സി.ആര്. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.
നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന് ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'
ആര്.എസ്.എസ്സിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി: 'ഇല്ല.'
അദ്ദേഹം വിശദീകരിക്കുന്നു: 'പിന്നെ സോളിഡാരിറ്റിയുമായി സമരത്തിനില്ല എന്ന നിലപാടൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അമരാവതിയില്‍ വിമോചനസമരക്കാരനായ ഫാ.വടക്കന്‍ നടത്തിയ സമരത്തിലാണ് എ.കെ.ജി. ഇടപെട്ടത്.'
ഒപ്പം സമരം ചെയ്യുന്നവരുടെ പ്രേരണ പ്രധാനമല്ലേ? അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടോ എന്നതും അങ്ങനെയുണ്ടെങ്കില്‍ അത് ഏത് ഉദ്ദേശ്യത്തിന്, ആര് കൊടുക്കുന്നു എന്നതും അന്വേഷിക്കേണ്ടതല്ലേ? അതൊന്നും തന്റെ വിഷയമല്ല എന്ന് നീലകണ്ഠനെപ്പോലുള്ള പൊതുപ്രവര്ത്തകന് ഉദാസീനനാവാന്‍ കഴിയുമോ?
എങ്കില്‍പ്പിന്നെ, കുത്തകമുതലാളിമാരോ സാമ്രാജ്യത്വശക്തികളോ കൊടുക്കുന്ന ഫണ്ടു വാങ്ങി ഒരു പണിയും എടുക്കാന്‍ പാടില്ല എന്ന് നീലകണ്ഠനെപ്പോലുള്ളവര്‍ നിലപാടെടുക്കുന്നതിന്റെ യുക്തിയെന്താണ്? 'ദൈവികഭരണ' (ഹുകൂമത്തെ ഇലാഹി) സ്ഥാപനം സ്വന്തം ലക്ഷ്യമായി അംഗീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. അവരുടെ യുവജനവേദിയാണ് സോളിഡാരിറ്റി (2003). അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടെങ്കില്‍ അത് ഈയൊരു ഉദ്ദേശത്തിനുവേണ്ടി വല്ലവരും കൊടുക്കുന്നതാവും. മുഖ്യധാരയിലേക്ക് പ്രവേശനം കിട്ടുന്നതിനുവേണ്ടിയും മുസ്ലിം ചെറുപ്പക്കാരെ സ്വന്തം അണികളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയും ആണ് പരിസ്ഥിതി- ദളിത്-ആദിവാസി സമരങ്ങളിലും മറ്റു പൗരാവകാശപ്രസ്ഥാനങ്ങളിലും സോളിഡാരിറ്റിക്കാര്‍ അണിചേരുന്നത്. സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കുക എന്നതാണ് അവരുടെ ആദ്യത്തെ പദ്ധതി. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനവും മാന്യതയും ഉണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ നീലകണ്ഠനെപ്പോലുള്ളവര്‍ പെരുമാറുന്നത് ആലോചനക്കുറവാണ്.
സാമ്രാജ്യത്വത്തിനോ കുത്തകമുതലാളിത്തത്തിനോ ഫ്യൂഡലിസത്തിനു തന്നെയോ ഉണ്ടാക്കാന്‍ കഴിയുന്നതിനെക്കാള്‍ എത്രയോ വലുതാണ് മതരാഷ്ട്രവാദികളുടെ വിഭാഗീയതയ്ക്ക് ഉണ്ടാക്കാന്‍കഴിയുന്ന സാമൂഹികവിപത്തുകള്‍.
അഴിമതിയെക്കാള്‍ എത്രയോ വലിയ ആപത്താണ് വര്‍ഗീയത. ഒരാളോ ഒരുകൂട്ടം ആളുകളോ സ്ഥാനത്തുനിന്നു പോയാല്‍ അഴിമതിയുടെ പ്രശ്നം തീരും. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ തലമുറകളിലേക്ക് നീണ്ടുചെല്ലും. ആയിരം കൊല്ലംമുന്‍പു നടന്ന കുരിശുയുദ്ധങ്ങളുടെ ഓര്മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ത്യരെയും വേട്ടയാടുന്നത് ഉദാഹരണം. ഈയിടെ ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം നീങ്ങുമ്പോള്‍പോലും അതിന്റെ ഓര്മ ഉണര്‍ന്നു. മറ്റെന്തിനും എന്തെങ്കിലും പരിഹാരമുണ്ട്; മതവര്‍ഗീയത സൃഷ്ടിക്കുന്ന കൊടൂരതകള്‍ക്ക് അതില്ലതന്നെ.
മറ്റൊരുദാഹരണത്തിലൂടെ ഇതൊന്നുകൂടി വിശദമാക്കാം:
കേരളത്തില്‍ മതവര്‍ഗീയത തീരെ ഇല്ലാത്ത ഒരവസ്ഥ ഇന്നത്തെ കേരളീയരെല്ലാം ഒരു പ്രത്യേക പാനീയം കുടിക്കുന്നതുകൊണ്ടുമാത്രം ഉണ്ടായിത്തീരും എന്നുറപ്പുണ്ടെങ്കില്‍ അതു കുടിക്കാം എന്ന് ഞാന്‍ പറയും. ആ പണിയുണ്ടാക്കുന്ന നാശം ഒന്നോ രണ്ടോ തലമുറ കൊണ്ടുതീരും. വര്‍ഗീയതയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന നാശം ഇത്രയെന്ന്, ഇത്ര കാലത്തേക്കെന്ന് ആര്‍ക്കു പറയാം?
പാനീയം പ്രവര്‍ത്തിക്കുന്നത് ശരീരത്തിലാണ്. മനസ്സിനെയും വ്യക്തിബോധത്തെയുമൊക്കെ അതിന് ചെറുതായി സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. എന്നാലും എത്ര കാലത്തേക്ക്? വര്‍ഗീയതയുടെ പ്രവര്‍ത്തനമെല്ലാം വികാരത്തിലാണ്. അത് വിവേകം നശിപ്പിച്ച് ശരീരത്തെ ഒരായുധമാക്കി രൂപാന്തരപ്പെടുത്തുന്നു; പിന്നെ ഓര്‍മയായും ചരിത്രമായും കോലം മറിഞ്ഞ് അനന്തര തലമുറകളുടെ ബോധത്തില്‍ പ്രതികാരാഗ്നിയായി കുടിപാര്‍ക്കുന്നു... ഉത്തരേന്ത്യയില്‍ വിഭജനകാലത്തെ ഒരു വെട്ട് എത്രയോ വേഗം ബോധത്തിലേക്ക് ഉണര്‍ന്നെത്തി ആറുപതിറ്റാണ്ടിനുശേഷവും പുതിയ വെട്ടുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

1. തുര്‍ക്കി ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി മുസ്ലിങ്ങള്‍ ആരംഭിച്ചതും ഗാന്ധിജി, അബുല്‍ക്കലാം ആസാദ് മുതലായ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണകൊടുത്തതുമായ ഖിലാഫത്ത്്പ്രസ്ഥാന(1919)ത്തിന്റെ കഥയെടുക്കാം: ബ്രിട്ടീഷ്വിരുദ്ധസമരത്തിന് ഇന്ത്യയിലെ മുസ്ലിങ്ങളുടെ സഹകരണം നേടുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുവേണ്ടി വാദിച്ച കോണ്‍ഗ്രസ്സാണ് രാജാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തിന് പിന്തുണ കൊടുത്തത്! മലബാറില്‍ അത് വലിയ പൊട്ടിത്തെറിക്ക് (1921) വഴിവെച്ചു. തുര്‍ക്കി ജനകീയ റിപ്പബ്ലിക്കാവുകയും അതിന്റെ പ്രസിഡന്റ് കമാല്‍പാഷ ഖിലാഫത്ത് റദ്ദാക്കുകയും (1924) ചെയ്തതോടെ ആ സമരം എന്തായിത്തീര്‍ന്നു എന്നാലോചിച്ചുനോക്കുക! ദേശീയപ്രസ്ഥാനത്തിലെ വര്‍ഗീയവിഘടനത്തിന് പശ്ചാത്തലമൊരുക്കിയതില്‍ ഖിലാഫത്ത്പ്രസ്ഥാനത്തിനും പങ്കില്ലേ? ആ സമരത്തിന് പിന്തുണകൊടുക്കുന്നതിലൂടെ മതവിഭാഗീയത വളരുമെന്ന് അന്ന് മുഹമ്മദലി ജിന്ന നല്കിയ താക്കീത് സത്യമായി പുലര്‍ന്നില്ലേ?
2. ഇതേ ജിന്നയുടെ നേതൃത്വത്തില്‍ 1940-കളില്‍ മതദേശീയതാവാദം ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ പിന്തുണയ്ക്കുകയുണ്ടായി. ദ്വിരാഷ്ട്രവാദത്തെ 'പാകിസ്താന്റെ സ്വയം നിര്‍ണായകാവകാശം' എന്ന കണക്കിലാണ് കമ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചത്. ഉത്തരേന്ത്യയില്‍ മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന പല കമ്യൂണിസ്റ്റുകാരും മുസ്ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകപോലും ഉണ്ടായി. മുസ്ലിങ്ങളുടെ അനുഭാവം നേടി പാര്‍ട്ടി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പാകിസ്താന് രൂപംകൊണ്ട് അഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. ലീഗുകാരായി കോലംമാറിയ കമ്യൂണിസ്റ്റുകാര്‍ ലീഗുകാരായിത്തന്നെ തുടര്‍ന്നു! അങ്ങനെയാണ് ആ 'സ്വയംനിര്‍ണായകാവകാശം' കലാശിച്ചത്.
3. അടിയന്തിരാവസ്ഥക്കാലത്ത്(1975-1977) പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ആര്.എസ്.എസ്. രംഗത്തുണ്ട്. അവരുമായി കൂട്ടുകൂടുന്നതിനെപ്പറ്റി പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ആര്.എസ്.എസ്സിന് പ്രകടമായ സ്വാധീനമുള്ള ജനസംഘം എന്ന പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ജയപ്രകാശ് നാരായണ്‍ മടിച്ചില്ല. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ രൂപംകൊണ്ടതും നിജലിംഗപ്പകോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി, ജനസംഘം മുതലായ പാര്‍ട്ടികളുടെ സമുച്ചയവും ആയ ജനതാപാര്‍ട്ടി(1977) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. അന്നുണ്ടായ മൊറാര്‍ജിമന്ത്രിസഭയില്‍ എ.ബി.വാജ്പേയി വിദേശകാര്യ
മന്ത്രിയും എല്‍.കെ.അദ്വാനി വാര്‍ത്താവിതരണവകുപ്പ് മന്ത്രിയും ആയിരുന്നു. അങ്ങനെയാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ ഹിന്ദുവര്‍ഗീയരാഷ്ട്രീയത്തിന് മാന്യത കിട്ടുന്നത്. ജനതാപാര്‍ട്ടി ആഭ്യന്തര കലഹത്തിലൂടെ വഴിപിരിഞ്ഞപ്പോള്‍ ജനസംഘക്കാര്‍ രൂപം കൊടുത്ത ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സൃഷ്ടിക്കുവാന്‍ പിന്നീട് എത്ര കുറച്ച് കാലമേ വേണ്ടിവന്നുള്ളൂ എന്ന് ആലോചിച്ചുനോക്കുക.
ഇത്തരം ചരിത്രാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്: വിവേകംകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വികാരംകൊണ്ടു പ്രവര്‍ത്തിക്കുന്ന കൂട്ടരെ ഒപ്പംകൂട്ടുന്നത് ബുദ്ധിയാവില്ല.
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദി (1903-1979) ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആശയങ്ങളെ എതിര്‍ത്തിട്ടുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അവയെല്ലാം അംഗീകരിക്കുന്നുണ്ട്. പിന്നെ എന്തിന് അവരെ അകറ്റിനിര്‍ത്തണം എന്നൊരു ചോദ്യമുണ്ട്.
മറുപടി: കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തത്കാലത്തെ മുഖംമൂടി മാത്രമാണ്.
സാഹചര്യത്തെളിവുകള്‍:
1. വോട്ട് ചെയ്യുന്നത് നിഷിദ്ധം(ഹറാം) ആണ് എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്(1941). അടിയന്തിരാവസ്ഥയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ്(1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ്വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടുചെയ്യും എന്നായി. കുറച്ചുകഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുതുടങ്ങി. ജമാഅത്തെ ഇസ്ലാമി സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന സത്യം തുറന്നുപറഞ്ഞത് ഇപ്പോള്‍ മാത്രമാണ്(2009). നീണ്ട ആറുപതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം!
2. പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്രവാദത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നുണ്ട്. 1977-ല്‍ അധികാരത്തില്‍ വന്ന പട്ടാളഭരണാധികാരി സിയാവുല്‍ഹഖ് പാകിസ്താനില്‍ മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അവിടെ എന്നപോലെ ഇവിടെയും കൊടുത്ത പിന്തുണ ഉദാഹരണം.
3. മൗദൂദിയെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും ആശയത്തെയോ ഇവര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ അപകടം പിടിച്ച ആശയങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അവരിപ്പോഴും ധാരാളമായി വില്‍ക്കുന്നുണ്ട്.
ഇതില്‍നിന്ന് അനുമാനിക്കാവുന്നത്: പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ അവരുടെ യഥാര്‍ഥ ഫാസിസ്റ്റുദംഷ്ട്ര പുറത്തുവരും.
ഇനി, സ്വന്തം നിലപാട് ന്യായീകരിക്കാന്‍ സി.ആര്.നീലകണ്ഠന് കൊണ്ടുവന്ന എ.കെ.ജി.യുടെ ഉദാഹരണത്തിലേക്ക് വരാം. എന്താണ് എ.കെ.ജി. ചെയ്തത്? കുടിയിറക്കിനെതിരായ ഫാ. വടക്കന്റെ (1919-2002)സമരത്തില്‍ സഹകരിച്ചു. വടക്കന്‍ ഒരു വ്യക്തിയാണ്; ആശയമല്ല. അദ്ദേഹത്തിന്റെ സംഘത്തില്‍ ഉള്ളത് തൊഴിലാളികളാണ്; ആശയപ്പോരാളികളല്ല. അവരുടെ ലക്ഷ്യം സ്വന്തം കുടികിടപ്പ് എന്ന ജനാധിപത്യാവകാശം വീണ്ടുകിട്ടലാണ്; അല്ലാതെ ക്രൈസ്തവരാഷ്ട്രസ്ഥാപനമല്ല. അദ്ദേഹം കൊണ്ടുനടന്ന സംഘടനയുടെ പേര്: കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി: 1962) ഇ.എം.എസ്സിന്റെ ഒന്നാമത്തെ മന്ത്രിസഭ(1957) യെ മറിച്ചിടാന്‍ വിദേശധനത്തിന്റെ സഹായത്തോടെ നടന്ന വിമോചനസമരത്തിന്റെ (1959) മുന്നണിപ്പോരാളികളില്‍പ്പെടുന്ന അച്ചനെ ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭ (1967)യെ കാര്യമായി പിന്തുണച്ചവരുടെ കൂട്ടത്തിലും കാണാം. ആ മന്ത്രിസഭ തകര്‍ന്നുപോകാനുള്ള (1969) മുഖ്യകാരണം അച്ചന്റെ പ്രധാന അനുയായിയും മന്ത്രിയുമായ ബി. വെല്ലിംഗ്ടനെതിരായ അഴിമതി ആരോപണം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഇ.എം.എസ്സ്. വിസമ്മതിച്ചതാണ്.
ഒന്നാലോചിച്ചു പറയൂ: ഇമ്മട്ടിലുള്ള ഒരു രാഷ്ട്രീയനേതാവിന്റെ തൊഴിലാളിസമരത്തോട് സഹകരിക്കുന്നതും മതരാഷ്ട്രവാദികള്‍ക്ക് പൊതുമണ്ഡലത്തില്‍ മാന്യത നേടിക്കൊടുക്കുന്നതും തുല്യമാണോ?
ആര്.എസ്.എസ്. ഇത്തരം സമരങ്ങള്‍ക്ക് വരില്ലെന്ന് നീലകണ്ഠന് പറയുന്നു. വന്നാല്‍ എന്തു ചെയ്യും? ഒപ്പം കൂട്ടേണ്ടി വരില്ലേ? എന്ത് യുക്തി പറഞ്ഞ് അവരെ മാറ്റി നിര്‍ത്തും?
അപ്പോള്‍ 'ഭൂരിപക്ഷവര്‍ഗീയത, ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ ആപത്താണ്' എന്ന പഴയ പല്ലവി പാടുമോ?
എം എന്‍ കാരശ്ശേരി - മാതൃഭൂമി ആഴ്ചപ്പതിപ്പ്: 18-24 ഒക്ടോബര്‍ 2009
(മാതൃഭൂമി പ്രസിദ്ധീകരിച്ച ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന പുസത്കത്തില്‍ നിന്ന് )
6 പ്രതികരണങ്ങള്‍:
അഴിമതിയെക്കാള്‍ എത്രയോ വലിയ ആപത്താണ് വര്‍ഗീയത. ഒരാളോ ഒരുകൂട്ടം ആളുകളോ സ്ഥാനത്തുനിന്നു പോയാല്‍ അഴിമതിയുടെ പ്രശ്നം തീരും. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ തലമുറകളിലേക്ക് നീണ്ടുചെല്ലും. ആയിരം കൊല്ലംമുന്‍പു നടന്ന കുരിശുയുദ്ധങ്ങളുടെ ഓര്മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ത്യരെയും വേട്ടയാടുന്നത് ഉദാഹരണം. ഈയിടെ ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം നീങ്ങുമ്പോള്‍പോലും അതിന്റെ ഓര്മ ഉണര്‍ന്നു. മറ്റെന്തിനും എന്തെങ്കിലും പരിഹാരമുണ്ട്; മതവര്‍ഗീയത സൃഷ്ടിക്കുന്ന കൊടൂരതകള്‍ക്ക് അതില്ലതന്നെ
ജമാഅത്തേ ഇസ്ലാമിയും വിമര്‍ശകരും
നന്നായി പറഞ്ഞിരിക്കുന്നു, കാരശ്ശേരി ലാൽ സലാം
ആടിനെ പട്ടിയാക്കല്‍ ഇങ്ങനെ തന്നെ.......
തലക്കെട്ട് ഭയങ്കരം. ഇസ്ലാമിക രാഷ്ട്രീയം വിമര്ശിങക്കപ്പെടുന്നു. എന്നിട്ടോ പറയുന്നത് സോളിടാരിറ്റി - ജമാഅത്തെ ഇസ്ലാമി വിക്രിയകളെ കുറിച്ച്. ഇവരുടെതാണോ ഈ പറയപ്പെടുന്ന ഇസ്ലാമിക രാഷ്ട്രീയം.
പറയുന്നത് കരശ്ശേരി മാഷകുമ്പോ അണ്ണാക്ക് തൊടാതെ വിഴുങ്ങാമല്ലോ.അത്രക്ക് രുചിയല്ലേ
ഇതും കൂടി നോക്കുക
ബഷീര്‍ വള്ളിക്കുന്ന് ഒരു രാജ്യദ്രോഹി
ജമാഅത്തെ ഇസ്ലാമി മുഖം മൂടി വെച്ചവരാണ് എന്ന ആരോപണമുന്നിയിക്കുന്നവരെയൊക്കെ എഴുതിതള്ളാന്‍ ഞാന്‍ തയ്യാറല്ല. അവര്‍ക്കായി മാത്രം. ഇതാ ഇവിടെ ഒരു പോസ്റ്റ്
Post a Comment