അഭിമുഖം | ![]() | ![]() | ![]() |
അശ്ശൈഖ് അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ഖാലിഖ്/പി എം എ ഗഫൂര്‍ ഭിന്ന ആശയങ്ങള്‍ കക്ഷിത്വങ്ങളിലേക്ക് വഴിമാറുന്നതാണ് മുസ്‌ലിംകളുടെ പരാജയമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങ് എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്? മാനവരാശിയെ സാര്‍വകാലികമായി സമ്മേളിപ്പിക്കുന്ന വേദമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തിന്റെ സമാധാനത്തിന് അനിവാര്യമായതെല്ലാം ഖുര്‍ആന്‍ സൂചിപ്പിച്ചു. ശക്തവും ശാന്തവുമായ താക്കീതുകളാണ് ഖുര്‍ആനിന്റെ ഒരു വശം. സമാധാനം തകര്‍ക്കുന്നതെല്ലാം നിരോധിച്ചതിലൂടെ കൈവന്നത് സമാധാനമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ മുറുകെ പുണരുന്നതാണ് ഐക്യത്തിന്റെ ഏകവഴി. സര്‍വലോകര്‍ക്കുമുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. സര്‍വലോകരുടെയും രക്ഷിതാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം. മനുഷ്യരും മതങ്ങളും കൂടുതല്‍ അകല്‍ച്ചയിലേക്ക് വഴിമാറുന്ന ആധുനിക കാലത്ത് ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചാരണമാണ് ഐക്യമാര്‍ഗം. അഭിപ്രായഭിന്നതകളെ എങ്ങനെ സമീപിക്കണം? ഒരേ ആശയത്തെ പലവിധത്തില്‍ കാണാനുള്ള സാധ്യതയെ അംഗീകരിക്കണം. എല്ലാവരും ഒരേവിധം ചിന്തിക്കുന്നവരോ പഠിക്കുന്നവരോ അല്ല. വ്യത്യസ്‌തമായ പഠനവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭിന്നമായ ആശയങ്ങള്‍ രൂപപ്പെടും. മുന്‍കഴിഞ്ഞ ഇമാമുകളും പണ്ഡിതന്മാരുമെല്ലാം വിശാലവീക്ഷണം പുലര്‍ത്തിയവരായിരുന്നു. അറിവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണം. അതോടൊപ്പം ഭിന്നാഭിപ്രായങ്ങള്‍ ഗുണകാംക്ഷയോടെ നിലനിര്‍ത്തുകയും വേണം. ഇസ്‌ലാമിക ആദര്‍ശത്തില്‍ വ്യത്യസ്‌ത വീക്ഷണം നിലനില്‍ക്കുന്നുണ്ട്. അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ വരാതെ സൂക്ഷിച്ച് ഐക്യത്തോടെ നിലനില്‍ക്കണം. മുസ്‌ലിം സമൂഹത്തെ അശക്തമാക്കുന്നത് അനാവശ്യമായ ഛിദ്രതകളാണ്. തെറ്റിദ്ധാരണകള്‍ സൂക്ഷിക്കുക. എല്ലാവരെയും ഉള്‍ക്കൊള്ളുക. പാപികളെ ഉള്‍ക്കൊള്ളുന്നവനാണ് അല്ലാഹു. അവന്റെ പ്രവാചകന്മാരും അങ്ങനെ തന്നെ. ആരെയും തള്ളിപ്പറയാതിരിക്കുക. ഭിന്നിച്ചവര്‍ വേഗം ഒന്നിക്കണം. നമുക്ക് പ്രാര്‍ഥിക്കാം. നിലവിലുള്ള അവസ്ഥയില്‍ നിന്ന് കൂടുതല്‍ രക്ഷപ്പെടാന്‍ ഏത് മാര്‍ഗമാവും ഉചിതം? ഇസ്‌ലാം പലനിലയ്‌ക്ക് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ആസൂത്രിതമായ നീക്കം തന്നെ ഇവ്വിഷയത്തിലുണ്ട്. ഇത്തരം ഘട്ടത്തില്‍ മുസ്‌ലിംകളുടെ ബാധ്യത ശരിയായ ദഅ്‌വത്താണ്. പല രീതിയിലുള്ള ദഅ്‌വത്തുകള്‍ നിലവിലുണ്ട്. ചിലതൊക്കെ ഇസ്‌ലാമിനെക്കുറിച്ചുള്ള അബദ്ധധാരണകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഈ വശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കാനായാല്‍ ഫലങ്ങള്‍ വര്‍ധിക്കും. അറിവാണ് നമ്മുടെ മൂലധനം. അറിവില്ലാത്ത ചിന്തയും ചിന്തയില്ലാത്ത അറിവും അപകടമാണ്. മുസ്‌ലിംകള്‍ ന്യൂനപക്ഷമാകുമ്പോള്‍ നിലപാടുകള്‍ ഏത് വിധമായിരിക്കണം? ന്യൂനപക്ഷമായി മുസ്‌ലിംകള്‍ ജീവിക്കുമ്പോള്‍ പലവിധമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. മതപരവും സാമൂഹികവുമായ അനേകം പ്രതിസന്ധികളെ മുന്നില്‍ കണ്ടുകൊണ്ടാണ് മുസ്‌ലിംകള്‍ മുന്നോട്ടുപോകേണ്ടത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ധീരമായ ഇസ്‌ലാമിക മുന്നേറ്റങ്ങളാണ് സംഭവിച്ചത്. നിരവധി കൂട്ടായ്‌മകളിലൂടെ ഇസ്‌ലാമിക സന്ദേശം ഉയര്‍ത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് ഇഷ്‌ടമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിരോധരീതികളില്‍ ചിലത് പലപ്പോഴും അപകടങ്ങള്‍ വരുത്തുന്നുണ്ടല്ലോ? പ്രതിരോധത്തിന്റെ പേരില്‍, ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ യുദ്ധസന്നാഹം നടത്തുന്നത് പ്രബോധന സ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും വലിയ ജിഹാദ് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദാണ്. അഥവാ ഖുര്‍ആന്‍ പ്രചാരണമാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ വശം പ്രത്യേകമായി ശ്രദ്ധിക്കണം. ഭൂരിപക്ഷ വിഭാഗങ്ങളെ എങ്ങനെ സമീപിക്കുന്നതാണ് നല്ലത്? ഭൂരിപക്ഷം അമുസ്‌ലിംകള്‍ ജീവിക്കുന്ന രാജ്യമാണ് നിങ്ങളുടേത്. അഥവാ അവരാണ് നിങ്ങളുടെ സംബോധിതര്‍. ഏറ്റവും മികച്ച പെരുമാറ്റത്തിലൂടെ അവരില്‍ ഇസ്‌ലാമിനെക്കുറിച്ച് അഭിപ്രായം വളര്‍ത്തണം. പ്രവാചകന്മാരെല്ലാം അവിശ്വാസികള്‍ക്കിടയിലാണ് ജീവിച്ചത്. പ്രവാചകന്മാരുടെ സന്ദേശത്തെ എതിര്‍ത്തപ്പോഴും പ്രവാചകന്മാരെക്കുറിച്ച് മോശമായ ഭൂതകാലം പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പ്രബോധകര്‍ അംഗീകരിക്കപ്പെടുന്നവരാകുമ്പോള്‍ പ്രബോധനം വേഗത്തിലാകും. മുസ്‌ലിംകളുടെ രാഷ്‌ട്രീയ സമീപനങ്ങള്‍ വമ്പിച്ച ആശയവൈരുധ്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ടോ? മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാടുകളെ സംബന്ധിച്ച് വ്യത്യസ്‌ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഭരണാധികാരികള്‍ അമുസ്‌ലിംകളായാല്‍ അവര്‍ സത്യനിഷേധികളാണെന്നും അവരെ സഹായിക്കലും അത്തരം ഭരണവ്യവസ്ഥയില്‍ വോട്ടുചെയ്യലും ഉദ്യോഗങ്ങള്‍ സ്വീകരിക്കലുമെല്ലാം നിഷിദ്ധമാണെന്നും ചിലര്‍ ഫത്‌വ പുറപ്പെടുവിച്ചു. അത്തര ഭരണാധികാരികളോട് യുദ്ധംചെയ്യണമെന്നു പോലും പറഞ്ഞു! വിവിഹം, വിവാഹമോചനം എന്നിവയ്‌ക്ക് അമുസ്‌ലിം ഭരണാധികാരികള്‍ നല്‌കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മുസ്‌ലിംകള്‍ സ്വീകരിക്കരുതെന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിഷിദ്ധമാണെന്നും പറഞ്ഞു. ഗവണ്‍മെന്റില്‍ നിന്ന് സഹായം സ്വീകരിക്കുന്ന പള്ളിയില്‍ നമസ്‌കരിക്കന്നതു പോലും അവര്‍ ഹറാമാക്കി. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ വാദത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. ചിന്താപരമായ മുന്നേറ്റത്തിന് സമൂഹത്തെ പ്രാപ്‌തമാക്കാന്‍ സാധിക്കാത്ത നിലപാടാണിത്. നേരിട്ടുള്ള രാഷ്‌ട്രീയ പ്രവേശത്തിന് ചിലര്‍ മുതിരുന്നുണ്ട്. രാഷ്‌ട്രീയത്തിലിറങ്ങാന്‍ ധൃതി കാണിക്കുന്നവര്‍ വമ്പിച്ച ശക്തിയോ ആള്‍ബലമോ കൈവശമില്ലാതെയാണ് അതിന് ഒരുങ്ങുന്നത്. ഇത് രണ്ടും വേണ്ടുവോളമുള്ള എതിര്‍കക്ഷികള്‍ ഇസ്‌ലാമിക കക്ഷിയെ കൂടുതല്‍ ഛിന്നഭിന്നമാക്കാനാണ് സാധ്യത. അതോടൊപ്പം തന്നെ ഇസ്‌ലാമിന്റെ എതിരാളികള്‍ മാത്രം പങ്കുവഹിക്കുന്ന ഒന്നായി രാഷ്‌ട്രീയത്തെ ഒഴിച്ചിടേണ്ടതുമില്ല. ഏറെ ശ്രദ്ധയോടെ നീങ്ങേണ്ട വിഷയമാണിത്. ഇസ്‌ലാമിനെ സമൂഹമെന്ന നിലയിലും ആദര്‍ശമെന്ന നിലയിലും എതിരിടുന്നവര്‍ ശക്തമായ സന്നാഹങ്ങളോടെയാണ് പുറപ്പെടുന്നത്. അതെ, സര്‍വസന്നാഹങ്ങളോടെയുമാണ് ഇസ്‌ലാമിന്റെ എതിരാളികള്‍ പ്രവര്‍ത്തിക്കുന്നത്. അവരോട് എതിരിടാന്‍ സാമ്പ്രദായിക മാര്‍ഗങ്ങള്‍ മാത്രം മതി എന്ന നിലപാട് ശരിയല്ല. പൗരാണികരീതികളായ പ്രസംഗം, എഴുത്ത് പോലുള്ളവ പിന്തുടരുന്നതോടൊപ്പം ശക്തമായ സംഘടനകള്‍, സ്ഥാപനങ്ങള്‍, വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവയിലൂടെയും നമ്മുടെ ആശയപ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ അനിസ്‌ലാമിക വ്യവസ്ഥകളെയും അതിജയിക്കേണ്ടവരാണ് മുസ്‌ലിംകള്‍. പുതുമകളൊന്നും സ്വീകരിക്കാതെ അതിന് സാധിക്കില്ല. ``സത്യദീനും സന്മാര്‍ഗവുമായി തന്റെ പ്രവാചകനെ അയച്ചത് അല്ലാഹുവാകുന്നു. സകല ദീനിന്മേലും അതിനെ വിജയിപ്പിക്കാന്‍ ഈ യാഥാര്‍ഥ്യത്തിന് അല്ലാഹുവിന്റെ സാക്ഷ്യം മതിയായതാകുന്നു.'' (അല്‍ഫത്‌ഹ് 28). പുതിയ പ്രബോധക ര്‍ക്കുള്ള അങ്ങയുടെ വസ്വിയത്ത് എന്താണ്? വിജ്ഞാനമാണ് പ്രബോധകന്റെ ആയുധം. അറിവ് കൈവരാന്‍ അനേകം മാര്‍ഗങ്ങള്‍ നിങ്ങളുടെ മുമ്പിലുണ്ട്. എല്ലാ വഴികളിലും പരതുക. അത്യധ്വാനം ചെയ്യുക. മഹാഗ്രന്ഥങ്ങളിലൂടെ സഞ്ചരിക്കുക. ലളിതജീവിതവും ഉന്നത മാതൃകകളുമായി പ്രബോധിതരുടെ മുന്നിലെത്തുക. അല്ലാഹുവേ നീ അനുഗ്രഹിക്കേണമേ. കടപ്പാട് |
1 പ്രതികരണങ്ങള്‍:
മുസ്‌ലിംകളുടെ രാഷ്‌ട്രീയ സമീപനങ്ങള്‍ വമ്പിച്ച ആശയവൈരുധ്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ടോ?
മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാടുകളെ സംബന്ധിച്ച് വ്യത്യസ്‌ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഭരണാധികാരികള്‍ അമുസ്‌ലിംകളായാല്‍ അവര്‍ സത്യനിഷേധികളാണെന്നും അവരെ സഹായിക്കലും അത്തരം ഭരണവ്യവസ്ഥയില്‍ വോട്ടുചെയ്യലും ഉദ്യോഗങ്ങള്‍ സ്വീകരിക്കലുമെല്ലാം നിഷിദ്ധമാണെന്നും ചിലര്‍ ഫത്‌വ പുറപ്പെടുവിച്ചു. അത്തര ഭരണാധികാരികളോട് യുദ്ധംചെയ്യണമെന്നു പോലും പറഞ്ഞു!
വിവിഹം, വിവാഹമോചനം എന്നിവയ്‌ക്ക് അമുസ്‌ലിം ഭരണാധികാരികള്‍ നല്‌കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മുസ്‌ലിംകള്‍ സ്വീകരിക്കരുതെന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിഷിദ്ധമാണെന്നും പറഞ്ഞു. ഗവണ്‍മെന്റില്‍ നിന്ന് സഹായം സ്വീകരിക്കുന്ന പള്ളിയില്‍ നമസ്‌കരിക്കന്നതു പോലും അവര്‍ ഹറാമാക്കി. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ വാദത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. ചിന്താപരമായ മുന്നേറ്റത്തിന് സമൂഹത്തെ പ്രാപ്‌തമാക്കാന്‍ സാധിക്കാത്ത നിലപാടാണിത്.
Post a Comment