര്‍മ്മമാണെന്നു പറയുന്നതില്‍ സന്തോഷമുണ്ട്.
ഈ ശ്രമം വിലമതിക്കുന്നു; ഉള്ളു തൊട്ട അഭിനന്ദനമറിയിക്കുന്നു.

കൊമ്പന്‍ said...

പ്രിസാദിന്റെ ഈ പോസ്റ്റിനെ വളരെ താല്പര്യത്തോടെ വായിച്ചു
കാരണം വിക്ഞാന പ്രദം ആയ നല്ലൊരു ലേഖനം

കാട്ടിപ്പരുത്തി said...

ടെമ്പ്ലേറ്റ് മാറ്റൂ വായിക്കാനാകുന്നില്ല,

Prinsad said...

ചരിത്രം വായന എന്നും അവേശമായിരുന്നു..
ചരിത്രത്തിന്റെ വായനാനുഭവത്തിന്റെയും
വര്‍ത്തമനത്തിന്റെ ജീവിതാനുഭവത്തിന്റെയും
പരിമിതിക്കുള്ളില്‍ നിന്നുമാണ് ഈയൊരു സാഹസത്തിന് മുതിര്‍ന്നത്..
അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കൂടുതല്‍ പഠനത്തിനുള്ള പ്രചോദനമായും ഉള്‍കൊള്ളുന്നു..

@ ഷാജു അത്താണിക്കല്‍
‌‌@ അക്ബര്‍ ചാലിയാര്‍
@ ബഷീര്‍ വള്ളിക്കുന്ന്
@ മുജീബ് റഹ്മാന്‍ ചെങ്ങര
@ സയ്യിദ് മുഹമ്മദ് മുസ്തഫ
@ നവോദില
@ എം.ടി മനാഫ്
@ കൊമ്പന്‍ മൂസ
@ കാട്ടിപ്പരുത്തി

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

jailaf said...

മനോഹരമായ രചന.

അഷ്‌റഫ്‌ സല്‍വ said...

vaayichu.. poorvikar thudangi vecha pravarthanangale inninte avashyakathayanusarichu etteduthu munnottu kondu pokan namukku sadhikkatte... padanarhmaya lekhanathinu nandi

navodila said...

നവോദ്ധാനം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തില്‍ അതിന്റെ അവകാശികള്‍ ആരാണ് എന്ന് ഓരോ സങ്കടനകളും വെവ്വേറെ ചോദിക്കുന്നത് ഞാന്‍ വായിച്ചിട്ടുണ്ട്.
രിസാലയില്‍ ഇത് സംബന്തിച്ചു നെടുങ്കന്‍ ലേഖനം വന്നിട്ടുണ്ട്. ശബാബും പ്രബോധനവും നവോധനാതിന്റെ അവകാശം പറയാറുണ്ട്‌.
എല്ലാവര്ക്കും ഒരു പങ്കു അതില്‍ ഉണ്ട് താനും. താങ്കളുടെ ലേഖനത്തില്‍ അവസാനമാകുംപോയെക്കും അവകാശപത്രിക കേരളത്തിലെ ഒരു സങ്കടനക്ക് മാത്രമാകി അവതരിച്ചതിനോട് യോജിപ്പില്ല എന്ന് പറഞ്ഞു എന്ന് മാത്രം..

ചരിത്ര വായനയില്‍ താങ്കള്‍ ചിലവാക്കുന്ന ഓരോ മഷിയും മഹനീയമായിരിക്കും.
ഭാവുകങ്ങള്‍..

K.P.Sukumaran said...

പ്രിന്‍സാദ് ശരിയായി പറഞ്ഞിട്ടുണ്ട്. നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ് എന്ന നിരീക്ഷണം വളരെ സാര്‍ത്ഥകമാണ്. ചിന്തിക്കുന്നവര്‍ എല്ലാവരും ഏതെങ്കിലും ഒരിടത്ത് കൂട്ടിമുട്ടും. സമൂഹം അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന് ഞാനും പറയാറുണ്ട്. സത്യം പറഞ്ഞാല്‍ ഇവിടെ മാറ്റങ്ങള്‍ സദാ നടക്കുന്നുണ്ട്. എന്നാല്‍ ആ മാറ്റങ്ങള്‍ ഗുണപരമായ മാറ്റങ്ങളാക്കി മാറ്റുന്നതില്‍ എല്ല്ലാവരും പരാജയപ്പെടുന്നു. ഇക്കാര്യത്തില്‍ മനുഷ്യരെ നേര്‍വഴിക്ക് നയിക്കാന്‍ ബാധ്യതപ്പെട്ടവരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ജാഗ്രത വേണമായിരുന്നു. പക്ഷെ പലപ്പോഴും അവരെയും ആരെങ്കിലും നന്നാക്കേണ്ട അവസ്ഥയുണ്ട്. അതിന് ആര്‍ക്കാണ് കഴിയുക. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് ചില ആത്മീയ-മത സ്ഥാപനങ്ങള്‍ മുന്‍‌ഗണന കൊടുക്കുന്നത് ഒരു ഉദാഹരണമായി പറയാം. എന്തായാലും പ്രിന്‍സാദ് വളരെ ചിന്താര്‍ഹമായിട്ടാണ് എഴുതിയിരിക്കുന്നത്. ഭാവുകങ്ങള്‍ !

Musthafa Machinadukkam said...

Good

Unknown said...

പഠനാർഹമായ ലേഖനം, അഭിനന്നനങ്ങൾ
എന്നാൽ ചില സംഘടനകളെക്കുരിച്ച്ച തെറ്റായ മുൻവിധികൾ മൂലം സംഭവിച്ച പിശകുകൾ ലേഖനത്തിന്റെ ആധികാരികതയെ പരിക്കെല്പിച്ച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെ ലേഖകൻ ആധിക്കരികമായി പഠന വിധേയമാക്കിയിട്ടില്ല. അതെക്കുറിച്ച് എഴുതിയ പരാമർശങ്ങൾ വായിക്കുമ്പോൾ എല് കെ ജി വിധ്യാർഥിയുടെ തരത്തിലേക്ക് ലേഘഖൻ താഴ്ന്ന പോലെ.
കേരളീയ മുസ്ലിം മന്ധലത്ത്തിൽ ജമാഅത്ത് കത്തിച്ചു വെച്ച നവോധാനത്ത്തിന്റെ വെളിച്ചം കണ്ണുള്ളവര്ക്കൊക്കെ കാനാവുന്നതെയുല്ല്. വിദ്യാഭ്യാസ, വിശ്യാസ,സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ തലങ്ങളിൽ അതുണ്ടാക്കിയ പരിവര്തനങ്ങളെ ലേഖകൻ സത്യസന്ധമായി പഠന വിധേയമാക്കണം. എന്നിട്ട് വിമര്ശിക്കണം. ആരും വിമര്ശനത്തിനു അതീതരല്ല. ലേഖകന് പരിചയപ്പെടുത്തിയ വ്യക്തികള അടക്കം . ആരോടും ഉള്ള പ്രതികാരത്തിൽ നിന്നാകരുത് പൊതു സമൂഹത്തിനു മുന്നില് സമര്പ്പിക്കുന്ന പഠന ലേഖനങ്ങളിലെ പരാമർശങ്ങൾ.
അല്ലാഹു അനുഗ്രഹിക്കട്ടെ
നന്മകൾ നിരന്നു കൊണ്ട്.
ഒരു ഗുണകാംക്ഷി.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്