Monday, July 19, 2010

അന്ധവിശ്വാസങ്ങളുടെ കളിക്കളം

മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ലാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ട് തന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.
 
എന്നാല്‍, ഫുട്ബോളിനെ കായിക വിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശ ശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃത ചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
 യഥാര്‍ഥ യുദ്ധത്തിലേതു പോലെ ചോരപ്പുഴകള്‍ ഇല്ലെന്ന തൊഴിച്ചാല്‍ ആഗോളതലത്തില്‍ നടക്കുന്ന ഗോത്രയുദ്ധമാണത്രെ ഫുട്ബോള്‍. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളണിഞ്ഞ്, ദേശത്തിന്റെ പതാക വീശിയെത്തുന്നവര്‍ പഴയഗോത്രവര്‍ഗക്കാരുടെ ആധുനികപ്പകര്‍പ്പ് മാത്രമാണ്. ദേശീയപതാക എന്നത് ഗോത്രങ്ങളുടെ അടിസ്ഥാനലക്ഷണമാണെന്നും മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലും അതിനുശേഷം തെരുവിലും കലാപം വിതറുന്ന തെമ്മാടിക്കുട്ടങ്ങള്‍ ഗോത്രസ്വഭാവത്തിന്റെ പകര്‍പ്പുകളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കളിയിലെ താരങ്ങളെആരാധകര്‍ഒരുതരം അടിമസ്വഭാവത്തോടെ സേവിക്കുന്നു. താരത്തിന് കൈകൊടുക്കുമ്പോഴോ അയാളോടൊത്ത് ഫോട്ടോ എടുക്കുമ്പോഴോ ലോകം കീഴടക്കിയ അനുഭൂതിയാണ് ആരാധര്‍ക്ക്. നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ, ഭാര്യയെ മാറ്റാം. വാഹനം, ജോലി, രാഷ്ട്രീയം സുഹൃത്തുകള്‍ എല്ലാം മാറാം പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും ഇഷ്ടഫുട്ബോള്‍ ടീമിനെ മാറ്റാനാവില്ല. അര്‍ജന്റീനയിലും മറ്റും വിവിധ ഫുട്ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ ബദ്ധശത്രുകളെപ്പോലെയാണ്. ബ്രസീലിലും ജര്‍മനിയിലും ഇംഗ്ലണ്ടിലും എന്തിന് കൊല്‍ക്കൊത്തയിലും ഗോവയിലുമെല്ലാം കാണുന്ന ഭ്രാന്തിന്റെ വക്കോളമെത്തുന്ന ഫുട്ബോള്‍ കമ്പം ആരാധകരെ വ്യത്യസ്ത ഗോത്രങ്ങളാക്കി മാറ്റുന്നുവത്രെ. അങ്ങനെ നോക്കുമ്പോള്‍ ഗോത്രത്തനിമയുടെ ദേശീയ വികാരത്തിന്റെ സ്നേഹത്തിന്റെ, പകയുടെ, വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തന്ത്രത്തിന്റെയും മന്ത്രത്തിന്റെയും ആഭിചാരക്രിയകളുടെയുമൊക്കെ പ്രദര്‍ശനശാലയാണ് കളിമേടുകള്‍  

ഒരോ ലോകകപ്പിനും അത്തരം രസകരമായ കഥകളും വസ്തുതകളുമുണ്ട്. എണ്‍പത് ആണ്ട് പിന്നിടുന്ന ലോകകപ്പിലെ രസകരമായ കഥകളും വിസ്മയങ്ങളും ഓര്‍ക്കാന്‍ ഇതിലും പറ്റിയ സമയമില്ല. ഫുട്ബോള്‍ കളിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കാം ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാകാം. പക്ഷെ ഭൂരിപക്ഷം കളിക്കാരും ആരാധകരും പരിശില്ലകരും തന്നെയാണ്. അനുഷ്ഠാനം, ജോത്സ്യം, ദുര്‍മന്ത്രവാദം, ഫുട്ബോള്‍ ലോകത്ത് അനുയായികള്‍ക്ക് ദക്ഷിണാഫിക്കയിലെത്തിയ ഓരൊ ടീമിനും മെപ്പം അന്ധവിശ്വാസങ്ങളുടെ ഒരൊ പെട്ടികൂടി ഉണെന്നുറപ്പാണ്.  

ലോകകപ്പില്‍ സ്പെയിനിന്റെ കോച്ചാ‍യ വിസെന്റെ ഡെല്‍ ബോസ്കിന് മഞ കണ്ടാല്‍ ഹാലിളകില്ല. പക്ഷേ, കഴിഞ്ഞ ലോകകപ്പില്‍ അവരുടെ പരിശീലകനായിരുന്ന ലൂയി അരഗോണിസിന് മഞ കണ്ടാല്‍ കലിയിളകുമായിരുന്നു. അന്ന് മഞ്ഞ ടീഷര്‍ട്ട് ഇട്ട് ക്യാമ്പിലെത്തിയ റൗള്‍ ഗോണ്‍സാലസിന്റെ അപ്പൂനെ വരെ അരഗോണിസ് ചീത്ത വിളിച്ചു. കാരണം ബ്രസീലുകാരുടേതാണ് മഞ്ഞ കുപ്പായം. അവരുടെ ചരിത്രനേട്ടങ്ങളല്ലാം മഞ്ഞയുടുപ്പില്‍ കയറിയതിനു ശേഷമാണെങ്കില്‍, അര്‍ഗോണിസിന് അത് നിര്‍ഭാഗ്യത്തിന്റെ നിറമാണ്. ഇക്കാര്യം അറിയാത്തതാണ് റൗളിന് വിനയായത്.  

ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന താരങ്ങളും പരിശീലകരും ടിമുമായി ബന്ധപ്പെട്ടവരുമെല്ലാം ഇത്തരം അന്ധവിശ്വാസങ്ങളുടെ പിടിയിലാകും. അന്ധവിശ്വാസമെന്ന് കേള്‍ക്കുമ്പോള്‍ ആഫ്രിക്കയെന്നാകും എല്ലാവരും ആദ്യമോര്‍ക്കുക. പക്ഷേ, യാഥാര്‍ഥ്യമറിയുമ്പോള്‍ മറിച്ച് പറയേണ്ടി വരും. മഞ്ഞകുപ്പായമിട്ട് ലോകം ജയിക്കുന്ന ബ്രസീലിനുമുണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍. മരിയോ സഗാലോ എന്ന ഇതിഹാസ കോച്ചിന് 13 എന്ന അക്കത്തോട് കടുത്ത ആരാധനയാണ്. നമ്പറുള്ള ഷര്‍ട്ടേ അദ്ദേഹം ധരിക്കാറുള്ളൂ. അന്തോണീസ് പുണ്യവാളന്റെ ഭക്തയായ ഭാര്യയാണ് സഗാലോയെ പുണ്യവാളന്റെ നമ്പറായ 13ന്റെ അടിമയാക്കിയത്. കളിക്കാരനായും കോച്ചായും ലോകകപ്പ് ഉയര്‍ത്തിയ അപൂര്‍വ ബഹുമതിക്ക് ഉടമയാണ് സഗാലോ എന്ന് ഓര്‍ക്കുക.  

1986ല്‍ അര്‍ജന്റീനയെ വിശ്വ വിജയത്തിലേക്ക് നയിക്കുകയും 1990ല്‍ ഫൈനലില്‍ എത്തിക്കുകയും ചെയ്ത് കാര്‍ലേസ് ബിലാര്‍ഡോയും ഇക്കാര്യത്തില്‍ മോശക്കാരനല്ല. രണ്ട് ടൂര്‍ണമെന്റ്ലും ഇദ്ദേഹം ഒരേ ടൈ തന്നെയാണ് ധരിച്ചത്. മെക്സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യകളിക്ക് മുമ്പ് ടീമിലെ ഒരു കളിക്കാരനോട് അദ്ദേഹത്തിന് ടൂത്ത് പേസ്റ്റ് വാങ്ങേണ്ടി വന്നു. കളിയില്‍ ജയിച്ചതോടെ ഫൈനല്‍ വരെ, അടവുകളുടെ ആശാനെന്ന് അറിയപ്പെടുന്ന ബിലാര്‍ഡോ ടൂത്ത് പേസ്റ്റ് ഇരക്കല്‍ ശീലമാക്കി.  

ദക്ഷിണാഫ്രിക്കയില്‍ ഫ്രാന്‍സിന്റെ പരിശീലകനായ റെയ്മണ്ട് ഡൊമെഷ് തന്നെയായിരുന്നു കഴിഞ്ഞ തവണയും ടീമിനെ നയിച്ചത്. പക്ഷേ, അന്നദ്ധേഹം ഒരു പുകിലുണ്ടാക്കി. കളിക്കാരുടെ ജന്മനാള്‍ നോക്കിയാണ് അവരെ ടീമിലെടുത്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പരക്കെ എതിര്‍പ്പുണ്ടാക്കി. റോബര്‍ട്ട് പെരസിനെപ്പോലുള്ള സ്കോര്‍പ്പിയോ നാളുകാരെ യാണ് ഇതിന്റെ ദുരന്തഫലം അനുഭവിപ്പിച്ചത്. സ്കോര്‍പ്പിയോക്കാര്‍ പരസ്പരം കൊന്നുതീരുന്നവരാണ്.  

കൊമ്പന്‍ പോയ വഴിയെ മോഴ എന്നാണല്ലോ ചെല്ല്. പരിശീലകരുടെ കാര്യം ഇതാണങ്കില്‍ കളിക്കാരുടെ കാര്യം പറയാനുണ്ടോ. 1986ലെ മെക്സിക്കോ ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ ഇംഗ്ലണ്ടിന്റെ ഗാരിലിനേക്കര്‍ വാം അപ്പില്‍ ഗോളിലേക്ക് പന്തടിക്കുകയേ ഇല്ല. അങ്ങനെ ചെയ്താല്‍ മത്സരത്തില്‍ ഗോളടിക്കില്ലെന്നാണ് വിശ്വാസം. അതേപോലെ ആദ്യ പകുതിയില്‍ ഗോളടിച്ചില്ലെങ്കില്‍ രണ്ടാം പകുതിയില്‍ ജേഴ്സി മാറ്റും. ഗോളടിച്ചിട്ടുണ്ടെങ്കില്‍ അതേ കുപ്പായം തന്നെയാകും ധരിക്കുക.  

റുമാനിയയുടെ മുന്‍താരമായ ആഡ്രിയാന്‍ മുട്ടു ശാപങ്ങളൊന്നും ഏല്‍ക്കാതിരിക്കാന്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുമായിരുന്നു. അര്‍ജന്റീനയുടെ മുന്‍ ലോകകപ്പ് ഗോളി സെര്‍ജിയോ ഗോയ്ക്കോഷ്യയാകട്ടെ പുറത്തു പറയാന്‍ കൊള്ളാവുന്ന ശീലക്കാരനായിരുന്നു. പെനാല്‍റ്റി നേരിടാന്‍ ക്രോസ് ബാറിന് കീഴെ എത്തും മുമ്പെ ഷോര്‍ട്സ് അല്പമൊന്നുയര്‍ത്തി മൂത്രമൊഴിക്കുകയായിരുന്നു ഗൊയ്ക്കൊഷ്യയുടെ പതിവ്. ഗ്രൌണ്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ ഒരേസീറ്റില്‍ ഇരിക്കുക, എപ്പോഴും ഒരേ പാട്ട് കേള്‍ക്കുക അങ്ങനെ ഒരു പാട് അന്ധവിശ്വാസങ്ങള്‍ ഫുട്ബോള്‍ ലോകത്തുണ്ട്.  

ലോകകപ്പിന് കഥകള്‍ വേറെയുമുണ്ട് പറയാന്‍. 1974ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന ലോകകപ്പിന് സയര്‍ (കോംഗോ) ടീം എത്തിയത് മന്ത്രവാദികളുടെ വലിയ സംഘവുമായാണ്. ഒറ്റലക്ഷ്യം മാത്രം, ജയം . കണ്ടമാനം കാശുപൊടിച്ച് അത്യപൂര്‍വ്വമായ ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തു. പക്ഷേ ഫലം അവര്‍ക്കുതെന്നെ തിരിച്ചടിയാവുകയായിരുന്നു. ആദ്യം സ്കോട്ട് ലന്‍ഡിനോടും പിന്നെ ബ്രസീലിനോടും പരാജയപെട്ട ടീം യുഗോസ്ലാവിയയോട് തോറ്റു തുന്നംപാടി (9-1).  

1966ലെ ജേതാക്കളായ ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ആല്‍ഫ് റാംസെ വല്ലാത്തൊരു പ്രകൃതകാരനായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ തോല്പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ക്രൗര്യം പ്രകടമായത്. കളികഴിഞ്ഞയുടനെ റാംസെ ഗ്രൗണ്ടിലേക്ക് കുതിക്കുന്നത് കണ്ടപ്പോള്‍ വിജയം ആഘോഷിക്കാനാണെന്നാണ് കരുതിയത്. എന്നാല്‍, തന്റെ കളിക്കാര്‍ എതിര്‍ ടീമംഗങ്ങള്‍ക്ക് സൗഹൃദത്തിന്റെ സ്മരണികയായി ജയ്സി കൈമാറുന്നത് തടയാനാണ് അദ്ദേഹം വെപ്രാളപ്പെട്ട് കുതിച്ചത്. തന്റെ കളിക്കാരോട് റാംസെ ആക്രോശിച്ചു: “നമ്മള്‍ മൃഗങ്ങളുമായി കുപ്പായം പങ്കുവെക്കാറില്ല  

ലോകകപ്പ് ഫുട്ബോളില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകള്‍ ഫ്രഞ്ചുകാരനായ ഇമ്മാനുവല്‍ ഗംബാര്‍ദെയുടേതാണ്. 1938ലെ ടൂര്‍ണമെന്റില്‍ സ്വീഡന്‍ 8-0ന് ക്യൂബയെ തകര്‍ത്തു. അഞ്ചുഗോള്‍ കണ്ടപ്പോഴേക്കും ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അദ്ദേഹം ടൈപ്പ് റൈറ്റര്‍ അടച്ചുവെച്ചു. ‘അഞ്ചുഗോള്‍ വരെ ആകാം അതില്‍ ജര്‍ണലിസമുണ്ട്. അതിനു ശേഷമുള്ളത് സ്റ്റാറ്റിസ്റ്റിക്സ് മാത്രമായിരുന്നുഎന്നാണ് അദ്ദേഹം പറഞ്ഞത്.
കടപ്പാട്:
.എന്‍.രവീന്ദ്രദാസ്  
ദേശാഭിമാനി വാരിക
2010 ജൂണ്‍ 27

1 പ്രതികരണങ്ങള്‍:

Noushad Vadakkel said...

ഇത്തവണ താരമായത് 'പോളാ'ണ്. അന്ധ വിശ്വാസികള്‍ക്ക് ആനന്ദിക്കാന്‍ ഇനി എന്ത് വേണം ?

Weird FactsBrazil won world cup in 1994 n
1970:1994+1970=3964Argentina 1986 n 1978:1986+1978=3964Germany
1990 n 1974:1990+1974=3964Therefore for this WC...3964-2010=1954(Germany
won it)

...ഇത് ഒരു സുഹൃത്തില്‍ നിന്നും കിട്ടിയതാണ് അന്ധ വിശ്വാസികള്‍ക്ക് വേണമെങ്കില്‍ തെളിവാക്കാം. Germany കപ്പടിചായിരുന്നുവേന്കില്‍ .

ഭാഗ്യം കപ്പു സ്പൈന്‍കൊണ്ട് പോയി .

പ്രിന്സാദ്‌ പോസ്റ്റ്‌ കാലികം ...ശ്രദ്ധേയം ....നന്മകള്‍ ....

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്