റമദാന്‍ പകര്‍ന്ന് നല്‍കിയ ആത്മ ചൈതന്യത്തിന്റെ അനുഭൂതി നുകര്‍ന്ന് കൊണ്ടായിരുന്നു പെരുന്നാള്‍ സുദിനത്തിലെ ഞങ്ങളുടെ അബഹ, ഖമീസ് മുഷൈയ്ത്ത് യാത്ര. ഗള്‍ഫ് മേഖലയിലെ ഏറ്റവും ചൂട് കൂടിയ മാസങ്ങളിലെന്നായ ആഗസ്റ്റ് മാസത്തിലെ ഈ പെരുന്നാളിന് ചൂട് കുറഞ്ഞ ഏതെങ്കിലും മേഖലയിലേക്ക് വേണം യാത്ര പോകുവാന്‍ എന്ന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ആ തീരുമാനവും തെരഞ്ഞെടുപ്പും ഒട്ടും തെറ്റിയില്ല എന്നത് പിന്നീടുള്ള അനുഭവ സാക്ഷ്യം.
ഗള്‍ഫ് മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയുടെ ഭാഗമായ അബഹ . സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലുള്ള അബഹ പ്രദേശങ്ങളില്‍ അത്യുഷ്ണ മാസങ്ങളായ ജൂലായ്, ആഗസ്റ്റില്‍ പോലും കുളിര്‍മയാര്‍ന്ന കാലാവസ്ഥയാണ്, അതുകൊണ്ട് തന്നെ സൗദിയില്‍ നിന്നും മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നുമായി ധാരാളം വിനോദ...