Wednesday, August 11, 2010

സ്വത്വവാദവും വര്‍ഗരാഷ്‌ട്രീയവും: ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍





നത്‌ വ്യക്തിത്വത്തെയാണ്‌ സ്വത്വം എന്ന്‌ വിളിക്കുന്നത്‌. മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ തിരിച്ചറിവടയാളമായിട്ടാണ്‌ അത്‌ കണക്കാക്കപ്പെടുന്നത്‌. സാമൂഹിക തിരസ്‌കാരത്തിന്റെ (Alienation) പ്രതിരോധമെന്നോണം മനുഷ്യവര്‍ഗം കാലാകാലങ്ങളില്‍ കൂടെ നിര്‍ത്തുന്ന അസ്‌തിത്വപരമായ പുറംകവചവും എളുപ്പത്തില്‍ അറിയപ്പെടാനുപയോഗിക്കുന്ന മേല്‍വിലാസവുമാണത്‌. വംശം, വര്‍ഗം, ജാതി, മതം, ഗോത്രം, സമുദായം, ദേശം, ഭാഷ തുടങ്ങി ആചാരാനുഷ്‌ഠാനങ്ങളുടെയും സാംസ്‌കാരിക വ്യതിരിക്തതകളുടെയും പ്രതീകഭാവങ്ങള്‍ വരെ സ്വത്വകല്‌പനയിലുള്‍പ്പെടുന്നു.

സ്വത്വം തിരിച്ചറിയപ്പെടുന്നതിന്റെ സ്ഥായിയായ സൂചനയും സ്വത്വബോധം തിരിച്ചറിവുണ്ടാകുന്നതിന്റെ നിലവാര സൂചികയുമാണ്‌. സ്വത്വരാഷ്‌ട്രീയമാകട്ടെ, തനത്‌ വ്യതിരിക്തതകളുടെ സാമൂഹിക പ്രയോഗവും. ഒരേസമയം ക്രിയാത്മകവും നിഷേധാത്മകവുമായ പ്രയോഗസാധ്യതകളുള്ള സ്വത്വരാഷ്‌ട്രീയത്തെ പ്രതിലോമപരമെന്ന്‌ ആക്ഷേപിക്കുന്നതും നിരാകരിക്കുന്നതും സാമൂഹികശാസ്‌ത്രത്തിന്റെ അന്തസ്സത്തയെ നിഷേധിക്കലും സ്വന്തം വിവരബോധത്തിന്റെ ആഴക്കുറവിനെ വെളിപ്പെടുത്തലുമാണ്‌.
ആധുനിക സാമൂഹ്യശാസ്‌ത്രപഠനം സ്വത്വരാഷ്‌ട്രീയത്തിന്റെ ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കുമുള്ള സവിസ്‌തരമായ ചൂണ്ടുപലകയാണ്‌. സാമൂഹ്യപഠനരംഗത്തിനുള്ള രീതിശാസ്‌ത്രം നിര്‍ണയിച്ച അഗസ്‌തെ കോംതെ തൊട്ട്‌ സാമ്പ്രദായികവും അല്ലാത്തതുമായ രീതിയില്‍ സാമൂഹ്യശാസ്‌ത്ര പഠനം നടത്തിയവരൊക്കെ മനുഷ്യവര്‍ഗത്തിലെ സാദൃശ്യബന്ധങ്ങളുടെ വികാസപരിണാമത്തെയും അവയുടെ ചിന്താപരവും വികാരപരവുമായ പ്രയോഗസാധ്യതകളെയും വിശകലനം ചെയ്‌തിട്ടുണ്ട്‌. ഒരേ വികാരമുള്ളവരും ഒരേ മൂല്യങ്ങള്‍ മനസ്സില്‍ താലോലിക്കുന്നവരും ഒരേ നിയോഗത്തെ മുറുകെപ്പിടിക്കുന്നവരും പരസ്‌പരം ആര്‍ജിക്കുന്ന മാനസികവും ധാര്‍മികവുമായ ബന്ധം ഒരൈകമത്യത്തെ സൃഷ്‌ടിക്കുന്നുവെന്ന്‌ വിഖ്യാത സാഹിത്യശാസ്‌ത്രകാരന്‍ എമിലി ദര്‍ഖീം (1858-1917) ചൂണ്ടിക്കാട്ടുന്നു. വംശം, ഗോത്രം തൊട്ട്‌ കുടുംബം, ഗ്രാമം വരെയുള്ള കാര്യങ്ങള്‍ ഇപ്രകാരം വൈയക്തികവും വികാരപരവുമായ സാമൂഹികബന്ധങ്ങളായി പരിണാമപ്പെടുന്നതിനെ ദര്‍ഖീം പഠനവിധേയമാക്കിയിട്ടുണ്ട്‌. നിലനില്‍പിന്റെ ആധാരശിലകളായിട്ടാണ്‌ ഈ ഐകമത്യം രൂപാന്തരപ്പെടുന്നത്‌. ഓരോ ജനവിഭാഗത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ ശക്തമായ ഊന്നുവടികളായി അവ പ്രയോജനപ്പെടുന്നു. ഈപ്രയാണത്തയാണ്‌ ആധുനിക സംജ്ഞാ സങ്കേതമനുസരിച്ച്‌ രാഷ്‌ട്രീയം എന്ന്‌ വിളിക്കുന്നത്‌. ഉല്‍പാദനവ്യവസ്ഥയുടെ രീതി വ്യത്യാസമനുസരിച്ച്‌ ഉല്‍പാദനബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷത്തെയും വര്‍ഗസമരത്തെയും നിര്‍ണയിക്കുമ്പോള്‍ കാറല്‍ മാര്‍ക്‌സ്‌ വിസ്‌തരിക്കുന്നതും ഈ രാഷ്‌ട്രീയത്തെ തന്നെ. സാമ്പത്തിക നിര്‍ണയാധികാരത്തിന്റെ പരിസരങ്ങളിലുണ്ടാകുന്ന വര്‍ഗബന്ധമാണ്‌ ശരിയായ തിരിച്ചറിവടയാളമെന്നും വര്‍ഗസമരമാണതിന്റെ രാഷ്‌ട്രീയമെന്നും സിദ്ധാന്തിക്കുകയാണ്‌ മാര്‍ക്‌സ്‌ ചെയ്‌തത്‌.
അതിപ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തില്‍ സ്ഥായീകരിക്കപ്പെട്ട നരവംശ വിഭാഗങ്ങള്‍-ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും -സാമ്പത്തിക താല്‌പര്യങ്ങളുടെ ശക്തിബന്ധങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടതല്ലെന്നത്‌ ലളിതമായ വാസ്‌തവം. ജീവശാസ്‌ത്രപരവും ഭൂമിശാസ്‌ത്രപരവുമയ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ തേട്ടമാണവ. പില്‍ക്കാലത്ത്‌ ആയിരക്കണക്കില്‍ വംശീയതകളും വര്‍ഗ-ഗോത്ര ദേശീയതകളുമായി അവ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്‌. രാജ്യം, ഭരണം, നാടുവാഴിത്തം, യുദ്ധം, അടിമത്തം തുടങ്ങിയ രാഷ്‌ട്രീയങ്ങളുടെ അടിസ്ഥാനമായിട്ടും ഈ സ്വത്വ വൈവിധ്യങ്ങള്‍ നിയോഗം കൊണ്ടിട്ടുണ്ട്‌. ഇന്ത്യയില്‍ ജാതിയായും മറ്റിടങ്ങളില്‍ വംശ-വര്‍ഗ-ഗോത്രങ്ങളായും ഇവ ശാശ്വതീകരിക്കപ്പെട്ടു. ആധുനിക സാമൂഹ്യ ശാസ്‌ത്രപഠനം ഇത്തരത്തിലുള്ള ആയിരക്കണക്കില്‍ സ്വത്വരൂപങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌. ഉദാഹരണമായി, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രണ്ടായിരത്തില്‍ പരം, ഗോത്രവര്‍ങ്ങളും നൂറുകണക്കില്‍ വംശീയ വിഭാഗങ്ങളുമുണ്ട്‌. ആഫ്രിക്കന്‍ സമൂഹത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും ഏറ്റവും വലിയ ശാക്തികഘടകമായി വര്‍ത്തിക്കുന്നത്‌ ഈ ഗോത്ര-വംശീയതകളാണ്‌. പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ദേശീയതയാണ്‌ ഇത്തരം ഗോത്രവ്യക്തിത്വം. യൂറോപ്പിലുള്ളത്‌ പ്രധാനമായും വംശീയതകളും ദേശീയതകളുമാണ്‌. സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, വെല്‍ഷ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ തുടങ്ങിയ വംശീയതകള്‍ അവയില്‍ പ്രധാനപ്പട്ടവയാണ്‌. ടര്‍ക്കിഷ്‌ വംശീയതയെയും യൂറോപ്പിന്റെ ഗണത്തിലാണ്‌ എണ്ണേണ്ടത്‌. യുദ്ധപ്രിയരായിരുന്ന ആംഗ്ലോ-സാക്‌സണ്‍, ഡാനിഫ്‌ വര്‍ഗ സമൂഹങ്ങളും ജര്‍മന്‍ ഗോത്രങ്ങളും യൂറോപ്യന്‍ സ്വത്വത്തിന്റെ പ്രാക്തന ഭാവങ്ങളാണ്‌. ഇവക്ക്‌ പുറമെ ശക്തമായ ദേശീയതകളും യൂറോപ്പിന്റെ ചരിത്രത്തിലുള്‍പ്പെടുന്നു. ഓസ്‌ട്രിയന്‍ ദേശീയതയും ഇംഗ്ലീഷ്‌, ജര്‍മന്‍, ഫ്രഞ്ച്‌ ദേശീയതകളുമൊക്കെ രണോത്സുകമായ രാഷ്‌ട്രീയത്തിന്റെ പ്രതീകങ്ങള്‍ കൂടിയായിരുന്നു. മാനവരാശിയുട കൊടിയ ദുരന്തങ്ങളായി എണ്ണപ്പെടുന്ന ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളൊക്കെ യൂറോപ്യന്‍ ദേശീയതയുടെ ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും സൃഷ്‌ടികളാണ്‌. നിഷേധാത്മക സ്വത്വരാഷ്‌ട്രീയമായി നമുക്കതിനെ വായിക്കാവുന്നതാണ്‌.
ഉല്‍പാദന പ്രക്രിയയുടെ പരിസരങ്ങളിലുല്‍ഭൂതമാകുന്ന വര്‍ഗബന്ധത്തിന്റെ സ്ഥായിപരതയെ നിരാകരിക്കുന്നു സോവിയറ്റ്‌ റഷ്യയുടെ അനുഭവം. സ്ലാവുകളും ടര്‍ക്കിഷ്‌, യാക്കൂത്ത്‌, ലെറ്റ്‌സ്‌, ലിത്വാനിയന്‍സ്‌, എസ്‌തോണിയന്‍സ്‌ തുടങ്ങിയ ദേശ-വംശീയ സമ്മിശ്രതകള്‍ നിറഞ്ഞതാണ്‌ പഴയ സോവിയറ്റ്‌ യൂണിയന്‍. അറുപത്തിയഞ്ചിലേറെ വംശീയ വൈവിധ്യങ്ങള്‍ നിലയുറപ്പിച്ച സോവിയറ്റ്‌ യൂണിയനെ എഴുപത്‌ കൊല്ലത്തോളം കമ്യൂണിസം അടക്കിഭരിക്കുകയുണ്ടായി. ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്ക സോവിയറ്റ്‌ യൂണിയനെ കഥാവശേഷമാക്കിയപ്പോള്‍ ഈ വംശീയതകളത്രയും ശാന്തമായി തിരിച്ചുവരികയാണുണ്ടായത്‌. റഷ്യയിലെ സ്ലാവ്‌ വംശജര്‍ പഴയ സ്ലാവ്‌ വംശീയ വികാരം പുറത്തെടുത്തു. അവിഭക്ത യൂഗോസ്‌ലാവിയ, സെര്‍ബിയ, ബോസ്‌നിയ, ഹെര്‍സഗോവിന, മോണ്ടിനെഗ്രോ തുടങ്ങിയവ വംശീയ ദേശീയതകളായി വിഭജിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം ബോസ്‌നിയക്ക്‌ നേരെ ബീഭത്സമായ അക്രമം അഴിച്ചുവിട്ട സെര്‍ബിയക്ക്‌ ഏറ്റവും വലിയ ധാര്‍മിക പിന്‍ബലം നല്‌കിയത്‌ റഷ്യന്‍ സ്ലാവുകളായിരുന്നു. എഴുപത്‌ കൊല്ലത്തെ കമ്യൂണിസ്റ്റ്‌ പരീക്ഷണം വര്‍ഗബന്ധത്തിലുപരി മറ്റെല്ലാ സ്വത്വരൂപങ്ങളെയും നിരാകരിക്കാന്‍ റഷ്യയിലെയും ഇതര സോവിയറ്റ്‌ റിപ്പബ്ലിക്കുകളിലെയും ജനങ്ങളെ പഠിപ്പിച്ചില്ലെന്നതാണ്‌ അനുഭവപാഠം.
ഇന്ത്യയില്‍ ജാതിയാണ്‌ സാമൂഹ്യഘടനയിലെ ഏറ്റവും ശക്തമായ സ്വത്വം. വംശം എന്ന അര്‍ഥത്തിലുപയോഗിക്കുന്ന casta എന്ന പോര്‍ച്ചുഗീസ്‌ വാക്കില്‍ നിന്നാണ്‌ ഇംഗ്ലീഷിലെ caste എന്ന പ്രയോഗമുണ്ടാകുന്നത്‌. 1560കള്‍ മുതല്‍ക്കാണ്‌ ഈ പ്രയോഗം വ്യാപകമാകുന്നത്‌. അതേസമയം, ജാതി എന്ന സ്വത്വം വൈദികകാലത്ത്‌ തന്നെ ഉത്ഭവിച്ചതാണ്‌. ആദ്യം തൊഴിലടിസ്ഥാനത്തിലുള്ള `വര്‍ണ'മായും തുടര്‍ന്ന്‌ കുലധര്‍മാടിസ്ഥാനത്തിലുള്ള വംശകൂട്ടായ്‌മയായും പരിണമിച്ചുണ്ടായതാണ്‌ ജാതി. ജാതിവ്യവസ്ഥയിലൂട്ടപ്പെട്ട സാമൂഹികക്രമം ആഴത്തില്‍ വേരോടിയ മണ്ണാണ്‌ ഇന്ത്യയുടേത്‌. മതവും പൗരോഹിത്യവും അധികാരവും കൂടിച്ചേര്‍ന്ന്‌ അതിശക്തമായ സമ്മര്‍ദം ചെലുത്തി സാമാന്യജനത്തിന്‌ മേല്‍ ജാതീയതയുടെ പതിത്വം അടിച്ചേല്‌പിക്കുകയായിരുന്നു. രാജ്യത്തിന്റെ പിന്നാക്കാവസ്ഥയുടെ തന്നെ അടിസ്ഥാന കാരണങ്ങളിലൊന്ന്‌ ജാതിയുണ്ടാക്കുന്ന പതിത്വമാണ്‌. പൗരാണിക ഇന്ത്യയില്‍ അനേകം ദേശങ്ങള്‍ മ്ലേഛപ്രദേശങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. വൈദികകാലത്ത്‌ സപ്‌തസിന്ധുവായിരുന്നു വര്‍ണാശ്രമവാദികളായ ആര്യന്മാരുടെ പുണ്യദേശം. പഞ്ചാബുള്‍പ്പെടുന്ന സിന്ധുനദീതടമാണ്‌ അപ്രകാരം കരുതപ്പെട്ടിരുന്നത്‌. പിന്നീട്‌ ആര്യമുന്നേറ്റം സിന്ധുനദീതടത്തില്‍ നിന്ന്‌ ഗംഗാതടത്തിലേക്ക്‌ കടന്നപ്പോള്‍ ഗംഗാ-യമുനാ മേഖല പുണ്യദേശവും സപ്‌തസിന്ധു മേഖലയുള്‍പ്പെടെ അശുദ്ധദേശങ്ങളുമായി. പുരു-കുരു രാജവംശങ്ങളടക്കം അഞ്ച്‌ രാജവംശപ്രദേശങ്ങള്‍ മാത്രം പുണ്യപ്രദേശവും മറ്റുള്ളവയൊക്കെ അശുദ്ധ പ്രദേശങ്ങളായി കണക്കാക്കപ്പെട്ടതിന്റെ ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ വിസ്‌തരിച്ച സാമൂഹ്യപഠനങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. (റൊമിലെ ഥാപ്പര്‍, Ancient Indian Social History)
ാസല, മഗധയുള്‍പ്പെടെ പതിനാറ്‌ നാട്ടുരാജ്യങ്ങളുള്‍പ്പെട്ട മഹാജനപഥമടക്കം ഇപ്രകാരം മാറ്റിനിര്‍ത്തപ്പെട്ടവയിലുള്‍പ്പെടുന്നു. (വി.ഡി മഹാജന്‍, Ancient India). പില്‍ക്കാലത്തെ കൊടും പിന്നാക്കവല്‍ക്കരണത്തിന്റെ തുടക്കമിട്ട ഈ പ്രതിലോമ പ്രക്രിയക്ക്‌ പുശ്യാമിത്രസംഗന്റെ സംഗരാജവംശവും രണ്ടാം ഗുപ്‌ത രാജവംശവുമൊക്കെ രാഷ്‌ട്രീയ നേതൃത്വം നല്‌കിയിട്ടുണ്ട്‌. രാജ്യത്ത്‌ അസ്‌പൃശ്യതയുടെ ജാതിസംസ്‌കാരം പരന്നൊഴുകാന്‍ ഇടയാക്കിയ ഈ പ്രതിലോമ സ്വത്വരാഷ്‌ട്രീയത്തിന്‌ സ്വാഭാവികമായും അതേ നാണയത്തില്‍ പ്രതിക്രിയയുണ്ടാവുകയെന്നത്‌ ചരിത്രത്തിലെ സ്വാഭാവിക നീതിയാണ്‌. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. പില്‍ക്കാലത്ത്‌ ഏറെ തലമുറകള്‍ പിന്നിട്ട ശേഷം, പിന്നാക്കവല്‍ക്കരണത്തിന്റെ കൊടുംപീഡനമേറ്റവന്റെ പിന്‍മുറക്കാര്‍ ജാതീയമായ സ്വത്വത്തിന്റെ ഭൂമികയില്‍ നിന്ന്‌ കൊണ്ട്‌ സാമൂഹികനീതിക്ക്‌ വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ശ്രമം നടത്തുന്നുവെന്നതാണ്‌ ഇപ്പോഴത്തെ സ്വത്വ രാഷ്‌ട്രീയ വിവാദത്തിന്‌ നിമിത്തമായത്‌. സ്വത്വരാഷ്‌ട്രീയം തന്നെ നിഷിദ്ധമാണെന്ന്‌ കരുതുന്നവര്‍ ഇന്ത്യന്‍ സാമൂഹികതയില്‍ ആണ്ടാഴ്‌ന്ന്‌ കിടക്കുന്ന ജാതീയ വിവേചനത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളെ ഒറ്റയടിക്ക്‌ അവഗണിക്കുകയാണ്‌.
ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ഉയര്‍ത്തിപ്പിടിച്ച ആര്യന്‍ ദേശീയത പ്രതിലോമപരമായ സ്വത്വരാഷ്‌ട്രീയമാണ്‌. പുശ്യാമിത്ര സംഗനെന്ന ബ്രാഹ്‌മണ രാജാവ്‌ പൗരാണിക ഇന്ത്യയില്‍ അധികാര ശക്തിയുപയോഗിച്ച്‌ ചാതുര്‍വര്‍ണ്യ വ്യവസ്ഥ അടിച്ചേല്‌പിച്ചതും സ്വത്വ രാഷ്‌ട്രീയത്തിന്റെ പ്രതിലോമപ്രയോഗം തന്നെ. അതേസമയം ആധുനിക ഇന്ത്യയില്‍ ഹരിജനോദ്ധാരണം മുഖ്യ രാഷ്‌ട്രീയ അജണ്ടയായി ഏറ്റെടുത്ത്‌ മഹാത്മജി പാര്‍ശ്വവത്‌കൃത ജനത്തെ മുന്‍നിരയിലേക്കടുപ്പിക്കാന്‍ ശ്രമിച്ചത്‌ സ്വത്വ രാഷ്‌ട്രീയത്തിന്റെ ക്രിയാത്മക നിലപാടാണ്‌. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‌ വീര്യം പകരാന്‍ മഹാത്മാഗാന്ധിയും അലി സഹോദരന്മാരും ഖിലാഫത്തിനെ ആസ്‌പദിച്ചതും സ്വത്വരാഷ്‌ട്രീയത്തിന്റെ ക്രിയാത്മകതയെ തന്നെ കുറിക്കുന്നു. മുത്തങ്ങയിലും ചെങ്ങറയിലുമൊക്കെ ആദിവാസി ജനത്തിന്റെ മുന്നറ്റശ്രമങ്ങള്‍ കുറിക്കപ്പെട്ടാല്‍ അതിനെയും സക്രിയമായ സ്വത്വരാഷ്‌ട്രീയമായി കാണാന്‍ നമുക്ക്‌ ഹൃദയവിശാലതയുണ്ടാവണം; ഉണ്ടായേ പറ്റൂ. l
കടപ്പാട് :-  എ പി അബ്‌ദുല്‍വഹാബ്‌  ||| ശബാബ് വാരിക ||| 

2 പ്രതികരണങ്ങള്‍:

Unknown said...

ഇത് കൂടി വായിക്കുക.
തട്ടകം.
http://www.thattakam.com/?p=7

Yasin said...

"ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ഉയര്‍ത്തിപ്പിടിച്ച ആര്യന്‍ ദേശീയത പ്രതിലോമപരമായ സ്വത്വരാഷ്‌ട്രീയമാണ്‌".
it happens today also

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്