
മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ ആ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ലാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ട് തന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.
എന്നാല്‍, ഫുട്ബോളിനെ കായിക വിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശ ശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും ഈ കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃത ചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്ന...