Friday, March 19, 2010

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക?



കെ. പി രാമനുണ്ണി

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? മുസ്ലീംകളെ ഉദ്ദേശിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.  രണ്ടായിരത്തില്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെഞ്ചമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്റെ അതിഥിയായി കോഴിക്കോട്ട് വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നാല്പത് ശതമാനത്തോളം മുസ്ലിംകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അത്ഭുതത്തോടെ എന്നെ നോക്കി തിരക്കി. "How do you manage with these people?"
അത്യവശ്യം  മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടി കിട്ടാതെ അമ്പരന്നുപോയി. അഫ്ഗാനിസ്താനിലെ പുസ്തു വംശജയും മുസ്ലിമുമായ ആമിനയും ഭര്‍ത്താവിന്റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണ് ചെയ്തത്.

മതതീവ്രമായ താലിബാനിസം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനാല്‍ ആധുനികരായ മുസ്ലിംകള്‍ക്ക് പോലും അവിടെ കഴിഞ്ഞുകൂടാന്‍ പ്രയാസമാകുന്നതും തനിക്ക് ബീടരുടെ നാട് സന്ദര്‍ശിക്കാന്‍ വിഷമമാകുന്നതുമെല്ലാമായിരുന്നു  ബെഞ്ചമിന്‍ സഫാനിയയുടെ ഇസ്ലാം അലര്‍ജിക്ക് കാരണം.  ഇത്തരം പ്രവണതകള്‍ ലോകത്തിലെ പല മുസ്ലിം സമൂഹങ്ങളിലും പടര്‍ന്നു പിടിക്കുന്നുണ്ടത്രെ.  നൂറ്റാണ്ടുകളായി കേരളത്തിലെ ഇതര സമുദായങ്ങള്‍ ആഘോഷിക്കുന്ന മുസ്ലിം സഹശയനത്തെക്കുറിച്ച് കാപ്പിരിക്കവിയോട് ഞാന്‍ വാചാലനായെങ്കിലും എന്റെ വര്‍ത്തമാനം അദ്ദേഹത്തിന് ബോധിച്ചതായി തോന്നിയില്ല.
ഹൂയ്...
കാപ്പിരി വെള്ളക്കാരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വിലക്ഷണതയോടെ ബെഞ്ചമിന്‍ തോള് കുലുക്കി.  പിന്നീട് പുവ്വാട്ടുപറമ്പ് അങ്ങാടിയില്‍ അദ്ദേഹം കവിത അവതരിപ്പിക്കുന്നതിനിടയില്‍  ബാങ്ക് വിളി മുഴങ്ങി. ആലാപനം നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ഥിച്ചപ്പോഴും കവി ക്ഷോഭിച്ചു.  കവിത ചൊല്ലലും ഈശ്വരാരധനയാണെന്നായിരുന്നു ന്യായമെങ്കിലും അതിലും ഇസ്ലാം അലര്‍ജി വ്യക്തമായി തെളിഞു. 

2001 സെപ്റ്റ്മ്ബര്‍ 11 ട്വിന്‍ ടവര്‍ ആക്രമണം കഴിഞ്ഞതോടെ ബെഞ്ചമിന്‍ സഫാനിയയുടെയും ആമിനയുടെയും ഇസ്ലാമിനോടുള്ള നിലപാട് ലോകമെങ്ങും കത്തിപ്പടര്‍ന്ന മുഖ്യധാര വികാരമായി സ്ഥാനം രേഖപ്പെടുകയായിരുന്നു.  മുസ്ലിം വസ്ത്രധാരണത്തോടു കൂടിയ യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും സംശയിക്കപ്പെട്ടു.  ഹാസന്‍ എന്ന പേരിലുള്ള അറബ് ചായ്‌വിനാല്‍ ലോകേത്തര കലാകാരനായ കമലഹാസന്‍ പോലും അമേരിക്കന്‍എയര്‍പോര്‍ട്ടില്‍ അപമാനിക്കപ്പെട്ടു.  യാതൊരു മുസ്ലിം ചോയയും നാമധേയത്തില്‍ വഹിക്കാത്ത എന്നോടു പോലും യൂറോപ്പ് യാത്രക്ക് മുമ്പ് താടിയുടെ നീളം അല്‍പ്പം കുറക്കുന്നതല്ലേ നല്ലെതെന്ന് ആതിഥേയനായ ബെല്‍ജിയം ഫിലോലജിസ്റ്റിന് ചോദിക്കേണ്ടിവന്നു.  

മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് പൊറുപ്പിക്കാനുള്ള വൈഷമ്യം കൊണ്ട് കുരിശുമാലയും സിക്ക് തലപ്പാവുമെല്ലാം ഫ്രഞ്ച് സര്‍ക്കാര്‍ സ്ക്കൂളില്‍ നിരോധിച്ചു.വാക്കിലെങ്കിലും ഇസ്ലാംമിനോട് കൂറുപുലര്‍ത്തുന്ന സദ്ധാം ഹുസ്സൈന്‍ നേത്ര്ത്വം വഹിക്കുന്നതിനലാം യാതൊരു നീതികരണമില്ലാതെ ഇറാഖ് ആക്രമിക്കപ്പെട്ടപ്പോഴും മിക്ക ലോക രാഷ്ട്രങ്ങളും മൗനം ഭജിച്ചു.  ഇസ്ലാം ബോംബായി ആവിര്‍ഭവിക്കുമോ എന്ന ബേജാറുകൊണ്ടായിരിക്കാം മറ്റു രാജ്യങ്ങളോടൊന്നും ഇല്ലാത്തവിധം ഇറാന്റെ ആണവശാക്തീകരണത്തെ അമേരിക്ക എതിര്‍ത്തു. നൂറ്റാണ്ടുകളായി ഇറാനുമായി സൗഹ്ര്ദമുള്ള ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ കൂടി ആ അസഹിഷ്ണുതക്ക് തുല്യം ചാര്‍ത്തി. 

ഭാരതത്തില്‍ സാമാന്യമായി നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സൗഹ്ര്ദത്തെ കൊളോണിയല്‍ ഭരണാധികാരികള്‍ കഴിവതും താറുമാറാക്കിയിരുന്നുവല്ലോ. ബ്രിട്ടീഷ് വാഴ്ചയുടെ പോണപോക്കില്‍ ഇന്ത്യാ മഹാരാജ്യം വിഭജിക്കപ്പെട്ടു രണ്ട് മതവിശ്വാസികളും തമ്മിലുള്ള അകലം ഒന്നു കൂടി വര്‍ധിക്കപ്പെട്ടു.  ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് എന്നാല്‍ നിങ്ങള്‍ക്ക് പാകിസ്താനില്‍ പോയിക്കുടേയെന്ന് ജന്മാന്തരങ്ങളായി ഈ മണ്ണില്‍ ജീവിച്ചുപോരുന്ന മുസല്‍മാന്മാരോട് ചില വര്‍ഗീയവാദികള്‍ക്കെങ്കിലും ചോദിക്കാമെന്നായി.   പാകിസ്താനില്‍ പോകാത്ത കുറ്റക്ര്ത്യത്തിന് പിഴയായി ഇടക്കിടെ ദേശക്കൂറ് തെളിയിച്ചു കൊണ്ടിരിക്കുക എന്നത് ഇന്ത്യന്‍ മുസ്ലിമിന്റെ കര്‍ത്തവ്യമായി.  പാകിസ്ഥാന്‍ രൂപീകരണത്തെക്കുറിച്ചോ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത അയുക്തികളാണ് മേല്‍പ്പറഞ്ഞ വാദങ്ങള്‍ക്ക് ആധാരമെങ്കിലും ആ യുക്തികള്‍ വലിയൊരു മതവിഭാഗത്തിന്റെ 
സാമൂഹികവും സാമ്പത്തികവുമായ നിലവാരം താഴ്ത്തിക്കെട്ടുന്നതില്‍ സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്തു.

പല രാജ്യങ്ങളിലും വിശേഷിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങളില്‍ ഇസ്ലാമോഫോബിയ എന്ന് വിളിക്കാവുന്ന തരത്തില്‍ മുസ്ലിംകളോടുള്ള നിഷേധത്വം  വളര്‍ന്നതും  അതിന്റെ  അനുരണനങ്ങള്‍ ഇന്ത്യയിലും കണ്ടുതുടങ്ങി.ദേശസ്നേഹമില്ലാത്തവര്‍ എന്ന കൊള്ളരുതായ്മയില്‍ നിന്ന് ഭീകരവാദി  എന്ന പദവിയിലേക്ക്  വളരെ  വേഗമാണ് ഇന്ത്യയിലെ മുസല്‍മാന്‍ ഉയര്‍ത്തപ്പെട്ടത്.  എല്ലാമുസ്ലിംകളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്ലീകളാണെന്ന സൂക്തങ്ങള്‍ രചിക്കപ്പെട്ടു.

കൊളോണിയല്‍ ഭരണാധികാരികളുടെ കുത്തിത്തിരിപ്പുകളായിരുന്നല്ലോ ചരിത്രത്തിലുടനീളം  ഹിന്ദുക്കളും മുസ്ലീംകളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്.  പ്രത്യക്ഷ കൊളോണിയലിസം പോയെങ്കിലും അതിന്റെ സാംസ്കാരിക  സ്വാധീനം എത്ര നിഷ്ഠൂരമാണ് എന്നതിന്റെ തെളിവുകള്‍ പല സ്റ്റേറ്റുകളിലെയും പൊതുബോധത്തില്‍ മുസ്ലിമിനോട് വന്ന അതിദ്രുത മനോഭാവ മാറ്റത്തില്‍ കണ്ടെത്താവുന്നതാണ്.  ഗുജറാത്തില്‍ ഹിന്ദുത്വവാദികളുടെ നേത്ര്ത്വത്തില്‍  നടന്ന വംശഹത്യ ഈ സന്ദര്‍ഭത്തില്‍ സവിശേഷപഠനം അര്‍ഹിക്കുന്നു.  ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു ചരിത്ര സന്ധിയിലും യുദ്ധകാലത്തൊഴികെ ഒരു ഭാരതീയനും ഗുജറാത്തില്‍ സംഭവിച്ചതുപോലെ ചെകുത്താനായിട്ടില്ല.  അത്തരത്തിലുള്ള കലക്റ്റീവ് കോണ്‍ഷ്യസ്നസ്സ് അല്ല ഇന്ത്യക്കാരന്റേത്.  ഹിന്ദുത്വവാദികളുടെ പ്രേരണയുണ്ടങ്കിലും ഗാന്ധിജിയുടെ നാട്ടില്‍ അയര്‍ക്കാരായ മുസ്ലീകളെ ചുട്ടുകൊല്ലാന്‍ മുന്നിട്ടിറങ്ങിയത് പെണ്ണും പെടക്കോഴിയുമായി കഴിയുന്ന സാധാരണ മനുഷ്യരാണെന്ന് ഓര്‍മ വേണം.  മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ഗര്‍ഭിണിയുടെ വയറ് തുരന്നെടുക്കാനും തങ്ങളുടെ പുരുഷന്മാരെ ആരതിയുഴിഞ്ഞ് അയച്ചത് സ്വന്തം കുട്ടികളെ താരാട്ട് പാടിയുറക്കുന്ന ഹിന്ദുമഹിളകളാണെന്നും മറക്കരുത്.

തരംതാഴ്ന്നവരെന്നോ ദേശസ്നേഹമില്ലാത്തവരെന്നോ കരുതുന്നവരോട് ഇത്രത്തോളം ക്രൂരമായി പെരുമാറാന്‍ ഭാരതത്തിലെ ഒരു സ്ത്രീക്കും പുരുഷനും കഴിയുമെന്ന് തോന്നുന്നില്ല.  അപ്പോള്‍ ഗുജറാത്തില്‍ നടന്നത് തങ്ങളെ നശിപ്പിക്കാന്‍ വരുന്നു എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരോട് പാരനോയിക് രോഗികള്‍ കാട്ടുന്ന ഉന്മാദപാതകമാണെന്ന് വിലയിരുത്തേണ്ടിവരും.  ജോര്‍ജ് ബുഷിന്റെ പ്രലോഭനങ്ങള്‍ മുതല്‍ ഡാനിഷ് പത്രത്തിലെ പ്രവാചക കാര്‍ട്ടൂണ്‍ വരെ മുസ്ലീംകള്‍ക്കു മുകളില്‍ ചാര്‍ത്തുന്ന ഗതികെട്ട പ്രതിഛായയുടെ മന:ശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഈ തരത്തില്‍ ആലോചിക്കുമ്പോഴാണ് തിരിഞ്ഞുകിട്ടുക.

ഇസ്ലാംപേടിയും  മുസ്ലിംവെറുപ്പും പല അളവുകളില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വളരുന്നുണ്ടങ്കിലും അടുത്തകാലം വരെ കേരളം ഒരു അപവാദമായിരുന്നു.  എന്നാല്‍ മലയാണ്മയും രോഗാതുരമായിരിക്കുന്നു എന്ന സത്യം ഞെട്ടലോടെ ഇപ്പോള്‍ നാം തിരിച്ചറിയുകയാണ്.  എലീസാ ടെസ്റ്റും വെസ്റ്റേണ്‍ ബ്ലോട്ടും പോസിറ്റീവാണെന്ന അവസ്ഥയാണ് കാശ്മീരിലേക്കുള്ള ചാവേര്‍ റിക്രൂട്ട്മെന്റ്, ലൗ ജിഹാദ്, തടിയന്റ്വിട -സൂഫിയ മഅ്ദനി തുടങ്ങിയ വിഷയങ്ങളിലുള്ള കൊട്ടിഘോഷങ്ങളില്‍ കാണുന്നത്.

നാല് മുസ്ലിം മലയാളികള്‍ കാശ്മീര്‍ പോലീസ്മായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത എച്ച്. ഐ. വി വൈറസ്സുകളെ ആദ്യമായി പ്രകോപിപ്പിക്കാന്‍ നിമിത്തമായി ഭവിക്കുകയായിരുന്നു.  കാശ്മീരിലേക്ക് ആയിരക്കണക്കിന് മുസ്ലിം യുവാക്കളെ ചാവേറുകളായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന കഥകളാണ് ഇതേത്തുടര്‍ന്ന്  വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുതുള്ളിയത്.  ദേശസ്നേഹമില്ലാത്തവന്‍, ഭീകരവാദി എന്നീ രണ്ട് ത്രെഡുകളും ഇഴപിരിക്കാന്‍ സാധ്യതയുള്ള സ്ക്രിപ്റ്റ് ആയതുകൊണ്ട് തന്നെ കാശ്മീര്‍ ചാവേര്‍ റിക്രൂട്ട്മെന്റ് ആഴ്ചകളോളം ഹൗസ് ഫുള്‍ കളിച്ചു സംഭവത്തിന് കാശ്മീര്‍ പോലീസില്‍നിന്ന് പിന്നീട് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, ചാവേര്‍ റിക്രൂട്ട്മെന്റിന്റെ കഥകള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്ന് കേരള അഭ്യന്തരമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.  

എന്നാല്‍ സംശയാനുകുലമായ പാരനോയിക് മനസ്സ് വസ്തുതകളോ തെളിവുകളോ ഒരു കാരണവശാലും സ്വീകരിക്കാന്‍ കൂട്ടാക്കുകയില്ല.  അന്യനായ അക്രമി സ്വഭാവികമായി പിന്നീട് ചെയ്യുന്ന കാര്യം പെണ്ണുങ്ങളെ പിടിച്ചുകൊണ്ടുപോകുകയാണല്ലോ എന്ന്  അത് സങ്കല്പിക്കാന്‍ തുടങ്ങി.  പത്തനംതിട്ടയില്‍ രണ്ട് മിശ്ര വിവാഹം നടന്നതോടെ ലൗ ജിഹാദ് എന്ന കരച്ചില്‍ കേരളം മുഴുക്കെ മുഴങ്ങി. പ്രണയകുരുക്കില്‍ പെടുത്തി ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്ന് ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുന്ന പതിനായിരങ്ങളുടെ കദനകഥകള്‍ പ്രചരിക്കപ്പെട്ടു. പെണ്‍ മക്കള്‍ ക്രിസ്ത്യാനിയുടെ കൂടെ പോയാലും  മുസ്ലിമിന്റെ കൂടെ പോകുന്നത് സഹിക്കാന്‍ കഴിയില്ലാന്ന് പറയാറുള്ള വരേണ്യ സ്ത്രീത്വം മറ്റെല്ലാ മിശ്രവിവാഹങ്ങളും മറന്ന് മുസ്ലിം ചെറുക്കന്‍ ഭര്‍ത്താവായി ഭവിച്ച നാട്ടിലെ കേസ്സുകള്‍ മാത്രം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുന്നു.  ലൗ ജിഹാദ് പ്രചരണത്തെ നിരാകരിക്കുന്ന റിപ്പോര്‍ട്ട് ഡി.ജി.പി നല്‍കിയിട്ടും കേന്ദ്ര ആഭ്യന്തരവകുപ്പ് അത് സ്വീകരിച്ചിട്ടും ഒബ്സസ്സീവ്കമ്പത്സീവ് രോഗിയെപ്പോലെയാണ് ജസ്റ്റിസ് ശങ്കരന്‍ പോലും ഇല്ലാത്ത പൂച്ചയെ ഇരുളില്‍ തപ്പിയത്.

സെന്‍സേഷനായാലും ലഹരിയായാലും വിഷമാ‍യാലും വിവേചനബുദ്ധിയില്ലാതെ വായനക്കാര്‍ ആവശ്യപ്പെടുന്നത് നല്‍കിക്കൊണ്ടിരിക്കുക എന്നതാണല്ലോ ഇന്നത്തെ പത്രധര്‍മം.  നാട്ടില്‍ വളരുന്നുണ്ടെന്ന് സംശയിക്കുന്ന മുസ്ലീം വിരുദ്ധ വികാരത്തെ കേറ്റര്‍ ചെയ്യാനുള്ള മറ്റൊരു വിഭാവം കൂടി വൈകാതെതന്നെ മാധ്യമങ്ങള്‍ക്ക് തടഞ്ഞുകിട്ടി.  തടിയന്റ്വിട നസീര്‍-കളമശ്ശേരി ബസ് കത്തിക്കല്‍-സൂഫിയാ മഅദനി-ലക്ഷ്ര്‍ ത്വയ്യിബ ഗൂഢ്പദ്ധതി!

തമിഴ് നാട്ടുകാരുടെ ബസ്സായാലും ആളുകളെ ഇറക്കിയുള്ള കത്തിക്കലായാലും ആരാന്റെ വസ്തുവകകള്‍ നശിപ്പിക്കുന്നത് ക്രിമിനല്‍ പ്രവ്ര്ത്തിതന്നെ.  പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം.  എന്നാല്‍ പ്രതിഷേധ പ്രകടനത്തിനായി നടത്തിയ ക്രിമിനല്‍ പ്രവ്ര്ത്തിയെ ഒരു സമുദായത്തെ മുഴുവന്‍ കുറ്റം ചാര്‍ത്താനുള്ള ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച് തുടര്‍ക്കഥകള്‍ മെനയാനും കേസ് കോടതിയിലെത്തും മുമ്പ് വിധി പ്രഖ്യാപിക്കനുമുള്ള ശ്രമങ്ങളാണ് കുറച്ച് കാലമായി കേരളത്തില്‍ നടത്തികെണ്ടിരിക്കുന്നത്.

അസഹിഷ്ണുതയും മുന്‍ വിധിയുംകുറച്ച് മലയാളികളിലെങ്കിലും കൊടികുത്തിവാഴുന്നു എന്നതിലുള്ള ഞെട്ടിത്തെറി ഈയിടെ ഞാന്‍ അനുഭവിച്ചു.  കൈരളി ചാനലിന്റെ ക്രോസ് ഫയര്‍ പരിപാടിയില്‍  ബി.ആര്‍.പി ഭാസ്കറും  ടി.കെ.ഹംസയും തലേക്കുന്നില്‍ ബഷീറും ഞാനും പങ്കെടുക്കുകയായിരുന്നു. കേരളീയ പാരമ്പര്യത്തിന് തീര്‍ത്തും വിരുദ്ധമായ മുസ്ലിംവിരോധം ഏതെല്ലാം തരത്തിലാണ് ഇന്ന് വിളയാടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ദുഷ്ഫലങ്ങള്‍ എന്തല്ലാമായിരിക്കുമെന്നും ലബനോനെയും മറ്റും ഉദ്ധരിച്ച് ഞാന്‍ വിശദീകരിക്കുകയായിരുന്നു.  പെട്ടന്ന് സദസ്യരില്‍ ഒരാള്‍ രാമനുണ്ണിയുടെ പേര് രാമന്‍ മഅദനി എന്നാക്കണമെന്ന് ക്ഷോഭത്തോടെ ആക്രോശിക്കുകയുണ്ടായി. മുസ്ലിം സംഘടനകളില്‍നിന്ന് പണം പറ്റുന്ന പേന ഉന്തികളില്‍ ഒരാളാണ് ഞാനെന്നും ആരോപിക്കപ്പെട്ടു.  

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീകളെ അന്യദേശക്കാരായി അധിക്ഷേപിക്കനുള്ള വാസന മിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായപ്പോഴും കേരളത്തില്‍ അയമുട്ട്യാക്ക നമ്മുടെ സ്വന്തത്തില്‍ സ്വന്തമായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചപ്പോഴും നല്ലൊരു ശതമാനം മുസ്ലിംകളുള്ള കേരളത്തില്‍ ഹിന്ദു വിദ്വേഷത്തിന്റെ ഇലപോലും അനങ്ങിയിരുന്നില്ല. (അത് വേറെ ഹിന്ദു, വേറേ ജന്തു-ഇവിടെയുള്ളത് കളത്തില്‍തൊടീലെ പാറുക്കുട്ടിയും വെട്ടു വോട്ടെ വേലായുധന നായരും കൊയ്യക്കാരന്‍ തുപ്രനുമല്ലേ?) 

എന്നിട്ടും മുസ്ലിമിനെ അന്യനും അപകടകാരിയുമായി ചിത്രീകരിക്കാനുള്ള പ്രവണത അടുത്തകാലത്ത് നമ്മുടെ പൊതുബോധത്തിലും മാധ്യമങ്ങളിലും എന്തുകൊണ്ട് പെട്ടന്ന് കാറ്റുപിടിച്ചത്? പുറത്തുനിന്നുള്ള എന്ത് ആശയവും  പാശ്ചാത്യമാണങ്കില്‍ വിശേഷിച്ചും ഇടംവലം നോക്കാതെ വെട്ടിവിഴുങ്ങാനുള്ള വാസന മലയാളിയില്‍ നിലീനമാണല്ലോ.  മനസ്സിന്റെ ഈ കൊളോണിയല്‍ അടിമത്തം കൊണ്ടായിരിക്കുമോ സാമ്രാജ്യത്വശക്തികള്‍ ഇസ്ലാമിനെ കുപ്പിക്കണ്ടമായി പരിഗണിച്ചപ്പോഴേക്ക് നമ്മളും മുസ്ലിം സഹോദരരെ സംശയിക്കാന്‍ തുടങ്ങിയത്? മുസ്ലീകളെ കൊണ്ട് എന്താണ് ചെയ്യുക എന്ന് കുരിശുയുദ്ധ പാരമ്പര്യക്കര്‍ക്ക് ഇപ്പോഴും തോന്നുന്നതില്‍ ചരിത്രപരമായ ഉള്ളടക്കങ്ങള്‍ കണ്ടേക്കാം.  എന്നാല്‍ മുസ്ലീകളെക്കൊണ്ട് കച്ചവട അഭിവ്ര്ദ്ധി, കടല്‍ക്കാവല്‍ തുടങ്ങീ ശബരിമല അയ്യപ്പന് ചങ്ങാത്തം വരെയുള്ള ഗുണഫലങ്ങള്‍ സിദ്ധിച്ചിട്ടുള്ള കേരളീയന്‍ ആ മനോഭാവം കടംകൊള്ളുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്.

ഞങ്ങളെക്കൊണ്ട് എന്താണ് ചെയ്യുക?

ഒരു സമുദായത്തെ മറ്റുള്ളവര്‍ അന്യവല്‍കരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അതിനുള്ള കാരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുമെന്നത് മനശ്ശാസ്ത്രപരമായ ദുഷിത വ്ര്ത്തമാണ്.  നിങ്ങളെക്കൊണ്ട് എന്താണ് ചെയ്യുക എന്ന് എല്ലാവരും നിരന്തരം ചോദിച്ചുകൊണ്ടിരുന്നാല്‍ തങ്ങളെക്കൊണ്ട് എന്താണ് ചെയ്യുക എന്ന് മുസ്ലീകള്‍ക്കും സ്വയം തോന്നിപ്പോകും.   തങ്ങളെക്കൊണ്ട് എന്താണ് ചെയ്യുക പടച്ചോനേയെന്ന് വ്യത്യസ്ത ചിന്താഗതിക്കാര്‍ക്ക് വ്യത്യസ്ത തരത്തിലാണ് കേരളത്തിലിപ്പോള്‍ തോന്നിക്കൊണ്ടിരിക്കുന്നത്.  ആദ്യത്തെ കൂട്ടര്‍ സ്വന്തം മതത്തോടും അതിന്റെ അനുയായികളോടും എന്തല്ലാമോ അനിഷ്ടം പുലര്‍ത്തുന്നവരാണ്.  മറ്റുള്ളവര്‍ മുസ്ലിംകളോട് എന്ത് അതിക്രമം കാണിച്ചാലും അതിനുള്ള കാരണങ്ങള്‍ ഇസ്ലാമിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അവര്‍ കണ്ടെത്തുക തന്നെ ചെയ്യും ലൗ ജിഹാദ് വിഷയത്തെക്കുറിച്ചുള്ള കെ.എം. സലീം കുമാറിന്റെ ലേഖനത്തിന് പ്രതികരണമായി ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയ നിരീക്ഷണം ഈ പ്രതിഭാസത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്.  അന്യസമുദായ സ്ത്രീകളെ റാഞ്ചുന്നവരായി മുസ്ലിം സമുദായത്തെ ദുരുദ്ദേശ്യത്തോടെ ചിത്രീകരിക്കുന്നതിലായിരുന്നില്ല നിരീക്ഷണത്തിലുടനീളം ഹമീദിന്റെ ഫോക്കസ്.  ഇന്ത്യന്‍ പൗരന്മാരായ, ഇന്ത്യന്‍ മുസ്ലിം സംഘടനകളില്‍പെട്ട ചിലര്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പ്രണയത്തെയും അതിനെ തുടര്‍ന്നുള്ള മതപരിവര്‍ത്തനത്തെയും ന്യായീകരിക്കുന്നതിലായിരുന്നു  അദ്ദേഹത്തിന് പ്രതിഷേധം. 

പ്രണയജന്യമായ മിശ്രവിവാഹങ്ങളെയും അതോടനുബന്ധിച്ചുള്ള മതപരിവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും വഴി ഒപ്പമാകേണ്ടേ?  മതം ഉപേക്ഷിച്ച മുര്‍തദ്ദിനെ കൊല്ലാന്‍ പാകിസ്താനിലും യൂസഫുല്‍ ഖര്‍ദാവിയുടെ പുസ്തകത്തിലും ശാസനയുള്ളപ്പോള്‍ മുസ്ലിം പെണ്‍കുട്ടിയെ അന്യമത കാമുകന്റെ മതത്തിലേക്ക്  മാറ്റാന്‍ നിങ്ങള്‍ സമ്മതിക്കുമോ?  ഇങ്ങനെയെല്ലാം പോകുന്നു ആ ശകാരങ്ങള്‍.  പാകിസ്താന്‍ സര്‍ക്കറിന്റെയും യൂസുഫുല്‍ ഖര്‍ദ്ദാവിയുടെയും ഏകപക്ഷീയതകള്‍ക്ക് പിഴയായി അന്യമത സ്ത്രീകളെ വിവാഹം ചെയ്തുപോയ കേരള മുസ്ലിം പുരുഷന്മാര്‍ തങ്ങളുടെ ഇണകളെ നിരുപാധികം വിട്ടുകൊടുക്കണമെന്ന് മാത്രം  ഹമീദ് ചേന്ദമംഗല്ലൂര്‍ ഭാഗ്യത്തിന് പറഞ്ഞില്ല.  ഇന്ത്യന്‍ പൗരത്വമുണ്ടങ്കിലും ഇവിടത്തെ മുസ്ലീംകള്‍ക്ക് വിദേശത്തുനിന്നുള്ള കല്പ്നകളോടാണ് കൂടുതല്‍ പ്രതിബദ്ധതയും അക്കൗണ്ടബിലിറ്റിയുമെന്ന ഹിന്ദുത്വവാദികളുടെ മുന്‍ധാരണ ഹമീദിന്റെ വാദങ്ങളില്‍ കാണാന്‍ കഴിയും.

മതം ഉപേക്ഷിച്ചവനെ കൊല്ലാന്‍ ഇസ്ലാമില്‍ ശാസനയില്ലെന്നും അങ്ങനെ വ്യവഹരിക്കപ്പെടുന്ന പരാമര്‍ശം രാജ്യദ്രേഹത്തിനാണ് ബാധകമെന്നും ശൈഖ് മുഹമ്മദ് കാരക്കുന്നിനെപ്പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ വിശദീകരിച്ചതൊന്നും  ചെവികൊള്ളാതെയാണ് ഹമീദിന്റെ  കുറ്റാരോപണങ്ങള്‍.  ഗണേശനെ വിവാഹം കഴിച്ച് ഗീതയായി മാറിയ ചേളന്നൂര്‍ പള്ളിപ്പൊയില്‍ ഹാജറയും  ഭര്‍ത്താവ് മനോജിനോടൊപ്പം ഹിന്ദു സമ്പ്രദായങ്ങളൊടെ പേരാമ്പ്രയില്‍ കൂടുന്ന ഷഹിര്‍ബാനും ക്രിസ്ത്യന്‍ യുവാവ് ഷാജിയുടെ ഭാര്യയായി മറിയം എന്ന പേരുമാറ്റത്തോടെ ജീവിക്കുന്ന പെരിന്തല്‍മണ്ണക്കാരി ഷറഫാനും ലേഖനത്തില്‍ പഴിക്കപ്പെടുന്ന മുസ്ലിം മെമ്പര്‍മാരാല്‍ കശാപ്പ് ചെയ്യപ്പെടാതെ കേരളത്തില്‍ ജീവനോടെ ബാക്കിയുണ്ടെന്ന വസ്തുതതയും ഹമീദ് മറച്ച് വെക്കുന്നു.  ഈ മനോഭാവം വെച്ച് നോക്കുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്.  ഫാസിസ്റ്റുകളോ ഇമ്പീരിയലിസ്റ്റുകളോ എന്ത് കൊടുംപാതകം നാട്ടിലെ മുസ്ലികളോട് കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന തെറ്റുകുറ്റങ്ങള്‍ വേദഗ്രന്ഥത്തിലോ ഹദീസുകളിലോ ലോകത്തെവിടെയെങ്കിലുമുള്ള ഇസ്ലാമിക സമൂഹങ്ങളിലോ ഹമീദ് കണ്ടെത്തിക്കൊടുക്കുന്നതായിരിക്കും.  നീ ചെയ്തിട്ടില്ലങ്കില്‍ നിന്റെ മുത്തപ്പായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കരെ മര്‍ദിക്കുന്ന പോലീസിന്റെ രീതി ശാസ്ത്രമാണിത്.

കേരളത്തില്‍ പതിയെപ്പതിയെ വളര്‍ന്നുവരുന്ന മുസ്ലിംവിരോധം സൂക്ഷ്മ സ്പര്‍ശിനികളില്‍ പിടിച്ചെടുത്ത് അത്യന്തം വ്യാകുലരാകുനവരാണ്  തങ്ങളെക്കൊണ്ട് എന്തണ് ചെയ്യുക എന്ന് സ്വയം ചോദിക്കുന്ന മുസ്ലീകളിലെ രണാമത്തെ കൂട്ടര്‍.  നിരാശയും വ്യാകുലതയും ഇവരെ  കടുത്ത അശുഭചിന്തകളില്‍ എത്തിക്കുന്നു.  “കുറച്ച് കാലം കഴിഞ്ഞാല്‍ മുസ്ലീംകള്‍ക്കിവിടെ ജീവിക്കാന്‍ പറ്റാതാകും രാമനുണ്ണീ, ഞങ്ങളെ പിന്തുണക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ക്കും രക്ഷയില്ലാതാകും”-എ.പി കുഞ്ഞാമു ഒരിക്കല്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്.  കുറ്റപ്പെടുത്താന്‍ പറ്റിയില്ലങ്കിലും അതിരുകടന്ന ദുരന്തദര്‍ശനമാണിത്.  മാത്ര്ഭൂമിയില്‍ ഈയിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒ. അബ്ദുറഹ് മാനും സമാനമായ പെസിമിസം ഇപ്രകാരം പങ്കുവെക്കുന്നു: “....എങ്കില്‍ ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു കയറേണ്ടതല്ലേ എന്ന ചോദ്യം ഉയരാം.  മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ തന്നെ ഹിന്ദുത്വ അജണ്ട സമര്‍ഥമായി നടപ്പാക്കാന്‍ കഴിയുന്നവര്‍ ന്യൂനപക്ഷങ്ങളുടെ കൂടി പിന്തുണയോടെ രംഗത്തുള്ളവര്‍ പിന്നെയെന്തിനാണ് പച്ചയായ വര്‍ഗീയ കാര്‍ഡ് കളിക്കുന്നവരെ ജയിപ്പിക്കണം എന്ന ചിന്തയാണ് അതിനുള്ള ഉത്തരം.“

ഹിന്ദുത്വ വര്‍ഗീയതയുടെ അര്‍ഥശൂന്യമായ അജണ്ടകള്‍ തിരസ്കരിച്ചതുകൊണ്ടാണല്ലോ ഇന്ത്യയിലെ ജനങ്ങള്‍ പിന്നെയുള്ള പ്രബലമായ ഓപ്ഷനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. അങ്ങനെ അധികാരത്തില്‍ വന്നവരുടെ  നേത്ര്ത്വ ഇടങ്ങളിലും രഹസ്യമായ വര്‍ഗീയ അജണ്ടകള്‍ ഉണ്ടായിരിക്കാം എന്നാല്‍ മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ ഹിന്ദു വര്‍ഗീയത നടപ്പാക്കണം എന്ന ഹിപ്പോക്രസിയായിരുന്നു.  വോട്ടര്‍മാരുടെ ഗൂഢോദ്ദേശ്യമെന്ന് ധ്വനിപ്പിക്കുന്നത് മനോവിഷമത്തില്‍ നിന്ന് ജനിക്കുന്ന തമോവീക്ഷണം മാത്രമാണ്.  അത്രത്തോളം കപടരായി മാറിയോ ഇന്ത്യയിലെ പാവപ്പെട്ടജനങ്ങള്‍?

മറ്റുള്ളവര്‍ അന്യവല്‍ക്കരിക്കുന്ന സമുദായം സ്വയം അന്യവത്കരണം ഏറ്റെടുക്കുന്നതോടെ സമൂഹത്തിലെ ധ്രുവീകരണം പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്.  ഇപ്പോ അടികിട്ടുമെന്ന മുഖഭാവം പ്രകടിപ്പിക്കുന്ന കുട്ടിക്ക് തല്ല് കൊള്ളുകതന്നെ ചെയ്യുമെന്നതില്‍ ഒരു ‘Reciprocating psychological effect' ഉണ്ട്.  നിരാശയും വ്യാകുലതകൊണ്ടും സംഭവിക്കുന്നതാണങ്കിലും മുസ്ലികളിലെ 'Persecution complex' വിപരീതഫലമേ സ്ര്ഷ്ടിക്കുകയുള്ളൂ.  ഈ വിനാശം ഇല്ലായമ ചെയ്യാന്‍ സന്മനസ്സുള്ള ഭൂരിപകഷത്തിന്റെ ഇടപെടലും അവരുമായിമുസ്ലീകള്‍  പുലര്‍ത്തേണ്ട ഏറിയ വിനിമയും മാത്രമേ പോംവഴിയുള്ളൂ.

തങ്ങള്‍ അന്യവത്കരിക്കപ്പെടുന്നതിന്‍ലെ ജാള്യം ഒഴിവാക്കാന്‍ അത് ഒഴിയാവിധിയാണെന്ന സിദ്ധാന്തം മെനയുന്നവരാ‍ണ് മുസ്ലീംകളിലെ മറ്റൊരു കൂട്ടര്‍.  ലഹരി വസ്തുക്കള്‍പോലെ വേദനയില്‍ നിന്ന് ഒളിച്ചോടാനുള്ള ഫലപ്രദമായ മാര്‍ഗം.  ദിശ ഇസ്ലാമിക്ക് എക്സ്ബിഷന്റെ ഭാഗമായി ത്ര്ശൂരില്‍ നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഇങ്ങനെ ഒരു ഡിഫന്‍സ് മെക്കാനിസം ഞാന്‍ ആദ്യമായി നേരിടുന്നത്.  വിഷയം അവതരിപ്പിച്ച ടി. മുഹമ്മദ് വേളം “ഇസ്ലാം എപ്പോഴും വേവാത്ത കറിക്കഷണം പോലെയാണ് മറ്റു സമുദായങ്ങള്‍ക്കിടയിലെ”ന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.  വേവാത്ത കഷ്ണം കറിയില്‍ നിന്ന് എടുത്ത് മാറ്റുകയല്ലേ നിവ്ര്ത്തിയുള്ളൂ.  അതുപോലെ ഇന്ത്യന്‍ ജീവിതത്തില്‍ നിന്നോ കേരള സമൂഹത്തില്‍ നിന്നോ മുസ്ലികളെ എടുത്തു മാറ്റുകയോ അവര്‍ ഒഴിഞ്ഞുപോവുകയോ ചെയ്യണമെന്നാണോ? (അല്ല, ശിവസേനയുടെ അനുയായിയോ!)

പീഢിതബോധവും അതില്‍ നിന്ന് ഉടലെടുക്കുന്ന വിവിധ ഡിഫന്‍സ് മെക്കാനിസങ്ങളും സ്വയം അപകടപ്പെടുത്തുന്ന വസ്തുതവിരുദ്ധമായ നിഗമനങ്ങളിലേക്കാണ് ആരെയും എത്തിക്കുക.  മറ്റു മതസ്ഥര്‍ക്കിടയില്‍ വേവാത്ത കറിക്കഷ്ണമാണ് ഇസ്ലാമെന്ന് വിശേഷിക്കുന്നത് ദൈവശാസ്ത്രപരമായും ചരിത്ര പരമായും തെറ്റാണെന്ന് പറയേണ്ടിവരും  ഭൂമിയില്‍ ജന്മ മെടുത്തു സകല പ്രവാചകരെയും അംഗീകരിക്കുന്നതും അവര്‍ അരുളിയ സനാതന മതത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഇസ്ലാം മറ്റു മതങ്ങള്‍ക്കിടയില്‍ നേത്ര്ത്വപരവും പശത്വപരമായ സ്ഥാനമല്ലേ നിര്‍വഹിക്കേണ്ടത്?  അതുപോലെ അറേബ്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്റെ  ചരിത്ര സാക്ഷ്യം ഇന്ത്യയിലും ഇന്തോനേഷ്യയിലും  മലേഷ്യയിലും ആഫ്രിക്കയിലും മറ്റും കാണാന്‍ കഴിയില്ലേ? 

ലോകക്രമത്തിനോടുള്ള കലഹം

ട്വിന്‍ ടവര്‍ തകര്‍ത്തവര്‍ ഇസ്ലാമിനെ പ്രതി ആണയിട്ടതും സദ്ദാം ഹുസൈന്‍ അമേരിക്കയെ ധിക്കരിച്ചതും, ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ടുപോയതും മറ്റുമാണ് വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഇസ്ലാ‍മോഫോബിയ സ്ര്ഷ്ടിച്ചതെന്ന വിലയിരുത്തല്‍ തീര്‍ത്തും ബഹിര്‍ഭാഗസ്ഥമാണ്.  രണ്ട് ജീവിതദര്‍ശനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് സത്യത്തില്‍ നവലോകക്രമത്തിന്റെ കണ്ണിലെ കരടാക്കി മാറ്റുന്നത്.  ഒരു പൊരുളിലും ആലംബമില്ലാത്ത സോഷ്യല്‍ ദാര്‍വിനിസവും അത്തര്‍ത്തിലുള്ള അതിജീവന വഴികളും മൂല്യരഹിത പദാര്‍ത്ഥവാദവും ആര്‍ത്തി മാത്രമായ ഉല്പാദനരീതിയുമാണ് പുതിയ ലോകഘടനയുടെ സ്വഭാവവിശേഷം.  എന്നാല്‍ സങ്കല്‍പ്പനങ്ങളുടെയും മൂല്യങ്ങളുടെയും മരണാനന്തര അക്കൗണ്ടബിലിറ്റിയുടെതുമായ സ്വയം നിര്‍മിത സത്യപ്രപഞ്ചമാണ് ഇസ്ലാമിനായാലും മറ്റു മ‍ൗലിക മതദര്‍ശനങ്ങള്‍ക്കായാലും മുന്നോട്ടുവെക്കാനുള്ളത്.  മറ്റു മതസ്ഥര്‍ വ്യവസ്ഥിതിയുടെ സ്റ്റാറ്റസ്കോയുമായി ഒത്തുതീര്‍പ്പ് നടത്തി തങ്ങളുടെ വിശ്വാസ ലോകത്തെ ഉള്ളിലൊതുക്കുമ്പോള്‍  മുസ്ലിംകള്‍ അതിന് സാമൂഹികമായ സാക്ഷാത്കാരങ്ങള്‍ സ്ര്ഷ്ടിക്കാന്‍ കുറച്ചെങ്കിലും ശ്രമിക്കുന്നു എന്നതാണ് അവരെ പ്രശ്നകാരികളായി തോന്നിപ്പിക്കുന്നത്.                                                                                                                                        വിവിധ രാ‍ജ്യങ്ങളിലുള്ള മുസ്ലിംകളും പുതുലോകഘടനയുടെ നിയമങ്ങള്‍ക്ക് വഴങ്ങിയില്ലേ ജീവിക്കുന്നത്?  ഇസ്ലാമിക രാഷ്ട്രങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവയല്ലേ സാമ്രാജ്യത്വ മുതലാളിത്ത വ്യസ്ഥയെ ഏറ്റവും മൂട് താങ്ങുന്നത്?  തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് എന്റെ ചിന്താമണ്ഡലത്തെ അര്‍ഥരഹിതമെന്ന് അധിക്ഷേപിക്കാവുന്നതാണ്.  പക്ഷേ, ക്യൂബ എന്നൊരു കൊച്ചു രാജ്യം പ്രക്ഷേപിക്കുന്ന മുല്യഘടനയെപ്പോലെയോ, അതിലും എത്രയോ മടങ്ങോ ഇസ്ലാം പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതിയെ സാമ്രാജ്യത്വക്രമം ഭയക്കുന്നുണ്ട്.  കാരണം, യോജിച്ചാലും വിയോജിച്ചാലും മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സകലതിനെയും അഭിമുഖീകരിക്കുന്ന ദര്‍ശനപദ്ധതിയാണ്   ഇസ്ലാം.  അതുകൊണ്ടായിരിക്കാം ബ്രിട്ടനിലെ നാഗരിക സംസ്ക്ര്തി ഉള്ളില്‍ പോറ്റുന്ന ബെഞ്ചമിനും ആമിനയും കോഴിക്കോട്ടെ പ്രാക്റ്റീസിംഗ് മുസ്ലീംകളുടെ ആധിക്യം കണ്ട് How do you manage with these people എന്ന് എന്നോട് ചോദിച്ചത്.

ലിബറേഷന്‍ ഹിന്ദുയിസം

ഇന്ത്യ രാജ്യത്ത് പതിനഞ്ച് ശതമാനം കേരളത്തില്‍ ഇരുപത്തിയേഴ് ശതമാനവും മുസ്ലീംകളുണ്ട്.  ഇത്ര വലിയൊരു ജനവിഭാഗം അന്യവല്‍കരിച്ചോ താളം തെറ്റിയോ നിന്നുകൊണ്ട് രാഷ്ട്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ മുന്നോട്ടുള്ള പ്രയാണം സുസാധ്യമല്ല്ല.  കൊളോണിയല്‍ ഭരണത്തിന് മുന്‍പ് ഹിന്ദുക്കളും മുസ്ലിംകളും ബലാബലത്തിന് നില്‍ക്കാതെ ഇവിടെ സുഖമായി കഴിഞ്ഞുകൂടിയിരുന്നു. എന്നതിന്റെ ചരിത്രസാക്ഷ്യം സാഹിത്യത്തിലും കലയിലും ഉത്സവാഘോഷങ്ങളിലും എന്തിന് ജനസംഖ്യയുടെ അനുപാതത്തില്‍ പോലും പതിഞ്ഞു കിടക്കുന്നുണ്ട്.  കേരളമാകട്ടെ മതമൈത്രിയുടെ ലോകേത്തര മാത്ര്കയായി എക്കാലവും കണക്കാക്കിപ്പോന്നു.

ഇറക്കുമതി ചെയ്യപ്പെട്ട വസ്തുപോലെ വിഘടിച്ചു നില്‍ക്കാതെ ഇന്ത്യയില്‍ ഇസ്ലാമിന് ജൈവമായി വളരാന്‍ കഴിഞ്ഞത് ഭാരതീയ സംസ്ക്ര്തി അതും തമ്മിലുള്ള എന്തല്ലാമോ ചോര്‍ച്ചകള്‍ കൊണ്ടാണ്.  ദൈവശാസ്ത്രപരമായി നോക്കിയാലും ജീവിതവീക്ഷണപരമായി സമീപിച്ചാലും പിണക്കത്തിന്റെ കെറുവുകളല്ല, ഇണക്കത്തിന്റെ പ്രസാദങ്ങളാണ് ഇസ്ല്ലാമും ഭാരതീയ ദര്‍ശനങ്ങളും തമ്മില്‍ കണ്ടെത്താന്‍ കാഴിയുക.  ഈശ്വര സംബന്ധിയായി മുപ്പത്തിമുക്കോടി സാഹിത്യം രചിക്കപെട്ടിട്ടുണ്ടെങ്കിലും  ഭാരതീയ ദര്‍ശനത്തിന്റെ പ്രധാന ആലംബം ഇസ്ലാമിലേതു പോലെ ഏകദൈവപ്പൊരുളില്‍ തന്നെയാണ്.  ശ്രീരാമാനുജന്‍,  മധ്വാചാര്യന്‍ തുടങ്ങി എത്രയോ ആത്മീയാചാര്യമാര്‍ ഇക്കാര്യം  അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.  അദ്വൈതത്തില്‍ നിന്ന് ദ്വൈതത്തിലേക്കും  ദ്വൈതത്തില്‍ നിന്ന് അദ്വൈതത്തിലേക്കുമുള്ള മെറ്റമോര്‍ഫസിസ്റ്റാണ് തത്ത്വജ്ഞാനിയും സ്തോത്രകാരനുമായ ശങ്കരാചര്യരുടെ രണ്ട് സ്വത്വത്തിനുമിടയില്‍ നടന്നിരുതെന്ന് തോന്നാറുണ്ട് (അതായത് ഏകത്വത്തില്‍ നിന്ന് ദൈവത്വത്തിലേക്കും ദൈവത്വത്തില്‍ നിന്ന് ഏകത്വത്തിലേക്കുമുള്ള മെറ്റമോര്‍ഫസിസ്)  ^ര്‍ഗേതത്തിന്റെ പ്രാരംഭസൂകതങ്ങളും  വിശുദ്ധ ഖുര്‍ആന്റെ ഒന്നാം അധ്യായവുമാ‍യ ഫാത്തിഹയും തമ്മില്‍ അത്യത്ഭുതകരമായ സാദ്ര്ശ്യമാണ് കാണുന്നത്.  വാക്കിലും വാഗ്ദാനത്തിലുമുള്ള പാവനത്വം, സെക്സിനോടുള്ള നിലപാട് എന്നീ ജിവിതസമീപനപരമായ കാര്യങ്ങളിലും ഇസ്ലാമും ഹൈന്ദവതയും ഒരേ പക്ഷത്ത് നില്‍ക്കുന്നു.  അറിയാതെ പറഞ്ഞുപോയ വാക്കിന്റെ പേരില്‍ പോലും സാമ്രാജ്യം ദാനം ചെയ്യുകയും ജീവിതം മുഴുവന്‍ വിവാഹം കഴിക്കാതിരിക്കുകയും ചെയ്ത എത്രയോ പുണ്യാത്മാക്കളെ ഹൈന്ദവ പുരാണത്തില്‍ കാണാം.  വിശ്വാസത്തിന്റെ ലിഖിതമായ കരാറിന്റെ ഔദ്യോഗികരൂപം ആദ്യമായി കൊണ്ടുവന്നത് ഇസ്ലാമായിരുന്നു.  അല്‍ അമീ‍ന്‍  (വിശ്വസ്തന്‍) എന്നാണ് നബി തിരുമേനി അറിയപ്പെട്ടതു തന്നെ.  ഹൈന്ദവതയിലായാലും ഇസ്ലാമിലായാലും സെക്സ് പാപമോ മനുഷ്യജന്മത്തിന്റെ പാപത്തിന്റെ ഫലമോ അല്ല.

മണ്ടത്തരവും വിവരക്കേടും കൊണ്ടാണ് ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ലാമിനെ കാണുന്നത്. സത്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യമായ ലോകവീക്ഷണവും തമ്മിലാണ് വൈരുധ്യമുള്ളത്.  പടിഞ്ഞാറിന്റെ പദാര്‍ഥവാദപരമായ ലോകക്രമത്തിന് അടിപ്പെടാതെ ഭാരതീയ സംസ്ക്ര്തിക്ക് അഭിമാനത്തോടെ പിടിച്ചുനില്‍ക്കണമെങ്കില്‍ കൂട്ടാളിയായി കൂട്ടാവുന്നത് ഇസ്ലാം മാത്രമായിരിക്കും.  

മുസ്ലീകള്‍ അന്യവത്കരിക്കപ്പെടുകയും നാട് വര്‍ഗീയവത്കരിക്കപ്പെടുകയും ചെയ്യാതിരിക്കണമെങ്കില്‍ ഭൂരിപക്ഷ സമുദാ‍യം രണ്ടേ രണ്ട് കാര്യങ്ങളെ ചെയ്യേണ്ടതുള്ളൂ.  ഒന്ന്, ചരിത്രത്തിന്റെ പാഠങ്ങള്‍ വിനയത്തോടെ മറിച്ചു നോക്കി ഇനിയെങ്കിലും സാമ്രാജ്യത്വത്തിന്റെ വിഷലിപ്ത ആശയങ്ങളാല്‍ സ്വാധീനക്കപ്പെടാതിരിക്കുക. രണ്ട്,  ഹൈന്ദവതയുടെ രക്ഷാകര്‍ത്താകളായി സ്വയം അവരോധിക്കുകയും ഹൈന്ദവതയെക്കുറിച്ച് ഒരു ചുക്കും അറിയാതിരിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളെ ബഹിഷ്കരിച്ച് ഭാരതീയ സംസ്ക്ര്തിയുടെ യഥാര്‍ത്ഥ ആത്മാവിനെ തിരിച്ചുപിടിക്കുക.  ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കംപാഷനേറ്റ് ഹിന്ദു പോലുള്ള പ്രസ്ഥാനങ്ങളുടെ വ്യാപകമായ പ്രവര്‍ത്തനം കൊണ്ട് ഇത് തീര്‍ച്ചയായും സാധിക്കും.  തെറ്റുതിരുത്തലിലെ തെറ്റുകള്‍ തിരുത്തുകയാണങ്കില്‍ കമ്യൂണിസ്റ്റുകള്‍ക്കും സാര്‍ഥകമായി ഇടപെടാവുന്ന മണ്ഡലങ്ങളാണിത് കൊളോണിയല്‍ കോംപ്ലക്സും കപട മതേതരത്വവും മാറ്റിവച്ചാല്‍ കേരളീയനാണ് ഇത്തരം ദൗത്യങ്ങളില്‍ നേത്ര്ത്വപരമായ പങ്ക് വഹിക്കാന്‍ കഴിയുക

മണ്ണിന്റെ ഇസ്ലാം

നിങ്ങള്‍ ഈ നടിന്റേതല്ല എന്ന് അധിക്ഷേപിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ എപ്പോഴും ന്യൂനപക്ഷത്തെ ഒതുകാറുള്ളത്.  മറ്റുള്ളവര്‍ അന്യരണെന്ന് പറയുമ്പോഴേക്കും തങ്ങള്‍ അന്യരാണോ എന്ന് മുസ്ലിംകള്‍ക്ക് സ്വയം സംശയം തോന്നിയാല്‍ വര്‍ഗീയവാദികളുടെ പണി എളുപ്പമാവുകയേയുള്ളൂ.  ഇന്ത്യന്‍ മുസ്ലീകള്‍ ഈ മണ്ണിന്റെ മക്കളാണ് എന്നത് ചരിത്രപരവും ജനിതകശാസ്ത്രപരവുമായ സത്യമാണ്.  എന്‍. എസ് മാധവന്റെ മുംബൈ എന്ന കഥയില്‍ അസീസ് ചിത്രീകരിക്കപ്പെടുന്നപോലെ വേരുകള്‍ ഇല്ലാത്തവനല്ല ഇന്ത്യന്‍ മുസ്ലീം .  പ്രമീളാ ഗോഖലയുടെ അതേ അളവില്‍തന്നെ അവന് പാരമ്പര്യത്തിന്റെ ആഴങ്ങളുണ്ട്.  നാടിന്റെ കലാപരവും സാഹിത്യപരവുമായ സമ്പത്തുകള്‍ മുസ്ലിംകളുടെ കൂടി അധ്വാനത്താല്‍ സ്ര്ഷ്ടിക്കപ്പെട്ടതും അവര്‍ക്കും അവകാശപ്പെട്ടതുമാണ്.എന്നാല്‍ സ്വന്തം മുതലുകള്‍ സ്വന്തമാണെന്ന് ഉറപ്പിച്ചുപറയാന്‍ ത്രാണിയില്ലാത്തവരില്‍ നിന്ന് മറ്റുള്ളവര്‍ അത് തട്ടിയെടുക്കും ഇവിടെയാണ് മണ്ണിന്റെ ഇസ്ലാം എന്ന സ്ഥാപിക്കലിന് പ്രസ്ക്തിയേറുന്നത്.  മണ്ണിന്റെ മണവും ഗുണവും പ്രദര്‍ശിപ്പിക്കുന്നത് മുസ്ലീകളുടെ സ്വത്വത്തെ അപകടപ്പെടുത്തുമോ എന്ന ആശങ്ക ആസ്ഥാനത്താകുന്നു.  അങ്ങനെയാണെങ്കില്‍ മലയാളി മുസ്ലിമിന് അരിഭക്ഷണം മലയാളവും ഉപേക്ഷിച്ചുകൊണ്ട് വ്യതിരക്തത നിലനിര്‍ത്തേണ്ടിവരുമല്ലോ.  അറേബ്യന്‍ മുസ്ലിമും ഇന്ത്യന്‍ മുസ്ലിമും ആഫ്രിക്കന്‍ മുസ്ലിമും സര്‍ഗാത്മകമായ വൈവിധ്യങ്ങളൊടെ പൂത്തുലയണമെന്നായിരിക്കും സാംസ്കാരികമായ തിരിച്ചറിയാല്‍ മൂല്യത്തില്‍ ഊന്നുന്ന വേദപുസ്തകവും ആഗ്രഹിക്കുന്നത്.  അതിനാല്‍ മണ്ണിന്റെ ഇസ്ലാം എന്ന ആശയം മതത്തെ അവിശുദ്ധീകരിക്കലല്ല.  മതത്തിന് സാസ്കാരികമായ സാന്ദ്രത പകലരാണ്.

ഏതായാലും കേരളത്തിലടക്കം പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയമായ ചിന്താഗതികള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. ഇവരെക്കൊണ്ട് എന്താണ് ചെയ്യുക  എന്ന ചോദ്യം മുസ്ലിംകളെ പറ്റി ഉയരുന്ന സമയത്ത് മലയാളി സാംസ്കാരികമായി തോല്പിക്കപ്പെടുന്നു എന്നാണ് അര്‍ഥം.

കടപ്പാട് : പച്ചക്കുതിര ഫെബ്രവരി 2010, DC BOOKS.


17 പ്രതികരണങ്ങള്‍:

Prinsad said...

"മണ്ടത്തരവും വിവരക്കേടും കൊണ്ടാണ് ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ലാമിനെ കാണുന്നത്. സത്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യമായ ലോകവീക്ഷണവും തമ്മിലാണ് വൈരുധ്യമുള്ളത്. പടിഞ്ഞാറിന്റെ പദാര്‍ഥവാദപരമായ ലോകക്രമത്തിന് അടിപ്പെടാതെ ഭാരതീയ സംസ്ക്ര്തിക്ക് അഭിമാനത്തോടെ പിടിച്ചുനില്‍ക്കണമെങ്കില്‍ കൂട്ടാളിയായി കൂട്ടാവുന്നത് ഇസ്ലാം മാത്രമായിരിക്കും"

പള്ളിക്കുളം.. said...

കെ.പി. രാമനുണ്ണിയുടെ ഈ ലേഖനം പുനർവായനക്ക് സമർപ്പിച്ച താങ്കൾക്ക് നന്ദി. \
കേരളത്തിന്റെ ചരിത്രത്തിൽ മുസ്ലിം സമൂഹത്തിന്റെ സ്വാധീനത്തെ പറ്റിയുള്ള അറിവില്ലായ്മയാണ് മുസ്ലിങ്ങളെ ശത്രുവായിക്കാണാൻ ചില ആളുകളെയും ചില മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നത്. നാടിന്റെ നാഡീസ്പന്ദനം അറിയുന്ന എഴുത്തുകാരൻ ശ്രീ. കെ.പി. രാമനുണ്ണിക്ക് ആശംസകൾ!

M.T Manaf said...

തീര്‍ത്തും പ്രസക്തം...

Basheer Vallikkunnu said...

പച്ചക്കുതിരയുടെ കോപ്പി ഈമെയിലില്‍ കിട്ടിയിരുന്നു. ഇവിടെ കണ്ടത്തില്‍ സന്തോഷം. കൂടുതല്‍ പേരിലേക്ക് എത്തിക്കേണ്ട ലേഖനം തന്നെയാണിത്.

M.A Bakar said...

>>>> ഒരു പൊരുളിലും ആലംബമില്ലാത്ത സോഷ്യല്‍ ദാര്‍വിനിസവും അത്തര്‍ത്തിലുള്ള അതിജീവന വഴികളും മൂല്യരഹിത പദാര്‍ത്ഥവാദവും ആര്‍ത്തി മാത്രമായ ഉല്പാദനരീതിയുമാണ് പുതിയ ലോകഘടനയുടെ സ്വഭാവവിശേഷം. എന്നാല്‍ സങ്കല്‍പ്പനങ്ങളുടെയും മൂല്യങ്ങളുടെയും മരണാനന്തര അക്കൗണ്ടബിലിറ്റിയുടെതുമായ സ്വയം നിര്‍മിത സത്യപ്രപഞ്ചമാണ് ഇസ്ലാമിനായാലും മറ്റു മ‍ൗലിക മതദര്‍ശനങ്ങള്‍ക്കായാലും മുന്നോട്ടുവെക്കാനുള്ളത്. മറ്റു മതസ്ഥര്‍ വ്യവസ്ഥിതിയുടെ സ്റ്റാറ്റസ്കോയുമായി ഒത്തുതീര്‍പ്പ് നടത്തി തങ്ങളുടെ വിശ്വാസ ലോകത്തെ ഉള്ളിലൊതുക്കുമ്പോള്‍ മുസ്ലിംകള്‍ അതിന് സാമൂഹികമായ സാക്ഷാത്കാരങ്ങള്‍ സ്ര്ഷ്ടിക്കാന്‍ കുറച്ചെങ്കിലും ശ്രമിക്കുന്നു എന്നതാണ് അവരെ പ്രശ്നകാരികളായി തോന്നിപ്പിക്കുന്നത്. <<<<


വരട്ടു യുക്തിവാദങ്ങള്‍ക്കെതിരെയും പാശ്ചാത്യ അധോവായു സിദ്ധാന്തങ്ങള്‍ക്കെതിരെയും ഇത്രയും ശക്തമായി വന്ന വാക്കുകള്‍ നാം മനസ്സില്‍ മനനം ചെയ്യേണ്ടതുണ്ട്‌.

സധാചാരം പാശ്ചാത്യണ്റ്റേത്‌ മാത്രമാവുമ്പോല്‍ നാം നമ്മെത്തന്നെ ശത്രുക്കളാക്കി മാറ്റുന്നു. അതിനു ഇന്ത്യയുടെ ചരിത്രം സാക്ഷി.

ഈ ഫാസിസ നിര്‍ഗുണതയാണ്‌ ഹിന്ദുത്വം ലഹരിയാക്കി നിത്യവിസ്മയം കൊള്ളാന്‍ ഗര്‍ഭിണിയുടെ വയറുകള്‍ തേടി നടക്കുന്നത്‌. 2002-ലെ ഗോദ്ര കലാപത്തില്‍ മുസ്ളിംകള്‍ക്കെതിരെ അഭിനവ ഹിന്ദു ഭീകരര്‍ കൊണ്ടുവന്ന മുഖ്യസാക്ഷി (മലാജി ഒടാജി മാര്‍വാടി) ആ സംഭവത്തിനും 7 വര്‍ഷം മുന്‍പ്‌ മരിച്ചു പോയ വ്യക്തിയാണത്രെ (ഇന്നത്തെ ദീപിക പത്രം).

നിരന്തരം മുസ്ളിമിണ്റ്റെ ആസനത്തില്‍ അമേധ്യത്തിണ്റ്റെ തരി തപ്പുന്നവര്‍ മനസ്സിലാക്കണം, അവന്‍ നിത്യവും കഴുകി ശുദ്ധിയാക്കി വയ്ക്കുന്നത്‌ അവണ്റ്റെ വിശ്വാസത്തിണ്റ്റെ ഭാഗമണെന്ന്‌. അതായത്‌ തപ്പേണ്ടത്‌ മറ്റുപല ആസനങ്ങളിലുമാണ്‌.

വിചാരം said...

കെ.പി രാമനുണ്ണിയ്ക്ക് തന്റെ പുസ്തകം ചിലവായാല് മാത്രം പോരാ മറ്റൊരു സല്‍മാന് റുഷ്ദി ആവാതിരിക്കണമെങ്കില് ഇതുപോലെയുള്ള ഉടായിപ്പ് ലേഖനം അത്യാവശ്യമാണ് പ്രത്യേകിച്ച് സൂഫി പറഞ്ഞ കഥ സിനിമ ആയ സ്ഥിതിയ്ക്ക് , ഒരു യാഥാസ്തിക മുസ്ലിമിന് ദഹിക്കാവുന്ന വിഷയമല്ല ആ നോവലിലുള്ളത് , അതുകൊണ്ട് തന്നെ ഒരെതിര്‍പ്പ് ഇല്ലാതാവണം പ്രത്യേകിച്ച് ഇസ്ലാമിക സമൂഹത്തില് നിന്ന് “അത്യവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ രാമനുണ്ണിയ്ക്ക്” അതിനുള്ള വലിയ തന്ത്രങ്ങളിലൊന്നാണ് രാമനുണ്ണിയുടെ ഇസ്ലാമിക പ്രേമം അല്ലാതെ അതിലെ ക്രൂരതകള് മനസ്സിലാക്കാതെയല്ല, തസ്ലീമ നസ്രിനെ തല്ലിയതും, സല്‍മാന് റുഷ്ദിയെ വധശിക്ഷയ്ക്ക് വിധിച്ചതും, ചേകന്നൂര് മൌലവിയെ കൊന്നതുമെല്ലാം ഇസ്ലാമിസ്റ്റുകളല്ലാന്ന് കരുതിയിട്ടില്ല പക്ഷെ മറ്റൊരു രക്തസാക്ഷി ആവരുതെന്ന ബുദ്ധിപൂര്‍വ്വമായ തീരുമാനം കൊണ്ടാണന്ന് വ്യക്തം., ഇസ്ലാമിനെ ഇങ്ങനെ വെളുപ്പിയ്ക്കാന് നടന്നാല് നമ്മുടെ ഭാരതം ഒരു കാലത്ത് ഇസ്ലാമിക നരനായാട്ടിന് രാമനുണ്ണിയുടെ പിന് തലമുറയ്ക്കാന് ഇരയാവേണ്ടി വരും അതോര്‍ക്കുന്നത് നല്ലതാണ് രാമനുണ്ണി എന്ന എന്റെ നാട്ടുക്കാരന്

വിചാരം said...

ഹിന്ദുവായ രാമനുണ്ണിയ്ക്കൊരിക്കലും സഹിഷ്ണരായ ഹിന്ദുക്കളില് നിന്ന് ഒരെതിര്‍പ്പും ഉണ്ടാവില്ലാന്ന് നന്നായിട്ടറിയാം മാത്രമല്ല പൊന്നാനിയിലെ മുസ്ലിംങ്ങള് താലിബാനേക്കാള് മൂര്ച്ചയുള്ളവരാണന്ന് ബോദ്ധ്യമുള്ളതുകൊണ്ടുമാണീ മുസ്ലിം പ്രേമം എന്നതില് ഒരു സംശയവുമില്ല, ഞാന് പറഞ്ഞതില് വല്ല തെറ്റുമുണ്ടെങ്കില് .മി.രാമനുണ്ണീ അടുത്ത ലേഖനം നരേന്ദ്രമോഡിയെ ഒന്നനുകൂലിച്ചൊരു ലേഖനമെഴുതി നോക്ക് പിന്നെ ഇപ്പോള് താമസിക്കുന്ന കോഴിക്കോട് വിടേണ്ടി വരിക മാത്രമല്ല പൊന്നാനിയില് കാലുകുത്താനുമാവില്ല .അപ്പോളറിയാം യഥാര്‍ത്ഥ മുസ്ലിങ്ങളുടെ തനിനിറം

M.A Bakar said...

വിചാരം..

യുക്തിവാദിയായിക്കുക നല്ല കാര്യം തന്നെ. താങ്കളുടെ നിലപാടനുസരിച്ച്‌. പക്ഷേ യുക്തിപരമായി കാര്യങ്ങള്‍ കാണുക അതിലും നല്ലതല്ലെ.

മോഡിയെ കുറിച്ചെഴുതിയാല്‍ രാമനുണ്ണിയുടെ കഴുത്തറൂക്കുമോ. അതൊരു ഗുരുതരമായ ചിന്താ പിഴവല്ലെ.

ഇതേ മോഡിയെ സ്നാനപ്പെടുത്തിയ അബ്ദുള്ളക്കുട്ടിയെ മുസ്ളിംകളും കൂടെ ചേര്‍ന്നല്ലേ ജയിപ്പിച്ചത്‌.

ഹമീദ്‌ ചേന്നമങ്ങലൂരും താങ്കളുമൊക്കെ ജീവിച്ചിരിക്കുന്നത്‌ വച്ച്‌ നോക്കുമ്പോല്‍, ഒരു രാമനുണ്ണിയെ മുസ്ളിംകള്‍ക്ക്‌ എന്ത്‌ കുന്തം..

അശ്രഫ് ഉണ്ണീന്‍ said...

ഡിയര്‍ പ്രിന്‍സ്... പോസ്റ്റിങ്ങ്‌ വളരെ കാലിക പ്രസക്തം ... അഭിനന്ദനങ്ങള്‍

ഇത് കെ. പി രാമനുണ്ണി മുസ്ലിം ഭീകരരെ പേടിച്ചു എഴുതിയതാണെന്ന 'വിചാരത്തിന്റെ' വിചാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
കുമാരനാശാന്റെ ദുരവസ്ഥ എന്നാ കവിതാ വായിച്ചാല്‍ കാണാം

തൊട്ടു കൂടുത്തവര്‍ തീണ്ടി കൂടാത്തവര്‍ -
ദ്ര്ശ്ട്ടിയില്‍ പെട്ടാലും ദോഷം ഉള്ളോര്‍
ഒട്ടല്ല ഹോ ജാതി കോമരങ്ങള്‍....
......... ............. ............. ..........
പോയി തോപ്പിയിട്ടാല്‍ ചിത്രമവനെത്തി
ചാരത്തിരിന്നിടാം ഒട്ടും പേടിക്കേണ്ട തമ്പുരാനേ...

ഇതൊകെ യഥാര്‍ത്ഥ ചരിത്രമാണ് മോനെ വിചരാ ...
താങ്കള്‍ കാര്യങ്ങളെ കുറച്ച കൂടി തന്മയത്തത്തോടെ മനസ്സിലാക്കുക.
ഏതെങ്കിലും ആളുകള്‍ ഇസ്ലാമിനെ ശരിക്കും മനസ്സിലാക്കാതെ ഇസ്ലാമിന്റെ പേരില്‍ ചെയ്യുന്നതിനു - എല്ലാവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല... ഞങ്ങളുടെ കൂട്ടത്തില്‍ ഒരു പാട് ബ്ലാക്ക്‌ sheeps ഉണ്ട് എല്ലാവരിലുമെന്ന പോലെ...


"മണ്ടത്തരവും വിവരക്കേടും കൊണ്ടാണ് ഹിന്ദു വര്‍ഗീയവാദികള്‍ തങ്ങളുടെ ശത്രുവായി ഇസ്ലാമിനെ കാണുന്നത്. ...

പള്ളിക്കുളം.. said...

കെ. പി രാമനുണ്ണിക്ക് സിനിമ ഇറക്കണമെങ്കിൽ മുസ്ലീങ്ങളെ പ്രീതിപ്പെടുത്തണം പോലും.. ഹെന്നെയങ്ങ് കൊല്ല് ന്റമ്മച്ചിയേ.. എടോ വിചാരം, മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന എത്ര ചിത്രങ്ങളാ ഇക്കാലയളവിൽ തിയേറ്ററുകളിൽ ഓടിക്കളിച്ചത്? മേത്തമ്മാരുടേതുൾപ്പടെയുള്ളവരുടെ കുടുമ്മത്തെ ടി.വികളിലും അതൊക്കെ കയറി നെരങ്ങുന്നണ്ട്.ക്ലൈമാക്സിൽ എത്തുമ്പോൾ ബോബെയിൽ നിന്നും പാകിസ്ഥാനിൽ നിന്നും പാതിമലയാളവും പാതി ഉർദ്ദുവും പറയുന്ന മുസാഫിറുമാരും ഷൌക്കത്തലിയും മമ്മൂഞ്ഞുമൊക്കെ ‘ഇൻ സാലോം കൊ മാർനേ കേ ലിയേ ഞാൻ ആയാ ഹൂം’‘ എന്നു പറഞ്ഞു കൊണ്ടു വരുന്നത് കണ്ടിട്ടില്ലേ. അവരുടെയൊക്കെ ഉദ്ദേശം തളിയൂർ ക്ഷേത്രം തകർക്കുക. പിന്നെ ജിഹാദ് വിജയിപ്പിക്കുക. അതിലൊക്കെ മേജർ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു ഈർക്കിലി പോലീസുകാരൻ ‘സക്കീർ ഹുസൈനും’ കാണും സാമൂഹിക വ്യവസ്ഥ ബാലൻസ് ചെയ്യാൻ.. ഇത്തരം ചിത്രങ്ങൾ നമ്മുടെ പൊതു സമൂഹത്തിനു കൊടുത്ത സന്ദേശമെന്താണ്? ഇത്തരം പടങ്ങൾ ഈ സമുദായത്തിന്റ്റെ നെഞ്ചത്തുകൂടെ കൂക്കിവിളിച്ച് ഓടിയിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്നു. ഇനിയും അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു ഹം സാലോം കൊ മാർനെ കേലിയേ... കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ മേത്തമ്മാരെ സോപ്പിട്ടിട്ടു വേണ്ട രാമനുണ്ണിക്ക് പടം പിടിക്കാൻ.. നിനക്കൊന്നും അതു പറഞ്ഞാൽ മനസ്സിലാവില്ല. അതിനു വിശാലമായ ഒരു മാനവിക കാഴ്ചപ്പാട് ഉണ്ടാവണം. അതിനുള്ള സെൻസോ സെൻസിബിലിറ്റിയോ ഉണ്ടാവണം. ജീവിക്കുന്ന സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ തൊട്ടറിയാനുള്ള കഴിവുണ്ടാവണം. കെ.പി രാമനുണ്ണിക്ക് അതുണ്ട്. അങ്ങനെ പലർക്കുമുണ്ട്. യുക്തിവാദത്തിന്റെ കരാട്ടെ ക്ലാസിലെ വൈറ്റ് ബെൽറ്റ് മാത്രമിട്ട് യുദ്ധത്തിനിറങ്ങരുത്. ബുദ്ധിയും പക്വതയും ഉറക്കട്ടെ. പക്ഷേ ഇത്രക്ക് കുബുദ്ധിയും അല്പം അധികാരവും നിന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ ചരിത്രത്തിലെ ചെകുത്താനായ ഹിറ്റ്ലറെ നീ കടത്തിവെട്ടിയേനെ. ഉന്മൂലനത്തിന്റെ തത്വശാസ്ത്രമാണ് നീ പറഞ്ഞുകൊണ്ടിരിക്കുന്നത്. യുക്തിവാദമെന്നാൽ സാമൂഹത്തിനെതിരേയുള്ള വെല്ലുവിളിയാണെന്ന് നീ ധരിച്ചു വെച്ചിരിക്കുന്നു. കഷ്ടം!!

>>>>>ഒരു യാഥാസ്തിക മുസ്ലിമിന് ദഹിക്കാവുന്ന വിഷയമല്ല ആ നോവലിലുള്ളത് <<<<<<

വിചാരം, താൻ ഈ പറഞ്ഞ പുസ്തകം ഇറങ്ങിയ സമയത്ത് ആർക്കെങ്കിലും ദഹനക്കേട് വന്ന് വയറിളക്കം പിടിച്ചോ? അദ്ദേഹം അതെഴുതിയിട്ട് അവിടുന്നു നാടു വിട്ടോ? ചുമ്മാ കണാ കുണാ വർത്താനം പറയരുത്.

>>>>>>ഇസ്ലാമിനെ ഇങ്ങനെ വെളുപ്പിയ്ക്കാന് നടന്നാല് നമ്മുടെ ഭാരതം ഒരു കാലത്ത് ഇസ്ലാമിക നരനായാട്ടിന് രാമനുണ്ണിയുടെ പിന് തലമുറയ്ക്കാന് ഇരയാവേണ്ടി വരും അതോര്‍ക്കുന്നത് നല്ലതാണ് രാമനുണ്ണി<<<<<<<

ചരിത്രമറിയാത്ത മരമണ്ടന്മാരുടെ ഉപദേശം കെ.പി. രാമനുണ്ണി സ്വീകരിക്കുമോ ആവോ..

ഷെരീഫ് കൊട്ടാരക്കര said...

വിചാരം, സ്നേഹിതാ! സൂഫി പറഞ്ഞ കഥയിൽ മുസ്ലിം പുരുഷൻ ഹിന്ദു സ്ത്രീയെ കല്യാണം കഴിക്കുന്നു. അതിനാൽ രാമനുണ്ണി പൊന്നാനി കാക്കാമാരാൽ കൊല്ലപ്പെടാനിടയായില്ല. ഈ ലേഖനവും അദ്ദേഹത്തിന്റെ കഥ ആസ്പദമാക്കിയുള്ള സിനിമ വിജയിക്കാനുള്ള തന്ത്രം മാത്രമാണു.മുസ്ലിം പ്രീണനം എന്നു ഞാനും വിശ്വസിക്കുമാരായിരുന്നു, രാമനുണ്ണി ഈ നോവലിനു വിപരീതമയുള്ള ആശയം അടങ്ങിയ മറ്റൊരു നോവൽ എഴുതിയിരുന്നില്ല എങ്കിൽ. ആ നോവൽ വായിച്ചിട്ടില്ലേ? ആരു ഇതുപോലുള്ളവന്മാരുടെ നോവൽ വായിക്കാൻ മെനക്കെടുന്നു എന്നാണു ഉത്തരമെങ്കിൽ, സ്നേഹിതാ അതു പ്രസിദ്ധീകരിച്ചതു കിട്ടുന്ന അവസരങ്ങളിൽ മുസ്ലിങ്ങളുടെ പള്ളയിൽ കയറ്റാൻ മുസ്ലിമ്നാമധാരി നാരായങ്ങളെ ഉപയോഗിക്കുന്ന ദേശീയ വാരിക മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ ആയിരുന്നു.അതിൽ മുസ്ലിം സ്ത്രീയെ ഹിന്ദു പുരുഷൻ ആണു പ്രാപിക്കുന്നതു.ഇനിയും മറ്റൊരു ലേഖനം രാമനുണ്ണി വകയായുണ്ടു. മുസ്ലിമും ഹിന്ദുവും സഹകരണാടിസ്ഥാനത്തിൽ ശബരിമലയിൽ പോകണമെന്ന നിർദ്ദേശവുമായി.അതു എഴുതിയ രാമനുണ്ണി ഇപ്പോഴും പൊന്നാനി കാക്കാ ഭീകരന്മാരുടെ മദ്ധ്യത്തിൽ ജീവനോടെ ഉണ്ടു.
വസ്തുതകൾ സത്യ സന്ധമായി വിലയിരുത്തുക, വിമർശിക്കുക, മുൻ ധാരണകൽ ഉപേക്ഷിക്കുക. യുക്തിവാദികളുടെ പഴയ തലമുറ ഈ മാർഗമാണു കഴിവതും അവലംബിച്ചിരുന്നതു.

ഷെരീഫ് കൊട്ടാരക്കര said...

വിചാരം, സ്നേഹിതാ! സൂഫി പറഞ്ഞ കഥയിൽ മുസ്ലിം പുരുഷൻ ഹിന്ദു സ്ത്രീയെ കല്യാണം കഴിക്കുന്നു. അതിനാൽ രാമനുണ്ണി പൊന്നാനി കാക്കാമാരാൽ കൊല്ലപ്പെടാനിടയായില്ല. ഈ ലേഖനവും അദ്ദേഹത്തിന്റെ കഥ ആസ്പദമാക്കിയുള്ള സിനിമ വിജയിക്കാനുള്ള തന്ത്രം മാത്രമാണു.മുസ്ലിം പ്രീണനം എന്നു ഞാനും വിശ്വസിക്കുമാരായിരുന്നു, രാമനുണ്ണി ഈ നോവലിനു വിപരീതമയുള്ള ആശയം അടങ്ങിയ മറ്റൊരു നോവൽ എഴുതിയിരുന്നില്ല എങ്കിൽ. ആ നോവൽ വായിച്ചിട്ടില്ലേ? ആരു ഇതുപോലുള്ളവന്മാരുടെ നോവൽ വായിക്കാൻ മെനക്കെടുന്നു എന്നാണു ഉത്തരമെങ്കിൽ, സ്നേഹിതാ അതു പ്രസിദ്ധീകരിച്ചതു കിട്ടുന്ന അവസരങ്ങളിൽ മുസ്ലിങ്ങളുടെ പള്ളയിൽ കയറ്റാൻ മുസ്ലിമ്നാമധാരി നാരായങ്ങളെ ഉപയോഗിക്കുന്ന ദേശീയ വാരിക മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ ആയിരുന്നു.അതിൽ മുസ്ലിം സ്ത്രീയെ ഹിന്ദു പുരുഷൻ ആണു പ്രാപിക്കുന്നതു.ഇനിയും മറ്റൊരു ലേഖനം രാമനുണ്ണി വകയായുണ്ടു. മുസ്ലിമും ഹിന്ദുവും സഹകരണാടിസ്ഥാനത്തിൽ ശബരിമലയിൽ പോകണമെന്ന നിർദ്ദേശവുമായി.അതു എഴുതിയ രാമനുണ്ണി ഇപ്പോഴും പൊന്നാനി കാക്കാ ഭീകരന്മാരുടെ മദ്ധ്യത്തിൽ ജീവനോടെ ഉണ്ടു.
വസ്തുതകൾ സത്യ സന്ധമായി വിലയിരുത്തുക, വിമർശിക്കുക, മുൻ ധാരണകൽ ഉപേക്ഷിക്കുക. യുക്തിവാദികളുടെ പഴയ തലമുറ ഈ മാർഗമാണു കഴിവതും അവലംബിച്ചിരുന്നതു.

സര്‍ദാര്‍ said...

ഇങ്ങിനെ ഒന്നു പ്രസിധ്ദീകരിച്ചതിനു നന്ദി...അറിവില്ലായ്മയും എന്തിനേയും എതിര്‍ക്കുക എന്ന ചിന്താഗതിയും ഉള്ള ചിലരുണ്ട്..അവര്‍ മാത്രമേ ഇതിനെയൊക്കെ എതിര്‍ക്കൂ...അതു നമുക്ക് ചിരിച്ചു തള്ളാം...

വിചാരം said...

Mr.M.A Backer
ഹമീദ്‌ ചേന്നമങ്ങലൂരും താങ്കളുമൊക്കെ ജീവിച്ചിരിക്കുന്നത്‌ വച്ച്‌ നോക്കുമ്പോല്‍, ഒരു രാമനുണ്ണിയെ മുസ്ളിംകള്‍ക്ക്‌ എന്ത്‌ കുന്തം..
ബക്കര് മുകളില് എഴുതിയ വാക്കുകളില് ഒരു ഭീഷണി സ്വരമുണ്ട് അതങ്ങ മനസ്സില് വിചാരിച്ചാല് മതി
-----------------------
അബ്ദുല്ലകുട്ടി മോഡിയുടെ വികസന നയത്തെയാണ് വെള്ള പൂശിയത് അല്ലാതെ മോഡിയെ അല്ല , ഞാനിവിടെ പറഞ്ഞത് മോഡി ചെയ്ത പ്രവര്ത്തിയെ രാമനുണ്ണി വെള്ള പൂശിയാല് അദ്ദേഹത്തിന്റെ കാര്യം കട്ടപുക, എന്റെ വാദം നിങ്ങളെ പോലുള്ളവരുടെ ജല്പനങ്ങള്‍ക്കുമകലെയാണ് .എല്ലാ വര്‍ഗ്ഗീയ കോമരങ്ങളും ഒരുമിച്ച് തുള്ളിയാല് പോലും തെറിച്ച് പോകുന്നതല്ല എന്റെ അഭിപ്രായം , രാമനുണ്ണിയ്ക്ക് ധൈര്യമുണ്ടെങ്കില് മോഡിയെ ഒന്ന് പൂര്‍ണ്ണമായി വെള്ള പൂശിനോക്ക് അപ്പോളറിയാം ഈ ബക്കര്/പള്ളികുളം എന്നിവമാരുടെ തനി നിറം

Prinsad said...

പുനര്‍വായനക്കപ്പെടുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്ത ബഷീര്‍ക്ക, ബക്കര്‍സാഹിബ്,മനാഫ്മാസ്റ്റര്‍,
പള്ളിക്കുളം, ഏറനാട്ടുകാരന്‍,ഷരീഫ് കൊട്ടാരക്കര എല്ലാവര്‍ക്കും നന്ദി. വീണ്ടും വരിക.



@ വിചാരം പ്രിയ സുഹൃത്തെ, താങ്കളുടെ കമന്റിന് വേണ്ട മറുപടി മറ്റു
വായനക്കാര്‍ നല്‍കി കഴിഞ്ഞ സ്ഥിതിക്ക് അതിലേക്ക് കടക്കുന്നില്ല

Moh'd Yoosuf said...
This comment has been removed by the author.
Moh'd Yoosuf said...

മനുഷ്യനെ ചുട്ട് കൊല്ലുന്നതിനേക്കാള്‍ ഭയാനകമാണ് അവരില്‍ മാനസികമായ അടിമത്വം വളര്‍ത്തിയെടുക്കുക എന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ പുരോഹിതന്മാര്‍ ശാസ്ത്രകരിലും ചിന്തകന്മാരിലും പരീക്ഷിച്ചതും ഹിറ്റ്‌ലറും മുസോളിനിയെപോലുള്ള രാഷ്ട്ര തലവന്മാര്‍ നടപ്പിലാക്കിയതുമായ രീതി ഇന്ന്‍ സയണിസ്റ്റ് അനുകൂല സാമ്രാജ്യങ്ങളും സവര്‍ണ്ണ ഫാസിസ്റ്റ്കളും മുസ്ലിങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഒരു വ്യക്തിയില്‍ വരുന്ന മാനസിക അടിമത്വം തലമുറകളായി നിലനില്‍ക്കും. മുമ്പ് സവര്‍ണര്‍ അവര്‍ണര്‍ക്കെതിരെ നടപ്പിലാക്കിയത് പോലെ... ഇതിനെതിരെ ജാഗ്രതയാകേണ്ടിയിരിക്കുന്നു.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്