Friday, June 18, 2010

ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍





സിദ്ധാര്‍ത്ഥ വരദരാജന്‍ 
ഇന്ത്യന്‍ പത്രമാധ്യമങ്ങളുടെ ന്യൂനപക്ഷ സമീപനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ രണ്ട്‌ മേഖലകളെക്കുറിച്ചാണ്‌ അതില്‍ പ്രധാനമായും വിശദീകരിക്കേണ്ടിവരിക. ഒന്ന്‌, പത്ര, ടെലിവിഷന്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ -ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക്‌ നല്‍കുന്ന കവറേജ്‌, അവ ഏത്‌ തരത്തിലുള്ളതാണ്‌ എന്നതും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ പൊതുസമൂഹത്തില്‍ തെറ്റായ കാഴ്‌ചപ്പാടുണ്ടാക്കുന്നതില്‍ അത്‌ എപ്രകാരം കാരണമാവുന്നു, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അത്‌ എങ്ങനെ വിഷം കുത്തിവെക്കുന്നു (പ്രത്യേകിച്ച്‌ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍), ഇന്ത്യന്‍ രാഷ്‌ട്രീയ സംവാദത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുന്ന സംവിധാനമായി അത്‌ എങ്ങനെ മാറുന്നു, ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ധര്‍മങ്ങളെ വിസ്‌മരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതൃത്വത്തെയും അത്‌ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌. രണ്ട്‌, മുസ്‌ലിം പ്രാതിനിധ്യം, തൊഴിലവസരങ്ങളിലെ വൈവിധ്യം, മാധ്യമങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവ.
ഇന്നത്തെ ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍, സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന്റെയും ദേശീയ ബോധത്തിന്റെയും നിലവാരം കുറക്കുന്നതിനാണ്‌ അവ മെനക്കെട്ടുകൊണ്ടിരിക്കുന്നത്‌ എന്ന്‌ അല്‍പം പ്രയാസത്തോടെയെങ്കിലും പറയേണ്ടിവരും. സാമുദായിക വിഷയങ്ങളെ മാത്രമല്ല, നമ്മുടെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്‌. രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ എല്ലാവിഷയങ്ങളിലും സ്ഥിതി ഇതുതന്നെയാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു പഠനം നടത്തിയപ്പോള്‍, പൊതുസമൂഹത്തിന്റെ മുഖം രൂപപ്പെടുത്തുന്നതില്‍ (പത്രമുതലാളിത്ത വ്യവസ്ഥിതിയുടെ പങ്ക്‌ താല്‍പര്യത്തിനൊത്ത സാങ്കല്‍പിക സമുദായം സൃഷ്‌ടിച്ചെടുക്കുന്നതില്‍) സംബന്ധിച്ച ബെന്‍ ആന്‍ഡേഴ്‌സനെപ്പോലുള്ളവരുടെ വിവരണങ്ങള്‍ കയ്‌പ്പേറിയ ചില അനുഭവങ്ങളാണ്‌ സമ്മാനിച്ചത്‌; നമ്മുടെ ചരിത്രപാരമ്പര്യം അതിന്‌ വിരുദ്ധമാണെങ്കിലും.

ഇന്ത്യയില്‍ പത്രമാധ്യമങ്ങളുടെ പിറവി തന്നെ, കോളനിവാഴ്‌ചയുടെ സൃഷ്‌ടിയാണ്‌. രാഷ്‌ട്ര നശീകരണ പദ്ധതികളും കൊളോണിയല്‍ താല്‍പര്യങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തിയായിരുന്നു അവയുടെ തുടക്കം. 19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ സാമുദായിക ശാക്തീകരണത്തിനുള്ള വാഹനങ്ങളായിട്ടായിരുന്നു പല പത്ര മാധ്യമങ്ങളുടെയും ആവിര്‍ഭാവം. സാമുദായിക ആശങ്കകളും പരാതിയും ആയിരുന്നു അവയുടെ അടിസ്ഥനം. അതേസമയം തന്നെ ചില കാര്യങ്ങളിലെല്ലാം അവ നന്മയും ഉദ്ദേശിച്ചിരുന്നു. ഉദാഹരണത്തിന്‌ മത സാമൂഹ്യ പരിഷ്‌കരണം പോലുള്ള കാര്യങ്ങള്‍. അതേസമയം തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുകയും ദേശീയ സ്വത്വബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യുന്നുണ്ട്‌.

1857ലെ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ സജീവമായ നിരവധി ഉറുദു പത്രങ്ങളുണ്ടായിരുന്നു. ബ്രീട്ടീഷ്‌ അധിനിവേശ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പക്ഷത്തു നിന്നുകൊണ്ട്‌, മറ്റൊരര്‍ഥത്തില്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പക്ഷത്തുനിന്നു കൊണ്ട്‌, ഇന്ത്യക്കാരോട്‌ പരസ്‌പരം ഇന്ത്യക്കാരായി കാണാന്‍ അഭ്യര്‍ഥിച്ചും ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലെ അകലം ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌. സയ്യിദുല്‍ അക്‌ബറും ദല്‍ഹി ഉര്‍ദു അല്‍അക്‌ബറും പോലെ നിരവധി പ്രസിദ്ധീകരണങ്ങള്‍ നിര്‍ണായക പങ്കാണ്‌ അന്ന്‌ ഇക്കാര്യത്തില്‍ വഹിച്ചത്‌. പ്രമുഖ ഉറുദു സാഹിത്യകാരനും ചരിത്രകാരനുമായ മുഹമ്മദ്‌ ഹുസൈന്‍ ആസാദിന്റെ പിതാവ്‌ മൗലവി മുഹമ്മദ്‌ ബഖര്‍ പ്രസിദ്ധീകരിച്ച കത്ത്‌ ഇതിന്‌ വലിയ ഉദാഹരണമാണ്‌. ബ്രിട്ടീഷുകാര്‍ ഡല്‍ഹി പിടിച്ചടക്കിയ ശേഷം ഹുഡ്‌സന്റെ വെടിയേറ്റാണ്‌ അദ്ദേഹം മരിച്ചത്‌.

വര്‍ഗീയ താല്‍പര്യങ്ങള്‍ക്കു പകരം ജനങ്ങളുടെ പരസ്‌പര ഐക്യത്തില്‍ നിന്നുകൊണ്ടുള്ള വിഷന്‍ ഇന്ത്യ പദ്ധതിക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ആദ്യ എഡിറ്ററായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെയും മുസ്‌ലിം രാഷ്‌ട്രീയത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ സാക്ഷ്യം വഹിച്ച, 1880കള്‍ മുതലും 20ാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗങ്ങളിലും വര്‍ഗാടിസ്ഥാനത്തില്‍ രാഷ്‌ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഉത്തരേന്ത്യന്‍ പത്രങ്ങള്‍ വ്യാപകമായി ഏറ്റെടുക്കുകയും അത്‌ ഇന്ത്യന്‍ രാഷ്‌ട്രീയ സംവിധാനത്തിന്റെ വിശാലതയെതന്നെ തടയുകയും ചെയ്‌തു. സ്വാതന്ത്ര്യത്തിനുശേഷം മുഖ്യധാരാ രാഷ്‌ട്രീയത്തിന്റെ കണ്ണാടികളായി വര്‍ത്തിച്ച ഇന്ത്യന്‍ പത്രരംഗം പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വാഴ്‌ത്തുപാട്ടുകാരായി അധപ്പതിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷത്തോടുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമീപനം പ്രശ്‌നാധിഷ്‌ഠിതമായിരുന്നു. പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിനു പകരം, ദേശീയ, പ്രാദേശിക തലങ്ങളിലുള്ള സാമുദായിക നേതാക്കളെ വലവീശി സ്വന്തം രാഷ്‌ട്രീയത്തിലേക്ക്‌ അവരെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. നേതൃത്വത്തെ ഒപ്പംനിര്‍ത്തി, അതത്‌ സാമുദായിക വിഭാഗങ്ങളെ കൂടെ നിര്‍ത്തുകയായിരു ന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. മു ഖ്യധാരാ രാഷ്‌ട്രീയത്തിന്റെ വ ക്താക്കളായി മാറിയ ഈ സാമുദായിക നേതാക്കളാകട്ടെ, തങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന ബോധത്തില്‍, അതത്‌ സമുദായത്തിലെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.

അനാരോഗ്യകരമായ നിറംകെട്ട രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ വളര്‍ച്ചയിലേക്ക്‌ നയിച്ച ഈ സ്ഥിതിഗതികളെ ഇന്ത്യന്‍ പത്രമാധ്യമങ്ങളും അതേപടി വിശ്വസിച്ച്‌ പ്രതിഫലിപ്പിക്കുകയായിരുന്നു.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വിഭജനാനന്തര ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ അധികവും പൂര്‍വകാല കുലീന കുടുംബങ്ങളില്‍ നിന്നുള്ളവരോ മതനേതാക്കളോ ആയിരുന്നു. ഈ രണ്ടു തരത്തിലുള്ള നേതൃത്വവും-രാഷ്‌ട്രീയവും മതപരവും-കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും അതിന്റെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തു. ജംഇയ്യത്തെ ഉലമായെ ഹിന്ദിനെപ്പോലുള്ള പല പ്രമുഖ സംഘടനകളും പൂര്‍ണമായും കോണ്‍ഗ്രസിന്റെ കീഴ്‌ഘടകങ്ങളെപ്പോലെയാണ്‌ പ്രവര്‍ത്തിച്ചത്‌. മുസ്‌ലിം വിഭാഗത്തിന്റെ നേതൃത്വം കയ്യാളിയിരുന്ന മൗലവിമാര്‍ പുലര്‍ത്തിയിരുന്നത്‌ പിന്നാക്ക കാഴ്‌ചപ്പാടുകളാണ്‌. ഈ പിന്നാക്ക കാഴ്‌ചപ്പാടുകളാണ്‌ മുസ്‌ലിം സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളായി മാധ്യമങ്ങള്‍ (ദുര്‍)വ്യാഖ്യാനിച്ചത്‌.

അതേസമയം തന്നെ സാമുദായിക തീവ്രത ഈ ഘട്ടത്തില്‍ അത്രതന്നെ ശക്തമായിട്ടില്ലായിരുന്നു എന്നുതന്നെ വേണം പറയാന്‍. അതുകൊണ്ടുതന്നെ ഭരണനേതൃത്വത്തിന്‌ അവരുടെ സാമുദായിക തന്ത്രങ്ങള്‍ തുറന്ന്‌ പ്രകടിപ്പിക്കാന്‍ ഇത്‌ അവസരമൊരുക്കുകയും ചെയ്‌തു. 1980കളില്‍ മൊറാദാബാദിലും മീററ്റിലും ഹാഷിംപുരയിലും മല്ലിയാനയിലും ഭഗല്‍പൂരിലുമുണ്ടായ വര്‍ഗീയ കൂട്ടക്കൊലകള്‍, 1984 നവംബറിലെ സിക്ക്‌ കൂട്ടക്കൊല, എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ താല്‍പര്യങ്ങളായിരുന്നു. ഈ വര്‍ഗീയ കലാപങ്ങളെതുടര്‍ന്നാണ്‌ ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍, പ്രത്യേകിച്ച്‌ വരേണ്യവര്‍ഗ മാധ്യമങ്ങളില്‍ വര്‍ഗീയ ചേരിതിരിവ്‌ മറനീക്കി പുറത്തുവരുന്നത്‌. തത്വത്തില്‍ ഒരുവശത്ത്‌ വര്‍ഗീയ കലാപങ്ങളുടെ കുറ്റം കോണ്‍ഗ്രസിന്റെ മേല്‍ ചാര്‍ത്തിയ അതേ മാധ്യമങ്ങള്‍ തന്നെ സമുദായങ്ങള്‍ക്കിടയില്‍ വിഭജനങ്ങള്‍ സൃഷ്‌ടിക്കാന്‍ പരിശ്രമിക്കുകയായിരുന്നു. പ്രാദേശിക തലങ്ങളില്‍ ഇത്തരം രീതികള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രായോഗികമായിരുന്നെങ്കിലും ദേശീയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. 1980കളിലെ പഞ്ചാബ്‌ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സിഖ്‌ ന്യൂനപക്ഷത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെ അവഗണിച്ചു എന്നതാണ്‌ ഇക്കാര്യത്തില്‍ ഉദാഹരണമായി പഠിച്ചത്‌.

അക്കാലത്തെ ചില പത്രങ്ങള്‍ നോക്കിയാല്‍ സിഖ്‌ വിഭാഗത്തെ തീവ്രവാദികളും ഭീകരവാദികളുമായാണ്‌ നിങ്ങള്‍ക്ക്‌ വായിച്ചെടുക്കാന്‍ കഴിയുക. പ്രത്യേകിച്ച്‌ ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകരായിരുന്ന രണ്ട്‌ സിക്ക്‌ വംശജര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാറിന്റെയും ഡല്‍ഹി കൂട്ടക്കൊലയുടെയും ഘട്ടത്തില്‍ ഇന്ത്യന്‍ പത്രമാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നാണംകെട്ടതായിരുന്നു. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ താല്‍പര്യങ്ങളാണ്‌ ഇന്ത്യന്‍ പത്രങ്ങള്‍ പ്രതിഫലിപ്പിച്ചത്‌. അതേ രാഷ്‌ട്രീയ പാര്‍ട്ടി സ്വീകരിച്ച ചില സമീപനങ്ങളാണ്‌ പഞ്ചാബ്‌, സിക്ക്‌ സംഭവങ്ങളിലേക്ക്‌ നയിച്ചതും പ്രശ്‌നങ്ങള്‍ ഇത്രമേല്‍ സങ്കീര്‍ണമാക്കിയതും എന്ന വിഷയം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം തമസ്‌കരിച്ചു.

നിര്‍ഭാഗ്യകരം എന്നു പറയട്ടെ, നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്താ അജണ്ട നിശ്ചയിക്കുന്നത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങളാണെന്ന സ്ഥിതിയിലേക്ക്‌ വരെ തരംതാണു. ഇന്ന്‌ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും-പ്രത്യേകിച്ച്‌ ബി ജെ പിക്കും കോണ്‍ഗ്രസിനും- മികച്ച വാര്‍ത്താവിതരണ സംവിധാനവും പാര്‍ട്ടി വക്താക്കളുമുണ്ട്‌. കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ അല്‍പം അലസത കാണിക്കുന്നുണ്ടെങ്കിലും ബി ജെ പി കൃത്യമായ ലക്ഷ്യത്തോടെയുള്ള ഇടപെടലാണ്‌ ഇക്കാര്യത്തില്‍ നടത്തുന്നത്‌. സ്വന്തം അജണ്ടകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ ചര്‍ച്ച ചെയ്യാന്‍ എല്ലാ തന്ത്രങ്ങളും ബി ജെ പി ഒരുക്കുന്നുണ്ട്‌. വൈകാരിക വിഷയങ്ങള്‍ പകര്‍ന്നുനല്‍കി ആര്‍ എസ്‌ എസ്‌ വളണ്ടിയര്‍മാര്‍ ഇക്കാര്യത്തില്‍ ബി ജെ പിക്ക്‌ നല്‍കുന്ന പിന്തുണ ചെറുതല്ല.

1980കളില്‍ ആര്‍ എസ്‌ എസ്‌ ഉയര്‍ത്തിയ രാമജന്മ ഭൂമി വിഷയം, തങ്ങളുടെ മാധ്യമസൗഹൃദ സമീപനം മുന്‍നിര്‍ത്തി അതിവിദഗ്‌ധമായാണ്‌ ബി ജെ പി കൈകാര്യം ചെയ്‌തത്‌. ആവശ്യഘട്ടങ്ങളില്‍ ഇതേ വിഷയത്തെ മാധ്യമങ്ങളില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നതിന്‌, തീര്‍ത്തും അപ്രസക്തവും പൊതുജന താല്‍പര്യം ഒട്ടും കാംക്ഷിക്കാത്തതുമായ വിഷയങ്ങളില്‍ രാഷ്‌ട്രീയ സംവാദങ്ങള്‍ക്ക്‌ വേദിയൊരുക്കുന്ന തന്ത്രവും ബി ജെ പി വിജയകരമായി പരീക്ഷിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി മാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്‌ ബി ജെ പി പ്രകടിപ്പിച്ച മറ്റൊരു നല്ല ഉദാഹരണമായിരുന്നു ബംഗ്ലാദേശികളുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റ പ്രശ്‌നം. വിഭജനാനന്തര പഞ്ചാബി ഹിന്ദുക്കളുടെ കുടിയേറ്റംപേലെ, ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളുടെ പശ്ചിമബംഗാളിലേക്കുള്ള അഭയാര്‍ഥി പ്രവാഹമായിരുന്നു യഥാര്‍ഥത്തില്‍ 1980കളില്‍ സംഭവിച്ചത്‌. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ചിത്രീകരിച്ചത്‌ മുസ്‌ലിം ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റമായിട്ടാണ്‌. ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന ഈ തെറ്റായ പ്രചാരണത്തെ പുനര്‍ചിന്തനത്തിന്‌ പോലും വിധേയമാക്കാതെ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ന്യൂസ്‌റൂമുകളില്‍ സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തുകയുമായിരുന്നു.

പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയോ (പി ടി ഐ) മറ്റേതെങ്കിലും വാര്‍ത്താ ഏജന്‍സികളോ, തങ്ങള്‍ക്ക്‌ മുന്നില്‍ വരുന്ന വാര്‍ത്തകളില്‍ ഹിന്ദു ബംഗ്ലാദേശികളെക്കുറിച്ചാണ്‌ പരാമര്‍ശമെങ്കില്‍ അവരെ അഭയാര്‍ഥികളായി ചിത്രീകരിക്കുകയും അതേസമയം മുസ്‌ലിം ബംഗ്ലാദേശികളാണെങ്കില്‍ അവര്‍ക്ക്‌ രഹസ്യമായ മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ടെന്ന്‌ വരുത്തിതീര്‍ക്കുകയും ചെയ്‌തു. ഈ രീതി ഇപ്പോഴും നമ്മുടെ മാധ്യമങ്ങളില്‍ കാണാം. വിഷയത്തിന്റെ പ്രശ്‌നമോ അര്‍ഥമോ സാഹചര്യങ്ങളോ പരിഗണിക്കാതെ, കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ പോലും മിനക്കെടാതെയാണ്‌ മാധ്യമങ്ങള്‍ ഇത്തരത്തില്‍ നിര്‍വചനങ്ങള്‍ നല്‍കുന്നത്‌.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ തീവ്രവാദി ആക്രമണങ്ങളാണ്‌ ഇക്കാര്യത്തില്‍ ഉദ്ധരിക്കാവുന്ന മറ്റൊരു ഉദാഹരണം. നിരവധി പത്രമാധ്യമങ്ങള്‍ അവരുടെ തലക്കെട്ടുകളിലും വാര്‍ത്തകളിലും `നിയമവിരുദ്ധ മദ്‌റസകളെ'ക്കുറിച്ച്‌ അവ തീവ്രവാദം വളര്‍ത്തുകയാണെന്ന തരത്തില്‍ തെറ്റായ പ്രചാരണം അഴിച്ചുവിടാന്‍ തുടങ്ങിയിരിക്കുന്നു. പാകിസ്‌താനില്‍ ജനറല്‍ പര്‍വേസ്‌ മുശര്‍റഫ്‌ മദ്‌റസകളെ നിയന്ത്രിക്കാന്‍ തുടങ്ങിയിക്കുന്നു എന്നു പറഞ്ഞ്‌, ഇന്ത്യയിലും മദ്‌റസകളെ നിയന്ത്രിക്കണമെന്ന അഭിപ്രായം മുന്‍പ്‌ എല്‍ കെ അദ്വാനി ആഭ്യന്തര മന്ത്രിയായിരിക്കെ ഒരു ചര്‍ച്ചയില്‍ പറയുകയുണ്ടായി. പക്ഷേ ഒരു കാര്യം എല്ലാവരും വിസ്‌മരിച്ചു. ഇസ്‌ലാമിക രാഷ്‌ട്രമെന്ന നിലയില്‍ പാകിസ്‌താനില്‍ മദ്‌റസകളെ നിയന്ത്രിക്കാന്‍ പാകിസ്‌താന്‌ ഭരണഘടനാപരമായ അവകാശമുണ്ട്‌. അവിടെ എന്ത്‌ പഠിപ്പിക്കണം, എന്ത്‌ പഠിപ്പിക്കേണ്ട എന്ന്‌ നിശ്ചയിക്കുന്നത്‌ ഗവണ്‍മെന്റാണ്‌.

എന്നാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ഭരണഘടന മതേതരമാണ്‌. മദ്‌റസകള്‍ മതപരമായ വിദ്യാഭ്യാസമാണ്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതിനാല്‍, പൊതു ഖജനാവിലെ പണം ചെലവിട്ട്‌ മദ്‌റസാവിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരിനാവില്ല. മറ്റ്‌ തരത്തിലുള്ള വിദ്യാഭ്യാസത്തെക്കാള്‍ കുട്ടികള്‍ കൂടുതലായി മദ്‌റസാ വിദ്യാഭ്യാസത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അത്‌ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പരാജയം നിമിത്തമാണ്‌. മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളില്‍ മതിയായ സ്‌കൂള്‍ പഠന സൗകര്യം ഇല്ലെന്നതാണ്‌ ഇതിന്‌ കാരണം. ഓരോ മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളിലും സ്‌കൂളുകള്‍ തുടങ്ങുന്നതിനേക്കാള്‍ സര്‍ക്കാരിന്‌ താല്‍പര്യം പോലീസ്‌ സ്റ്റേഷന്‍ തുടങ്ങുന്നതിനാണെന്ന്‌ സയ്യിദ്‌ ശഹാബുദ്ദീന്‍ മുമ്പ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള തിയേറ്ററുകളോ പ്ലാറ്റ്‌ഫോമുകളോ ആയി ന്യൂസ്‌റൂമുകള്‍ മാറുമ്പോള്‍, ഭരണഘടനാപരമായ അതിന്റെ വശങ്ങള്‍ ഒരിക്കലും ചര്‍ച്ചയ്‌ക്കുവരാറില്ല. മദ്‌റസകള്‍ നിയമവിരുദ്ധമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍, അതല്ലെങ്കില്‍ അനിയന്ത്രിതമായ തരത്തില്‍ ഏതെങ്കിലും ഭാഗങ്ങളില്‍ നിന്ന്‌ അതിന്‌ ഫണ്ട്‌ ലഭിക്കുന്നുണ്ടെങ്കില്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ റഗുലേഷന്‍ ആക്‌ട്‌ (എഫ്‌ ഇ ആര്‍ എ) പ്രകാരം ഇടപെടാനും അവയെ നിയന്ത്രിക്കാനും സര്‍ക്കാരിന്‌ അധികാരമുണ്ട്‌.

മദ്‌റസകള്‍ മാത്രമല്ല, ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്‌ത ഏത്‌ സന്നദ്ധ സംഘടനകള്‍ക്കും വിദേശങ്ങളില്‍ നിന്ന്‌ ഇത്തരത്തില്‍ ഫണ്ട്‌ ലഭ്യമാവുന്നുണ്ടെങ്കില്‍ അത്‌ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ മതിയായ അധികാരങ്ങളും വഴികളുമുണ്ട്‌. എന്നാല്‍ മദ്‌റസകള്‍ സംവാദങ്ങള്‍ക്ക്‌ വിഷയമാകുമ്പോള്‍ പ്രസക്തമായ ഇത്തരം കാഴ്‌ചപ്പാടുകളില്‍ അത്‌ ചര്‍ച്ചചെയ്യപ്പെടാറില്ല. പകരം എല്ലായ്‌പ്പോഴും മിഥ്യാധാരണയുടെയും തീവ്രവാദത്തിന്റെയും അക്കാദമിക്‌ ആക്‌ടിവിസത്തിന്റെയും തലങ്ങളില്‍ മാത്രമാണ്‌ ചര്‍ച്ച നടക്കുക. ഇലക്‌ട്രോണിക്‌, പ്രിന്റ്‌ മാധ്യമങ്ങളില്‍ നിറയുന്ന ചര്‍ച്ചകളെ ഇത്തരം ചേരുവകള്‍ ചേര്‍ത്ത്‌ തന്ത്രപരമായി വളച്ചൊടിക്കുന്നതില്‍ ബി ജെ പിയും അതിന്റെ സഖ്യകക്ഷികളും വിജയിക്കുന്നു എന്നതാണ്‌ യാഥാര്‍ഥ്യം.

കലാപങ്ങളില്‍ പങ്കാളികളാകുന്ന സമുദായങ്ങളെ തിരിച്ചറിയുംവിധം വാര്‍ത്തകളില്‍ പരാമര്‍ശിക്കരുതെന്ന, സ്വയം നിര്‍മിത പെരുമാറ്റ ചട്ടങ്ങളോട്‌ മാധ്യമങ്ങള്‍ എത്രത്തോളം കൂറു പുലര്‍ത്തുന്നു എന്നത്‌ ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. രാജസ്ഥാനിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച്‌ വന്ന റിപ്പോര്‍ട്ട്‌ ഒരു തരത്തിലും സമുദായത്തിന്റെ പേര്‌ പരാമര്‍ശിക്കാതെ ഉള്ളതായിരുന്നു. സമുദായത്തെ തിരിച്ചറിയാത്ത രീതിയില്‍ നിങ്ങള്‍ക്ക്‌ വാര്‍ത്ത നല്‍കാന്‍ കഴിയുമെങ്കില്‍ തെറ്റായ രീതിയിലുള്ള പ്രതികരണങ്ങളെ ഒരു പരിധിവരെയെങ്കിലും നിങ്ങള്‍ക്ക്‌ തടഞ്ഞുനിര്‍ത്താന്‍ കഴിയും. സമുദായങ്ങളുടെ പേര്‌ നേരിട്ട്‌ പരാമര്‍ശിക്കുന്നത്‌ മാത്രമല്ല, സമുദായം ഏതെന്നത്‌ സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. ഒരുവിഭാഗം ഇരകളാക്കപ്പെടുകയായിരിക്കും ഇതിന്റെ അനന്തര ഫലം.

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദല്‍ഹി പത്രങ്ങള്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച രീതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. തീര്‍ത്തും നിര്‍ദോഷമായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്‌ -ആരാധനാകേന്ദ്രം അശുദ്ധമാക്കി- പക്ഷേ വാര്‍ത്ത കൂടി വായിക്കുമ്പോള്‍ സ്ഥിതി മാറും. ലജ്‌പത്‌ നഗറിലെ ഒരു ആരാധനാ കേന്ദ്രത്തിനുനേരെ ആക്രമണം. ആരാധനാകേന്ദ്രം മാലിന്യം വലിച്ചെറിഞ്ഞ്‌ അശുദ്ധമാക്കുകയും ആരാധനാ കേന്ദ്രത്തിനു നേരെ ഭീഷണി മുഴക്കുകയും ചെയ്‌തു. സാല്‍വാറും കമീസും ധരിച്ച ഒരു യുവതി കയ്യില്‍ ഒരു പൊതിയുമായി വരുന്നത്‌ കണ്ടതായും പിന്നീട്‌ ആരാധനാകേന്ദ്രത്തിനുള്ളില്‍ മാലിന്യം കണ്ടെത്തിയതായും പുരോഹിതനായ മായാ രാം പറഞ്ഞു.

യഥാര്‍ഥത്തില്‍ ഏതൊക്കെ സമുദായങ്ങള്‍ തമ്മിലാണ്‌ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന്‌ തലക്കെട്ടിലോ വാര്‍ത്തയിലോ നേരിട്ട്‌ പറയുന്നില്ല. അതേസമയം മതപുരോഹിതന്റെ പേരും യുവതിയുടെ വസ്‌ത്രധാരണത്തെക്കുറിച്ചുള്ള വിവരവും ഏതൊക്കെ വിഭാഗങ്ങള്‍ തമ്മിലാണ്‌ പ്രശ്‌നമെന്നത്‌ തിരിച്ചറിയാന്‍ ധാരാളം. മായാ രാം ഹിന്ദു പുരോഹിതനാണെന്നും സാല്‍വാറും കമീസും ധരിക്കാറ്‌ മുസ്‌ലിം സ്‌ത്രീകളാണെന്നും തിരിച്ചറിയാനും വലിയ ബുദ്ധിയൊന്നും ചെലവഴിക്കേണ്ടിവരില്ല. ഫലമാവട്ടെ, ഹിന്ദു-മുസ്‌ലിം ശത്രുതയായി ഇത്‌ വളരാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും റിപ്പോര്‍ട്ട്‌ കാരണമായിത്തീരുന്നു. സമുദായത്തിന്റെ പേര്‌ പറയുന്നില്ലെങ്കിലും റിപ്പോര്‍ട്ടിലൂടെ മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

പലപ്പോഴും വര്‍ഗീയ കലാപങ്ങളില്‍ മുസ്‌ലിംകളാണ്‌ ഇരകളാക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം വിസ്‌മരിച്ചുകൂടാ. മുസ്‌ലിംകള്‍ എവിടെയെങ്കിലും ഇരകളാക്കപ്പെടുമ്പോള്‍ വാര്‍ത്തകളില്‍ അവരുടെ പേര്‌ പരാമര്‍ശിക്കപ്പെടാറില്ല. പകരം ചുരുക്കം ചില ഹിന്ദുക്കള്‍ ഏതെങ്കിലും സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടാല്‍ അവരുടെ പേര്‌ പരാമര്‍ശിക്കുകയും അതുവഴി മുസ്‌ലിംവിരുദ്ധ വികാരം ശക്തിപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹാപൂരില്‍ ഒരു രാത്രി കൊണ്ട്‌ ഡസണ്‍ കണക്കിന്‌ ഷോപ്പുകള്‍ കത്തിയമര്‍ന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും മുസ്‌ലിംകളുടേതായിരുന്നു. ഇരകളില്‍ ഒരാളുടെ പേര്‌ പോലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. സിക്കന്ദര്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട്‌ പിടികൂടിയെന്ന്‌ മാത്രമാണ്‌ ഹാപൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വെളിപ്പെടുത്തിയത്‌.

പോലീസിനുള്ളിലെ വര്‍ഗീയ ചേരിതിരിവുകള്‍ ചെറിയ പ്രശ്‌നങ്ങളെപ്പോലും കലാപങ്ങളാക്കി മാറ്റുന്നുണ്ടെന്ന്‌ മുന്‍ ഐ പി എസ്‌ ഓഫിസറായിരുന്ന വിഭൂതി നാരായണ്‍ റായിയുടെ പഠനറിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നുണ്ട്‌. പല ചെറുകിട മാധ്യമങ്ങളും കലാപം പോലുള്ള സംഭവങ്ങളില്‍ പോലീസിനെയാണ്‌ ഏക വാര്‍ത്താസ്രോതസ്സായി കാണുന്നത്‌. അതുകൊണ്ടുതന്നെ പോലീസ്‌ നല്‍കുന്ന വിവരങ്ങള്‍ പുനപ്പരിശോധിക്കുക പോലും ചെയ്യാതെ അവര്‍ അത്‌ പകര്‍ത്തിവെക്കുന്നു. വലിയ പ്രശ്‌നങ്ങളിലേക്കാണ്‌ ഇത്തരം വാര്‍ത്തകള്‍ സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നത്‌ എന്ന വസ്‌തുത അവര്‍ വിസ്‌മരിക്കുകയാണ്‌.
(ദ ഹിന്ദുവിന്റെ നയതന്ത്രകാര്യ എഡിറ്ററും നാഷണല്‍ ബ്യൂറോ ചീഫുമാണ്‌ ലേഖകന്‍)

2 പ്രതികരണങ്ങള്‍:

http://www.maudoodism.blogspot.com/ said...

how can raise the muslim's participation in media.this efforts will be explained as muslim appeasement

Anonymous said...

ഒരു വാര്‍ത്ത‍ കാണുമ്പോള്‍ അത് ന്യൂന പക്ഷതിന്റെതാണോ ഭൂരിപക്ഷതിന്റെതാണോ എന്ന് അന്വേഷിക്കുന്ന വായനക്കാരന്‍ അല്ലെ ഇന്ന് ഈ കാണുന്ന വര്ഘീയ വിഭജനതിനി പ്രധാന ഉത്തരവാദി?

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്