ജനാധിപത്യ തത്വങ്ങള്‍ പ്രകാരം അഥവാ ഭൂരിപക്ഷമാളുകളുടെ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഷ്‌ട്രമീമാംസ രീതിയനുസരിച്ച് അഞ്ച് തവണയുള്ള നിര്‍ബന്ധ നമസ്‌കാരം ആറ് തവണയോ നാല് തവണയോ ആക്കാന്‍ അന്ന് മുതല്‍ ഇന്നുവരേയുള്ള മുസ്‌ലിംകളൊന്നും സമ്മതിച്ചിട്ടില്ല. ചേകന്നൂര്‍ മൗലവി അങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു നേരം പോലും നമസ്‌കരിക്കേണ്ടാത്ത അവസ്ഥയുണ്ടായത്. നിര്‍ബന്ധ നമസ്‌കാരം മാത്രമല്ല, ഐച്ഛിക നമസ്‌കാരങ്ങള്‍ പോലും ഭൂരിപക്ഷാഭിപ്രായ പ്രകാരം കൂട്ടാനോ കുറയ്‌ക്കാനോ രൂപം മാറ്റാനോ ആരും സമ്മതിച്ചിട്ടില്ല.
നിര്‍ബന്ധ ദാനമെന്ന സക്കാത്ത്, റമദാനിലെ വ്രതാനുഷ്‌ഠാനം, ഹജ്ജുമായി ബന്ധപ്പെട്ട വിവിധ ചര്യകള്‍, സ്വത്തവകാശം, വിവാഹം, മരണം തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആനിലും പ്രവാചകചര്യയിലും നിഷ്‌കര്‍ഷിച്ച കാര്യങ്ങളിലൊന്നും ജനാധിപത്യരീതിയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താവതല്ല.
മുസ്‌ലിംകളുടെ ഈ അണുമണിത്തൂക്കം വിട്ടുവീഴ്‌ചയില്ലാതെ `ജനാധിപത്യവിരോധം' പക്ഷേ പൊതുസമൂഹം ഒരു കുറ്റമായി കണ്ടിട്ടില്ല. വിശ്വാസ കാര്യങ്ങള്‍, അനുഷ്‌ഠാന കാര്യങ്ങള്‍, ഇത് രണ്ടിന്റെയും താല്‌പര്യങ്ങളായ വിധിവിലക്കുകള്‍ എന്നിവയെല്ലാം തന്നെ ദൈവപ്രോക്തമാണെന്നും മനുഷ്യന് അതില്‍ കൈകടത്താതത്വം അവര്‍ക്ക് ബോധ്യമായതുകൊണ്ടാണ് മതാസ്‌തിത്വം അംഗീകരിക്കുന്ന മതനിരപേക്ഷവാദികള്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്താത്തത്. ശരീഅത്ത് വിവാദം മുതല്‍ തലമറയ്‌ക്കല്‍ വിവാദം വരേയുള്ള കാര്യങ്ങളിലെല്ലാം ഭൂരിപക്ഷം രാഷ്‌ട്രീയ സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും മുസ്‌ലിം അനുകൂല നിലപാടെടുത്തതിന് ഇതാണ് കാരണം.
ഇങ്ങനെ അടിസ്ഥാന ഇസ്‌ലാമിക തത്വങ്ങളിലും ആചാരങ്ങളിലും മാറ്റം പാടില്ലെന്ന് ശഠിച്ച മുസ്‌ലിംകള്‍ തന്നെ മതേതരത്വത്തിലും വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ ഏതെങ്കിലും പ്രത്യേക മതം രാഷ്‌ട്രത്തിന്റെ ഔദ്യോഗിക മതമാകരുതെന്നും അതേ രാഷ്‌ട്രം തന്നെ എല്ലാ മതങ്ങളുടെയും വളര്‍ച്ചയ്‌ക്ക് അവസരമൊരുക്കുകയും എല്ലാ മതങ്ങളോടും തുല്യ അകല്‍ച്ചയും തുല്യ അടുപ്പവും പുലര്‍ത്തുമെന്നുമുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മതേതരവിശ്വാസികളായത്.
ഇങ്ങനെ മുസ്‌ലിംകളെല്ലാം `ജനാധിപത്യ വിരോധി'കളും മതേതര വിശ്വാസികളുമായി കഴിഞ്ഞുകൂടവേയാണ് മൗലാനാ മൗദൂദി മുസ്‌ലിംകള്‍ ഭൗതികകാര്യങ്ങള്‍ ഭൂരിപക്ഷാഭിപ്രായം തീരുമാനിക്കുന്ന ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുക എന്ന ഗുരുതരമായ കുറ്റം ചെയ്യുന്നവരാണെന്ന ആരോപണമുയര്‍ത്തി രംഗത്തുവന്നത്. നമസ്‌കാരം, വ്രതാനുഷ്‌ഠാനം, സക്കാത്ത് തുടങ്ങിയ കാര്യങ്ങളില്‍ നിയമം നിര്‍മിച്ച ദൈവത്തിന് തന്നെയാണ് സാമൂഹ്യകാര്യങ്ങളിലും നിയമം നിര്‍മിക്കാന്‍ അധികാരമെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അതുകൊണ്ടുതന്നെ ജനങ്ങള്‍ തെരഞ്ഞെടുത്ത എം എല്‍ എമാരും എം പിമാരും ഭൂരിപക്ഷാഭിപ്രായപ്രകാരം നിയമമുണ്ടാക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തിന്മേലുള്ള കയ്യേറ്റമാണെന്നും ഇത് തീര്‍ത്തും അനിസ്‌ലാമികമാണെന്നും അദ്ദേഹം വാദിച്ചു. നിയമം നിര്‍മിക്കാനുള്ള സ്രഷ്‌ടാവിന്റെ അധികാരം സൃഷ്‌ടികള്‍ക്ക് കൂടി പകുത്ത് നല്‌കുന്നത് ഏകദൈവത്വത്തിന് (തൗഹീദ്) എതിരാണെന്ന് മാത്രമല്ല, അത് ഒന്നിലധികം ദൈവങ്ങളെ ആരാധിക്കുന്നതിനും അനുസരിക്കുന്നതിനും നിരുപാധികം കീഴൊതുങ്ങുന്നതിനും തുല്യമാണെന്നും മൗദൂദി പറഞ്ഞുകളഞ്ഞു.
ഈ വാദത്തെ എതിര്‍ത്ത മുസ്‌ലിംപണ്ഡിതര്‍ അന്നും ഇന്നും പറയുന്നതിതാണ്: സാമൂഹ്യകാര്യങ്ങള്‍ മതനിയമങ്ങള്‍ പോലെ സ്ഥായീസ്വഭാവമുള്ളതല്ല. അത് പ്രദേശവും സമയവും കാലവും ആവശ്യവുമനുസരിച്ച് മാറ്റത്തിന് വിധേയമാണ്. പഞ്ചവത്സര പദ്ധതികള്‍, ഇന്ത്യാ-പാക് യുദ്ധങ്ങള്‍, ബാങ്ക് ദേശസാല്‍ക്കരണം, ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മാണം, ആണവ പരീക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ രാജ്യത്ത് നടന്നതും നടപ്പാക്കുന്നതും അങ്ങനെയാണ്. എടുക്കുന്നതും നടപ്പാക്കുന്നതുമായ തീരുമാനങ്ങള്‍ സത്യസന്ധവും സുതാര്യവും ജനക്ഷേമകരവും നിശ്ചിത അതിര്‍ത്തിയിലുള്ള രാഷ്‌ട്രത്തിന്റെ താല്‌പര്യം സംരക്ഷിക്കുന്നവയും ആവണമെന്ന് തങ്ങളെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് മാത്രം.
എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി അവകാശപ്പെടുന്നത് തങ്ങള്‍ എക്‌സ്‌പ്രസ് ഹൈവേക്കെതിരെയും ദേശീയപാത 45 മീറ്ററാക്കുന്നതിന് എതിരെയും നിലപാടെടുക്കുന്നത് ഇസ്‌ലാമിക തത്വങ്ങള്‍ അഥവാ ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തിലാണെന്നാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അങ്ങനെയാണോ? പ്ലാച്ചിമടയില്‍ കോളക്കെതിരെ സമരം ചെയ്‌ത അതേ സമയത്ത് സ്വന്തം ഗള്‍ഫ് പത്രത്തില്‍ അതേ കമ്പനിയുടെ ഫുള്‍പേജ് പരസ്യം അവര്‍ പ്രസിദ്ധീകരിച്ചു. മണ്ണിട്ട് നികത്തലിനെതിരെ സമരം ചെയ്‌തപ്പോള്‍ തന്നെ ഹിറാ സെന്ററുള്‍പ്പെടെ നൂറു കണക്കിന് സ്ഥാപനങ്ങള്‍ മണ്ണിട്ട് നികത്തിയാണ് അവരുണ്ടാക്കിയത്. ആണവക്കരാറിന്റെ പേരില്‍ ഇ അഹ്‌മദിനെ തോല്‌പ്പിക്കണമെന്ന് പ്രചണ്ഡമായ പ്രചാരവേലകള്‍ നടത്തിയവര്‍ തന്നെ ആണവക്കരാര്‍ ചര്‍ച്ചക്കായി നിരവധി തവണ അമേരിക്കയില്‍ പോവുകയും ഒടുവില്‍ കരാറില്‍ ഒപ്പുവെക്കുകയും ചെയ്‌ത പ്രണബ് മുഖര്‍ജിക്കു വേണ്ടി വോട്ട് പിടിക്കാന്‍ ഓടിനടന്നു. ആണവക്കരാറിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനായിരുന്ന എം ഐ ഷാനവാസിന് വോട്ട് ചെയ്യാന്‍ `കഴിവും തന്റേടവുമുള്ള വര്‍ മുസ്‌ലിം പാര്‍ലമെന്റില്‍ എ ത്താന്‍വേണ്ടി' എന്ന ന്യായം പറഞ്ഞവര്‍ ആണവക്കരാര്‍ വിരോധിയും കഴിവും തന്റേടവുമുള്ള റ ഹ്‌മത്തുല്ലയെ തോല്‌പിക്കാന്‍ വീ ടുവീടാന്തരം കയറിയിറങ്ങുകയും ചെയ്‌തു.
ഇതില്‍ നിന്ന് വ്യക്തമാവുന്നത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലല്ല ജമാഅത്തെ ഇസ്‌ലാമി തീരുമാനമെടുക്കുന്നതെന്നും മറിച്ച് നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നുമാണ്. ഇന്നിപ്പോള്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്‌ഠപ്പെടുന്നവര്‍ ഒന്നടങ്കം ദേശീയപാതക്ക് 45 മീറ്റര്‍ വീതി വേണമെന്ന് ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഈ വാദം ശക്തിപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്‌താല്‍ കേരളത്തിന് വീതികൂടിയ ദേശീയ പാതയുണ്ടാവും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദൈവത്തിന്റെ മറവില്‍ പാതയെ എതിര്‍ത്തവര്‍ ടൊയോട്ട എ സി കാറുകളില്‍ അതിലൂടെ ചീറിപ്പായുകയും ചെയ്യും.
സാമൂഹ്യനിയമങ്ങള്‍ മാറ്റത്തിന് വിധേയമാണെന്നതിന് ഒന്നാന്തരം തെളിവാണ് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് ഇതിനകം വരുത്തിയ നൂറോളം ഭേദഗതികള്‍. ഭരണഘടന അംഗീകരിച്ച കാലത്തെ ആവശ്യങ്ങളും സാഹചര്യങ്ങളുമല്ല രാജ്യത്തുള്ളത്. എന്നാല്‍ ഇസ്‌ലാമിന്റെ ആധികാരിക `ഭരണഘടന'യായ ഖുര്‍ആനില്‍ ഒരു കാലത്തും ഒരു കാരണവശാലും ഒരു വള്ളിയോ പുള്ളിയോ മാറ്റാന്‍ മുസ്‌ലിംലോകം സമ്മതിക്കുന്ന പ്രശ്‌നമേയില്ല. ഖുര്‍ആനില്‍ മാത്രമല്ല, പ്രവാചക വചനങ്ങളിലും മാറ്റം സമ്മതിക്കുകയില്ല.
ആധുനിക ജനാധിപത്യത്തില്‍ നിയമനിര്‍മാണ സഭകളുണ്ടാക്കുന്ന നിയമങ്ങള്‍ക്ക് ദൈവ വെളിപാടുകളുടെ പവിത്രതയോ അപ്രമാദിത്തമോ സ്ഥിരസ്വഭാവമോ ഇല്ലെന്ന് മനസ്സിലാക്കാന്‍ മൗദൂദിക്ക് കഴിഞ്ഞില്ല. മൗദൂദിക്ക് ശേഷം 1948 ഏപ്രിലില്‍ അലഹബാദില്‍ രൂപീകരിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ദശകങ്ങളോളം മൗദൂദിയന്‍ പല്ലവികള്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഊരാക്കുരുക്കിന് ജമാഅത്തെ ഇസ്‌ലാമി എന്ന പര്യായപദമുണ്ടായതെങ്ങനെയെന്ന് നോക്കുക. മൗദൂദിയും 1948ന്‌ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ജ നാധിപത്യവും മതേതരത്വവും ഇസ്‌ലാമിന്റെ പടിക്ക് പുറത്താണെന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അര്‍ഥം വെച്ചുകൊണ്ടാണ്. നബിവചനങ്ങള്‍ അകമ്പടിയായിക്കൊണ്ടാണ്. അപ്പോള്‍ ഖുര്‍ആനും ഹദീസും ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയണമെങ്കില്‍ പുതിയ ഖുര്‍ആന്‍ സൂക്തം അവതരിക്കണം. അത് നടപ്പുള്ള കാര്യമല്ല. പ്രവാചകനും ഇനി വരാനില്ല. മാത്രമല്ല, മഹാ തത്വങ്ങളായി നേരത്തെ എഴുന്നള്ളിച്ച കാര്യങ്ങള്‍ ആധുനിക കാലത്ത് നാല് മാന്യന്മാര്‍ക്ക് മുമ്പില്‍ പറയാന്‍ കൊള്ളുന്നവയുമല്ല. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയാണെങ്കില്‍ 15 ശതമാനത്തിലെത്തി നില്‌ക്കുകയും അതിശീഘ്രം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. വായില്‍ക്കൊള്ളാത്ത തത്വങ്ങള്‍ പറഞ്ഞുനിന്നാല്‍ ഇഹലോകം ശൂന്യമായിത്തീരും. മുഖ്യധാരയില്‍ വന്നാല്‍ ഗ്രാമപഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെ ആവാനുള്ള സാധ്യത എമ്പാടുമുണ്ട്. അതിനെന്തുണ്ട് വഴി? ശൂറാ അംഗങ്ങള്‍ വട്ടംകൂടിയിരുന്നാലോചിച്ചു. അങ്ങനെയാണ് സ്വന്തം ആചാര്യനെ തന്നെ ബലികൊടുക്കാന്‍ തീരുമാനമായത്. കുറേക്കാലമായി ചില സൂചനകള്‍ നല്‌കുക മാത്രമേ ചെയ്‌തിരുന്നുള്ളൂ. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ടി ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നും അതങ്ങ് തുറന്നു പറഞ്ഞു. മൗലാനാ മൗദൂദി തങ്ങള്‍ക്കാരുമല്ല എന്നു തന്നെയായിരുന്നു അവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.
രണ്ട് പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് പിടിച്ചുനില്‌ക്കാന്‍ ശ്രമിച്ചുനോക്കുന്നത്. മൗദൂദിയും ജമാഅത്തും എതിര്‍ത്തത് മതത്തെ പാടേ നിരാകരിക്കുന്ന പാശ്ചാത്യ മതേതരത്വമാണെന്നും ആധുനിക രാഷ്‌ട്രതന്ത്രതത്വങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയാണെന്ന് ജമാഅത്തിന് നേരത്തെ അഭിപ്രായമുണ്ടായിരുന്നുവെന്നുമാണ് നട്ടാല്‍ മുളയ് ക്കാത്ത കളവ്.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതും എല്ലാ മതങ്ങളുടെയും പ്രചാരണത്തിന് അവസരമൊരുക്കുന്നതുമായ മതേതരത്വം സ്വാതന്ത്ര്യാനന്തരം തന്നെ ഇന്ത്യ അംഗീകരിച്ചിരുന്നു. അറബ് നാടുകളിലെ മുസ്‌ലിംകള്‍ക്കുള്ളതിനേക്കാള്‍ മതസ്വാതന്ത്ര്യം അന്നുതൊട്ടേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ നാനാഭാ ഷകളില്‍ പ്രചരിപ്പിക്കാന്‍ ലഭിച്ച സ്വാതന്ത്ര്യം. ഇതൊക്കെയായിട്ടും 1950 കളിലോ 60കളിലോ 70കളി ലോ ഇന്ത്യന്‍ മതേതരത്വവും ജ നാധിപത്യവും പൂര്‍ണമായി ഉള്‍ ക്കൊള്ളാന്‍ ജമാഅത്തിനായില്ല. അടിയന്തിരാവസ്ഥയില്‍ ഉപയോഗിച്ച വോട്ടവകാശത്തെ പോലും അവര്‍ ന്യായീകരിച്ചത് `നിര്‍ബന്ധിതാവസ്ഥയില്‍' എന്ന് പറഞ്ഞാണ്.
മറ്റൊരു കാര്യംകൂടി അടിവരയിടേണ്ടതുണ്ട്. 1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോഴൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യം ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നില്ല.
അടിയന്തിരാവസ്ഥക്ക് അവസരമൊരുക്കിക്കൊണ്ട് ഇന്ദിരാഗാന്ധി 1976 നവംബര്‍ രണ്ടിന് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഇന്ത്യ ഒരു `സോഷ്യലിസ്റ്റ്, സെക്യുലര്‍ റിപ്പബ്ലിക്' ആവുന്നത്. ഔദ്യോഗികമായി മതേതര രാഷ്‌ട്രമായിത്തീര്‍ന്ന ശേഷമാണ് ജമാഅത്തിന് മതേതരത്വത്തോട് മുഹബ്ബത്ത് തോന്നിത്തുടങ്ങിയതെന്നാണ് ഇതിലെ തമാശ. പാശ്ചാത്യ മതേതര സങ്കല്‌പം മതത്തെ പാടെ നിരാകരിക്കുന്നതാണ് എന്ന വാദവും നിലനില്‌ക്കുന്നതല്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും മറ്റും ഭരണഘടന ക്രിസ്‌തുമതത്തിന് പ്രത്യേക പരിഗണന നല്‌കുന്നതാണ്. മതത്തിന്റെ അസ്‌തിത്വം തന്നെ നിരാകരിക്കുന്ന മതേതരത്വം അംഗീകരിച്ചത് സോവിയറ്റ് യൂണിയനിലേയും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായിരുന്നു. ഇന്നും പാശ്ചാത്യ രാജ്യങ്ങളില്‍ ചൈനയിലേതിനേക്കാള്‍ ഇസ്‌ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റവുമധികമാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതും പാശ്ചാത്യ നാടുകളിലാണ്. മതപ്രചാരണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ഇതിന് കാരണം. സപ്‌റ്റംബര്‍ 11 ന് ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെടുന്നതു വരെ ജമ്മു കാശ്‌മീരിലേതുള്‍പ്പെടെ ലോകത്തെ വിവിധ രാഷ്‌ട്രീയ ഗ്രൂപ്പുകളുടെ വിഹാരരംഗമായിരുന്നു ലണ്ടന്‍. ഇപ്പോഴും വിവിധ മുസ്‌ലിം ഗ്രൂപ്പുകള്‍ അവിടെ താവളമാക്കിയിട്ടുണ്ട്. ആയത്തുല്ലാ ഖുമൈനി ഇറാന്‍ വിപ്ലവം നയിച്ചതു പോലും ഫ്രാന്‍സില്‍ പ്രവാസജീവിതം നയിച്ചായിരുന്നു. ഇന്നിപ്പോള്‍ മുസ്‌ലിംനാടുകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ചിട്ടയോടെ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഇന്ത്യയിലും അതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
മൗദൂദിയുടെ മുഖം മറച്ചുവെച്ചാലും ജമാഅത്ത് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളിലും ദഅ്‌വത്ത് മുതല്‍ പ്രബോധനം വരെയുള്ള പ്രസിദ്ധീകരണങ്ങളിലും ജനാധിപത്യവും മതേതരത്വവും ശിര്‍ക്കിന്റെ രാഷ്‌ട്രീയ രൂപങ്ങളാണെന്ന് എഴുതിയത് രേഖപ്പെട്ടുകിടക്കുന്നുണ്ട്. ശിര്‍ക്കായ ഒരു കാര്യം തൗഹീദാക്കാന്‍ നിങ്ങള്‍ക്ക് ആരു തന്നു അധികാരം? ദൈവത്തിന് മാത്രം അവകാശപ്പെട്ട ആ അധികാരം നിങ്ങള്‍ ഒപ്പിച്ചെടുത്തതു പോലും ആധുനിക ജനാധിപത്യ തത്വങ്ങള്‍ അനുസരിച്ച് ശൂറയിലെ ഭൂരിപക്ഷാഭിപ്രായ പ്രകാരമല്ലേ? ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണമെന്ന തട്ടിപ്പും ഇങ്ങനെത്തന്നെയല്ലേ നടക്കുന്നത്? ആയുധം വാങ്ങാനും പാലമുണ്ടാക്കാനും പട്ടാള നടപടിക്കും മൗലാനമാര്‍ വട്ടംകൂടിയിരിക്കുക. എന്നിട്ടവര്‍ ഭൂരിപക്ഷപ്രകാരം എടുക്കുന്ന തീരുമാനം ദൈവത്തിന്റെ പേരില്‍ കെട്ടിവെക്കുക. അതിന്റെ പേര് ദൈവികഭരണമെന്നും!
ഏറ്റവും രസകരമായ കാര്യം ഭരണം കിട്ടുന്നതിന് മുമ്പുതന്നെ അനിസ്‌ലാമികമായ ആധുനിക ജനാധിപത്യത്തിന്റെ വിപുലമായ സാധ്യതകള്‍, ഒരു നിലക്കും മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത ഇസ്‌ലാമിക വിധിവിലക്കുകളില്‍ ജമാഅത്ത് പരീക്ഷിച്ചുനോക്കുന്നുണ്ടെന്നതാണ്. രാഷ്‌ട്രീയത്തില്‍ വോട്ടിന്റെ എണ്ണം പരമപ്രധാനമാണെന്നതിനാലും മുസ്‌ലിംകളില്‍ ഏറ്റവുമധികമുള്ളത് സുന്നികളായതുകൊണ്ടുമാണ് ഇസ്‌ലാമില്‍ വെള്ളം ചേര്‍ക്കാന്‍ അവരെ പ്രേ രിപ്പിക്കുന്നത്. അതുകൊണ്ടുത ന്നെ നേരത്തെ സുബ്‌ഹിക്ക് ഖു നൂത്ത് ഓതാതിരുന്നവര്‍ ഇപ്പോഴത് ഓതിത്തുടങ്ങിയിരിക്കുന്നു. ത റാവീഹ് 8 റക്‌അത്ത് നമസ്‌കരി ച്ചവര്‍ ഇരുപത് ആക്കിക്കൊണ്ടിരിക്കുന്നു. നമസ്‌കാരാനന്തര പ്രാര്‍ഥനയും ഉച്ചത്തില്‍ ബിസ്‌മി ചൊല്ലലും എന്നോ തുടങ്ങിക്കഴിഞ്ഞു. യാതൊരു നിവൃത്തിയുമില്ലാത്തതിനാലാണ് സ്‌ത്രീകളെ പള്ളികളില്‍ നിന്ന് വിലക്കാത്തത്. മൗലീദ്, കുത്ത്‌റാത്തീബ് എന്നിവയൊക്കെ ഏറെ താമസിയാതെ പ്രതീക്ഷിക്കാം. സിയാറത്ത് ടൂറും ആണ്ടുനേര്‍ച്ചയും തുണിയിട്ട് മൂടലും വിളക്ക് കത്തിക്കലും അത്ര അനിസ്‌ലാമികമല്ലെന്ന് സൂചിപ്പിച്ച് തുടങ്ങിയിരിക്കുന്നു.
74 ശതമാനമുള്ള അമുസ്‌ലിംകളുടെ വോട്ടും തെരഞ്ഞെടുപ്പില്‍ പരമപ്രധാനമാണ്. മദ്യപാനം സ്വന്തം സ്ഥാപന ജീവനക്കാര്‍ക്ക് ഇന്ന് അയോഗ്യതയല്ല. ഇബാദത്തിന്റെ അര്‍ഥവ്യാപ്‌തി ഓരോ ദിവസവും കുറച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് മദ്യത്തോടു പോലുമുള്ള ഈ കണ്ണടയ്‌ക്കല്‍. നേരത്തെ വിശ്വാസവാക്യത്തിന്റെ രാഷ്‌ട്രീയ വ്യാഖ്യാനം കൂടി ഉള്‍ക്കൊണ്ടവര്‍ക്കേ സ്വര്‍ഗപ്രവേശന സാധ്യതയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വിശ്വസിക്കാത്തവര്‍ക്കും ഇസ്‌ലാമാവാം എന്ന നില വന്നിരിക്കുന്നു. കമ്മ്യൂണിസം ഒരു യൂറോപ്യന്‍ ജൂതന്റെ മനസ്സിലുദിച്ച വിഷച്ചെടിയാണെന്നാണ് മൗദൂദി പറഞ്ഞത്. എന്നാലിപ്പോള്‍ ഇഖ്‌വാനിയായ യൂസുഫുല്‍ ഖര്‍ദാവിയുടെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ഫത്‌വകള്‍ പുന:പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സംഘടന തീരുമാനമെടുത്തിരിക്കുന്നു. മുതലാളിത്തത്തെ മാത്രം എതിര്‍ക്കുകയും തെരഞ്ഞെടുപ്പ് സഖ്യ സാധ്യത മുന്നില്‍ കണ്ട് മാര്‍ക്‌സിസം വഴി സമൂഹത്തിലെത്തുന്ന സാംസ്‌കാരിക സാമ്രാജ്യാധിനിവേശത്തിനെ അവഗണിക്കുകയും ചെയ്യുന്നു. മൂല്യങ്ങള്‍ ആപേക്ഷികമാണെന്ന ഭൗതികവാദികളുടെ നിലപാടിനോട് ജമാഅത്തിനിന്ന് ഏറെ പഥ്യമാണെന്ന് മാത്രമല്ല വ്യക്തികളുടെ മൂല്യം നിര്‍ണയിക്കുന്നതിന് ഇസ്‌ലാമിക മുന്‍ഗണനാക്രമം വലിച്ചെറിയുകയും ചെയ്‌തിരിക്കുന്നു. അതെ, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത എല്ലാ ഇസ്‌ലാമിക മൂല്യങ്ങളും ജമാഅത്ത് ശൂറാ അംഗങ്ങള്‍ യോഗം ചേര്‍ന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം ഹറാമും ഹലാലുമാക്കുന്നു!
ഖുര്‍ആനിന്റെയോ ഹദീസിന്റെയോ പിന്‍ബലമില്ലായിരുന്നുവെങ്കിലും സൃഷ്‌ടികള്‍ക്കു വേണ്ടി നിയമം നിര്‍മിക്കാന്‍ സ്രഷ്‌ടാവിന് മാത്രമേ അധികാരമുള്ളൂവെന്നും ഇസ്‌ലാമിനെ മതപരം, സാമൂഹ്യപരം, രാഷ്‌ട്രീയപരം എന്നൊക്കെ വേര്‍തിരിക്കാനാവില്ലെന്നുമുള്ള മൗദൂദിയന്‍ ഫിലോസഫിക്ക് ഒരു ആശയ വ്യതിരിക്തതയും തത്വശാസ്‌ത്ര ആകര്‍ഷണീയതയുമുണ്ടായിരുന്നു. ആ ആശയത്തൂണുകളില്‍ കെട്ടി ഉയര്‍ത്തപ്പെട്ട ജമാഅത്തെ ഇസ്‌ലാമിക്ക് അഹ്‌ലെ ഹദീസ്, തബ്‌ലീഗ് ജമാഅത്ത്, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, മുസ്‌ലിംലീഗ് തുടങ്ങിയ മത-രാഷ്‌ട്രീയ സംഘടനകളുമായി തീര്‍ത്തും വേറിട്ടു നില്‌ക്കുന്ന ഒരു അസ്‌തിത്വമുണ്ടായിരുന്നു. എന്നാല്‍ കാര്യസാധ്യത്തിനായി ആ തൂണുകളോരോന്നും തകര്‍ക്കുമ്പോള്‍ എത്ര ദയനീയമായാണ് ആ സംഘടന നിലംപതിക്കുന്നതെന്ന് കാണാന്‍ കൗതുകമുണ്ട്.
അവര്‍ ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നുവെന്നതിനര്‍ഥം വിശ്വാസവാക്യത്തിന് അവര്‍ നല്‌കിയ അര്‍ഥവ്യാഖ്യാനം, ഇബാദത്തിന് നല്‌കിയ അര്‍ഥവ്യാപ്‌തി, താഗൂത്ത് ഭരണവ്യവസ്ഥയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍, ദൈവത്തിന്റെ പരമാധികാരം, രാഷ്‌ട്രീയ ശിര്‍ക്ക്, ദീനും ദുനിയാവും തമ്മിലുള്ള അവിച്ഛിന്നത തുടങ്ങി ജമാഅത്തിനെ ഇതര മുസ്‌ലിം സംഘടനകളില്‍ നിന്ന് വേറിട്ടുനിര്‍ത്തിയ ഘടകങ്ങളെല്ലാം കത്തിച്ചാമ്പലാവുന്നുവെന്നാണ്. ഫലത്തില്‍ ജമാഅത്തെ ഇസ്‌ലാമി തന്നെ ഇല്ലാതാവുകയാണ്. അല്ലെങ്കിലും ആശയാദര്‍ശങ്ങള്‍ പറഞ്ഞ് ആളെക്കൂട്ടുന്ന പരിപാടി വര്‍ഷങ്ങളായി അവര്‍ നിര്‍ത്തിയിട്ടുണ്ട്. ദിനപത്രത്തിന്റെ സര്‍ക്കുലേഷന്‍, പത്രം തുടങ്ങിയശേഷം പൊതുസമൂഹവുമായി സംഘടനക്കുണ്ടാക്കാനായ അടുപ്പവും സ്വാധീനവും, സോളിഡാരിറ്റി നടത്തുന്ന സമരങ്ങള്‍ക്ക് കിട്ടുന്ന പബ്ലിസിറ്റിയും ബഹുജന പിന്തുണയും, ജമാഅത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കവും റിസല്‍ട്ടും, വിഷന്‍ 2020ന്റെ സ്വീകാര്യത തുടങ്ങിയ കാര്യങ്ങളാണ് ജമാഅത്തിന്റെ ഇന്നത്തെ ആകര്‍ഷണ ഘടകം.
സുന്നികളോടും മുജാഹിദുകളോടും അവരുടെ പരിഹാസച്ചുവയുള്ള ചോദ്യം നിങ്ങള്‍ക്കെങ്ങനെ ഒരേ സമയം കോണ്‍ഗ്രസിലും സുന്നി-മുജാഹിദ് സംഘടനകളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതായിരുന്നു. മതേതരത്വം അംഗീകരിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ പ്രസക്തിയെന്ത്? ഒരാള്‍ക്ക് മതവ്യക്തിത്വവും സാമൂഹ്യവ്യക്തിത്വവും ആവാമെന്നല്ലേ ഈ നിറംമാറ്റത്തിലൂടെ നിങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്? സി പി എം- കോണ്‍ഗ്രസ്-ലീഗ്, സര്‍വീസ്-ട്രേഡ് യൂണിയന്‍ സംഘടനകളില്‍ ജമാഅത്തുകാരന്‍ അംഗത്വമെടുക്കുന്നതുപോലെ ഇനി കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും ജമാഅത്തിലും അംഗത്വം നല്‌കുമോ? അല്ലെങ്കിലുമെന്തിന് ഇത്തരം അപ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കണം? കോണ്‍ഗ്രസും ലീഗും ജമാഅത്തും ഒരേ ആശയങ്ങള്‍ പിന്തുടരുന്ന സ്ഥിതിക്ക് വേറിട്ട സംഘടനകളായി നിലകൊള്ളുന്നതെന്തിന്? ആദര്‍ശ സമാനതകളുള്ളവര്‍ ലയിച്ചൊന്നായിത്തീരുന്ന കാലമല്ലേ ഇത്?
ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസും മുസ്‌ലിംലീഗും അംഗീകരിച്ചനുധാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളിലേക്ക് തിരിച്ചുവരുന്നതുകൊണ്ട് ഈ രണ്ട് കക്ഷികളിലേതെങ്കിലുമൊന്നില്‍ ലയിക്കുന്നതാണ് ജമാഅത്തിന് അഭികാമ്യമായിട്ടുള്ളത്. എന്നാല്‍ കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മാത്രം സജീവമായ മുസ്‌ലിംലീഗില്‍ ജമ്മുകശ്‌മീരൊഴികെ രാജ്യത്താകമാനം വേരുകളുള്ള ജമാഅത്ത് ലയിച്ചുചേരുന്നത് അനുചിതവും അപ്രായോഗികവുമാണ്. അപ്പോള്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് ലയിച്ചൊന്നാവാന്‍ അനുയോജ്യമായ കക്ഷി. ഇതൊരു പരിഹാസമോ ലാഘവബുദ്ധ്യാ ഉള്ള വിമര്‍ശനമോ അല്ല. ജനാധിപത്യവും മതേതരത്വവും അംഗീകരിച്ച കക്ഷികളോട് സഹകരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അത്രയധികം പഴി ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ജമാഅത്തിന്റെ ആരോപണങ്ങളുടെ ശക്തികൊണ്ട് തൗഹീദിനെക്കുറിച്ചുള്ള സംശയങ്ങളോടെ ആ യിരിക്കണക്കിന് സാധുക്കളായ മു സ്‌ലിംകള്‍ മരിച്ചു മണ്ണടിഞ്ഞുപോയിട്ടുണ്ട്. അബദ്ധജഡിലമായ വിശ്വാസവുമായി നൂറുകണക്കിന് ജമാഅത്തുകാരും ഇഹലോകവാസം വെടിഞ്ഞു. അവരോടുള്ള പ്രായശ്ചിത്തം കൂടിയായിരിക്കും ഇത്തരമൊരു ലയനം. കോണ്‍ഗ്രസാണെങ്കില്‍ ഒരു തുറന്ന മൈതാനമാണ്. പ്രത്യയശാസ്‌ത്ര നാട്യങ്ങളില്ല, മറ്റാര്‍ക്കും മനസ്സിലാവാത്തത് തങ്ങള്‍ക്ക് അറിയാമെന്ന ഗര്‍വില്ല, പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശയങ്ങളെക്കുറിച്ച വ്യക്തതയും അതേക്കുറിച്ച് അഭിമാനബോധവുമുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹോന്നത പാരമ്പര്യവുമുണ്ട്.
പക്ഷേ, ഈ ലയനം നടക്കുമോ? തീര്‍ച്ചയായും നടക്കാനിടയില്ല. കലര്‍പ്പില്ലാത്ത കാപട്യം, തികഞ്ഞ അവസരവാദം, പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും തമ്മിലെ അജഗജാന്തരം ഇവ മൂന്നും ജമാഅത്തിന്റെ ജനിതകഘടനയുടെ ഭാഗമായിക്കഴിഞ്ഞു. ശുദ്ധജലത്തില്‍ മണ്ണെണ്ണ പൊങ്ങിനില്‌ക്കും പോലെ, മോരും മുതിരയും പോലെ ലയിച്ചാലും അവ വേറിട്ട് നില്‌ക്കുക തന്നെ ചെയ്യും. ഏച്ചുകെട്ടിയാലോ മുഴച്ചിരിക്കുകയും ചെയ്യും.
വാല്‍ക്കഷ്‌ണം: കിനാലൂരിലെ ഭൂമാഫിയകളുടെ രാജാവായി വിശേഷിപ്പിക്കപ്പെട്ട എളമരം കരീമിന്റെ ഭാഗ്യം നോക്കണേ. അടുത്ത തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് അദ്ദേഹത്തിന് ഉറപ്പാണെന്ന് മാത്രമല്ല, റുകുന്‍-കാര്‍കൂന്‍-മുതഫിഖാദികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വോട്ട് പിടിക്കാനിറങ്ങുകയും ചെയ്യും. എന്നാല്‍ കരീമിന്റെ പ്യൂണിന് കഷ്‌ടകാലം വരാനിരിക്കുന്നു. തെരഞ്ഞെടുപ്പിലെങ്കിലും മത്സരിച്ചാല്‍ ഇവരവരെ തോറ്റു തുന്നം പാടിക്കും. (പക്ഷേ മലപ്പുറത്ത് നടന്നില്ല കെട്ടോ)
കടപ്പാട് :- ഖാദര്‍.പി ||| ശബാബ് വാരിക |||
9 പ്രതികരണങ്ങള്‍:
ലാത്ത പോയി മനാത്ത വന്നു ( ഒരു ആരാധിക്കപ്പെടുന്ന വസ്തു പോയി മറ്റൊരു ആരാധിക്കപ്പെടുന്ന വസ്തു വന്നു) എന്ന് പറഞ്ഞു ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അവഹെളിച്ചവര്‍ , ഇന്ത്യന്‍ ജനാധിപത്യത്തെ അന്ഗീകരിക്കുക വഴി തങ്ങളല്ലാത്തവര്‍ 'രാഷ്ട്രീയ ശിര്‍ക്കി'ല്‍ അകപ്പെട്ടു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചുവത്രേ .
മുന്‍പ് തങ്ങള്‍ വോട്ട് ചെയ്തത് മനസ്സില്ലാ മനസ്സോടെയാണെന്നു തുറന്നു പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അത്ര മടിയൊന്നുമില്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍. എന്നിട്ടും പുളുവടിക്ക് കുറവില്ല . തങ്ങളുടെ ലക്‌ഷ്യം ഇപ്പോഴും ഇസ്ലാമിക രാഷ്ട്രമാണത്രേ . ജനാധിപത്യമോ ,ഇസ്ലാമിക വിരുദ്ധവും തങ്ങളുടെ അജണ്ടയിലേ ഇല്ലാത്ത കാര്യവും..!!!
ഈ വൈരുദ്ധ്യങ്ങള്‍ക്ക് തെളിവ് പറയുന്നത് ..വിശുദ്ധ ഖുറാന്‍ ഉം തിരു നബി (സ )യുടെ ചര്യയും!!!
ശരിയാണ്.ഗാന്ധിജിയുടെയും ആസാദിന്റെയും കോൺഗ്രസിൽ ചേരുന്നത് അന്ന് ശിർക്കായിരുന്നു.എന്തിന് അല്ലാമാ ഇക്ബാൽ നേതവായിരുന്ന ലീഗിൽ ചേരുന്നതും ശിർക്കായിരുന്നു.അവ രണ്ടും പാശ്ചാത്യ മതേതരസംഘടനയായിരുന്നോ?ഇന്ത്യൻ മതേതരത്വം അമേരിക്കൻ ബ്രിട്ടീഷ് മതേതതരത്വങ്ങളേക്കാൾ മതത്തിൽനിന്ന് അകലം പാലിക്കുന്നതാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്?
ഇന്ത്യൻ മതേതതരത്വം ശിർക്കല്ലെങ്കിൽ അതിലധിഷ്ഠിതമായ കോൺഗ്രസ്സും ലീഗുമൊക്കെ ശിക്കാകുമോ? ഇന്ത്യൻ മതേതരത്വം അംഗീകരിക്കുന്ന ജമാ-അത്ത്കാരനും കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന ഇസ്ലാംവിശ്വാസിയും തമ്മിൽ എന്ത് വ്യത്യാസം?
>>സാമൂഹ്യകാര്യങ്ങള്‍ മതനിയമങ്ങള്‍ പോലെ സ്ഥായീസ്വഭാവമുള്ളതല്ല. അത് പ്രദേശവും സമയവും കാലവും ആവശ്യവുമനുസരിച്ച് മാറ്റത്തിന് വിധേയമാണ്
മുകളിലെ കോട്ട് ചെയ്ത ഭാഗത്തെക്കുറിച്ച് ഒരൊറ്റ ചോദ്യം മാത്രം.
വ്യഭിചാരം, പലിശ, മദ്യപാനം, പൂഴ്ത്തിവെപ്പ്, ഭ്രൂണഹത്യ, കൊലപാതകം, മോഷണം, കരാര്‍പാലനം, വിവാഹം തുടങ്ങിയ സാമൂഹ്യ കാര്യങ്ങള്‍/പ്രശ്നങ്ങള്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച്, അതതു പ്രദേശവും കാലവും ആവശ്യവുമനുസരിച്ചു മാറ്റത്തിന് വിധേയമാണോ? വേറൊരു വിധത്തില്‍ ചോദിച്ചാല്‍ ഇത്തരം സാമൂഹ്യ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ പരമാധികാരം ദൈവത്തിനാണോ അതോ ഭൂരിപക്ഷ അഭിപ്രായത്തിനാണോ? ഏതാണ് ഇസ്ലാമിക വീക്ഷണം എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
മുജാഹിദ് വിഭാകം രണ്ടായി ത്തീര്‍ന്ന അന്ന് ആ സംഘടന വിട്ട ആളാണ് ഞാന്‍.
വിമര്ശിക്കുന്നരുടെ ഉദ്ദേശശുദ്ധി കണക്കിലെടുക്കുമ്പോള്‍, ഇതു ഒരു സംഘടനാ തിമിരം ബാതിച്ച ഒരു സുഹൃത്തിന്റെ ആത്മരോഷം എന്നേ പറയേണ്ടു. പള്ളി പിടിച്ചടക്കലും, വായനശാലകള്‍ പൂട്ടിക്കലും മാത്രമല്ല , ഇവര്‍ക്ക് രാഷ്ട്രീയത്തിലും കാഴ്ചപ്പാടുണ്ട് എന്നറിയുന്നതില്‍ സന്തോഷമേ ഉള്ളൂ. കാലത്തിനു അനുസരിച്ച് നയം മാറ്റാത്ത സംഘടനകള്‍ക്ക് ചവറ്റു കോട്ടയിലെ സ്ഥാനമുള്ളൂ. ജമാ'അതിനെ സന്പതിഞ്ചു അഭിമാനിക്കാന്‍ വകയുണ്ട്, മുജാഹിദ് ലെ ഒരുവിഭാഗം പിന്നാലെ യുണ്ട് .
മതം ദേവാലയത്തിന്റെ നാലു ചുമരുകള്‍ക്കു പുറത്തു വന്നാല്‍ അത് തങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിനും ഭരണത്തിനും വിലങ്ങു തടിയാവും എന്നുള്ള ദീര്‍ഗ്ഗ വീക്ഷണമാണ് പാശ്ചാത്യരെ കൊണ്ട് സീസര്‍ക്കുള്ളത് സീസര്‍ക്കും , ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ആശയം മുന്നോട്ടുവക്കാന്‍ പ്രേരിപ്പിച്ചത്. സൗദി പണ്ഡിതന്മാര്‍ ഞങ്ങളെ അംഗീകരിക്കുന്നു എന്നും, ഞങ്ങള്‍ സൗദി പണ്ഡിതന്‍ മാരെ അംഗീകരിക്കുന്നു എന്നും ജബിക്കുന്ന ഇവര്‍ , അവരുടെ ഈ വിഷയങ്ങളില്‍ ഉള്ള ഫത് വകള്‍ ഇതുവരെ മറിച്ചു നോക്കാത്തത് അറബി ഭാഷയിലുള്ള പരിജ്ഞാനത്തിന്റെ കുറവ് കൊണ്ടായിരിക്കും ?????
ഏതെന്കിലും മത സംഘടന രണ്ടോ മൂന്നോ ആയി പിളരുംപോഴേക്കും മാരുന്നതാണോ ആദര്‍ശം ? ചിലപ്പോള്‍ അത് അറബി ഭാഷയിലുള്ള പരിജ്ഞാനത്തിന്റെ കുറവ് കൊണ്ടായിരിക്കും ?????
അല്ലാഹു നല്‍കിയ ബുദ്ധിയും ചിന്താ ശേഷിയും ഉപയോഗിക്കാതെ മറ്റുള്ളവരുടെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും റാന്‍ മൂളിയതിന്റെ അനിവാര്യതയാണ് മുജാഹിദ് വിഭാഗം രണ്ടായിത്തീര്‍ന്ന അന്ന് ആ സംഘടന വിടേണ്ടി വന്നത് .
സംഘടന പിളരുമ്പോഴേക്കും ആദര്‍ശവും ഈമാനുമൊക്കെ തെറിച്ച്പോവുന്നു എന്നല്ലേ രണ്ട്തരം സല്‍ഫികളും നാട്ട്കാരുടെ
മുന്നില്‍ തുണിയൂരിക്കാണിക്കുന്നത്???
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ വിത്യാസം ഉണ്ടെങ്കിലത്
ഗുണകാംക്ഷാ പൂര്‍വ്വം കണ്ടൂടേ ???
മറ്റുള്ളോരുടെ മുന്നില്‍ വേണോ നാറ്റിക്കത്സ്??
>>>രണ്ട്തരം സല്‍ഫികളും നാട്ട്കാരുടെ
മുന്നില്‍ തുണിയൂരിക്കാണിക്കുന്നത്???<<<<
തീര്‍ന്നോ താന്കള്ടെ കലിപ്പ് ? ഇനി ശാന്തമായി ഇത് കൂടി വായിച്ചോളൂ ....
ആദ്യം സ്വയം നന്നാവൂ മുജാഹിടുകാരെ---എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാന്‍-----പരലോകം എന്നാ ഒന്നുണ്ടല്ലോ ...അവിടെ കാണാം നിങ്ങളുടെ തനിനിറം????/ഇന്ഷാ അല്ലാഹ്
മുജാഹിദുകള്‍ എത്ര വിധം?! അമേരിക്കന്‍ മുജാഹിദുകള്‍, ജിന്ന് മുജാഹിദുകള്‍, ജമാഅത്ത് മുജാഹിദുകള്‍, ലീഗ് മുജാഹിദുകള്‍ ഹ ഹ. ഇവരാണത്രെ മറ്റുള്ളവരെ പടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്! ഒരു ചെറിയ പടന ക്ളാസ് ഇവിടെ കാണാം. മലര്‍ന്നു കിടന്ന് തുപ്പുക. അങ്ങിനെ എല്ലാവരും അറിയട്ടെ നമ്മുടെ സ്വഭാവം!
Post a Comment