Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍

രിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ്.


ഏതൊരു സമരത്തിന്റെയും ജനപങ്കാളിത്തം അതിന്റെ  നേതൃത്വത്തെ ആശ്രയിച്ചിരിക്കും പൊതു താല്പര്യവും സാമൂഹ്യ പ്രതിബദ്ധതയും നിസ്വാര്‍ത്ഥതയും വിശാലമായ കാഴ്ച്ചപാടും ദീര്‍ഘദൃഷ്ടിയോടുള്ള  ആസൂത്രണ വൈഭവമുള്ള ഒരു നേതൃനിരയുടെ കൂട്ടായ്മയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ  ജനകീയ മുന്നേറ്റത്തിന് വഴിതെളിച്ചത്. അലി സഹോദരന്മാര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹറു, മൗലാന  അബുള്‍ കലാം ആസാദ്, മുഹമ്മദലി ജിന്ന, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, തുടങ്ങിയ നേതാക്കള്‍ മേല്‍ പറഞ്ഞ ഗുണങ്ങളേതെങ്കിലും കൈമുതലുള്ളവരായിരുന്നു.  ഇവരില്‍ ആരെങ്കിലും ഒരാളില്‍ ഒതുക്കേണ്ടതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വിജയം.  ഇവരുടെയല്ലാം കൂട്ടായ പരിശ്രമത്തിന്റെ വിജയമത്രെ ഇന്ത്യയുടെ വിജയം.

ഈ നേതൃത്വത്തിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ സജീവമാക്കി നിലനിര്‍ത്തിയത്.  സ്വാതന്ത്ര്യാനന്തരം  ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയോട്  അത്രയൊന്നും തൃപ്തമല്ലാത്ത നിലപാടുമായി രാഷ്ട്രപിതാവ് ഗതിമാറി നടന്നപ്പോഴും ഇന്ത്യന്‍ ജനത ജനാധിപത്യരാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി നിലകൊണ്ടു എന്നതു ശ്രദ്ദേയമത്രെ.

ഭാവി ഇന്ത്യ എന്തായിരിക്കണമെന്ന ദീര്‍ഘദൃഷ്ടിയും വിശാലമായ കാഴ്ച്ചപാടും വെല്ലുവിളികളെ അതിജീവിക്കനുള്ള സുവ്യക്തമായ നിലപാടുകളും ഉള്ള ജവഹര്‍ലാലിന്റെ നേതൃത്വം യുവജനങ്ങളെ രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ സക്രിയരാക്കി. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അവര്‍ ഭരണ-പ്രതിപക്ഷ തലങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ഈ നില മാറ്റമില്ലാതെ തുടര്‍ന്നു.

കാലക്രമത്തില്‍ എല്ലാറ്റിനമെന്നപോലെ  ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാരമായ അപചയങ്ങള്‍ സംഭവിച്ചുതുടങ്ങി. അധികാരമെന്നത് പൗരസമൂഹത്തിന്റെ താല്പര്യസംരക്ഷണത്തിനുള്ള ശക്തമായ ആയുധമെന്നതിന് പകരം അധികാരമെന്നത് ആത്യന്തിക ലക്ഷ്യമായതോടെ അത് സാധിച്ചെടുക്കാന്‍ എന്തുമാവാമെന്നായി.  അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ അന്വേഷിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ ആദര്‍ശങ്ങളും പൊതുതാല്പര്യങ്ങളും ബലികഴിച്ചുതുടങ്ങി.  അതിന്റെ തിക്ത ഫലമെന്നോണം സമൂഹത്തിലെ ദുര്‍ബലര്‍  അവഗണിക്കപ്പെട്ടു.  അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാനോ ശബ്ദുമുയര്‍ത്തുവാനോ, ആളില്ലാതായി.  ദലിതര്‍, ആദിവാസികള്‍ പിന്നോക്ക മത ഭാഷാ ന്യൂനപക്ഷങ്ങള്‍  തുടങ്ങീ ജനസംഖ്യയുടെ  നല്ലൊരു വിഭാഗം പൊതുധാരയില്‍ നിന്നും അവഗണിക്കപ്പെട്ടു.  അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു.  നില നില്‍പ്പുപോലും ചോദ്യംചെയ്യപ്പെട്ടു.


രാഷ്ട്രീയ അധികാരമേഖല ചില പ്രത്യേക വിഭാഗങ്ങളില്‍ ഒതുക്കപ്പെട്ടു. പിന്നോക്ക വിഭാഗങ്ങള്‍ കേവലം വോട്ടുചൊയ്യാനുള്ള യന്ത്രങ്ങള്‍ മാത്രമായി.  ഉദ്യോഗ തൊഴില്‍ മേഖലകളില്‍ നിന്ന് പാടെ എടുത്തറിയപ്പെട്ട പിന്നോക്ക മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലകപ്പെട്ടു.  പൊതുസമൂഹത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തറിയപ്പെട്ട ഈ വിഭാഗങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനുള്ള  ആയുധമാക്കിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തി.

രാഷ്ട്രീയ നേതൃനിരകള്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കുടികിടപ്പവകാശമാക്കിമാറ്റി. സമൂഹത്തിനും രാഷ്ട്രീയത്തിനും വേണ്ടി പണിയെടുക്കാനും നേതൃത്വം നല്‍കാനും പ്രാപ്തിയും  നേതൃപാടവവുമുള്ളവര്‍ അവഗണിക്കപ്പെട്ടു.  നേതാക്കളുടെ അനന്തരവകാശികള്‍ക്കും  കുബേരന്മാര്‍ക്കും  തീറെഴുതപ്പെട്ട നിലയായി  അധികാര-രാഷ്ട്രീയ നേതൃതലങ്ങള്‍.

സവിശേഷമായ ഈ സാഹചര്യത്തെ മുന്നില്‍ വെച്ച് കൊണ്ട് ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയവും ചര്‍ച്ചക്ക് വിധേയമാക്കണം.  1947 ആഗസ്റ്റ് 14ന് അര്‍ധരാത്രി വിഭജനത്തോടെ ഇന്ത്യ സ്വാതന്ത്രയായപ്പോള്‍ ഇന്ത്യയിലെ അവശേഷിച്ച മുസ്ലിം ജനവിഭാഗം അനുഭവിച്ച മാനസിക സംഘര്‍ഷം വിവരണാതീതമായിരുന്നു.  വിഭജനത്തിന്റെ പാപഭാരം കെട്ടിവെക്കപ്പെട്ട രാജ്യത്തെ മുതലാളിസമൂഹം തികഞ്ഞ അപകര്‍ഷതാബോധത്തില്‍ അരക്ഷിതാവസ്തയുടെ ആഴകടലില്‍ നിലയില്ലാതെ നട്ടം തിരിഞ്ഞു.

സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ മുസ്ലീം രാഷ്ട്രീയത്തിന്റെ പ്രസക്തി ഉത്തരം കിട്ടാത്ത സമസ്യയായി ഉയര്‍ന്നു നിന്നു.

ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ സ്വീകരിച്ച സ്വാതന്ത്ര്യ ഇന്ത്യയില്‍ മുസ്ലീം രാഷ്ട്രീയത്തിന്റെ പ്രസക്തി ഒട്ടും അപ്രസക്തമല്ലന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മുഹമ്മദ് ഇസ്മാഈല്‍  സാഹിബെന്ന ത്യാഗിവര്യനായ മുസ്ലീം ലീഗ് നേതാവ് ഉറക്കെ പറഞ്ഞു.  മുസ്ലിം സമുദായത്തിന്റെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യ സംരക്ഷണത്തിന് മതേതര ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ച് നിന്നുകൊണ്ട് തന്നെ രാഷ്ട്രീയമായ പോരാട്ടം അനിവാര്യമാണെന്ന് അടിവരയിട്ടു.

ഇന്ത്യയിലെ അവശേഷിക്കുന്ന മുസ്ലിം ജനവിഭാഗത്തിന്റെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി താല്പര്യസംരക്ഷണമെന്ന  വിശാലമായ ലക്ഷ്യം മുന്‍നിര്‍ത്തി സ്വാതന്ത്ര ഇന്ത്യയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നിലവില്‍ വന്നു.

വിഭജനത്തിന് ഉത്തരവാദികളെന്ന ദുഷ് പേര് നിലനില്‍ക്കെ മുസ്ലിം ലീഗ് എന്ന മുസ്ലീം രാഷ്ട്രീയ പ്രസ്ഥാനത്തിന് അധികമെന്നും വേരുറപ്പിക്കാന്‍ കഴിഞ്ഞില്ലന്നെത് ഒരു വസ്തുത.   പ്രത്യേകിച്ച് വിഭജനത്തിന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടിവന്ന ഉത്തരേന്ത്യന്‍ മുസ്ലീങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ മുസ്ലീം ലീഗിന് സാധിക്കാതെ പോയി.

എന്നാല്‍ മദിരാശി പ്രോവിന്‍ഷ്യയില്‍ മുസ്ലിം ലീഗിന് നിര്‍ണായകമായ ഒരു രാഷ്ട്രീയ ശക്തിയായി വളരാന്‍ കഴിഞ്ഞു.  മലബാറിലെ മാപ്പിള സമൂഹത്തിന്റെ പിന്‍ബലമായിരിക്കും അതിന് നിമിത്തമായി മാറിയത്.

മുസ്ലിം സമുദായത്തിന്റെ മതപരവും  സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യ സംരക്ഷണത്തിന് രാഷ്ട്രീയ സംഘടിത ശക്തിയാര്‍ജ്ജിക്കുകയെന്ന നിലപാടിനെ ഏറ്റെടുക്കാന്‍ പാകപ്പെടുന്ന ഒരു ജനതയായിരിക്കും മാപ്പിളമാര്‍ എന്ന ചരിത്രപരമായ വസ്തുത ഇവിടെ പരാമര്‍ശിക്കപ്പെടുക തന്നെ വേണം.

1921-ലെ മലബാര്‍ കലാപത്തിനു ശേഷം മലബാറില്‍ നടന്ന മുസ്ലിം നവോത്ഥാന സംരംഭമാണ് ഇവിടെ ചേര്‍ത്തുവായിക്കപ്പെടേണ്ടത്.  വികാരമല്ല,  വിവേകമാണ് സമുദായത്തിന്റെ നല്ല നാളെയുടെ സൃഷ്ടിപ്പിനനിവാര്യാമായിട്ടുള്ളതെന്ന് സമുദായത്തെ പഠിപ്പിക്കുന്നതില്‍ മലബാറില്‍ മുസ്ലിം നവോത്ഥാന നായകര്‍ വിജയിച്ചിരുന്നു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കെ.എം. സീതിഹാജിയും ഇ.മൊയ്തു മൌലവി സാഹിബും കെ.എം. മൗലവിയും മെല്ലാം മലബാര്‍ മുസ്ലിംങ്ങളില്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ അവബോധം ലീഗിന് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

മുസ്ലിം ഐക്യ സംഘത്തിലൂടെയും തുടര്‍ന്ന് കേരള ജംഇയ്യത്തുല്‍ ഉലമയിലൂടെയും മലബാറിലെ മുസ്ലിംകള്‍ ആര്‍ജ്ജിച്ച സ്വത്വബോധം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.  നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച കെ.എം. സീതി സാഹിബ് കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവിസാഹിബ്, അബ്ദുസ്സലാം മ‍ൗലവിസാഹിബ് തുടങ്ങീ മുസ്ലിം നവോത്ഥാന നായകര്‍ തന്നെയാണ് മുസ്ലിം ലീ‍ഗിന്റെയും സ്ഥാപനത്തിന് നേതൃത്വം വഹിച്ചതെന്ന ചരിത്ര യാഥാര്‍ത്ഥ്യം ഒളിപ്പിച്ചു വെക്കാന്‍ കഴിയാത്തത്ര അനിഷേധ്യമാണ്.

മുസ്ലീം ലീ‍ഗിന്റെ മുഖ്യപത്രമായി മാറിയ ചന്ദ്രിക, കെ.എം സീതി സാഹിബിന്റെ നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായിരുന്നു എന്നത്രെ ചരിത്ര വസ്തുത.    മുസ്ലിം ലീഗ് പിറവിയെടുക്കുന്നതിന് ഒരു ദശാബ്ദം മുമ്പ് തന്നെ മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെയുള്ള പടവാളുമായി ‘ചന്ദ്രിക’ ഉദയം ചെയ്തിരുന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ഇന്ന് എല്ലാ യാഥാസതിക പിന്തിരിപ്പന്‍ ശക്തികള്‍ക്കും ചട്ടുകമായി തീര്‍ന്ന ‘ചന്ദ്രിക’ മുസ്ലിം നവോത്ഥാനത്തിന്റെ ശക്തമായ തൂലികയായിരുന്നു എന്ന ചരിത്ര വസ്തുത പുതു തലമുറയെ ബോധ്യപെടുത്തേണ്ടിയിരികുന്നു.

ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിന് സംഭവിച്ചത് പോലെ തന്നെ മുസ്ലിം രാഷ്ട്രീയത്തിനും കാലഗതിയില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു.  സ്വതന്ത്ര ഇന്ത്യയില്‍ ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ എല്ലാ വിധ വെല്ലുവിളികളെയും   ആക്ഷേപങ്ങളെയും തൃണ വല്‍ക്കരിച്ച് മുസ്ലീം ലീഗ് പ്രസ്ഥാനം നിലനിര്‍ത്തിയത് അതേ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടം പൂര്‍വോപരി ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. നാടേ സൂചിപ്പിച്ചത് പോലെ മുസ്ലിം സമുദായത്തിന് മതപരവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തിക-വ്യവസായിക അവകാശങ്ങള്‍ വകവെച്ചു കിട്ടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.

മതപരമായ താല്പര്യസംരക്ഷണമെന്നത് ഏറെ വിശാലമാണ്.  ആ അര്‍ത്ഥത്തില്‍ അതിനെ സമീപിക്കുന്നതില്‍ നിലവിലുള്ള മുസ്ലിം രാഷ്ട്രീയ നേതൃത്വം എന്തുമാത്രം ജാഗരൂഗകരാണെന്നത് വിമര്‍ശനവിധേയമാക്കപ്പെടുക തന്നെ വേണം.  മുസ്ലിം സമുദായത്തിലെ നവോത്ഥാന നായകരെല്ലാം മുസ്ലീം ലീഗ് പ്രസ്ഥാനം നട്ടുവളര്‍ത്തി അതിന്റെ നേതൃനിരയിലിരുന്നപ്പോള്‍ മുസ്ലിം സമുദായം മുസ്ലിം സമുദായം ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിക ജനവിഭാഗത്തെ അവഗണിച്ചില്ലെന്ന് മാത്രമല്ല അവരുടെ സാമൂഹ്യമായ ഉന്നമനം ലക്ഷ്യം വെച്ച് അജണ്ഡകള്‍ ആവിശ്കരിക്കുകയായിരുന്നു.  അങ്ങനെയാണ് വിദ്യാഭ്യാസം ലീഗിന് മുഖ്യ അജണ്ടയായി മാറിയത്.  വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമെ മുസ്ലിം സമുദായത്തിന് സാമൂഹ്യമുന്നേറ്റം സാധ്യമാകൂ എന്ന് അവര്‍ മനസ്സിലാക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

മുസ്ലിം സമുദായത്തിന്റെ മതപരവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ മുന്നേറ്റത്തില്‍ മുസ്ലിം രാഷ്ട്രത്തിന്റെ ഒന്നിച്ചുള്ള പ്രയാണം ഉജ്വലമായ പങ്കുവഹിച്ചു.  മഹത്തായ ഈ ലക്ഷ്യം സാധിക്കുന്നതില്‍ മുസ്ലിം രാഷ്ട്രീയ നേതൃത്വം  എന്തൊന്നില്ലാത്ത മികവ് പ്രകടിപ്പിച്ചു.   ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ എണ്ണത്തില്‍ കുടുതലുണ്ടായിട്ടും അധികാര മേഖലയില്‍ നിന്നും അന്യംനിന്ന് പൊതുസമൂഹത്തിന്റെ  പുറമ്പോക്കിലെറിയപ്പെട്ടപ്പോള്‍ പൊതുസമൂഹത്തിന്റെ നേതൃ നിരയില്‍ വിരാജിക്കാന്‍ മുസ്ലിം രാഷ്ട്രീയം കേരള മുസ്ലിംകള്‍ക്ക് അവസരമൊരുക്കിയെന്നത് അനുഭവ യാഥാര്‍ത്ഥ്യം.  നേട്ടങ്ങളുടെ പട്ടിക ഇവിടെയെണ്ണിപറയുക അസാധ്യമാണ്.

ദൗര്‍ഭാഗ്യവശാല്‍ ദേശീയ രാഷ്ട്രീയത്തെ ബാധിച്ച അപചയം മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെയും ബാധിച്ചു എന്നെഴുതിയാല്‍ അത് കുറ്റപെടുത്തലല്ല.  തെറ്റു തിരുത്താനുള്ള ആരോഗ്യകരമായ വിമര്‍ശനം എന്നു മാത്രം.

മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഏറെ അകന്നു.  നവോത്ഥാന നായകര്‍ നേതൃത്വം നല്കിയ മുസ്ലിം രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ച അര്‍ഹിക്കുന്ന കരങ്ങളിലെത്തിയില്ലെന്നതിന്റെ ദുരന്തം സമുദായം മൊത്തം അനുഭവിക്കേണ്ടി വന്നു.   സമുദായത്തിന്റെ സാമൂഹിക നവോത്ഥാന ലക്ഷ്യമായി രൂപംകൊണ്ട മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം ലക്ഷ്യത്തില്‍ നിന്നേറെ അകന്നു.

സമുദായ താല്പര്യ സംരക്ഷണത്തിനുള്ള  ആയുധമെന്നതിലുപരി അധികാരം ആത്യന്തിക ലക്ഷ്യമായി മുസ്ലിം രാഷ്ട്രീയ നേതൃത്വം കണ്ടതോടെ എല്ലാം തല തിരിഞ്ഞു.  എല്ലാത്തിനോടും രാജിയാകേണ്ടി വന്നു.  വോട്ട് ബാങ്ക് രാഷ്ട്രീയം യാഥാസ്ഥിക ഭൂരിപക്ഷത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെ നിര്‍ബന്ധിതമാക്കി.


കെ.എം. സീതിസാഹിബും കെ.എം.മൗലവിയും എന്‍.പി അബ്ദുല്‍ സ്സലാം മൗലവിയും ബാഫാക്കി തങ്ങളും   കെ.സി അബൂബക്കര്‍ മൗലവിയും  പാണക്കാട് തങ്ങള്‍മാരുമെല്ലാം മുസ്ലിം രാഷ്ട്രീയ നേതൃത്വത്തില്‍  ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചണിനിരന്നപ്പോള്‍ ആദര്‍ശപരമായ അവരവരുടെ വ്യക്തിത്വം അംഗീകരിക്കാന്‍ വിശാലമനസ്കരായിരുന്നു.  സുന്നിയും മുജാഹിദുമെന്നൊക്കെയുള്ള വ്യക്തിത്വം നിലനിര്‍ത്തികൊണ്ട് തന്നെ പരസ്പരം ബഹുമാനത്തോടെ പരസ്പരം ബഹുമാനത്തോടെ  സമുദായത്തിന്റെ പൊതുതാല്പര്യത്തിന് വേണ്ടി നിലകൊണ്ടു.

എന്നാല്‍ വോട്ട് ബാങ്ക് നിലനിര്‍ത്തുന്നതിനായി എന്തു വിട്ടുവീഴ്ച്ചയുമാകാമെന്ന് വന്നതോടെ സമുദായത്തിന് ബുദ്ധിപരമായ നേതൃത്വം  നല്കുന്ന പ്രതിബദ്ധതയുള്ളവര്‍ മുസ്ലിം രാഷ്ട്രീയത്തില്‍ നിന്ന് അകലേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കവയ്യ.

അധികാരം ആത്യന്തിക ലക്ഷ്യമായതോടെ പാര്‍ട്ടിയ്ക്കകത്തെ പ്രഖ്യാപിത ദൗത്യനിര്‍വ്വഹണത്തില്‍ അഡ്ജസ്റ്റ്മെന്റുകള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ അടിപ്പെട്ടു.

അഭ്യന്തര വിമര്‍ശനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തിപ്പെടുത്തുന്ന നിലപാടിലേക്കെത്തിച്ചു.  നേതൃത്വത്തിന്‍ അപ്രമാദിത്ത കല്പിക്കപ്പെട്ടതോടെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന സാഹചര്യം നിലവില്‍ വന്നു. പാര്‍ട്ടി അറിഞ്ഞോ അറിയാതേയോ വഴിതെറ്റുമ്പോള്‍ പാര്‍ട്ടിയോടും സമുദായത്തോടുമുള്ള പ്രതിബദ്ധതയുള്ളതുകൊണ്ട് മാത്രം ഗുണകാംക്ഷയോടെ വിമര്‍ശിച്ചവരെ പാര്‍ട്ടി ശത്രുവായിക്കണ്ടു.  വിമര്‍ശകരെയൊക്കെ പാര്‍ട്ടിയുടെ ശത്രുപക്ഷത്തിലേക്ക് അടിച്ചിറക്കിയവര്‍ സ്തുതിപാഠകരെ മിത്രങ്ങളായി കണ്ടു. ഇതിന്റെ തിക്താനുഭവങ്ങളാണ് പാര്‍ട്ടിക്ക് താങ്ങാവുന്നതിലധികമെന്നോണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലുണ്ടായത്.

കേരളത്തിലെ ഏറ്റവും വിഭവശേഷിയുള്ള യുവജന സംഘടിത ശക്തിയാണ് മുസ്ലിം രാഷ്ട്രിയത്തിന്റേത്.  ഒട്ടേറെ ധീരോദാത്തമായ അവകാശസമരങ്ങള്‍ നയിക്കുവാനും സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും നേതൃത്വം നല്‍കിയ ഒരു യുവജനപ്രസ്ഥാനം.  പാര്‍ട്ടിക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന യുവജന സംഘടിത ശക്തി.  എന്നാല്‍ അവരും ഒട്ടേറെ മാറിയിരിക്കുന്നു.  സദാ സമര സജ്ജമായിരിക്കേണ്ട യുവജന പ്രസ്ഥാനമിന്ന് ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സമര മുന്നണിയില്‍ നില്ക്കേണ്ട യുവജന പ്രസ്ഥാനം പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും എന്തുചെയ്യുന്നു എന്നതാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്.  പാര്‍ട്ടിയുടെ പ്രചാരകരും പാര്‍ട്ടി അജണ്ടകള്‍  നടപ്പിലാക്കാനുള്ള കേവലം ഒരു ഏജന്‍സിയെന്നതിലപരി സമുദായത്തിന്റെ സമൂഹത്തിന്റെയും താല്പര്യ സംരക്ഷണത്തിനായ് സ്വന്തമായി അജണ്ടകള്‍ ആവിഷ്ക്കരിച്ച് സമരവീഥിയിലിറങ്ങാന്‍ ഏറെക്കാലമായി മുസ്ലിം യുവജന രാഷ്ട്രീയ ശക്തിക്ക്  സാധ്യമാവുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഗൗരവതരമായി തന്നെ കാണും.

മുസ്ലിം യുവജന രാഷ്ട്രീയ സംഘശക്തിയുടെ സര്‍ഗത്മക രാഷ്ട്രീയം വിലങ്ങ് വെക്കപ്പെട്ടിരിക്കുന്നു.  മുസ്ലിം യുവജനങ്ങളെ പൊതു ധാരയുമായി ബന്ധിപ്പിക്കുവാന്‍ നേതൃത്വം നല്കേണ്ട യുവജന പ്രസ്ഥാനത്തെ ചങ്ങലക്കിടപ്പെട്ട ദുരവസ്ഥയില്‍ സര്‍ഗാത്മ രാഷ്ട്രീയമെന്നത് ചിന്തിക്കാന്‍ പോലുമാവാതെ വന്നിരിക്കുന്നു.  പാര്‍ട്ടീക്ക് പുറത്ത് ആരൊക്കെയോ അജണ്ടകള്‍ നിര്‍ണയിക്കുകയും സ്തുതി പാഠകരും ഉപജാപക സംഘങ്ങളും പാര്‍ട്ടി അജണ്ട നിര്‍ദേശിക്കുകയും ചെയ്യുന്നു.

വര്‍ഗ്ഗീയ ഫാസിസത്തെ  ചെറുത്തു നില്‍ക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളും തഥൈവ.  പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍ പേറി ഇടതുപക്ഷരാഷ്ട്രീയത്തിന്റെ നിലപാട് തിരിച്ചറിയപ്പെടാത്ത വിധം കലങ്ങിമറിഞ്ഞിരിക്കുന്നു.   ആഗോള തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പ്രത്യയശാസ്ത്രപരമായ തകര്‍ച്ച മാത്രമാണിതിന്റെ കാരണമെന്ന് വിലയിരുത്താവുന്നതല്ല.  അടിസ്ഥാന വര്‍ഗ്ഗത്തിന്റെ  അവകാശസമരങ്ങള്‍ക്കായ് പാര്‍ലമെന്റ്റി ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുകയെന്ന പ്രായോഗിക രാഷ്ട്രീയം പരീ‍ക്ഷിക്കാ‍ന്‍ ധൈര്യം കാണിച്ച  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ്റി ജനാധിപത്യത്തിന്റെ സൗകര്യങ്ങളില്‍ മതിമറക്കുന്നതിന്റെ ദുരന്തമത്രെ ഇന്നഭിമുഖീകരിക്കുന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രത്യയശാസ്ത്ര വരട്ടു തത്വവാദം ഉയര്‍ത്തിപിടിച്ചപ്പോള്‍ മറുവിഭാഗം എല്ലാ‍വിധ പിന്തിരിപ്പന്‍ ശക്തിയോടും രാജിയായി.  പാര്‍ലമെന്റ്റി  ജനാധിപത്യം ആയുധമെന്നതിലുപരി ലക്ഷ്യമായതോടെ ഇടതുപക്ഷ നിലപാടുകള്‍ ജലരേഖകളായ് മാറി. ചരിത്രം ഒരിക്കലും മാപ്പുകൊടുക്കാത്തവിധം സംഘ് പരിവാറിന് ഇന്ത്യയുടെ ഭരണ പങ്കാളിത്തം തളികയില്‍ വെച്ചുകൊടുക്കുവോളം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ തകര്‍ക്കപ്പെട്ടു.  എല്ലാ പാര്‍ലമെന്റ്റി ജാനധിപത്യത്തിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കുന്നതിനുവേണ്ടിമാത്രം.

പാര്‍ട്ടീ നേതൃത്വത്തിന്റെ അപചയങ്ങളുടെ ഫലമായി പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയില്‍ അതൃപ്തി ഉടലെടുത്തു.  തങ്ങളേറെ സ്നേഹിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്ത് ഏതൊന്നും അതിന് വിപരീതമായൈ വര്‍ത്തിക്കുമ്പോള്‍ അതിന്റെ കടുത്ത ശത്രുവായിത്തീരുക.  മനുഷ്യ സഹജമായ ഒന്നാണ്.  ആ ശത്രുത ഒരു തരം അരക്ഷിതാവസ്ഥ സൃഷ്ടിക്കും അരക്ഷിതമായ ഈ മനസ്സുകളെയാണ് പൈശാചികത എളുപ്പം പിടിക്കുടുക.

മുസ്ലിം രാഷ്ട്രീയ നേതൃത്വം പ്രതീ‍ക്ഷക്കോപ്പം ഉയര്‍ന്നില്ലെന്ന തോന്നല്‍ മുസ്ലിം യുവജനങ്ങലില്‍ സൃഷ്ടിച്ച് അരക്ഷിതത്വത്തെ മുതലെടുക്കാന്‍ സമുദായ രക്ഷകരായി വേഷം കെട്ടിയവര്‍ രംഗത്തുവന്നു.  മുസ്ലിം രാഷ്ട്രീയത്തിന്റെ ശവപ്പറമ്പിലാണ് തങ്ങളുടെ വിളവെടുപ്പെന്ന് കാലേക്കൂട്ടി കണ്ടിരുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രീയത്തിന്റെ ആത്മാര്‍ത്ഥയില്ലായ്മയെ പെരുപ്പിച്ചുകാണിച്ച് മുസ്ലിം യുവാക്കളില്‍ ഒരു തരം ഭ്രാന്തമായ അവസ്ഥ പരുവപ്പെടുത്തിയെടുത്തു.  ഒരു തരം അരാഷ്ട്രീയതയുടെ മണ്ണ് പാകപ്പെടുത്തിയെടുത്തപ്പോള്‍ അവിടെ വിത്തിറക്കാന്‍ വന്നത് തീവ്രവാദ ശക്തികളായിരുന്നു.

കേരളത്തിലിന്ന്  രൂപപെട്ടിട്ടുള്ള മത തീവ്രവാദത്തിന്റെ വേരുകളന്വേഷിക്കേണ്ടത് ഇവിടെയാണ്.  മുസ്ലിം ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സ്വപ്നങ്ങളും പ്രതീ‍ക്ഷകളും അസ്തമിച്ചെന്ന തെറ്റായ ധാരണകള്‍ എത്തിച്ചേര്‍ന്ന ഒരു യുവതലമുറ, തൊഴിലില്ലായ്മയോ ജീവസ്ന്ധാരണത്തിനുള്ള വക കാണാത്തതോ അല്ല അവരുടെ പ്രശ്നം. ലക്ഷ്യ ബോധം നഷ്ടപെട്ട മനസ്സ് മരവിച്ചവരാണിവര്‍, അധികാര രാഷ്ട്രീയത്തിന്റെ  പളപളപ്പില്‍ ഒതുക്കപ്പെട്ടത് കൊണ്ടോ, ചതിക്കപെട്ട്തെന്ന തോന്നല്‍ കൊണ്ടോ, അനാഥത്വമോ ഉള്‍പ്പകകളോ ആവാം ഇവരെ ഈ സ്ഥിതിയിലെത്തിച്ചത്.  ഇനിയെന്തിന് ജീവിക്കണം,  സമുദായത്തിന് വേണ്ടി മരിക്കട്ടെയെന്ന വികലമായ ചിന്ത അറിഞ്ഞോ അറിയാതൊയോ വളര്‍ത്റ്റിയെടുക്കപ്പെട്ടതിന്റെ ദുരന്തപരിണിതിയെത്രെ തീവ്രവാദത്തിന്റെ ഇന്നത്തെ ഈയവ്സ്ഥ.

സോഷ്യലിസത്തിന്റെ തകര്‍ച്ചയാണ് തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് വഴിവെച്ചതെന്ന് പറഞ്ഞാല്‍ രക്ഷപ്പെടുവാനുള്ള പഴുതുണ്ടാകുമെന്നല്ല്ല്ലാതെ അതില്‍ വസ്തുതയില്ല.  സോഷ്യലിസത്തിന്റെ തകര്‍ച്ച തീവ്രവാദത്തിന് വഴിവെച്ചുവെന്ന് പറയുന്നതോട്കൂടി തന്നെ സോഷ്യലിസം തകര്‍ന്നിടത്ത് ഇസ്ലാം ശക്തിയായി തിരിച്ചുവരുന്നു എന്നുകൂടി കൂട്ടിപറയുമ്പോള്‍ ശത്രുവിന് വടികൊടുക്കുകയാണ് ചെയ്യുന്നത്.  പ്രശ്നം സോഷ്യലിസത്തിലേക്കോ ഇസ്ലാമിലേക്കോ തിരിച്ചുവിട്ടതുകൊണ്ടായില്ല.  സ്വന്തത്തിലേക്ക് തിരിഞ്ഞുനോക്കി ആത്മവിമര്‍ശനത്തിന് തയ്യാറാവുകയും യുവാക്കളുടെ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുകയുമാണ് ആത്മാര്‍ത്ഥാതയുണ്ടെങ്കില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യേണ്ടത്.

12 പ്രതികരണങ്ങള്‍:

Malayali Peringode said...

മൂർച്ചയുള്ള ചിന്തകൾക്ക് പ്രേരണ നൽകുന്ന ലേഖനം.
ഒരിക്കൽ കൂടി വായിക്കാൻ കഴിഞ്ഞു...
നന്ദി... :-)

ബെഞ്ചാലി said...

ചരിത്രം ഓർക്കാനും മനസ്സിലാക്കാനും അത് മാറ്റാതിരിക്കാനും പുതിയ അവകാശികൾ രംഗത്തിറങ്ങുന്ന കാലത്ത് അത്യാവശ്യമാണ്. നവോത്ഥാന ചരിത്രം നാം ഒരുപാട് വായിച്ചതാണ്, എന്നാലും വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറക്ക് പകർന്ന് കൊടുക്കാനും ഇത്തരം ലേഖനങ്ങൾക്ക് സാധിക്കും. നാം ഇത് യുവ തലമുറയിലേക്ക് എത്തിക്കുക.. ‘പുനർവായന‘ വീണ്ടും നല്ല്ഒരൂ വിഷയം തിരഞ്ഞെടുത്തു. എല്ലാ വിധ ആശംസകളും.. അല്ലാഹു അനുസ്രഹിക്കട്ടെ.. പ്രാർത്ഥനയോടെ.

MT Manaf said...

സ്വന്തത്തിലേക്ക് തിരിഞ്ഞുനോക്കി ആത്മവിമര്‍ശനത്തിന് തയ്യാറാവുകയും യുവാക്കളുടെ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുകയുമാണ് ആത്മാര്‍ത്ഥാതയുണ്ടെങ്കില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യേണ്ടത്.

Noushad Vadakkel said...

പോസ്റ്റ്‌ ചരിത്രപരമായ പല കാര്യങ്ങളും വീണ്ടും ശ്രദ്ധയില്‍ കൊണ്ട് വന്നു ... പാളിച്ചകള്‍ തിരുത്തി വീണ്ടും ഒരു തിരിച്ചു വരവിലേക്ക് മുസ്ലിം ലീഗ് എതിപെടുന്നു എന്നുള്ളതാണ് സന്തോഷകരമായ കാര്യം ..നന്ദി പ്രിന്സാദ് ...

റിയാസ് കൊടുങ്ങല്ലൂര്‍ said...

വളരെ നല്ല ലേഖനം.
നന്ദി പ്രിന്സാദ് ഭായ്..

ആചാര്യന്‍ said...

valare nandhi ee punar vaayanakku..iniyum ithu polulla lekhanangal punar prasiddekarikkuka..

ഐക്കരപ്പടിയന്‍ said...

പുനര്‍ വായന അര്‍ഹിക്കുന്ന ലേഖനം. സമുദായ രാഷ്ട്രീയത്തിന്റെ അപച്ചയങ്ങളെ കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍.

ARYANTHODIKA said...

ആശംസകള്‍
നിന്ബ്ലോഗില്‍ നിന്നുടിക്കുന്നു
മൂല്യങ്ങള്‍ അമൂല്ല്യങ്ങലാവട്ടെ

A said...

തുറന്ന വിലയിരുത്തലുകള്‍ ഇനിയുമുണ്ടാകട്ടെ. ആശംസകള്‍

അവര്‍ണന്‍ said...

പിന്നാക്ക രാഷ്ട്രീയം സമൂലമായ ഒരു പരിവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്. മുന്നാക്ക വര്‍ഗം ഇപ്പോള്‍ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും ചാണക്യ സൂത്രം പ്രയോഗിച്ചാണ് കളിച്ചു ജയിക്കുന്നത്. പിന്നാക്ക സമൂഹത്തിനു പ്രാതിനിധ്യം കുറഞ്ഞ ഉന്നത ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍, കോടതികള്‍, എന്നിവയിലൂടെയാണ് ഇപ്പോള്‍ സവര്‍ണര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്‌. പിന്നാക്ക സമൂഹവും ചാണക്യ സൂത്രം പ്രയോഗിച്ചു സവര്‍ണരെ ആര്യ ദേശത്തേക്ക് കെട്ട് കെട്ടിക്കണം. കുഞ്ഞാലി കുട്ടിക്കെതിരെയുള്ള മാധ്യമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ വിലയിരുത്തിയ എന്റെ ഒരു ലേഖനം ഇവിടെ കാണാം. മുഹമ്മദ്‌ കോയ മുനീര്‍ ബി ജെ പി യില്‍ ചേരുമോ?

റാണിപ്രിയ said...

വളരെ നല്ല ലേഖനം.......
ആശംസകള്‍ .........

ഷാജു അത്താണിക്കല്‍ said...

മുസ്ലീം മത വിഭാഗങ്ങളുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ചും, സ്വതന്ത്രതിന് സ്വയം ജീവിതം മാറ്റിവെച്ച രാജ്യസ്നേഹികളേയും ഒര്‍മിച്ചതിന് നന്ദി
എഴുത് നല്ലത

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്